The Parisian by Isabella Hammad

ഇസബെല്ല ഹമ്മാദ് - 'ദി പാരിസിയൻ' : ചരിത്രം, സ്വത്വം, പ്രവാസജീവിതം

ലണ്ടനിൽ പലസ്തീനിയൻ പിതാവിന്റെയും ബ്രിട്ടീഷ് മാതാവിന്റെയും മകളായി ജനിച്ച ഇസബെല്ല ഹമ്മാദ്, തന്റെ ഫിക്ഷനുകളിലൂടെ അതീവ ശക്തമായി ദൃശ്യവൽക്കരിക്കുന്ന ആ പ്രവാസാവസ്ഥയെ (Diasporic Condition) സ്വന്തം ജീവിതത്തിലും പേറുന്ന വ്യക്തിയാണ്. യുണൈറ്റഡ് കിംഗ്ഡത്തിലും യുണൈറ്റഡ് സ്റ്റേറ്റ്സിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ, അറബ്, യൂറോപ്യൻ, ആംഗ്ലോഫോൺ സാഹിത്യ പാരമ്പര്യങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് ഒരു അന്താരാഷ്ട്ര വീക്ഷണകോണിൽ നിന്നാണ് എഴുതുന്നത്. അവരുടെ ആദ്യ നോവലായ 'ദി പാരിസിയൻ', സ്വന്തം കുടുംബചരിത്രത്തെ അടിസ്ഥാനമാക്കി രചിച്ചതാണെങ്കിലും, പലസ്തീന്റെ കൊളോണിയൽ സങ്കീർണ്ണതകളെ ഒരു വിഹഗവീക്ഷണത്തോടെ നോക്കിക്കാണുന്ന വലിയൊരു ആഖ്യാനമായി അത് വികസിക്കുന്നു. പ്രവാസികളായ എഴുത്തുകാർ പലപ്പോഴും വ്യക്തിപരമായ ഓർമ്മകളെ എങ്ങനെയാണ് ഒരു ജനതയുടെ കൂട്ടായ സാക്ഷ്യമാക്കി മാറ്റുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ കൃതി.

പലസ്തീന് പുറത്തുള്ള ഹമ്മാദിന്റെ ജീവിതം, അവിടുത്തെ ഭൂതകാലത്തെ ഒരേസമയം അതീവ ആത്മബന്ധത്തോടെയും എന്നാൽ നിഷ്പക്ഷമായ ഒരു അകലം പാലിച്ചുകൊണ്ടും പുനർനിർമ്മിക്കാൻ അവരെ സഹായിക്കുന്നുണ്ട്; ഇത് പലസ്തീനിയൻ സാഹിത്യത്തിന്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെ അതിനെ ആഗോള സാഹിത്യത്തിന് മുന്നിൽ പ്രതിഷ്ഠിക്കാൻ ഇടയാക്കുന്നു. ഈ അർത്ഥത്തിൽ, അദാനിയ ശിബിലി, റൂല ജബ്രിയേൽ, തുടങ്ങിയവരെപ്പോലെ ഗസ്സാൻ കനഫാനിയുടെ പ്രവാസികളായ പിൻഗാമികൾ അടങ്ങുന്ന പലസ്തീനിയൻ പ്രവാസ ശബ്ദങ്ങളുടെ നിരയിലാണ് അവർ നിലകൊള്ളുന്നത് — വ്യത്യസ്ത ഭാഷകൾക്കും ഭൂപ്രദേശങ്ങൾക്കും അപ്പുറം ജന്മനാടിനായുള്ള പോരാട്ടങ്ങളെയും സങ്കര സ്വത്വങ്ങളെയും (hybridity) പ്രവാസത്തിന്റെ അന്യവൽക്കരണത്തെയുമൊക്കെയാണ് ഇവരുടെ കൃതികൾ ആവിഷ്കരിക്കുന്നത്.

ഇസബെല്ല ഹമ്മാദിന്റെ 'ദി പാരിസിയൻ' (2019), പ്രാഥമികമായി ഒരു വ്യക്തിയുടെ ജീവിതത്തിന്റെ സങ്കീർണ്ണമായ തലങ്ങളിലൂടെ പലസ്തീന്റെ ഭൂതകാലത്തെ പുനർവിഭാവനം ചെയ്യുന്ന, ഏറെ ചര്‍ച്ചചെയ്യപ്പെട്ട ‘ഒരാദ്യ’ (debut) നോവലാണ്. 'പലസ്തീൻ ക്രിയേറ്റീവ് ബുക്ക് അവാർഡ്' നേടിയ ഈ നോവൽ, ഓട്ടോമൻ സാമ്രാജ്യത്വത്തിന്റെ അന്ത്യനാളുകളിലെ നാബ് ലസിൽ (Nablus) നിന്നും മോണ്ട്പെല്ലിയറിലേക്കും (Montpellier), പാരീസിലേക്കും, പിന്നീട് തിരികെ നാട്ടിലേക്കും സഞ്ചരിക്കുന്ന മിദ്ഹത് കമാൽ എന്ന യുവാവിന്റെ ശിഥില ജീവിതയാത്രയെയാണ് പിന്തുടരുന്നത്. ഹമ്മാദിന്റെ മുത്തശ്ശന്റെ ജീവിതത്തിൽ നിന്നും ഭാഗികമായി പ്രചോദനം ഉൾക്കൊണ്ടാണ് മിദ്ഹതിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. സാമ്രാജ്യത്വങ്ങളുടെ തകർച്ചയും, കൊളോണിയലിസവും, ദേശീയബോധത്തിന്റെ ഉണർവുമൊക്കെ വായനക്കാരൻ അഭിമുഖീകരിക്കുന്നത് ഈ കഥാപാത്രമെന്ന പ്രിസത്തിലൂടെയാണ്. ഒരേസമയം ഒരു ചരിത്ര നോവലും വ്യക്തിത്വ വികാസത്തിന്റെ കഥ പറയുന്ന 'ബിൽഡുങ്സ്റോമാനും' (Bildungsroman) ആയ 'ദി പാരിസിയൻ', വ്യക്തിപരമായ ആഗ്രഹങ്ങൾ ഒരു ജനതയുടെ കൂട്ടായ പോരാട്ടങ്ങളുമായി എങ്ങനെ പിണഞ്ഞുകിടക്കുന്നു എന്ന് നാടകീയമായി ആവിഷ്കരിക്കുകയും പലസ്തീനിയൻ അനുഭവങ്ങളെ ഒരു അന്താരാഷ്ട്ര പശ്ചാത്തലത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.

ഒന്നാം ലോകമഹായുദ്ധം ആരംഭിച്ച 1914 മുതൽ പലസ്തീൻ ചരിത്രത്തിലെ നിർണ്ണായകമായ 1936 വരെയുള്ള കാലഘട്ടത്തിലാണ് നോവലിന്റെ കഥ നടക്കുന്നത്. പലസ്തീൻ ഭരണം ഒട്ടോമൻ സാമ്രാജ്യത്വത്തിൽ നിന്നും ബ്രിട്ടീഷ് നിയന്ത്രണത്തിലേക്ക് വഴിമാറിയ പരിവർത്തനഘട്ടമാണിത്. ഇസ്രായേൽ രാഷ്ട്രത്തിന്റെ സ്ഥാപനത്തിന് മുൻപുള്ള പലസ്തീൻ ചരിത്രത്തിന്റെ വിഹഗവീക്ഷണം നൽകിക്കൊണ്ട് അറബ് ദേശീയതയുടെ ഭിന്നിച്ചുനിന്ന രാഷ്ട്രീയത്തെയും, സാമ്രാജ്യത്വങ്ങളുടെ തകർച്ചയെയും, കൊളോണിയൽ ആധുനികതയുടെ കടന്നുവരവിനെയും ഹമ്മാദ് നോവലിൽ അതീവ നാടകീയമായി ആവിഷ്കരിക്കുന്നു.

മിദ്ഹത് കമാലിന്റെ സ്വത്വത്തിനും ആത്മബന്ധത്തിനുമായുള്ള വിച്ഛേദിക്കപ്പെട്ട യാത്രയെ മൂന്ന് വിപുലമായ ഘട്ടങ്ങളായാണ് 'ദി പാരിസിയൻ' വികസിപ്പിക്കുന്നത്.

ഒന്നാം ഭാഗത്തില്‍ കോൺസ്റ്റാന്റിനോപ്പിളിലെ ഫ്രഞ്ച് ലൈസിയിൽ (Lycée) നിന്നും ഉപരിപഠനത്തിനായി പുറപ്പെടുന്ന മിഡ്ഹത് മോൺപെല്ലിയറിൽ എത്തുന്നതോടെയാണ് നോവൽ ആരംഭിക്കുന്നത്. അവിടെയുള്ള അവന്റെ മെഡിക്കൽ പഠനത്തിന് മേൽ സാംസ്കാരികമായ അന്യവൽക്കരണവും പൗരസ്ത്യവാദപരമായ (Orientalist) അധിക്ഷേപങ്ങളും നിഴൽ വീഴ്ത്തുന്നു. ചുറ്റുമുള്ളവർ അവനെ ഒരു വിദേശ കൗതുകവസ്തുവായി (Exoticized) മാത്രം കണ്ടപ്പോൾ, ഏറ്റവും വലിയ ആഘാതമേൽപ്പിക്കുന്നത് അവന്റെ ആതിഥേയനായ ഡോ. മോളിന്യൂവാണ്. 'മുസ്ലിം മനസ്സ്' എങ്ങനെയാണ് ആധുനിക പുരോഗതിയിൽ നിന്ന് വ്യതിചലിക്കുന്നത് എന്ന് തെളിയിക്കാനുള്ള ഒരു കേസ് സ്റ്റഡിയായി ഡോക്ടർ തന്നെയൊരു ഒളിഞ്ഞുനോട്ടത്തോടെ ഉപയോഗിക്കുകയായിരുന്നു എന്ന് മിഡ്ഹത് തിരിച്ചറിയുന്നു. ഈ വഞ്ചന അയാളുടെ മകള്‍ ജീനറ്റുമായുള്ള അവന്റെ പ്രണയത്തെ തകർക്കുകയും അവനെ പാരീസിലേക്ക് നയിക്കുകയും ചെയ്യുന്നു. സോർബോണിലും (Sorbonne) അറബ് പ്രവാസികളുടെ കൂട്ടായ്മകളിലുമായി മിദ്ഹത് ജീവിക്കുന്നതാണ് രണ്ടാം ഭാഗം. ലാവന്തിന്റെ (Levant) ഭാവിയെക്കുറിച്ചുള്ള രാഷ്ട്രീയ സംവാദങ്ങളും അവന്റെ കോസ്മോപൊളിറ്റൻ ജീവിതശൈലിയും ഇവിടെ കൂട്ടിമുട്ടുന്നു. എങ്കിലും ജന്മനാടിന്റെ വിളി അവന് നിഷേധിക്കാനാവില്ലായിരുന്നു. നാബ് ലസിലേക്കുള്ള അവന്റെ മടങ്ങിവരവ് അവനെ കുടുംബ ബിസിനസ്സിലേക്കും ഫാത്തിമയുമായുള്ള വിവാഹത്തിലേക്കും കൊളോണിയൽ അശാന്തിയുടെ കടുത്ത യാഥാർത്ഥ്യങ്ങളിലേക്കും എത്തിക്കുന്നു.

നാബ് ലസിന്റെ പശ്ചാത്തലത്തിലുള്ള മൂന്നാം ഭാഗത്തിൽ, മിദ്ഹത് തന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ഗൃഹാതുരത്വത്തിലും 'അൽ-ബാരിസി' (The Parisian) എന്ന പാരീസുകാരന്റെ വേഷപ്പകർച്ചയിലുമാണ് ജീവിക്കുന്നത്. എന്നാൽ ഇതേസമയം അവന്റെ കസിൻ ജമീൽ തീവ്രനിലപാടുകളിലേക്ക് നീങ്ങുകയും, ബ്രിട്ടീഷ് ഭരണത്തിനും സയണിസ്റ്റ് കുടിയേറ്റത്തിനുമെതിരെ പലസ്തീൻ കലുഷിതമാവുകയും ചെയ്യുന്നു. മിദ്ഹത് സ്വന്തമായി വിഭാവനം ചെയ്ത സ്വത്വവും, അവൻ ആഗ്രഹിച്ചതും, യഥാർത്ഥത്തിൽ അവന് ലഭിച്ചതുമായ ജീവിതവും തമ്മിൽ ഒത്തുപോകാതെ കിടക്കുന്നു. ഹോമി ഭാഭ 'അനുകരണം' (Mimicry) എന്ന് വിശേഷിപ്പിച്ച അവസ്ഥയുടെ ഉദാഹരണമാണിത് — പ്രാദേശിക യാഥാർത്ഥ്യങ്ങളുമായി ഒത്തുപോകാത്ത യൂറോപ്യൻ രീതികളുടെ ഒരു വെറും അനുകരണം. ബ്ലാന്റിൻ കോലാസ് നിരീക്ഷിക്കുന്നത് പോലെ, മിദ്ഹതിന്റെ ജീവിതം കലാപം, പ്രണയം, വിവാഹം, പിതൃത്വം, രോഗം തുടങ്ങിയ പരിചിതമായ ഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും പ്രവാസത്തിന്റെ നിഴൽ അതിനെ എപ്പോഴും വേട്ടയാടുന്നുണ്ട്. ഒടുവിൽ മാനസികമായ തകർച്ചയിലൂടെയും ആശുപത്രിവാസത്തിലൂടെയുമാണ് നോവൽ അവസാനിക്കുന്നത്. ഡോ. മോളിന്യൂവിന് പകരമായി ഫ്രഞ്ച് പാതിരിയായ പെരെ അന്റോണിനോട് മിദ്ഹത് ക്ഷമിക്കുന്ന ആ പ്രതീകാത്മകമായ അനുരഞ്ജനം, അവന് നഷ്ടപ്പെട്ട വീടുമായുള്ള ആത്മബന്ധത്തെ ഒരു പരിധിവരെ തിരികെ നൽകുന്നു.

നോവലിന്റെ മേന്മയായി കാണേണ്ട ഒരു സുപ്രധാന ഘടകം അതൊരു കൂട്ടായ വ്യക്തിത്വവികാസം (Collective Bildungsroman) അടയാളപ്പെടുത്തുന്നുണ്ട്‌ എന്നതാണ്. എഴുനൂറോളം പുറങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന നോവലിന്റെ വിസ്തൃതിയിലുടനീളം വളരുകയും മാറുകയും ചെയ്യുന്നത് മിദ്ഹത് എന്ന ഒരൊറ്റ കഥാപാത്രം മാത്രമല്ല എന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. അവന്റെ ഭാവി വധുവായ ഫാത്തിമ, തുടക്കത്തിൽ ഒരു ശാഠ്യക്കാരിയായ കൗമാരക്കാരിയായാണ് അവതരിപ്പിക്കപ്പെടുന്നത്. അടുക്കള വാതിലിലൂടെ വീട്ടുതടസ്സങ്ങളിൽ നിന്നുള്ള താൽക്കാലിക രക്ഷപ്പെടലുകൾ നടത്തുന്ന സ്വതന്ത്ര ബുദ്ധി പ്രവണതകള്‍ അവള്‍ ചെറുപ്പത്തില്‍ തന്നെ പ്രകടമാക്കുന്നുണ്ട്. 1920-കളുടെ തുടക്കത്തിൽ നടന്ന 'നബി മൂസ' (Nebi Musa) കലാപത്തിന്റെ പശ്ചാത്തലത്തിൽ, അത്തരമൊരു ഒളിച്ചോട്ടത്തിനിടയിലാണ് അവൾ ആദ്യമായി മിദ്ഹതുമായി കണ്ണിൽക്കണ്ണിൽ നോക്കുന്നത്. അതുപോലെതന്നെ, മിദ്ഹതിന്റെ നിഴലിൽ ഒതുങ്ങിപ്പോകാറുള്ള അവന്റെ കസിൻ ജമീലിനും തനതായൊരു ജീവിതവും വളർച്ചയുമുള്ളതായി ചിത്രീകരിച്ചിരിക്കുന്നു. മുതിർന്നവരാകുമ്പോൾ അവര്‍ പരസ്പരം അകലുമ്പോഴും, ജമീൽ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ തന്റെ ജീവിതലക്ഷ്യം കണ്ടെത്തുന്നു. 'നബി മൂസ' കലാപത്തിന്റെ ഭീകരതകളാണ് അവന്റെ തീവ്രനിലപാടുകളിലേക്കുള്ള (Radicalisation) മാറ്റത്തിന് ആക്കം കൂട്ടുന്നത്. ഹമ്മാദിന്റെ ലക്ഷ്യം ഇവിടെ വ്യക്തമാണ്: നോവലിന്റെ 'ബിൽഡുങ്സ്റോമാൻ' (വ്യക്തിത്വവികാസ) ഘടന ഇരട്ടമുഖമുള്ളതാണ്. അത് മിദ്ഹതിന്റെ മാത്രം വളർച്ചയിൽ ഒതുങ്ങുന്നില്ല, മറിച്ച് പലസ്തീനിയൻ യുവാക്കളുടെ ഒരു തലമുറയുടെ തന്നെ ഉണർവിലേക്ക് അത് വ്യാപിക്കുന്നുണ്ട്.

ഈ സമാന്തര വളർച്ചകളെ ചരിത്ര പശ്ചാത്തലത്തിലേക്ക് തുന്നിച്ചേർക്കുന്നതിലൂടെ, ഫിക്ഷനിലൂടെ ആ കാലഘട്ടത്തെക്കുറിച്ച് വായനക്കാരനെ ബോധവത്കരിക്കുകയാണ് ഹമ്മാദ് ചെയ്യുന്നത്; വ്യക്തിപരമായ പക്വതയും രാഷ്ട്രീയമായ തീവ്രതയും എങ്ങനെയാണ് പരസ്പരം പിണഞ്ഞുകിടക്കുന്നത് എന്ന് അവർ കാണിച്ചുതരുന്നു. ബ്ലാന്റിൻ കോലാസ് നിരീക്ഷിക്കുന്നത് പോലെ, ഒരു വ്യക്തിയുടെ മാത്രം ജീവിതഘട്ടങ്ങളെ പിന്തുടരുകയല്ല ഈ നോവലിന്റെ രൂപകൽപ്പന, മറിച്ച് കൊളോണിയൽ സമ്മർദ്ദങ്ങൾക്ക് കീഴിൽ ഒരു സമൂഹം ഒന്നടങ്കം നേരിടുന്ന കൂട്ടായ പരിവർത്തനങ്ങളെക്കൂടി അടയാളപ്പെടുത്തുകയാണ്.

ഹമ്മാദിന്റെ നോവൽ ഒരേസമയം ഒരു ചരിത്ര നോവലും വ്യക്തിത്വ വികാസത്തിന്റെ കഥ പറയുന്ന 'ബിൽഡുങ്സ്റോമാനും' ആണ് എന്ന് നാം കണ്ടു. ഓട്ടോമൻ സാമ്രാജ്യത്വത്തിന്റെ അന്ത്യദിനങ്ങളെയും ബ്രിട്ടീഷ് മാൻഡേറ്റ് കാലത്തെ പലസ്തീനെയും ഒരു ആർക്കൈവിന്റെ കൃത്യതയോടെ (Archival precision) നോവലിസ്റ്റ് പുനർനിർമ്മിക്കുന്നു; അതേസമയം തന്നെ മിദ്ഹതിന്റെ ജീവിതത്തിലെ നിർണ്ണായക ഘട്ടങ്ങളെ — കലാപം, പ്രണയം, വിവാഹം, പിതൃത്വം, രോഗം — കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഫാത്തിമയും ജമീലും ഇതര കഥാപാത്രങ്ങളും ഇതിന് സമാന്തരമായി വളരുന്നതിലൂടെ, ഫിക്ഷനിലൂടെ വായനക്കാരനെ ചരിത്രം ബോധ്യപ്പെടുത്തുന്ന ഇരട്ടമുഖമുള്ള ഒരു ബിൽഡുങ്സ്റോമാനായി ഈ കൃതി മാറുന്നു. ചരിത്ര നോവലും മുതിര്ന്നുവരവിന്റെ കഥയും എന്ന രണ്ട് സാഹിത്യവിഭാഗങ്ങളുടെ സമന്വയം ഒരേസമയം രണ്ട് തലങ്ങളിലേക്കുള്ള തുളച്ചുകയറൽ സാധ്യമാക്കുന്നു: ചരിത്രത്തിന്റെ വിപുലമായ വ്യാപനവും വ്യക്തിസ്വത്വ രൂപീകരണത്തിന്റെ അതീവ ആത്മബന്ധവും.

കൊളോണിയൽ ഭരണത്തിൻ കീഴിലെ വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള പ്രണയം ആവിഷ്കരിച്ച അഹ്ദഫ് സൗയിഫിന്റെ (Ahdaf Soueif) 'ദി മാപ്പ് ഓഫ് ലവ്' (The Map of Love), പരിവർത്തന ഘട്ടത്തിലെ ഒരു സമൂഹത്തെ വരച്ചുകാട്ടിയ നജീബ് മഹ്ഫൂസിന്റെ 'കെയ്റോ ട്രിലോഗി' (Cairo Trilogy), ഒറ്റപ്പെടലിന്റെ ബിൽഡുങ്സ്റോമാൻ ആയ ജെയിംസ് ജോയ്സിന്റെ 'എ പോർട്രെയ്റ്റ് ഓഫ് ദി ആർട്ടിസ്റ്റ് ആസ് എ യങ് മാൻ' തുടങ്ങിയ കൃതികളോട് ഈ നോവൽ പ്രമേയപരമായി ചേർന്നുനിൽക്കുന്നു. കൂടാതെ, ഗസ്സാൻ കനഫാനിയുടെ കൃതികളിലെ പ്രവാസികളായ ബുദ്ധിജീവികളുടെ വരവിനെക്കൂടി ഇത് മുൻകൂട്ടി പ്രവചിക്കുന്നുണ്ട്. വിർജീനിയ വൂൾഫ്, ഹെൻറി ജെയിംസ്, ഡിക്കൻസ്, ഫ്ലോബേർ, സ്റ്റെൻദാൽ എന്നിവരുടെ ശൈലിയോടും മഹ്ഫൂസിന്റെ റിയലിസത്തോടും ഈ നോവലിനുള്ള സാദൃശ്യം നിരൂപകർ ചൂണ്ടിക്കാണിക്കുന്നു. യൂറോപ്യൻ-അറബ് സാഹിത്യ ആചാര്യന്മാരുടെ പാരമ്പര്യം പിന്തുടർന്ന് സാമൂഹിക ജീവിതത്തിന്റെ സങ്കീർണ്ണമായ ഒരു വലിയ വലക്കണ്ണിയാണ് ഹമ്മാദ് നെയ്തെടുത്തിരിക്കുന്നതെന്ന് സാദി സ്മിത്ത് (Zadie Smith) അടിവരയിടുന്നു.

മിദ്ഹതിന്റെ സങ്കര സ്വത്വം (Hybrid identity) പലസ്തീനിയൻ പ്രവാസികൾക്ക് യൂറോപ്പുമായുള്ള സങ്കീർണ്ണമായ ബന്ധത്തെയാണ് നാടകീയമായി ആവിഷ്കരിക്കുന്നത്; പ്രവാസം എന്നത് ഒരേസമയം ഒരു ജനതയെ സാംസ്കാരികമായി സമ്പന്നമാക്കുന്ന ഒന്നാണെങ്കിലും അവരെ ജന്മനാട്ടിൽ നിന്ന് അന്യവൽക്കരിക്കുന്നതുമാണ് എന്ന് നോവൽ കാണിച്ചുതരുന്നു. വ്യക്തിപരവും രാഷ്ട്രീയവുമായ തലങ്ങളെ ഒന്നിച്ച് നെയ്യുന്നതിലൂടെ, അറബ്-യൂറോപ്യൻ പ്രവാസ ആഖ്യാനങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് പലസ്തീനിയൻ സാഹിത്യത്തെ ഒരു അന്താരാഷ്ട്ര തലത്തിൽ പ്രതിഷ്ഠിക്കാൻ ഹമ്മാദിന് സാധിക്കുന്നു. ചരിത്രത്തിന്റെ വിപുലമായ വ്യാപനത്തെ വ്യക്തിത്വ രൂപീകരണത്തിന്റെ ആത്മബന്ധവുമായി സമന്വയിപ്പിച്ചുകൊണ്ട് അതീവ അപൂർവ്വമായ ഒരു നേട്ടമാണ് 'ദി പാരിസിയൻ' എന്ന നോവലിലൂടെ ഇസബെല്ല ഹമ്മാദ് കൈവരിച്ചിരിക്കുന്നത്. ഇത് ഒരേസമയം ഒരു ആർക്കൈവും ഇതിഹാസവുമാണ്; ഒപ്പം ഒരു ബിൽഡുങ്സ്റോമാനും പ്രവാസ ആഖ്യാനവുമാണ്. മിദ്ഹതിന്റെ അന്യവൽക്കരണത്തിലൂടെയും ജന്മനാടിനായുള്ള കാത്തിരിപ്പിലൂടെയും വായനക്കാരൻ അഭിമുഖീകരിക്കുന്നത് ഓട്ടോമൻ അന്ത്യനാളുകളിലും ബ്രിട്ടീഷ് മാൻഡേറ്റ് കാലത്തും പലസ്തീൻ ജനത അനുഭവിച്ച വലിയ വിച്ഛേദങ്ങളെയാണ്. വൂൾഫ്, ജെയിംസ്, ഡിക്കൻസ്, മഹ്ഫൂസ്, ഫ്ലോബേർ എന്നിവരുടെ സ്വാധീനങ്ങളെ കോർത്തിണക്കുന്നതിലൂടെ പലസ്തീനിയൻ സാഹിത്യത്തിന്റെ തനതായ ശബ്ദം നിലനിർത്തിക്കൊണ്ടുതന്നെ അതിനെ ലോകസാഹിത്യത്തിന്റെ മുൻനിരയിലേക്ക് പ്രതിഷ്ഠിക്കാൻ ഹമ്മാദിന് സാധിച്ചു. ആര്‍ദ്രവും സമചിത്തതയാർന്നതുമായ ശൈലിയും, നിയന്ത്രണവും, ദൈനംദിന ജീവിതത്തിന്റെ സൂക്ഷ്മമായ തലങ്ങളിലുള്ള ആഴ്ന്നിറങ്ങലും നോവലിനെ പലസ്തീനിയൻ ലോകസാഹിത്യത്തിലെ ഒരു അടിസ്ഥാന കൃതിയായി (Foundational work) അടയാളപ്പെടുത്തുന്നു. പ്രമേയപരമായും സാഹിത്യപരമായും കൈവരിച്ച ഈ നേട്ടത്തിലൂടെ 'ദി പാരിസിയൻ', വിസ്മൃതിയിലാണ്ടുപോയ ഒരു ചരിത്രത്തെ വീണ്ടെടുക്കുക മാത്രമല്ല, ആധുനികതയുടെയും പ്രവാസത്തിന്റെയും ആത്മബന്ധത്തിന്റെയും വലിയ കഥകളിലേക്ക് പലസ്തീനിയൻ സ്വത്വത്തെ കൃത്യമായി കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.

അവലംബങ്ങള്‍: