കൊളോണിയല്‍ ആഫ്രിക്കയില്‍ ഒട്ടുമിക്ക ഫ്രഞ്ച്, ബ്രിട്ടീഷ് കോളനികളും സ്വതന്ത്രമായിക്കഴിഞ്ഞും തങ്ങളുടെ അധീനതയില്‍ ചിതറിക്കിടന്ന ദേശങ്ങളില്‍ പറ്റിത്തൂങ്ങി നില്‍ക്കുകയായിരുന്നു പോര്‍ച്ചുഗല്‍. ഇക്കൂട്ടത്തില്‍ ആദ്യം വിട്ടുപോയത് 1973-ല്‍ ഗിനി-ബിസോ ആയിരുന്നു. കാര്‍നേഷന്‍ വിപ്ലവത്തിന് ശേഷം പോര്‍ച്ചുഗലില്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ നിലം പതിച്ചതോടെ മറ്റു കോളനികളും സ്വതന്ത്രമായി. എന്നാല്‍ രാഷ്ട്രീയ സ്വാതന്ത്ര്യം ഒട്ടുമിക്ക ഇടങ്ങളിലും സ്ഥിര ഭരണ വ്യവസ്ഥയായി പരിണമിക്കുകയുണ്ടായില്ല എന്ന് മാത്രമല്ല, അറുപതുകളില്‍ തുടങ്ങിയ ആഭ്യന്തര കലാപങ്ങള്‍ രൂക്ഷമാവുകയും ചെയ്തു. മൊസാംബിക്കില്‍ 1992 വരെയും സംഘര്‍ഷങ്ങള്‍ തുടര്‍ന്നപ്പോള്‍ അംഗോളയില്‍ 2002 വരെയും സമാധാനം സാധ്യമായില്ല. സ്വാഭാവികമായും ഈ ദേശങ്ങളില്‍ സാഹിത്യ രചന ഏറെ പരിമിതമായിത്തുടര്‍ന്നു. എഴുതപ്പെട്ടതില്‍ അധികവും കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളെയും രാഷ്ട്രീയ കാലുഷ്യങ്ങളെയും പ്രമേയങ്ങളാക്കി.
അംഗോളന്‍ സാഹിത്യത്തില്‍ പ്രഥമസ്ഥാനീയനാണ് 1935-ല്‍ ജനിച്ച ഹോസെ ലുവാന്റിനോ വിയേറ. കുഞ്ഞുന്നാളില്‍ (1938) അംഗോളയിലേക്ക് കുടിയേറിയ മാതാപിതാക്കള്‍, ലുവാണ്ടയിലെ ആഫ്രിക്കന്‍ വംശജരുടെ ഇടയിലാണ് (‘മുസെക്കി’) താമസമാക്കിയത്. ദരിദ്രരായ വെള്ളക്കാരും കറുത്ത വര്‍ഗ്ഗക്കാരും ഇടപഴകിയ സാഹചര്യങ്ങളില്‍ വളര്‍ന്നു വന്ന വിയേറ, ലുവാണ്ട എന്ന മൂലത്തില്‍ നിന്ന് സ്വയം കണ്ടെടുത്തതായിരുന്നു ലുവാന്റിനോ എന്ന മധ്യനാമം. അദ്ദേഹത്തിന്റെ രചനകളില്‍ പ്രാദേശിക ഭാഷയായ കിംബുണ്ടുവും പ്രാദേശിക പോര്‍ച്ചുഗീസും കൂടിക്കലരുന്നു. വെള്ളക്കാരന്‍ ആയിരുന്നിട്ടും കൊളോണിയല്‍ വിരുദ്ധനും വംശീയതാ വിരുദ്ധനും ആയിത്തീര്‍ന്നു അംഗോളന്‍ സ്വാതന്ത്യ്ര സമരത്തില്‍ സജീവമായി പങ്കെടുത്തതിന്റെ പേരില്‍ പതിനൊന്നു വര്‍ഷക്കാലം രാജ്യത്തെ ഏറ്റവും കടുത്ത തടവറയായ ടറാഫേല്‍ ജയിലില്‍ കഴിയേണ്ടി വന്നു അദ്ദേഹത്തിന്. ഇക്കാലത്ത് വന്യമായ കരുത്തോടെ വിയേറ എഴുത്തില്‍ വ്യാപൃതനായി. ആക്റ്റിവിസ്റ്റ് എന്ന നിലയിലുള്ള ഉള്ളടക്കം കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ പോര്‍ച്ചുഗീസ് റൈറ്റേഴ്സ് പുരസ്കാരം ലഭിച്ച കഥാസമാഹാരം ‘ലുവാണ്ട’ (1963) 1974-ല്‍ കൊളോണിയല്‍ ഭരണം അവസാനിക്കും വരെയും നിരോധിതമായി തുടര്‍ന്നത്. എന്നാല്‍ രഹസ്യമായി സര്‍ക്കുലേറ്റ് ചെയ്യപ്പെട്ട സമാഹാരത്തിലെ കഥകള്‍ പ്രകടമായ രാഷ്ട്രീയ സ്വഭാവമുള്ളവയല്ലെങ്കിലും അധിനിവേശത്തിന്റെ കെടുതികള്‍ യഥാതഥമായി അവതരിപ്പിക്കുകയും ശൈലീപരമായി ആഫ്രിക്കന്‍ വാമൊഴി പാരമ്പര്യത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. 1962-ല്‍ പാരീസില്‍ തന്റെ കഥകള്‍ പ്രസിദ്ധീകരിച്ച വിവരം കഥാകൃത്ത് അക്കാലത്ത് അറിഞ്ഞിരുന്നില്ല. ‘ഡോമിംഗോസ് സേവിയറിന്റെ യഥാര്‍ത്ഥ ജീവിതം’ (The Real Life of Domingos Xavier-1974) ദേശീയ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തിയതിന്റെ പേരില്‍ തടവിലാക്കപ്പെടുകയും പീഡനത്തില്‍ കൊല്ലപ്പെടുകയും ചെയ്യുന്ന ഒരു ട്രാക്റ്റര്‍ ഡ്രൈവറുടെ കഥ പറയുന്നു. രാഷ്ട്രീയ നോവെല്ല എന്ന നിലയില്‍ വെള്ളക്കാരുടെ നീതിയുടെ ക്രൂരതയും സ്വാതന്ത്ര്യപൂര്‍വ്വ അംഗോളയിലെ സ്ത്രീ-പുരുഷന്മാരുടെ സ്ഥൈര്യവും പ്രസ്തുത കൃതി ചിത്രീകരിച്ചപ്പോള്‍, 1967-ല്‍ ഒരാഴ്ച കൊണ്ടെഴുതപ്പെട്ട ‘നമ്മള്‍ മകുലൂസുക്കാര്‍’ (We, from Makulusu) കൊളോണിയല്‍ ഭരണത്തിന്റെ അന്ത്യ നാളുകളുടെ പശ്ചാത്തലത്തില്‍ കറുത്ത വര്‍ഗ്ഗക്കാര്‍, വെള്ളക്കാര്‍, സങ്കര വര്‍ഗ്ഗക്കാര്‍ എന്നിവരുടെ അസാധാരണ ബന്ധങ്ങളുടെ ആവിഷ്കാരമാണ്. വിയേരയുടെ കൃതികളില്‍ ഏറ്റവും മികച്ചതെന്നു ചില നിരൂപകര്‍ ഏറെ ആത്മകഥാംശമുള്ള ഈ നോവലിനെ വിലയിരുത്തുന്നു. 2003-ല്‍ പുറത്തിറങ്ങിയ ‘ഔവര്‍ മുസെക്കി’ നാല്പ്പതുകളുടെയും അമ്പതുകളുടെയും പശ്ചാത്തലത്തില്‍ ലുവാണ്ടയിലെ ചേരികളിലെ ജീവിതവും മുതിര്‍ന്നു വരവും ആവിഷ്കരിച്ചു. 1961-62 കാലത്ത് ജയിലില്‍ വെച്ച് എഴുതപ്പെട്ട ‘ഔവര്‍ മുസെക്കി’ നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. പൊയ്പ്പോയ കൌമാര നിഷ്കളങ്കത, നഗരവല്‍ക്കരണത്തിന്റെ കെടുതികള്‍ എന്നിവയെ കുറിച്ചുള്ള ഗൃഹാതുരതയോടൊപ്പം വരാനിരിക്കുന്നതിനെ ജിജ്ഞാസയോടെ കാത്തിരിക്കുന്നതിന്റെ ആവേശവും നോവലില്‍ തെളിഞ്ഞു കാണാം. അംഗോളന്‍ എഴുത്തുകാരുടെ യൂണിയന്‍ സെക്രട്ടറി ജനറല്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുള്ള വിയേറ പുതുതലമുറ എഴുത്തുകാരുടെയും കവികളുടെയും വഴികാട്ടിയായും വര്‍ത്തിച്ചിട്ടുണ്ട്.
ആഫ്രിക്കന്‍ സാഹിത്യത്തില്‍ തന്നെ അധികമൊന്നും അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത മേഖലയാണ് ലുസോഫോണ്‍ ആഫ്രിക്കയെന്ന മുന്‍ പോര്‍ച്ചുഗീസ് കോളനികളില്‍ നിന്നുള്ള രചനകള്‍. അംഗോളയുടെ തലസ്ഥാനം കൂടിയായ ലുവാണ്ടയുടെ ചേരികളെ കുറിച്ച് അതിലും വളരെ വിരളമായെ എഴുതപ്പെട്ടിട്ടുള്ളൂ. 1968-ല്‍, വിയേറ തടവിലായിരുന്നപ്പോള്‍ എഴുതപ്പെട്ട മറ്റൊരു കൃതിയാണ് ‘ഹുവാവോ വെന്‍ഷ്യോയുടെ പ്രണയങ്ങള്‍’ എന്ന നോവെല്ല. നാടകീയ സ്വഗതാഖ്യാനത്തിന്റെ (dramatic monologue) രൂപത്തിലുള്ള ഒരൊറ്റ വീര്‍പ്പില്‍ പറയപ്പെടുന്ന കഥയായാണ് നോവെല്ലയുടെ ആഖ്യാനം. ആരെന്നു വ്യക്തമല്ലാത്ത ഒരു ശ്രോതാവിന്റെ സാന്നിധ്യം ആഖ്യാതാവിന്റെ പ്രതികരണങ്ങളില്‍ സൂചിതമാകുന്നുണ്ട്. ഹുവാവോ വെന്‍ഷ്യോ എന്ന മുലാറ്റോ തന്റെ കാമുകിയെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചതിനു ജയില്‍ വാസം അനുഭവിക്കുന്നു ‘കുറ്റിക്കാട്ടിലെ അണലി’, ‘ലൈംഗിക മനോരോഗി (sexopath)’, ‘പ്രകൃത്യാ കുറ്റവാസനയുള്ളവന്‍’ എന്നൊക്കെ അയാളെ കുറിച്ച് അധികൃതര്‍ വിവരിക്കുന്നത് തികച്ചും അന്യായമാണെന്ന് അയാള്‍ കരുതുന്നു.
“ഒരു ദൈവമില്ലാത്ത മുലാറ്റോ എന്നതൊരു നുണയാണ്, ഞങ്ങളുടെ തൊലിയെ, സ്ത്രീകളുമായുള്ള ഞങ്ങളുടെ രീതികളെ വെറുക്കുന്നവര്‍ക്കു ഒരു അശ്ലീലം.”
കൊല്ലാന്‍ ശ്രമിച്ചെങ്കിലും അവള്‍ക്കിപ്പോഴും അയാളോട് തികഞ്ഞ പ്രണയമുണ്ടെന്നു വ്യക്തം. അവള്‍ വീട്ടിലുണ്ടാക്കിയ സ്റ്റൂ കൊണ്ടുവരുന്നതും കാത്തിരിക്കുന്ന ഇടവേളയിലാണ് അയാള്‍ കഥ പറയുന്നത്. അവളെ- രാവിന്റെ ഇരുള്‍ച്ചയുള്ള തന്റെ ബൈലുണ്ടോ പെണ്ണ്- വിയര്‍ത്തു മുഷിഞ്ഞു നാറുന്ന ‘വെളുത്ത ചിമ്പാന്‍സി’യായ ചോളമാവ് കച്ചവടക്കാരന്റെ കൂടെ കിടക്കുന്നത് കണ്ടതാണ് അയാളുടെ നിയന്ത്രണം തകര്‍ത്തത്. ‘തിളക്കമുള്ള പെണ്ണ്’ എന്ന് അയാള്‍ വിളിക്കുന്ന അവളെ കുറിച്ച് ‘ഞാനാണ് അവളുടെ ശരീരം തിളക്കമേറ്റുന്നത്’ എന്ന് അയാള്‍ ഓര്‍മ്മിക്കുന്നു. ചേരി ജീവിതത്തിലെ കുഴമറിഞ്ഞ മൂല്യ വ്യവസ്ഥകള്‍, വേശ്യകളുടെയും കൂട്ടിക്കൊടുപ്പുകാരുടെയും ലോകങ്ങള്‍, ഇത്തിരി ഇംഗ്ലീഷ് അറിയുന്നത് കൊണ്ട് ‘ഇരുപതു ഡോളര്‍’ സ്വയം വിലയിടുന്ന ലൈംഗികത്തൊഴിലാളികളും അവരുടെ വരുമാനം കൊണ്ട് പച്ചപിടിക്കുന്നതില്‍ വിഷമമൊന്നും പ്രകടിപ്പിക്കാത്ത കുടുംബങ്ങളും ചേരിയുടെ ഭാഗമാണ്. ഈ ഇടത്തില്‍ നന്നേ ചെറുപ്പത്തില്‍ തന്നെ, എട്ടാം വയസ്സില്‍ എന്നു ആഖ്യാതാവ്, ചുള്ളിക്കമ്പു പോലുള്ള ഉടലുള്ള മുതിര്‍ന്ന വേശ്യയിലൂടെയും വേറെയും പെണ്‍കുട്ടികളിലൂടെയും സിസ്സിയെന്ന വെള്ളക്കാരന്‍ കേപ്പ് വെര്‍ദിയന്‍ പയ്യനിലൂടെയും ലൈംഗിക അനുഭവങ്ങള്‍ തുടങ്ങിവെക്കുന്നുണ്ട് വെന്‍ഷ്യോ.
“കന്യകമാരുടെ കാര്യത്തില്‍ എനിക്ക് സവിശേഷ താല്‍പ്പര്യമുണ്ട്- എന്റെ കൈകളില്‍ ഒരു സ്ത്രീ പതനത്തിനു മുമ്പുള്ള ഈവ് ആണ്.”
എന്നാല്‍ സ്കൂളിലെ ആദ്യ ദിവസം സ്ത്രൈണ ഭാവക്കാരന്‍ എന്നയര്‍ത്ഥത്തില്‍ വെളുത്ത പയ്യന് നല്‍കപ്പെട്ട പേരായിരുന്നു സിസ്സി എന്ന് വെന്‍ഷ്യോ ഓര്‍ക്കുന്നു. മറ്റു കുട്ടികളുടെ ഉപദ്രവത്തില്‍ നിന്ന് അവനെ രക്ഷിക്കുന്ന നായകനായാണ് അവന്‍ കൂട്ടുകാരനെ സ്വന്തമാക്കിയതും. സിസ്സിയോടുള്ള ബന്ധം വിചിത്ര സൗന്ദര്യമിയന്നതാണ്. ‘അവന്‍ എന്റേതായിരുന്നു’ എന്നും ‘ഞാനായിരുന്നു യജമാനന്‍, അവന്റെ ദൈവവും സീസറും’ എന്നും വന്‍ഷ്യോ വിവരിക്കുന്നു. സിസ്സിയുടെ മരണം ഏറെ കാവ്യസാന്ദ്രമായാണ് വിവരിക്കപ്പെടുന്നത്.
“സിസ്സി- അവന്റെ യഥാര്‍ത്ഥ പേര് ഇപ്പോള്‍ എന്റെ ഓര്‍മ്മയില്‍ പോലുമില്ല. അല്ലെങ്കില്‍ മുഖവും. അവന്റെ ഉടലിനെയാണ് ഞാന്‍ പ്രണയിച്ചത്, ഞങ്ങള്‍ പ്രണയിച്ചത്. ഇന്ന് സിസ്സി എനിക്ക് ഇതാ, ഇത് മാത്രമാണ്: ‘എന്റെ സുഹൃത്ത്’ എന്ന് ഞാന്‍ പറയുമ്പോള്‍ എന്റെ ഹൃദയം വേഗത്തില്‍ മിടിക്കുന്ന ഒരേ ഒരാള്‍. അവന്‍ കടന്നു പൊയ്ക്കഴിഞ്ഞു, ഭൂമിക്കടിയിലേക്ക്, മണ്ണിലേക്ക്- അവന്‍ പോയപ്പോള്‍ ഞാനവിടെയുണ്ടായിരുന്നു. ഞാന്‍ എന്റെ പങ്ക് മരിച്ച ആത്മാക്കളെ കണ്ടിട്ടുണ്ട്- കുഞ്ഞുങ്ങളും മുതിര്‍ന്നവരും വെള്ളത്തലമുടിക്കാരായ വൃദ്ധരും- എന്നാല്‍ അതിലേറ്റവും സുന്ദരം സിസ്സിയായിരുന്നു. ആരെങ്കിലും മരിക്കുന്ന ഘട്ടമാണ് ഞാനൊരു പാര്‍ട്ടി ആസ്വദിക്കുക- രാവു മുഴുവന്‍, നിങ്ങളൊരിക്കലും കണ്ടിട്ടില്ലാത്ത തരം ഉണര്‍ന്നിരിപ്പോടെ. മൃത്യുനായികയുടെ പ്രത്യക്ഷത്തെ (the phantom of Lady Death) തമ്മിലുരസുന്നത് എനിക്ക് പ്രശ്നമല്ല, ലോകത്ത് എനിക്ക് ഭയമുള്ള ഏക കാര്യം ഏകാന്തതയാണ്, അത് ഞാന്‍ സമ്മതിക്കുന്നു. മരിച്ചവരുമായി ഞാന്‍ വളരെ നല്ല നിലയില്‍ ഇടപഴകും.”
തന്റെ വിധി പറയുന്ന ജഡ്ജിയുടെ കണ്ണില്‍ അതൊരു സ്വവര്‍ഗ്ഗ രതി വൈകൃതം ആയിരിക്കുമെന്ന് വെന്‍ഷ്യോ കളിയാക്കുന്നു. തന്നെക്കുറിച്ച് വിവരിക്കുന്ന ‘sexopath’ എന്ന പദത്തെ ‘അശ്ലീലമാം വിധം അസംബന്ധമായ ഗ്രീക്കു പദം’ എന്നാണു അയാള്‍ നിര്‍വ്വചിക്കുക. അയാള്‍ ചിന്തിക്കുന്നു:
“എന്തുകൊണ്ടാണ് നിയമത്തില്‍ ഇത്രയേറെ വൃത്തികെട്ട പദങ്ങള്‍ ഉള്ളത്, പ്രണയത്തില്‍ വളരെ കുറച്ചും?”
വെള്ളക്കാരന്‍ ഡോക്റ്ററുടെ ഭാര്യയോടു തോന്നുന്ന അഭിനിവേശവും അയാള്‍ വിവരിക്കുന്നുണ്ട്. കറുത്തവര്‍ഗ്ഗക്കാരായ മദാലസ വേശ്യകള്‍ ‘വെള്ളക്കാ’രും ദരിദ്രരായ വെള്ളക്കാരികള്‍ ‘കറുത്തവ’രും ആയിത്തീരുന്ന വിപര്യയവും അവിടെയുണ്ട്. മുന്‍ പോര്‍ച്ചുഗീസ് കോളനിയായിരുന്ന കേപ്പ് വെര്‍ദേയില്‍ നിന്നുള്ള കുടിയേറ്റക്കാരും ഭാഷാ, വംശീയ സങ്കരം പൂര്‍ണ്ണമാക്കുന്നു. ഇത്തരമൊരു ലോകത്തില്‍ അക്രമവും നൈരാശ്യവും നിത്യ സത്യമായിത്തീരുന്നു. പക്ഷികളെ അവ കൂടുതല്‍ നന്നായി പാടാന്‍ വേണ്ടി കണ്ണ് കുത്തിപ്പൊട്ടിക്കുന്ന ക്രൂരത ഹിംസയുടെ ബീഭത്സതയുടെ ചിത്രമായിക്കാണാം. ചെറിയ കുട്ടികളെ വഴിതെറ്റിക്കുന്നു എന്ന പേരില്‍ വേട്ടയാടപ്പെടുന്ന ഫ്ലോറിന്റയുടെ അനുഭവവും കഠിനാധ്വാനിയും ‘മാതൃകാ പുരുഷ’നുമായിരുന്ന അവരുടെ മകന്‍ നിനിറ്റോയെ മൃഗസമാനം വേട്ടയാടുന്നതും നിരര്‍ത്ഥകമായ ആ ആള്‍ക്കൂട്ടക്കൊലയും നോവലിലെ ഏറ്റവും ഭീകരമായ അനുഭവങ്ങളാണ്. ഫ്ലോറിന്റയുടെ അനുഭവത്തെ ‘മിസ്സ്. ജീസസ് അവളുടെ കാല്‍വരിയിലേക്കുള്ള വഴിയില്‍’ എന്ന് നിരീക്ഷിക്കുന്നത് ആ പീഡന പര്‍വ്വതത്തെ കൃത്യമായി നിര്‍വ്വചിക്കുന്നുണ്ട്.
നോവെല്ലയുടെ മൂല പാഠം പോര്‍ച്ചുഗീസ്, കിംബുണ്ടു, ചേരി പ്രയോഗങ്ങള്‍ എന്നിവയുടെ സങ്കലനമായിരുന്നു. റിച്ചാര്‍ഡ് സെനിത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം മൂല പാഠത്തിന്റെ ആഫ്രിക്കന്‍ ചാരുത കൃത്യമായും പിടിച്ചെടുത്തിട്ടുണ്ട് എന്ന് വിമര്‍ശക മതം. ഹുവാവോ തന്റെ ജീവിതത്തെ ഒരൊറ്റ നെക്ക് ലേസിലെ വ്യത്യസ്ത വര്‍ണ്ണങ്ങളുള്ള മുത്തുകളായി കാണുന്നത് ആഫ്രിക്കന്‍ കഥപറച്ചില്‍ പാരമ്പര്യത്തിലെ രൂപക പ്രയോഗത്തിന്റെ രീതിയാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. വംശീയ സങ്കലനത്തിലെ വിലോഭനീയത, ഭക്ഷ്യ വിഭവങ്ങളിലെ രുചിക്കൂട്ടുകള്‍, ഹിംസാത്മകത, കടല്‍, ദരിദ്രരായ മനുഷ്യരുടെ പെരുമാറ്റ മര്യാദകള്‍, എന്നതിലൊക്കെ ഹ്രസ്വമായെങ്കിലും അഭിരമിക്കുന്ന രീതി ബ്രസീലിയന്‍ നോവലിസ്റ്റ് ഹോര്‍ഹെ അമാദുവിനെ (Jorges Amado) ഓര്‍മ്മിപ്പിക്കുന്നു. പുസ്തകത്തില്‍ അമാദു ഒന്നിലേറെ തവണ ഓര്‍മ്മിക്കപ്പെടുന്നുമുണ്ട്. എന്നാല്‍ ഫിക് ഷന്റെ സാധ്യതകള്‍ അമാദുവിനോളം ഉപയോഗിക്കപ്പെടുന്നില്ല നോവലില്‍ എന്നത് വ്യക്തമാണ്. അതേ സമയം ഒട്ടും അതി വൈകാരികമാല്ലാത്ത കാവ്യാത്മക ഭാഷ വിയേറയുടെ ശൈലിയെ മികവുറ്റതാക്കുന്നുണ്ട്. ദരിദ്രരായ വെള്ളക്കാരുടെ (mesticos) ചേരിയെന്ന പശ്ചാത്തലം താരതമ്യേന അറിയപ്പെടാത്ത ഒരു ആഫ്രിക്കന്‍ ഉപസംസ്കൃതിയെ (subculture) ആവിഷ്കരിക്കുന്നു. വിയേറയുടെ രാഷ്ട്രീയ യഥാതഥത്വത്തെ സെനഗലീസ് നോവലിസ്റ്റ് സെംബീന്‍ ഉസ്മാന്റെ ശൈലിയോടും നിരൂപകര്‍ താരതമ്യം ചെയ്തിട്ടുണ്ട്. സ്വതന്ത്ര അംഗോളയെ കുറിച്ച് എഴുതുന്നില്ലാത്ത വിയേറയുടെ രചനകള്‍ പോയ കാലത്തിലാണ് നിലയുറപ്പിക്കുന്നതെങ്കിലും അംഗോളക്കാര്‍ സംസാരിക്കുന്ന ഭാഷക്കുള്ളില്‍ ഒരു എഴുത്തു ഭാഷ സൃഷ്ടിച്ചതിനും വംശീയ താല്‍പ്പര്യങ്ങള്‍ മാറ്റിവെച്ച് ‘നമുക്ക് അംഗോളയെ കണ്ടെത്താം’ എന്ന് എല്ലാവരും മുദ്രാവാക്യം ഉയര്‍ത്തിയ (1948) ഒരു കാലഘട്ടം രൂപപ്പെടുത്തിയ പില്‍ക്കാല സാംസ്കാരിക പ്രയോഗത്തിന്റെ വക്താവ് എന്ന നിലയിലും അദ്ദേഹം ഓര്‍മ്മിക്കപ്പെടും. ആ സാംസ്കാരികാന്വേഷണം അംഗോളയുടെ സ്വാതന്ത്ര്യ പോരാട്ടാങ്ങളുടെ മുന്നോടിയായിരുന്നുവല്ലോ.
