പലസ്തീനിലെ മജ് ദാലില്‍ അഷ്കലാന്‍ പ്രവിശ്യയില്‍ 1945-ല്‍ ജനിച്ച മദ് ഹൂന്‍ (റബായ് അല്‍ മദ് ഹൂന്‍ ) തന്റെ മൂന്നാം വയസ്സില്‍ (1948) അരങ്ങേറിയ നക്ബ എന്നറിയപ്പെട്ട ഇസ്രായേലി അധിനിവേശത്തെയും കുടിയിറക്കിനെയും തുടര്‍ന്ന് അഭയാര്‍ഥിയാക്കപ്പെട്ട തലമുറയിലെ അംഗമാണ്. പതിമൂന്നാം വയസ്സില്‍, ഖാന്‍ യൂനിസ് അഭയാര്‍ഥി കേന്ദ്രത്തില്‍ 250 -ഓളം പേരെ കൂട്ടക്കുരുതി നടത്തുന്നത് നേരില്‍ കണ്ട അനുഭവവും അദ്ദേഹത്തിനുണ്ട്. 1967 ജൂണ്‍ അഞ്ചു മുതല്‍ പത്തു വരെ അരങ്ങേറിയ ആറുദിന യുദ്ധത്തിനു നാളുകള്‍ക്ക് മുമ്പ് മാത്രം ഉപരി പഠനത്തിനായി ഇജിപ്തിലേക്ക് പോയതാണ് അദ്ദേഹത്തിന്റെ വിധി മാറ്റിയെഴുതിയത് എന്ന് പറയാം. തുടര്‍ന്നുള്ള പാലായനത്തിന്റെ നാളുകളില്‍ സിറിയ, ഇറാഖ്, ലബനോന്‍ , സൈപ്രസ്, മോസ്കോ തുടങ്ങി ഒടുവില്‍ 1993-ല്‍ ലണ്ടനില്‍ വാസമുറപ്പിക്കും വരെ നാളുകള്‍ പാലായനത്തിന്റെതും പ്രവാസത്തിന്റെതും ആയിരുന്നു അദ്ദേഹത്തിന്. 1970-ല്‍ ബ്ലാക്ക് സെപ്തംബര്‍ എന്നറിയപ്പെട്ട ജോര്‍ദാനിയന്‍ - പി. എല്‍ .ഓ. സംഘര്‍ഷവും അദ്ദേഹം നേരില്‍ കണ്ടിട്ടുണ്ട്. 1993 മുതല്‍ ജേണലിസ്റ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള മദ് ഹൂനിന്റെ രണ്ടാമത് നോവലാണ് 2010-ലെ ഇപാഫ് (അറബ് ബുക്കര്‍ ) അന്തിമ ലിസ്റ്റില്‍ ഇടം പിടിച്ച ദി ലേഡി ഫ്രം ടെല്‍ അവീവ്. പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങളെയും ജന്മ ദേശവുമായി പ്രവാസികള്‍ പുലര്‍ത്തുന്ന പലപ്പോഴും സങ്കീര്‍ണ്ണമായ ബന്ധങ്ങളെയും ആവിഷ്കരിക്കുന്ന നോവല്‍ പറിച്ചെറിയപ്പെടുന്നതിന്റെ വൈകാരികവും സാംസ്കാരികവുമായ തലങ്ങള്‍ ആഴത്തില്‍ പരിശോധിക്കുന്നു.
പലസ്തീനിയന്‍ സ്വത്വം എന്ന ചോദ്യ ചിഹ്നം.
മുപ്പത്തിയെട്ടു വര്‍ഷക്കാലത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ബ്രിട്ടീഷ് പാസ്പോര്‍ട്ടുമായി ഗാസയിലേക്ക് തിരികെ യാത്ര ചെയ്യുന്ന വാലിദ് ദഹ് മാന്‍ എന്ന ലണ്ടനില്‍ പ്രവര്‍ത്തിക്കുന്ന ജേണലിസ്റ്റ് ആണ് കേന്ദ്ര കഥാപാത്രം. വിമാനത്തില്‍ കയറുന്ന നിമിഷം മുതല്‍ അയാള്‍ കടുത്ത സംഘര്‍ഷത്തിലാണ്: തന്നെ കയറാന്‍ അനുവദിക്കുമോ? ഇസ്രായേലി ഏജന്റുമാര്‍ അറസ്റ്റ് ചെയ്യുമോ? വിമാനം റാഞ്ചാനെത്തിയ ടെററിസ്റ്റ് എന്ന് വേട്ടയാടപ്പെടുമോ? നോവലിസ്റ്റും കഥാപാത്രവും തമ്മിലുള്ള സാമ്യങ്ങള്‍ ഏറെ പ്രസക്തമാണ്. ദഹ് മാന്‍ , മദ് ഹൂനിനെ പോലെത്തന്നെ, പലസ്തീനിലെ ആഷ് ദോദില്‍ ജനിച്ചു; ഗാസയില്‍ അഭയാര്‍ഥിയായി; പതിറ്റാണ്ടുകളോളം ജന്മ ദേശത്തേക്ക് തിരികെ പോവാനായില്ല. രണ്ടുപേരും ലണ്ടനില്‍ താമസിക്കുന്ന എഴുത്തുകാരും ജേണലിസ്റ്റുകളുമാണ്. നോവല്‍ ആത്മകഥാ പരമാണോ എന്ന ചിന്തയുണര്‍ത്തിയേക്കാം ഈ സാമ്യങ്ങള്‍ . “ഫിക് ഷനെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അധികം ദൂരേക്ക് കൊണ്ട് പോകാനാവില്ല" എന്ന് ഒരഭിമുഖത്തില്‍ മദ് ഹൂന്‍ വ്യക്തമാക്കിയത് സംഗതമാണ് (Writing from the Diaspora: Rabi Al Madhoun's The Lady from Tel Aviv, Ruba Asfahani- the culturetrip.com) ഈ സാമ്യങ്ങള്‍ ഉണ്ടെങ്കിലും മുന്നോട്ടുള്ള വായന പുസ്തകത്തെ ഫിക് ഷന്റെ പരിഗണനയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നുണ്ട് എന്ന് കാണാം.
യൂണിവേഴ്സിറ്റി പഠനത്തിനായി മുപ്പത്തിയെട്ടു വര്‍ഷം മുമ്പ് വിട്ടു പോയ ഉമ്മയെ കാണാന്‍ വേണ്ടിയാണ് ദഹ് മാന്‍ തിരിച്ചെത്തുന്നതെങ്കിലും ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ ഒരു കഥാപാത്രത്തെ തേടിക്കൊണ്ടും കൂടിയാണ് അയാളുടെ വരവ് എന്ന് പതിയെ വ്യക്തമാകും. കഥാപാത്രവും എഴുത്തുകാരനും തമ്മിലുള്ള അന്തരം കെട്ടുപിണയുകയും ചിലപ്പോഴൊക്കെ ഇല്ലാതാവുകയും ചെയ്യും. ലണ്ടനില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയില്‍ തൊട്ടടുത്ത സീറ്റില്‍ അയാള്‍ ജപിച്ചു വരുത്തിയത് പോലെ സുന്ദരിയായ ഒരു യുവതി വന്നിരിക്കുന്നതാണ് നോവലിന്റെ തലക്കെട്ടിന്റെ ഉറവിടവും, ഒരു വേള, ഇതിവൃത്തഘടനയിലെ ഒരു പരിമിതിയും ആയിത്തീരുക. ഇരുവര്‍ക്കുമിടയില്‍ മടിച്ചു മടിച്ചു ഉടലെടുക്കുന്ന സൗഹൃദം പക്ഷെ നിരവധി രാഷ്ട്രീയ സാംസ്കാരിക മാനങ്ങളിലേക്ക് വളരുകയും കുടിയിറക്കല്‍ , തിരികെയെത്തല്‍ , കുടുംബ സമാഗമം, പൈതൃകം, റൊമാന്‍സ്, യുദ്ധം, ഭീകരത, സാംസ്കാരിക അന്തരങ്ങള്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഉന്നയിക്കുകയും ചെയ്യും. അങ്ങനെയാണ് വലിപ്പം കൊണ്ട് അത്ര വലുതല്ലാത്ത നോവല്‍ (288പുറങ്ങള്‍ ) വിഷയ ഗരിമ കൊണ്ട് അത് നേടിയെടുത്ത പ്രശസ്തിക്കു അര്‍ഹാമാകുന്നത്. യുക്രൈന്‍കാരനായ തന്റെ കൂട്ടുകാരനെ ഇസ്രായേലി പൌരത്വം നേടി തന്നോടൊപ്പം വന്നു പാര്‍ക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഖിന്നതയിലാണ് ദനാ അഹുവ എന്ന യുവ ഇസ്രായേലി അഭിനേത്രി. ജൂത വംശജന്‍ ആയത് കൊണ്ട് അയാള്‍ക്ക് 'തിരിച്ചു വരാനുള്ള അവകാശം' 'സ്വാഭാവിക'മാണ്. “1948-ലെ നഖ് ബ മുതല്‍ പലസ്തീനിയന്‍ അഭയാര്‍ഥികള്‍ക്ക് നിഷേധിക്കപ്പെട്ട അവകാശം". ഇത്രയും നീണ്ട കാലമായി ഉമ്മയെ കണ്ടിട്ടില്ലെന്നതിനെ കുറിച്ച് 'താങ്കള്‍ ഒരു ഉത്തരവാദിത്ത ബോധമില്ലാത്ത മകനാണ്!” എന്ന് വിമര്‍ശിക്കുന്ന ദനായോട് അയാള്‍ പറയുന്ന മറുപടി ഈ വൈരുധ്യം വ്യക്തമാക്കുന്നു:
“അധിനിവേശമാണ് ക്രൂരമായത്; ഞാനല്ല... 1967 -നു ശേഷം എനിക്ക് തിരികെ പോവാന്‍ കഴിഞ്ഞിട്ടില്ല. എന്നെ അനുവദിച്ചില്ല.”
ഭൂതകാലം തിരിച്ചെത്തുന്നു
നോവലിനുള്ളിലെ നോവല്‍ എന്ന ഘടനയാണ് മദ് ഹൂന്‍ ഉപയോഗിക്കുന്നത്. മുഖ്യ കഥാപാത്രം ദഹ് മാന്‍ ഒരിക്കല്‍ താന്‍ ഹ്രസ്വമായി പരിചയപ്പെടാന്‍ ഇടയായ ആദേല്‍ അല്‍ ബാഷിതെ എന്ന പലസ്തീന്‍ വംശജനെ കേന്ദ്രകഥാപാത്രമാക്കി ഒരു നോവല്‍ രചിക്കുകയാണ്. ദഹ് മാന്റെ തിരിച്ചു വരവിന്റെ ഒരു പ്രധാന ഉദ്ദേശവും ഇപ്പോള്‍ ജര്‍മ്മനിയില്‍ സ്ഥിര താമസമാക്കിയ ആ പരിചയക്കാരന് വേണ്ടി മുപ്പതു വര്‍ഷം മുമ്പ് അയാള്‍ പ്രണയിച്ച ഒരു സ്ത്രീയ കുറിച്ചുള്ള ഒരന്വേഷണം നടത്തുക എന്നതും കൂടിയാണ്. പലസ്തീനിലെ ജീവിതത്തില്‍ തികച്ചും സാധാരണമായ ദിക്കുതെറ്റിയ ഒരു ഇസ്രായേലി ബുള്ളറ്റ് കാരണം വിധവയായിക്കഴിഞ്ഞ അവരെ കണ്ടെത്തിയാല്‍ വിവാഹം ചെയ്യണമെന്നുണ്ട് പശ്ചിമ യൂറോപ്യന്‍ ജീവിതത്തിലെ സാധാരണ സംഭവമായ ഒരു വിവാഹമോചനത്തിന്റെ ഫലമായി വിഭാര്യനായിക്കഴിഞ്ഞ ആദേലിന് . ഈ കഥാപാത്രം ശരിക്കും കടന്നു വരുന്നത് ഇതിവൃത്തത്തില്‍ ഇത്തിരി കെട്ടു പിണച്ചില്‍ ഉണ്ടാക്കുന്നുണ്ട്. അതെന്തായാലും, തിരിച്ചു വരവ് എന്നത് ഓര്‍മ്മകളുടെ പുനര്‍ ജീവനം കൂടിയാണ് എന്ന് സാധൂകരിക്കും വിധം നോവലിന്റെ ആദ്യ ഭാഗങ്ങള്‍, അമ്പതോളം പേജുകള്‍ വരുന്ന രണ്ടധ്യായങ്ങള്‍ തന്നെ, ഫ്ലാഷ് ബാക്ക് രൂപത്തില്‍, ദഹ് മാന്റെ പ്രവാസത്തിലേക്ക് നയിച്ച സംഭവബഹുലമായ സാഹചര്യങ്ങളുടെയും പലസ്തീനിലെ കുട്ടിക്കാലത്തിന്റെയും നാടും നാട്ടാരുമായുണ്ടായിരുന്ന ബന്ധങ്ങളുടെയും ആവിഷ്കാരമാണ്. ഈ ഭാഗങ്ങളിലെ വിശദാംശങ്ങള്‍ വാലിദുമായി വായനക്കാരന് ഹൃദയ ബന്ധം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. താന്‍ മരിക്കും മുമ്പ് തന്റെ മകന്‍ തിരിച്ചു വരില്ലെന്ന വിഷമത്തില്‍ കഴിയുന്ന ഉമ്മു വാലിദിന് മകന്റെ തിരിച്ചു വരവ് അറിയിക്കുന്ന കത്ത് അവിശ്വസനീയമായി അനുഭവപ്പെടുന്നതിനെ കുറിച്ചു പറഞ്ഞുകൊണ്ടാണ് മുഖവുര (prologue) എന്ന ഭാഗം ആരംഭിക്കുന്നത്. കഴിഞ്ഞ മുപ്പത്തിയെട്ടു വര്‍ഷവും ഓരോ ദിവസവും മകന് വേണ്ടി പ്രാതല്‍ ഒരുക്കി കാത്തിരുന്നവള്‍ . 'ഇപ്പോള്‍ അത് കഴിക്കാന്‍ സമയമായിരിക്കുന്നു.' മുമ്പൊരിക്കലും താന്‍ കാലു കുത്തിയിട്ടില്ലാത്ത ആ അപ്പാര്‍ട്ട്മെന്റില്‍ അയാള്‍ ഉമ്മയെ കാണും, 'ജന്മ ദേശവും നിഴലുകളും' എന്ന് പേരിട്ട തന്റെ പുസ്തകത്തിന്റെ രചന പുനരാരംഭിക്കും. അങ്ങനെയൊക്കെ അയാള്‍ കണക്കു കൂട്ടുന്നു. വാലിദിന്‍റെ മാതൃ വഴിയിലെ കസിന്‍ നാസറെദ്ധീനും എഴുമക്കളും പതിനാലു പേര മക്കളും ചേര്‍ന്ന കുടുംബം പോലുള്ള ബന്ധുക്കളെ; ഉമ്മു വാലിദിന്‍റെ ഒടുങ്ങാത്ത കഥകളെ –
“എന്റെ ഉമ്മയുടെ കാര്യം അത്ഭുതകരമാണ്; അതുപോലെ തന്നെ അവര്‍ കൊണ്ട് നടക്കുന്ന വാക്കുകളുടെ വലിയ വലിയ ഭാണ്ഡവും"
പ്രദേശത്തെ അറിയപ്പെടുന്ന 'ഗേ' ആയ മോനാ എന്ന ഉഭയ ലിംഗക്കാരന്‍ /രിയുമായി ഒരേയൊരു സന്ദര്‍ഭത്തില്‍ ഉണ്ടായ പാപാനുഭവത്തെ; സുഹൃത്തുക്കള്‍ ആയിരുന്ന മൂന്നു മുഹമ്മദുമാരെ കുറിച്ച് - ഓര്‍മ്മകളിലൂടെ ആ കാലം ഹൃദ്യമായി ആവിഷ്കരിക്കപ്പെടുന്നു. വാലിദിന്‍റെ പിതാവ് അഹ്മദ് നിമാര്‍ ദഹ് മാന്‍ പലസ്തീന്‍ അഭയാര്‍ഥികല്‍ക്കായുള്ള യു. എന്‍ . സംഘടന (UNWRA) യുടെ ഉദ്യോഗസ്ഥന്‍ ആയിരുന്നു. അസംബന്ധ പൂര്‍ണ്ണമായ ഒരു ത്രികോണ പ്രണയ കഥയില്‍ എതിരാളിയുടെ ചതിവില്‍ പെട്ട് കള്ളനെന്നു മുദ്ര കുത്തപ്പെടുകയും ഹൃദയ സ്തംഭനത്തില്‍ മരിക്കുകയുമായിരുന്നു അദ്ദേഹം. സുന്ദരിയായ തന്റെ ഭാര്യയെ മാത്രം മനസ്സില്‍ നിറച്ചിരുന്ന അദ്ദേഹം ഒരിക്കലും അര്‍ഹിക്കാത്ത മരണം. പിതാവിന്റെ കുഴിമാടത്തിനടുത്തു കണ്ടെത്തിയ പ്രണയ ചിഹ്നമായ കൈലേസ് ദീര്‍ഘകാലം വാലിദിനെ ജിജ്ഞാസുവാക്കിയിരുന്നു. നോവലന്ത്യത്തില്‍ അതും ഉമ്മയുടെത് തന്നെയായിരുന്നു എന്ന് വ്യക്തമാക്കപ്പെടുന്നുണ്ട്. പിതാവ് മരിച്ചു ഏറെക്കാലം കഴിഞ്ഞാണെങ്കിലും അദ്ദേഹം നിരപരാധിയായിരുന്നു എന്ന് തെളിയിക്കപ്പെടുന്നത് ഉമ്മാക്ക് വലിയ ആശ്വാസമാകുന്നുണ്ട്.
പിതാവിന്റെ ഖബര്‍ സന്ദര്‍ശനം കഴിഞ്ഞു വാലിദിന് കണ്ടു യാത്ര ചോദിക്കാനുണ്ടായിരുന്നത് കളിക്കൂട്ടുകാരോടാണ്. പെണ്‍കുട്ടികളെ ആകര്‍ഷിക്കാനും ഇക്കിളിക്കഥകള്‍ പറയാനും കൂട്ടുണ്ടായിരുന്നവര്‍. മുഹമ്മദ് ഖദീജയെന്ന ഏതാണ്ട് അന്ധനായ കൂട്ടുകാരന്‍, ദേശത്തെ കഥപറച്ചിലുകാരനായിരുന്ന ബാര്‍ബറുടെ ആഖ്യാനങ്ങള്‍ അകക്കണ്ണു കൊണ്ട് വരച്ചുവെച്ചു. വാലിദിന്റെ വിവരണത്തിലെ ഫറവോയുടെ ഭാര്യ നെഫര്‍റ്റിതിയുടെ ആകാര വടിവുകള്‍ വായുവില്‍ കൊത്തി വെച്ചു. പതിറ്റാണ്ടുകള്‍ക്ക് ശേഷം തിരികെ വരുമ്പോള്‍ അവനു വേണ്ടി ഫറോവാ ഭാര്യയെ കുറിച്ചുള്ള പുസ്തകം കയ്യില്‍ കരുതിയിട്ടുണ്ട് ദഹ് മാന്‍. മറ്റൊരു മഹ്മൂദ് , മഹ്മൂദ് അല്‍ മിസ്രിയ്യ എന്ന ഷൂ പോളിഷ് പയ്യനാണ്. ചുഴലി രോഗത്തിന്റെ അസുഖമുള്ളവന്‍. മഹ്മൂദ് സമൂറയെന്ന മൂന്നാമന്‍ മടിയനായ തുന്നല്‍ക്കാരനില്‍ നിന്ന് പില്‍ക്കാലം പോലീസുകാരനായിത്തീരും. യാസര്‍ ആരാഫാത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനിലേക്ക് വളരുന്ന അയാള്‍ രണ്ടാമതൊരു വിവാഹം കഴിക്കുന്നതും അത് കേസാവുന്നതും ആരാഫാത് അയാളെ ശാസിക്കുന്നതും ഇത്തിരി ഫലിതോക്തിയില്‍ നോവലില്‍ വിവരിക്കപ്പെടുന്നുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷം തിരികെയെത്തുമ്പോള്‍ വാലിദിനെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുക മഹ്മൂദ് ഖദിജക്ക് സംഭവിച്ച അപചയമാണ്. ഇന്നയാള്‍ പരിപൂര്‍ണ്ണ അന്ധനായ വെറും യാചകനാണ്. വാലിദ് തന്റെ സ്വത്വം വെളിപ്പെടുത്താതെ തന്നെ അയാള്‍ക്ക് അഞ്ഞൂറു ഡോളര്‍ നല്‍കുകയും യാചന അവസാനിപ്പിച്ചാല്‍ മാസം തോറും ജീവിക്കാനുള്ളത് നല്‍കാമെന്നു വാക്കു കൊടുക്കുകയും ചെയ്യുന്നുണ്ട്. അപ്പോള്‍ തന്റെ വ്യക്തിത്വം വെളിപ്പെടുത്തുകയും ചെയ്യും. എന്നാല്‍ മഹ്മൂദ് ഖദീജ അധിനിവേശാനന്തര പാലസ്തീനിന്റെ തന്നെ പ്രതീകമാണ്. വ്യക്തികളുടെ സന്മാനോഭാവം കൊണ്ട് പരിഹാരിക്കാവുന്ന ദുരന്തമല്ലല്ലോ പലസ്തീനിന്റെത്.
അവമതി നിത്യാനുഭവമാക്കും വിധം
വിദേശ പാസ്പോര്‍ട്ട്, വിശേഷിച്ചും ബ്രിട്ടീഷ് പാസ്പോര്‍ട്ട്, ഉള്ളവര്‍ക്ക് ബെന്‍ ഗൂറിയന്‍ വിമാനത്താവളത്തില്‍ കാര്യങ്ങള്‍ എളുപ്പമാവും എന്ന പൊതു ധാരണയുണ്ട്. എന്നാല്‍ പലസ്തീനികളുടെ കാര്യത്തില്‍ ഇതിനു ഒരു പ്രസക്തിയുമില്ലെന്നു ദഹ് മാന്‍ നേരിട്ടനുഭവിക്കുന്നുണ്ട്. ഗാസാ ചീളിലെ ജീവിതത്തിന്റെ നിത്യാനുഭാവമായ ചെക്ക് പോയിന്റുകള്‍ എന്താണ് പലസ്തീനിയോടു ചെയ്യുന്നത് എന്നതും അയാള്‍ നേരിടേണ്ടി വരുന്നു. ഗാസയിലേക്കുള്ള യാത്ര മണിക്കൂറുകള്‍ എടുക്കുന്നു. ചെക്ക് പോയിന്റുകള്‍ സുരക്ഷിതത്വത്തിന് എന്ന പേരില്‍ യഥാര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്നത് വംശീയ രാഷ്ട്രീയത്തിന്റെ ഉപകരണം എന്ന നിലക്കാണ്. പലസ്തീനിയുടെ ആത്മ വിശ്വാസം കെടുത്തുവാനും അത് തങ്ങളുടെ സ്വാഭാവിക വിധിയാണ് എന്ന് ചിന്തിപ്പിക്കുന്നതിലൂടെ തങ്ങള്‍ മനുഷ്യരില്‍ താഴ്ന്നവര്‍ (lesser than humans) എന്ന വംശീയ അധമ ബോധം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടുള്ള കാത്തുനില്‍പ്പ് അടിച്ചേല്‍പ്പിക്കല്‍ അധിനിവേശത്തിന്റെയും കുടിയിറക്കിന്റെയും പൂരക പ്രവര്‍ത്തിയാണ്. ചെക്ക് പോയിന്റുകളിലെ ഉദ്യോഗസ്ഥരുടെ മനുഷ്യത്വ രഹിതവും അപമാനവീകരിക്കുന്നതുമായ (dehumanizing) രീതികളും ഉദ്യോഗസ്ഥ മേധാവിത്ത പരമായ അവഗണനയും മനപ്പൂര്‍വ്വം വൈകിക്കല്‍ രീതികളും നോവലിസ്റ്റ് ശക്തിയായി ആവിഷ്കരിക്കുന്നുണ്ട്. പ്രവേശനം സാധ്യമാകുമോ എന്ന് പോലും ഉറപ്പില്ലാതെ, മുപ്പത്തിയെട്ടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പാടുപെട്ടു കിട്ടിയ അവസരവും അതിനു വേണ്ടി വന്ന പ്രയാസങ്ങളും വെറുതെ പോകുമോ എന്ന അങ്കലാപ്പോടെ മണിക്കൂറുകള്‍ തള്ളി നീക്കുന്ന വാലിദിന്‍റെ അസ്വസ്ഥത, അത് പതിവ് അനുഭവമായ ഗാസ വാസികളുടെ പ്രതികരണങ്ങളുമായി തുലനം ചെയ്യാന്‍ കഴിയുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ട്.:
“വീല്‍ ചെയറില്‍ ഇരിക്കുന്ന ഒരാളെ ഞാന്‍ സൂക്ഷ്മമായി നിരീക്ഷിച്ചു, ഒരു ബേസ് ബാള്‍ തൊപ്പി ധരിച്ചിട്ടുണ്ട്. അതയാളുടെ മുഖത്തെ പാതി മറക്കുന്നു. അയാളുടെ ഉണങ്ങിയ കൈകള്‍ കൈത്താങ്ങിലാണ്. അയാളുടെ ശരീരത്തിന് ഭാരമൊട്ടുമില്ല. ആര്‍ക്കും അയാളെയും വീല്‍ ചെയറും ഒരുമിച്ചു പൊക്കാം.. 'ചൂട് കഠിനമാണ്. സര്‍ , ഞാന്‍ താങ്കളെ ആ തണലിലേക്ക് കൊണ്ട് പോകട്ടെ?'
അയാള്‍ മറുപടി പറയുന്നില്ല. എന്റെ നേരെ കണ്ണുകള്‍ ഉയര്‍ത്തി നോക്കുന്നില്ല... കൈകള്‍ കൊണ്ട് വേണ്ടെന്നു ആംഗ്യം മാത്രം.. 'ഞാന്‍ താങ്കളെ സഹായിക്കാന്‍ ശ്രമിക്കുന്നെന്നേയുള്ളൂ.'
'എനിക്കിത് ശീലമാണ്, ചങ്ങാതീ. ഇത് ആദ്യമായല്ല ഞാനിവിടെ ഇരിക്കുന്നത്, അവസാനത്തേതുമല്ല. ഞാന്‍ ചികിത്സക്കായി റമാലയില്‍ പോയി തിരികെ വരാന്‍ ശ്രമിക്കുമ്പോഴൊക്കെ ഇതീ പതിവ് ചവറു തന്നെ.”
കഥാകാലം, ചരിത്ര ഘട്ടം
ദഹ് മാന്‍ ഗാസ സന്ദര്‍ശിക്കുന്നതിന്റെ യഥാര്‍ത്ഥ കാലം നോവലില്‍ കൃത്യമായി നിര്‍വ്വചിക്കുന്നില്ലെങ്കിലും അത് രണ്ടാം ഇന്‍ തിഫാദക്ക് (2000- 2005) തൊട്ടു പിറകെയാണെന്നു അനുമാനിക്കാം. അയാള്‍ സ്ഥലത്തില്ലാതിരുന്ന നാലു പതിറ്റാണ്ടുകള്‍ക്കിടയില്‍ ഒട്ടേറെ മാറ്റങ്ങള്‍ അവിടെ സംഭവിച്ചിട്ടുണ്ട്. നോവലിലെ ആദ്യ ഭാഗങ്ങളിലെ ഫ്ലാഷ് ബാക്ക് ആഖ്യാനങ്ങള്‍ അങ്ങനെയാണ് വൈയ്യക്തികം എന്നതിലേറെ പ്രസക്തമാകുന്നത്. കുടുംബ കഥയ്ക്ക് ഇതിവൃത്തത്തില്‍ ഏറെ പ്രാധാന്യമുണ്ടെങ്കിലും പലസ്തീനിയുടെ ദുരിതം എന്ന അടിസ്ഥാന പ്രമേയം ഒരു ഘട്ടത്തിലും വിസ്മരിക്കപ്പെടുന്നില്ല. സൈനിക നീക്കങ്ങളുടെ ശബ്ദങ്ങള്‍ , ഇടയ്ക്കിടെ നിലച്ചു പോകുന്ന വൈദ്യുതി ബന്ധം, ഏതു നിമിഷവും എത്താവുന്ന ഒരു ലക്ഷ്യം തെറ്റിയ ഇസ്രായേലി ബുള്ളറ്റിനെ കുറിച്ചുള്ള നിതാന്ത ഭയം, ആഘോഷ/ മൃത്യു വിലാപ ഘോഷയാത്രകളിലേക്ക് പോലും പറന്നെത്താവുന്ന ബോംബര്‍ - പലസ്തീന്‍ ജീവിതത്തിന്റെ ചിഹ്നങ്ങള്‍ ഇതൊക്കെയാണ്. ആളുകള്‍ എങ്ങനെ കഴിയുന്നു എന്ന കഥ പറയുന്നതിലൂടെ വാസ്തുഹാരകള്‍ ആവുന്നതിന്റെയും പ്രവാസത്തിന്റെയും അധിനിവേശത്തിന്റെയും കഥകള്‍ തന്നെയാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത്. വിമാനമിറങ്ങി യുദ്ധം ചവച്ചുതുപ്പിയ ഇടങ്ങളിലൂടെ ഗാസയിലേക്കുള്ള വാലിദിന്റെ യാത്ര അവിശ്വസനീയമാം വിധം ദുരിതപൂര്‍ണ്ണമാണ്. പരാജയപ്പെട്ട ഒരു ആത്മഹത്യാ ബോംബര്‍ പിടിക്കപ്പെട്ട സാഹചര്യം അത് കൂടുതല്‍ വഷളാക്കുന്നു. എന്നാല്‍ ഇതിനൊക്കെയും പ്രായശ്ചിത്തമെന്നോണം ഊഷ്മളമായ വരവേല്‍പ്പാണ് അയാളെ കാത്തിരിക്കുന്നത്. ഗാസാ വാസത്തിന്റെ ഇനിയുള്ള നാളുകള്‍ തന്റെ ഭൂതകാലവുമായുള്ള അഭിമുഖമായിത്തീരും അയാള്‍ക്ക്. അന്തസ്സോടെയും അഭിമാനത്തോടെയും കഴിഞ്ഞുവന്ന ഒരു ജനത സ്വത്വവും ജീവിത മാര്‍ഗ്ഗവും നഷ്ടപ്പെട്ടു അഭയാര്‍ഥികള്‍ ആക്കപ്പെട്ടത്തിന്റെ നേര്‍ ചിത്രങ്ങള്‍ കാണേണ്ടി വരുമ്പോള്‍ ഇംഗ്ലീഷ് പൌരത്വം തനിക്കു നല്‍കുന്ന സുരക്ഷിതത്വത്തിന്റെ ഉറപ്പിലിരുന്നു ബാല്യകാല സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന വാലിദ് വാസ്തവത്തില്‍ ഒരു വലിയ ചോദ്യത്തെയാണ് ഉന്നയിക്കുന്നത്: മുടന്തുന്ന ഒരാട്ടിന്‍ കുട്ടിയെ രണ്ടു കൈകളുടെ ഔദാര്യത്തില്‍ നിങ്ങള്‍ക്ക് രക്ഷിക്കാം. എല്ലാവരും നിരാലംബരായി പോകുന്ന വിപര്യയത്തില്‍ ആര്‍ക്കെന്തു ചെയ്യാനാവും!
സഹജീവനത്തിന്റെ വെല്ലുവിളികള്‍
ഈ ചോദ്യത്തിന്റെ മറു വശത്ത് നിന്നാണ് പുസ്തകത്തിന്റെ തലക്കെട്ടിന്റെ പ്രസക്തി അന്വേഷിക്കേണ്ടത്. ഒരര്‍ഥത്തില്‍ അതിത്തിരി തെറ്റിദ്ധരിപ്പിക്കുന്നതാണ്. നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിലുള്ള രൂപത്തില്‍ അത്ര പ്രാധാന്യമുള്ള കഥാപാത്രമല്ല ദനാ അഹുവയുടെത്. എന്നാല്‍ യഥാര്‍ത്ഥ അറബിക് പതിപ്പില്‍ മൂന്നു ഭാഗങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആദ്യത്തേത് വാലിദിന്‍റെ കാഴ്ചപ്പാടിലും രണ്ടാം ഭാഗം ദനായുടെ കാഴ്ചപ്പാടിലും ആയിരുന്നു അവതരിപ്പിക്കപ്പെട്ടത് എന്നും രൂബ അസ് ഫഹാനിയുമായുള്ള അഭിമുഖത്തില്‍ നോവലിസ്റ്റ് വ്യക്തമാക്കുന്നുണ്ട്. മൂന്നാം ഭാഗം ഹിബ്രു സംസാരിക്കുന്ന ഒരു കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലും ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇംഗ്ലീഷ് പതിപ്പില്‍ ഒരൊറ്റ കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലേക്ക് ആഖ്യാനം ചുരുക്കപ്പെടുകയായിരുന്നു. പലസ്തീന്‍ - ഇസ്രായേലി വശങ്ങള്‍ വ്യതിരിക്തമായും സമന്വയിപ്പിച്ചും ആവിഷ്കരിക്കപ്പെട്ട രൂപം തന്നെയായിരുന്നില്ലേ കൂടുതല്‍ പ്രസക്തം എന്ന് നമുക്ക് വിചാരിക്കാനേ കഴിയൂ. എന്നിരിക്കിലും, യാത്രാരംഭത്തിലെ ആ 'അടുത്തടുത്തിരിപ്പ്' പ്രസക്തമായ ഈ ചോദ്യത്തിന്റെ തികഞ്ഞൊരു മെറ്റഫര്‍ ആകുന്നുണ്ട്. ഒരേ ഇടത്തിന് രണ്ടു അവകാശികള്‍ ഉണ്ടാവുമ്പോള്‍ സഹജീവന സാധ്യതയുടെ വെല്ലുവിളികളാണ് അത് പ്രശ്നവല്‍ക്കരിക്കുന്നത്. ഒരു ഇസ്രായേലി, ഒരു പലസ്തീനി; ഒരു പ്രശസ്ത വ്യക്തി, ഒരു സാധാരണക്കാരന്‍ , ഒരു സ്ത്രീ, ഒരു പുരുഷന്‍ . “രണ്ടു നിഴലുകളുള്ള വീട്" എന്ന് വലീദ് എഴുതുന്ന പുസ്തകത്തിനു ദനാ പേര് നിര്‍ദ്ദേശിക്കുന്നത് പ്രസക്തമാണ്. ഒരേ സമയം സംഘര്‍ഷത്തിന്റെയും സമന്വയത്തിന്റെയും സൂചകം. ഇരുവര്‍ക്കുമിടയിലെ സംഭാഷണങ്ങള്‍ അവരവരുടെ സാമൂഹികാവസ്ഥ വെളിപ്പെടുത്തുന്നുണ്ട്. വാലിദ് മടിച്ചു മടിച്ചും പ്രകടമായ വിനയത്തോടെയും മധുരവാക്കുകളുടെ അകമ്പടിയോടെയും സംസാരിക്കുമ്പോള്‍ ദാന കുറെ കൂടി തുറന്ന ചുഴിഞ്ഞന്വേഷിക്കല്‍ മനോഭാവത്തോടെയാണ് സംസാരിക്കുന്നത്. പോകെപ്പോകെ ഇരുവരും ഊഷ്മള സൌഹൃദത്തിലേക്കും ഇമെയില്‍ വിലാസങ്ങള്‍ കൈമാറുന്നതിലെക്കും എത്തിച്ചേരുന്നു. തങ്ങള്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേര്‍ന്നാല്‍ വിവരം ഇ മെയിലിലൂടെ അറിയിക്കണമെന്നും ഇരുവരും പരസ്പരം ഓര്‍മ്മിപ്പിക്കുന്നു . പുസ്തകത്തിന്റെ പ്രസക്തി തന്നെയും ഒരു പക്ഷെ ഈ ഓര്‍മ്മപ്പെടുത്തലിലാണ്. പലസ്തീനിയും ഇസ്രയേലിയും അവര്‍ക്കിഷ്ടമായാലും ഇല്ലെങ്കിലും തങ്ങളുടെ പരസ്പരം എതിര്‍ത്തു നില്‍ക്കുന്ന, നിഷേധിക്കുന്ന അസ്തിത്വ യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറം ഒരേ ഇടത്തില്‍ പങ്കുപറ്റുന്നവരാണ്. നോവലിലെ സംഭവങ്ങള്‍, നോവലിനുള്ളിലെ നോവലിലെയും, രണ്ടു വന്‍ കരകളിലേക്കും പല രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിലൂടെ നോവലിസ്റ്റ് ആഖ്യാനത്തിന്റെ ചക്രവാളങ്ങളെ ഇസ്രയേല്‍ പലസ്തീന്‍ അതിരുകള്‍ക്കപ്പുറത്തേക്കും അതിന്റെ ചരിത്രത്തിനപ്പുറത്തേക്കും വികസിപ്പിക്കുന്നു. പലസ്തീനിയെ പീഡിതനായും ഇസ്രയേലിയെ പീഡകനായും കാണുന്ന യാന്ത്രിക വൈരുദ്ധ്യ നിലപാടിനപ്പുറത്തേക്ക് പ്രമേയത്തെ കൊണ്ട് പോകുന്നു. രണ്ടുപേരും "ദുര്‍ബ്ബലരായ നമ്മള്‍ നശ്വര ജീവികള്‍ക്ക് പൊരുത്തപ്പെടാനാവാത്ത ചരിത്ര ശക്തികളുടെ ഇരകളാണ് എന്ന് വന്നു കൂടെ? അല്ലെങ്കില്‍ , ഇരുവരും തങ്ങളുടെ ദുരന്തങ്ങളുടെ കര്‍തൃത്വമുള്ളവര്‍ തന്നെയാണ് എന്ന് വരികിലോ?” പ്രസിദ്ധ വിമര്‍ശകന്‍ ആമിര്‍ തഹേരി ചോദിക്കുന്നു. (Book Review- Ashraq al Aswat).
പലസ്തീന്‍ പരിതോവസ്തയുടെ ശക്തമായ ആവിഷ്കാരങ്ങള്‍ ഒട്ടേറെ പ്രമുഖ എഴുത്തുകാരുടെതായി വന്നിട്ടുണ്ട്. സൂസന്‍ അബുല്‍ ഹവായുടെ മോണിംഗ് സ് ഇന്‍ ജെനിന്‍ , ദി ബ്ലൂ ബിറ്റ് വീണ ദി സ്കൈ ആന്‍ഡ് വാട്ടര്‍ , ഏലിയാസ് ഖൌറിയുടെ ഗേറ്റ് ഓഫ് ദി സണ്‍ , റൂല ജെബ്രിയെലിന്റെ മിറാല്‍ , ഗസ്സാന്‍ കനഫാനിയുടെ മെന്‍ ഇന്‍ ദി സണ്‍ , ഹനാന്‍ അല്‍ ഷെയ് ഖിന്റെ ബൈറുത്ത് ബ്ലൂസ് , എമിലി ഹബീബിയുടെ ദി സീക്രെറ്റ് ലൈഫ് ഓഫ് സഈദ്: ദി പെസ്സോപ്റ്റിമിസ്റ്റിക് തുടങ്ങിയവ ഉദാഹരണം. ഇതിവൃത്ത ഘടനയിലും പാത്ര പരിചരണത്തിലും ഇവയില്‍ പലതിനെക്കാളും ഋജുവും താരതമ്യേന സങ്കീര്‍ണ്ണ രഹിതവുമെങ്കിലും ഡയസ്പോറ അനുഭവമെഴുത്ത് എന്ന നിലയില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നതാണ് 'ടെല്‍ അവീവില്‍ നിന്നുള്ള സ്ത്രീ.'
