പോരാട്ടങ്ങളില്‍ പങ്കെടുത്തവര്‍ ഓര്‍മ്മക്കുറിപ്പെഴുതാന്‍ തുടങ്ങുമ്പോള്‍ വിപ്ലവത്തിന്റെ അന്ത്യമായി എന്നതിന്റെ ഏറ്റവും കൃത്യമായ അടയാളമാണത് എന്ന് ഏലിയാസ് ഖൂറിയുടെ Sinalcol എന്ന നോവലില്‍ ഒരു കഥാപാത്രം പറയുന്നുണ്ട്. അത് ശരിയാണെങ്കില്‍ ബാസ്മ അബ്ദെല്‍ അസീസിന്റെ The Queue, ഒമര്‍ റോബര്‍ട്ട് ഹാമില്‍ട്ടണിന്റെ The City Always Wins എന്നീ നോവലുകള്‍ ഇജിപ്ഷ്യന്‍ വിപ്ലവത്തിന്റെ അവസാനം സൂചിപ്പിക്കുന്നു എന്ന് പറയാമെന്നു ഗൗതം ഭാടിയ നിരീക്ഷിക്കുന്നു (strangehorizons.com). ഇരു നോവലിസ്റ്റുകളും 2011 -ലെ അറബ് വസന്തത്തില്‍ നേരിട്ട് പങ്കെടുത്തവരായിരുന്നു. കൃതികള്‍ രണ്ടും നോവലുകള്‍ ആണെങ്കിലും വ്യക്തിപരമായ അനുഭവങ്ങളുടെ നിഴല്‍ രണ്ടിലും വളരെ സജീവമാണ്. എന്നാല്‍ ഹാമില്‍ട്ടണ്‍ 2011 മുതല്‍ 2014 വരെ കാലയളവില്‍ ഇജിപ്ഷ്യന്‍ തെരുവുകളില്‍ യഥാര്‍ത്ഥ കഥാപാത്രങ്ങളും കല്‍പ്പിത കഥാപാത്രങ്ങളും ഇഴകോര്‍ക്കുംവിധം വൈയക്തികവും സാമൂഹ്യവുമായ ദുരന്തങ്ങളെ ആവിഷ്കരിക്കുമ്പോള്‍ The Queue, യഥാതഥ ലോകത്തെ ബോധപൂര്‍വ്വം അമൂര്‍ത്തവല്ക്കരിച്ചിട്ടുണ്ട്. സംഭവങ്ങളും പേരുകളും ചരിത്ര സൂചകങ്ങളും നേരിട്ട് തിരിച്ചറിയാതാക്കും വിധം അകലത്തിലേക്ക് മാറ്റിയിട്ടുണ്ട്.
ഇജിപ്ഷ്യന്‍ ജേണലിസ്റ്റ്, പീഡനത്തിനിരയായവരെ ചികിത്സിക്കുന്ന കൈറോയിലെ നദീം സെന്ററിലെ മനോരോഗ വിദഗ്ധ, ഇജിപ്ഷ്യന്‍ അധികാരികള്‍ 2016 ഫെബ്രുവരിയില്‍ കേന്ദ്രം അടച്ചു പൂട്ടിയിട്ടും തന്റെ സേവനം തുടരുന്ന സാമൂഹ്യപ്രവര്‍ത്തക, ഭരണകൂട ഭീകരതക്കെതിരെ ഉച്ചത്തില്‍ ശബ്ദിക്കുന്ന, 'ഞാന്‍ ഭയപ്പെടുന്നില്ല' എന്ന് തുറന്നടിക്കുന്ന 'ദി റിബല്‍' എന്ന് വിളിപ്പേരുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാളി, എഴുത്തുകാരി. ബാസ്മ അബ്ദെല്‍ അസീസ് ഇതെല്ലാമാണ്. അവരുടെ ഇംഗ്ലീഷില്‍ ലഭ്യമാകുന്ന ആദ്യ കൃതിയാണ് The Queue. ഒരിക്കലും തുറക്കപ്പെടില്ലെന്നു തോന്നിച്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ അനന്തമായി കാത്തുനില്‍ക്കുന്ന നാട്ടുകാരെ കാണേണ്ടിവന്ന അനുഭവത്തെ കുറിച്ച് അവര്‍ വിവരിച്ചിട്ടുണ്ട്. തുടര്‍ന്ന് പതിനൊന്നു മണിക്കൂര്‍ നേരം തുടര്‍ച്ചയായി എഴുതിയ ഒരു സര്‍ റിയലിസ്റ്റ് രചന പിന്നീട് നോവലായി പരിണമിക്കുകയായിരുന്നു. നോവല്‍ ആരംഭത്തില്‍ നാം കണ്ടുമുട്ടുന്ന യഹ് യുടെ കാത്തുനില്‍പ്പ് നൂറ്റിനാല്‍പ്പതു ദിവസമെന്ന സൂചനയാണ് നോവലിന്റെയും കാലഗണന. “സര്‍വ്വാധികാര സ്വരൂപത്തെ കുറിച്ച് എനിക്ക് പറയാനുള്ളത് പറയാന്‍ വേണ്ട വിശാലമായ ഇടമാണ് ഫിക് ഷന്‍ നല്‍കിയത്" എന്ന് എഴുത്തുകാരി പറഞ്ഞിട്ടുണ്ട്. അറബ് വസന്തത്തിന്റെ ശൈഥില്യത്തെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളെ ആവിഷ്കരിക്കാന്‍ ഓര്‍ വെല്ലിന്റെയും കാഫ് കയുടെയും മാതൃകയുള്ള ഡിസ്റ്റോപ്പിയന്‍, സര്‍ റിയലിസ്റ്റ് രചനാ രീതി ഏറെ ഫലപ്രദമായി മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എഴുത്തുകാര്‍ ഉപയോഗിക്കുന്നുണ്ട്.
പേരുപറയുന്നില്ലാത്ത നാട്ടില്‍ പക്ഷെ കഥാപാത്രങ്ങളുടെ പേരുകള്‍ മിഡില്‍ ഈസ്റ്റ് അറബ് ഭൂമിക അടയാളപ്പെടുത്തുന്നു: താരിക്, യഹ് യ, നാഗി, ഉമ്മു മബ് റൂഖ്, അമാനി, തുടങ്ങിയവ. 'കവാടം (ദി ഗേറ്റ്) എന്ന് പേരായ, ശരിക്കുമൊരു കവാടം പ്രതിനിധാനം ചെയ്യുന്ന, ഒരു സര്‍വ്വാധിപത്യ സ്വരൂപം 'അടിച്ചമര്‍ത്തല്‍ ശക്തി (the Quell Force) എന്ന് വിളിക്കുന്ന സൈനിക വിഭാഗത്തിന്റെ സഹായത്തോടെ എല്ലാം അടക്കി ഭരിക്കുന്നു. മുന്‍ ഭരണത്തിന് നേരെ നടന്ന 'ആദ്യത്തെ കൊടുങ്കാറ്റ് (the First Storm)' എന്ന് വിളിക്കപ്പെട്ട, കലാപത്തെ തുടര്‍ന്ന് അധികാരം സ്ഥാപിച്ച 'കവാടം' 'അപമാനകരമായ സംഭവങ്ങള്‍ (The Disgraceful Events) എന്ന് വിളിക്കപ്പെട്ട രണ്ടാം കലാപത്തെ അടിച്ചമര്‍ത്തിയ ശേഷം അടച്ചിടുകയായിരുന്നു. അതിനു ശേഷം തുറന്നിട്ടെയില്ലാത്ത കവാടത്തിനു മുന്നില്‍ ജീവിതത്തിലെ എല്ലാതുറകളിലും അവിടെ നിന്ന് കിട്ടുന്ന/ കിട്ടേണ്ട രേഖകളും തിരിച്ചറിയല്‍ കാര്‍ഡുകളും അനുമതി പത്രങ്ങളും ആവശ്യമായി വരുന്ന ജനത വരിനില്‍ക്കാന്‍ തുടങ്ങുന്നതാണ് നോവലിന്റെ തലക്കെട്ടിന്റെ ഉറവിടമായ രൂപകത്തിനാധാരം. അത് വളര്‍ന്നു കൊണ്ടേയിരിക്കുന്നു, അതിനകത്ത് കൊച്ചു സമാന്തര സമൂഹനിര്‍മ്മിതിയും വ്യവഹാരങ്ങളും രൂപമെടുക്കുന്നു. ബാര്‍ട്ടര്‍ സമ്പ്രദായവും ഗോസ്സിപ്പ് നേരമ്പോക്കുകളും രൂപമെടുക്കുന്നു. ജീവിതവും കാത്തുനില്‍പ്പും ഒന്നാവുകയോ പര്യായങ്ങളാവുകയോ ചെയ്യുന്നു.
ആളുകള്‍ക്ക് ക്യൂവില്‍ ഇടം പിടിക്കുന്നതിനു പലതരം കാരണങ്ങളുണ്ട്. ചുവപ്പുനാടയില്‍ കുരുങ്ങി ചികിത്സാനുമതി നീണ്ടു പോയത് കാരണം ഒരു മകള്‍ നഷ്ടപ്പെട്ട സ്ത്രീ തന്റെ മറ്റൊരു കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്; 'അപമാനകരമായ സംഭവങ്ങളുടെ ദിനത്തില്‍' കൊല്ലപ്പെട്ട സെക്യൂരിറ്റി ഗാര്‍ഡിന്റെ ബന്ധു അയാളുടെ ജീവത്യാഗം ഔദ്യോഗികമായി അംഗീകരിച്ചു കിട്ടാനുള്ള ശ്രമത്തിലാണ്; ഒരു ജേണലിസ്റ്റ് വസ്തുതകള്‍ കൂട്ടിത്തുന്നി മനസ്സിലാക്കാന്‍ മാര്‍ഗ്ഗം തേടുന്നു. നോവലിലെ മുഖ്യ കഥാപാത്രങ്ങളില്‍ ഒരാളായ, റാഡിക്കല്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ അംഗമായിരുന്നുവെന്നു സൂചനയുള്ള യഹ് യ അതേ ദിനത്തില്‍ ഉടലില്‍ ഏറ്റുവാങ്ങിയ വെടിയുണ്ട നീക്കം ചെയ്യുന്നതിനുള്ള അനുമതി പത്രവും തേടിയാണ് ക്യൂവില്‍ എത്തുന്നത്. ആ ദിനത്തിലെ സംഭവങ്ങള്‍ ദുരൂഹമായി തുടരുന്നു എന്ന് മാത്രമല്ല യഹ് യാക്ക് ആരാണ് തന്നെ വെടിവെച്ചതെന്നറിയുകയുമില്ല. അസംബന്ധമെന്നറിയാമെങ്കിലും 'കവാട'ത്തില്‍ നിന്നുള്ള അനുമതി പത്രമില്ലാതെ അത്തരം ശസ്ത്രക്രിയ നടത്തുന്നത് ശിക്ഷാര്‍ഹമാണ് എന്നറിയുന്ന താരിഖ് ആത്മ രക്ഷക്കും ഡോക്റ്ററുടെ കടമക്കും ഇടയില്‍ കടുത്ത സമ്മര്‍ദ്ദത്തിലാവുന്നു. സുഹൃത്തുക്കളായ ഹാഗിയും അമാനിയും 'കവാട'ത്തിന്റെ ദുരൂഹ വിലക്കുകള്‍ മറികടക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കുന്നില്ലെന്നു മാത്രമല്ല, യഹ് യുടെ അവസ്ഥയെ സംബന്ധിച്ച യാഥാര്‍ത്ഥ്യത്തിനു ഏക തെളിവായ എക്സ്റെ തേടി അകത്തെക്ക് പോകുന്ന അമാനി കൊടിയ അപമാനത്തിനും മനോനില തെറ്റിക്കുന്ന പീഡനത്തിനും ശേഷം കവാടം നിര്‍മ്മിക്കുന്ന കല്‍പ്പിതയാഥാര്‍ത്ഥ്യം വിശ്വസിച്ചു തുടങ്ങുകയും ചെയ്യുന്നു. സംഭവ ദിവസം വെടിവെപ്പ് ഉണ്ടായിട്ടേയില്ല.
"അവള്‍ അയാളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു അന്ന് അയാളുടെ ഇടുപ്പില്‍ തുളഞ്ഞിറങ്ങികയും വസ്തിപ്രദേശത്തു നിലയുറപ്പിക്കുകയും ചെയ്ത വെടിയുണ്ട ഒറിജിനല്‍ അല്ലായിരുന്നു, അത് നീക്കം ചെയ്യല്‍ പ്രധാനമല്ല, ആരാണ് തന്നെ വെടിവെച്ചത് എന്നതിനെ കുറിച്ചോര്‍ത്ത് ഇനിയും അയാള്‍ വിഷമിക്കേണ്ടതില്ല..”
നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നു:
“പക്ഷെ യഹ് യക്ക് വിശ്വാസമായില്ല, ചോരയൊലിക്കുന്നത് ഇപ്പോഴും തുടര്‍ന്നുകൊണ്ടിരുന്നു.”
ഡിസ്റ്റൊപ്പിയന്‍ സാഹിത്യത്തിലെ പതിവ് രീതിയായ 'ഓര്‍വെല്ലിയന്‍ നുണ (double-speak) കൊണ്ടു മറികടക്കാനാവുന്നതല്ല അയാളെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരുന്ന കൊടിയ വേദന. പ്രസ്തുത ദിവസം വെടിയേറ്റു എന്നവകാശപ്പെടുന്നവരെല്ലാം ഒന്നൊന്നായി അപ്രത്യക്ഷരാകുന്നത് മനസ്സിലാക്കുന്ന താരിഖ് ഒരു തെരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്: ഒന്നുകില്‍ എല്ലാം മറക്കുക, ഔദ്യോഗിക ഭാഷ്യം അംഗീകരിക്കുക.. അല്ലെങ്കില്‍ യഹ് യയെ ചികിത്സിച്ചു പ്രത്യാഘാതങ്ങള്‍ നേരിടുക. ഇതേ സമയം, ഇതിവൃത്ത കാലത്തില്‍ ഉടനീളം യഹ് യ കൂടുതല്‍ കൂടുതല്‍ അവശനായി വരികയും ചുറ്റുമുള്ള ആളുകള്‍ കൂടുതല്‍ നൈരാശ്യത്തിലേക്ക് വീഴുകയും സര്‍ക്കാറിന്റെ അടിച്ചമര്‍ത്തല്‍ നയവും വസ്തുതകളോട് മുഖം തിരിക്കലും പൂര്‍വ്വാധികം ശക്തമാവുകയും ചെയ്യുന്നു.
കിരാതമായ സൈനിക ശക്തിയും പ്രചണ്ഡമായ പ്രോപ്പഗാണ്ടയുടെ ഇരട്ടത്താപ്പും കൊണ്ടും ബ്യൂറോക്രസിയുടെ മനുഷ്യപ്പറ്റില്ലാത്ത ചക്രവ്യൂഹങ്ങളില്‍ പെടുത്തിയും സര്‍വ്വാധിപത്യ സ്വരൂപങ്ങള്‍ ജനതയെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാക്കുന്നതിന് സാഹിത്യത്തില്‍ ഒട്ടേറെ മാതൃകകള്‍ ഉണ്ട്. കാഫ് കയുടെ ദി കാസില്‍, ഓര്‍വെല്ലിന്റെ 1984, ഹക്സ് ലിയുടെ ബ്രേവ് ന്യു വേള്‍ഡ്, ഇസ്മയില്‍ കദാരെയുടെ ദി പാലസ് ഓഫ് ഡ്രീംസ് തുടങ്ങി അത്തരം ഡിസ്റ്റോപ്പിയന്‍ കൃതികള്‍ ശ്വാസം മുട്ടിക്കുന്നതും പേടിസ്വപ്നത്തിന്റെ അന്തരീക്ഷമുള്ളതുമായ അറബ് വസന്താനന്തര യാഥാര്‍ത്ഥ്യം അഭിമുഖീകരിക്കാന്‍ മിഡില്‍ ഈസ്റ്റ് എഴുത്തുകാര്‍ക്ക് മികച്ച മാതൃകകള്‍ ആയിത്തീരുന്നുണ്ടെന്നു സമീപകാല അറബ് സാഹിത്യം തെളിയിക്കുന്നു. ഭാഷയെ തന്നെ സ്റ്റേറ്റിന്റെ താല്പര്യത്തിനനുസരിച്ചുള്ള ഒരു അപരസത്യ/ ചരിത്ര നിര്‍മ്മിതിക്കുപയോഗിക്കുക എന്നത് ഡിസ്റ്റോപ്പിയന്‍ സാഹിത്യത്തിലെ പ്രകടമായ സ്വഭാവമാണ്. എതിര്‍പ്പും ചെറുത്തുനില്‍പ്പിനുള്ള ശ്രമം തന്നെയും അസാധ്യമാക്കുന്ന ഒരു പേരിടലിലൂടെ അധികാര കേന്ദ്രത്തെ തന്നെ സുരക്ഷിതമായി അമൂര്‍ത്തവല്‍ക്കരിക്കുകയാണ് ബാസ്മ അബ്ദെല്‍ അസീസ്: ആര്‍ക്കും ഒരു 'കവാട'ത്തിനെതിരില്‍ കലാപം ചെയ്യാനാവില്ലല്ലോ. ജനജീവിതത്തിലെ സന്ദര്‍ഭങ്ങളെയും അനുഭവങ്ങളെയും അവയുടെ മൂര്‍ത്ത വസ്തുതകളില്‍ നിന്ന് അടര്‍ത്തിമാറ്റി മുദ്രാവാക്യസ്വഭാവമുള്ള ഗണങ്ങളിലെക്ക് ചുരുക്കുകയും മറു പാഠങ്ങള്‍ക്ക് ഇടമില്ലാത്ത വിധം ഭാഷയും യാഥാര്‍ത്ഥ്യവും തമ്മില്‍ സിന്തസിസ് സാധ്യമാക്കുകയും ചെയ്യുമ്പോഴാണ് സര്‍വ്വാധിപത്യം വിജയിക്കുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ക്യൂ പ്രതിനിധാനം ചെയ്യുന്ന സര്‍വ്വാധിപത്യ വിധേയത്വത്തിനെതിരെ ഉയരുന്ന പ്രതിരോധ പ്രസ്ഥാനം - 'അലവലാതിക്കൂട്ടം (the Riffraff) എന്ന് നോവലില്‍- ആദ്യം ചെറിയ വിജയങ്ങള്‍ നെടുന്നുവെങ്കിലും ആളുകള്‍ അതിനെ കയ്യൊഴിയുന്നത് അതുകൊണ്ടാണ്. 'വിശസനീയമായ ഒരു മറുവഴി കാണിക്കുന്നതില്‍' അത് പരാജയപ്പെടുന്നു. 'അതുകൊണ്ട് ക്യൂവില്‍ ഉള്ള എല്ലാവരും .. പ്രതീക്ഷ കൈവിടാന്‍ വിസമ്മതിച്ചു. തങ്ങള്‍ തേടിവന്ന തീര്‍പ്പ് എന്താണോ അത് കിട്ടും വരെ വിട്ടുപോകാന്‍ ആരും തയ്യാറായിരുന്നില്ല.”എന്തെങ്കിലും ചെയ്യാനുള്ള ഒരവസരവും ഇല്ലാതാവുന്നതിലൂടെ സ്ഥാപിതമാകുന്ന വിധേയപ്പെടല്‍ തന്നെയാണ് ജനജീവിതത്തിന്റെ സമസ്ത മേഖലയിലും സര്‍വ്വാധിപത്യം പിടിമുറുക്കിത്തുടങ്ങുന്നതിന്റെ ഭീഷണമായ നാന്ദി.
The Queue മുന്നോട്ടു വെക്കുന്ന സര്‍വ്വാധിപത്യ ചിത്രം കൃത്യമായും പുതു നൂറ്റാണ്ടിന്റെതാണ്. ഒരു സ്വകാര്യ ടെലികോം കമ്പനി 'കവാട'വുമായി സഹകരിക്കുകയും ആദ്യഘട്ടത്തില്‍ സൌജന്യ കോളുകള്‍ എന്ന ചൂണ്ടയിലൂടെ ആകര്‍ഷിക്കുന്ന ക്യൂവിലെ ജനങ്ങളെ നിഗൂഡമാം വിധം നിരീക്ഷണ വിധേയരാക്കുകയും ചെയ്യുന്നു. ന്യൂസ് പേപ്പറുകള്‍ 'വാസ്തവം (the Truth) എന്ന് പേരായ ഒരൊറ്റ പത്രത്തിലേക്ക് ചുരുങ്ങുന്നു. 'കവാട'ത്തില്‍ നിന്നും നിയമങ്ങളും ഫത് വകളും പ്രവഹിക്കുന്നു. ഷെയ്ഖ് എന്ന് മാത്രം വിളിക്കപ്പെടുന്ന ഒരു മതാധ്യക്ഷന്‍ 'കവാട'ത്തെ സമ്പൂര്‍ണ്ണമായി ന്യായീകരിക്കുന്നതില്‍ മുഴുകുന്നു. മതവും മൂലധന ശക്തികളും എങ്ങനെയാണ് സര്‍വ്വാധിപത്യ ഭരണകൂടങ്ങളോട് കൈകോര്‍ക്കുന്നത് എന്നതിന്റെ മികച്ച ചിത്രീകരണമാണ് ഇത്.
സര്‍വ്വാധിപത്യ ഭരണ ക്രമങ്ങള്‍ക്ക് ജനതയെ ആദിയും അന്തവുമില്ലാത്ത രീതിയില്‍ വരി നിര്‍ത്താനുള്ള പ്രവണത ഒരൊറ്റ അച്ചില്‍ എല്ലാ വൈരുധ്യങ്ങളെയും ഒടുക്കാനുള്ള ബഹുസ്വരതാ വിരുദ്ധതയുമായി ചേര്‍ത്തു കാണാം. അത് ഭീഷണവും അസംബന്ധ പൂര്‍ണ്ണവും ആയി കൊണ്ടാടുന്ന അധമ അധികാര സ്വരൂപങ്ങള്‍ക്ക് പുതുകാല സാഹിത്യത്തില്‍ വേറെയും ഉദാഹരണങ്ങളുണ്ട്. എന്‍ഗൂഗി വാ തിയോംഗോയുടെ പുതിയ നൂറ്റാണ്ടിലിറങ്ങിയ ഏക നോവല്‍ The Wizard of the Crow യില്‍ ഇതിവൃത്ത കേന്ദ്രത്തില്‍ ഇടം പിടിക്കുന്നതും അനന്തമായി നീണ്ടു പോകുന്ന രണ്ടു ക്യൂകളാണ്- ഒരൊറ്റ വേക്കന്‍സിയുടെ പരസ്യം കണ്ടെത്തുന്ന തൊഴിലന്വേഷകരുടെ ഒരെണ്ണവും 'മാര്‍ച്ചിംഗ് ടു ഹെവന്‍' എന്ന കൂറ്റന്‍ ഗോപുരത്തിന്റെ കോമാളി നിര്‍മ്മിതിയില്‍ പങ്കു കിട്ടാന്‍ കൈക്കൂലിപ്പണം നിറച്ച ഭീമന്‍ പെട്ടികളുമായി ഭാഗ്യാന്വേഷികളായി എത്തുന്ന കരാറുകാരുടെ അനന്ത നിരയും. ഇരുപതാം നൂറ്റാണ്ടിലെങ്ങും കോളനികളുടെ സ്വാതന്ത്ര്യം വെച്ച് താമസിപ്പിച്ച യൂറോപ്പ്യന്‍ കൊളോണിയല്‍ ശക്തികള്‍ 'നിങ്ങള്‍ ചരിത്രത്തിന്റെ വെയ്റ്റിംഗ് റൂമിലാണ് - ഇത്തിരി കൂടി കാത്തിരിക്കുക' എന്നാണു ആവശ്യപ്പെട്ടു കൊണ്ടിരുന്നത് എന്ന് ഗൌതം ഭാടിയ നിരീക്ഷിക്കുന്നു. കൊളോനിയളിസം കഴിഞ്ഞെങ്കിലും കാത്തുനില്‍പ്പ് തുടരുന്നു.
ഇജിപ്ത്, ടുണീഷ്യ, സിറിയ തുടങ്ങി അറബ് വസന്തത്തിന്റെ വേലിയേറ്റം ഉണ്ടായ ഇടങ്ങളില്‍ ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം നിരാശാപൂര്‍ണ്ണവും ഇരുണ്ടതുമായ വിപ്ലവ പരാജയാനന്തര സാഹിത്യത്തിന്റെ ഒരു ശക്തമായ ധാര ഉരുവപ്പെടുന്നുണ്ട്. ചില എഴുത്തുകാര്‍ സയന്‍സ് ഫിക് ഷന്‍, ഫാന്റസി സാധ്യതകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ മറ്റു ചിലര്‍ അന്ന് വരെ തൊട്ടുകൂടാത്തതായി കണക്കാക്കിവന്ന ലൈംഗികത, നിരീശ്വരവാദം തുടങ്ങിയ പ്രമേയങ്ങള്‍ ധീരമായി കൈകാര്യം ചെയ്തു തുടങ്ങിയിട്ടുണ്ട്. കവിതയുടെ പ്രാമിണികതക്കപ്പുറം കോമിക്സ്, ഗ്രാഫിക് നോവലുകള്‍, ഹൊറര്‍/ ആലിഗറി നോവലുകള്‍ തുടങ്ങിയ ഇതര സാഹിത്യ വിഭാഗങ്ങളും ശക്തി പ്രാപിക്കുന്നുണ്ട്. അറബ് സാഹിത്യത്തില്‍ മുന്നിട്ടു നിന്ന റിയലിസത്തില്‍ പ്രകടമായ വ്യതിയാനം ഇപ്പോള്‍ സംഭവിക്കുന്നുണ്ട് എന്നും കൂടുതല്‍ ഇരുണ്ടതും ആഴമേറിയതുമായ ഒന്നാണ് ഇപ്പോള്‍ പ്രത്യക്ഷത്തില്‍ വരുന്നത് എന്നും കുവൈത്തി നോവലിസ്റ്റ് സലിം ഹദ്ദാദ് നിരീക്ഷിക്കുന്നു.
സയന്‍സ് ഫിക് ഷനും സര്‍റിയലിസവും അടിച്ചമര്‍ത്തല്‍ രീതിയുള്ള ഭരണക്രമങ്ങളില്‍ കഴിയാന്‍ നിര്‍ബന്ധിതരാകുന്ന എഴുത്തുകാര്‍ ഒരു സുരക്ഷിത ആവിഷ്കാര മാര്‍ഗ്ഗമായി ഉപയോഗിക്കുക പതിവാണ്. ലാറ്റിന്‍ അമേരിക്കയില്‍ ദശാബ്ദങ്ങളായുള്ള ഫാസിസത്തിന്റെയും ആഭ്യന്തര യുദ്ധങ്ങളുടെയും സാഹചര്യങ്ങളില്‍ മാജിക്കല്‍ റിയലിസം മാര്‍ക്കെസിനും ഇസബെല്‍ അയന്റെക്കും രചനാ രീതിയായപ്പോള്‍ വ്ലാദിമിര്‍ സൊറോകിനെ പോലുള്ള റഷ്യന്‍ പോസ്റ്റ് മോഡേണിസ്റ്റ് എഴുത്തുകാര്‍ തങ്ങളുടെ വിവാദ ഫ്യൂച്ചുറിസ്റ്റിക് നോവലുകളിലൂടെ തങ്ങളുടെ നാട്ടിലെ പിന്തിരിപ്പന്‍, ഭീകര ഭരണത്തെ പരോക്ഷമായി വിചാരണ ചെയ്യുന്നു. അറബിക് ഫിക് ഷനിലും ഡിസ്റ്റോപ്പിയന്‍ പ്രമേയങ്ങള്‍ പുതുതല്ലെങ്കിലും ഈയടുത്ത കാലത്താണ് അത് ഏറെ പ്രാധാന്യം നേടിയത്. അക്രമങ്ങളുടെയും അടിച്ചമര്‍ത്തലിന്റെയും ചാക്രികതയില്‍ നിന്നുണ്ടാവുന്ന നൈരാശ്യം അവതരിപ്പിക്കുന്നതിനു എഴുത്തുകാര്‍ക്ക് ഈ രീതികള്‍ സഹായകമാകുന്നു. ഒപ്പം, ഫ്യൂച്ചറിസ്റ്റിക്ക് പശ്ചാത്തലം നല്‍കുന്നത് രാഷ്ട്രീയ വിവക്ഷകള്‍ ക്ഷണിച്ചു വരുത്തിയേക്കാവുന്ന പ്രശ്നങ്ങള്‍ക്കെതിരെ എഴുത്തുകാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ഫലപ്രദമായ മറയായി വര്‍ത്തിക്കുകയും ചെയ്യുന്നു. നഷ്ടമായ സങ്കല്‍പ്പത്തെ കുറിച്ചുള്ള ഇത്തരം കഥകള്‍ ഒരര്‍ത്ഥത്തില്‍ അറബ് വസന്താനന്തര യാഥാര്‍ത്ഥ്യം മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഭീകരമാണ് എന്ന നൈരാശ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് 'ഡയറീസ് ഓഫ് ആന്‍ അണ്‍ഫിനിഷ്ഡ് റവലൂഷന്‍' എന്ന സമാഹാരത്തിന്റെ എഡിറ്ററായ ലൈല അല്‍ സുബൈദി അഭിപ്രായപ്പെടുന്നു. കലാപത്തെ തൊട്ടു തുടര്‍ന്നുണ്ടായ മാസങ്ങളില്‍ ജനാധിപത്യത്തെ കുറിച്ചും സ്വാതന്ത്ര്യത്തെ കുറിച്ചുമുള്ള പ്രതീക്ഷകള്‍ പൊലിഞ്ഞു പോയ ഘട്ടത്തില്‍ തങ്ങളുടെ നൈരാശ്യങ്ങളും ഭയങ്ങളും മുഹമ്മദ് റബിയുടെ 'ഒതാരെദ്' പോലുള്ള തികച്ചും ഇരുണ്ട സര്‍വ്വനാശ ഭീതിയുള്ള കഥകളില്‍ നോവലിസ്റ്റുകള്‍ ആവിഷ്കരിച്ചു. ഹോസ്നി മുബാറകിന്റെ മുപ്പതു കൊല്ലം നീണ്ട ഭരണം അവസാനിപ്പിച്ച 2011 -ലെ തുടര്‍ച്ചയായ പ്രകടനങ്ങള്‍ക്ക് ശേഷം ജനാധിപത്യ വാദികള്‍ നേരിട്ട തുടര്‍ത്തുടരെയുള്ള പരാജയങ്ങളോടുള്ള പ്രതികരണമായാണ് തന്റെ നോവല്‍ എഴുതപ്പെട്ടതെന്ന് മുഹമ്മദ് റബി പറയുകയുണ്ടായി.. സമകാലിക ഇജിപ്ഷ്യന്‍ ഭരണത്തോട് സമാന്തരതകള്‍ കാണാമെങ്കിലും നോവലിന്റെ പശ്ചാത്തലം സമീപസ്ഥ ഭാവിയിലേക്ക് മാറ്റുന്നതിലൂടെ നിലവിലെ ഭരണാധികാരിയുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കപ്പെടുന്നില്ല. നായേല്‍ എല്‍തൂക്കിയുടെ 'വിമിന്‍ ഓഫ് കരന്തിന' എന്ന ആക്ഷേപ ഹാസ്യ രചനയാകട്ടെ, 2064-കാലത്തെ, കുറ്റകൃത്യങ്ങളുടെ കേന്ദ്രമായ അലക്സാണ്ടറിയ്യയാണ് പശ്ചാത്തലമാക്കുന്നത്. “ഇജിപ്തില്‍, വിശേഷിച്ചും വിപ്ലവത്തിന് ശേഷം, എല്ലാം ഭീകരമാണ്, പക്ഷെ എല്ലാം തമാശയുള്ളതുമാണ്. ഇപ്പോള്‍ അത് മുബാറകിന്റെ കാലത്തേക്കാള്‍ മോശമാണ് എന്നാണു എന്റെ തോന്നല്‍” - നോവലിസ്റ്റ് ഒരഭിമുഖത്തില്‍ പറയുന്നുണ്ട്. സമൂഹത്തില്‍ പൊതുവേയുള്ള നിരാശതാബോധത്തെ ഈ കൃതികള്‍ പ്രതിഫലിപ്പിക്കുന്നതാണ് അവയുടെ ജനകീയ സ്വീകാര്യതക്ക് കാരണമെന്ന് പ്രസാധകര്‍ കരുതുന്നു. വിപ്ലവത്തിന് തൊട്ടു പിറകെ എഴുത്തുകാര്‍ പ്രകടിപ്പിച്ച ഉന്മാദപൂര്‍ണ്ണമായ ആവിഷ്കാര ധാരാളിത്തത്തില്‍ നിന്ന് പ്രകടമായ സ്വരഭേദം ഇപ്പോള്‍ സംഭവിക്കുന്നുണ്ട്. ഇജിപ്ഷ്യന്‍ നോവലിസ്റ്റുകള്‍ ആയ അഹ്ദാഫ് സൂയിഫ്, മോനാ പ്രിന്‍സ്, സിറിയന്‍ നോവലിസ്റ്റ് സമാറ യാസ്ബെക് തുടങ്ങിയവരൊക്കെ അന്നത്തെ ശുഭാപ്തി പങ്കുവെച്ച രചനകള്‍ നടത്തിയവരാണ്. മുബാറകിന്റെ ഭരണത്തിലും അതിനു തൊട്ടു പിറകിലുള്ള കാലത്തുമായി രാഷ്ട്രീയ ബോധ്യങ്ങളിലേക്ക് വളരുന്ന ഒരു യുവതിയുടെ കഥ പറയുന്ന 'ക്രോണിക്കിള്‍ ഓഫ് എ ലാസ്റ്റ് സമ്മര്‍' എന്ന നോവലിന്റെ കര്‍ത്താവായ യാസ്മിന എല്‍ റഷീദി നിരീക്ഷിക്കുന്നു: “വിപ്ലവത്തിന്റെ അനുഭവത്തെ സംബന്ധിച്ച ഒരു കാര്യമുണ്ടായിരുന്നു, നിങ്ങള്‍ക്ക് പെട്ടെന്ന് ശബ്ദമുണ്ടായി, നിങ്ങളുടെ ശബ്ദത്തിന് വിലയും അര്‍ത്ഥവുമുണ്ടായി..” വിപ്ലവാനന്തരം ആ ശുഭാപ്തി തകര്‍ന്നു, എല്ലാ തരം സര്‍ഗ്ഗ പ്രകാശനവും അധികാരികള്‍ അടിച്ചു തകര്‍ത്തു. സൗദി അറേബ്യന്‍ കവി അഷ്‌റഫ് ഫയാദ് മത നിന്ദയുടെ പേരില്‍ മരണ ദണ്ഡനക്ക് വിധിക്കപ്പെട്ടു. അന്താരാഷ്‌ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അത് പിന്നീട് എട്ടു വര്‍ഷം തടവും എണ്ണൂറു അടിയും എന്ന് പുനര്‍ നിര്‍ണ്ണയിക്കപ്പെട്ടു. ഇജിപ്തില്‍ പ്രസിഡന്റ് അബ്ദെല്‍ ഫതാഹ് എല്‍ സിസിയുടെ തീവ്ര മത സര്‍ക്കാര്‍ ആര്‍ട്ട് ഗാലറികള്‍ അടച്ചിടുകയും പ്രസിദ്ധീകരണ ശാലകള്‍ റെയ്ഡ് ചെയ്യുകയും വിവാദ പരാമര്‍ശങ്ങള്‍ ഉള്ളതെന്ന് കണക്കാക്കപ്പെട്ട കൃതികള്‍ കണ്ടുകെട്ടുകയും ചെയ്തു. തെരുവു ചിത്രകലയെ കുറിച്ചുള്ള 'വാള്‍ ഓഫ് ഫ്രീഡം' എന്ന കൃതിയുടെ 400 കോപ്പികള്‍ കണ്ടുകെട്ടിയത് ഉദാഹരണം.
'അറബ് വസന്തവും വിപ്ലവവും ജനങ്ങളുടെ ഭയത്തെ തകര്‍ക്കുകയും അവര്‍ക്ക് സ്വയം പ്രകാശിപ്പിക്കുന്നതിനുള്ള കര്‍തൃത്വം നല്‍കുകയും ചെയ്തു. എന്നാലിപ്പോള്‍ അടിച്ചമര്‍ത്തല്‍ തിരികെയെത്തി.” എന്ന് ബാസ്മ അബ്ദെല്‍ അസീസ് നിരീക്ഷിക്കുന്നു. മുബാറകിന്റെ പതനശേഷമുള്ള സാമാന്യ ഇജിപ്ഷ്യന്‍ ജനജീവിതത്തിന്റെ സര്‍റിയല്‍ അനുഭവം ആവിഷ്കരിക്കുന്നതിനു റിയലിസ്റ്റ് ആഖ്യാനങ്ങള്‍ പോരെന്ന് അവര്‍ വിലയിരുത്തുന്നു. പകരം ഭൂമിശാസ്ത്രത്തിന്റെയും സമകാലികതയുടെയും അതിരുകള്‍ ഭേദിക്കുന്ന ഒരു സാര്‍വ്വലൌകിക കഥയായാണ് അത് ആവിഷ്കരിക്കേണ്ടത് എന്ന് അവര്‍ തിരിച്ചറിയുന്നു. അത്തരം ആഖ്യാനത്തിന് കണ്ടെടുക്കുന്ന ശക്തമായ കോഡുകളില്‍ മുബാറക് വിരുദ്ധ കലാപം 'ആദ്യത്തെ കൊടുങ്കാറ്റ്' ആവുമ്പോള്‍ പിന്നീടുണ്ടായ രക്തച്ചൊരിച്ചില്‍ 'അപമാനകരമായ സംഭവങ്ങള്‍' എന്ന് പരാവര്‍ത്തനം ചെയ്യപ്പെടുന്നു. പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തതിന് മൂന്നു തവണ അറസ്റ്റ് ചെയ്യപ്പെട്ട ബാസ്മ തിരിച്ചറിയുന്നു: ഭയപ്പെട്ടു ജീവിക്കുന്നതില്‍ കാര്യമേയില്ല.
