The Story of a Brief Marriage by Anuk Arudpragasam

 മൃത്യുഭൂമിയിലെ വരണമാല്യം

“The funeral bak'd meats/ Did coldly furnish forth the marriage tables.” (Hamlet, Act 1, Scene 2)

യുദ്ധത്തിന്റെ കഥ പറയുകയെന്നാല്‍ മനുഷ്യ കാരണമായ സര്‍വ്വനാശത്തിന്റെയും പറഞ്ഞറിയിക്കാനാവാത്ത ഭീകരതകളുടെയും കഥകള്‍ പറയുക എന്നതിനോടൊപ്പം അനിര്‍വ്വചനീയ മനോബലത്തെയും ജീവിതാസക്തിയേയും ആവിഷകരിക്കുക എന്നുകൂടിയാണ്. ജീവിച്ചിരിക്കുകയെന്നാല്‍ അതിന്റെ മൂലകങ്ങളില്‍, ഒടുവില്‍, ഭക്ഷിക്കല്‍, ഉറക്കം, കുളിക്കുക, സ്പര്‍ശം, സംസാരം, വെളിക്കിറങ്ങല്‍, തുടങ്ങിയ ജൈവധര്‍മ്മങ്ങളാണ്. യുദ്ധമാകട്ടെ ഈ ഈ പ്രാഥമികതകളെ തകിടം മറിക്കുകയും അതുകൊണ്ട് തന്നെ അവയുടെ ആത്യന്തിക മൂല്യത്തെ പൊലിപ്പിക്കുകയും ചെയ്യുന്നു. അഭയാര്‍ഥി ക്യാമ്പ് എന്ന ദുരിതങ്ങളുടെ ചാവേറിടത്തില്‍ കഴിയാന്‍ വിധിക്കപ്പെടുന്നവര്‍ക്കറിയാം ഇപ്പറഞ്ഞ മൌലികാവശ്യങ്ങളെക്കാള്‍ പ്രധാനമായ ഒരസ്തിത്വ പ്രശ്നവും മനുഷ്യകുലം ഇന്നോളം നേരിട്ടിട്ടേയില്ലെന്ന്. അതുകൊണ്ട് തന്നെ, ഭക്ഷണം ഒരു പഴയ ഓര്‍മ്മയായി, കാലിയായ വയറിനു ഒന്നും പുറത്തേക്ക് കളയാന്‍ ഇല്ലാതിരിക്കുമ്പോഴും സ്വസ്ഥമായി ഒന്ന് വെളിക്കിറങ്ങുക അവധാനപൂര്‍വ്വം, ആസ്വദിച്ചു ചെയ്യാനുള്ള പ്രക്രിയയായി മാറുന്ന അപൂര്‍വ്വത, ദിനങ്ങളായി ഉടലില്‍ അടിഞ്ഞു കൂടിയ അഴുക്കും ക്ഷീണവും രാവിന്റെ സാന്ദ്ര മൌനത്തില്‍ നീരൊഴുക്കിന്റെ കുളിര്‍സ്പര്‍ശമായി മുതികിലൂടെ തഴുകിക്കടന്നു പോകുന്നത് ഒരു നീണ്ട അദ്ധ്യായത്തില്‍ വിവരിക്കാനാവുന്ന/ വിവരിക്കേണ്ടതായ അസ്തിത്വ സംസ്ഥാപനമായി മാറുന്ന സര്‍ഗ്ഗ വിനിമയം ഒരേ സമയം വ്യര്‍ത്ഥവും വിരസവും മടുപ്പിക്കും വിധം ഏകതാനവും ഒപ്പം പ്രതീക്ഷയറ്റതുമായ ജീവിതാവസ്ഥയുടെ രൂപകവും യാഥാര്‍ത്ഥ്യവും ആയിത്തീരുന്നു. ശ്രീലങ്കന്‍ തമിഴ് നോവലിസ്റ്റ് അനൂക് അരുദ്പ്രകാശത്തിന്റെ ‘ഒരു ഹ്രസ്വ വിവാഹത്തിന്റെ കഥ (The Story of a Brief Marriage) ഈ മൗലികചോദനകളുടെ അസ്തിത്വ പ്രാധാന്യത്തെ കുറിച്ചു നിശിതവും അപൂര്‍വ്വവുമായ സംവേദനത്വത്തോടെയും ഭാവനാ പൂര്‍ണ്ണതയോടെയുമുള്ള അന്വേഷണമായിത്തീരുകയാണ്.

മൂന്നു പതിറ്റാണ്ട് നീണ്ട ആഭ്യന്തര സംഘര്‍ഷം ശ്രീലങ്കന്‍ സിംഹള, തമിഴ് സാഹിത്യം തീക്ഷണമായി ഏറെ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും ശ്രീലങ്കന്‍ ഇംഗ്ലീഷ് സാഹിത്യം ഏറെ വൈകിമാത്രമാണ് ഈ ചരിത്രാനുഭവം പരിഗണനയില്‍ എടുത്തതെന്നും അവയില്‍ പലതും വിദേശ വായനക്കാരെ, വിശേഷിച്ചും പാശ്ചാത്യ ലോകത്തെ, ലക്‌ഷ്യം വെച്ച് എഴുതപ്പെട്ടതായത് കൊണ്ട് ‘അന്യദേശങ്ങളിലെ പ്രാകൃത ജനത പരസ്പരം കൊല്ലുന്ന’ ആ കൊളോണിയലിസ്റ്റ് പാഠങ്ങളെ അവ അറിഞ്ഞോ അറിയാതെയോ ശരിവെക്കുകയായിരുന്നു എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മൈക്കല്‍ ഒണ്ടാജെയുടെ ‘അനില്‍സ് ഘോസ്റ്റ്’, നയോമി മുനവീരയുടെ ‘ഐലന്‍ഡ് ഓഫ് എ തൌസന്റ് മിറെഴ്സ്’ തുടങ്ങിയ ഇംഗ്ലീഷ് നോവലുകളും ശര്‍മ്മിള സയ്യിദിന്റെ ‘ഉമ്മത്ത്‌’ എന്ന നോവലും പോലുള്ള കൃതികളില്‍ വ്യത്യസ്ത രീതിയില്‍ ആവിഷ്കരിച്ചിട്ടുള്ള വംശീയ കലാപത്തിന്റെയും ഉന്മൂലനത്തിന്റെയും കഥയെ ഒരു പകലിന്റെയും ഒരു രാവിന്റെയും ഇടയില്‍ യുദ്ധം/ വിവാഹം, ജീവിതം/ മരണം, മനുഷ്യന്റെ നിസ്സാരത/ മനുഷ്യാന്തസ്സ് തുടങ്ങിയ സമസ്യകളിലൂടെ, വലിയ കാര്യങ്ങള്‍ പറയുന്നുവെന്ന നാട്യങ്ങളെതുമില്ലാതെ സമീപിക്കുയാണ് അരുദ്പ്രകാശത്തിന്റെ നോവല്‍.

ദിനേശ് എന്ന ചെറുപ്പക്കാരന്റെ ഒരു ദിവസത്തിലേക്ക് നേരിട്ട് കടന്നു ചെല്ലുന്ന നോവല്‍ ശ്രീലങ്കന്‍ സൈന്യം തമിഴ് ഈലം കലാപകാരികളെ തുടച്ചു നീക്കിയ 2009 -ലെ ഏറ്റവും രക്തരൂക്ഷിതമായ ദിനങ്ങളില്‍ ഒന്നിലാണ് കേന്ദ്രീകരിക്കുന്നത്. വടക്കന്‍ ശ്രീലങ്കയിലെ കലാപബാധിത പ്രദേശത്തെങ്ങോ ഉള്ള അഭയാര്‍ഥി ക്യാമ്പില്‍ ഒരു സുരക്ഷിതത്വവുമില്ലാത്ത താല്‍ക്കാലിക ആശുപത്രിയിലേക്ക് മൈന്‍ പൊട്ടിത്തെറിച്ചു അറ്റുതൂങ്ങാറായ കയ്യുമായി ഒരാറു വയസ്സുകാരനെ അയാള്‍ എത്തിക്കുന്നു. ആന്റിബയോട്ടിക്കുകളോ വേദന സംഹാരിയോ അനസ്തേഷ്യയോ ഇല്ലാതെ, അമിതാധ്വാനം കൊണ്ട് തളര്‍ന്നു പോയ ഒരു ഡോക്റ്റര്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് തന്നെത്തന്നെ ബോധ്യപ്പെടുത്താന്‍ ദിനേശ് വൃഥാശ്രമം നടത്തുന്നത് അയാളുടെ പ്രകൃതം വ്യക്തമാക്കുന്നുണ്ട്. ക്യാമ്പിലെയും ‘ആശുപത്രി’യിലെയും ദുസ്സഹമായ സാഹചര്യങ്ങളും ആ ശസ്ത്രക്രിയയും ഇന്നത്തെ ഒരു സിറിയന്‍ ചിത്രം പോലെ അനുഭവപ്പെടും. മുറിവേറ്റവരെ ആശുപത്രിയിലാക്കാനും മരിച്ചവരെ മറവുചെയ്യാനും സന്നദ്ധപ്രവര്‍ത്തകനായി കഴിയുന്ന ഏകനും അന്തര്‍മ്മുഖനുമായ ദിനേശ് യൌവ്വനവും ഓജസ്സും പൊയ്പ്പോയ ചെറുപ്രായക്കാരനാണ്. ജീവിതത്തോടുള്ള അനാസക്തിയും ചകിതമായ ശൂന്യ ബോധവും (nervous nihilism) കൂടെപ്പിറപ്പായ അയാളെ തേടിയെത്തുന്ന വിവാഹാലോചന, ഒട്ടും കാല്പ്പനികമാല്ലാത്ത ആ അന്തരീക്ഷത്തില്‍ വിചിത്രമായ ഒരു ‘പയ്യന്‍ പെണ്‍കുട്ടിയെ കണ്ടുമുട്ടുന്ന’ (boy meets girl) കഥയായിത്തീരുന്നതും മറ്റൊരു നിസ്സഹായതയുടെ മറുപുറമാണ്: ഗംഗയുടെ അച്ഛന്‍ മകളെ വിവാഹം ചെയ്തു കൊടുക്കാന്‍ ധൃതി കൂട്ടുന്നതിനു പിന്നില്‍ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ എത്രയും പെട്ടെന്ന് മകളെ ഒരുത്തനെ ഏല്‍പ്പിക്കുകയെന്ന പരമ്പരാഗത പിതൃഭാവം മാത്രമല്ല, കന്യകമാര്‍ വേറെയുണ്ടായിരിക്കെ വിവാഹിതരായ പെണ്‍കുട്ടികളെ ബലാല്‍ക്കാരത്തിനായി തട്ടിക്കൊണ്ടു പോകാന്‍ സൈന്യം വിമുഖരായിരിക്കും എന്ന ഒരടിസ്ഥാനവുമില്ലാത്ത ശുഭാപ്തിയും റിബലുകള്‍ അവരെ ആത്മഹത്യാ ബോംബര്‍മാരോ നിര്‍ബന്ധിത സൈനിക സേവകരോ ആയി കൊണ്ട് പോകില്ല എന്ന അബദ്ധ ധാരണയും കൂടിയാണ്. സൈന്യത്തിനും റിബലുകള്‍ക്കുമിടയില്‍ ഒരുപോലെ നിസ്സഹായരായിപ്പോവുന്ന സാധാരണ മനുഷ്യരുടെ പ്രതിനിധിയാണ് സോമസുന്ദരം. പ്രത്യേകിച്ചൊരു ആവേശവും ഇല്ലാതെ ദിനേശ് ആ വിവാഹാലോചന സ്വീകരിക്കുന്നു. തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ഗംഗയുടെ ഉറക്കം അടയാളപ്പെടുത്തുന്ന നിസ്സംഗതയും ജീവിത വൃത്തിയുടെ നിസ്സാരവും തികച്ചും സാധാരണവുമായ പ്രക്രിയകളേയും പ്രതീക്ഷകളറ്റ നിരര്‍ത്ഥക നിമിഷങ്ങളേയും ഏറ്റവും വിശദവും സുദീര്‍ഘവും സൂക്ഷ്മവുമായി നോവലിസ്റ്റ് അവതരിപ്പിക്കുന്നത്‌ അവരുടെ അസ്തിത്വത്തിന്റെ ശൂന്യവും വികാര രഹിതവും മടുപ്പിക്കുന്നതുമായ ഏകാതാനതയുടെ രൂപകം തന്നെയായിത്തീരുന്നു. അത്തരം ജീവിതത്തില്‍ ഒന്നും സൃഷ്ടിക്കപ്പെടുന്നില്ല എന്നതിന്റെ പ്രതീകം തന്നെയാണ് ദിനേശിന്റെ പൌരുഷ ക്ഷീണം. ഇരുവര്‍ക്കുമിടയിലെ മൌനവും ഈ ശൂന്യതയുടെ സൃഷ്ടിയാണ്. “അവര്‍ക്ക് അവരുടെ കഴിഞ്ഞ കാലത്തെ കുറിച്ച് സംസാരിക്കാന്‍ ആവുമായിരുന്നില്ലെങ്കില്‍, സംസാരിക്കാന്‍ പാകത്തില്‍ അവര്‍ക്കൊരു ഭായില്ലായിരുന്നെങ്കില്‍, പിന്നെ എന്താണ് അവര്‍ക്ക് പരസ്പരം സംസാരിക്കാനുണ്ടാവുക?”. അയഥാര്‍ത്ഥം എന്നുതന്നെ തോന്നാവുന്ന വിവാഹം ഗംഗയില്‍ ഒരു മാറ്റവും ഉണ്ടാക്കുന്നതായി പ്രകടമല്ലെങ്കിലും ദിനേശിന് സ്വപ്‌നങ്ങള്‍ സ്വകാര്യമായെങ്കിലും കാണാന്‍ താല്പര്യമുണ്ട്. വിധി അനുവദിച്ചു നല്‍കുന്ന ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അനുഭൂതികളുടെ മറ്റൊരു ഭൂഖണ്ഡം അയാളിലേക്ക് എത്തിനോക്കുന്നുമുണ്ട്: വിവാഹം ഒരു പെണ്‍കുട്ടിയോട് നല്‍കുന്ന പൊടുന്നനെയുള്ള അടുപ്പം, ഇനിയൊന്നു സ്വയം മെച്ചപ്പെടാനുള്ള ആഗ്രഹം, കൂടുതല്‍ യോഗ്യനാവണം എന്ന തോന്നല്‍, ധീരനും ഒപ്പം ലോല മനസ്കനുമായി സ്വയം ആവിഷ്കരിക്കാനുള്ള മോഹം, മൌനത്തെയും ഒപ്പം വാചാലതയെയും ബഹുമാനവും സ്നേഹവും ആര്‍ജ്ജിക്കും വിധം സ്വയം വരിക്കാന്‍- ഇതൊക്കെ അയാള്‍ ചിന്തിച്ചുപോകുന്നുണ്ട്. അയാള്‍ക്ക് ജിവിതത്തിന്റെ മൃദുല തലങ്ങള്‍ കാണാനുള്ള കഴിവുണ്ട്: മുറിവേറ്റ ഒരു പക്ഷിയുടെ നേര്‍ത്തുപോകുന്ന കരച്ചില്‍, ക്ഷീണിതമായ സ്വന്തം ഉടലില്‍ ആറ്റുവെള്ളത്തിന്റെ സ്പര്‍ശം, ഉറക്കത്തിന്റെ സാന്ത്വനത്തില്‍ ഉയര്‍ന്നു താഴുന്ന പ്രിയപ്പെട്ടവളുടെ നെഞ്ചിന്റെ താളം, അങ്ങനെ അയാളെല്ലാം കാണുന്നുണ്ട്. അയാള്‍ക്ക് ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ചറിയാം, കാരണം അതും അയാള്‍ക്ക് നിഷേധിക്കപ്പെട്ടതാണ്. എന്തുകൊണ്ടാണ് അയാള്‍ക്ക് ഒന്നിലും വികാരാവേശമില്ലാത്തതെന്നു നോവല്‍ സ്പഷ്ടമക്കുന്നുമുണ്ട്: “സന്തോഷവും സങ്കടവും തങ്ങള്‍ക്കെന്തു സംഭവിക്കുന്നു എന്നതിനെ നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്ക് ഉള്ളതാണ്”.

ക്യാമ്പുകള്‍ക്ക് മേല്‍ പതിക്കുന്ന ബോംബു വര്‍ഷത്തില്‍ ഒടുങ്ങിപ്പോവുന്നവരുടെ കൂട്ടത്തില്‍ ഗംഗയേയും കണ്ടെത്തുന്നത് അതുകൊണ്ട് തന്നെ അപ്രതീക്ഷിതമോ വിശേഷാല്‍ ദുരന്തമോ അല്ല. “അവളുടെ ഇടതു കണ്ണ് പാതി തുറന്നിരുന്നു, കുറേശ്ശെ തുറന്ന ചുണ്ടുകളുടെ വലതറ്റം മണ്ണിനെ ചുംബിച്ചിരുന്നു.” ജീവിതവും മരണവുമെന്ന തുടര്‍ച്ചയെ കുറിച്ചുള്ള ദിനേശിന്റെ നിലപാടില്‍ തന്നെ പ്രത്യേക വികാരത്തള്ളിച്ചയുടെ ആവശ്യകത നിഷേധിക്കപ്പെടുന്നുണ്ട്. “താന്‍ മരിക്കുമോ അതല്ല അതിജീവിക്കുമോ എന്നതിനെ കുറിച്ച് അയാള്‍ക്ക് തീര്‍ച്ചയുള്ള ഒരു തെളിവുമില്ലായിരുന്നു, എന്നാല്‍ ഒരു പക്ഷെ അത്തരം സാഹചര്യങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ അനിശ്ചിതത്വം അനുഭവിക്കുന്നതിലേറെ നല്ലത് ഒന്ന് ഉറപ്പിക്കുന്നതാണ് എന്നിരിക്കെ, അയാള്‍ ആ ആദ്യ സാധ്യതയിലേക്ക്‌ ചേര്‍ന്ന് നില്‍ക്കാന്‍ സ്വയം അനുവദിച്ചു.” മരിക്കുക എന്നാല്‍ എന്താവും എന്നതാവട്ടെ “ജീവിച്ചിരിക്കുക എന്നതിന്റെ അര്‍ത്ഥമെന്തായിരുന്നു എന്നതിനെ ആശ്രയിച്ചിരുന്നു, അയാള്‍ കുറച്ചു കാലം ജീവനോടെ ഇരുന്നിരുന്നുവെങ്കിലും അതിനര്‍ത്ഥം അയാള്‍ മറ്റു മനുഷ്യരോടൊപ്പം ആയിരുന്നോ അതോ തന്നോട് കൂടെ സ്വയം ഏകനായിരുന്നോ എന്ന കാര്യം ഓര്‍ത്തെടുക്കുക പ്രയാസകരമായിരുന്നു.” വാസ്തവത്തില്‍ യുദ്ധ പൂര്‍വ്വ ഭൂതകാലത്തിനും അജ്ഞാതമായ വര്‍ത്തമാനത്തിനും ഇടയില്‍ ഒരു വിചേച്ഛദം ദിനേശ് ഉടനീളം നേരിടുന്നുണ്ട്. ഗംഗ ഉണ്ടാക്കിക്കൊണ്ടുക്കുന്ന ഭക്ഷണം കഴിക്കാന്‍ തുടങ്ങുമ്പോള്‍ അയാള്‍ “ഭക്ഷിക്കുന്നതിന്റെ താളം ഓര്‍ത്തെടുക്കാന്‍ തുടങ്ങി” എന്ന് നോവലിസ്റ്റ് എഴുതുന്നുണ്ട്. അയാള്‍ അഭയാര്‍ഥി ക്യാമ്പിലെ പട്ടിണിയുടെ തടവുകാരനായിരുന്നു, അതിവേഗം വംശഹത്യയുടെ കനലു കടക്കുന്ന ജനതയുടെ പ്രതിനിധിയും.

അഭയാര്‍ഥി ജീവിതത്തിന്റെ നുറുങ്ങു വിശദാംശങ്ങളില്‍, വിശേഷിച്ചും അതിന്റെ മുടുപ്പുളവാക്കുന്ന ദുസ്സഹ അംശങ്ങളില്‍, വല്ലാതെ ചുഴിഞ്ഞു നോക്കുന്ന രീതി ചിലപ്പോഴെങ്കിലും ഒരു കല്ലുകടിയായി വായനയില്‍ അനുഭവപ്പെടുന്നുണ്ട്. ദിനേശ് സ്വന്തം വിസര്‍ജ്ജ്യത്ത്ന്റെ അളവ് കുറവിനെ കുറിച്ചു പറയുന്നതും, ചത്ത പക്ഷിയെ കുറിച്ചും പല്ലിയെ കുറിച്ചും വിവരിക്കുന്നതും പോലുള്ള ഭാഗങ്ങള്‍ ഇതിനുദാഹരണമാണ്. എന്നാല്‍ പഠിപ്പും വിവരവുമില്ലാത്തവാന്‍ എന്ന നിലക്കല്ല, ഒരു മാതിരി തത്വ ചിന്തകന്റെ ഭാവത്തില്‍ അയാള്‍ ചിന്തിക്കുന്നത് കൌതുകവും ഒപ്പം ഗൌരവവും ദ്യോതിപ്പിക്കുന്നുണ്ട്. അരുദ്പ്രകാശം ഒരു ഫിലോസഫി പഠിതാവാണ് എന്ന വസ്തുത ഒരു പക്ഷെ ഇവിടെ പ്രസക്തമാണ്.

ഒരു നോവല്‍ ഒരു യുദ്ധ ഡോക്കുമെന്ററിയില്‍ നിന്ന് വ്യത്യസ്തമാകുന്നത് അത് ജേണലിസത്തിന്റെ ഏറ്റവും പരുക്കനായ ദൃക്സാക്ഷി അനുഭവം പകരുമ്പോഴും സംഘര്‍ഷത്തിന്റെ ഏറ്റവും പുതിയ വികാസങ്ങള്‍ സംബന്ധിച്ച വിവരണങ്ങള്‍ക്കു പകരം അതിന്റെ വൈകാരിക തലങ്ങളിലേക്കും മാനുഷിക വിലയൊടുക്കലിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നിടത്താണ്. അരുദ്പ്രകാശം ഉപയോഗിക്കുന്ന ആടയാഭരണങ്ങളോ വാങ്മയ ലാവണ്യമോ ഇല്ലാത്ത ശൈലിയും നോവലില്‍ നിരന്തരം ആവിഷ്കരിക്കപ്പെടുന്ന വീറില്ലാത്ത ഭീകരതയുടെ അന്തരീക്ഷവും എന്തുകൊണ്ട് നോവല്‍ രൂപം എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്‌. ജേണലിസ്റ്റിക്ക് യഥാതഥത്വത്തോടൊപ്പം മനോവിജ്ഞാനീയ യഥതഥത്വവും (psychological realism) പകര്‍ന്നു നല്‍കാനും ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ അത് സാധിക്കാനും ഫിക് ഷന്‍ രൂപംപോലെ പ്രാപ്തമായ മാധ്യമമില്ല എന്നതാവാം നോവലിസ്റ്റിനെ ആകര്‍ഷിക്കുന്നത്. നോവലിന്റെ സിംഹഭാഗവും ദിനേശിന്റെ മനസ്സിന്റെ ഉള്‍ത്തടങ്ങളില്‍ (inner landscape) ആണ് സംഭവിക്കുന്നത്‌ എന്നതും സുദീര്‍ഘമായ, ധ്യാനത്തോടടുത്ത മാനസിക കേന്ദ്രീകരണത്തോടെയുള്ള അയാളുടെ ചിന്തകളിലാണ് യുദ്ധത്തിന്റെ ഭീകരതയും മാനുഷിക നിഷ്കളങ്കതയുടെയും ദൌര്‍ബല്യത്തിന്റെയും അനുഭവങ്ങളും കൂടിക്കുഴയുന്നത് എന്നതും പ്രധാനമാണ്. ദിനേശിന്റെ മനോവ്യാപാരങ്ങളില്‍ കേന്ദ്രീകരിക്കുന്ന രീതി നോവലില്‍ ഒട്ടൊരു പരിമിതിയും തീര്‍ക്കുന്നുണ്ട് എന്ന് പറയാതെ വയ്യ. അതിലേറ്റവും പ്രധാനം, ഗംഗയുടെ മനസ്സോ ചിന്തകളോ വേണ്ട രീതിയില്‍ ആവിഷ്കരിക്കപ്പെടാതെ/ നോവലില്‍ ഇടം പിടിക്കാതെ പോകുന്നു എന്നതാണ്. രണ്ടാമത് മുഖ്യ കഥാപാത്രം ആയിരിക്കുമ്പോഴും ദിനേശിന്റെ ജീവിതത്തെ ബാധിക്കുന്ന തലം വരെയേ അവളുടെ അസ്തിത്വത്തിനു നോവലില്‍ ഇടമുള്ളൂ. അയാള്‍ക്കാകട്ടെ, ഏറെ ഹൃദയാലുവും അപരരെ കുറിച്ച് ചിന്തയുള്ളവനും ആയിരിക്കുമ്പോഴും, തന്റെ സാധ്യതയില്ലാത്ത പ്രണയത്തിന്റെ വിഷയം (object) എന്നതിനപ്പുറം, അവളെ കൂടി അടയാളപ്പെടുത്താനോ അവളുടെ വൈകാരിക പരിണാമങ്ങള്‍ ആവിഷ്കാരിക്കാനോ വേണ്ട സമയമോ ഭാഷയോ സ്വന്തമായി ഇല്ലതാനും. ദിനേശിനോളം തന്നെ ദുരന്തങ്ങള്‍ അനുഭവിക്കുന്ന ഇതര കഥാപാത്രങ്ങള്‍, ഗംഗയെ പോലെ, ഏതാണ്ട് പ്രേത സാന്നിധ്യങ്ങളായി മിന്നി മായുന്നതേയുള്ളൂ. എന്നാല്‍, പരിമിതികള്‍ക്കപ്പുറം അരുദ്പ്രകാശം ചെയ്തുവെക്കുന്നത് ശ്രീലങ്കന്‍ ഹോളോകോസ്റ്റിന്റെ മറ്റൊരു ഭീകര മുഖം അനാവരണം ചെയ്യുകയാണ്. മരണത്തെയും ഏകാന്തതയേയും ലക്ഷക്കണക്കിന്‌ അഭയാര്‍ഥികളില്‍ ഓരോരുത്തരും വൈയക്തികമായി നേരിടേണ്ടി വന്ന അനുഭവമായി അത് അവതരിപ്പിക്കുന്നുവെന്ന് നിരീക്ഷിക്കപ്പെടുന്നു (Supriya Nair: livemint.com).

“അരുദ്പ്രകാശം സ്വപ്നങ്ങളും മോക്ഷത്തിലുള്ള വിശ്വാസവുമായി, സ്വകാര്യത, അന്തസ്സ്, അഭിമാനം, തങ്ങളുടെ ജീവിത ചര്യകള്‍ എന്നിവയെ മുറുകെ പിടിച്ച ഈ നിരപരാധികളായ മനുഷ്യര്‍ക്ക്‌ സാധാരണ പൌരന്മാര്‍ എന്ന നിലയില്‍ ചരിത്രത്തില്‍ ഒരിടം നല്‍കുകയാണ്. തങ്ങളുടെ തുച്ഛമായ സ്വത്തുക്കളെ പേപ്പര്‍ വെയ്റ്റു കൊണ്ടെന്നോണം ഭൂമിയില്‍ ബന്ധിച്ച്, കീഴ്മേല്‍ മറിഞ്ഞ ബോട്ടുകളില്‍ അഭയം തേടി, ദുര്‍ബ്ബലമായ ഒളിവിടങ്ങളില്‍ ചുരുണ്ടുകൂടി, കഴിയുന്ന ഈ മനുഷ്യരോട് തൊട്ടുനില്‍ക്കാതിരിക്കാന്‍ സാധ്യമല്ലെന്ന് അദ്ദേഹം സ്ഥാപിക്കുന്നു.” – (Ru Freeman- nytimes.com).

(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 297-301)