യുദ്ധഭൂമിയിലെ സ്ത്രീസാന്നിധ്യമെന്നത് ‘ആയിരം കപ്പലുകളെ പടക്കിറക്കിയ’ (Doctor Faustus- Christopher Marlowe), എല്ലാ സംഘര്‍ഷങ്ങളുടെയും കാരണഭൂതര്‍ എന്ന നഗ്നമായ സ്ത്രീവിരുദ്ധതയിലും പങ്കിട്ടെടുക്കാനുള്ള യുദ്ധമുതല്‍ എന്ന വസ്തുവല്‍ക്കരണത്തിലും അധിഷ്ടിതമായ സങ്കല്‍പ്പമായിരുന്നു ക്ലാസ്സിക് കഥകളില്‍. ആധുനിക സാഹിത്യത്തില്‍ അവരുടെ സ്ഥാനം അഭയാര്‍ഥികള്‍/ കൂട്ട ബലാല്‍ക്കാര ഇരകള്‍ എന്ന രീതിയില്‍ ഏതാണ്ട് നിര്‍വ്വചിക്കപ്പെട്ടു. രണ്ടാം ലോക യുദ്ധകാലത്ത് മലയായിലും ഹോങ്കോങ്ങിലും ജാപ്പനീസ് സൈനികരുടെ ലൈംഗിക ആവശ്യത്തിനായി അടിമയാക്കപ്പെട്ട പെണ്മയുടെ കടം ലോകമിനിയും വീട്ടിത്തീര്‍ത്തിട്ടില്ല. കുറേകൂടി ജനാധിപത്യവല്‍ക്കരിക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ ഹെമിഗ് വേയുടെ കാതറിന്‍ ബാര്‍ക്ക് ലി (A Farewell to Arms), മൈക്കല്‍ ഒണ്ടാറ്റ് യേയുടെ ഹന (The English Patient) തുടങ്ങിയവരെ പോലെ യുദ്ധ മേഖലയിലെ ആശുപത്രി ജീവനക്കാരായും മുറിവേറ്റവരുടെ ശുശ്രൂഷകരായും വനിതാസാന്നിധ്യം ആദര്‍ശവല്‍ക്കരിക്കപ്പെട്ടു. എന്നാല്‍, മുഖ്യധാരാ സാഹിത്യ തട്ടകങ്ങളില്‍ അധികമൊന്നും അടയാളപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും മുന്നണിയില്‍ത്തന്നെ സ്ത്രീസാന്നിധ്യം ഏറെയുണ്ടായിരുന്ന ഒളിപ്പോര്/ ചെറുത്തുനില്‍പ്പു യുദ്ധമുഖങ്ങള്‍ എല്‍.ടി.ടി.ഇ-യിലും വിയറ്റ്കോങ് പോരാട്ടങ്ങളിലും അതിശക്തമായിരുന്നുവെന്നു പ്രസ്തുത സംഘര്‍ഷങ്ങളുടെ ആഖ്യാനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പുരുഷ സൈനികരുടെ നിഴല്‍ എന്നതിനപ്പുറം യുദ്ധമുഖത്ത് കര്‍തൃത്വം സ്ഥാപിച്ചെടുത്ത കഥാപാത്രങ്ങളെ ഏഷ്യന്‍-ആഫ്രിക്കന്‍ സാഹിത്യത്തിലും വിയറ്റ്‌നമീസ് സാഹിത്യത്തിലും കാണാനാവും. നയോമി മുനവീരയുടെ Island of Thousand Mirrors, ശര്‍മ്മിള സയ്യിദിന്റെ Ummath, ക്രിസ് അബാനിയുടെ Song for Night, ദ്വാങ് തു ഹ്വാങ്ങിന്റെ Novel Without A Name, No Man's Land തുടങ്ങിയ കൃതികള്‍ ഈ നിരയിലുണ്ട്. രണ്ടാം ഇറ്റാലോ – എത്യോപ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കാരണക്കാര്‍/ ഇരകള്‍ എന്നീ ദ്വന്ദ്വങ്ങള്‍ക്കപ്പുറം കടന്നു സ്വയം കര്‍തൃത്വവും ഒരു വേള നേതൃത്വവും സ്ഥാപിച്ചെടുക്കുന്ന പെണ്‍പോരാളികളുടെ ആഫ്രിക്കന്‍ ചിത്രം സൃഷ്ടിക്കുന്ന നോവലാണ് ചരിത്ര സന്ദര്‍ഭത്തില്‍ കൃത്യമായും ഊന്നി നിന്നുകൊണ്ടുള്ള എത്യോപ്യന്‍ അമേരിക്കന്‍ നോവലിസ്റ്റ് മാസാ മെംഗിസ്തെയുടെ രണ്ടാമത് കൃതി The Shadow King.
ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കിടയില്‍ കൊളോണിയല്‍ അധിനിവേശത്തിനു ഒരിക്കലും കീഴടങ്ങിയിട്ടില്ലാത്ത ദേശമെന്ന ഖ്യാതിയുണ്ട് എത്യോപ്യക്ക്. ഇരുപതാം നൂറ്റാണ്ടു പക്ഷെ ഈ മഹത്തായ ദേശത്തെ നാനാവിധത്തില്‍ പരീക്ഷിച്ചു. മുസ്സോളിനിയുടെ പടയോട്ടം, അയല്‍ രാജ്യങ്ങളായ എരിത്രിയ, സുഡാന്‍, സൊമാലിയ എന്നിവയുമായുള്ള ദീര്‍ഘ യുദ്ധങ്ങള്‍, വീണ്ടും വീണ്ടും വേട്ടയാടിയ കൊടും വരള്‍ച്ചകള്‍ എന്നിവയെ കൂടാതെ രക്ത രൂക്ഷിതമായ അധികാരക്കൈമാറ്റങ്ങളും ഈ നാടിനെ ചവച്ചു തുപ്പി. ഇതിലേറ്റവും ഭീകരമെന്ന് പറയാവുന്നത് സാമ്രാട്ട് ഹെയ് ലി സലാസിയെ സ്ഥാന ഭ്രഷ്ടനാക്കി ആറു പതിറ്റാണ്ട് നീണ്ടുനിന്ന ഭരണത്തിനു അന്ത്യം കുറിച്ചുകൊണ്ട് 1974-ല്‍ അധികാരം സ്ഥാപിച്ച മാര്‍ക്സിസ്റ്റ് സര്‍വ്വാധിപത്യത്തിന്റെ - 'The Derg' - സംസ്ഥാപനവുമായി ബന്ധപ്പെട്ട് അരങ്ങേറിയ അത്യാചാരങ്ങളായിരുന്നു. ഈ സംഘര്‍ഷ ഭരിതമായ നാളുകളെ പശ്ചാത്തലമാക്കി തന്റെ പ്രഥമ നോവലായ 'ബിനീത്ത് ദി ലയന്‍സ് ഗേസ്' രചിച്ചതിലൂടെ എത്യോപ്യന്‍ - അമേരിക്കന്‍ നോവലിസ്റ്റ് മാസ മെംഗിസ്തെ, ഫ്രാന്‍സ് ഫാനന്‍ 'ഭൂമിയിലെ നിര്‍ഭാഗ്യവാന്മാര്‍ ' എന്നു വിളിച്ച കൊളോണിയല്‍ അധിനിവേശത്തിന്റെ ഇരകള്‍ സ്വയം എത്ര വലിയ ഹിംസാത്മകതയുടെ പ്രയോക്താക്കളാവാന്‍ കഴിയുന്നവരാണ് എന്ന ചോദ്യത്തെ സുധീരം നേരിടുന്ന ക്രിസ് അബാനി, ചിമമാന്‍ഡാ അദീചി, ഹെലന്‍ ഹബീല, ഉസോദിന്മോ ഇവിയേല, അമിനാറ്റ ഫോര്‍ന തുടങ്ങിയ പുതുതലമുറ ആഫ്രിക്കന്‍ എഴുത്തുകാരോട് ചേരുന്നു എന്നും എന്നാല്‍ ഈ എഴുത്തുകാര്‍ മുന്‍ തലമുറയിലെ നൂറുദ്ദീന്‍ ഫറായെ പോലുള്ള സാഹിത്യകുലപതികള്‍ ഈ ഇരുണ്ട ഭൂമികയില്‍ കരഗതമാക്കിയ രാജകീയ കയ്യടക്കം ഇനിയും നേടേണ്ടാതായിട്ടുണ്ട് എന്നും (“the magisterial command of this dark terrain”) നിരീക്ഷിക്കപ്പെട്ടു (Lorraine Adams - Battle Scars - Sunday Book Review, 31- December- 2009). ഇത്തരം വിമര്‍ശനങ്ങള്‍ക്കുള്ള സര്‍ഗ്ഗാത്മക മറുപടി കൂടിയാണ് ചരിത്രകാലഘട്ട പരിഗണനയില്‍ ‘സിംഹദൃഷ്ടി’യുടെ മുന്‍ കൃതി (prequel) എന്നു പറയാവുന്ന ‘നിഴല്‍ രാജാവ്.’ ഒന്നാം ഇറ്റാലോ എത്യോപ്യന്‍ യുദ്ധത്തില്‍ (1895-’96) ആഫ്രിക്കന്‍ വീര്യത്തിന് മുന്നില്‍ പരാജയപ്പെട്ടതിന്റെ പ്രതികാര ബോധവുമായി ആദ്യ ഘട്ടത്തെ അപേക്ഷിച്ച് അങ്ങേയറ്റം സുശക്തവും ആയുധ-സാങ്കേതിക ബലത്തില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നതുമായ സൈനിക ശക്തിയുമായി ഇരമ്പിയെത്തിയെ മുസോളിനിയുടെ ഫാഷിസ്റ്റ് ചേരിക്കെതിരെ മുന്നണിപ്പോരാളികളും സൂത്ര ധാരരുമായി ഇടപെട്ട സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. രണ്ടാം ലോക യുദ്ധത്തിനു തുടക്കം കുറിച്ച ഏറ്റവും ശക്തമായ ആദ്യ സംഘര്‍ഷം ആറുകൊല്ലക്കാലം (1935- ’41) നീണ്ടുനിന്നു. യുദ്ധമുന്നണിയില്‍ നേരിട്ടു പൊരുതിയ സ്വന്തം മുത്തശ്ശിയുടെ കഥയാണ് അങ്ങനെ ഒരാള്‍ സാധ്യമാണെങ്കില്‍ വേറെയും വിസ്മൃത ചരിത്രങ്ങള്‍ ഉണ്ടാവുമെന്ന ബോധ്യത്തിലേക്കും അന്വേഷണത്തിലേക്കും അടയാലപ്പെടുത്തപ്പെടെണ്ടത് അനിവാര്യ്മാക്കും വിധം അത്തരം കഥകളുണ്ട് എന്ന ബോധ്യത്തിലേക്കും തന്നെ നയിച്ചതെന്ന് പാതിവിഴുങ്ങി കഥ പറഞ്ഞു ശീലമില്ലാത്ത നോവലിസ്റ്റ് അഭിമുഖങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.
നിസ്സാരയായ വീട്ടുവേലക്കരിയെന്ന നിലയില്‍ നിന്ന് ഗാംഭീര്യമുള്ള പോരാളിയിലേക്ക് പരിവര്‍ത്തനപ്പെടുന്ന ഹിരൂത്ത് എന്ന യുവതിയാണ് നോവലിന്റെ കേന്ദ്രത്തില്‍. ചക്രവര്‍ത്തി ഹെയ് ലി സലാസിയുടെ സൈനിക കമാണ്ടര്‍ ആയ കിദാനെയുടെയും ഭാര്യ ആസ്റ്ററിന്റെയും വീട്ടില്‍ ‘പാചകക്കാരി’യെന്നുമാത്രം വിളിക്കപ്പെടുന്ന മുതിര്‍ന്ന സ്ത്രീയോടൊപ്പം ജോലി ചെയ്യുന്ന ഹിരൂത്തിന് അനാഥത്വത്തിന്റെ ഓര്‍മ്മകളുണ്ട്. ഒന്നാം ഇറ്റാലോ എത്യോപ്യന്‍ യുദ്ധത്തില്‍ പങ്കെടുത്ത പിതാവ് കൈമാറിയ വന്‍പ്രഹര ശേഷിയുള്ള തോക്ക് സ്വകാര്യ നിധിയായി അവള്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ചു സൂക്ഷിക്കുന്നു. മരിച്ചുപോയ ബന്ധുവിനോടുള്ള കടപ്പാടിന്റെ പേരില്‍ വളര്‍ന്നുവരുന്ന പെണ്‍കുട്ടിയോട് ഭര്‍ത്താവ് കാണിക്കുന്ന പരിഗണന അത്രക്കങ്ങു രുചിക്കാത്ത ആസ്റ്റര്‍ ഉയര്‍ത്തുന്ന അനാവശ്യ മോഷണക്കുറ്റം ഒളിപ്പിച്ചു വെച്ച ആയുധം കണ്ടുപിടിക്കപ്പെടാന്‍ ഇടയാക്കുന്നു. പുതിയ യുദ്ധ സാഹചര്യത്തില്‍ ആളുകള്‍ തങ്ങളുടെ കൈവശമുള്ള ആയുധങ്ങള്‍ കൂടി സൈന്യത്തിലേക്ക് സംഭാവന ചെയ്യണം എന്ന ചക്രവര്‍ത്തിയുടെ ആഹ്വാനത്തിന്റെ മറവില്‍ കിദാനെ അത് സ്വന്തമാക്കുന്നത് ഹിരൂത്തിനു പൊരുത്തപ്പെടാനാവുന്നില്ല. തുടര്‍ന്ന് ശരിക്കും മോഷണങ്ങള്‍ ആരംഭിക്കുന്ന ഹിരൂത്ത്, ആസ്റ്ററില്‍ നിന്നു മൃഗീയമായ ശിക്ഷ ഏറ്റുവാങ്ങുമ്പോഴും വിചിത്രമായ രീതിയില്‍ അതില്‍ ആശ്വാസം കണ്ടെത്തുന്നത് തികഞ്ഞ മനോവിജ്ഞാനീയ നിരീക്ഷണ പാടവത്തോടെ നോവലിസ്റ്റ് വിവരിക്കുന്നു: “പ്രഹരം ഒരു ആശ്വാസമായി ഹിരൂത്തിന് അനുഭവപ്പെട്ടു. അത് ഒരു കര്‍തൃത്വമാണ്: പ്രഹരിക്കപ്പെടുക. അത് പോകാനൊരിടമാണ്: വേദനിയിലാവുക. ആസ്റ്ററില്‍ നിന്നുയര്‍ന്നു തന്റെ തൊലിയിലേക്ക് പ്രവഹിക്കുകയും അതില്‍ വ്യാപിക്കുകയും ചെയ്യുന്നതായി അനുഭവപ്പെട്ട നടുക്കത്തില്‍ നിന്നുള്ള നേരമ്പോക്ക് അവള്‍ സ്വാഗതം ചെയ്യുന്നു... പതിയെ അവള്‍ക്ക് മുറിവുകളും വടുക്കളും തുറന്ന മുറിവിന്റെ പൊള്ളലായി അനുഭവപ്പെട്ടു തുടങ്ങുന്നു.” കയ്യേറ്റം ശമിക്കുമ്പോള്‍ “ലോകം ഒരസാധാരണ ശാന്തതയില്‍ കറങ്ങുന്നു. അവിടെ തന്റെ അരികിലേക്ക് നീങ്ങി മുഖം നിലത്തമര്‍ത്തുന്ന ആസ്റ്റര്‍ മാത്രമേയുള്ളൂ. അവളുടെ കണ്ണിലെ ഭ്രാന്തമായ ദുഃഖം ഹിരൂത്ത് ശ്രദ്ധിക്കുന്നു, പുറത്തേക്ക് തുപ്പാന്‍ പാകത്തില്‍ അവള്‍ വാക്കുകള്‍ വായിലിട്ടു ചവക്കുന്നതും. കാലുകളുടെ ഉപയോഗം മറന്നിട്ടെന്നോണം ആസ്റ്റര്‍ സ്വയം മണ്ണിലൂടെ വലിച്ചിഴക്കുമ്പോള്‍ ധൂളി വിടര്‍ന്നു വരുന്നു, അവളുടെ കോപത്തിന്റെ മുഴുവന്‍ ഭാരം താങ്ങാന്‍ അവളുടെ ഉടലിനാകില്ല എന്ന മട്ടില്‍.”
ആസ്റ്ററും ഹിരൂത്തും തമ്മിലുള്ള ദുരൂഹ സാഹോദര്യം ഇഴകോര്‍ക്കപ്പെടുന്ന മറ്റൊരു സാഹചര്യം ഇരുവരും വ്യത്യസ്ത ഘട്ടങ്ങളിലായി കിടാനെയുടെ ബലാല്‍ക്കാരത്തിനു ഇരയാകുന്നുണ്ട് എന്നതാണ്. ബാലവ്ധുവായി ഭര്‍തൃവീട്ടിലെത്തുന്ന രാത്രി മുതല്‍ ആസ്റ്റര്‍ അത് നേരിടുമ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഹിരൂത്തിന്റെ ഊഴമെത്തുക. എന്നാല്‍ രണ്ടാം തവണ അതാവര്‍ത്തിക്കുമ്പോള്‍ തന്റെ സ്വതസിദ്ധമായ രീതിയില്‍ അയാളെ ദുര്‍ബ്ബലനാക്കും വിധം ഒരു കോട്ടുവായിലൂടെ ആ അസംബന്ധത്തെ പരിഹസിക്കാന്‍ അവള്‍ക്കു കഴിയുന്നുണ്ട്. “അസംബന്ധവും ഒപ്പം ആര്‍ഭാടവുമാണത്. ഞെട്ടലും ആശ്വാസവും. അത് അവളുടെ ഉടലിനുള്ളില്‍ നിവര്‍ത്തപ്പെടുകയും വികസിപ്പിക്കുകയും ചെയ്യുന്ന ഒരു മുഷ്ടിയാണ്, വെറുപ്പുകൊണ്ട് പൊള്ളിച്ച് ഉരുവപ്പെടുത്തിയ ദീര്‍ഘവും വലിച്ചു നീട്ടപ്പെട്ടതുമായ ഒരു ശ്വാസം.” ഒരു കവചമെന്ന നിലക്കല്ല, അധികാര വിനിമയത്തിലെ സങ്കീര്‍ണ്ണമായ ഒരിടപെടലായാണ് ഹിരൂത്തിന്റെ പ്രതികരണത്തെ കാണേണ്ടത് എന്നു നിരീക്ഷിക്കപ്പെട്ടിട്ടുണ്ട് (nytimes: Namwali Serpell).
യുദ്ധം ആരംഭിക്കുന്നതോടെ വൈയക്തികമായ സംഘര്‍ഷങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. ഹിരൂത്തിനെ പോലെത്തന്നെ ആസ്റ്ററിനും തന്റെ കര്‍തൃത്വം സ്ഥാപിക്കുകയെന്ന ചുവടുവെപ്പിന്റെ ഭാഗമാണ് യോദ്ധാവാകുക എന്നത്. കിദാനെ വടക്കന്‍ മേഖലയിലെ ചെറുത്തുനില്‍പ്പിന്റെ നായകത്വം ഏറ്റെടുക്കുന്നതോടെ ഒരു വനിതാ സഹാകാരി സംഘത്തെ പരിശീളിപ്പിക്കുകയെന്ന ദൌത്യത്തിലേക്ക് ആസ്റ്റര്‍ മുന്നിട്ടിറങ്ങുന്നു. അതിന്റെ ഭാഗമാകുന്ന ഹിരൂത്ത് കണ്ടെത്തുന്ന സങ്കീര്‍ണ്ണ പ്രശ്നമാണ് പുസ്തകത്തിന്റെ തലക്കെട്ടിനു നിദാനമായ ‘രാജാവിന്റെ അപര’നെ സൃഷ്ടിക്കുന്ന വികാസത്തിന് നിമിത്തമാകുക. ‘ഒന്നുമല്ലത്തവാന്‍’ എന്നര്‍ത്ഥമുള്ള മിനിം എന്ന പാവം പാട്ടുകാരനില്‍ നാടുവിട്ട സാമ്രാട്ടിന്റെ അസാധാരണമായ രൂപസാദൃശ്യം കണ്ടെത്തുന്ന ഹിരൂത്ത്, ഇഷ്ടമില്ലാഞ്ഞിട്ടും നാടുവിടേണ്ടി വന്ന ചക്രവര്‍ത്തിയുടെ അഭാവത്തില്‍ ധാര്‍മ്മിക ക്ഷീണം അനുഭവിക്കുന്ന സൈനികരെ ഉണര്‍ത്താന്‍ കണ്ടെത്തുന്ന വഴിയാണ് അന്തിമമായി നിര്‍ണ്ണാകമായിത്തീരുക. അവള്‍ സ്വയം ചക്രവര്‍ത്തിയുടെ അംഗരക്ഷകയുടെ വേഷത്തില്‍ എപ്പോഴും ചാരെ നിലയുറപ്പിക്കുകയും ചെയ്യുന്നതിലൂടെ മഹത്തായ പോരാട്ട വഴിയിലെ തിളക്കമാര്‍ന്ന സ്ത്രീ സാന്നിധ്യമായിത്തീരുന്നു. നരാധമനായ ഇറ്റാലിയന്‍ കേണല്‍ ഫുസേലിയുടെ തടവറയില്‍ എത്തുന്നത് വരെ ആസ്റ്ററും ഹിരൂത്തും തങ്ങളുടെ സൈന്യത്തിന്റെ ഭാഗധേയങ്ങളില്‍ സജീവ ഭാഗഭാക്കുകളാണ്. സൈന്യത്തില്‍ ചേരുകയെന്നത് വൈയക്തിക അര്‍ത്ഥത്തിലും ഹിരൂത്തിനെ സംബന്ധിച്ച് ഒരസ്ഥിത്വ സ്ഥാപനം തന്നെയായിത്തീരുന്നുണ്ട്: തന്റെ പിതാവിന്റെ തോക്ക് തിരികെ സ്വന്തമാക്കുന്നതോടൊപ്പം കിദാനെയുടെ കടന്നു കയറ്റങ്ങളെ നേരിടാനുള്ള മാര്‍ഗ്ഗവുമായിത്തീരുന്നു അതവള്‍ക്ക്: “പോരാട്ടത്തിലൂടെയല്ലാതെ മറ്റൊരു പോംവഴിയില്ല. യോദ്ധാവാകുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ല, തന്റെ ആയുധമെടുക്കുക, ശത്രുവിന് നേരെ ചൂണ്ടുക, തന്റെ തന്നെ മരണത്തിന്റെ ഔദാര്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കുക.”
വേട്ടയാടപ്പെടുന്ന ജൂത പശ്ചാത്തലമുള്ള ഇറ്റാലിയന്‍ സൈനിക ഫോട്ടോഗ്രാഫര്‍ എറ്റോറി നവാറയെ തങ്ങളുടെ വിജയങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയെന്ന ദൌത്യമേല്‍പ്പിക്കുന്നതും കേണല്‍ ഫുസേലിയാണ്. നോവലില്‍ ഹിരൂത്തിനെയും ആസ്റ്ററേയും പിന്തുടരുന്ന അധ്യായങ്ങള്‍ക്കിടയില്‍ ഫുസേലി- എറ്റോറി ഭാഗങ്ങള്‍ ഇടകലര്‍ന്നു വരുന്നു. ഫുസേലിയുടെ കല്‍പ്പനപ്രകാരം നിര്‍മ്മിക്കപ്പെടുന്ന എത്യോപ്യന്‍ തടവുകാര്‍ക്കായുള്ള താല്‍ക്കാലിക തടവറകള്‍ മൃത്യു മുനമ്പുകള്‍ തന്നെയാണെന്ന് ഞെട്ടലോടെയാണ് എറ്റോറി കണ്ടെത്തുക. ചെങ്കുത്തായ മലയോരത്തു നിന്ന് മരണത്തിലേക്ക് എടുത്തെറിയപ്പെടുന്ന ദേശവാസികളുടെ ചിത്രങ്ങള്‍ പകര്‍ത്തേണ്ടി വന്നതിന്റെ ഉള്‍ക്കിടിലവും കുറ്റബോധവും അയാളെ എന്നും വേട്ടയാടും. “അവര്‍ അറ്റത്തു നിന്ന് ജലാപാളികളിലേക്കെന്നോണം തെന്നിവീഴുന്നു, വായുവില്‍ മുങ്ങിയും പൊങ്ങിയും, ഉന്മാദകരമായ സ്വപ്നങ്ങള്‍ക്കും മരവിപ്പിക്കുന്ന പേടിസ്വപ്നങ്ങള്‍ക്കും ഇടയില്‍ കറങ്ങുന്നു: ഉച്ചരിക്കാനാവാത്ത വാക്കുകളുടെ പേടിപ്പെടുത്തുന്ന രൂപങ്ങള്‍: ആകാശത്തിനു കുറുകെ കറുത്ത പൊട്ടുകള്‍.” ക്രൂരതയുടെ ആള്‍രൂപമായ ഒരാളും ആത്മ നിന്ദ വേട്ടയാടുന്ന മറ്റൊരാളും എന്ന നിലയില്‍ ഫുസേലിയും എറ്റോറിയും ഫാഷിസത്തിന്റെ ദ്വിമുഖത്വത്തെ കുറിച്ചുള്ള മെംഗിസ്തെയുടെ സൂക്ഷ്മ നിരീക്ഷണത്തിനു വിധേയരാകുന്ന കഥാപാത്രങ്ങളാണ്. പതിറ്റാണ്ടുകള്‍ക്കിപ്പുറം അദീസ് അബാബ റെയില്‍വേ സ്റ്റേഷനില്‍ തന്റെ ജീവിതപ്പൊരുളിനിറെ സാക്ഷ്യമായ ഫോട്ടോഗ്രാഫുകള്‍ അടങ്ങിയ പെട്ടി, യുദ്ധത്തിന്റെ അവസാന നാളുകളില്‍ സംരക്ഷിക്കാന്‍ മാര്‍ഗ്ഗമില്ലാതെ ഒളിപ്പിച്ചു വെച്ചത്, ഹിരൂത്തില്‍ നിന്ന് നേരിട്ട് കയ്യേല്‍ക്കാന്‍ എത്തുന്ന എറ്റോറിയും ഹിരൂത്തും കണ്ടുമുട്ടുന്ന വൈകാരിക സാന്ദ്രമായ നിമിഷം ഒട്ടും അതിഭാവുകത്വമില്ലാതെ നോവലിസ്റ്റ് പകര്‍ത്തിവെക്കുന്നുണ്ട്. ഹിരൂത്ത് എന്ന അവിസ്മരണീയ നായിക മാത്രമല്ല; പാത്രസൃഷ്ടിയില്‍ മെംഗിസ്തെ പുലര്‍ത്തുന്ന സൂക്ഷ്മത നോവലില്‍ ഉടനീളം പ്രകടവുമാണ്. ഹിരൂത്ത് ആത്മബലമുള്ളവളാണ്; എന്നാല്‍ അതിമാനുഷയല്ല. കയ്യേറ്റങ്ങള്‍ നേരിടുമ്പോള്‍ രക്ഷപ്പെടാനാവില്ല അവള്‍ക്ക്, പക്ഷെ സ്വയം ഇരയായി കാണാനും താല്പര്യമില്ല: “അവള്‍ ഹിരൂത്ത് ആണ്, ഫാസിലിന്റെയും ഗെറ്റിയുടെയും മകള്‍, നിഴല്‍ രാജാവിന്റെ ആരും ഭയക്കുന്ന അംഗ രക്ഷക, പുരുഷന്മാര്‍ക്ക് തന്നെ പോലുള്ള സ്ത്രീകളോട് എന്ത് ചെയ്യാനാകും എന്നതിനെ കുറിച്ച് അവള്‍ക്കിനി ഭയമേയില്ല.” എറ്റോറിയുടെ പാത്രസൃഷ്ടിയിലും ദുരന്ത ബോധവും മാനുഷിക പരിമിതികളും ഇടകലരുന്നുണ്ടെന്നു കാണാം. തന്റെ ഹൃദയം ശുദ്ധമാണെന്ന് ചിന്തിക്കാന്‍ ഇഷ്ടപ്പെടുമ്പോഴും താന്‍ സ്വന്തം ഭീരുത്വത്തിന്റെ അടിമയാണെന്ന ആത്മനിന്ദ അയാളെ മഥിക്കുന്നുണ്ട്. പിതാവുമായി സങ്കല്‍പ്പിക്കുന്ന സംഭാഷണ മധ്യേ അയാള്‍ ഏറ്റുപറയുന്നുണ്ട്: “ഞാന്‍ ഉത്തരവ് അനുസരിക്കുന്നതെയുള്ളൂ, അച്ഛാ. ഞാന്‍ അനുസരണകൊണ്ട് കടപ്പെട്ട മൃഗമാണ്. അടിമവേല ചെയ്യാന്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന ജന്തുവാണ് ഞാന്‍.”
പാത്ര സൃഷ്ടിയില്‍ ഏറെ അവധാനതയോടെ നോവലിസ്റ്റ് സമീപിച്ചിട്ടുള്ള മറ്റു രണ്ടു കഥാപാത്രങ്ങള്‍ ‘പാചകക്കാരി’യും ഫിഫി എന്ന ലൈംഗികത്തൊഴിലാളി സ്ത്രീയുമാണ്. ഇരുവരും ശത്രു സനികര്‍ക്കിടയില്‍ ചാരവൃത്തി നടത്തുന്നതിലൂടെ ചെറുത്തുനില്‍പ്പ് യുദ്ധത്തില്‍ തങ്ങളുടെ പങ്കു വഹിക്കുന്നുണ്ട്. ‘ഇടവേളകള്‍’ എന്ന ചെറു അധ്യായങ്ങളിലൂടെ ദേശത്തിന്റെ സന്നിഗ്ധ ഘട്ടത്തില്‍ മറ്റൊരിടത്തായിപ്പോയതിന്റെ സംഘര്‍ഷം ഉള്ളില്‍ പേറുന്ന ചക്രവര്‍ത്തിയുടെ മനസ്സിലേക്കും നോവലിസ്റ്റ് കടന്നു ചെല്ലുന്നു. നോവല്‍ തുടങ്ങുന്നതും അവസാനിക്കുന്നതുമായ 1974 കാലത്ത് നടക്കുന്ന അട്ടിമറി വരെ ഹെയ് ലി സലാസി ചക്രവര്‍ത്തിയായി തുടര്‍ന്നു എന്നത് ചരിത്രം. ആ നിലക്ക് അദ്ദേഹത്തിന്റെ അവസാന നാളുകളില്‍ തുടങ്ങുന്ന മെംഗിസ്തെയുടെ പ്രഥമ നോവലിന്റെ പൂര്‍വ്വസൂരിയാണ് ‘ഷാഡോ കിംഗ്.’ ദശാബ്ദങ്ങള്‍ക്കു ശേഷം നോവലാരംഭത്തില്‍ ചിത്രീകരിക്കപ്പെടുന്ന എറ്റോറിക്കായുള്ള ഹിരൂത്തിന്റെ അദീസ് അബാബ റെയില്‍വേ സ്റ്റേഷനിലെ കാത്തിരിപ്പിന്റെ പുരോഭാഗങ്ങള്‍ സൂചിതമാകുന്നതും അവളുടെ കൈവശമുള്ള പെട്ടിയില്‍ സൂക്ഷിച്ചിട്ടുള്ള ഒട്ടേറെ ഫോട്ടോഗ്രാഫുകള്‍ സംബന്ധിച്ചു നോവലില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ചെറുവിവരണങ്ങളിലൂടെയാണ്. “തനിക്കു പിന്നില്‍ ക്ഷണിക്കാതെത്തന്നെ വേച്ചുവേച്ചു പിന്തുടരുന്ന ഭീകരതയെ കുടഞ്ഞു കളയാന്‍. ഭൂതകാലത്തിന്റെ പ്രേതങ്ങളെ ഉപേക്ഷിക്കാനും ഓടിച്ചു കളയാനുമായാണ് അവള്‍ വന്നിരിക്കുന്നത്” എന്ന് നോവലിസ്റ്റ് എഴുതുന്നു. “താന്‍ ഒരിക്കല്‍ എന്തായിരുന്നു എന്ന് ഓര്‍ത്തെടുക്കുന്നത് ആരംഭിക്കാന്‍ മറ്റൊരു ജീവിതത്തില്‍ നിന്ന് ഏതാണ്ട് നാല്‍പ്പതു വര്‍ഷക്കാലം എടുത്തു.” ഓരോ സ്നാപ്പുകളും ശാശ്വതീകരിച്ച സ്തോഭ ജനകമായ ചരിത്രങ്ങളും നോവലിന്റെ ഇതിവൃത്ത വികാസത്തില്‍ കാവ്യാത്മക നിരീക്ഷണങ്ങള്‍ പങ്കു വെക്കുന്ന ‘കോറസ്’ എന്നുതന്നെ പേരിട്ട ചെറു ഖണ്ഡങ്ങളും നോവലിന്റെ ഇതിഹാസമാനത്തെ പൊലിപ്പിക്കുന്നതില്‍ പ്രധാനമാണ്. ഭാഷയിലും രൂപകങ്ങളുടെയും സൂചനകളുടെയും തെരഞ്ഞെടുപ്പിലും മിത്തുകളുടെയും പുരാണങ്ങളുടെയും ആദിരൂപങ്ങളുടെയും ഹൃദ്യമായ മേളനം, സര്‍റിയല്‍, സ്വപ്നാത്മക സന്ദര്‍ഭങ്ങളുടെ ആവിഷ്കാരം തുടങ്ങിയവയൊക്കെ നോവലിന്റെ ‘എപ്പിക്’ ഗരിമയെ പോഷിപ്പിക്കുന്നുവെന്നു നിരീക്ഷിക്കപ്പെടുന്നു (nytimes: Namwali Serpell). നോവല്‍ ആരംഭത്തില്‍ എറ്റോറിയെ കാത്തിരിക്കുന്ന ഹിരൂത്ത് നിരീക്ഷിക്കുന്നത് പോലെ: “മരിച്ചവരുടെ ശബ്ദം ഉച്ചത്തിലാകുന്നത് അവള്‍ക്ക് കേള്‍ക്കാം: ഞങ്ങളെ കേട്ടേ തീരൂ. ഞങ്ങളെ ഓര്‍ത്തേ തീരൂ. ഞങ്ങളെ അറിഞ്ഞേ തീരൂ. ഞങ്ങള്‍ക്ക് വേണ്ടി വിലപിക്കും വരെ ഞങ്ങള്‍ വിശ്രമിക്കില്ല.”
