The Patience Stone by Atiq Rahimi/ Polly McLean

ക്ഷമാശിലയുടെ പിളരുമ്പോള്‍

(അഫ്ഘാന്‍- ഫ്രഞ്ച് നോവലിസ്റ്റ് ആതിഖ് റഹീമിയുടെ ദി പെഷ്യന്‍സ് സ്റ്റോണ്‍ എന്ന നോവലിനെ കുറിച്ച്. ഭാഗികമായി ദൃഷ്ടാന്ത കഥയും ഒപ്പം പ്രതികാര കഥയും ആയിരിക്കുമ്പോള്‍ തന്നെ വീര്‍പ്പു മുട്ടിക്കും വിധം സ്ത്രീവിരുദ്ധവും നഗ്നമായ രീതിയില്‍ പുരുഷ മേധാവിത്ത, മൌലികവാദ പരവുമായ സാമൂഹിക പശ്ചാത്തലത്തില്‍ ലൈംഗിക സദാചാരം, അഭിമാനം, ദാമ്പത്യം യുദ്ധത്തിന്റെ ഇരയായിപ്പോവുന്ന സ്ത്രീജീവിതം തുടങ്ങിയ പ്രമേയങ്ങളെ തീക്ഷ്ണമായ ധ്വനി സാന്ദ്രതയോടെ ആവിഷ്കരിക്കുന്ന കൃതിയാണ് 'ക്ഷമാശില'.)

അഫ്ഘാനിസ്താനില്‍ ജനിച്ച ആതിഖ് റഹിമി സോവിയറ്റ് അധിനിവേശത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ രാഷ്ട്രീയ അഭയം തേടിയ എഴുത്തുകാരനും ചലച്ചിത്രകാരനുമാണ്. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ രണ്ടാമത് നോവലായ 'ക്ഷമാശില (The Patience Stone) ഫ്രാന്‍സിലെ ഏറ്റവും വിഖ്യാതമായ സാഹിത്യ പുരസ്കാരമായ പ്രി ഗോണ്‍കോര്‍ (2008) നേടുകയുണ്ടായി. ഇത്രയും കാലം മുഖമില്ലാത്തവരും ശബ്ദമില്ലാത്തവരുമായി കഴിഞ്ഞ അഫ്ഘാന്‍ സ്ത്രീത്വത്തിന് തന്റെ പുസ്തകത്തിലൂടെ മുഖവും ശബ്ദവും നല്‍കുകയാണ് ആതിഖ് റഹിമി ചെയ്യുന്നതെന്ന് പുസ്തകത്തിന്റെ അവതാരികയില്‍ ഖാലിദ് ഹുസൈനി ചൂണ്ടിക്കാണിക്കുന്നു. ഭാഗികമായി ദൃഷ്ടാന്ത കഥയും ഒപ്പം പ്രതികാര കഥയും ആയിരിക്കുമ്പോള്‍ തന്നെ വീര്‍പ്പു മുട്ടിക്കുംവിധം സ്ത്രീവിരുദ്ധവും നഗ്നമായ രീതിയില്‍ പുരുഷമേധാവിത്ത, മൌലികവാദ പരവുമായ സാമൂഹികപശ്ചാത്തലത്തില്‍ ലൈംഗിക സദാചാരം, അഭിമാനം, ദാമ്പത്യം യുദ്ധത്തിന്റെ ഇരയായിപ്പോവുന്ന സ്ത്രീജീവിതം തുടങ്ങിയ പ്രമേയങ്ങളെ തീക്ഷ്ണമായ ധ്വനി സാന്ദ്രതയോടെ ആവിഷ്കരിക്കുന്ന കൃതിയാണ് 'ക്ഷമാശില'.

പേര്‍ഷ്യന്‍ പുരാണങ്ങളില്‍ പ്രസിദ്ധമായ അതീന്ദ്രിയ, അത്ഭുത സിദ്ധികളുള്ള ശിലയാണ് നോവലിന്റെ കേന്ദ്ര രൂപകം. യുഗാന്തരങ്ങളായി വിശ്വാസികള്‍ തന്നോട് പറയുന്ന രഹസ്യങ്ങളെല്ലാം ആഗിരണം ചെയ്തു അത് നിലക്കൊള്ളുന്നു. ഒരു നാള്‍ ഏറ്റു പറയുന്ന രഹസ്യങ്ങളുടെയും തന്നിലര്‍പ്പിക്കുന്ന വേദനകളുടെയും ഭാരം താങ്ങാനാവാതെ അത് പൊട്ടിത്തെറിക്കുമെന്നും അതായിരിക്കും അന്ത്യവിധിനാള്‍ എന്നും വിശ്വസിക്കപ്പെടുന്നു. വിശുദ്ധ കഅബയിലെ 'കറുത്ത കല്ല്‌ (ഹജറുല്‍ അസ് വദ്) ആണ് പുരാണപ്രോക്തമായ ഈ കല്ല്‌ എന്ന വിശ്വാസവുമുണ്ട്. എന്നാല്‍ നോവലില്‍ ഈ രൂപകം തികച്ചും വ്യത്യസ്തമായ രീതിയില്‍ ആണ് അവതരിപ്പിക്കപ്പെടുന്നത്. അതിന്റെ പൊട്ടിത്തെറി നിന്നെ എല്ലാ ദുരിതങ്ങളില്‍ നിന്നും സ്വതന്ത്രയാക്കും എന്നാണു പുരാണം പറഞ്ഞുകൊടുക്കുന്ന സ്നേഹമയിയായ അമ്മായി മുഖ്യ കഥാപാത്രത്തോട് പറയുക. ആഭ്യന്തര യുദ്ധം നീറിപ്പുകയുന്ന ജിഹാദിസ്റ്റ് നരകത്തില്‍ പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ ഉമ്മയായ യുവമാതാവ്, കഴുത്തില്‍ ഒരു വെടിയുണ്ടയുമായി കോമ അവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവിനോട് മുമ്പൊരിക്കൊരിക്കലും അവള്‍ക്കു പറയാന്‍ കഴിയാതെ പോയ കാര്യങ്ങള്‍ തുറന്നു പറയുകയാണ്‌. ഒരേ സമയം ഭേദ്യം ചെയ്യലും കുമ്പസാരവും വെളിപ്പെടുത്തലും എല്ലാമായി അത് മാറുന്നു. യുദ്ധത്തിന്, തനിക്കൊരിക്കലും മനസ്സിലായിട്ടില്ലാത്ത മുദ്രാവാക്യങ്ങള്‍ക്കു വേണ്ടി തന്നെ ഉപേക്ഷിച്ചു പോയതിനെ കുറിച്ച് അവള്‍ക്കയാളോട് ദേഷ്യമുണ്ട്. അയാള്‍ക്കെപ്പോഴും ഒരു ഹീറോ ആകണമായിരുന്നു. എന്നാല്‍ സ്വന്തം ജീവിതത്തില്‍ ഒന്നിലും പെടാത്ത ഒരു വഴക്കിനിടയില്‍ അയാള്‍ ഒരു പിതാവാകാന്‍ കഴിയുന്ന പുരുഷന്‍ പോലും അല്ലാതായിരുന്നു എന്ന് പതിയെപ്പതിയെ വ്യക്തമാകുന്നു. അയാളോട് അവള്‍ കഥകള്‍ പറയുന്നത് തന്റെ മടുപ്പിക്കുന്ന ഏകാന്തത ഭേദിക്കാന്‍ മാത്രമല്ല അയാളെ ജീവിതത്തോടു ബന്ധിച്ചു നിര്‍ത്താന്‍ കൂടിയാണ്. തൊട്ടപ്പുറത്ത് ഒരര്‍ത്ഥവുമില്ലാത്ത സംഘര്‍ഷങ്ങളില്‍ നിരപരാധികള്‍ കൊല്ലപ്പെടുകയും ദുഃഖം താങ്ങാനാവാത്ത ഉമ്മമാര്‍ ഭ്രാന്തില്‍ അഭയം കണ്ടെത്തുകയും ചെയ്യുന്നുണ്ട്. ഭര്‍ത്താവിന്റെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ മരുന്നോ മറ്റു മാര്‍ഗ്ഗങ്ങളോ ഇല്ലാതെ സ്വയം വികസിപ്പിച്ചെടുത്ത ഗ്ലൂക്കോസ് ലായനിയുമായി വിജയിക്കാനിടയില്ലാത്ത യുദ്ധത്തിലായ യുവ മാതാവിന് ഏക സഹായം നഗരത്തില്‍ വേശ്യാലയം നടത്തുന്ന അമ്മായിയാണ്. യുദ്ധമേഖലയിലേക്ക് പോയ ഭര്‍ത്താവിന്റെ അഭാവത്തില്‍, താന്‍ വന്ധ്യയാണെന്ന് മനസ്സിലാക്കിയ നാള്‍ തൊട്ടു ഭതൃ പിതാവിന്റെ പക്കല്‍ നിന്ന് സ്ത്രീവിരുദ്ധതയുടെ കയ്യേറ്റമായി നിരന്തര പീഡനം ഏറ്റുവാങ്ങേണ്ടിവന്നത് അയാളെ വധിച്ചുകൊണ്ട് അവസാനിപ്പിച്ചവള്‍. സ്ത്രീജന്മത്തിന്റെ ദുരിതപര്‍വ്വങ്ങളുടെ നാനാര്‍ത്ഥങ്ങള്‍ കണ്ടവള്‍. ഒരു ഘട്ടത്തില്‍ തന്നെ ബലാല്‍ക്കാരം ചെയ്തേക്കാമായിരുന്ന സൈനിക കമാണ്ടരോട് കുഞ്ഞുങ്ങളെ പോറ്റാന്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നവളാണ് താനെന്നു കള്ളം പറഞ്ഞതിനെ കുറിച്ച് യുവതി പറയുമ്പോള്‍ അവര്‍ സമാശ്വസിപ്പിക്കുന്നു: അത് നന്നായി. അവര്‍ ഒരു വേശ്യയെ പ്രാപിക്കില്ല. കാരണം അതിലവര്‍ക്ക്‌ കീഴടക്കുന്ന സംതൃപ്തി ലഭിക്കില്ല. ഒരു കന്യകയെ ആവുമ്പോള്‍ അതവരുടെ ആണത്തത്തിന്റെ ആഘോഷമാണ്.

സമൂഹത്തില്‍ ആഴത്തില്‍ വെരോടിയ സ്ത്രീവിരുദ്ധത ഗോത്രസംസ്കാരത്തിന്റെയും മതമൌലികതയുടെയും പേരില്‍ നിയാമാകമായിരിക്കുന്ന സാഹചര്യങ്ങള്‍ യുവമാതാവിന്റെ തുറന്നു പറച്ചിലില്‍ അടരടരുകളായി വെളിവാക്കപ്പെടുന്ന ഭൂതകാല വിവരണങ്ങളില്‍ തെളിഞ്ഞു വരുന്നുണ്ട്. കിളിപ്പോരില്‍ മാത്രം താല്പര്യമുണ്ടായിരുന്ന പിതാവ്, ഉമ്മയോടോ പെണ്‍മക്കളോടോ ഒരിക്കലും കാണിച്ചിരുന്നില്ലാത്ത സ്നേഹം കിളികളോട് കാണിക്കുമായിരുന്നത് അവളെ അസൂയപ്പെടുത്തിയിരുന്നു. കിളിപ്പോരില്‍ തോറ്റതിന് പന്തയമായി പന്ത്രണ്ടുകാരിയായ മൂത്ത മകളെ നാല്പ്പതുകാരന് വിവാഹം കഴിച്ചു കൊടുക്കുന്നത് കണ്ട് അടുത്തത്‌ തന്റെ ഊഴമായിരിക്കും എന്ന ഭയത്തില്‍ വിചിത്രമായ ഒരു പ്രതികാരത്തില്‍ ഏര്‍പ്പെട്ടതും അവള്‍ ഏറ്റുപറയുന്നുണ്ട്. പതിനേഴാം വയസ്സില്‍ ഒരു വീരനായകന്റെ ഭാര്യയാവുന്നതിന്റെ ആവേശം വിവാഹത്തിന്റെ ആദ്യദിനം മുതലേ തണുത്തു തുടങ്ങിയത് അവള്‍ ഓര്‍ക്കുന്നു. യുദ്ധമുന്നണിയില്‍ ആയിരുന്ന വരന്റെ ഫോട്ടോക്ക് മുന്നിലാണ് വിവാഹം നടക്കുന്നത്. അവളുടെ കന്യകാത്വത്തിനു കാവലിരുന്ന ഭര്‍തൃമാതാവിനെ കുറിച്ചും കുളിമുറിയില്‍ എപ്പോഴും അവളെ ഒളിഞ്ഞു നോക്കി സ്വയം തങ്ങളില്‍ തന്നെ കാമപൂര്‍ത്തി വരുത്തുമായിരുന്ന ഭര്‍തൃസഹോദരങ്ങളെ കുറിച്ചും അവള്‍ തുറന്നു പറയുന്നു. ഇപ്പോള്‍ അയാളുടെ സമ്പൂര്‍ണ്ണ നിസ്സഹായതയില്‍ അവളെ തനിച്ചാക്കി എല്ലാവരും വിട്ടുപോയിരിക്കുന്നുവെന്നു അവള്‍ വിലപിക്കുന്നു. ഒരുമിച്ചു ജീവിച്ച ഏതാനും വര്‍ഷങ്ങളില്‍ ഒരിക്കല്‍പോലും വികാരങ്ങളും വിചാരങ്ങളുമുള്ള ഒരു വ്യക്തിയായി തന്നെ പരിഗണിക്കുകയേ ചെയ്തിരുന്നില്ലാത്ത ഭര്‍ത്താവ് അയാള്‍ക്ക്‌ വേണ്ടത് സാധിക്കുക മാത്രമായിരുന്നു. ഇപ്പോള്‍ മൃതപ്രായനായിരിക്കുന്ന അയാളോട് അവള്‍ക്കെന്തും പറയാം, എന്തുമാവാം. പക്ഷെ അവള്‍ക്കുറപ്പില്ല അയാള്‍ സുഖം പ്രാപിച്ചാല്‍ വീണ്ടും ആ പഴയ പുരുഷധാര്‍ഷ്ട്യമല്ലാതെ മറ്റെന്തെങ്കിലും പ്രകടിപ്പിക്കുമെന്ന്. നോവലില്‍ ആവിഷ്കരിക്കപ്പെടുന്ന സാര്‍ത്ഥകമായ ഏക ആണ്‍-പെണ്‍ ബന്ധം അവളുടെ ഏകാന്തതയും നിസ്സഹായതയും ഉപയോഗപ്പെടുത്തി കീഴ്പ്പെടുത്തുകയും എന്നാല്‍ തരളമായ ഒരു ബന്ധത്തിലേക്ക് വളരുകയും ചെയ്യുന്ന സൈനിക യുവാവുമായി ഉരുത്തിരിയുന്നതാണ്. അനാഥത്വത്തിന്റെ ബാല്യവും കമാണ്ടരുടെ പരപീഡന മനോഭാവത്തില്‍ അധിഷ്ടിതമായ ഉടല്‍ മുറിവുകളും പേറുന്ന, ആത്മവിശാസമില്ലായ്മയുടെ അടയാളമായി കഠിനമായ വിക്കലുള്ള നവയുവാവ് അവളില്‍ നിന്നാണ് എല്ലാം പഠിച്ചു തുടങ്ങുക. ആദ്യം നിസ്സഹായതയോടെയും കുറ്റബോധത്തോടെയും അവനു കീഴടങ്ങുന്ന യുവതി അവന്റെ ഗതികേടില്‍ ആര്‍ദ്രയാവുകയും ബന്ധത്തില്‍ സ്നേഹത്തിന്റെ തുരുത്ത് കണ്ടെത്തുകയും ചെയ്യുന്നു. എന്നാല്‍ തനിക്കതില്‍ അമിതപ്രതീക്ഷകള്‍ ഒന്നുമില്ലെന്ന് അവള്‍ കുമ്പസരിക്കുന്നുമുണ്ട്.

രഹസ്യങ്ങളുടെ ഏറ്റുപറച്ചില്‍ ഒരിക്കല്‍ തുടങ്ങിയാല്‍ അപ്രതിരോധ്യമാം വിധം കുത്തിയൊഴുകുന്നതാണ് നോവലിന്റെ വിസ്ഫോടകമായ അന്ത്യത്തിലേക്കും 'ശിലയുടെ പിളര്‍പ്പിലേക്കും നയിക്കുക. അതില്‍ മരുമകള്‍ പ്രസവിച്ചു കാണാത്തതില്‍ അസ്വസ്തയാവുന്ന അമ്മായിയമ്മയും വഴിപറഞ്ഞു കൊടുക്കുന്ന ബന്ധുവും 'അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന' സിദ്ധനും മാത്രമല്ല നിര്‍ബന്ധിച്ചു കുടിപ്പിച്ച കറുപ്പിന് മുകളില്‍ ഇളം യുവതിയെ ഇരുട്ടുമുറിയില്‍ സന്ധിച്ച അജ്ഞാത നവയുവാവുമുണ്ട്. ഒരിക്കലല്ല, പലവുരു, എപ്പോഴും ഒരാള്‍ തന്നെയോ എന്ന് തീര്‍ച്ചയുമില്ല. അങ്ങനെ രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ ജനനമുണ്ട്. എല്ലാം കേട്ടുകഴിയുമ്പോള്‍, പുരുഷനെന്ന അഹന്തയുടെ തായ് വേരില്‍ കൊള്ളുന്ന ആഘാതം, ക്ഷമാശിലയുടെ പിളര്‍പ്പിലേക്ക്, ഒരൊറ്റ നിമിഷത്തെ സംഹാരാത്മകതയിലേക്ക്, തുടര്‍ന്ന് കഴുത്തില്‍ മുറുകുന്ന കൈകളില്‍ നിന്ന് വിടുതല്‍ തേടി അവള്‍ത്തന്നെ നല്‍കുന്ന മരണത്തിലേക്ക് അയാളെ എത്തിക്കുന്നു. എന്നാല്‍ നോവലന്ത്യത്തില്‍ ആരാണ് ക്ഷമാശില എന്ന ചോദ്യവും അനുവാചകന്റെ ഉള്ളില്‍ ഉയരാം. അത് അവള്‍ പറയുമായിരുന്ന വിധത്തില്‍ അയാളായിരുന്നോ, അതോ, ഒരൊറ്റ നിമിഷത്തിന്റെ കര്‍തൃത്വത്തില്‍ എല്ലാം അവസാനിപ്പിക്കുന്ന അവള്‍ തന്നെയോ? കഴുത്തില്‍ നിന്ന് അയഞ്ഞു തുടങ്ങിയ കൈകളുമായി അയാള്‍ അവളുടെ അരികില്‍ നിശ്ചേതനനായി തുടങ്ങുമ്പോള്‍ ജനാലക്കപ്പുറം അവളുടെ പ്രണയാതുരനായ ചെറുപ്പക്കാരന്റെ കണ്ണുകള്‍ തെളിയുന്നത് ഒരു തുടക്കമാവാം, അഥവാ മറിച്ചുമാകാം.

നോവലില്‍ ഒരിടത്തും മുഖ്യ കഥാപാത്രത്തിനു പേര് നല്‍കുന്നില്ലാത്തത് ഒരു വേള അവള്‍ മുഴുവന്‍ അഫ്ഘാന്‍ സ്ത്രീത്വത്തിന്റെയും അല്ലെങ്കില്‍ സമാന സാഹചര്യങ്ങളുള്ള ഏതൊരിടത്തെ സ്ത്രീത്വത്തിന്റെയും പ്രതിനിധാനമാണ് എന്നത് കൊണ്ടാവാം. നോവലിന്റെ തുടക്കത്തില്‍ ഇടം അടയാളപ്പെടുത്തുന്നതും അങ്ങനെയാണ്, 'അഫ്ഘാനിസ്താനില്‍ എവിടെയോ ഒരിടത്ത്, അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും.' അവതാരികയില്‍ ഖാലിദ് ഹുസൈനി ചൂണ്ടിക്കാണിക്കുന്നത് പോലെ ഏതാനും നഗരകേന്ദ്രങ്ങളില്‍ ഒഴിച്ച് നിര്‍ത്തിയാല്‍, താലിബാന്റെ വരവിനും ഏറെ മുമ്പുമുതലേ അടിസ്ഥാന അവകാശങ്ങളുടെ നിഷേധം അഫ്ഘാന്‍ സ്ത്രീത്വത്തിന്റെ പ്രശ്നമായിരുന്നു. രാഷ്ട്രീയ സാഹചര്യങ്ങളും പാരമ്പര്യവും ഒരുപോലെ ഇവിടെ പ്രതിസ്ഥാനത്താണ് എന്നര്‍ത്ഥം. അഫ്ഘാനിലെ സോവിയറ്റ് അധിനിവേശത്തെ പശ്ചാത്തലമാക്കി ദാരി ഭാഷയില്‍ രചിച്ച Earth and Ashes ആദ്യ നെവെല്ലയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ രംഗത്ത് വരുന്നതേയില്ല എന്നത് പ്രധാനമാണ്. എന്നാല്‍ Pateince Stone രചിക്കുമ്പോള്‍ ഫ്രഞ്ച് ഭാഷ നല്‍കിയ സ്വാതന്ത്ര്യ ബോധം സ്തോഭജനകമായ പ്രമേയം കൈകാര്യം ചെയ്യാന്‍ തനിക്കു സഹായകമായിട്ടുണ്ടെന്ന് നോവലിസ്റ്റ് ഏറ്റുപറഞ്ഞിട്ടുണ്ട്. ഒരൊറ്റ മുറിയിലാണ് നോവലിന്റെ ആഖ്യാന കേന്ദ്രം എന്നതുകൊണ്ട് ചുറ്റിലും നടമാടുന്ന യുദ്ധവും ചകിതാന്തരീക്ഷവും, ഇതിവൃത്തത്തില്‍ എത്തുന്നത് തലയില്‍കെട്ടും സൈനിക വേഷവുമായി എത്തിനോക്കുകയും ഇടയ്ക്കിടെ കടന്നുകയറുകയും ചെയ്യുന്ന പോരാളികളായും സ്ഫോടനങ്ങളുടെ തീയും പുകയും നാശങ്ങളുമായും ആണ്. സോവിയറ്റ് വിരുദ്ധ കലാപ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ അരങ്ങേറുന്നത് സഹോദരങ്ങള്‍ക്കിടയില്‍ തന്നെയുള്ള പോരാട്ടമാണ്. സ്വാതന്ത്ര്യപ്പോരാട്ട കാലത്ത് നിന്നെ കുറിച്ച് പിതാവിന് മതിപ്പായിരുന്നുവെന്നും സ്വാതന്ത്ര്യാനന്തരം അദ്ദേഹവും സഹോദരങ്ങളുമെല്ലാം നിന്നെ വെറുത്തു തുടങ്ങി എന്നും യുവതി ഭര്‍ത്താവിനോട് പറയുന്നുണ്ട്. ഇപ്പോള്‍ അധികാരത്തിനു വേണ്ടി മാത്രമാണ് നീ പൊരുതുന്നത് എന്നതാണ് അതിനു കാരണമെന്ന് അവള്‍ കൂട്ടിച്ചേര്‍ക്കുന്നു. പുരുഷനെ സംബന്ധിച്ച് മിഥ്യാഭിമാനം എന്തിലും വലിയ കാര്യമാകുന്നതിന്റെ അസംബന്ധം തനിക്കൊരിക്കലും മനസ്സിലാകില്ലെന്നും സ്ത്രീയെ സംബന്ധിക്കുന്ന എല്ലാത്തിനും പതിത്വം കല്‍പ്പിക്കുന്ന പുരുഷരീതി അവളുടെ രക്തത്തില്‍ നിന്നാണ് എല്ലാവരും പിറക്കുന്നത്‌ എന്ന സത്യം വിസ്മരിക്കുന്നത് കൊണ്ടാണെന്നും അവള്‍ പറയുന്നു. കന്യകാത്വം, സന്താന ശേഷി, സനാതന മൂല്യവിചാരങ്ങള്‍, വിശുദ്ധ/ അശുദ്ധ രക്തത്തെ കുറിച്ചുള്ള ധാരണകള്‍ തുടങ്ങിയവയെ കുറിച്ചുള്ള കാപട്യങ്ങളെ നിശിതമായി തുറന്നു കാണിക്കുന്നതിലൂടെ അഫ്ഘാന്‍ പശ്ചാത്തലത്തില്‍ നിന്ന് പ്രതീക്ഷിക്കാനാവാത്ത വിധം ധീരമായ ഒരു രചനയായി പുസ്തകം മാറുന്നുണ്ട്. “പ്രണയം സൃഷ്ടിക്കാന്‍ കഴിയാത്തവര്‍ യുദ്ധം സൃഷ്ടിക്കുന്നു"വെന്ന (‘Those who cannot make love, make war’) അമ്മാവിയുടെ വാക്കുകളും ഭര്‍ത്താവിനു തന്നെ ഒരിക്കലും സന്തോഷിപ്പിക്കാന്‍ കഴിയാതിരുന്നതിന് കാരണം ഉടലിനു കാതോര്‍ക്കുകയെന്ന ലളിതമായ കാര്യം പുരുഷന്‍ ഒരിക്കലും ചെയ്യാത്തതും ആത്മാവിനെ ഒഴിച്ച് മറ്റൊന്നിനും ചെവികൊടുക്കാന്‍ അയാള്‍ക്ക് കഴിയാതെ പോയതുമാണ് എന്ന കണ്ടെത്തലുമാണ്‌ നോവലന്ത്യത്തില്‍ തെളിഞ്ഞു നില്‍ക്കുന്നത്. ആ നിലക്ക് സ്ത്രീപക്ഷമായിരിക്കുക എന്നാല്‍ പ്രണയത്തിന്റെയും സമാധാനത്തിന്റെയും പക്ഷമായിരിക്കുക എന്നുകൂടിയാണെന്നു നോവല്‍ സമര്‍ഥിക്കുന്നു.

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 140-145)