മൊസാംബിക്കന്‍ മാര്‍ക്സിസ്റ്റ് കവി റയി നോഗര്‍ (Rui Nogar) വിപ്ലവത്തില്‍ പങ്കെടുക്കാത്തതിനും തന്റേതല്ലാത്ത വീക്ഷണകോണില്‍ എഴുതുന്നതിനും മിയാ കൂട്ടോയെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, പുതുതായി പിറവിയെടുക്കുന്ന ദേശത്തിന്റെ ആഖ്യാതാവ് എന്ന നിലയില്‍ മിയാ കൂട്ടോയുടെ ശക്തിതന്നെയും ഏതെങ്കിലും തത്വസംഹിതയുടെ പ്രകടമായ വിധേയത്വം അദ്ദേഹത്തിന്റെ രചനയില്‍ ഇല്ല എന്നത് തന്നെയാണ്. യുദ്ധവും ക്ഷാമവും വറുതിയും കൊടിയ ദാരിദ്ര്യവും അടയാളപ്പെടുത്തുന്ന ദേശാവസ്ഥയിലും ഭരണ-ഉദ്യോഗസ്ഥ തലങ്ങളില്‍ ജുഗുപ്സാവഹമാംവിധം പിടിമുറുക്കുന്ന അഴിമതിയുടെ അസംബന്ധ കഥകള്‍ പറയാന്‍ റിയലിസം അപര്യാപ്തമാകുന്നത് ആഫ്രിക്കന്‍ എഴുത്തുകാരെ ഫാന്റസിയും മാജിക്കല്‍ റിയലിസത്തിന്റെ ആഫ്രിക്കന്‍ വകഭേദങ്ങളും ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. മിയാ കൂട്ടോയെ പോലുള്ള എഴുത്തുകാരില്‍ അത് ‘അനിമിസ്റ്റ് റിയലിസം’ എന്ന രീതിയില്‍ ആവിഷ്കൃതമാകുന്നു എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്: “അനിമിസ്റ്റുകള്‍ എന്നാല്‍ ലോകം മുഴുവനും വ്യക്തികള്‍ നിറഞ്ഞിരിക്കുന്നു, അതില്‍ ചിലര്‍ മാത്രം മനുഷ്യരാണ്, ജീവിതമെന്നത് ഇപ്പോഴും മറ്റുള്ളവരുമായി ബന്ധിതമായാണ് നയിക്കപ്പെടുന്നത് എന്നു തിരിച്ചറിയുന്നവരാണ്” (Graham Harvey – Animism: Respecting the Living World). കൂട്ടോയുടെ രണ്ടാമത് നോവലായ ‘ദി ലാസ്റ്റ് ഫ്ലൈറ്റ് ഓഫ് ദിഫ്ലമിംഗോ’ ടിസംഗാരയെന്ന സാങ്കല്‍പ്പിക പട്ടണത്തിലാണ് പശ്ചാത്തലമാക്കുന്നത്. ഇവിടെ ‘അലൌകിക കാര്യങ്ങള്‍ മാത്രമാണ് വസ്തുതകള്‍’ എന്ന് നോവല്‍ ആദ്യമേ പറഞ്ഞുവെക്കുന്നു. വിചിത്രമായ ഒരു അംഗഛേദത്തെ കുറിച്ച് പറഞ്ഞു തുടങ്ങുന്ന ആദ്യ ഖണ്ഡിക തന്നെ അതിവൈചിത്ര്യത്തെയും ദൈനംദിന യാഥാര്‍ത്ഥ്യങ്ങളെയും സമന്വയിപ്പിക്കുന്ന മിയാ കൂട്ടോ ശൈലിയുടെ മികച്ച മാതൃക സൃഷ്ടിക്കുന്നു.
“പരുക്കന്‍ ഭാഷയില്‍ ഒട്ടും മര്യാദയില്ലാതെ പറഞ്ഞാല്‍, സംഭവിച്ചത് ഇതാണ്: ഇവിടെ ഈ ട്രങ്ക് റോഡില്‍, ടിസംഗാരക്ക് തൊട്ടു വെളിയില്‍, ഛേദിക്കപ്പെട്ട ഒരു ലിംഗം കാണപ്പെട്ടു. സ്വതന്ത്രമാക്കപ്പെട്ട ഒരു വലിയ അവയവം. ദേശവാസികള്‍ തങ്ങളുടെ കണ്ടെത്തലില്‍ സ്തബ്ധരായി നിന്നു. എല്ലായിടത്തുനിന്നും ആളുകള്‍ കൂടി. വസ്തുവിന് ചുറ്റും ആളുകളുടെ ഒരു വലയം സൃഷ്ടിക്കപ്പെട്ടു. ഞാനും അവിടെ ഉണ്ടായിരുന്നു, ആള്‍ക്കൂട്ടത്തിന്റെ പിന്‍ഭാഗത്തെ അറ്റത്ത്, മിക്കവാറും പുറത്തായി നിലയുറപ്പിച്ച്. ഇതാണെന്റെ ഉപദേശം: പിറകിലാണ് ഏറ്റം നല്ല കാഴ്ച കിട്ടുക ഒപ്പം അധികമാരാലും ശ്രദ്ധിക്കപ്പെടാതെ. പഴമൊഴി ശരിയാണ്: ഒരു പിന്ന് കിണറ്റില്‍ വീണാല്‍, ഒരു പാടുപേര്‍ കാണാന്‍ വരും, എന്നാല്‍ വളരേ കുറച്ചു പേരെ അതെടുക്കാന്‍ കിണറ്റില്‍ ഇറങ്ങൂ.”
ആഭ്യന്തര യുദ്ധം അവസാനിച്ചിരിക്കുന്നുവെങ്കിലും ആഖ്യാതാവിനെ പോലുള്ള സാധാരണക്കാരെ – ‘ടിസംഗാരയുടെ പരിഭാഷകന്‍’ - സംബന്ധിച്ചിടത്തോളം
‘ഞങ്ങള്‍ക്ക് യുദ്ധം മനസ്സിലായിരുന്നില്ല, ഇപ്പോള്‍ സമാധാനവും ഞങ്ങള്‍ക്ക് മനസ്സിലായില്ല.’
ശ്ലഥമായ നിരീക്ഷണങ്ങള്‍, റിപ്പോര്‍ട്ടുകള്‍ അഭിമുഖഖണ്ഡങ്ങള്‍, കുറിപ്പുകള്‍, കത്തുകള്‍, ചൊല്ലുകള്‍ തുടങ്ങിയ ഉറവിടങ്ങളിലൂടെ ദേശത്തിന്റെ കലുഷാവസ്ഥ നോവലിസ്റ്റ് പുനര്‍ സൃഷ്ടിക്കുന്നു. നിത്യേനയെന്നോണം കുഴിബോംബു സ്ഫോടനത്തില്‍ കൊല്ലപ്പെടുന്ന ദേശീയരുടെ ആര്‍ക്കും കൌതുകമില്ലാത്ത വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ ഒരസാധാരണ വികാസം സംഭവിച്ചിരിക്കുന്നു. ആറു യു. എന്‍. സമാധാന ദൌത്യ സേനാംഗങ്ങള്‍ തങ്ങളുടെ ലിംഗങ്ങള്‍ മാത്രം ബാക്കിവെച്ചു നിഗൂഡമായി പൊട്ടിത്തെറിക്കുകയും തികച്ചും അപ്രത്യക്ഷരാകുകയും ചെയ്തിരിക്കുന്നു. ഒരു ‘whodunnit’ സമവാക്യത്തിലേക്ക് ഒട്ടേറെ സിദ്ധാന്തങ്ങള്‍ വന്നു ചേരുന്നു: അത് രാഷ്ട്രീയ ഗൂഡാലോചനയാകാം, കൂടോത്രമാകം, പൂര്‍വ്വികരുടെ പ്രതികാരമാകാം. പൂര്‍വ്വികരോടുള്ള കടമ മറന്ന അധികൃതരും ദേശവാസികളും അവര്‍ക്ക് അന്യരായിരിക്കുന്നുവെന്നും അവരുടെ പ്രതികാരമായി നാട് തീപ്പെട്ടു പോകാന്‍ പോകുന്നുവെന്നും നാട്ടുമ്പുറങ്ങളില്‍ ഭീതി പടര്‍ന്നിരിക്കുന്നു. കൊളോണിയല്‍വിരുദ്ധ പോരാട്ടത്തിലെ കുഴിബോംബുകള്‍ നിര്‍വ്വീര്യമാക്കപ്പെട്ടു തുടങ്ങിയെങ്കിലും തുടര്‍ന്നുണ്ടായ മാര്‍ക്സിസ്റ്റ് ആധിപത്യത്തിന്റെയും അതിനു ശേഷം പിടിമുറുക്കിയ മുതലാളിത്തത്തിന്റെയും അന്ത:ഛിദ്രങ്ങള്‍ തുടരുന്നു. പ്രാദേശിക ഭരണാധികാരി എസ്റ്റെവാവോ യോനാസ് ആരോഗ്യ വകുപ്പിന് അനുവദിക്കപ്പെട്ട ആംബുലന്‍സ് ‘ഇത്തിരി പണ’മുണ്ടാക്കാന്‍ തന്റെ ഒന്നിനും കൊള്ളാത്ത കൊച്ചുമകന് ‘ട്രാന്‍സ്പോര്‍ട്ട് ബിസിനസ്’ എന്ന് വിളിക്കുന്ന മയക്കുമരുന്ന് കടത്തിനു ‘മറിച്ചു കൊടുത്തതില്‍ ഒരു തെറ്റും കാണുന്നില്ല. തൊഴിലാളി വര്‍ഗ്ഗത്തെ എന്തുവിളിക്കണം എന്നു വിഷമിക്കുന്ന യോനാസ് അവരെ ‘ജനം, ജനസംഖ്യ, പ്രാദേശിക സമൂഹങ്ങള്‍’ എന്നൊക്കെ പരിഗണിക്കുകയും ഒടുവില്‍ എത്തിച്ചേരുകയും ചെയ്യുന്നു:
“ഒരു വലിയ തലവേദന: ഈ പാവപ്പെട്ടവര്‍, അവരില്ലായിരുന്നെങ്കില്‍, നമ്മുടെ പണി എളുപ്പമായേനെ.”
ചിലപ്പോഴൊക്കെ അയാള്‍ തിരിച്ചറിയുന്നുമുണ്ട്:
“ഞങ്ങള്‍ സോഷ്യലിസ്റ്റ് തട്ടിപ്പുകാര്‍ ആയിരുന്നു, ഇപ്പോള്‍ പറ്റിക്കപ്പെട്ട കാപിറ്റലിസ്റ്റുകളും.”
അടിച്ചേല്‍പ്പിക്കപ്പെട്ട തത്വസംഹിതകളുടെ സാന്നിധ്യത്തെ നിശിതമായി കളിയാക്കുന്നതില്‍ കൂട്ടോ വിടുവീഴ്ച ചെയ്യുന്നില്ല. യു. എന്‍. സൈനികരെ ‘സോവിയറ്റ് സഖാക്കള്‍ക്ക് സ്വാഗതം! സര്‍വ്വരാജ്യ തൊഴിലാളി ഐക്യം വിജയിക്കട്ടെ!” എന്ന ബാനറുമായി എതിരേല്‍ക്കുന്ന ഒരന്തവുമില്ലാത്ത നാട്ടുകാരും ‘സുസ്ഥിര വികസന പദ്ധതികളില്‍ തന്റെ പങ്കാളിത്ത’വും ‘സമൂഹത്തിനകത്തെ തന്റെ പ്രവര്‍ത്തന’വും ഉറപ്പുവരുത്തുന്ന അഭിസാരികയുടെ ലിബറല്‍ സന്മനസ്സും അത്തരം ചിത്രങ്ങളാണ്. പൊട്ടിത്തെറിച്ചു അപ്രത്യക്ഷരാകുന്ന സൈനികരെ കുറിച്ചന്വേഷിക്കാന്‍ എത്തുന്ന സംഘത്തിന്റെ തലവന്‍ ഇറ്റലിക്കാരനായ മസ്സിമോ റിസിയുടെ പേര് തന്നെ പോര്‍ച്ചുഗീസ് ഭാഷയില്‍ ‘ശരിക്കുമൊരു പോങ്ങന്‍’ എന്നര്‍ത്ഥം വരുന്നതാണ്. ഭാഷാ പ്രയോഗത്തിലും നാട്ടുമൊഴികളുടെ ഉപയോഗത്തിലും കൂട്ടോ പ്രതിഭയുടെ തിളക്കം നോവലില്‍ ഉടനീളം പ്രകടമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
മിയാ കൂട്ടോയുടെ രചനാ രീതി ലാറ്റിന്‍ അമേരിക്കന്‍ മാജിക്കല്‍ റിയലിസത്തെക്കാള്‍ ഏറെ ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കുമിടയിലെ അതിരുകള്‍ അത്യന്തം നേര്‍ത്തുപോകുന്ന ആഫ്രിക്കന്‍ കഥാ പാരമ്പര്യത്തിലാണ് നിലയുറപ്പിക്കുന്നത് എന്നത് സുവിദിതമാണ്. ‘തൊഴുകയ്യന്‍ പ്രാണി’ എന്നര്‍ത്ഥം വരുന്ന (praying mantis) പച്ചക്കുതിരയെ കൊല്ലരുതെന്ന കര്‍ശന വിലക്ക് ആഫ്രിക്കന്‍ പാരമ്പര്യത്തിലുണ്ട്. നോവലിലെ ആഖ്യാതാവ് നിരീക്ഷിക്കുന്നു:
“ഒരു പച്ചക്കുതിര ഒരു പുരാതന പ്രാണി മാത്രമല്ല. അത് ജീവിച്ചിരിക്കുന്നവരെ സന്ദര്‍ശിക്കുന്ന ഒരു പൂര്‍വ്വികനാണ്... അതിനെ കൊല്ലുന്നത് ഒരു ചീത്ത ശകുനമാണ്.”
വിവാഹത്തിനു വിസമ്മതിക്കുന്ന ടെംപൊറീന എന്ന സ്ത്രീ മോഹിപ്പിക്കുന്ന ഉടലഴക് നിലനിര്‍ത്തുമ്പോഴും മുഖം അറപ്പുളവാക്കും വിധം വൃദ്ധമായിത്തീരുന്നു. ആഖ്യാതാവിന്റെ പിതാവ് സുല്‍പ്ലീസിയോ ഉറങ്ങാന്‍ പോകുമ്പോള്‍ തന്റെ അസ്ഥികള്‍ ഊരിയെടുത്ത് വൃക്ഷശാഖയില്‍ തൂക്കിയിട്ടു ഹൈനകളില്‍ നിന്ന് സംരക്ഷിക്കുയും അത്യാവശ്യ സഹായത്തിനു ആരെയെങ്കിലും വിളിക്കേണ്ടി വന്നാല്‍ സംസാരിക്കാനായി താടിയെല്ലു മാത്രം നിലനിര്‍ത്തുകയും ചെയ്യുന്നു.
“അതിനു ശേഷം, ആന്തര ചട്ടക്കൂടില്ലാതെ, അയാള്‍ അയഞ്ഞുതൂങ്ങുന്നു, നിലത്തേക്കു കുമിയുന്നു. അയാളവിടെ കിടന്നു, വിടര്‍ന്ന്, ജീവനറ്റ്, നെടുവീര്‍പ്പിടുന്ന ഒരു പിണ്ഡം പോലെ, അലങ്കോലപ്പെട്ട സ്പോഞ്ച് പോലെ.”
ഒരേസമയം അസംബന്ധ വക്രതയും ഫാന്റസിയും ഇടകലരുന്നുണ്ട് ഇത്തരം ചിത്രീകരണങ്ങളില്‍. വിശദീകരണങ്ങളോ ഭാഷാ സമവാക്യങ്ങളോ സാധ്യമല്ലാത്ത അനുഭവങ്ങളുടെ ആവിഷ്കാരത്തിനാണ് ഇത്തരം രചനാ സങ്കേതങ്ങള്‍ ഉപയോഗിക്കപ്പെടുന്നത്.
നോവലിന്റെ തലക്കെട്ട് രൂപമെടുക്കുന്നതും ഉദയാസ്തമയങ്ങളെ വിശദീകരിക്കാന്‍ അമ്മ പറയുമായിരുന്ന കഥയെ ആസ്പദിച്ചാണ്.
“അവരെ സംബന്ധിച്ച്, ഫ്ലമിംഗോ പക്ഷികളാണ് സൂര്യനെ തള്ളിയിടുന്നതും അങ്ങനെ പ്രഭാതം ലോകത്തിന്റെ മറുവശത്താകാന്‍ സഹായിക്കുന്നതും.”
1998-ല്‍ ദക്ഷിണ മൊസാംബൈക്കിലെ കടല്‍ തീരത്ത് കൂടി നടക്കുമ്പോള്‍ ഫ്ലമിംഗോയുടെ തൂവല്‍ കാണാന്‍ ഇടയായതും പ്രദേശത്തെ മുക്കുവരുമായി അതെ കുറിച്ച് സംസാരിച്ചതും മരിയോ അന്റോണിയോ പുരസ്കാരം ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തില്‍ കൂട്ടോ ഓര്‍ത്തെടുക്കുന്നു: “നാട്ടുകാരായ മുക്കുവര്‍ എന്നോട് പറഞ്ഞു, മുമ്പ് കാലത്ത്, കൂട്ടം ചേര്‍ന്നെത്തിയ ഫ്ലമിംഗോ പക്ഷികള്‍ അവിടെ കൂടുവെക്കുമായിരുന്നു. എന്തായാലും, കുറച്ചു കാലമായി അവ വരാറുണ്ടായിരുന്നില്ല. അതേസമയം, മുക്കുവര്‍ ഈ മെലിഞ്ഞൊട്ടിയ കാറ്റിന്റെ മാലാഖമാരെ ഇപ്പോഴും കാത്തിരുന്നു. ആ ദേശത്തെ പാരമ്പര്യത്തില്‍ ഫ്ലമിംഗോകള്‍ പ്രതീക്ഷയുടെ അനാദിയായ തോഴരാണ്.” നോവലില്‍, ഫ്ലമിംഗോകള്‍ വരാതാകുന്നത് രാജ്യത്തെ വന്നു മൂടുന്ന ദുരിതങ്ങളുടെയും നൈരാശ്യത്തിന്റെയും സൂചകമായി മാറുന്നുണ്ട്. ‘തൂവല്‍’ എന്നതിനെ സൂചിപ്പിക്കുന്ന ‘pena’ എന്ന പദത്തിന് വേദന (pain) എന്നും അര്‍ത്ഥമുണ്ട്. അധികാരം കയ്യിലുള്ളവര്‍ ദേശത്തെ തന്നെ മുക്കിക്കളയുന്നതും പ്രതീക്ഷയെ തന്നെ തീര്‍ത്തും മോഷ്ടിച്ചു കളയുന്നതും നോവലിന്റെ അവസാന ഭാഗങ്ങളില്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. യു. എന്‍ സെക്രട്ടറി ജനറലിനുള്ള കത്തില്‍ മസ്സിമോ റിസി എഴുതുന്നു:
“വിചിത്രമായും വിശദീകരണ സാധ്യമല്ലാത്ത രീതിയിലും ഒരു ദേശം മുഴുവനും അപ്രത്യക്ഷമാകുന്നത് റിപ്പോര്‍ട്ട് ചെയ്യേണ്ടി വരികയെന്നത് എന്റെ വേദനിപ്പിക്കുന്ന ദൌത്യമായിരിക്കുന്നു. ഈ റിപ്പോര്‍ട്ട് എന്നെ യു. എന്‍ ഉപദേശക വൃന്ദത്തില്‍ നിന്നു പുറത്താക്കുന്നതിലേക്ക് എത്തിക്കുമെന്ന് എനിക്കറിയാം. എന്തായാലും, മുന്നില്‍ കാണുന്ന സത്യത്തെ റിപ്പോര്‍ട്ട് ചെയ്യുകയല്ലാതെ എനിക്ക് വേറെ വഴിയില്ല. ഈ മഹാരാജ്യം അപ്രത്യക്ഷമായിരിക്കുന്നു, ഒരു മാന്ത്രിക സ്പര്‍ശത്താലെന്നോണം. ദേശം ബാക്കിയില്ല, ജനതയില്ല, ഭൂമി പോലും ഒരു വന്‍ ഗര്‍ത്തത്തിലേക്ക് ബാഷ്പീകരിച്ചിരിക്കുന്നു. ഞാന്‍ ഈ ഭൂമിയുടെ അറ്റത്തു നിന്ന്, അതിജീവിച്ച ഒടുവിലത്തെ ആളുടെ അരികില്‍ നിന്നാണ് ഇതെഴുതുന്നത്.”
ഇതെല്ലാം ദൈവങ്ങളുടെ പ്രതികാരമാണെന്നു സുല്‍പ്ലീസിയോ കരുതുന്നു: അവര്‍ ഭരണ നിര്‍വ്വഹണ പരാജയത്തിന് ദേശത്തെ മുഴുവന്‍ ‘അയഥാര്‍ത്ഥ ജീവികള്‍’ (non-beings) ആക്കി മാറ്റിയിരിക്കുന്നു. ഇതര ആഫ്രിക്കന്‍ ദേശങ്ങളിലും അത് തന്നെ സംഭവിച്ചു എന്ന സുല്‍പ്ലീസിയോയുടെ നിരീക്ഷണം നോവലിനെ പോസ്റ്റ്‌കൊളോണിയല്‍ ആഫ്രിക്കന്‍ സാഹചര്യങ്ങളുടെ ശക്തമായ വിമര്‍ശനമാക്കി മാറ്റുന്നു:
“ആഫ്രിക്കയുടെ മറ്റു ദേശങ്ങളിലും അത് സംഭവിച്ചു. രാജ്യങ്ങളുടെ ഭാഗധേയം ഹൈനകളെ പോലെ ഭരിക്കുകയും അതിവേഗം തടിച്ചു കൊഴുക്കുന്നതിനെ കുറിച്ച് മാത്രം ചിന്തിക്കുകയും ചെയ്ത ആത്യാഗ്രഹികളില്‍ ഏല്‍പ്പിക്കപ്പെട്ടു. ഈ ഭരണ സമ്പ്രദായങ്ങളുടെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ അചിന്ത്യമായത് പരീക്ഷിക്കപ്പെട്ടു: കൊച്ചു മാന്ത്രിക അസ്ഥികള്‍, ആടിന്റെ രക്തം, മഷിനോട്ടം, കുന്തിരിക്കം. ശിലകളില്‍ ചുംബിക്കപ്പെട്ടു, പുണ്യാളന്‍മാരെ പ്രാര്‍ഥിച്ചു. ഒന്നുകൊണ്ടും കാര്യമുണ്ടായില്ല: ഈ നാടുകളിലൊന്നും ഒരു പുരോഗതിയും ഉണ്ടായില്ല. നാടിനെ സ്നേഹിച്ച മനുഷ്യര്‍ വേണമായിരുന്നു. മറ്റു മനുഷ്യരോട് ഇത്തിരി ബഹുമാനം കാണിക്കുന്ന ആളുകള്‍ വേണമായിരുന്നു.”
സര്‍വ്വ നാശത്തിന്റെ പ്രതീക്ഷാരാഹിത്യത്തിലും സൌഭ്രാത്രത്തിന്റെ തുടിപ്പുപോലെ ആഖ്യാതാവിന് ഇറ്റാലിയന്‍ അന്വേഷകനോടു തോന്നുന്ന സാഹോദര്യത്തിന്റെ ചിത്രത്തോട് നോവലന്ത്യത്തെ ചേര്‍ത്തു വെക്കുന്നത് ഇരുണ്ട ദര്‍ശനത്തെ ഒട്ടൊന്നു തെളിച്ചമുള്ളതാക്കുന്നുണ്ട്. അത്യഗാധതയുടെ അരികിലിരുന്ന് ഒരു പ്രയോജനവും ഉണ്ടാക്കുവാന്‍ പോകുന്നില്ലാത്ത തന്റെ റിപ്പോര്‍ട്ട് തയ്യാറാക്കിയ കടലാസു കൊണ്ട് ഒരു ഫ്ലമിംഗോ പക്ഷിയെ അതീവ നിഷ്ഠയോടെ, കുട്ടിക്കാലത്തിന്റെ സൂക്ഷ്മ ധ്യാനത്തോടെ നിര്‍മ്മിച്ച് അയാളതിനെ ഗര്‍ത്തത്തിലേക്ക് പറത്തിവിടുന്നു.
“അത് പതിയെ, താഴ്ന്നിറങ്ങി, ലക്ഷ്യസ്ഥാനത്തിന്റെ അഗാധതയെ ഭയപ്പെട്ടെന്നോണം.”
മറ്റൊരു ഫ്ലമിംഗോ വരാനുണ്ടെന്ന ആഖ്യാതാവിന്റെ വാക്കുകള്‍ ഇപ്പോള്‍ മസ്സിമോ ആവര്‍ത്തിക്കുന്നു. ഇതേ ദേശത്തില്‍ തന്നെ പിറന്ന കൂടപ്പിറപ്പായി ആഖ്യാതാവിന് ഇറ്റലിക്കാരനെ അനുഭവപ്പെടുന്നു.
“ഞാനയാളുടെ വാക്കുകളെ ഒരു മൂത്തയാളില്‍ നിന്നെന്ന പോലെ സ്വീകരിച്ചു. മൂടല്‍ മഞ്ഞിലേക്ക് നോക്കി കാത്തിരുന്നപ്പോള്‍, എന്റെ പിതാവ് തുടങ്ങിക്കഴിഞ്ഞിരുന്ന യാത്ര അവസാനത്തെ ഫ്ലമിംഗോയുടെ പറക്കലാവില്ലേ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. എന്നിരിക്കിലും അവിടെ ശാന്തനായി ഇരിക്കുന്നത് ഞാന്‍ തുടര്‍ന്നു. മറ്റൊരു ഘട്ടം കാത്ത്. എന്റെ അമ്മയുടെ പാട്ട് എനിക്ക് കേള്‍ക്കായി, സൂര്യനെ മറ്റേ തലക്കല്‍ നിന്ന് തള്ളിയിടാന്‍ ഫ്ലമിംഗോകളെ പ്രേരിപ്പിക്കുന്ന പാട്ട്.”
മാജിക്കല്‍ റിയലിസം എന്ന സംജ്ഞയെ കുറിച്ച് അത്ര താല്‍പ്പര്യമില്ലാത്ത കൂട്ടോ അത് എഴുത്തുകാര്‍ സൃഷ്ടിച്ച പ്രയോഗമല്ലെന്നു നിരീക്ഷിക്കുന്നു. “കൊളംബിയയില്‍, മെക്സിക്കോയില്‍, നൈജീരിയയില്‍, മൊസാംബിക്കില്‍ അതാണ് യഥാര്‍ത്ഥ കാര്യം, അത് മാന്ത്രികമല്ല, കഥപറയാനുള്ള ഏക മാര്‍ഗ്ഗമാണ്.” ഒരു കാള "ഒരു ഞരക്കം പോലുമില്ലാതെ പൊട്ടിച്ചിതറുമ്പോള്‍" അതിന്റെ മാംസം കുറെ "ചുവന്ന പൂമ്പാറ്റകള്‍" ആയിത്തീരുമ്പോള്‍ അത് അതിഭൌതികമല്ല, മറിച്ച് ഒരു കുട്ടി കുഴിബോംബിനെ മനസ്സിലാക്കുന്ന രീതിയാണ്." (മായാ ജാഗി ഉദ്ധരിച്ചത് - ദി ഗാര്‍ഡിയന്‍, 15 ആഗസ്റ്റ് 2015).
