ആധുനിക ആഫ്രിക്കന്‍ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കലാപങ്ങളില്‍ ഒന്നായ സിയറാ ലിയോണിലെ ആഭ്യന്തര സംഘര്‍ഷ (1991 - 2002)ത്തിന്‍റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട കൃതിയാണ് അമിനാറ്റ ഫോര്‍നയുടെ 'ദി മെമറി ഓഫ് ലവ്.' തനിക്കു പതിനൊന്നു വയസ്സുള്ളപ്പോള്‍ രാഷ്ട്രീയത്തടവില്‍ വെച്ച് ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പിതാവ് മുഹമ്മദ് ഫോര്‍നയെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകളാണ് അമിനാറ്റ ഫോര്‍നയുടെ പ്രഥമ കൃതിയായ 'ദി ഡെവിള്‍ ദാറ്റ് ഡാന്‍സ്ഡ് ഓണ്‍ ദി വാട്ടര്‍ .' സ്വന്തം ജീവിതത്തിലെ ആ മുറിഞ്ഞു പോയ കേന്ദ്ര ബിന്ദുവിനെ കുറിച്ചുള്ള അന്വേഷണം തന്നെയാണ് മറ്റൊരു രീതിയില്‍ , 'ബാക്കിയായവരില്‍ തൊണ്ണൂറ്റി ഒമ്പത് ശതമാനവും ഭീകരാനുഭാവാനന്തര മാനസികാവസ്ഥ -പോസ്റ്റ് ട്രോമാറ്റിക് സ്ട്രസ്സ് ഡിസോര്‍ഡര്‍ - അനുഭവിക്കുന്ന' ഒരു നഗരത്തിന്റെയും ഒരു ദേശത്തിന്റെയും ദുഃഖഭരിതവും സംഘര്‍ഷ പൂര്‍ണ്ണവുമായ ആവിഷ്കാരമായി 'പ്രണയത്തിന്റെ ഓര്‍മ്മ'യിലും തുടരുന്നത്.
ചോര പൊടിയുന്ന ഓര്‍മ്മ മുറിവുകള്‍
ദരിദ്രമായ സിയറാ ലിയോണിന്റെ വര്‍ത്തമാന കാല പശ്ചാത്തലത്തിലാണ് നോവല്‍ ഇതള്‍ വിരിയുന്നതെങ്കിലും മൂന്നു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന ആഭ്യന്തര സംഘര്‍ഷങ്ങളാണ് ഇതിവൃത്തത്തിന്റെ കാതല്‍ . പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ യുവസര്‍ജ്ജന്‍ ഡോ. കായ് മാന്‍സറേയുടെ ഓര്‍മ്മയില്‍ നീറി നില്‍ക്കുന്ന പ്രണയാനുഭാവമാണ് തലക്കെട്ടിനു ആധാരം.
“ഓര്‍മ്മകള്‍ അയാള്‍ക്ക് ഉറങ്ങാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ നിനച്ചിരിക്കാത്ത ഒരു നിമിഷത്തില്‍ കടന്നുവരുന്നു. മുമ്പ്, അത് ഏറ്റവും കടുപ്പമായിരുന്ന കാലത്ത് അംഗങ്ങള്‍ ഛേദിക്കപ്പെട്ട ആളുകളെ അയാള്‍ പരിചരിച്ചിട്ടുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു സ്കോട്ടിഷ് വേദന ചികിത്സാവിദഗ്ധനോടൊപ്പം ജോലി ചെയ്യുമ്പോള്‍ ആ രോഗികളില്‍ ചിലരെ അയാള്‍ വീണ്ടും ചികിത്സിച്ചു. അവര്‍ നഷ്ടപ്പെട്ട അവയവങ്ങളില്‍ വേദന അനുഭവപ്പെടുന്നതിനെ കുറിച്ച് പരാതിപ്പെട്ടു, മുറിച്ചു കളഞ്ഞ ഒരു കയ്യിന്റെയോ പാദത്തിന്റെയോ വേദനിക്കുന്ന പ്രേതം. അത് മനസ്സിന്റെ ഒരു കളിയാണ്, സ്കോട്ട് ലാന്‍ഡുകാരന്‍ കായിക്ക് വിശദീകരിച്ചു കൊടുത്തു, ഞരമ്പുകള്‍ ആ പ്രേത അവയവത്തിനും തലച്ചോറിനുമിടയില്‍ സന്ദേശങ്ങള്‍ കൈമാറുന്നത് തുടരുന്നു. ആ വേദന സത്യമാണ്, എന്നാല്‍ അത് വേദനയുടെ ഒരോര്‍മ്മയാണ്..
“എന്നിട്ട് അവളെ കുറിച്ചുള്ള സ്വപ്നത്തില്‍ നിന്നുണരുമ്പോള്‍ , അത് അപ്പോഴും അയാളെ സംബന്ധിച്ചേടത്തോളം അങ്ങനെത്തന്നെയല്ലേ? നെഞ്ചിലെ ശൂന്യത, തീവ്രമായ അഭിലാഷം, ഓരോ പ്രഭാതത്തിലും ജോലിത്തിരക്കില്‍ മുഴുകി മറക്കാന്‍ കഴിയുന്നത് വരെ അയാള്‍ക്ക് നേരിടേണ്ടി വന്ന ഏകാന്തത. പ്രണയമല്ല. മറ്റെന്തോ ഒന്ന്, വിട്ടുപോവാത്ത ശക്തിയുള്ള എന്തോ ഒന്ന്. പ്രണയമല്ല, മറിച്ച്, പ്രണയത്തിന്റെ ഓര്‍മ്മ.”
സിയറാ ലിയോണിലെ ആഭ്യന്തര സംഘര്‍ഷങ്ങളുടെ ഒരു രീതിയായിരുന്നു ബുള്ളറ്റ് ലാഭിക്കാനോ, അല്ലെങ്കില്‍ കൈ മെനക്കെടുത്താനും മാത്രം പോരാത്തത് കൊണ്ടോ ഒക്കെ കൊല്ലാതെ വിടുന്ന സിവിലിയന്മാരുടെ ഇരു കൈപ്പത്തികളും ചിലപ്പോള്‍ പാദങ്ങളും മുറിച്ചു കളയുക എന്നത്. ഗിനിയിലും ലൈബീരിയയിലുമുള്ള അഭയാര്‍ഥി ക്യാമ്പുകളിലേക്ക് രക്ഷപ്പെടാനാവാതെ, അമിത മയക്കുമരുന്നിനടിപ്പെട്ട്, നീളന്‍ വാള്‍കത്തിയുമായി കാത്തിരിക്കുന്ന അര്‍ദ്ധമയക്കത്തിലുള്ള കൗമാര യോദ്ധാക്കള്‍ക്ക് മുന്നില്‍ സ്വന്തം കൈകള്‍ പച്ചക്ക് മുറിച്ചു മാറ്റപ്പെടുന്നതും കാത്ത് വരി നില്‍ക്കുന്ന അഭയാര്‍ഥികള്‍ സിയറാലിയോണ്‍ സംഘര്‍ഷത്തിന്റെ ചിഹ്നമായിരുന്നു. ഇനി ഈ കൈകള്‍ കൊണ്ട് ആരെയും വോട്ടു ചെയ്തു വിജയിപ്പിക്കേണ്ടതില്ലെന്നു വിമതരുടെ ന്യായം. മരിയാത്തു കമാറയുടെ 'ദി ബൈറ്റ് ഓഫ് ദി മാംഗോ', ഇഷ്മയേല്‍ ബേയയുടെ 'എ ലോംഗ് വേ ഗോണ്‍ : മെംവാസ് ഓഫ് എ ബോയ് സോള്‍ജിയര്‍ ' തുടങ്ങിയ ഓര്‍മ്മക്കുറിപ്പുകളിലും മറ്റും ഇതിന്റെ വിശദാംശങ്ങള്‍ കാണാം. നഷ്ടപ്പെട്ട അവയവങ്ങളുടെ വേദന ഇപ്പോഴും പേറുന്ന മനുഷ്യര്‍ എന്നത് ഓര്‍മ്മകളിലെ ജീവിതം എന്ന രൂപകത്തിലേക്ക് നോവലിസ്റ്റിനെ എത്തിക്കുന്നത് ഈ സവിശേഷമായ പശ്ചാത്തലത്തിലാണ്. "അവ കൂടാതെ ജീവിക്കാന്‍ ... പഠിക്കേണ്ടിയിരുന്നു. നിങ്ങളുടെ കടുത്ത സങ്കടത്തിന്റെ കണ്ണീര് ഒന്ന് തുടച്ചു കളയാന്‍ കഴിയാതാവുന്നത്, നിങ്ങളെ ഒന്നുയര്‍ന്നു പൊങ്ങാന്‍ സഹായിക്കും വിധം കൈകള്‍ ഇല്ലാതാവുന്നത് - അതെങ്ങനെയാവും അനുഭവപ്പെടുക?” മരിയാത്തുവിന്റെ ദി ബൈറ്റ് ഓഫ് ദി മാംഗോ എന്ന ഓര്‍മ്മക്കുറിപ്പിന്റെ ആമുഖത്തില്‍ ഇഷ്മയേല്‍ ബെയാഹ് ചോദിക്കുന്നു. മനോരോഗിയും സാഡിസ്റ്റുമായ കമാണ്ടരുടെ നീടിപ്പിടിച്ച ബയണററ്റിന് മുന്നില്‍ സ്വന്തം അച്ഛനമ്മാരുടെ കൈകള്‍ മുറിച്ചു കളയാനോ അവരെ കൊന്നുകളയാനോ നിര്‍ബന്ധിതരായ കൗമാരസൈനികര്‍ , വിമത സൈനികരുടെ ബലാല്‍ക്കാര ക്യാമ്പുകളില്‍ ഒടുങ്ങുകയോ പില്‍ക്കാലം നാണക്കേട് മൂലം വീട്ടുകാര്‍ തള്ളിപ്പറഞ്ഞത് കാരണം തെരുവിലേക്കെറിയപ്പെട്ടവരോ ആയ പെണ്‍കുട്ടികള്‍ - ഒരു ദേശത്തിന്റെ വരുംകാലം ജീവിച്ചു തീര്‍ക്കുന്നവര്‍ ഇവരാവുമ്പോള്‍ ഓര്‍മ്മകളിലെ വേദന നിത്യാനുഭവത്തില്‍ നിന്ന് ഒട്ടും കുറഞ്ഞതാവുക വയ്യ. എങ്ങനെയാണ് ആളുകള്‍ ഇത്തരം ഭീകരമായ ജീവിതാവസ്ഥകളില്‍ പകച്ചുപോവുന്നതും നിശ്ശബ്ദരാക്കപ്പെടുന്നതും എന്നതും, എങ്ങനെയാണ് പിന്നീട് ഈ 'നിശ്ശബ്ദ നുണ' വ്യക്തികളുടെയും ദേശത്തിന്റെ തന്നെയും ചരിത്രത്തെ മാറ്റിയെഴുതുന്നത് എന്നതും അമിനാറ്റ ഫോര്‍നയുടെ പ്രധാന അന്വേഷണമാണ്; “മെമ്മറീസ്'' എന്ന പോലെ ഏറ്റവും പുതിയ കൃതിയായ, ബാള്‍ക്കന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട "ദി ഹയേഡ് മാന്‍" എന്ന നോവലിലും ഏതാണ്ട് ഇതേ രീതി അവര്‍ പിന്തുടരുന്നത് കാണാം.
വ്യതിരിക്തമായ വൈയക്തിക നരകങ്ങള്‍
എല്ലാവര്‍ക്കും ദുരന്ത കഥകള്‍ പറയാനുള്ള നാട്ടില്‍ ഓരോ വ്യക്തിയും തന്റേതായ നരകങ്ങള്‍ ജീവിച്ചു തീര്‍ക്കുന്നവരാണ് എന്നതാണ് പോസ്റ്റ് കൊളോണിയല്‍ ആഫ്രിക്കന്‍ സാഹിത്യമെന്ന സ്ഥൂലീകരണത്തില്‍ നിന്ന് നോവലിനെ വേറിട്ട് നിര്‍ത്തുന്നത്. മൂന്നു പ്രധാന കഥാപാത്രങ്ങളുടെ ആഖ്യാനങ്ങളിലൂടെയാണ് ഇതിവൃത്തം വികസിക്കുന്നത്. ബ്രിട്ടീഷ് മനശാസ്ത്രജ്ഞനായ ആഡ്രിയാന്‍ ലോക്ക്ഹാര്‍ട്ട് സന്നദ്ധപ്രവര്‍ത്തകനായി ഫ്രീ ടൗണില്‍ എത്തുന്നതിനു പിന്നില്‍ ഭാര്യ ലിസയുമായുള്ള അകല്‍ച്ചയും പത്തു വയസ്സുള്ള അരുമമകള്‍ കേറ്റിനെ പിരിയേണ്ടി വന്നതിന്റെ വേദനയുമുണ്ട്. ജനസംഖ്യയുടെ തൊണ്ണൂറ്റി ഒമ്പത് ശതമാനവും പി. എസ്. റ്റി. ഡി. രോഗികള്‍ ആയ ദേശത്ത് പക്ഷെ ഒരൊറ്റ സ്വകാര്യ രോഗി മാത്രമേ അയാള്‍ക്കുള്ളൂ - വയോധികനായ അക്കാദമീഷ്യന്‍ ഏലിയാസ് കോള്‍ . അയാളുടെ ഏറ്റു പറച്ചിലുകലാണ് കൊളോണിയല്‍ അനന്തര കാലത്തിന്‍റെ സംഘര്‍ഷ ഭരിതമായ മൂന്നു പതിറ്റാണ്ടിനെ അതീവ ന്യൂനോക്തിയില്‍ പശ്ചാത്തലത്തില്‍ നിര്‍ത്തി പ്രണയത്തിന്റെയും സമര്‍പ്പണത്തിന്റെയും, അഭിനിവേശത്തിന്റെയും ഒറ്റിക്കൊടുക്കലിന്റെയും , സാമൂഹ്യ ബോധ പ്രചോദിതമായ ഇച്ഛാശക്തിയുടെയും ആത്മരക്ഷാര്‍ത്ഥമുള്ള കുടില രഹസ്യങ്ങളുടെയും ആഖ്യാനമാക്കി നോവലിന്റെ സിംഹഭാഗത്തിന്റെയും സങ്കീര്‍ണ്ണതകള്‍ തീര്‍ക്കുന്നത്. മരണാസന്നനായ വയോധികന്‍ യുവ ഡോക്റ്ററോട്/ പരിചാരകനോട് ഓര്‍മ്മകളും ജീവിതാനുഭവങ്ങളും ഏറ്റു പറയുക എന്ന ശ്രദ്ധേയമായ ആവിഷ്കാര രീതി നോവല്‍ സാഹിത്യ ചരിത്രത്തില്‍ ഏറെ മുന്‍ മാതൃകകള്‍ ഉള്ളതാണല്ലോ . രാഷ്ട്രീയ ചരിത്ര അധ്യാപകനായിരുന്ന കോളിന്റെ 1960-കള്‍ തൊട്ട് വര്‍ത്തമാനകാലം വരെ നീളുന്ന ഡയറിക്കുറിപ്പുകള്‍ , സിയറാലിയോണ്‍ പോലൊരു ദേശത്ത് ജീവചരിത്രവും രാഷ്ട്രീയവും രണ്ടല്ലെന്നു വ്യക്തമാക്കുന്നു. അക്കാഡമീഷ്യനും രാഷ്ട്രീയ ആക്റ്റിവിസ്റ്റുമായിരുന്ന സുഹൃത്ത് ഡോ. ജൂലിയസ് കമാറയുടെ ഭാര്യ സഫിയയോടു കോളിന് തോന്നുന്ന അഭിനിവേശമാണ് അവരുടെ ജീവിതങ്ങളെ ഇഴകോര്‍ക്കുകയും മാറ്റിത്തീര്‍ക്കുകയും ചെയ്യുക. നീല്‍ ആംസ്ട്രോംഗ് ചന്ദ്രനില്‍ കാലുകുത്തിയത് ആഘോഷിക്കാന്‍ ജൂലിയസ് വിളിച്ചു കൂട്ടുന്ന പാര്‍ട്ടിയില്‍ നന്നായി മദ്യപിച്ച കോള്‍ , ഒരു കോള്‍ ഗേളിന്റെ പേരില്‍ മറ്റൊരാളുമായി ഏറ്റുമുട്ടാന്‍ ഇടയാവുന്നു. എന്നാല്‍ , പിറ്റേ ദിവസം ദുരൂഹമായ രീതിയില്‍ ജൂലിയസ് അറസ്റ്റ് ചെയ്യപ്പെടുന്നു. അയാളുടെ ആക്റ്റിവിസ്റ്റ് സുഹൃത്തുക്കളില്‍ കെകുറെ കോണ്ടേ പിടികൊടുക്കാതെ രക്ഷപ്പെടുമ്പോള്‍ ആഡെ യാന്‍സാനെ അധികൃതരോട് സഹകരിച്ചു രക്ഷപ്പെടുന്നു. ഒപ്പം അറസ്റ്റ് ചെയ്യപ്പെടുന്ന കോള്‍ , യൂണിവേഴ്സിറ്റി ഡീന്‍ ആവശ്യപ്പെടുന്നതനുസരിച്ചും ആത്മ രക്ഷാര്‍ത്ഥവും പോലീസ് ഓഫീസര്‍ ജോണ്‍സനുമായി സഹകരിക്കാന്‍ രഹസ്യധാരണയില്‍ എത്തുകയും ജയില്‍ മോചിതന്‍ ആവുകയും ചെയ്യുന്നു. അയാള്‍ കൈമാറുന്ന ഡയറികളാണ് ജൂലിയസിനെതിരില്‍ നിര്‍ണ്ണായകമാവുക. എന്നാല്‍ , ഉദ്ദേശം ഇതാണെന്ന് വ്യക്തമാക്കാതെ തന്റെ വീട്ടില്‍ ജൂലിയസ് ഓഫീസ് ആയി ഉപയോഗിച്ചതാണ് തന്നെ കുടുക്കിയത് എന്നും അതുകൊണ്ട് താനല്ല, ജൂലിയസ് തന്നെയാണ് ചതി കാണിച്ചതെന്നും അയാള്‍ പില്‍ക്കാലം ന്യായീകരിക്കും. മകളുടെ സുരക്ഷക്കും തന്റെ കീഴടങ്ങല്‍ ആവശ്യമായിരുന്നെന്നും പില്‍ക്കാലം അയാള്‍ അതിജീവനത്തിന്റെ ന്യായം കണ്ടെത്തും. കോളിനെ സഹായിക്കുമ്പോള്‍ ഡീനിനും ജോണ്‍സനും ഗുപ്തമായ ചില പദ്ധതികള്‍ ഉണ്ടായിരുന്നു:
“ഈ നാട്ടില്‍ ആരും കഴിഞ്ഞ കാലത്തിന്റെ പ്രശ്നങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക് ആഗ്രഹിക്കുന്നില്ല. പോലീസിനു ഒരു ജോലി ചെയ്യാനുണ്ട്. ഒരിക്കല്‍ കുഴപ്പം തുടങ്ങിയാല്‍ അതിനു പടരാനുള്ള ഒരു സ്വഭാവമുണ്ട്. ഇപ്പോള്‍ അത് യൂണിവേഴ്സിറ്റികളിലാണ്. യൂറോപ്പിലേക്ക് നോക്കൂ. വിദ്യാര്‍ഥികള്‍ അവരുടെ തന്നെ ലൈബ്രറികള്‍ കത്തിക്കുന്നു, തെരുവിലിറങ്ങുന്നു, നിയമങ്ങള്‍ ലംഘിക്കുന്നു. ഇപ്പോള്‍ രോഗം ഇവിടെയും എത്തിയിരിക്കുന്നു. ഇബദാന്‍ , നൈറോബി, ആക്ര. വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിലുള്ള താല്പര്യം കഴിഞ്ഞിരിക്കുന്നു. അവര്‍ വെറും തെരുവ് ഗുണ്ടകള്‍ ആയിക്കഴിഞ്ഞു. ഈ യൂണിവേഴ്സിറ്റിയെയും ആ വഴിക്ക് വിടാന്‍ എനിക്ക് ഉദ്ദേശമില്ല.”
ആസ്തമ കൂടിയത് മൂലമായിരുന്നു എന്ന് പിന്നീടു മാത്രം തിരിച്ചറിയുന്ന രീതിയില്‍ ജൂലിയസ് കസ്റ്റഡിയില്‍ മരിക്കുന്നതിനെ തുടര്‍ന്നാണ് സഫിയ കോളിന്റെ ഭാര്യയാവുന്നതും നാലുവര്‍ഷം മാത്രം നീണ്ടു നില്‍ക്കുന്ന അസംതൃപ്ത ദാമ്പത്യത്തിലേക്ക് ഇരുവരും കടക്കുന്നതും. നോവലിന്റെ അന്ത്യത്തില്‍ കോള്‍ എങ്ങനെയാണ് യൂനിവേഴ്സിറ്റിയില്‍ വിപ്ലവകാരികളായ വിദ്യാര്‍ഥികളെ ഒറ്റിക്കൊടുക്കുന്ന ജോലി കൂടി ചെയ്തുവന്നത് എന്ന് വ്യക്തമാവുന്നുണ്ട്. തുടക്കം മുതലേ അയാളെ കൃത്യമായി മനസ്സിലാക്കിയിരുന്ന സഫിയ, ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ആകസ്മികമായ ഒരു വാഹനാപകടത്തില്‍ മരിക്കുന്നതിനു ഏതാനും നാളുകള്‍ക്ക് മുമ്പ് ആ സൂചനകള്‍ മകള്‍ മമാകെയെ ബോധ്യപ്പെടുത്തിയിരുന്നു എന്നും വെളിവാകുന്നു. മമ്മയെ വിവാഹം ചെയ്യുമ്പോഴും പപ്പക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നെന്നും അത് പിന്നീട് അവര്‍ തമ്മില്‍ പിരിഞ്ഞശേഷം വിളക്കി ചേര്‍ത്തു എന്നും അവള്‍ക്കറിയാം. ആഡ്രിയാനുമായുള്ള അവളുടെ അടുപ്പവും അതില്‍ നിന്ന് ഗര്‍ഭിണിയാവുന്ന അവള്‍ അയാളോടൊപ്പം ജീവിതം പങ്കുവെക്കാന്‍ പോകുന്നു എന്ന സൂചനയും ഇതിവൃത്തത്തെ ഇത്തിരിയധികം കെട്ടു പിണയിക്കുന്നു എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. (Between Pain and Peace, Maaza Mengiste, Sunday Book Review, New York Times, Jan, 07, 2011).
ഏറെ ആവശ്യമുണ്ടായിട്ടും നാട്ടുകാര്‍ മാനസികാരോഗ്യ കേന്ദ്രത്തെ സമീപിക്കാത്തത് ആഡ്രിയാനെ അസ്വസ്ഥനാക്കുന്നുണ്ട് . തന്റെ അസിസ്റ്റന്റായ ചെഷസ്ക്യുവിന്റെ റൊമാനിയയില്‍ നിന്നുള്ള അഭയാര്‍ഥി ഡോ. ഇലിയാനയുടെയും ഹെഡ് നേഴ്സ് സാലിയയുടെയും സഹായത്തോടെ അയാള്‍ രോഗികളെ കണ്ടെത്താന്‍ ശ്രമിക്കുന്നു. അങ്ങനെയാണ് അയാള്‍ ആഗ്നസിനെ കണ്ടെത്തുന്നത്. അഞ്ചുമക്കളില്‍ ആണ്‍ കുട്ടികള്‍ രണ്ടു പേരും മരിച്ചു പോയ ആഗ്നസ് കഠിനമായ മനോ വിഭ്രാന്തിയില്‍ ഒന്നും തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്. ചികിത്സക്കിടെ കാണാതാവുന്ന ആഗ്നസിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് തദ്ദേശീയനായ സര്‍ജ്ജന്‍ ഡോ. കായ് മാനസരെ അയാളുടെ സുഹൃത്തും സഹകാരിയും ആവുക. ആഗ്നസിന്റെ ഭര്‍ത്താവെന്ന് പറയുന്നയാളില്‍ നിന്നും ഭീകര മര്‍ദ്ദനം ഏറ്റുവാങ്ങുന്ന ആഡ്രിയാന്‍ തുടര്‍ന്നാണ് കായിയുടെ സഹായത്തോടെ അവളുടെ ഉന്മാദത്തിന്‍റെ കാരണം മനസ്സിലാക്കുക. അവളുടെ ഭര്‍ത്താവും രണ്ടു പെണ്മക്കളും വിമത സൈനികരുടെ കിരാതനടപടികളില്‍ ഓടുങ്ങുകയായിരുന്നു എന്ന് മാത്രമല്ല, ശേഷിച്ച ഏകമകള്‍ അറിയാതെയാണെങ്കിലും എല്ലാ ക്രൂരതകള്‍ക്കും നേതൃത്വം നല്‍കിയ കേണല്‍ യായായുടെ ഭാര്യയാവുകയും ആയിരുന്നു. കായ് സ്വയം അനുഭവിച്ചു തീര്‍ത്ത നരകങ്ങളുടെയും പൂര്‍ണ്ണ ചിത്രം എല്ലാ ഭീകരാനുഭവങ്ങളും അനാവരണം ചെയ്യപ്പെടുകയും ഇതിവൃത്തം മുഴുവനായും അനുവാചകന്റെ മുന്നില്‍ ചുരുള്‍ നിവരുകയും ചെയ്യുന്ന അവസാന അധ്യായങ്ങളിലാണ് വ്യക്തമാവുക. വിമത സൈന്യം നഗരത്തില്‍ നടത്തിയ തേരോട്ടങ്ങളുടെ ദുരന്തമായാണ് നെനെബായോടുള്ള അയാളുടെ പ്രണയം പൊലിഞ്ഞത്. ഇപ്പോള്‍ അയാള്‍ അമേരിക്കയിലുള്ള സുഹൃത്ത് ഡോ. തെജാനിയുടെ സഹായത്തോടെ അങ്ങോട്ട് പോകാന്‍ ആഗ്രഹിക്കുന്നതിന് പിന്നില്‍ വിങ്ങുന്ന ഈ ഓര്‍മ്മ മാത്രമല്ലെന്ന് നമ്മള്‍ കണ്ടെത്തുന്നു. സര്‍ജ്ജിക്കല്‍ ടേബിളിനരികില്‍ നില്‍ക്കുമ്പോള്‍ മനസ്സാന്നിധ്യം നഷ്ടമാവുകയും കൈകള്‍ വിറക്കുന്നത് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യും വിധം അയാളെ വേട്ടയാടുന്നത് ഒരു സന്ദര്‍ഭത്തില്‍ , തന്നോടൊപ്പം തട്ടിക്കൊണ്ടു പോകപ്പെട്ട അതീവ സുന്ദരിയായ നേഴ്സ് ബാലിയ എന്ന യുവതിക്കും തനിക്കും വിമത സൈനികരില്‍ നിന്ന് നേരിടേണ്ടിവന്ന ദുരനുഭവത്തിന്റെയും അവമതിയുടെയും തുടര്‍ന്നു കൂട്ട ബലാല്‍ക്കാരത്തിനു വിധേയയായി കൊല്ലപ്പെടുന്ന യുവതിയുടെ ദാരുണാന്ത്യത്തിന്റെയും ഇരുട്ടില്‍ തനിക്കു മേല്‍ പതിക്കുന്ന ജഡത്തോടൊപ്പം പുഴയില്‍ വീണുപോകുന്നതിന്റെയും ഓര്‍മ്മകളാണ്.
ആഡ്രിയാന്റെയും ഏലിയാസ് കോളിന്റെയും പാത്ര ചിത്രീകരണത്തില്‍ കായിയുടെ കാര്യത്തില്‍ ഉള്ള ചടുലതയില്ലെന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ സംഘര്‍ഷ ഭൂമികളിലേക്ക് വിവിധോദ്ദേശങ്ങളോടെ കടന്നുവരുന്ന പാശ്ചാത്യരെ കുറിച്ചുള്ള വിമര്‍ശക ദൃഷ്ടിയോടെ തന്നെയാണ് കായ് ആദ്യമൊക്കെ ആഡ്രിയാനെ കാണുന്നത്. മമാകെയുടെ വാക്കുകളിലാണ് അതേറ്റവും നന്നായി പ്രതിഫലിക്കുന്നത്:
“ഇവിടെ സംഭവിച്ചു കൊണ്ടിരുന്നതിനെ കുറിച്ച് എന്താണ് നിങ്ങള്‍ കേട്ടുകൊണ്ടിരുന്നത്? എന്നു വെച്ചാല്‍ , ഇവിടെ വരും മുമ്പ്?. വംശീയ അതിക്രമങ്ങള്‍ ?ഗോത്രവിഭാഗീയതകള്‍ ? കറുത്തവര്‍ പരസ്പരം കൊല്ലുന്നത്, അര്‍ത്ഥശൂന്യമായ വയലന്‍സ് ! അതൊക്കെ എഴുതിവിടുന്നവരില്‍ ഒട്ടുമിക്കയാളുകളും ഒരിക്കലും അവരുടെ ഹോട്ടല്‍ മുറികള്‍ വിട്ടു പുറത്തു പോവുന്നില്ല, അവര്‍ക്ക് അത്രക്ക് ഭയമാണ്... എങ്കിലും അവര്‍ അതേ കഥ വീണ്ടും വീണ്ടുമെഴുതുന്നു. അങ്ങനെയാവുമ്പോള്‍ അതാണെളുപ്പം. ആരാ അത് തെറ്റാണെന്ന് പറയാനുള്ളത്?”
“അതെന്തായിരുന്നു എന്നാണ് നീ പറയുക?”..
“അത് രോഷമായിരുന്നു. ഇവിടെ സംഭവിച്ചത്, ഒടുവില്‍ , യുദ്ധമായിരുന്നില്ല . അത് പകയായിരുന്നു. ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്തതിന്റെ.”
കൊളോണിയല്‍ കാലഘട്ടം കടന്ന ഒരോ ആഫ്രിക്കന്‍ രാജ്യത്തിനും, അഥവാ ലോകത്ത് മറ്റേത് രാജ്യത്തിനും പറയാനുള്ളത് തന്നെയാണ് ഈ രോഷത്തിന്റെയും അതിന്റെ തെറ്റായ വിസ്ഫോടനത്തില്‍ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളുടെയും കഥ.
പെണ്‍ കര്‍തൃത്വവും ഓര്‍മ്മകളിലെ സ്ത്രീകളും
സ്ത്രീകഥാപാത്രങ്ങള്‍ ഏതാണ്ട് മുഴുവനായും മൂന്നു മുഖ്യ പുരുഷ കഥാപാത്രങ്ങളുടെ കാഴ്ച്ചപ്പാടുകളിലൂടെയാണ് നോവലില്‍ കടന്നു വരുന്നത്. ജൂലിയസിനു വേണ്ടി ഉള്ളുരുകുന്ന സഫിയ, കായിയുടെ ഓര്‍മ്മകളില്‍ ജീവിക്കുന്ന നെനെബ, തൂവിപ്പോയ നീര്‍മുത്ത് പോലെ ബാലിയ, മറ്റൊരേകാധിപത്യ വ്യവസ്ഥയുടെ നോവുകളില്‍ നിന്ന് ഓടിപ്പോന്ന ഡോ. ഇലിയാന, എന്ന് തുടങ്ങി നോവലിസ്റ്റിന്റെ കൈത്തഴക്കം ഏറ്റവും തെളിഞ്ഞു കാണാവുന്ന, അശാന്ത മനസ്സോടെ പട്ടണങ്ങളില്‍ നിന്ന് പട്ടണങ്ങളിലേക്ക് നൂറു കണക്കിന് കിലോ മീറ്റര്‍ ഓര്‍മ്മകളുടെ ശ്വാസം മുട്ടലില്‍ അലഞ്ഞു തിരിയുന്ന ആഗ്നസ് വരെ പുന:സൃഷ്ടിക്കപ്പെടുകയാണ്. ആഗ്നസിന്റെ കാര്യത്തില്‍ അവളുടെ ദുരന്തത്തിന്റെ ആഴം ഒന്നോ രണ്ടോ ആളുകള്‍ക്ക് അളക്കാനാവില്ല എന്ന് സാക്ഷ്യപ്പെടുത്തും വിധം ഒട്ടേറെപ്പേരുടെ സാഹസികമായ രഹസ്യ മൊഴികളിള്‍ ചേര്‍ത്തു വെച്ചാണ് നോവലിസ്റ്റ് സിയറാ ലിയോണിന്റെ തന്നെ ദുരന്ത പ്രതീകമായി അവളെ മെനഞ്ഞെടുക്കുന്നത്. സ്വയം നിര്‍ണ്ണയിക്കും വിധം കര്‍തൃത്വമുള്ള സ്ത്രീ കഥാപാത്രമായി വരുന്നത് മമാകെയാണ്. ആഫ്രിക്കയെ കുറിച്ചുള്ള വാര്‍പ്പു മാതൃകാ ധാരണകളെ ചോദ്യം ചെയ്യുന്നത് പോലെത്തന്നെ, അച്ഛനെ ശരിയായി തിരിച്ചറിയുന്നതും ആഡ്രിയാന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതും അവളുടെ തെരഞ്ഞെടുപ്പാണ്.
അതിജീവനവും ഇരട്ട മുഖങ്ങളും
ചരിത്ര ഭാരങ്ങളുടെ കുറ്റബോധത്തെ അതിജീവനത്തിന്റെ ഇരട്ട മുഖത്വം കൊണ്ട് ന്യായീകരിക്കുകയോ, മൂടിവെക്കുകയോ ചെയ്തു മാന്യരും നിരപരാധരുമായി കാലക്ഷേപം ചെയ്യുകയോ അഥവാ ഉന്നമനം നേടുക തന്നെയോ ചെയ്യുക എന്ന പില്‍ക്കാല ജീവിതരീതിയുടെ ഐറണി അവതരിപ്പിക്കുന്നതില്‍ അമിനാറ്റ ഫോര്‍നയുടെ രചനകള്‍ കസുവോ ഇഷിഗുരോയെ (ആന്‍ ആര്‍ട്ടിസ്റ്റ് ഓഫ് ദി ഫ്ലോട്ടിംഗ് വേള്‍ഡ്, ദി റിമെയ്ന്‍സ് ഓഫ് ദി ഡേ) ഓര്‍മ്മിപ്പിക്കുന്നു. അതിജീവനത്തിന്റെ വില ധൈര്യമല്ലെന്നും പകരം ഭീരുത്വമാണെന്നും വന്നുകൂടുന്ന സാഹചര്യങ്ങളിലാണ് ഏലിയാസ് കോളിനും യാന്‍സാനേക്കും നേരിടേണ്ടി വരുന്നത്. ഉന്മാദത്തിന്റെ സ്വയം പറ്റിക്കലിലൂടെ അതിജീവിക്കുന്ന ആഗ്നസിനെയും ആഡെകാലിയെയും പോലുള്ളവരില്‍ നിന്ന് വ്യത്യസ്തമായി അവരുടെ ഇരട്ടമുഖത്തിനു ആത്മ വഞ്ചനയുടെ മാനങ്ങള്‍ വന്നു ചേരുന്നുണ്ടെങ്കിലും മറിച്ചൊരു പെരുമാറ്റ രീതി എന്ത് വ്യത്യാസമാവും ഉണ്ടാക്കിയിരിക്കുക എന്നതും പ്രസക്തമാണ്. ഈ സംത്രാസവും തീക്ഷ്ണമായി അവതരിപ്പിക്കുന്നത് മമാകെയാണ് :
“പുതിയ ഗതാനുഗതികത്വം. ഇപ്പോള്‍ എല്ലാവരും ഇരകളാണ്. അതാണ് ഔദ്യോഗികം. പക്ഷെ നോക്കൂ, അവിടെയാണ് നിങ്ങള്‍ക്ക് തെറ്റ് പറ്റുന്നത്, ആഡ്രിയാന്‍. ധൈര്യമല്ല അതിജീവിക്കാന്‍ വേണ്ടിവന്നത്. നേരെ വിപരീതമാണ്!. അതിജീവിക്കാന്‍ ഒരാളൊരു ഭീരുവാകണമായിരുന്നു. നിങ്ങളൊരിക്കലും പാരപ്പെറ്റിന് മുകളിലേക്ക് തലയുയര്‍ത്തിയില്ലെന്ന് , ഒരിക്കലും ചോദ്യം ചെയ്തില്ലെന്ന്, നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കുന്ന ഒന്നും ഒരിക്കലും പറഞ്ഞില്ലെന്ന് ഉറപ്പ് വരുത്തുക.”
അത്തരം ഭീരുക്കള്‍ , തന്റെ അച്ഛന്‍ ഉള്‍പ്പടെ "അതിജീവിക്കുക മാത്രമല്ല, മെച്ചപ്പെടുക കൂടി ചെയ്തു" എന്ന് അവള്‍ രോഷം കൊള്ളുന്നു. അധികൃതരെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും ജോണ്‍സനെ പോലുള്ളവര്‍ അവരുടെ ജോലി ചെയ്യുക മാത്രമായിരുന്നു എന്നും അവള്‍ നിരീക്ഷിക്കുന്നു.
“ചിലപ്പോഴൊക്കെ എനിക്ക് തോന്നുന്നു ഈ നാട് ഒരു ഉദ്യാനമാണ്. എന്നാല്‍ ആരോ പൂക്കളും മരങ്ങളും എല്ലാം പിഴുതുകളഞ്ഞിരിക്കുന്നു, കിളികളും പ്രാണികളും സുന്ദരമായ എല്ലാതും വിട്ടു പോയിരിക്കുന്നു. പകരം കളയും വിഷച്ചെടികളും കീഴ്പ്പെടുത്തിയിരിക്കുന്നു.”
താന്‍ തന്നെ എഴുതിയുണ്ടാക്കുന്ന ചരിത്രം തന്നോട് ദയ കാട്ടുമെന്ന ചര്‍ച്ചിലിന്റെ വാക്കുകള്‍ ഓര്‍ത്തുകൊണ്ട് ഈ നാട്ടില്‍ ഓരോരുത്തരും ഇഷ്ടപ്രകാരം അത് നിര്‍മ്മിച്ചെടുക്കുകയാണെന്ന് അവള്‍ കണ്ടെത്തുന്നു:
“നാടെങ്ങും അതാണ് നടക്കുന്നത്. ആളുകള്‍ എന്താണ് സംഭവിച്ചത് എന്നത് മായ്ച്ചു കളയുകയാണ്, സത്യത്തെ അമ്മാനമാടി, വിട്ട ഭാഗങ്ങള്‍ പൂരിപ്പിക്കാന്‍ പാകത്തില്‍ സംഭവങ്ങളെ കുറിച്ച് അവരവരുടെ പാഠഭേദങ്ങള്‍ ഉണ്ടാക്കുകയാണ്. തങ്ങളെ നല്ല തിളക്കത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സത്യത്തിന്റെ ഒരു പാഠഭേദം, അവര്‍ ചെയ്തതും ചെയ്യാന്‍ പരാജയപ്പെട്ടതുമൊക്കെ മായ്ച്ചു കളഞ്ഞ്, അവരെ ആരും കുട്ടപ്പെടുത്താത്ത വിധം.”
പ്രണയം എന്ന പ്രമേയത്തെ വിവിധ തലങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട് നോവലില്‍ . സഫിയ ജൂലിയസിനോട് നിലനിര്‍ത്തുന്ന സമര്‍പ്പിത പ്രണയം നെനെബയെ കുറിച്ചുള്ള കായിയുടെ ഓര്‍മ്മകളിലും നാം കാണുന്നു. ആഡ്രിയാന്‍ , ലിസയില്‍ കണ്ടെത്താന്‍ കഴിയാത്ത കൂട്ടും തണലുമാണ് മമാകെയില്‍ കണ്ടെത്തുന്നത്. പ്രായേണ 'യൂട്ടിലിറ്റെറിയന്‍' പ്രണയത്തിന്‍റെ പരിമിതി പ്രകടമാക്കുന്നത് സഫിയയോടുള്ള വെറും ആസക്തിയും വനെസയോടുള്ള പ്രതിബദ്ധമല്ലാത്ത ബന്ധവും കൊണ്ട് നടക്കുകയും തന്റെ കാപട്യം മകളില്‍ നിന്ന് പോലും മറച്ചുവെക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്ന ഏലിയാസ് കോള്‍ തന്നെയാണ്. എന്നാല്‍ കൂടുതല്‍ സൂക്ഷ്മമായ തലത്തില്‍ മാനവികതയോടുള്ള പ്രണയം എന്നൊരു പ്രമേയം കൂടി നോവലില്‍ പ്രധാനമാണെന്ന് ഗിഡെയോന്‍ പോയ് ല ചൂണ്ടിക്കാണിക്കുന്നു. (“The Memory of Love” – War Atrocities, Trauma And The Silent Lie - Dr Gideon Polya 28 July, 2012 – Countercurrents.org)
വൈദ്യ സമൂഹത്തിന്റെ പ്രതിനിധികളായ ആഡ്രിയാന്‍, കായ്, ഇലിയാനാ, കനേഡിയന്‍ ഡോ. സെലിഗ് മന്‍ തുടങ്ങിയവര്‍ മുറിവേറ്റ ദേശ ശരീരവും മനസ്സും തുന്നിക്കൂട്ടാന്‍ യത്നിക്കുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം, ജന്മനാ അസ്ഥി സംബന്ധമായ കഠിന വൈകല്യങ്ങളുള്ള ഫോഡേയ് എന്ന കഥാപാത്രത്തെ വിവിധ ഘട്ടങ്ങളിലൂടെയുള്ള സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങളില്‍ പ്രതീകവല്‍ക്കരിക്കുന്നുവെന്നു ഡോ. പോയ് ല നിരീക്ഷിക്കുന്നു.
(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം : ലോഗോസ് ബുക്സ് , പേജ്: 81-88)
To purchase, contact ph.no: 8086126024
