ഇറാനില്‍ ഷായുടെ അമേരിക്കന്‍ വിധേയ ഏകാധിപത്യ ഭരണത്തിനെതിരിലും പിന്നീട് ആയത്തുല്ലമാരുടെ മതാധിഷ്ടിത സര്‍വാധിപത്യത്തിനെതിരിലും പോരാടുകയും 1985 -ല്‍ ആദ്യം തുര്‍ക്കിയിലേക്കും പിന്നീട് 1988-ല്‍ ഹോളണ്ടിലേക്കും രാഷ്ട്രീയ അഭയം തേടി സ്വയം പറിച്ചു നടുകയും ചെയ്ത പേര്‍ഷ്യന്‍- ഡച്ച് എഴുത്തുകാരനാണ് ഖാദര്‍ അബുള്ള എന്ന തൂലിക നാമധാരിയായ ഹുസൈനി ഫറഹാനി. ഇസ്ലാമിക ഭരണ കൂടത്തിന്റെ പീഡനത്തിനു വിധേയരായി മരിച്ച രണ്ടു സുഹൃത്തുക്കളുടെ ഓര്‍മ്മയിലാണ് അദ്ദേഹം അങ്ങനെയൊരു പേര് സ്വീകരിച്ചത്. 1954ല്‍ ജനിച്ച ഫറഹാനി ടെഹ്‌റാനിലെ പഠന കാലം മുതല്‍ ഒളിവില്‍ പ്രവര്‍ത്തിക്കുന്ന ഇടതു പ്രസ്ഥാനത്തില്‍ അംഗമായിരുന്നു. നിയമവിരുദ്ധമായി പ്രസിദ്ധീകരിച്ചു വന്ന ഒരു ജേര്‍ണലില്‍ ഉള്‍പ്പടെ, ഇറാനില്‍ ജീവിച്ച കാലത്ത് തന്നെ എഴുതുകയും അവിടെ വെച്ച് തന്നെ രണ്ടു പുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇടതു പ്രസ്ഥാനം പരാജയപ്പെട്ടിടത്ത് എങ്ങനെയാണ് മതാധിപത്യ ഭരണ കൂടം നിലവില്‍ വന്നതെന്നും ഒരു ജനതയെന്ന നിലയില്‍ ഇറാന്‍ അതിനു നല്‍കേണ്ടി വന്ന കനത്ത വിലയെന്തെന്നും വരച്ചു കാട്ടുന്ന 'ക്യൂണിഫോം' (2000) എന്ന ഡച്ച് ഭാഷയിലെഴുതിയ നോവല്‍ 2005- ല്‍ 'മൈ ഫാദേഴ്സ് നോട്ട് ബുക്ക്' എന്ന പേരില്‍ ഇംഗ്ലീഷില്‍ പുറത്തുവന്നതോടെ, ശ്രദ്ധേയനായ ഒരു വലിയ എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹം അംഗീകരിക്കപ്പെട്ടു. തുടര്‍ന്ന്, ഡച്ച് ഭാഷയില്‍ 2005-ല്‍ പുറത്തിറങ്ങിയ നോവലിന്റെ ഇംഗ്ലിഷ് ഭാഷാന്തരമാണ് 2010 -ല്‍ 'ദി ഹൗസ് ഓഫ് ദി മോസ്ക്' എന്ന പേരില്‍ പുറത്തു വന്നത്. ഒരു വിദേശ ഭാഷയില്‍ ആധികാരികതയോടെ എഴുതാനുള്ള അദ്ദേഹത്തിന്റെ കഴിവ് നബക്കോവിനോടും കോണ്‍റാഡിനോടും താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്.
പുരാവൃത്തങ്ങളുടെ തറവാട്
നോവലിസ്റ്റിന്റെ ജന്മ ദേശമായ ആരാക് പട്ടണത്തെ തന്നെ ഓര്‍മ്മിപ്പിക്കുന്ന സെനജാന്‍ എന്ന പരമ്പരാഗത പരവതാനി നെയ്ത്തുകാരുടെ പട്ടണം പേര്‍ഷ്യന്‍ സമൂഹത്തിന്റെ ഒരു ചെറുപതിപ്പ് തന്നെയാണ്. 'പള്ളിവീട്' ആവട്ടെ പാരമ്പര്യത്തിന്റെയും, വിശ്വാസബദ്ധമായ ജീവിതക്രമങ്ങളുടെയും കേന്ദ്രമായിരിക്കുമ്പോഴും ആധുനികതയുടെ സ്ഫുരണങ്ങള്‍ അവിടെ ഒളിഞ്ഞും തെളിഞ്ഞും മുളപൊട്ടിത്തുടങ്ങുന്നുണ്ട്. തറവാട്ടുകാരണവരുടെ വാക്ക് എതിര്‍വാക്കില്ലാതെ അനുസരിക്കപ്പെടുന്നുവെങ്കിലും നൈസര്‍ഗ്ഗികമായ ലൈംഗികചോദനകളുടെ പൂര്‍ത്തീകരണവും പ്രായോഗികമായ കണ്ണടക്കലുമൊക്കെ അവിടെയും നടപ്പാവുന്നുണ്ട്. കാരണവരുടെ കാര്‍ക്കശ്യം നിലനിര്‍ത്തുമ്പോഴും ഏറ്റവും മിതവാദിയും മിതഭാഷിയുമായ, 'സ്നേഹ ധനനായ യജമാനന്‍' എന്നര്‍ത്ഥമുള്ള 'ആഖാ ജാന്‍' എന്ന സമാദരണീയനായ വയോധികന്‍ ഒരു തരം തീവ്ര വാദത്തെയും മനസ്സാ അംഗീകരിക്കാത്ത, ദൈവ ഭയമുള്ള ഇറാനിയന്‍ സമൂഹത്തിന്റെ പ്രതിനിധി തന്നെയാണ്. തലമുറകളായി ജുമുഅ പള്ളിയുടെ ഉടമകളും ഇമാം കുടുംബവുമായ പള്ളി വീട്ടില്‍, മാറി മാറി വരുന്ന രാഷ്ട്രീയ മാറ്റങ്ങളും ചലനങ്ങളും ഉണ്ടാക്കുന്ന മാറ്റങ്ങളും ഏല്‍പ്പിക്കുന്ന ആഘാതങ്ങളും തുടര്‍ന്നുണ്ടാവുന്ന ദുരന്ത പൂര്‍ണ്ണമായ ശൈഥില്യങ്ങളും ചിത്രീകരിക്കുന്നതിലൂടെ, സംഭവ ബഹുലമായ ഇറാനിയന്‍ ചരിത്ര മുഹൂര്‍ത്തങ്ങളെ തന്നെയാണ് നോവല്‍, കഥാരൂപത്തില്‍ ആവാഹിക്കുന്നത്. നോവലിസ്റ്റിന്റെ ആത്മകഥാംശവും ഏറെ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് കൃതിയില്‍.
1969-ലെ ഒരു ചരിത്ര മുഹൂര്‍ത്തമായിരുന്നു അപ്പോളോ പതിനൊന്നില്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയത്. പള്ളിവീട്ടിലെ പുത്തന്‍ കൂറ്റുകാരനും, പില്‍ക്കാലത്ത് തികഞ്ഞ വിപ്ലവകാരിയുമായി മാറുന്ന , നോവലിസ്റ്റിന്റെ 'അപരസ്വത്വം' തന്നെയെന്ന് പറയാവുന്ന ഷഹ്ബാല്‍ , അത് 'കാണാന്‍' ആഖാ ജാനെയും ഇമാം അല്‍സബേരിയെയും ഒരു പോര്‍ട്ടബിള്‍ ടെലിവിഷന്റെ മുന്നിലെത്തിക്കുന്നു. ഈ സംഭവത്തിനു വലിയ പ്രാധാന്യമുണ്ട്. പരമ്പരാഗത മുല്ലമാര്‍ ടെലിവിഷന്‍ നിഷിദ്ധമാണെന്ന നിലപാടുകാരാണ്. നാട്ടിലെങ്ങും ഷാ ഭരണകൂടം പ്രതിനിധാനം ചെയ്യുന്ന അമേരിക്കന്‍ മോഡല്‍ ആധുനിക പ്രവണതകളും ഇസ്ലാമിസ്റ്റ് തീവ്ര നിലപാടുകളും തമ്മിലുള്ള സംഘര്‍ഷമുണ്ട്. ഈയൊരവസരത്തിലാണ് അതീവ രഹസ്യമായാണെങ്കിലും ഇളംമുറക്കാരന്റെ നിര്‍ബന്ധത്തിനു വഴങ്ങി ആഖാജാന്‍ 'അനിസ്ലാമികം' എന്ന് ആരോപിക്കപ്പെടാവുന്ന ഒരു കാര്യത്തിന് മൗനാനുവാദം നല്‍കുന്നത് . തറവാട്ടിലെ മുത്തശ്ശിസ്ഥാനീയരായ ഗോല്‍ബാനുവും ഗൊലേബയും കിണഞ്ഞു ശ്രമിച്ചിട്ടും അടച്ചിട്ട ലൈബ്രറിക്കകത്ത് നടക്കുന്ന 'നിഗൂഡ'മായ 'ആണ്‍പോരിമ രഹസ്യ'മെന്തെന്നു അവര്‍ക്ക് കണ്ടെത്താനാവുന്നില്ല.
എല്ലാ ദുരന്തങ്ങളും തുടങ്ങുന്നത് ഖല്‍ഖാല്‍ എന്ന യുവ ഇമാം കുടുംബത്തിലേക്ക് വരുന്നതോടെയാണ് എന്നു പറയാം. അല്‍ സബേരിയുടെ മരണത്തെ തുടര്‍ന്ന് പള്ളിയിലെ താല്‍ക്കാലിക ഇമാമായി അയാള്‍ അവരോധിക്കപ്പെടുന്നതോടെ അയാളുടെ തീപ്പൊരി പ്രസംഗങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ആഖാ ജാനിന് അപകട സൂചന നല്‍കുന്നുണ്ട്. പില്‍ക്കാലത്ത് ഖൊമേനി ഭരണത്തില്‍ ഏറെ പ്രധാനിയായിത്തീര്‍ന്ന സാദിഖ് ഖല്‍ഖാലിയുടെ തന്നെ പതിപ്പായ ഇയാള്‍, അല്‍സബേരിയുടെ മകള്‍ സാദിഖിനെ വിവാഹം ചെയ്യാനായാണ് വരുന്നത്. പിന്നീട് ഗര്‍ഭിണിയായ അവളെ എകാന്തതയിലേക്കും കടുത്ത ശാരീരിക വൈകല്യത്തോടെ പിറന്നു വീഴുന്ന മകനെ തനിച്ച് വളര്‍ത്തേണ്ട ഗതികേടിലേക്കും എടുത്തെറിഞ്ഞു അപ്രത്യക്ഷനാവുന്ന ഖല്‍ഖാലി അതിനു ശേഷം ഖൊമയ്നിയുടെ കശാപ്പുകാരനായ 'അല്ലാഹുവിന്റെ വിധികര്‍ത്താവ്' ആയാണ് പുനരവതരിക്കുന്നത്. വിചാരണ കൂടാതെ തങ്ങള്‍ക്കു അഹിതം തോന്നുന്നവരെയൊക്കെ മരണ ശിക്ഷക്ക് വിധേയനാക്കുകയെന്ന നിഷ്ടുര കൃത്യം മറ്റാര്‍ക്കും കഴിയാത്ത വിധം ഭംഗിയായും വേഗത്തിലും നിര്‍വ്വഹിക്കുന്ന ഖല്‍ഖാല്‍ ഒടുവില്‍ കാബൂളില്‍ താലിബാന്റെ പ്രിയങ്കരനായ അതിഥിയാവുന്നുണ്ട്. അവിടെ വെച്ചാണ് ഷഹ്ബാല്‍, പ്രസ്ഥാനത്തിന്റെ തീരുമാനപ്രകാരം ചെയ്തു കൂട്ടിയ പാപങ്ങള്‍ക്ക് അയാളുടെ മേല്‍ വധശിക്ഷ നടപ്പാക്കുന്നത്.
തങ്ങള്‍ക്കു യാതൊരു നിയന്ത്രണവുമില്ലാത്ത സാമൂഹ്യ സാഹചര്യങ്ങളുടെ ഇരകളായി ദുരന്തങ്ങളേറ്റു വാങ്ങേണ്ടിവരുന്ന ഏറെ കഥാപാത്രങ്ങളുണ്ട് പള്ളിവീട്ടില്‍. ഒരുഘട്ടത്തില്‍ ശാന്തിയും സമാധാനവും നിറഞ്ഞു നിന്ന തറവാടിന്റെ വിധിയും മാറിപ്പോവുന്നത് നാട്ടിലുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്കു സമാന്തരമായിത്തന്നെയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഹജ്ജിനു പോയി അപ്രത്യക്ഷരാവുന്ന മുത്തശ്ശിമാരെപ്പോലെ , പലരും പല കാരണങ്ങളാല്‍ പില്‍ക്കാലത്ത് പലപ്പോഴായി പള്ളിവീട് വിട്ടുപോവുകയോ, രാഷ്ട്രീയ സാഹചര്യങ്ങളില്‍ അപ്രത്യക്ഷരാവുകയോ ചെയ്യുന്നു. ഷഹ്ബാല്‍ പ്രവാസത്തിലേക്ക് പോവുമ്പോള്‍ കുടുംബത്തിലെ മറ്റൊരു കലാപകാരിയായ, ആഖാ ജാന്റെ സഹോദരന്‍ നുസ്രത് തന്റെ കലാ സപര്യയായ ക്യാമറയോടു മാത്രം കൂറ് പുലര്‍ത്താനുള്ള വ്യഗ്രതയില്‍ ആദ്യം ഖൊമേനിയുടെ പ്രിയങ്കരനാവുകയും പിന്നീട് ഒറ്റുകാരനായി മുദ്ര കുത്തപ്പെട്ട് ഒടുങ്ങി പ്പോവുകയും ചെയ്യുന്നു. സ്വകാര്യമായി ചലന ചിത്രങ്ങള്‍ ആസ്വദിക്കുന്ന ഖൊമേനിയുടെ മുന്നില്‍ പഴയ പേര്‍ഷ്യന്‍ രാജാക്കന്മാരുടെ കൊട്ടാരത്തിലെ 'മാലിജിക്' എന്ന ആസ്ഥാന വിഡ്ഢിയുടെ സ്ഥാനമായിരുന്നു നുസ്റത്തിനെന്ന് നോവലിസ്റ്റ് വിവരിക്കുന്നുണ്ട്. "ആസ്ഥാന വിഡ്ഢി മാത്രമായിരുന്നു രാജാവിന്റെ സ്വകാര്യ അറയിലും പ്രവേശനമുണ്ടായിരുന്ന ഒരേയൊരാള്‍. അയാള്‍ക്കെന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു, അത് രാജാവിനെ രസിപ്പിക്കുന്ന വിധത്തിലായിരിക്കുവോളം”. ചമച്ചുണ്ടാക്കിയ ആരോപണത്തിനു വിധേയനായി തടവിലാക്കപ്പെടുന്ന പുതിയ ഇമാം അഹ്മദ്, ഷായുടെ കാലത്ത് പരസ്ത്രീ ഗമനത്തിന്റെയും കറുപ്പുപയോഗത്തിന്റെയും പേരില്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെട്ട് ഇസ്ലാമിസ്റ്റുകളെ ഒറ്റിക്കൊടുക്കാന്‍ നിയോഗിക്കപ്പെട്ടെങ്കിലും അതിനു തയ്യാറാവാതെ മൗനം പാലിച്ചവനായിരുന്നു. അതെ രഹസ്യ പോലീസ് ബന്ധമാണ് ഇപ്പോള്‍ അയാളെ തടവിലാക്കി വിചാരണ ചെയ്യാനും ശിക്ഷിക്കാനും ഇടയാക്കുന്നത്. ഇടതു പക്ഷകാഴ്ചപ്പാടിന്റെ പേരില്‍ വേട്ടയാടപ്പെട്ട്, ചെയ്യാത്ത തെറ്റ് ഏറ്റുപറഞ്ഞു മാപ്പപേക്ഷിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മരണശിക്ഷക്ക് വിധേയനാക്കപ്പെടുന്ന ആഖാ ജാന്റെ മറ്റൊരു മകന്‍ ജാവേദ്, ഷഹ്ബാല്‍ ആയത്തുള്ള അറാക്കിയെ വധിക്കന്നതിനിടെ സൈനികരുടെ വെടിയേറ്റ് ജീവന്‍ പൊലിയുന്ന കുഞ്ഞന്‍ 'പല്ലി'യെന്ന് വിളിപ്പേരുള്ള സാദിഖിന്റെ വികലാംഗനായ കുട്ടി, തുടങ്ങിയവരൊക്കെയും രാജ്യത്തിന്റെ ദുര്‍വ്വിധി തങ്ങളുടെ സ്വന്തം ജീവിതങ്ങളില്‍ അനുഭവിച്ചു തീര്‍ക്കുന്നവരാണ്.
മാനവികതയും അതിന്റെ നിരാസവും
'പല്ലി'യോട് ആഖാജാന്‍ കാണിക്കുന്ന വാത്സല്യവും തുടര്‍ന്ന് കുടുംബത്തില്‍ അവനു കിട്ടുന്ന പരിഗണനയും ഹൃദ്യമായ മാനുഷികതയുടെ ചിഹ്നങ്ങളാണ്. മറ്റെവിടെയെങ്കിലുമായി രുന്നെങ്കില്‍ ചെറുപ്പത്തിലേ സര്‍ക്കസ്സുകാര്‍ക്ക് വിറ്റുകളഞ്ഞേക്കുമായിരുന്നു അവനെ. ഒരു നല്ല വായനക്കാരനായിത്തീരുന്ന അവന്‍ കുടുംബത്തിലെ സുപ്രധാന തീരുമാനങ്ങള്‍ക്കൊക്കെയും സാക്ഷിയായിരുന്നല്ലോ. അതൊക്കൊക്കൊണ്ട് തന്നെയാണ് അവന്റെ മരണം തീവ്രമായ ഒരു ദുഃഖമായി പള്ളിവീട്ടില്‍ നിറയുന്നതും. അന്ധനും വൃദ്ധനുമായ മുവസ്സിന്‍ (വാങ്ക് വിളിക്കാരന്‍) വീട് വിട്ടു പോവാന്‍ തീരുമാനിക്കുന്നതും അത് കൊണ്ടാണ്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അയാള്‍ അവന്റെ ശബ്ദം കേട്ട് കൊണ്ടേയിരിക്കുന്നു, അവന്റെ ചലനം കണ്ടു കൊണ്ടേയിരിക്കുന്നു. ഇവിടെ ഇനി അയാള്‍ക്ക് സ്വസ്ഥത കിട്ടില്ല. ആഖാ ജാന്‍ അയാള്‍ക്ക് മറുപടി നല്‍കുന്നുണ്ട് ഇത് തന്റെയും അനുഭവം തന്നെയാണെന്ന്.
പരമ്പരാഗത ജീവിതക്രമങ്ങളിലും വിശ്വാസങ്ങളിലും ജീവിച്ചു പോവുന്ന ഒരു സമൂഹം രാഷ്ട്രീയ അസ്ഥിരതയിലേക്കും മതതീവ്രവാദത്തിലേക്കും എകാധിപത്യത്തിന്റെയും സര്‍വ്വാധിപത്യത്തിന്റെയും ദുരന്തങ്ങളിലേക്കും എടുത്തെറിയപ്പെടുന്നതിന്റെ വിപര്യയങ്ങളാണ് പോയ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഇറാന്‍ ചരിത്രം വിളംബരപ്പെടുത്തുന്നത്. ഷാ ഭരണം അതിന്റെ അന്ധമായ അമേരിക്കന്‍ വിധേയത്വത്തിലൂടെ പാരമ്പര്യ ജടിലമായ ഒരു സമൂഹത്തിനു ഏറ്റുവാങ്ങാന്‍ കഴിയാത്ത തരത്തിലുള്ള അമേരിക്കന്‍ മോഡല്‍ ആധുനികതയാണ് ഇറക്കുമതി ചെയ്യാന്‍ ശ്രമിച്ചത്. അയഥാര്‍ത്ഥമായ ഒരു 'സംസ്കാരങ്ങളുടെ സംഘര്‍ഷ'ത്തിനു അത് വേദിയൊരുക്കി. ഇസ്ലാമിന്റെ ആധുനികവല്‍ക്കരണമല്ല, മറിച്ചു മുല്ലമാരുടെ കടുത്ത എതിര്‍പ്പും വിശ്വാസി സമൂഹത്തിന്റെ കഠിനമായ മുന്‍വിധികളും ക്ഷണിച്ചു വരുത്തുന്നതിലൂടെ കൂടുതല്‍ അപകടകരമായ മതാധിപത്യത്തിന്റെ തിരിച്ചു വരവിനു അത് കാരണമായി. ഇസ്ലാമിന്റെ പുരുഷ മേധാവിത്ത പരമായ അംശങ്ങളെ കൂടുതല്‍ വീറോടെ തിരിച്ചു കൊണ്ടുവരാന്‍ സ്ത്രീകള്‍ക്ക് പുതിയ ഭരണം നല്‍കിയ സ്വാതന്ത്ര്യപ്രതീതി വഴിതെളിച്ചു. മതം ഒരു രാഷ്ട്രീയ സ്ഥാപനമായി അധികാരം കൈപ്പിടിയിലൊതുക്കുന്ന ഏതൊരു സമൂഹവും അനുഭവിക്കാനിടയുള്ള സാമൂഹിക സന്നിഗ്ധതകള്‍ തന്നെയാണ് പില്‍ക്കാല ഇറാനിലും സംഭവിച്ചത്. ആഖാജാനെ പോലെ ഹൃദയാലുവായ ഒരു പിതൃ ബിംബം നിസ്സഹായമായിപ്പോവുകയും പകരം ഖല്‍ഖാലിനെ പോലുള്ളവര്‍ പ്രതിനിധാനം ചെയ്യുന്ന പട്ടാള സ്വഭാവമുള്ള മത തീവ്രത പിടി മുറുക്കുകയും ചെയ്യുന്നത് നിസ്സഹായരായി കണ്ടു നില്‍ക്കാനേ ശരാശരി മനുഷ്യര്‍ക്കാവുന്നുള്ളൂ. രണ്ടു ഘട്ടത്തിലും മാനവികതയ്ക്ക് കനത്ത നഷ്ടങ്ങള്‍ മാത്രമെയുള്ളൂവെന്ന സത്യം നോവല്‍ അടിവരയിടുന്നുണ്ട്. കൊല്ലപ്പെട്ട മകന്റെ ജഡവുമായി അത് മാന്യമായി മറവു ചെയ്യാന്‍ ഒരു ഇടം തേടിയലയുന്ന ആഖാജാന്‍ ഈ നിസ്സഹായതയുടെ പ്രതീകമാണ്. പലപ്പോഴും തന്റെ തണലില്‍ കഴിഞ്ഞിട്ടുള്ളവര്‍ പോലും സ്റ്റേറ്റ് വിളമ്പുന്ന നുണയില്‍ അഭിരമിച്ച് അയാളെ ആട്ടിയകറ്റുന്നു. പിന്നീട് വളരെ വൈകിമാത്രം വേദനയോടെ തങ്ങള്‍ ചെയ്ത മഹാപാപം ആഖാജാനോട് ഏറ്റു പറയുന്നുമുണ്ട് ചിലര്‍. സര്‍വ്വാധിപത്യങ്ങള്‍ സാഹിത്യത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള പല ശക്തമായ മുഹൂര്‍ത്തങ്ങളെയും അത് ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഓര്‍വെല്ലിന്റെ പ്രശസ്തമായ '1984' എന്ന നോവലില്‍ സ്റ്റേറ്റ് ആവശ്യപ്പെടുന്നതനുസരിച്ച് സ്വന്തം അച്ഛനമ്മമാരെ പോലും ഒറ്റു കൊടുക്കുന്ന വികാര രഹിതരായ കുഞ്ഞുങ്ങളുണ്ട്. ഹോളോകോസ്റ്റ് പ്രമേയമായി വരുന്ന പല കൃതികളിലും , ഏറ്റവും ഒടുവില്‍ പ്രശസ്തമായ 'ദി ബുക്ക് തീഫ്' ഉള്‍പ്പടെ, അന്ന് വരെ ഒരുമിച്ചു കഴിഞ്ഞവര്‍ കൂടെയുള്ളവരെ ഒറ്റിക്കൊടുക്കുന്ന ചിത്രമുണ്ട്.
ഒരു ഘട്ടത്തില്‍ ആഖാജാന്‍ ഫഖരിയോട് പറയുന്നുണ്ട്:
“ഫഖരി , ഒരു വിപ്ലവമാണ് സംഭവിച്ചത്, വെറുമൊരു അധികാര കൈമാറ്റമല്ല. അത് കൊണ്ടുതന്നെ ആളുകള്‍ ചിന്തിക്കു രീതിയില്‍ വിപ്ലവകരമായ മാറ്റമുണ്ടായിട്ടുണ്ട്. സാധാരണ കാലങ്ങളില്‍ സംഭവിക്കുമെന്ന് നമ്മളൊരിക്കലും കരുതിയിട്ടില്ലാത്ത കാര്യങ്ങള്‍ നമ്മള്‍ കാണാന്‍ പോവുകയാണ്. മനുഷ്യര്‍ ഏറ്റവും മനുഷ്യത്വ രഹിതമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നവരാണ്. നീ നിനക്ക് ചുറ്റും നോക്കൂ; എല്ലാവരും മാറിപ്പോയിരിക്കുന്നു. നിനക്ക് ഇനിയവരെ തിരിച്ചറിയാന്‍ പോലും കഴിഞ്ഞേക്കില്ല.അവര്‍ പെട്ടെന്ന് അവരുടെ മുഖം മൂടി എടുത്തുമാറ്റിയതാണോ അതോ പുതിയൊരെണ്ണം എടുത്തു വെച്ചതാണോ എന്ന് എനിക്കറിയില്ല. ...”
സ്ത്രീസാന്നിധ്യം ശക്തമാണ് നോവലിന്റെ ഘടനയില്‍. ആഖാജാന്റെ പിതൃ സ്വരൂപത്തിന് കീഴൊതുങ്ങിയാണെങ്കിലും ഫഖരി സാദത് ഏതാണ്ടൊരു റാണിയെ പോലെയാണ് പള്ളിവീട്ടില്‍. വലിയ വീടിന്റെ വലിയ അംഗ സംഖ്യയിലും അടുക്കും ചിട്ടയും നിലനിര്‍ത്തുന്നതില്‍ ആദ്യം രണ്ടു മുത്തശ്ശിമാരും പിന്നീട് സറായും വലിയ പങ്കു വഹിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍, തന്റെ കൈക്കുറ്റപ്പാടിലൂടെ കുഞ്ഞു മരിച്ചതിനെ തുടര്‍ന്ന് നിഴലിലേക്ക് പിന്‍ വാങ്ങുന്ന സീനത്ത് പിന്നീട് മികച്ച കഥ പറച്ചില്‍ക്കാരിയായും ഒടുവില്‍ ഇസ്ലാമിക് റിപ്പബ്ലിക്കില്‍ സ്ത്രീകള്‍ക്കായുള്ള പീഡന ക്യാമ്പിന്റെ കണ്ണില്‍ ചോരയില്ലാത്ത മേല്‍ നോട്ടക്കാരിയായും മാറുന്നു. മറുവശത്ത് ഷായുടെ വിശ്വസ്തയായ ഭാര്യ ഫാറ ദിബ പ്രതിനിധീകരിക്കുന്ന, ഇറാനില്‍ ഇടം ലഭിക്കാനിടയില്ലാത്ത പാശ്ചാത്യ വല്‍കൃത സ്ത്രീ സങ്കല്‍പ്പവും ഉണ്ട്. ഇക്കൂട്ടത്തിലൊന്നും പെടാത്ത വിചിത്ര സ്വഭാവമുള്ള കഥാപാത്രമാണ് 'കിറുക്കി ഖുദ്സി' എന്ന വെളിപാടുകാരി. അറ്റവും തലയുമില്ലാതെ വിചിത്രമായ പ്രവചനങ്ങള്‍ നടത്തുന്ന ഖുദ്സി ഏതാണ്ടൊരു മാജിക്കല്‍ റിയലിസത്തിന്റെ സ്വഭാവമുള്ള പാത്ര സൃഷ്ടിയാണ്. 'പല്ലി'യേ മാറ്റി നിര്‍ത്തിയാല്‍ നോവലിലെ ഏറ്റവും നിരുപദ്രവിയും ഒരു പുല്‍ചാടിയുടെ നിഷ്കളങ്ക നൈസര്‍ഗ്ഗികതയുള്ള കഥാപാത്രവുമാണ് ഖുദ്സി. ഇതൊക്കെ യാണെങ്കിലും നോവല്‍ പൊതുവേ പുരുഷ കേന്ദ്രീകൃതമായ ഒരു ലോകത്തെ തന്നെയാണ് തുറന്നു വെക്കുന്നത്.
തിരിച്ചു പോവുന്ന ഉറുമ്പുകള്‍
ഇറാന്‍ - ഇറാഖ് യുദ്ധം കൊടുമ്പിരിക്കൊള്ളവേ ജീവിതം കളഞ്ഞു പോവുന്ന മനുഷ്യര്‍ക്ക് മുന്നില്‍ നിശ്ചേതനമായിപ്പോവുന്ന കാലത്തെ കുറിച്ച് നോവലില്‍ പ്രതിപാദിക്കുന്നുണ്ട്.
“വര്‍ഷങ്ങളെത്ര കഴിഞ്ഞെന്നു ഇപ്പോഴാരും കണക്കെടുക്കുന്നുണ്ടായിരുന്നില്ല, മാസങ്ങ
ളുടെ കണക്കെടുപ്പ് പ്രസക്തവുമായിരുന്നില്ല. ദുഃഖം മൂടിയവര്‍ക്കും, മരിച്ചവര്‍ക്കും അവരെ യോര്‍ത്ത് വിലപിക്കുന്നവര്‍ക്കും മുന്നില്‍ കാലം നിശ്ചലമായി നിന്നു.
തങ്ങളുടെ ദുഃഖം മറക്കാനായി തോട്ടങ്ങളുണ്ടാക്കി പരിപാലിച്ചവര്‍ക്കും കൂടുതല്‍ സൗകര്യ പൂര്‍വ്വം വേദനകള്‍ ഭാഗങ്ങളായി പങ്കു വെക്കാനായി മികച്ച ഭക്ഷണമുണ്ടാക്കിക്കൊണ്ടിരുന്നവര്‍ക്കും മുന്നില്‍ അത് നിശ്ചലം നിന്നു.”
ഖല്‍ഖാലിന്റെ ആവശ്യം ഭരണത്തെ സംബന്ധിച്ചേടത്തോളം തീര്‍ന്നു പോവുന്ന ഘട്ടത്തെ കുറിച്ച് ഇങ്ങനെ വിവരിക്കുണ്ട് നോവലില്‍:
“ഖൊമേനി ഇപ്പോഴും മരിച്ചിട്ടുണ്ടായിരുന്നില്ല, എന്നാല്‍ അദ്ദേഹം കഴിഞ്ഞ കാലത്തിന്റെതായിരുന്നു. ഖല്‍ഖാലിന് ഭാവിയുണ്ടായിരുന്നില്ല, പുതിയ കാലത്തിനു അയാളെ ആവശ്യവും ഉണ്ടായിരുന്നില്ല . അയാള്‍ ഭൂത കാലത്തിലേക്ക് തിരിച്ചു പോകേണ്ടിയിരുന്നു. എങ്ങനെ എന്നത് മാത്രമായിരുന്നു ചോദ്യം"
ഒരു വ്യത്യസ്തമായ തിരിച്ചു പോക്കിനെ അനുസ്മരിച്ചു കൊണ്ടാണ് നോവല്‍ ആരംഭിക്കുന്നത് തന്നെ. പ്രവാചകന്‍ സുലൈമാന്‍ തന്റെ പ്രണയിനിയായ രാജ്ഞി ഷേബയെ കാണാന്‍ പരിവാര സമേതം മുന്നേറവേ, താഴ്വരയില്‍ ഉറുമ്പുകള്‍ കൂട്ടം ചേര്‍ന്ന് വഴിതടയുന്നുണ്ട്. ഈ ഘട്ടത്തില്‍, ഉറുമ്പുകളുടെ ഭാഷയറിയാമായിരുന്ന സുലൈമാന്‍ നബി അവരുമായി ഉടമ്പടിയിലെത്തുകയും വഴിതടസ്സം ഒഴിവാക്കി ഉറുമ്പുകള്‍ താഴ്വരയിലേക്ക് പിന്‍വാങ്ങുകയും ചെയ്തതായി ഖുര്‍ആനിലെ ഒരു അധ്യായത്തില്‍ പറയുന്നു. ഇസ്ലാമിക വിപ്ലവത്തിന് മുമ്പിലെ കഥാഭാഗം ഇത്തരം മുത്തശ്ശിക്കഥാന്തരീക്ഷം പോലെ പള്ളിവീട്ടില്‍ അനുഭവപ്പെടുന്നുണ്ട്. എന്നാല്‍, സുലൈമാന്‍ നബിക്കുണ്ടായതിനു സമാനമായ ഒരനുഭവത്തില്‍ 'പള്ളിവീട്' കീഴ്പ്പെടുത്താനെന്നോണം കൂട്ടം ചേര്‍ന്നെത്തുന്ന ഉറുമ്പുകളെ ആ അത്ഭുത സിദ്ധികളുണ്ടായിരുന്ന പ്രവാചകനെ ഉദ്ധരിച്ചും ഖുര്‍ആനിലെ ബന്ധപ്പെട്ട അദ്ധ്യായമായ 'സൂറത്തുന്നഹലി'ല്‍ നിന്ന് വാക്യങ്ങള്‍ ഉദ്ധരിച്ചും ആഖാജാന്‍ പിന്‍മടക്കുന്നുണ്ട്. ഹിംസ തീണ്ടാത്ത ഒരുടമ്പടിയായാണ് ഇതിനെ കാണേണ്ടത്. പ്രവചന സ്വഭാവമുള്ള ഈ അന്യാപദേശാനുഭവം ചടുലമായ ഒരു പൊളിറ്റിക്കല്‍ ത്രില്ലറിലേത് പോലുള്ള പിന്നീടുള്ള സംഭവ ഗതികളെ മുന്നേ സൂചിപ്പിക്കുന്നുണ്ടെന്നു പറയാം. 'മഹാ ദുരന്തങ്ങള്‍ക്കൊ ക്കെയും സാക്ഷ്യം വഹിക്കുമെങ്കിലും അതൊക്കെയും ഒടുങ്ങുമ്പോഴും നിങ്ങളുണ്ടാവും' എന്ന 'കിറുക്കി ഖുദ്സി'യുടെ പ്രവചനം ആഖാ ജാനിന്റെ കാര്യത്തില്‍ ശരിയായി വരുന്നുണ്ട്. ഒരായുസ്സിന് അനുഭവിച്ചു തീര്‍ക്കാവുന്ന നഷ്ടങ്ങളും വേദനകളുമൊക്കെയും കടന്ന് ജീവിതം വീണ്ടും ഏതാണ്ട് ചുഴികളില്ലാത്ത ശാന്തതയിലേക്ക് തിരിച്ചെത്തുമ്പോള്‍ അദ്ദേഹത്തിനു ചില പാരിതോഷികങ്ങള്‍ കാലം കാത്തു വെച്ചിട്ടുണ്ട്. സ്നേഹാദരങ്ങളോടെ കാത്തിരിക്കുന്ന ഹുഷാംഗ് ഖാന്‍, തന്റെ മനോഹരമായ തോട്ടത്തില്‍ അയാള്‍ക്ക് തളിര്‍ത്തുലഞ്ഞ ഒരു പൂമരം കാണിച്ചു കൊടുക്കുന്നുണ്ട് . അവിടെയാണ് മുമ്പൊരിക്കല്‍ സ്വന്തം മകനൊരു കുഴിമാടം കണ്ടെത്താനായി നെട്ടോട്ടമോടിയ ഒരു പിതാവിന് ഒരാള്‍ അതിനു ഇടം നല്‍കിയത്, അന്നവിടം അത്തരം ഒരു പൂന്തോപ്പ് ആയിരുന്നില്ലെങ്കിലും. ആ പിതാവ് ആഖാജാന്‍ ആയിരുന്നു, മകന്‍ ജാവെദും. നഷ്ടപ്പെട്ടു പോയി എന്ന് കരുതിയിരുന്ന അഹ്മദിനെ കൂടി ട്രാക്റ്റര്‍ പോലുള്ള ആധുനിക ഉപകരണം പോലും സ്വയം ഉപയോഗിക്കുന്ന ഒരൊന്നാം തരം കര്‍ഷകനാക്കി തിരിച്ചു കൊടുക്കുന്നു ഹുഷാംഗ് ഖാന്‍. അയാളുടെ കൂടി പ്രയത്ന ഫലമായി ഹുഷാംഗ് ഖാന്റെ കൃഷിയിടം ഇപ്പോള്‍ ഏദന്‍ തോട്ടത്തെ ഓര്‍മ്മിപ്പിക്കുന്നു. അവിടെ നില്‍ക്കുമ്പോള്‍ "ദുഃഖം തോന്നുമ്പോഴെല്ലാം പുഴയിലിറങ്ങി ഓളങ്ങളോട് സംസാരിക്കുക, ശക്തമായ ഒഴുക്ക് നിന്റെ ദുഃഖങ്ങളെ കൊണ്ട് പൊയ്ക്കൊള്ളും" എന്നുപദേശിച്ചിരുന്ന പിതാവിനെ ആഖാജാന്‍ ഓര്‍ത്ത് പോവുന്നുണ്ടാവണം. ഒന്നോര്‍ത്താല്‍ ഇത് തന്നെയും നിയതമായ അര്‍ത്ഥത്തില്‍ ഇസ്ലാമികമല്ലാത്ത പ്രകൃതി വാദമാണ്. ഇനി വീണ്ടും അയാള്‍ക്ക് പള്ളിയുടെ യഥാര്‍ത്ഥ ഇമാമാവാം എന്നുറപ്പുകൊടുക്കുന്ന ആഖാ ജാനോട്, ഇനി തനിക്കൊരു കര്‍ഷകനായി ജീവിച്ചാല്‍ മതിയെന്ന് അഹമദ് മറുപടി കൊടുക്കുന്നത് ഉള്‍പ്പുളകത്തോടെയാണ് വയോധികന്‍ ശ്രവിക്കുന്നത്. എന്നാല്‍ ഇതിനൊക്കെയിടയിലും ഹുഷാംഗ് ഖാന്‍ സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചിട്ടും വീഞ്ഞ് കഴിക്കാന്‍ കുലീനമായിത്തന്നെ വിസമ്മതിക്കുന്ന ആഖാജാന്‍ വലിയൊരു സന്ദേശമാണ് നല്‍കുന്നത് എന്ന് കാണണം . സംസ്കാരങ്ങളുടെ ഏറ്റുമുട്ടലല്ല പരസ്പര ബഹുമാനത്തിലധിഷ്ടിതമായ സഹ വര്‍ത്തനമാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. ഏറ്റവും ഒടുവില്‍ ഹോളണ്ടില്‍ നിന്നും ഷഹ്ബാലിന്റെ കത്തും അയാളെ തേടിയെത്തുന്നു. വിശ്വാസ വഴികള്‍ വേറെയാണെങ്കിലും അങ്ങ് പകര്‍ന്നു തന്നെ ജീവിത മൂല്യങ്ങള്‍ തനിക്കേറ്റവും പ്രിയപ്പെട്ടവയാണെന്നും അവക്കനുസരിച്ചു തന്നെയാണ് താന്‍ ജീവിക്കുന്നതെന്നും ബഹുമാനാദരങ്ങളോടെ അയാളും ഏറ്റുപറയുന്നുണ്ട് വന്ദ്യ വയോധികനോട്.
പള്ളിവീടിന്റെ പഴയ പ്രതാപം ഒരു പാടൊക്കെ ചിതറിപ്പോയിട്ടുണ്ടാവാം. എന്നാല്‍, ഷഹബാലിന്റെ കത്തില്‍ ഇങ്ങനെ ഉറ്റുനോക്കുന്നു:
“ഞാന്‍ നമ്മുടെ വീട് വിട്ടു പോന്നു. എന്നാല്‍ ഞാനതിനെ ഉപേക്ഷിച്ചിട്ടില്ല. ഞാനിപ്പോള്‍ ഹോളണ്ടിലാണ് കഴിയുന്നത്, ഞാനും താങ്കളും ഒരുമിച്ചു എന്റെ അപ്പാര്‍ട്ട്മെന്റിന് മുന്‍ വശത്തുള്ള തോടിനരികിലൂടെ നടക്കുന്നത് ഞാന്‍ സ്വപ്നം കാണുന്നു. ആ ദിവസം വന്ന് തന്നെ ആകണം . അത് വന്നെ തീരൂ !”
(********************)
(കഥകൊണ്ട് നേരിട്ട യുദ്ധങ്ങള്‍ : ലോഗോസ് ബുക്സ് , പേജ് 30-37)
