"ലോകത്തെവിടെയായാലും , സമ്പന്നരും പാവപ്പെട്ടവരും തുല്യനിലയില്‍ കണ്ടുമുട്ടുക എന്നത് ദുസ്സാധ്യമാണ്. എന്നാല്‍ എല്ലയിടത്തും, ഈ സാമൂഹിക വിഭാഗങ്ങളുടെ കണ്ടുമുട്ടലിനു ചില പ്രത്യേക അഭിരുചി ഭേദങ്ങളുണ്ട്. ഉദാഹരണത്തിന്, ഇംഗ്ലണ്ടില്‍ നൈജീരിയയില്‍ എന്ന പോലെ, ആളുകള്‍ വീട്ടുവേലക്കാരികളെ ജോലിക്കെടുക്കാറുണ്ട്, എന്നാല്‍ നിങ്ങളുടെ വേലക്കാരിയെ അടിക്കുക എന്നത് ഇംഗ്ലണ്ടില്‍ ക്രിമിനല്‍ കുറ്റമാണ്. നൈജീരിയയില്‍ ആവട്ടെ, അത് പരമാവധി നെറ്റി ചുളിപ്പിക്കുകയേ ഉള്ളൂ. അതുകൊണ്ട് ആ 'പഴയ സമ്പന്ന കുമാരി ദരിദ്ര കുമാരനെ കണ്ടുമുട്ടുന്ന' ക്ലീഷേയില്‍ ലാഗോസിന്റെ സാമൂഹിക ഘടന എന്ത് ട്വിസ്റ്റ് ആണ് കൂട്ടിച്ചേര്‍ക്കുക എന്നറിയാന്‍ നിങ്ങള്‍ 'ചിലന്തി രാജാവിന്റെ മകള്‍ ' വായിക്കണം എന്നാണ് എനിക്ക് തോന്നുന്നത്"
(-ചിബുണ്ടു ഒനൂസോ, ഒരു അഭിമുഖത്തില്‍ നിന്ന് )
ഇംഗ്ലണ്ടിലെ പ്രസിദ്ധപ്രസാധകര്‍ ഫേബര്‍ & ഫേബര്‍ ചിബുണ്ടു ഒനൂസോയുടെ പ്രഥമ കൃതി ഉള്‍പ്പടെ രണ്ടു പുസ്തകങ്ങള്‍ക്ക് അവരുമായി കരാറില്‍ ഏര്‍പ്പെടുമ്പോള്‍ (2010) എഴുത്തുകാരിക്ക് പത്തൊമ്പത് വയസ്സായിരുന്നു പ്രായം, അവരെ ആകര്‍ഷിച്ച ആ പ്രഥമ കൃതി എഴുതിത്തുടങ്ങുമ്പോള്‍ വയസ്സ് പതിനേഴും. വോലെ സോയിങ്കയെയും ചിനുവ അച്ചബെയെയും ചിമമാന്‍ഡാ അദീചിയെയും ആരാധിക്കുന്ന ചിബുണ്ടു ഒനൂസോ, അങ്ങനെ ഫേബര്‍ & ഫേബര്‍ പ്രസിദ്ധീകരണ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എഴുത്തുകാരിയെന്ന ബഹുമതി നേടിയെടുത്തു. ലാഗോസിലെ സമ്പന്നകുടുംബത്തില്‍ ഡോക്റ്റര്‍ ദമ്പതികളുടെ നാല് മക്കളില്‍ ഇളയവളായിപ്പിറന്ന ഇമാചിബുണ്ടു ഒലുവദാരാ ഒനൂസോ ഒരു നാള്‍ തെരുവില്‍ കണ്ടുമുട്ടാന്‍ ഇടയായ തെരുവുകച്ചവടക്കാരിയായ കൌമാരക്കാരി അവളുടെ ജീവിതത്തെ കുറിച്ച് നല്‍കിയ ചുരുങ്ങിയ വാക്കുകളിലെ വിവരണത്തില്‍ നിന്നാണ് തന്റെ കഥാപാത്രമായ 'തെരുവുകച്ചവടക്കാര'നെ (മൈ ഹോക്കര്‍ എന്ന് മാത്രം നോവലില്‍ ) കണ്ടെത്തിയതെന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഒരു പകല്‍ മുഴുവന്‍ ഓടുന്ന വാഹനങ്ങള്‍ക്ക് പിറകില്‍ , തങ്ങളുടെ ആ നിമിഷത്തിന്റെ ഉല്ലാസത്തിന് വേണ്ടി ഇരകാട്ടിക്കളിപ്പിക്കുന്ന വളര്‍ത്തു മൃഗങ്ങളെപ്പോലെ പ്രലോഭിപ്പിക്കുന്ന സമ്പന്നയാത്രക്കാരുടെ കളിപ്പാട്ടമാകുമ്പോഴും കഷ്ടിച്ച് അന്നാന്നത്തെ അഷ്ടിക്കുള്ളത് കണ്ടെത്താനാവാത്ത അത്തരക്കാരുടെ 'ഓട്ടം' ലാഗോസിലെ തനിക്കു പരിചിതമല്ലാത്ത മറ്റൊരു ജീവിതത്തിന്‍റെ രൂപകമായി അവര്‍ തിരിച്ചറിയുകയായിരുന്നു. രണ്ടായിരം നൈറ എന്ന തുച്ഛമായ വിഹിതമാണ് ഈ മത്സരയോട്ടത്തില്‍ ഏറ്റവും മിടുക്കനായ കഥാനായകന് ദിനാന്ത്യത്തില്‍ നേടാനാവുമായിരുന്നത് എന്ന് നോവലില്‍ പരാമര്‍ശമുണ്ട്. തൊട്ടടുത്ത് കഴിയുമ്പോഴും സാമൂഹിക ശ്രേണിയില്‍ ഭിന്ന ധ്രുവങ്ങളില്‍ കഴിയുന്നവര്‍ക്കിടയിലെ പാരസ്പര്യ സാധ്യതയും അതിന്റെ അഭാവവും ഒരു റോമിയോ- ജൂലിയറ്റ് സമവാക്യത്തിന്റെ പശ്ചാത്തലത്തില്‍ നോവല്‍ പരിശോധിക്കുന്നു.
കുടിലും കൊട്ടാരവും- പ്രണയ ദുരന്തത്തിന്റെ തനിയാവര്‍ത്തനം.
ലാഗോസിലെ സമ്പന്നതയുടെ പര്യായമായ ഒലുമിദ കയോദേ ജോണ്‍സണ്‍ എന്ന കൊര്‍പ്പോരെറ്റ് അധിപന്റെ മകള്‍ പതിനേഴുകാരി അബികെ തന്റെ മടുപ്പിക്കുന്ന ജീവിതാവസ്ഥയില്‍ ഒരു നാള്‍ തെരുവില്‍ വെച്ച് തെരുവുകച്ചവടക്കാരനായ യുവാവിനെ പരിചയപ്പെടുന്നതോടെയാണ് എല്ലാം ആരംഭിക്കുന്നത്. അച്ഛന്റെ വിലക്ക് വകവെക്കാതെ കാര്‍ വിന്‍ഡോ താഴ്ത്തി അവള്‍ പിറകെ ഓടി വരുന്ന ഐസ് ക്രീം കച്ചവടക്കാരനെ ശ്രദ്ധിക്കുന്നു. ആദ്യം അയാളുടെ ചടുല ചലനത്തില്‍ നിറയുന്ന സുഭഗസൗന്ദര്യവും പിന്നീട്, ഇതര തെരുവുവാസികളുടെ മുറി ഇംഗ്ലിഷില്‍ (pidgin) നിന്ന് വ്യത്യസ്തമായി, അയാളുടെ മികച്ച ഇംഗ്ലീഷ് ഭാഷാ പ്രയോഗവും അവളെ ആകര്‍ഷിക്കും. ദുരൂഹമായ ഒരന്ത്യത്തില്‍ അച്ഛന്‍ നഷ്ടപ്പെടുകയും മൈല്‍ 12എന്ന ചേരിപ്രദേശത്തെ ലോക്കല്‍ സ്കൂളില്‍ ചേരാന്‍ നിര്‍ബന്ധിതനാവുകയും ചെയ്യും മുമ്പ് മികച്ച സ്കൂളില്‍ അധ്യാപനം നടത്തിയതിന്റെ പശ്ചാത്തലമുണ്ട് അവന്. "മൈ ഹോക്കര്‍ " എന്ന് മാത്രം അവര്‍ വിളിക്കുന്ന ചെറുപ്പക്കാരന് കച്ചവടത്തില്‍ ഓടുന്ന കാറുകള്‍ക്ക് പിറകെ പായാനുള്ള അയാളുടെ വൈദഗ്ദ്യം കണക്കിലെടുത്ത് 'റണ്ണര്‍ ജി' എന്ന് പേരുണ്ട്. വൈകാതെ , തന്റെ പതിവ് നേരമ്പോക്ക് പ്രലോഭനത്തിനപ്പുറം അവള്‍ അവനോട് അടുത്തുപോകുന്നു. അവനെ സംബന്ധിച്ചാവട്ടെ, ഫീസ് കൊടുക്കാന്‍ നിവൃത്തിയില്ലാതെ സ്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട കാലത്ത്, മുമ്പ് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ഇട്ടേച്ചു പോയതിന്റെ ശൂന്യതയിലേക്കാണ് പ്രഭുകുമാരിയുടെ സൗഹൃദം കടന്നു വരുന്നത്. പരസ്പരം കണ്ടുമുട്ടാനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അവള്‍ മുന്‍കൈ എടുക്കുന്നുണ്ടെങ്കിലും സാമൂഹിക നിലയിലുള്ള വ്യത്യാസം തങ്ങളുടെ ബന്ധത്തില്‍ ഒരിഞ്ചു മുന്നോട്ടു പോകുന്നതില്‍ അയാളെ ചകിതനാക്കുന്നത്, സുഹൃത്തിന്റെതോ കാമുകന്റെതോ എന്ന് നിര്‍വ്വചിക്കാന്‍ ആവാത്ത ഒരു ചുംബനത്തിനപ്പുറത്തേക്ക് കടക്കാനാവാതെ എപ്പോഴും അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്. എപ്പോഴും ഒരു ഭൂതകാലത്തെകുറിച്ചുള്ള ഗൃഹാതുരത അവനിലുണ്ട്. “'സമ്പന്നനായിരുന്ന' എന്ന ലേബല്‍ അവനുമായി ബന്ധപ്പെട്ട എല്ലാത്തിലും തൂങ്ങിക്കിടപ്പുണ്ട്. എന്നിട്ടും, ഒടുവില്‍ എങ്ങനെ ഒരു തെരുവ് കച്ചവടക്കാരന്‍ ആയിത്തീര്‍ന്നു എന്ന് അവനെന്നോട് പറയുന്നില്ല. അച്ഛന്റെ മരണമാവാം അതിന്റെ കാരണം എന്ന് എനിക്ക് ഏതാണ്ട് ഉറപ്പാണ്" ഒളിച്ചു വെക്കുന്ന/ പുറത്തിടാന്‍ അവനിഷ്ടമില്ലാത്ത ആ കഥ മാത്രമാണ് അവനു ജീവിതത്തില്‍ വിലയുള്ളതായിത്തോന്നുന്ന ഏകാകാര്യം. അവനു മി. ടി-യെപോലുള്ള മറ്റു യാജകരോടുള്ള ചങ്ങാത്തം അബികേക്ക് ഉള്‍കൊള്ളാന്‍ ആവുന്നതുമല്ല. "ഒരു കൈയ്യും ഒരു പക്ഷെ സുബോധത്തിന്റെ ഒരംശവും നഷ്ടപ്പെട്ട യാജകനുമായി സൌഹൃദത്തിലാണ് അയാള്‍ എന്നത് എന്നെ അസ്വസ്ഥയാക്കുന്നു. ... ഒരു പക്ഷെ എനിക്കൊരു തെരുവ് കച്ചവടക്കാരനോട് ചങ്ങാത്തം സാധ്യമാണ്, പക്ഷെ ഒരു യാജകനോട് മിണ്ടുന്ന ഒരാളുമായി തീര്‍ച്ചയായും അത് സാധ്യമല്ല.” തന്റെ ഡ്രൈവര്‍ , തോട്ടക്കാരന്‍, മകള്‍ ഒരു 'കാട്ടുജാതി (bush girl)' ആവാതിരിക്കാനായി അവള്‍ക്ക് യൂറോപ്പ്യന്‍ ഭക്ഷണ രീതിയും വിഭവങ്ങളും ശീലിപ്പിച്ച അമ്മ നല്‍കാതിരുന്ന നാടന്‍ രുചികള്‍ സ്നേഹപൂര്‍വ്വം നല്‍കി മാതൃ നിര്‍വ്വിശേഷം പരിചരിച്ച ഗ്രേസ് ആന്റി എന്നിവരോടൊന്നും യജമാന ഭാവം വെടിഞ്ഞു പെരുമാറാന്‍ അബികേക്ക് കഴിയുന്നില്ല എന്നതും ഓര്‍ക്കാവുന്നതാണ്. എന്നാല്‍ , മരിച്ചുപോയ തന്റെ അച്ഛന്റെ കാര്യത്തില്‍ ഉന്നത കുലജാതയായിരുന്ന അമ്മ മുന്‍ കൈ എടുത്തപോലെ തങ്ങളുടെ കാര്യത്തില്‍ അബികെ മുന്‍കൈ എടുക്കണം എന്ന് അവന്‍ ചിന്തിക്കുന്നുണ്ട്. അബികെയുടെ മന്ദിരത്തില്‍ വിചിത്രാനുഭവങ്ങള്‍ അവനെ കാത്തിരിപ്പുണ്ട്. അവിടെയാണ് അവന്‍ അവളുടെ അര്‍ദ്ധ സഹോദരന്മാരായ വെയ്ല്‍ , ചീഫ് എന്നിവരെ കണ്ടുമുട്ടുകയും അബികെ പറയാനിഷ്ടപ്പെടാത്ത ഒലുമിദ ജോണ്‍സന്‍റെ പരസ്ത്രീ ബന്ധങ്ങളെ കുറിച്ചും അതിലുണ്ടായ മക്കളോട് അയാള്‍ കാണിച്ച നെറികേടുകളെ കുറിച്ചും അറിയുകയും ചെയ്യുക. വിശാലമായ പുല്‍ത്തകിടിയും മറ്റും അവനെ മറ്റൊരു നിലക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കും. "അത്തരം ഒരു മരുപ്പച്ച സൃഷ്ടിക്കാന്‍ എത്രമാത്രം സമ്പത്തുണ്ടാവണം എന്ന് ഞാന്‍ അത്ഭുതപ്പെട്ടു, ലാഗോസിന്റെ പാതിയിലും പൈപ്പ് വെള്ളമില്ലാത്ത ഘട്ടത്തില്‍ ഇവിടെ തെളി യന്ത്രം കൊണ്ട് പച്ചപ്പുല്ല് നനക്കുന്നു.” നോവലിന്റെ അന്ത്യത്തില്‍ അവന്‍ ഇതോടു ചേര്‍ത്തു കാണുന്നുണ്ട്: "യൂറോപ്പിലെങ്ങും ആന്റി പ്രഷ്യസിനെ പോലുള്ള സ്ത്രീകള്‍ മലര്‍ന്നു കിടക്കാന്‍ നിര്‍ബന്ധിതതരായതിന്റെ വിലയിലാണ് ഈ ഹരിതസ്ഥലികള്‍ ഉണ്ടാക്കിയിരിക്കുന്നത്.”
ഇരുണ്ട രഹസ്യങ്ങള്‍ , വന്യ ചോദനകള്‍
സാമൂഹിക നിലയിലെ അന്തരം എന്നതോടൊപ്പം അവരുടെ ബന്ധത്തെ ദുരന്തത്തിലേക്ക് കൊണ്ട് പോവുക, എല്ലാം ശരിയായിവരുന്നു എന്ന് തോന്നുന്ന ഘട്ടത്തില്‍ വെളിവാകുന്ന ചില ഇരുണ്ട രഹസ്യങ്ങളാണ്. ഇറ്റലിയില്‍ വേശ്യാവൃത്തിയിലേക്ക് വലിച്ചെറിയപ്പെട്ട പ്രഷ്യസ് അമ്മായിയുടെ ഭൂതകാലം വെളിവാക്കുന്ന വസ്തുതകള്‍ , നൈജീരിയായിലെതന്നെ മികച്ച വക്കീലായി പേരെടുക്കാന്‍ കഴിയുമായിരുന്ന അച്ഛന്റെ ദുരൂഹമായ അന്ത്യത്തെ കുറിച്ച് പൊടുന്നനെ വ്യക്തമാകുന്ന സത്യങ്ങള്‍ , കൊയോദേ അമ്മാവന്റെ അംഗ ഭംഗം- സമ്പന്നതയുടെയും അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടുകളുടെയും പിന്നില്‍ ഒലുമിദ ജോണ്‍സണ്‍ എന്ന, മനുഷ്യക്കടത്തുള്‍പ്പടെ ആധുനിക നൈജീരിയന്‍ അധോലോക ജീവിതത്തിന്‍റെ യഥാര്‍ത്ഥ ഭീകരതയുടെ മുഖം, 'റണ്ണര്‍ ജി'യുടെ ജീവിതലക്‌ഷ്യം പ്രതികാരമെന്ന സര്‍വ്വ സംഹാരകമായ ചുഴിയിലേക്ക് എടുത്തെറിയുന്നു. എന്നാല്‍ , രക്തത്തില്‍ അലിഞ്ഞ നൈസര്‍ഗ്ഗികമായ ക്രൂരതയുടെയും വരേണ്യ ബോധത്തിന്റെയും വാസനകള്‍ പ്രണയത്തിന്‍റെ വിളിയേക്കാള്‍ തീവ്രമായതുകൊണ്ട് അബികേയുടേത് ഒരു ജൂലിയറ്റ് ജന്മം ആകുന്നതേയില്ല.
അബികെയുടെ വ്യക്തിത്വത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള വൈരുധ്യങ്ങള്‍ ഒരു വേള പ്രണയം ദുസ്സാധ്യമാക്കുന്നുണ്ട്. ഒലുമിദ ജോണ്‍സണ്‍ തന്റെ അഗമ്യഗമനത്തിലെ പതിമൂന്നു മക്കളോടെന്നപോലെത്തന്നെ മറ്റുള്ളവരുടെ ജീവിതങ്ങളിലും പരത്തുന്ന നിഴലിന്റെ ഇരുട്ട് വളരെ സാവധാനത്തിലാണ് വ്യക്തമാകുകയെങ്കിലും അയാളുടെ കരാള പ്രവണതകളുടെ വ്യക്തമായ ഒരു സൂചനയുമായാണ് നോവല്‍ ആരംഭിക്കുക. മകളുടെ സന്തത സഹാചാരിരിയായ പട്ടിക്കുട്ടിയെ കാറിടിച്ച് മൃതപ്രായനാക്കാന്‍ സത്യത്തില്‍ അയാളാണ് ഡ്രൈവറെ നിര്‍ബന്ധിക്കുന്നത്. എന്നാല്‍ ഇതിനോടുള്ള അബികെയുടെ പ്രതികരണം അവള്‍ അച്ഛന്റെ മകള്‍ തന്നെയെന്നു തെളിയിക്കുന്നു.
"എനിക്കറിയാമായിരുന്നു അദ്ദേഹം നുണ പറയുകയാണെന്ന്. അതെനിക്കറിയാമെന്നു അദ്ദേഹത്തിനറിയാമായിരുന്നു, ആ നിമിഷം കോപം എന്നില്‍ നിറയുന്നത് ഞാന്‍ അറിഞ്ഞു, അത് കെട്ടഴിച്ചു വിട്ടിരുന്നെങ്കില്‍ ഞങ്ങള്‍ രണ്ടിലൊരാളെ കൊല്ലാനും മാത്രം ശക്തമായത്.”
പാവം പട്ടിയെ തീര്‍ത്തുകളയാന്‍ മുന്‍കൈ എടുക്കുന്നത് അവള്‍ത്തന്നെയാണ് താനും. എല്ലാത്തിനെയും തന്റെ സ്വന്തം ഉടമസ്ഥതയില്‍ ഉള്ള എന്തോ ആയിക്കാണുന്ന അവളുടെ വരേണ്യപ്രകൃതം 'മൈ ഹോക്കര്‍ ' എന്ന പ്രയോഗത്തില്‍ത്തന്നെ വ്യക്തമാണ്. തന്റെ ആഡംബരക്കാറില്‍ കൂട്ടുകാരനെ കാണാന്‍ വരുന്നത്, ലാഗോസിലെ കുപ്രസിദ്ധമായ മോഷ്ടാക്കളുടെ വിളയാട്ടം ക്ഷണിച്ചുവരുത്തുമെന്നതില്‍ അസ്വസ്തനാവുന്ന 'ഹോക്ക'രോട് അവള്‍ പ്രതികരിക്കുന്നത് അവളുടെ മുഴുവന്‍ ഗര്‍വ്വും വ്യക്തമാക്കുന്നു:
“നിന്റെ കാറുമായി വന്ന് പ്രദേശത്തുള്ള എല്ലാ പിടിച്ചുപറിരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നോ? നീയെന്റെ ബ്ലോക്ക് സായുധ കള്ളന്മാര്‍ക്കുള്ള ലക്ഷ്യമാക്കുകയാണെന്ന് നിനക്കറിയില്ലേ?”
“നീ വല്ലാതെ പെരുപ്പിക്കുകയാണെന്നു നിനക്ക് തോന്നുന്നില്ലേ?”
"പെരുപ്പിക്കുക? ഈ നഗരത്തിലെ ജീവിതത്തെ കുറിച്ച് നിനക്കെന്തറിയാം? ദാരിദ്ര്യത്തെ കുറിച്ച്, ഓരോ രാത്രിയിലും കുറച്ചു പണത്തിനു വേണ്ടി അടിച്ചു പതം വരുത്തപ്പെടുന്ന അയല്‍വാസികളെ കേള്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നതിനെ കുറിച്ച് നിനക്കെന്തറിയാം?”
....
“'നിന്റെ ഡ്രൈവര്‍ ' . അയാള്‍ക്ക് ഒരു പേരില്ല?”
“നിര്‍ഗ്ഗുണനായ പയ്യന്‍. ആരാ നീ? നീ നിന്റെ കുടുംബത്തെ പോറ്റുന്നു എന്നതുകൊണ്ട് നീയൊരത്ഭുതമാണ് എന്ന് നീ കരുതുന്നു. നിന്നെവെച്ചൊരു സിനിമയെടുക്കണം എന്ന് നീ കരുതുന്നു, ഇല്ലേ? നീയെങ്ങനെയാണ് ആദ്യം ഓടിയതെന്ന് , എത്ര മെച്ചപ്പെട്ടിരിക്കുന്നു എന്ന് എന്നോട് പറയുന്നു. എന്നാല്‍ എന്നെ വിശ്വസിക്ക്, ഈ ചവറ്റുകൂനയില്‍ നിന്ന് പുറത്തു കടക്കാന്‍ നിനക്കിനിയും ഏറെ നന്നായി അദ്ധ്വാനിക്കേണ്ടി വരും.”
അവള്‍ ഉപയോഗിക്കുന്ന നിര്‍ഗ്ഗുണന്‍ എന്ന വാക്ക് അവനെ ആഴത്തില്‍ മുറിപ്പെടുത്തുകയും മറക്കാന്‍ ശ്രമിക്കുന്ന ചിലത് അവനെ ഓര്‍മ്മിപ്പിക്കുകയും ചെയ്യും. തന്റെ വക്കീല്‍ സുഹൃത്തുക്കളോടൊപ്പം മദ്യഗ്ലാസുകള്‍ കാലിയാക്കി വെറുതെ വാചകമടിച്ചിരിക്കുന്ന അച്ഛനെ കുറിച്ച് താന്‍ നടത്തിയിരുന്ന ആ പ്രയോഗം.
വംശീയത, ഗോത്രീയത, ആധുനികത.
നൈജീരിയന്‍ സാഹിത്യത്തില്‍ നിതാന്ത സാന്നിധ്യമായ വൈരുധ്യങ്ങള്‍ സ്പൈഡര്‍ കിംഗിലും നിഴലിടുന്നുണ്ട്. അമ്മ വിവരിക്കുന്ന പുരാവൃത്തങ്ങളില്‍ ഗോത്രീയതയെ നൈജീരിയയുടെ ശാപമായി വിവരിക്കുന്നു. അച്ഛന്‍ ഒണ്ടോ പ്രവിശ്യയില്‍ നിന്നുള്ള യൊറുബ കര്‍ഷക കുടുംബത്തില്‍ നിന്നായിരുന്നു. അമ്മയാകട്ടെ, ഒരു കാര്‍ ഡീലര്‍ ആയ ഇബോ വ്യവസായിയുടെ മകളും. അയാള്‍ക്ക് തന്നെക്കാള്‍ സാമൂഹ്യ പദവിയുള്ള കൂട്ടുകാരിയോട് ഹൃദയം തുറക്കാന്‍ പേടിയായിരുന്നു. അവരാണ് മുന്‍ കൈ എടുത്തത്. അബികെയും അങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ മകന്‍ ആഗ്രഹിക്കുന്നു. മുത്തച്ചന്‍ 'യൊറുബ കൂലിത്തൊഴിലാളി'യെ കുടുംബത്തിലേക്ക് കൊണ്ടുവരുന്നതിനെ വിലക്കി. അച്ഛന്‍ പിന്‍വാങ്ങാന്‍ ഒരുങ്ങി. “നല്ല കുടുംബത്തിലെ പെണ്‍കുട്ടികള്‍ മാതാപിതാക്കളുടെ സമ്മതം കൂടാതെ വിവാഹം കഴിക്കില്ല'' എന്ന് അയാള്‍ അവരെ പിന്തിരിപ്പിക്കാന്‍ നോക്കി. അമ്മ വിവരിക്കുന്നു “പക്ഷെ നിന്റെ മുത്തച്ചന്‍ ഒരു ഗോത്രമാനോഭാവക്കാരന്‍ ആയിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ടാണ് അദ്ദേഹം എന്നെയും നിന്റെ അച്ഛനെയും വിവാഹിതരാവാന്‍ വിസമ്മതിച്ചത്. ഗോത്രീയതയാണ് നൈജീരിയയെ പുറകോട്ടടിപ്പിക്കുന്നത്. ഒരിക്കലും ഒരാളെ ഗോത്രമേതെന്നു നോക്കി വിലയിരുത്തരുത്.” പലവുരു ആവര്‍ത്തിച്ച ഈ കുടുംബ പുരാണം അവനിലും ജോക്ക് എന്ന അനിയത്തിയിലും ഉണ്ടാക്കുന്ന മടുപ്പ് പുതു തലമുറയുടെ പ്രതികരണത്തെ സൂചിപ്പിക്കുന്നു. മറുവശത്ത് പണം എന്ന ആധുനിക അധികാര ഘടനയുടെ ഉപാസകരായ പുത്തന്‍ നൈജീരിയയുടെ പ്രതീകമാണ് ഒലുമിദ ജോണ്‍സണ്‍ പ്രതിനിധാനം ചെയ്യുന്ന ലോകം. ആധുനികതയുടെ ചിഹ്നങ്ങളും പാരമ്പര്യത്തിന്റെ ബാക്കിപത്രങ്ങളും തമ്മിലുള്ള സംഘര്‍ഷം നോവലില്‍ പലയിടത്തും പ്രകടമാണ്; മിനി സ്കേര്‍ട്ട് ധരിച്ചു പുറത്തിറങ്ങുന്ന അബികെ നേരിടേണ്ടിവരുന്ന ആണ്‍ നോട്ടത്തിന്റെയും പരിഹാസത്തിന്റെയും കയ്യേറ്റങ്ങള്‍ ഉദാഹരണം.
പിതൃ സ്മരണയെന്ന സാന്ത്വനം
പലവുരു ആവര്‍ത്തിച്ചതെന്നു തോന്നാവുന്ന ഒരു പ്രമേയം ഏറെ ലളിതമെന്നു തോന്നാവുന്ന ശൈലിയില്‍ ആവിഷ്കരിക്കുമ്പോള്‍ ഇതിനെന്താണ് പുതുമയെന്നൊരു വിമര്‍ശക ദൃഷ്ടി പതിയാം കൃതിയില്‍ . എന്നാല്‍ , ആവിഷ്കാരം അതിന്റെ സൂക്ഷ്മതലങ്ങളില്‍ എത്ര അനായാസതയോടെയും ധ്വനിസാന്ദ്രമായുമാണ് നോവലിസ്റ്റ് നിര്‍വ്വഹിക്കുന്നത് എന്ന് വ്യക്തമാക്കുന്ന സന്ദര്‍ഭങ്ങള്‍ നോവലില്‍ ധാരാളമുണ്ട്. അതിലേറ്റവും ഹൃദ്യമായ ഒന്നാണ് രണ്ടുതലമുറകളുടെ നഷ്ടങ്ങളുടെ തീക്ഷ്ണത മുഴുവന്‍ 'സര്‍ട്ടിഫിക്കെറ്റ്' എന്ന മെറ്റഫറില്‍ ഒതുക്കി അച്ഛന്റെ ഓര്‍മ്മകള്‍ അവതരിപ്പിക്കുന്ന ഭാഗം :
“മുറിയുടെ മൂലയില്‍ മൂന്നു ബാഗുകള്‍ ഉണ്ടായിരുന്നു. ഇടത്തുനിന്നു മൂന്നാമതുണ്ടായിരുന്ന മാനിലാ കവറിലായിരുന്നു അദ്ദേഹത്തിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ . ഞാന്‍ അവ പുറത്തെടുത്തു മറിച്ചു നോക്കി. ആദ്യം അദ്ദേഹത്തിന്റെ ജനന സര്‍ട്ടിഫിക്കറ്റ് , എന്റെതിനു ഇരുപത്തിയേഴു കൊല്ലം മുമ്പ്, പിന്നെ മാമോദീസാ, പിന്നീട് ഒരു പതിനഞ്ചു വര്‍ഷം മൗനം കഴിഞ്ഞു സീനിയര്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് -എല്ലാം ഏ-ഗ്രേഡ് , പിന്നെ യൂണിവേഴ്സിറ്റി, പിന്നെ അമ്മക്ക് നന്ദി, ഒരു ഉയര്‍ന്ന സെക്കണ്ട് ക്ലാസ്. ഇവിടെ ഞാന്‍ നിര്‍ത്തി. ഇതാ അദ്ദേഹം എന്റെ മുന്നില്‍ . അടുത്ത സര്‍ട്ടിഫിക്കറ്റ് അദ്ദേഹത്തെ എന്റെ അച്ഛനാക്കും. അതെന്താണെന്ന് എനിക്കറിയാമായിരുന്നു, എന്നിട്ടും ഞാന്‍ സമയമെടുത്തു, ഒരു പക്ഷെ അതില്‍ മറ്റെന്തെങ്കിലും ഉണ്ടാവാം. പതിവുപോലെ അടുത്തത് കല്യാണമായിരുന്നു, പിന്നെ മാസ്റ്റര്‍ ഡിഗ്രി. പിന്നെ മരണം.
"ഈ സര്‍ട്ടിഫിക്കറ്റുകള്‍ എന്നെ ദേഷ്യം പിടിപ്പിക്കണമായിരുന്നു. അദ്ദേഹത്തിന്റെ ഏഴിന് പകരം എനിക്കാകെ രണ്ടേയുള്ളൂ. ഇനി കൂടുതല്‍ ഉണ്ടാവാനും ഒട്ടും സാധ്യതയില്ല; മരണത്തിനു ഒന്നും ഒരു പക്ഷെ വിവാഹത്തിനു ഒന്നും എന്നതല്ലാതെ. എങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിലെ നാഴികക്കല്ലുകള്‍ കൈയില്‍ പിടിക്കുമ്പോള്‍ അതൊരിക്കലും എന്നെ ആശ്വസിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നില്ല. എന്റെ അച്ഛന്‍ കാര്യപ്പെട്ട ഒരാളായിരുന്നു . അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഞാനദ്ദേഹത്തെ ദുര്‍ബ്ബലന്‍ എന്ന് ഇകഴ്ത്തിയുരുന്നിരിക്കാം, എന്നാല്‍ അപ്പോഴും അദ്ദേഹം ഒരു യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് ആയിരുന്നു, ഒരു മാസ്റ്റര്‍ ഡിഗ്രി ഉള്ളവന്‍, ഒരു വിജയിച്ച നിയമജ്ഞന്‍. ഒരു പക്ഷെ ഒരു നാള്‍ ജോക്ക് അത്രയുമോ അതില്‍ കൂടുതലോ നേടിയേക്കാം.” ഒലുമിദേ ജോണ്‍സണ്‍ തനിക്കും കുടുംബത്തിനും ഉണ്ടാക്കിയ നഷ്ടമെന്തെന്നും അവനെന്തുകൊണ്ട് പ്രതികാരദാഹിയകുന്നു എന്നും അത്രതെന്നെ ഹ്രസ്വവും ദീപ്തവുമായ രീതിയിലാണ് നോവലിസ്റ്റ് ആവിഷ്കരിക്കുന്നത് : “ഒലുമിദേ ഇടയില്‍ കടന്നുവന്നില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍ ഡിഗ്രിക്കും മരണ സര്‍ട്ടിഫിക്കറ്റിനുമിടയില്‍ ഒട്ടേറെ കാര്യങ്ങള്‍ ഉണ്ടായേനെ. ഒരു പക്ഷെ 'സീനിയര്‍ അഡ്വോക്കെറ്റ് ഓഫ് നൈജീരിയ" എന്ന വാക്കുകള്‍ ഉള്ള ഒരു കടലാസ് കൂടി ഉണ്ടായേനെ.”
അച്ഛന്റെ മരണം അമ്മയിലുണ്ടാക്കുന്ന കടുത്ത വിഷാദ രോഗം അവനെ കുഴക്കുന്നുണ്ട്.: “വൈധവ്യം ഒരു രോഗമല്ല, അവര്‍ വാതിലിലൂടെ വേച്ചുനടന്നു പോകുമ്പോള്‍ അങ്ങനെ പറയണം എന്നെനിക്കു തോന്നി. അല്ലെങ്കില്‍ അവരുടെ ശൂന്യതക്ക് എന്റെ അച്ഛന്റെ നഷ്ടവുമായി ഒരു ബന്ധവും ഇല്ല എന്നും വരാം. ഒരു പക്ഷെ അവരിപ്പോഴും വിലപിക്കുന്നത് അവരുടെ ആഭരണങ്ങളുടെയും ചായം തേച്ച നഖങ്ങളുടെയും നഷ്ടമാകാം. അതൊക്കെയില്ലാതെ അവര്‍ ഒന്നുമായിരുന്നില്ല.” ഇപ്പോള്‍ അവര്‍ കൊടും വേനലിലെ മരം പോലെയാണെന്നും ഓരോ ദിവസവും അവരുടെ പഴയ അസ്തിത്വത്തിന്റെ ഒരു കഷണം കൊഴിഞ്ഞു പോകുന്നുവെന്നും അവന്‍ നിരീക്ഷിക്കുന്നു.
പത്തു വയസ്സുള്ളപ്പോള്‍ വളര്‍ത്തു പട്ടിയെ കൊന്നുകൊണ്ട് അച്ഛന്‍ തുടങ്ങിവെക്കുന്ന ഭ്രാന്തന്‍ കളി ('Frustration”)യില്‍ അബികെ നേടുന്ന പ്രാവീണ്യമാണ് ഒരര്‍ഥത്തില്‍ ആഖ്യാന രീതിയെ നിര്‍ണ്ണയിക്കുന്നത്. തുടക്കം മുതല്‍ അബികെയുടെയും 'ഹോക്ക'റുടേയും മാറിമാറിവരുന്ന വീക്ഷണങ്ങളിലൂടെ ഒരേ സംഭവങ്ങളെത്തന്നെ രണ്ടു വശങ്ങളില്‍ നിന്ന് അവതരിപ്പിക്കുന്നു. എപ്പോഴും അപരനില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്ന ഒരു ബലാബലത്തിന്റെ അന്തരീക്ഷം. തങ്ങളുടെ ലോകത്തെ/ പരിമിതികളെ മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന വേളകളിലൊക്കെയും ഇരുവരും അപരനെ ഉള്‍കൊള്ളുന്നത്തിനു പകരം തിരസ്ക്കരിക്കുകയും അതുവഴി തങ്ങളുടെ ലോകത്തിനു തങ്ങള്‍ക്ക് മേലുള്ള സ്വാധീനത്തിന് അറിഞ്ഞോ അറിയാതെയോ കാരണക്കാര്‍ ആയി ഭവിക്കുകയും ചെയ്യുന്നു. ഒരു നോളിവുഡ് ത്രില്ലറിന്റെ ക്ലൈമാക്സിനെ ഓര്‍മ്മിപ്പിക്കുന്ന അന്ത്യ രംഗങ്ങളില്‍ മാറിമറിയുന്ന ഭാഗധേയങ്ങള്‍ക്കൊടുവില്‍ ഒലുമിദ ജോണ്‍സണ്‍ ഒടുങ്ങുന്നതു സ്വന്തം മക്കളുടെ കൈകളില്‍ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്. പൈതൃകങ്ങളുടെയും സാഹചര്യങ്ങളുടെയും ഈ അപ്രമാദിത്തം (determinism) ചേരിയില്‍ നിന്ന് കൊട്ടാരത്തിലേക്ക് ഒരു പാലം പണിയുക ദുസ്സാധ്യമാണ് എന്ന ലോക നിയമം തന്നെയാണ് വെളിവാക്കുന്നത്.
(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 239-238)
To purchase, contact ph.no: 8086126024
