The Icarus Girl by Helen Oyeyemi

അന്യയായി ഒരുപാതി ലോകം ദൂരെ

അരൂപിയായ ഇരട്ട (spirit doubles) എന്ന മിത്തിന്റെ ഉത്ഭവം പുരാതന സംസ്കൃതികളില്‍ കഥകളിലും കലാരൂപങ്ങളിലുമായി ഒട്ടേറെ പ്രഭവങ്ങളില്‍ കണ്ടെത്താനാവും. അതിലേറ്റവും പ്രധാനമായ ആള്‍ട്ടര്‍ ഈഗോ സൂചകമായി കണക്കാക്കപ്പെടുന്നത് ജീവിച്ചിരിക്കുന്ന ഒരാളുടെ നിഴലില്ലാത്ത തനിസ്വരൂപമായി സങ്കല്പിക്കപ്പെട്ടിട്ടുള്ള, അപശകുനത്തെയോ ആസന്ന മരണത്തെയോ സൂചിപ്പിക്കുന്ന പ്രതിഭാസത്തെ (doppelgänger) ആണ്. ഈ പ്രത്യക്ഷത്തിന്റെ ഉപദേശങ്ങള്‍ കേള്‍ക്കുന്നതോ സ്വീകരിക്കുന്നതോ എന്ത് വിലകൊടുത്തും ഒഴിവാക്കേണ്ടതാണ് എന്ന് വിശ്വസിക്കപ്പെട്ടു. കല്‍പ്പിത കഥാ സാന്നിധ്യങ്ങള്‍ എന്ന് പൊതുവേ വിലയിരുത്തപ്പെടുന്നുവെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ഈ പ്രതിഭാസം പ്രവര്‍ത്തിച്ചതിന്റെതായ ഒട്ടേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിലേറ്റവും പ്രശസ്തമായത്‌ നോഹ് ബ്രൂക്സ് 'വാഷിംഗ്ടണ്‍ ഇന്‍ ലിങ്കന്‍'സ് ടൈം' എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളതാണ് എന്ന് കണക്കാക്കപ്പെടുന്നു. 1860 -ല്‍ ലിങ്കന്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച ഉടന്‍ ഒരു നാളില്‍ കണ്ണാടിയില്‍ താന്‍ ഒരിരട്ട പ്രതിരൂപമായി പ്രതിഫലിക്കുന്നതായി അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. ഒരു പാതിയില്‍ കാണപ്പെട്ട വിളര്‍ച്ച അദ്ദേഹം തന്റെ ഔദ്യോഗിക മണ്ഡലത്തില്‍ ആദ്യ ഊഴം വിജയകരമായി പൂര്‍ത്തിയാക്കുമെങ്കിലും രണ്ടാമൂഴം മുഴുവനാക്കില്ല എന്നാണു സൂചിപ്പിക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഭയപ്പെട്ടു. ഗ്രീക്ക് പുരാണത്തിലെ നാര്‍സിസ്സസ് , അലന്‍ പോയുടെ ഗോഥിക് കഥകള്‍, ജെയിംസ്‌ ഹോഗിന്റെ ( James Hogg) "Private Memoirs and Confessions of a Justified Sinner, ഹാന്‍സ് ക്രിസ്റ്റ്യന്‍ ആന്റെഴ്സന്റെ ദി ഷാഡോ, സ്റ്റീവന്സന്റെ (R L Stevenson) ഡോക്റ്റര്‍ ജെകില്‍ ആന്‍ഡ്‌ മിസ്റ്റര്‍ ഹൈഡ് , ദസ്തയവ്സ്കിയുടെയും സരമാഗുവിന്റെയും 'ദി ഡബിള്‍' എന്ന ഒരേ പേരിലുള്ള നോവലുകള്‍ തുടങ്ങി ഒട്ടേറെ രചനകളില്‍ ഈ പ്രതിഭാസം വ്യത്യസ്ത രൂപത്തില്‍ കടന്നുവരുന്നുണ്ട്. പുരാതന സൊരാഷ്ട്രിയന്‍ മിത്തുകളിലെ നിതാന്തമായ 'ഓര്‍മുസ്ദ് -ആഹ്രിമാന്‍' നന്മ-തിന്മ ദ്വയങ്ങളിലും, ഇജിപ്ത്യന്‍ പുരാണത്തിലെ 'ക ' (KA) സങ്കല്‍പ്പത്തിലും നോഴ്സ് മിത്തോളജി തുടങ്ങി മറ്റനേകം പുരാതന സങ്കല്‍പ്പങ്ങളിലും ഇത്തരം സങ്കല്പ്പങ്ങളുണ്ട്. ഗര്‍ഭിണികള്‍ക്ക് അപശകുനമാകുകയും ഗര്‍ഭസ്ഥ ശിശുവിന് രോഗാവസ്ഥ നല്‍കുകയും അല്ലെങ്കില്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ മോഷ്ടിച്ച് പകരം ഇത്തരം 'മാറ്റിവെച്ച' (changelings) കുട്ടികളെ നല്‍കുകയും ചെയ്യുന്ന കൊച്ചു കിന്നര ജീവികളെ കുറിച്ചുള്ള ഭയപ്പാടുകള്‍ സ്കോട്ട് ലാന്‍ഡിലെ ഓര്‍ക് നി ദ്വീപുകളില്‍ സജീവമാണ്. അമേരിക്കന്‍ ആദിവാസികള്‍ക്കിടയിലും ഇരട്ടകളെ സംബന്ധിച്ച് സമാനമായ ഉത്പത്തി/ സൃഷ്ടി പുരാണങ്ങള്‍ പ്രബലമാണ്. ആധുനിക ശാസ്ത്ര വീക്ഷണത്തില്‍ തലച്ചോറിനേല്‍ക്കുന്ന ക്ഷതമോ മറ്റോ മനുഷ്യരുടെ വിവേചനബുദ്ധിയില്‍ ഉണ്ടാക്കാനിടയുള്ള പ്രതികരണങ്ങള്‍ ഇത്തരം വ്യക്തിത്വ/ ദ്വന്ദ്വ ബോധ പ്രതിസന്ധി തീര്‍ത്തേക്കാം. അല്ലെങ്കില്‍ അത് പ്രത്യക്ഷങ്ങളുടെ (vision) യോ മായക്കാഴ്ചയുടെയോ (hallucination) കാരണം കൊണ്ടാവാം. അതുമല്ലെങ്കില്‍ നമ്മള്‍ അതിജീവിക്കുന്നത് ഒരു സമാന്തര ലോകത്താണ് എന്നതിനാലും ഇവിടെയുള്ള എല്ലാത്തിനും മറ്റൊരു തലത്തില്‍ അനുകരണമുണ്ട് എന്നതിനാലും ആവാം.

ജെസ്സമി - ഒറ്റപ്പെടലിന്റെ കൗമാര വിഹ്വലതകള്‍

ദസ്തയവ്സ്കിയെയും സാരമാഗുവിനെയും പോലെ കൈത്തഴക്കമുള്ള പ്രതിഭാശാലികള്‍ കൈകാര്യം ചെയ്ത ഒരു പ്രമേയത്തില്‍ സധൈര്യം കൈവെക്കുകയും തന്റെ ആദ്യ കൃതിയില്‍ തന്നെ അത് സാമാന്യം ഭംഗിയായിത്തന്നെ സാക്ഷാത് കരിക്കുകയും ചെയ്യുക എന്ന വെല്ലുവിളിയാണ് നൈജീരിയയില്‍ ജനിച്ചു ഇംഗ്ലണ്ടില്‍ വളര്‍ന്ന ഹെലന്‍ ഒയെയെമി എന്ന യുവ എഴുത്തുകാരി തന്റെ പതിനെട്ടാം വയസ്സില്‍ എഴുതിപ്പൂര്‍ത്തിയാക്കിയ ദി ഐക്കാറസ് ഗേള്‍ എന്ന നോവലിലൂടെ സാധിക്കുന്നത്. ഒരേ സമയം രണ്ടു വ്യത്യസ്ത സംസ്കാരങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെയും ഒരു കൌമാരക്കാരിയുടെ മാനസിക വിഭ്രാന്തികളുടെയും ദുരൂഹമായ ശൈഥില്യത്തിന്റെയും കഥ പറയുകയും ഒരു ഭീകര കഥയുടെ അന്തരീക്ഷത്തോട് ചേര്‍ന്ന് പോവുമ്പോഴും യാഥാര്‍ത്ഥ്യ ബോധമുള്ള സാഹിത്യ സൃഷ്ടിയായിരിക്കുയും ചെയ്യുന്നു എന്നതാണ് ഒയെയേമിയുടെ നേട്ടത്തെ തിളക്കമുള്ളതാക്കുന്നത്.

എട്ടു വയസ്സുകാരിയായ ജെസ്സമി ഹാരിസന്റെ മാനസിക സംഘര്‍ഷങ്ങളുടെ ഉറവിടം /ഉറവിടങ്ങള്‍ കൃത്യമായി വ്യവചേദിക്കുക ദുസ്സാധ്യമാവാം. എന്നാല്‍ മെഡിസിന്‍ പഠിക്കാന്‍ ഇംഗ്ലണ്ടില്‍ പോയി ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് തിരിഞ്ഞ നോവലിസ്റ്റ് കൂടിയായ സാറയെന്ന നൈജീരിയന്‍ മാതാവിന്റെയും ഇംഗ്ലീഷുകാരനായ പിതാവിന്റെയും മകളെന്ന നിലയില്‍ രണ്ടു സംസ്കാരങ്ങള്‍ക്കിടയില്‍ കുരുങ്ങിപ്പോയവളാണ് അവള്‍. ഒപ്പം ഒരു വശത്ത്‌ അസാമാന്യ സംവേദന സ്വഭാവവും മറുവശത്ത്‌ ഉള്ള പ്രായത്തിനു ചേരാത്ത ദുര്‍വ്വാശികളും ഹിസ്റ്റീറിയ ബാധിച്ച പോലെ ചീറിക്കരയുന്ന പ്രകൃതവും അവളുടെ സ്വഭാവത്തിലെ വൈരുധ്യങ്ങളാണ്. നോവല്‍ ആരംഭത്തില്‍ തന്നെ സ്വന്തം വ്യക്തിത്വം പറഞ്ഞുറപ്പിക്കേണ്ടതിന്റെ ആവശ്യകത ഏറ്റുപറയുന്ന ജെസ്സമിയെ നാം കാണുക ഒരു കബോഡില്‍ ഒളിച്ചിരിക്കുന്ന അവസ്ഥയിലാണ്. “അവള്‍ക്ക് തോന്നി അവളിതു പറയേണ്ടിയിരിക്കുന്നു, അപ്പോള്‍ അത് യാഥാര്‍ത്ഥ്യമാകും. അത് അവള്‍ സ്വയം ഉറക്കത്തില്‍ നിന്നുണര്‍ന്നു തന്നോട് തന്നെ പറയുമ്പോലെ ആയിരുന്നു, എന്റെ പേര് ജെസ്സമി എന്നാണ്. എനിക്ക് എട്ടു വയസ്സാണ്.” ഏകാകിനിയായ ജെസ്സിക്ക് മറ്റുള്ളവരുടെ മുന്നിലിരുന്നു ഭക്ഷണം കഴിക്കാനും ആളുകളുടെ മുഖത്തു നോക്കാനും പ്രയാസമുണ്ട്. കിടപ്പറയുടെ തറയില്‍ കിടന്നു ഇരുട്ടില്‍ ഹൈകു രചിക്കുകയും ഹാംലെറ്റിനെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ജെസ്സിക്ക് അഞ്ചാം തരത്തിലേക്ക് കയറ്റം കിട്ടിയത് ഇഷ്ടമായിട്ടില്ല, അവളോട്‌ ചോദിച്ചാല്‍ നാലാം തരത്തിലേക്ക് അവള്‍ തിരിയെ പോയേനെ. അമ്മ സാറ കടുത്ത ശിക്ഷാ മുറകള്‍ കൊണ്ട് അവളെ മെരുക്കിയെടുക്കാന്‍ ശ്രമിക്കുന്നത് അവരുടെ നൈജീരിയന്‍ പാരമ്പര്യം കൊണ്ടാണെന്ന് സൂചനയുണ്ട്. തലയ്ക്കു കിഴുക്കുന്ന സ്വഭാവം ജെസ്സിയുടെ ഹിസ്റ്റീരിയയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടതാണോ എന്ന് വ്യക്തമല്ല. എന്നാല്‍ അമ്മ നല്കാന്‍ കൂട്ടാക്കാത്ത വാത്സല്യം കൂടി അച്ഛന്‍ ഡാനിയല്‍ അവള്‍ക്ക് നല്‍കുന്നുണ്ട്. ക്ഷമയുടെ സീമകള്‍ ലംഘിക്കുന്ന ഒരപൂര്‍വ്വ ഘട്ടത്തില്‍ മാത്രം അയാള്‍ അവളെ ശിക്ഷിക്കുന്നത് ഇതിവൃത്തത്തിലെ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിനു കാരണമാവുകയും ചെയ്യും.

അന്യയായി ഒരുപാതി ലോകം ദൂരെ

നിഗൂഡ പ്രകൃതമുള്ള ജെസ്സമിക്ക് ഏറെ കൂട്ടുകാര്‍ ഇല്ലെന്നതും സ്കൂളിലും വീട്ടിലും പലപ്പോഴും പെരുമാറ്റ പ്രശ്നങ്ങളില്‍ (adjustment problems) അവള്‍ പെട്ടുപോകുന്നു എന്നതും സ്വാഭാവികമാണ്. അങ്ങനെയാണ് നോവല്‍ മാനസികാരോഗ്യവും അസാധാരണ പ്രകൃതങ്ങളും, സൗഹൃദങ്ങളും നഷ്ടങ്ങളും, ഇരട്ടകളും സാങ്കല്‍പ്പിക സഹചാരികളും തുടങ്ങിയ പ്രമേയ ദ്വന്ദ്വങ്ങളിലേക്ക് കൂടി വ്യാപരിക്കുക. ഒരു മാറ്റം ആവശ്യമുണ്ടെന്നു അമ്മ തീരുമാനിക്കുന്നതാണ് അവരെ നൈജീരിയയില്‍ കുടുംബ വീട് സ്ഥിതി ചെയ്യുന്ന ഇബാദാനില്‍ എത്തിക്കുന്നത്. യാത്രയില്‍ തന്റെ പതിവ് വിഭ്രാന്തിയോടെ മലേറിയ ഗുളിക കഴിക്കാന്‍ ജെസ് വിസമ്മതിക്കുന്നുണ്ട്. സ്നേഹനിധിയും ഗംഭീര പിതൃ സ്വരൂപവുമായ മുത്തച്ചന്‍ ജിബേംഗാ ഒയെഗ്ബേബിയും ഒട്ടേറെ ബന്ധുക്കളുമുള്ള, യൊറൂബയും ഇംഗ്ലീഷും മാറിമാറി സംസാരിക്കുന്ന കൂട്ടുകുടുംബ സമുച്ചയത്തിലും ജെസ്സമിക്ക് ഇണങ്ങിച്ചേരുക എളുപ്പമല്ല. നൈജീരിയ അവള്‍ക്കും ഡാനിയേലിനും മറ്റൊരു വര്‍ണ്ണ പ്രപഞ്ചമാണ്‌. “ഇവിടെ അവള്‍ പാതി ലോകം ദൂരെയായിരുന്നു, എപ്പോഴും അന്യയായി.” മുത്തച്ചന്‍ നല്‍കുന്ന, മറ്റാരും ഒരിക്കലും ഉപയോഗിക്കുന്നേയില്ലാത്ത യൊറൂബ പേര് അവള്‍ക്ക് സ്വന്തമായി തോന്നുന്നതേയില്ല. “വുറാവോല മറ്റൊരു വ്യക്തിയായിത്തോന്നി, ഒരിക്കലും താനല്ല.” ഈ വ്യക്തിത്വ പ്രതിസന്ധിയിലേക്കാണ് മുമ്പ് വീടിനോട് ചേര്‍ന്നുള്ള വേലക്കാരുടെ വസതിയായിരുന്ന 'ബോയ്സ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് ദുരൂഹമായ രീതിയില്‍ പുറപ്പെട്ട വെളിച്ചത്തില്‍ ആകൃഷ്ടയായി ചെറിയൊരു പര്യവേഷണം നടത്തിയ ജെസ്സിയെ തേടി അപര സ്വത്വമായോ പ്രതിബിംബമായോ ഒന്നും തീര്‍ച്ചയില്ലാത്ത ടിറ്റിയോല എന്ന ടില്ലി ടില്ലി സംഭവിക്കുന്നത്‌. “ഒരു പെണ്‍കുട്ടി നിശ്ശബ്ദയായി അവള്‍ക്കു മുകളില്‍ നില്‍ക്കുന്നുണ്ടായിരുന്നു, അവള്‍ ഇടുങ്ങിയ ഇരുണ്ട കണ്ണുകളിലൂടെ അവളെ നോക്കിക്കൊണ്ടിരുന്നു. അവ അത്രക്കും കറുപ്പായിരുന്നത് കൊണ്ട് തറയില്‍ കിടന്നു നോക്കിയപ്പോള്‍ കൃഷ്ണമണികള്‍ ഇല്ലാത്തതായി തോന്നി. അവളുടെ രൂപത്തില്‍ പതിവിനു ചേരാത്ത എന്തോ ഒന്നുണ്ടായിരുന്നു. അവള്‍ അധികം നീളമുള്ളവളായിരുന്നോ.. .അതേ സമയം കുറിയതും?” അവരുടെ സൗഹൃദം വളരുകയും വിലക്കപ്പെട്ട അപ്രതീക്ഷിത ഇടങ്ങളിലേക്ക് ടില്ലി അവളെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യുന്നു. അവള്‍ അവിശ്വസനീയമായ രീതിയില്‍ പൂട്ടിയിട്ട ഗേറ്റുകള്‍ തുറക്കുകയും മറ്റാരും കാണാതെ പലയിടങ്ങളിലും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇംഗ്ലണ്ടില്‍ തിരികെയെത്തുമ്പോള്‍ സ്കൂളില്‍ ഏറെ പെരുമാറ്റ പ്രശ്നങ്ങളില്‍ പെട്ടുപോകുന്ന ജെസ്സി , ടില്ലി കൂടെയുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുമ്പോള്‍ പൊടുന്നനെ അവള്‍ വാതില്‍ക്കലെത്തുന്നു. “ഞാനും മാതാപിതാക്കളും ഈ ഭാഗത്തേക്ക് താമസം മാറി.”

ടില്ലി, ജെസ്സിയെ പോലുള്ള എകാകിനിയും മാനസിക വിഭ്രാന്തികള്‍ക്കടിപ്പെട്ടവളുമായ ഒരു കുട്ടിയുടെ ഭ്രമസൃഷ്ടി മാത്രമാണോ എന്ന വായനാക്കാരന്റെ, ജെസ്സിയുടെയും, സംശയങ്ങളെ അസ്ഥാനത്താക്കും വിധം അവളുടെ ദുരൂഹ ശക്തികളുടെ പ്രതിഫലനങ്ങളെങ്കിലും മൂര്‍ത്ത രൂപം പ്രാപിക്കുന്നുണ്ട്‌. ടില്ലി പ്രതിനിധാനം ചെയ്യുന്ന പ്രാചീനമോ പ്രാകൃതമോ ആയ ദുരൂഹതകള്‍ പോകെപ്പോകെ കൂടുതല്‍ അപകടകരവും ജെസ്സിക്ക് വേണ്ടിയുള്ള ശത്രുസംഹാരമെന്ന വ്യാജേനയുള്ള ഹിംസാത്മകതയും ആയിത്തീരുന്നതോടെ പുരാണ പ്രോക്തമായ അപശകുന പ്രതിഭാസം എന്ന സാധ്യത വ്യക്തമായിത്തുടങ്ങുന്നു. ജെസ്സിയുടെ നല്ല സുഹൃത്തായി ടില്ലിക്ക് എതിരാളിയാവുന്ന, ജെസ്സിയുടെ മനോരോഗ വിശകലനം നടത്തുന്ന ഡോ. മക് കെന്‍സിയുടെ മകളായ വെള്ളക്കാരി പെണ്‍കുട്ടി സിയോഭാന്‍ എന്ന ശിവ്സ് , സ്കൂളില്‍ സംഘം ചേര്‍ന്ന് ജെസ്സിയെ റാഗ് ചെയ്യുന്നതിന് നേതൃത്വം കൊടുക്കുന്ന 'കിടക്കയില്‍ മുള്ളുന്ന' പ്രശ്നമുള്ള കൊളീന്‍, ജെസ്സിയെ വല്ലാതെ അലട്ടുന്ന ഒരു ടീച്ചര്‍ തുടങ്ങിയവരെ മാത്രമല്ല അവളുടെ അച്ഛനെയും മാരകമായി അപായപ്പെടുത്തുന്നുണ്ട് ടില്ലി. അവശനായി കിടക്കുന്ന അച്ഛനില്‍ ടില്ലിയുടെ ഗന്ധം - "ഹരിതാഭമായ മണ്‍ വാസന"- ജെസ്സി തിരിച്ചറിയുന്നു. ഒരു ഘട്ടത്തില്‍ കൌതുകത്തിന്റെ തിരതള്ളലില്‍ ടില്ലിയോടു സ്വയം വെച്ചു മാറുന്ന ജെസ്സി ആ അവസ്ഥയുടെ ദൈന്യവും വേദനയും തിരിച്ചറിയുകയും പിന്നീടങ്ങോട്ട് അത്തരം വെച്ച് മാറലില്‍ തല്പ്പരയല്ലാതാവുകയും ചെയ്യുന്നുണ്ട്. "ശുദ്ധീകരിക്കപ്പെടുന്നതിനു എത്രമാത്രം മുറിവേറ്റു വാങ്ങാനുണ്ടെന്നു" ജെസ്സിക്ക്‌ അറിയില്ലായിരുന്നു എന്ന് നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. “അകത്തു അത്രയ്ക്ക് തണുപ്പായിരുന്നതിനാല്‍ അത് ചൂട് പോലായിരുന്നു, ജ്വലിക്കുന്ന കല്‍ക്കരി പോലെ, അതിനകത്ത് ടില്ലി ടില്ലി ഉണ്ടായിരുന്നില്ല, പകരം ഈ പൊട്ടിത്തെറിക്കല്‍ മാത്രം, പതഞ്ഞുയരുന്ന ചൂട്, അവള്‍ക്ക് ഈ ജ്വാലയെ തന്റെ ഉള്ളില്‍ നില നിര്‍ത്താന്‍ കഴിഞ്ഞില്ല, കാരണം അത് കെടുത്തിക്കളയേണ്ടതുണ്ടായിരുന്നു.” ജെസ്സിയെ വല്ലാതെ ഉടമപ്പെടുത്താന്‍ ശ്രമിക്കുന്ന ടില്ലി ശിവ്സിനോട് പകയുള്ളവളായിത്തീരുന്നതിനു കാരണം ജെസ്സി അവളില്‍ അല്‍പത്തം കാണുന്നത് കൂടിയാണ്. “നീ വളരെ അല്പത്തമുള്ളവളാണ് , ടില്ലി - വളരെ , ബുദ്ധിമതിയാണെങ്കിലും. നീ എന്നെയും അല്പത്തക്കാരി ആക്കുന്നു. നിന്റെ കൂടെയുള്ളതിലേറെ എനിക്ക് സഹോദരിയായി തോന്നുന്നത് ശിവ്സിന്റെ കൂടെയാണ്.... സുരക്ഷിതവും" എന്ന് ജെസ്സി പറയുന്നു. എന്നാല്‍ ടില്ലിയാവട്ടെ, അവര്‍ക്കിടയിലെ ബന്ധം അതിനപ്പുറമാണ് എന്ന് സമര്‍ഥിക്കുന്നു. “നമ്മളെ പോലെ ഒരേ സ്ഥലത്ത് നിന്ന് അല്ലാത്തവര്‍ക്ക് അതൊക്കെ മനസ്സിലാവില്ല. .. ഞാന്‍ ഇബദാനില്‍ വെച്ച് നിന്റെ അരികില്‍ വന്നതിനു കാരണം നീ ദുഃഖിതയായിരുന്നു, തികച്ചും എകാകിനിയും. ഇവിടെ ഞാന്‍ നിന്റെയരികില്‍ വന്നതിനു കാരണം നീ ദുഃഖിതയായിരുന്നു, തികച്ചും എകാകിനിയും. നിനക്കിനിയും ഒരു ഇരട്ടയില്ലായിരുന്നു. ഞാന്‍ വരണമെന്ന് നീ ആഗ്രഹിക്കയും ചെയ്തു.” ടില്ലിയുടെ പദ്ധതികളില്‍ "ഇനിയങ്ങോട്ട് കുഴപ്പങ്ങളുടെ നീണ്ട നിരയായിരിക്കും, അങ്ങനെ തനിക്കിനി ജെസ്സി ആയിരിക്കാന്‍ തോന്നാതാവും.” എന്ന് ജെസ്സി മനസ്സിലാക്കുന്നുണ്ട്.

മൂന്നു ലോകങ്ങളിലെ ഇരട്ട

ടില്ലിയില്‍ നിന്നാണ് നിഗൂഡ രീതിയില്‍ കട്ടിലിലെ വിരിപ്പുകള്‍ക്കിടയില്‍ കാണുന്ന കുഞ്ഞിന്റെ പ്രത്യക്ഷത്തിന്റെ രൂപത്തില്‍ ചാപ്പിള്ളയായി പിറന്ന തന്റെ ഇരട്ടയെ സംബന്ധിച്ച് ജെസ്സി അറിയുക. "നമ്മള്‍ പരസ്പരം രണ്ടു പേര്‍ക്കുമുള്ള ഇരട്ടകള്‍ ആണ് ഇപ്പോള്‍!" എന്ന് പലവുരു ടില്ലി പറയുന്നതിന് ഈയര്‍ത്ഥം കൂടിയുണ്ട്. ഒരു ഉറക്കത്തിലേക്ക് പോകുന്നതിനിടെ ടില്ലിയുടെ വിവരണം ജെസ്സി കേള്‍ക്കുന്നുണ്ട്, "നിന്റെ ഇരട്ടയുടെ പേര് ഫേണ്‍ എന്നായിരുന്നു. അവള്‍ക്കൊരു ശരിയായ പേര് തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് അവസരം കിട്ടിയില്ല, ഒരു യൊറൂബ പേര്, കാരണം അവള്‍ പിറവിയിലേ മരിച്ചിരുന്നു, നീ ജനിച്ചതിനു തൊട്ട് പിറകെ. നീ അത്രയും ശൂന്യയായിരുന്നു ജെസ്സീ, നിന്റെ ഇരട്ടയെ കൂടാതെ; നിന്റെ മൂന്നു ലോകങ്ങളിലും ഒപ്പം നടക്കാന്‍ നിനക്കാരും കൂട്ടുണ്ടായിരുന്നില്ല. എനിക്കറിയാം, എന്റെ കാര്യവും അത് തന്നെ. എത്രയോ നാളായി ഞാനും നിന്നെപ്പോലെത്തന്നെയായിരുന്നു ! പക്ഷെ ഇപ്പോള്‍ ഞാന്‍ ഫേണ്‍ ആണ്, ഞാന്‍ നിന്റെ സഹോദരി, നീയെന്റെ ഇരട്ടയും... ഞാന്‍ നിന്നെ സംരക്ഷിക്കും, ജെസ്സീ..” ഇവിടെ സൂചിതമാവുന്ന മൂന്നു ലോകങ്ങള്‍ ഏതൊക്കെയാണെന്ന് സാറയാണ് വെളിപ്പെടുത്തുക. ജെസ്സി ഒരു ദുരാത്മാവ് ആവേശിച്ചവള്‍ ആയിത്തീര്‍ന്നിരിക്കുന്നുവെന്നു അവള്‍ ഭയപ്പെടുന്നു. “മൂന്നു ലോകങ്ങള്‍ ! അവള്‍ മൂന്നു ലോകങ്ങളില്‍ നിവസിക്കുന്നു. അവള്‍ ഈ ലോകത്ത് ജീവിക്കുന്നു, അവള്‍ ആത്മാവുകളുടെ ലോകത്തും ജീവിക്കുന്നു, അവള്‍ ഉള്‍ക്കാട്ടിലും ജീവിക്കുന്നു. അവള്‍ അബികു (abiku-ചെറുപ്പത്തിലേ മരിച്ച കുഞ്ഞിന്റെ ആത്മാവ് ) ആണ്, അവള്‍ക്കെന്നും അത് അറിയുമായിരുന്നു! അരൂപി അവളോട്‌ കാര്യങ്ങള്‍ പറയുന്നു. ഫേണ്‍ അവളോട്‌ കാര്യങ്ങള്‍ പറയുന്നു...” എന്നാല്‍ ജെസ്സിക്ക് ഒരു മരിച്ച് പോയ സഹോദരിയെ വേണ്ട, അവള്‍ താനും മരിച്ചു കാണാന്‍ ആഗ്രഹിക്കുന്നുണ്ടാവും.. ഇത്രയുമാവുമ്പോള്‍ തനിക്കെന്തോ കുഴപ്പമുണ്ടെന്നു ജെസ്സിയും ചിന്തിച്ചു തുടങ്ങുന്നു.

സ്വന്തമെന്ന ഇടം, ദേശാനുഭവം.

അത്തരം കാര്യങ്ങള്‍ സംസാരിക്കുക പതിവില്ല യൊറൂബ സംസ്കാരത്തില്‍. മുത്തച്ചന്‍ ജെസ്സിയോടു പറയുന്നത് അതാണ്‌: “അങ്ങനെയല്ല നമ്മള്‍ കാര്യങ്ങള്‍ ചെയ്യുക, വുറാവോല. ഒരാള്‍ മരിക്കുമ്പോള്‍ അതൊരു വിശേഷ കാര്യമാണ്, ഏതാണ്ടൊരു രഹസ്യം. ഒരാള്‍ മോശം അവസ്ഥയിലോ തീരെ ചെറുപ്പത്തിലോ മരിക്കുമ്പോള്‍ അവരുടെ ശത്രുവും മരിച്ചെന്നാണ് ചൊല്ല്. ഇതൊക്കെ നേരിട്ട് ഇംഗ്ലീഷില്‍ പറയാനാവില്ല. നിന്റെ സഹോദരി നഷ്ടമായത് നിനക്കൊരു ചീത്ത ശകുനമാണ്. അവള്‍ നിന്റെ തന്നെ പാതിയാണ്. അതുകൊണ്ടാണ്... അതിന്റെ പൊരുളറിയാന്‍ നീ ഇനിയും മുതിരേണ്ടതുള്ളത്.” ഇരട്ടകള്‍ വസിക്കുന്ന മൂന്നു ലോകങ്ങള്‍ എന്ന നിഗൂഡത സാറയാണ് വ്യക്തമാക്കുക:" പണ്ടുകാലത്ത് നൈജീരിയയില്‍ ആളുകള്‍ക്ക് ഇരട്ടകളെ ഒരു മാതിരി പേടിയായിരുന്നു - ചിലര്‍ക്ക് ഇപ്പോഴുമതെ. പരമ്പരാഗതമായി, ഇരട്ടകള്‍ മൂന്നു ലോകത്തില്‍ കഴിയുന്നവരാണെന്ന് കരുതപ്പെടുന്നു, ഇതൊന്ന്, ആത്മാവുകളുടെ ലോകം, ഉള്‍ക്കാട്, എന്ന് വെച്ചാല്‍ മനസ്സിന്റെ ഒരു തരം വനസ്ഥലി." ഇരട്ടകളുടെ പിറവി അപശകുനമായി കാണുന്ന സമൂഹത്തില്‍ മരിച്ച് പോയ ഇരട്ടക്കായി 'ഇബെജി' നിര്‍മ്മിച്ച്‌ ആവാഹിക്കുന്ന രീതിയുണ്ട്. എന്നാല്‍, അതത്ര ക്രിസ്തീയമല്ലല്ലോ എന്ന് ജെസ് ചൂണ്ടിക്കാണിക്കുന്നു. തനിക്കും ഡാനിയേലിനും ഇടയില്‍ അതേതാണ്ട് ഒരു യൂറോപ്യന്‍ വേഴ്സസ് ആഫ്രിക്കന്‍' തലത്തിലേക്ക് മാറുന്നുവെന്ന് സാറ പ്രതിഷേധിക്കുന്നു. തന്നെയല്ല, അത്തരം പരിഹാരങ്ങള്‍, ഇംഗ്ലണ്ടിലെ മനോ വിശ്ലേഷണ ശ്രമങ്ങള്‍ പോലെത്തന്നെ, സ്വതേ ഭിന്നവ്യക്തിത്വ സംത്രാസം അനുഭവിക്കുന്ന ജെസ്സിയില്‍ ഫലിക്കുന്നേയില്ല. ഇബേജിയുടെ ഉച്ചാടന മാര്‍ഗ്ഗത്തില്‍ അവള്‍ ഇംഗ്ലണ്ടുകാരിയാണെങ്കില്‍ ഡോ. മക് കെന്‍സിയുടെ മുന്നില്‍ അവള്‍ നൈജീരിയക്കാരിയാണ്. ടില്ലിയും ജെസ്സിയും വെച്ച് മാറുന്ന സ്വത്വങ്ങളില്‍ എളുപ്പ വഴികളില്ല; പരിഹാരങ്ങളും. നൈജീരിയയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം താന്‍ വ്യത്യസ്തയായിരിക്കുന്നുവെന്നും കൂടുതല്‍ കരുത്തുള്ളവളും കൂടുതല്‍ കൂടുതല്‍ ടില്ലി ആയിത്തീരുന്നുവെന്നും ജെസ്സിക്ക്‌ തോന്നുന്നു. താനൊഴിച്ച് മറ്റാര്‍ക്കും ടില്ലിയെ കാണാനാവുന്നില്ല എന്ന് കൃത്യമായും അവള്‍ തിരിച്ചറിയുന്നതും പിന്നീടാണ്.

നോവല്‍ ആരംഭം മുതല്‍ വ്യക്തമാണ് ജെസ്സി അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധി. യൊറൂബ/ ഇംഗ്ലീഷ് സ്വത്വങ്ങളുടെ മാത്രമല്ല, സ്വന്തമായ ഇടമേത് എന്ന ചോദ്യം തന്നെയാണ് അവളെ മഥിക്കുന്നത് എന്ന് ടില്ലി കണ്ടെത്തുന്നു. ഇടത്തെ സംബന്ധിക്കുന്ന അത്തരം അന്വേഷണങ്ങള്‍ പ്രസക്തമേയല്ല എന്നതാണ് ടില്ലിയുടെ നിലപാട്. അവളുടെ സൂചനകളില്‍ ദേശാനുഭവവും രക്ത പങ്കിലമാണ്. “നിനക്കെപ്പോഴും അറിയണമായിരുന്നു നീ ശരിക്കും എവിടുത്തുകാരിയാണെന്ന്. പക്ഷെ അങ്ങനെ ഒരിടം വേണ്ടതില്ല. ചെറു കഷണങ്ങളായി മുറിക്കപ്പെട്ട നാട്. ആശയങ്ങളും! മടുപ്പിക്കുന്നത്.. നാണക്കേട്‌, നാണക്കേട്‌, നാണക്കേട്‌. എല്ലാം പൊയ്പ്പോയി. വെറും ചാരം. ഒന്നുമില്ല, ഇപ്പോള്‍ ആരുമില്ല.... ഒരു ജന്മ ദേശമില്ല.” ടില്ലിയുടെ വാക്കുകളില്‍ അവള്‍ സാക്ഷിയായ ദേശാനുഭവം തീര്‍ത്തും ഭീകരമാണ്. “നിന്റെ സ്വന്തത്തെ വേദനിപ്പിക്കുന്നതിലൂടെ നീ വേദനിക്കുന്നുണ്ടോ? .. പിന്നെ നമ്മുടെ രക്തം.. വെള്ളം പോലെ തൂവിക്കളഞ്ഞത്.. കുടിക്കാനുള്ള വെള്ളം പോലെ, അലക്കാനുള്ളത് പോലെ... നമ്മുടെ രക്തം.. ഞാന്‍ സാക്ഷിയാണ്; ഇരട്ടകള്‍ അറിയണം ഓരോരുത്തരും സഹിക്കുന്നത് എന്തെന്ന്.!” ഇത്തരം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അവളുടെ ജീവിത വീക്ഷണം. “ജന്മദേശം എന്നൊന്നില്ല - ആളുകള്‍ നിന്നെ പിടികൂടാത്ത ഒരിടവും ഇല്ല.” നിഹിലിസത്തിന്റെ സ്വഭാവമുള്ള ഈ നിലപാട് ഹെമിംഗ് വെയുടെ നിരീക്ഷണത്തെ ഓര്‍മ്മിപ്പിക്കുന്നു. “ലോകം എല്ലാവരെയും തകര്‍ക്കും... അത് ഏറ്റവും നല്ലവരെയും ഏറ്റവും സൌമ്യരെയും ഏറ്റവും ധീരരെയും ഒരേപോലെ കൊല്ലും. നീ ഇതൊന്നുമല്ലെങ്കിലും നിനക്കുറപ്പിക്കാം അത് നിന്നെയും കൊല്ലുമെന്ന്, വിശേഷിച്ചു ധൃതി കാണിക്കില്ല എന്ന് മാത്രം.” (A Farewell to Arms, Ernest Hemingway) ഇതിന്റെ തുടര്‍ച്ചയായാണ് അവള്‍ ജെസ്സിയോടു ആവശ്യപ്പെടുന്നത്. "ഇടം കണ്ടെത്താന്‍ ശ്രമിക്കുന്നത് നിര്‍ത്തൂ, പപ്പാതിക്കുട്ടീ. നിര്‍ത്തൂ. അങ്ങനെ ഒന്നുമില്ല. ഞാന്‍ മാത്രമേയുള്ളൂ, ഞാന്‍ നിന്നെ പിടി കൂടിക്കഴിഞ്ഞു.” നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നു:

"ഈ ഘട്ടത്തിലാണ് ജെസ് അലറാന്‍ തുടങ്ങിയത്, ഉറക്കെ, നീളത്തില്‍, നിശ്ശബ്ദവും അവസാനമില്ലാത്തതുമായ ചുവന്നിരുണ്ട ദ്രാവകം ആ പേടിപ്പെടുത്തുന്ന വായില്‍ നിന്ന് പുറത്തു വന്നു, അവളെ മൂടി, അതിന്റെ ഭ്രാന്തില്‍ അവളെ സ്നാനപ്പെടുത്തി.

ഏറ്റവും മോശം എന്തെന്നാല്‍ അതൊക്കെയും യഥാര്‍ത്ഥമായും സംഭവിക്കുകയായിരുന്നു.”

ഏതാണ്ട് ഓട്ടിസത്തിന്റെ സ്വഭാവമുള്ള അമിത പ്രതികരണ രീതിയാണ് ജെസ്സിയുടെ പ്രകൃതമെന്നിരിക്കെ, അത്തരമൊരു എട്ടുവയസ്സുകാരിയില്‍ ഹൈകു പ്രേമവും ഹാംലെറ്റ് താല്പര്യവുമൊക്കെ ഇത്തിരി അവിശ്വസനീയമായിത്തോന്നാം. എന്നാല്‍ ഭിന്ന വ്യക്തിത്വ സ്വരൂപങ്ങളായ രണ്ടു പാതികളെയും അവതരിപ്പിക്കുന്നതിലും ധ്രുവ ഭിന്നങ്ങളായ സംസ്കാരങ്ങളുടെ സംഘര്‍ഷങ്ങള്‍ ജെസ്സിയുടെ ജീവിതത്തില്‍ സമൂര്‍ത്തമായി പ്രതിഫലിക്കുന്നത് ചിത്രീകരിക്കുന്നതിലും നോവലിസ്റ്റ് തികഞ്ഞ കയ്യടക്കമാണ് കാണിക്കുന്നത്. "ഒയെയേമിയുടെ കുട്ടിത്തം കലര്‍ന്ന ഏതാണ്ട് അമ്പരപ്പ് ഉളവാക്കും വിധം സുവ്യക്തമായ ഗദ്യരീതിയും ഒപ്പം ആഖ്യാനത്തിലെ ആത്മ വിശ്വാസവും ചേര്‍ന്ന് ഒരു പ്രത്യേകതരം കാര്യമാത്ര പ്രസക്തമായ ഹിസ്റ്റീരിയ സൃഷ്ടിക്കുന്നു. അത് ഈ അസാധാരണമായ , ദുഃഖ ഭരിതമായ കഥയെ നേര്‍ക്കുനേര്‍ ആഖ്യാന സ്വരം കൊണ്ട് വിശ്വസനീയമാക്കുകയും ചെയ്യുന്നു.”എന്ന് അലി സ്മിത്ത് നിരീക്ഷിക്കുന്നു. ('Double Trouble' - Ali Smith, The Guardian)എന്നാല്‍ നോവലിന്റെ അനിവാര്യമായ ദുരന്താത്മകത മുതിര്‍ന്നു വരവിന്റെ പ്രകമ്പനത്തില്‍ ശൈശവത്തിനു സംഭവിക്കുന്ന ശൈഥില്യത്തിലാണ് കാണാനാവുക. നോവല്‍ ആരംഭത്തില്‍, കബോഡിലെ സുരക്ഷിതത്വം നഷ്ടപ്പെടുന്നതിനെ കുറിച്ച് ജെസ്സി വേവലാതി കൊള്ളുന്നുണ്ട്: “കബോഡിന് വെളിയില്‍ ജെസ്സിനു തോന്നി അവള്‍ എല്ലാം, എല്ലാ വര്‍ണ്ണങ്ങളും, ദ്രുത ഗതിയില്‍ കടന്നു പോകുന്ന ഒരു ഇടത്തിലാണെന്ന് , എല്ലാ ആളുകളും സംസാരിക്കുന്ന, അവളോടും സംസാരിക്കാന്‍ ആവശ്യപ്പെടുന്ന ഇടത്തില്‍.” മുതിരാന്‍ നോക്കുക എന്ന പ്രയാസകരമായ കടമ്പ കൂടിയാണ് ഈ വെളിയില്‍ വരല്‍. ഇതോടു ചേര്‍ത്തുവെച്ചു കാണാവുന്ന മറ്റൊരു ദുരന്ത സൂചന അവ്യക്തതകള്‍ നിറഞ്ഞ നോവലന്ത്യമാണ്‌. ഒരിക്കല്‍ കൂടി ഒരു വെച്ച് മാറല്‍, ജെസ്സി ആഗ്രഹിച്ചതല്ലെങ്കിലും, സംഭവിച്ചിട്ടുണ്ടോ? എങ്ങനെയാണ് പഠിച്ചിട്ടില്ലാത്ത യൊറൂബ മൊഴിയില്‍ നോവലന്ത്യത്തിലെ ജെസ്സിക്ക്‌ മുത്തച്ചനോടും അമ്മായിമാരോടും സംസാരിക്കാനാവുന്നത്? കൂട്ടിമുട്ടാത്ത അറ്റങ്ങള്‍, ടില്ലിയുടെ വരകളിലും ജെസ്സിയുടെ സ്വപ്നങ്ങളിലും ഇടയ്ക്കിടെ കടന്നു വരുന്ന നീണ്ട കൈകളുള്ള സ്ത്രീയുടെ രൂപം പോലെ, നോവലില്‍ വേറെയും ഉണ്ട് എന്നും പറയാം. എന്നിരിക്കിലും, സംസ്കാരങ്ങളുടെയും ഭ്രമ കല്‍പ്പനകളില്‍ മുഴുകുന്ന കൌമാര മനസ്സിന്റെയും സര്‍റിയലിസ്റ്റിക് ഭാവത്തിലുള്ള കൂടിക്കലരലിന്റെയും ഏറെക്കുറെ കവചിതവും, സംരക്ഷിതമായ ജീവിത സാഹചര്യങ്ങളിലേക്ക് ആദിരൂപങ്ങളും പുരാണങ്ങളും അധിനിവേശം നടത്തുന്നതിന്റെ പേക്കിനാവന്തരീക്ഷത്തിന്റെയും വിദഗ്ധമായ സര്‍ഗ്ഗാത്മക പുന സൃഷ്ടി എന്ന നിലയില്‍ വേറിട്ടൊരു വായനാനുഭവമാണ് ഈ മെഴുകു ചിറകുകാരിയുടെ കഥയില്‍ നോവലിസ്റ്റ് പകര്‍ന്നു തരുന്നത്.