ഗുന്തര്‍ ഗ്രാസ് കുട്ടിക്കാലം ചെലവഴിച്ച 1930കളും1940കളും അദ്ദേഹത്തിന്‍റെ (ഓസ്കാര്‍ മാറ്റ്സെരാത്തിന്റെയും) ജന്മസ്ഥലമായ Danzig പ്രദേശത്തെ സംബന്ധിച്ച് നിര്‍ണ്ണായകമായിരുന്നു. ജര്‍മ്മന്‍ വംശജര്‍ക്കു ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും ലീഗ് ഓഫ് നേഷന്‍സിന്റെ സംരക്ഷണയില്‍ പോളണ്ടിന്റെ ഭരണത്തിലുള്ള ഒരു സ്വതന്ത്ര പ്രദേശമായിരുന്നു 1919–39 കാലത്ത് Free City of Danzig (ഇപ്പോള്‍ പോളണ്ടിന്റെ ഭാഗമായ Gdańsk). 1939ല്‍ ഹിറ്റ്ലരുടെ അധിനിവേശം യാഥാര്‍ത്ഥ്യമായതിനു ശേഷം ജൂതന്മാര്‍ക്കും പോളിഷ് വംശജര്‍ക്കും നേരെ പ്രദേശത്തു നടമാടപ്പെട്ട തനതു നാസി ഭീകരതകളും പില്‍ക്കാല പരിണതികളുമാണ് The Tin Drum, Cat and Mouse, Dog Years എന്നിവ അടങ്ങിയ Danzig Trilogyയുടെ രചനയിലേക്ക് ഗ്രാസിനെ നയിച്ചത്. അമ്പതുകള്‍ക്കു ശേഷം സഖ്യ ശക്തികള്‍ക്കും സോവിയറ്റ് യൂണിയനും കീഴൊതുങ്ങിയ ജര്‍മ്മനിയുടെ ദേശഘടനാ പരമോ (territorial) സാമ്പാത്തികമോ ആയ പ്രതിസന്ധികളിലല്ല ഗുന്തര്‍ ഗ്രാസ് ശ്രദ്ധയൂന്നുന്നത്. ഹോളോകാസ്റ്റിന്റെ പിന്‍തലമുറയുടെ അക്ഷന്തവ്യമായ മൌനത്തിന്റെയും ഉത്തരവാദിത്ത തമസ്കരണത്തിന്റെയും പരിസരങ്ങളിലാണ്. പ്രാകൃതത്തം (barbarism) ജര്‍മ്മന്‍ ജനതയെയും ഭാഷയെയും ഗ്രസിച്ചു കഴിഞ്ഞ നിലക്ക് ഓഷ് വിറ്റ്‌സിനു ശേഷം കവിതയെഴുതാനാവില്ല എന്ന തിയഡോര്‍ അഡോര്‍നോയുടെ നിരീക്ഷണത്തിനുള്ള ഗ്രാസിന്റെ മറുപടി കൂടിയായിരുന്നു The Tin Drum. അത് ഒരു യുദ്ധവിരുദ്ധ കഥയും ജര്‍മ്മന്‍ ആന്ധ്യത്തിനു നേരെയുള്ള വിമര്‍ശനവും മാത്രമായിരുന്നില്ല; പുതുതായി കണ്ടെടുക്കുന്ന ഒരു നൈതിക ഭാഷയുടെ സാധ്യതകള്‍ തുറന്നുവെക്കല്‍ കൂടിയായിരുന്നു. *(1).
തിന്മയുമായുള്ള മുഖാമുഖം നിങ്ങളെ സ്വയം അതാക്കി മാറ്റാനുള്ള സാധ്യതയുടെ അപകടത്തെ കുറിച്ച് നീഷേ മുന്നറിയിപ്പു നല്‍കുന്നുണ്ട്. The Tin Drum എന്ന നോവലിന്റെ വായനയില്‍ നീഷേയുടെ മുന്നറിയിപ്പിന്റെ അന്തസ്സത്തയാണ് തെളിഞ്ഞു കാണാനാകുക എന്ന് ഡാനിയേല്‍ എസ്. ബര്‍ട്ട് നിരീക്ഷിക്കുന്നു *(2). ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാതിയെ അടയാളപ്പെടുത്തിയ നാസി ഭീകരതയെ കുറിച്ചും നാസി-അനന്തര തലമുറയുടെ സാംസ്കാരിക സ്മൃതിനാശത്തെ കുറിച്ചും ഉത്തരവാദിത്ത വിസ്മൃതിയെ കുറിച്ചുമുള്ള ഏറ്റവും നിശിതമായ ഫിക് ഷനല്‍ ആഖ്യാനങ്ങളില്‍ ഒന്നായി നോവല്‍ ഇന്നും നിലക്കൊള്ളുന്നു. അത് ‘സാധാരണമായതിനെ മൃഗീയവും മൃഗീയമായതിനെ സാധാരണവും’ (Daniel S. Burt) ആക്കി അവതരിപ്പിക്കുന്നു. സ്വന്തം പ്രതിബിംബത്തെ ഒട്ടും മുഖസ്തുതിഭാവത്തില്‍ അല്ലാതെ കണ്ടെത്തുന്നതിന്റെ അങ്കലാപ്പാണ് 1959ല്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ ഗ്രാസിന്റെ നോവലിനെതിരെ ഔദ്യോഗിക നിരോധനമായും അനൌദ്യോഗിക, ജനകീയ പ്രതിഷേധങ്ങളായും ബഹുരൂപമാര്‍ന്നത്.
ഗ്രാസ് ഉപയോഗിക്കുന്ന സുപ്രധാനമായ രണ്ടു ആഖ്യാന തന്ത്രങ്ങള്‍ ഇംഗ്ലിഷ് നോവലിസ്റ്റുകള്‍ ആയ ജോനതാന്‍ സ്വിഫ്റ്റ്, ലോറെന്‍സ് സ്റ്റേണ്‍ എന്നിവര്‍ മുമ്പേ പ്രയോഗിച്ചതാണ്. ‘ഗള്ളിവരുടെ യാത്രക’ളില്‍ അസബന്ധപൂര്‍ണ്ണമാം വിധം വ്യത്യസ്ത ഉടലളവുകളും അവയുമായി പൊരുത്തപ്പെടാത്ത മാനസിക ഭാവങ്ങളുമുള്ള വിചിത്ര രൂപികളെ അവതരിപ്പിക്കുന്നതിലൂടെ സ്വിഫ്റ്റ്, യാഥാര്‍ത്ഥ്യത്തെ അവലക്ഷണപ്പെടുത്തുകയും തകിടം മറിക്കുകയും ചെയ്യുന്നു. ‘തകരച്ചെണ്ട’യിലെ ഓസ്കാര്‍ മറ്റ്സെരാത്ത് മുതിര്‍ന്നവരുടെ ലോകത്തോടുള്ള മടുപ്പില്‍ മൂന്നു വയസ്സില്‍ വളര്‍ച്ച നിര്‍ത്തുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തെ കുട്ടിയുടെ കണ്ണുകളുള്ള മുതിര്ന്നവന്റെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കാന്‍ സഹായിക്കുന്നു. “തനിക്കു ചുറ്റുമുള്ള മുതിര്‍ന്നവരുടെ പൊക്കമേറിയതും ഭീഷണവും ദുഷിച്ചതുമായ ലോകത്തെ ഓസ്കാര്‍ കീഴെ നിന്നും പിറകില്‍ നിന്നും നോക്കുന്നു; അയാളുടെ വീക്ഷണം സാമാന്യത്തെ തകിടം മറിക്കുന്നു, വിലക്ഷണനായ കുട്ടിയുടെ അനിയന്ത്രിത ശാട്യങ്ങള്‍ക്ക് അതിനെ വിധേയപ്പെടുത്തുന്നു.” (Daniel S. Burt). അയാള്‍ ചെയ്തിരിക്കാന്‍ ഇടയില്ലാത്തതെന്നു വായനക്കാര്‍ക്ക് ഉറപ്പിക്കാവുന്ന ഒരു കൊലപാതകത്തില്‍ ബോധപൂര്‍വ്വം ശിക്ഷ വരിച്ചു ഒരു മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലില്‍ കഴിയുന്ന 1952 മുതല്‍ 1954 വരെ കാലത്താണ് അപ്പോള്‍ മുപ്പതുപിന്നിട്ട ഓസ്കാര്‍ അയാളുടെ ജീവിത കഥ പറയുന്നത്. വാസ്തവത്തില്‍ ഓസ്കാറിന്റെ നമ്പാനാവാത്ത പ്രകൃതമാണ് (unreliable narrator) നോവലിന്റെ ആഖ്യാന സ്വരത്തെ, ഏതിനെ വിശ്വസിക്കാം/ വിശ്വസിച്ചു കൂടാ എന്ന സംത്രാസത്തെ, അടയാളപ്പെടുത്തുന്നതും. ലോറെന്‍സ് സ്റ്റേണിന്റെ Tristram Shandy യിലെ നായകനെ പോലെ അയാളുടെ ആഖ്യാനം കാലത്തിനു പിറകോട്ടു പോവുകയും താന്‍ ജനിച്ച 1924നും പിറകില്‍, മുത്തശ്ശി അന്ന കൊലായ്ചെക്ക് ബ്രോന്‍സ്കി തന്റെ ഭര്‍ത്താവാകാന്‍ പോകുന്ന ജോസഫ് ബ്രോന്‍സ്കിയെ കണ്ടുമുട്ടിയ 1899-ലെ യാദൃശ്ചികതയിലേക്ക് കടക്കുകയും ചെയ്യുന്നു. പാത്രസൃഷ്ടിയുടെ അടിയൊഴുക്കായി രാഷ്ട്രീയം കടന്നുവരുന്നത് ഏറെ സുവ്യക്തമാകുന്നത് ജോസഫ് ബ്രോന്‍സ്കിയുടെ കാര്യത്തിലാണ്. അയാള്‍ പോളണ്ടുകാരനാണ്. പോളണ്ടിന്റെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ തീവെപ്പു കുറ്റംചുമത്തി പിന്തുടരുന്ന പോലീസുകാരില്‍ നിന്നു രക്ഷപ്പെടാന്‍, ഉരുളക്കിഴങ്ങു പാടത്തില്‍ ജോലിയില്‍ വ്യാപൃതയായിരിക്കുന്ന അന്നയുടെ ഒട്ടേറെ അടരുകളുള്ള പാവടക്കടിയില്‍ അഭയം തേടുമ്പോഴാണ്, ആ വഴി ഓടിവന്ന കുറ്റവാളിയെ കുറിച്ച് മുത്തശ്ശിയെ പോലീസ് ചോദ്യം ചെയ്യുന്ന അതേ മുഹൂര്‍ത്തത്തില്‍, ഓസ്കാറിന്റെ അമ്മ ആഗ്നസ് ഉരുവാകുന്നത്. തുടര്‍ന്നുള്ള ആഖ്യാനത്തിലും ഓസ്കാറിന്റെയും ഇതര കഥാപാത്രങ്ങളുടെയും ജീവിതങ്ങള്‍ കാലഘട്ടത്തിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുമായി കെട്ടുപിണയുകയും എങ്ങനെ ഓസ്കാര്‍ സാനറ്റൊരിയത്തിലെ സെല്ലില്‍ എത്തിപ്പെട്ടു എന്ന ചോദ്യത്തിന്റെ ഉത്തരം അങ്കലാപ്പുണ്ടാക്കുംവിധം സങ്കീര്‍ണ്ണമാവുകയും ചെയ്യുന്നു.
മൂന്നു ഭാഗങ്ങളായി വിഭജിതമായ ആഖ്യാനത്തില്‍ ആദ്യഭാഗം, സാനറ്റൊരിയത്തിലെ ഒസ്കാറിനെ പരിചയപ്പെടുത്തുകയും ആഖ്യാനത്തിന് കഥയ്ക്കുള്ളിലെ കഥ എന്ന ചട്ടക്കൂടു (frame tale) ഘടന നല്‍കുകയും ചെയ്തുകൊണ്ടാണ് ആരംഭിക്കുന്നത്. ഓസ്കാറിന്റെ മേല്‍നോട്ട ചുമതലയുള്ള ബ്രൂണോ മങ്സ്റ്റര്‍ബര്‍ഗ് ഒരേ സമയം അയാളുടെ ആവശ്യങ്ങള്‍ എത്തിച്ചുകൊടുക്കുന്നവനും ഒപ്പം അയാളുടെ കുമ്പസാരങ്ങള്‍ക്ക് സാക്ഷിയുമാണ്. പിക്കാറസ്ക് സ്വഭാവമുള്ള ഓസ്കാറിന്റെ ജീവിതഗതി, അന്നാ കൊലായ്ചെക്കില്‍ തുടങ്ങി, അയാളുടെ സംശയാസ്പദമായ പിതൃത്വത്തിലേക്കു മുന്നേറുന്നു. അമ്മ ആഗ്നസ് ഒരേ സമയം ഭര്‍ത്താവ് ആല്‍ഫ്രെഡ് മാറ്റ്സെരാത്തിന്റെയും എക്കാലത്തെയും കാമുകനായ ബന്ധു യാന്‍ ബ്രോന്‍സ്കിയുടെയും കൂടെ ജീവിച്ചു. രണ്ടുപേരില്‍ ആരുമാവാം ഓസ്കാറിന്റെ പിതാവ്. മുത്തശ്ശിയിലൂടെയും അമ്മയിലൂടെയും കിട്ടിയ കശൂബയന്‍ പാരമ്പര്യവും, ആല്‍ഫ്രെഡിന്റെ ജര്‍മ്മന്‍ നാസി വിധേയത്വവും ഒരു വേള യാന്‍ ‘അങ്കിള്‍’ വഴി കൈവരുന്ന പോളിഷ് കൂറും ഒസ്കാറിനെ ശരിക്കുമൊരു ‘സങ്കരം’ (hybrid) ആക്കുന്നുണ്ടോ? സമ്പൂര്‍ണ്ണമായ ബുദ്ധിവികാസവും സ്വയം വരിച്ച ഉടല്‍ ശൈശവവും ചേര്‍ന്നുള്ള ഒരു വിചിത്ര ശിശു ("clairaudient" child) എന്ന അയാളുടെ പ്രകൃതവും അയാളുടെ കാഴ്ചകളെ വിചിത്രനായ ഒരു അതിമാനുഷന്റേത് ആക്കുന്നുണ്ട്. അതയാളെ ‘ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുപിതനായ ചെറുപ്പക്കാരന്‍ (Angry young man)’ ആക്കുന്നുവെന്നു റോബര്‍ട്ട് മോറര്‍ നിരീക്ഷിക്കുന്നു (Ibid). കുടുംബത്തിന്റെ പലചരക്കുകട നടത്തിക്കൊണ്ടുപോകലാണ് വലുതാവുമ്പോള്‍ മകനു കരുതി വച്ചിരിക്കുന്ന ദൗത്യം എന്ന മാറ്റ്സെരാത്തിന്റെ പ്രഖ്യാപനം കേള്‍ക്കാനിടയകുന്നതാണ്, പിന്നീട് പതിനെട്ടു വര്‍ഷക്കാലത്തെക്കുള്ള ആ വളര്‍ച്ച മുരടിപ്പ് ഒപ്പിച്ചെടുക്കാന്‍ വേണ്ട ആ വീഴ്ച്ച നടപ്പിലാക്കുന്നതിലേക്ക് ഒസ്കാറിനെ എത്തിക്കുന്നത്. ദേശത്തിന്റെ വലിയ പരിപ്രേക്ഷ്യത്തിലാകട്ടെ, നാസിസം പ്രതിനിധാനം ചെയ്യുന്ന അധികാര വൈരൂപ്യവും മുകളില്‍ നിന്നുള്ള ഏതെങ്കിലും വലിയ ശക്തിയുടെ അടിച്ചേല്‍പ്പിക്കലായല്ല, മറിച്ച് ആന്തരികമായ വീര്‍പ്പുമുട്ടലുകളുടെയും അടിച്ചമരത്തലിന്റെയും സാധാരണ ജര്‍മ്മന്‍കാരുടെ മടുപ്പിന്റെയും പ്രതികരണമായാണ്. മാറ്റ്സെരാത്തിന്റെയും സമൂഹത്തിന്റെയും അവസ്ഥക്കുള്ള കാരണക്കാരന്‍ എന്ന നിലയിലല്ല, പ്രസ്തുത അവസ്ഥകളുടെ പരിണിതഫലം എന്ന നിലയിലാണ് ഹിറ്റ്ലര്‍ അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍, തന്റെ തകരചെണ്ടയിലെ തന്റെ ഭ്രാന്തമായ മേളം കൊണ്ടു (manic beating) നാസി റാലിയുടെ താളം അലങ്കോലപ്പെടുത്തുന്നുവെങ്കിലും, ഓസ്കാര്‍ ഒരു നാസി വിരുദ്ധനല്ല; എന്നുമാത്രമല്ല, സഞ്ചിത ഉത്തരവാദിത്തവും അതെകുറിച്ചുള്ള കുറ്റബോധവും എന്ന പ്രമേയം ഒസ്കാറിലൂടെത്തന്നെയാണ് നോവലിസ്റ്റ് വലിയൊരളവു വ്യക്തമാക്കുന്നതും. ഹിറ്റ്ലര്‍ സ്വയം ഒരു പരാജയപ്പെട്ട കലാകാരനും ഒപ്പം സമൂഹത്തിന്റെ രക്ഷകനുമായി തന്നെക്കുറിച്ച് തന്നെ ചിന്തിച്ചിരുന്നു എന്നതില്‍ ഓസ്കാറിനു ചില സാമ്യങ്ങളുണ്ട് അയാളോട്. തന്റെ രക്ഷിതാക്കളില്‍ രണ്ടുപേരുടെ മരണത്തിനു നേരിട്ടും, അമ്മയുടെ മരണത്തിനു നേരിട്ടല്ലാതെയും കാരണക്കാരന്‍ എന്ന കുറ്റബോധം മാത്രമല്ല, മറ്റുള്ളവര്‍ക്കില്ലാത്ത ഒരു സവിശേഷ കാഴ്ചപ്പാടിലൂടെ ജര്‍മ്മനിയുടെ വിനാശ കാരണങ്ങളെ നോക്കിക്കാണാന്‍ കഴിഞ്ഞു എന്നതും ചേര്‍ന്നു അവനും ഒരു ഇരട്ട പരിവേഷമുണ്ടല്ലോ. തേഡ് റെയ്ക്കിന്റെ ഉയര്‍ച്ചയും താനും തന്റെ കുടുംബവും അവര്‍ ഇടപെട്ട സാമൂഹിക വൃത്തങ്ങളും രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തിന്റെ ഭാഗമായി വളരുന്ന വ്യാപക ഹിംസയെ കണ്ടില്ലെന്നു നടിക്കുന്നതും തന്റെ വിചിത്ര ജ്ഞാന ദൃഷ്ടിയില്‍ ഓസ്കാര്‍ അറിയുന്നുണ്ട്. അതേ വൈചിത്ര്യത്തോടെ കുടുംബത്തില്‍ ഒരു റിബല്‍ ആയിത്തുടങ്ങുകയും ആ സ്വയംവരിച്ച വളര്‍ച്ച മുരടിപ്പില്‍ എത്തിച്ചേരുകയും ചെയ്യുന്ന ഓസ്കാര്‍, മൂന്നാം ജന്മദിന സമ്മാനമായി ലഭിക്കുന്ന തകരച്ചെണ്ട, ഭാഷയെക്കാളെറെ, തന്റെ വിനിമയോപാധിയും അഭയവുമാക്കി മാറ്റുന്നു. സന്ദര്‍ഭബോധമില്ലാത്ത ഓസ്കാറിന്റെ ചെണ്ട വാദനം പോല്ലാപ്പാകുമ്പോള്‍ അയാളില്‍നിന്നു അതെടുത്തുമാറ്റാന്‍ കുടുംബാംഗങ്ങള്‍ ശ്രമിക്കുമ്പോഴാണു തന്റെ മറ്റൊരു സിദ്ധികൂടി ഓസ്കാര്‍ കണ്ടെത്തുന്നത്: കൂടിയ ഫ്രിക്വന്‍സിയില്‍ ശബ്ദം പുറപ്പെടുവിച്ചു ഗ്ലാസുകള്‍ ഉടക്കാനുള്ള കഴിവ്. സ്കൂളില്‍ പോക്കുപോലെയുള്ള വളര്‍ന്നുവരവിന്റെ ബാധ്യതകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഉപാധിയായി അതും അയാള്‍ കണ്ടെടുക്കുന്നു. യാന്‍ ബ്രോന്‍സ്കിയുമായുള്ള ബന്ധമാണോ കാരണം എന്നുറപ്പില്ലാതെ വീണ്ടും ഗര്‍ഭിണിയാകുന്ന ആഗ്നസ്, തികച്ചും ജുഗുപ്സാവഹമായ രീതിയില്‍ സ്വയം വരിക്കുന്ന മരണത്തിനു കീഴടങ്ങുന്നു. ആഗ്നസിനും ഒസ്കാറിനും നല്ല സുഹൃത്തും ഓസ്കാറിന്റെ അമിത ഉപയോഗമുള്ള ചെണ്ടകള്‍ അപ്പപ്പോള്‍ പകരം വെച്ചിരുന്നവനുമായ കളിക്കോപ്പു കടയുടമയായ ജൂതന്‍ മാര്‍ക്യൂസ്, Kristallnacht (Night of Broken Glass) എന്നറിയപ്പെട്ട ജൂത വ്യാപാരസ്ഥാപനങ്ങള്‍ക്ക് എതിരെ നടത്തപ്പെട്ട നാസി തേരോട്ടത്തില്‍, എല്ലാം നഷ്ടപ്പെടുന്നതിന്റെ മുന്നോടിയായി ആത്മഹത്യ ചെയ്യുന്നു. ഈ രണ്ടു ആത്മഹത്യകളും ഒസ്കാറിനെ വലിയ തോതില്‍ അനാഥനാക്കുന്നു. ജുഗുപ്സാവഹമായ കുറെയേറെ രംഗങ്ങളുടെ തുടര്‍ച്ചയിലാണ് ആഗ്നസിന്റെ മരണം സംഭവിക്കുന്നത്: കടപ്പുറത്തുവെച്ചു തീറ്റയായി ഉപയോഗിക്കുന്ന കുതിരത്തലയില്‍ കുരുങ്ങിയ ജീവനുള്ള ഈല്‍ മത്സ്യങ്ങളെ മാറ്റ്സെരാത്ത് പിടികൂടുന്നതില്‍ അതാരംഭിക്കുന്നു. രംഗം കണ്ടു ചര്‍ദ്ദിക്കാന്‍ തുടങ്ങുന്ന ആഗ്നസിനെ സമൃദ്ധമായ രതിതീക്ഷ്ണ ചലനങ്ങളില്‍ സാന്ത്വനിപ്പിക്കുന്ന യാന്‍ അങ്കിളും അമ്മയും ചേര്‍ന്നു ഏതാണ്ടൊരു സര്‍റിയല്‍ അനുഭവം പകരുന്നുണ്ട് ഓസ്കാറിന്. അരുതാത്ത ഗര്‍ഭത്തിന്റെ അസ്വാസ്ഥ്യമാണോ, തന്റെ അസ്തിത്വത്തെ ചൂഴ്ന്നു നില്‍ക്കുന്ന, രണ്ടു പ്രണയങ്ങള്‍ക്കിടയിലും വലിഞ്ഞു മുറുകുന്ന അവസ്ഥയാണോ, അതോ, താന്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കുറ്റബോധത്തിന്റെതന്നെ ദുരൂഹചോദനകളാണോ ആഗ്നസിന്റെ പതനം തുടങ്ങിവെക്കുന്നത് എന്ന് തീര്‍ത്തുപറയുക വയ്യ. മുമ്പു കഴിക്കാറേയില്ലാതിരുന്ന ഈല്‍ മത്സ്യത്തെയും കടയില്‍ കാണുന്ന ഒട്ടും സുരക്ഷിതമല്ലാത്ത മത്സ്യ അച്ചാറും മറ്റും ഒരു നിയന്ത്രണവുമില്ലാതെ വിഴുങ്ങാന്‍ തുടങ്ങുന്ന ആഗ്നസ്, മറ്റൊരു സ്വയംനശീകരണ ചിത്രമായി മാറുകയാണ്. അതിന്റെ പരിസമാപ്തിയിലാണ്, കുന്ജിന്റെ പിതൃത്വം ആരുടെതാണ് എന്നതൊരു പ്രശ്നമേയല്ല എന്ന മാറ്റ്സെരാത്തിന്റെ ധൈര്യപ്പെടുത്തല്‍ പോലും വകവെക്കാതെയുള്ള ആഗ്നസിന്റെ അന്ത്യം.
രണ്ടാം ഭാഗത്തില്‍, ഡാന്‍സിഗിലെ നാസി അധിനിവേശാനന്തര ഘട്ടവും രണ്ടാംലോക യുദ്ധശേഷമുള്ള ഓസ്കാറിന്റെ ജീവിതവുമാണ് കടന്നുവരുന്നത്. ജൂതരെയും പോളിഷ് വംശജരെയും വേട്ടയാടുന്ന കാലത്ത്, തന്റെ രണ്ടു അച്ചന്മാരുടെയും മരണത്തിനു ഓസ്കാര്‍ കാരണക്കാരനാകുന്നത് ഈ ഭാഗത്താണ്. മാറ്റ്സെരാത്ത്, തന്റെ പൊട്ടിയ ചെണ്ട മാറ്റിക്കിട്ടാന്‍ ഒന്നും ചെയ്യാത്ത ഘട്ടത്തില്‍ യാനിനെ അഭയം തേടുന്ന ഓസ്കാര്‍, അയാളെയും കൂട്ടി പോളിഷ് പോസ്റ്റ്ഓഫീസില്‍ പോകുന്നത് അവിടത്തെ തൂപ്പുകാരന്‍ ചെണ്ട റിപ്പയര്‍ ചെയ്തുകൊടുക്കും എന്നത് കൊണ്ടാണ്. അത് നാസികള്‍ പോളിഷ് പോസ്റ്റ് ഓഫീസ് ആക്രമിക്കുന്ന ഘട്ടമായിരുന്നു. നാസി ഹോം ഗാര്‍ഡിനു പിടികൂടാന്‍ പാകത്തില്‍ യാനിനെ വെളിപ്പെടുത്തുന്നത് ഓസ്കാര്‍ തന്നെയാണ്. അതയാളുടെ മരണത്തിലേക്ക് നയിക്കും. മാറ്റ്സെരാത്ത്, പരിചാരികയായി കൊണ്ടുവരുന്ന മരിയയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഓസ്കാര്‍, മരിയ ഗര്‍ഭിണിയാകുമ്പോള്‍ സ്വയം കുഞ്ഞിന്റെ പിതാവായി സങ്കല്‍പ്പിക്കുന്നുണ്ട്. സുരക്ഷാ മാര്‍ഗ്ഗം സ്വീകരിക്കാതെ ബന്ധപ്പെട്ട മാറ്റ്സെരാത്തിന്റെതാവാം കുര്‍ട്ട് എന്ന സൂചന നോവലില്‍ ശക്തമാണെങ്കിലും, ഓസ്കാറിന്റെ ചിന്ത ഒരു തനിയാവര്‍ത്തനത്തിന്റെ മാനം കൈവരിക്കുന്നു. സ്വവര്‍ഗ്ഗാനുരാഗിയായ പലചരക്ക് കച്ചവടക്കാരന്റെ ഭാര്യ, ഫ്രോ ഗ്രഫ്ഫിനോട് തന്റെ ലൈംഗിക ദാഹവുമായി ഓസ്കാര്‍ അടുത്തുകൂടുന്നുണ്ട്. മി.ഗ്രഫ് തൂങ്ങി മരിക്കുന്നത്, നാസികള്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കു നേരെ അരങ്ങേറിയ ഭീകരതയുടെ നിദര്‍ശനമാണ്.
സൈനികരുടെ നേരമ്പോക്കിനായി കലാപരിപാടികള്‍ അവതരിപ്പിക്കുന്ന കുള്ളന്‍കൂട്ടത്തിലെ ബെര്‍ബയുടെ സഹകാരിയായി തന്റെ ചില്ലുടക്കല്‍ സിദ്ധിയും ചെണ്ടവാദന കലയും പ്രയോഗിക്കാന്‍ തുടങ്ങുന്ന ഓസ്കാര്‍, അവിടെവെച്ചാണ് റോസ് വിതയുമായി പ്രണയത്തിലാകുന്നത്. ഒരു വെടിവെപ്പില്‍ അവള്‍ കൊല്ലപ്പെടുന്നതോടെ, കുറഞ്ഞൊരു കാലം മോഡലിംഗ് രംഗത്തേക്ക് തിരിയുന്ന ഓസ്കാര്‍, താന്‍ ജീസസാണെന്നു ഭാവിക്കുന്നത് നോവലിലെ സമൃദ്ധമായ കാരികേച്ചര്‍ വല്‍ക്കരണ സന്ദര്‍ഭങ്ങളുടെ ഒരു ഉദാഹരണമാണ്. മരിയയും മാറ്റ്സെരാത്തും ഒസ്കാറിനെ വീണ്ടും വീട്ടില്‍ എത്തിക്കുമ്പോള്‍, ഒരു പിതാവിന്റെ മുഴുവന്‍ സംരക്ഷണ മനസ്ഥിതിയും മാറ്റ്സെരാത്ത് പ്രകടിപ്പിക്കുന്നുണ്ട്. യുദ്ധം അവസാനിക്കുകയും റഷ്യന്‍ സൈന്യം നാസി വേട്ട ആരംഭിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍, തന്റെ നാസി പിന്‍ ഒളിപ്പിച്ചുവെക്കാന്‍ ശ്രമിക്കുന്ന മാറ്റ് സെരാത്തിനെ അറിയാതെ ഒറ്റുന്നതും അയാളുടെ ദാരുണമായ അന്ത്യത്തിനു കാരണമാകുന്നതും ഓസ്കാറിന്റെ വിനാശക ജന്മത്തിന്റെ (scourge/ monster) മറ്റൊരു നിയോഗമാണ്. മാറ്റ്സെരാത്തിന്റെ കുഴിമാടത്തിലേക്കു തന്റെ ചെണ്ട വലിച്ചെറിഞ്ഞുകൊണ്ടാണ് ഓസ്കാര്‍ വീണ്ടും വളരാന്‍ തീരുമാനിക്കുന്നത് എന്നതിലും ആ വളര്‍ച്ചയുടെ തുടിപ്പ് ആദ്യമായി പ്രകടമാകുന്നത് കുഞ്ഞനിയന്‍ കുര്‍ട്ട് എറിയുന്ന കല്ല് മൂക്കില്‍ കൊണ്ട് ബോധം മറയുന്ന ഘട്ടത്തിലാണ് എന്നതും വിചിത്ര നിയോഗങ്ങളുടെ മറ്റൊരു ആവിഷ്കാരമാണ്. കുടുംബം മുഴുവന്‍ ഗ്യാസ് ചേംബര്‍ പുകക്കുഴലിലൂടെ പുറത്തുപോകുന്നതിനു സാക്ഷിയായി തിരികെയെത്തിയ ജൂതന്‍ ഫെയ്ന്‍ഗോള്‍ഡ്, മരിയയുടെയും കുടുംബത്തിന്റെയും സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായി അവളോട് വിവാഹാഭ്യര്‍ഥന നടത്തുന്നുവെങ്കിലും ഇനിയീ മണ്ണില്‍ തനിക്കൊന്നുമില്ല എന്ന തിരിച്ചറിവില്‍ മരിയ, ഒസ്കാറിനും കുര്‍ട്ടിനുമൊപ്പം തന്റെ സഹോദരി ഗുസ്റ്റെയുടെ അടുക്കലേക്ക്, റെയ്ന്‍ലാന്‍ഡിലേക്ക് പോകാന്‍ തീരുമാനിക്കുന്നു. എന്നാല്‍, മുത്തശ്ശി അന്ന ബ്രോന്‍സ്കി ഇവിടെത്തന്നെ നില്‍ക്കും, കാരണം അവര്‍, അവരുടെതന്നെ വാക്കുകളില്‍, കശുബായയാണ്: എല്ലാ പ്രഹരങ്ങളും ഏറ്റുവാങ്ങാനുള്ള കടുപ്പമുള്ള തലയോട്ടിയുള്ളവള്‍, വേണ്ടത്ര ജര്‍മ്മനുമല്ല, വേണ്ടത്ര പോളണ്ടുമല്ല.
മൂന്നാം ഭാഗം യുദ്ധാനന്തര കാലത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ തിരിച്ചടികളില്‍ കരിഞ്ചന്തയും മറ്റുമായി പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന സമൂഹത്തിന്റെ പരിചേദമയി കുര്‍ട്ടിനെയും മരിയയെയും അവതരിപ്പിക്കുന്നു. റീച്സ്മാര്‍ക്ക്, ജര്‍മ്മന്‍ മാര്‍ക്കിനു വഴിമാറിയ സാഹചര്യത്തില്‍, പല തൊഴിലുകളിലൂടെ നഗ്ന മോഡലിംഗ് രംഗത്തെത്തുന്ന ഓസ്കാര്‍, മറിയയുടെ നെറ്റിചുളിപ്പിക്കുമെങ്കിലും ചെറിയൊരു സ്ഥിരവരുമാനത്തില്‍ എത്തിപ്പെടുന്നു. നേഴ്സ് ഡോറോതിയയുമായുണ്ടാകുന്ന അടുപ്പം അയാളുടെ പൗരുഷക്ഷീണത്തില്‍ എങ്ങുമെത്താതെ പോകുന്നത്, അയാളെ മാനസികമായി തളര്‍ത്തുന്നുണ്ട്. ഒനിയന്‍ സെല്ലര്‍ എന്ന ക്ലബ്ബില്‍ ഒരു ചെറുകിട മ്യൂസിക് ബാന്‍ഡില്‍ ചേരുന്ന ഓസ്കാര്‍, ബെര്‍ബയുമായി വീണ്ടും സന്ധിക്കുന്നത് ഒരു ജാസ് വാദകന്‍ എന്ന നിലയിലുള്ള അയാളുടെ ഉയര്‍ച്ചക്ക് നിമിത്തമാകുന്നു. ഡോരോതിയയെ മനസ്സില്‍ നിന്നു മായ്ച്ചുകളയാന്‍ കഴിയാത്ത ഓസ്കാര്‍, ഒരു നാള്‍ മറ്റൊരു പ്രതിയോഗിയുടെ കൈകള്‍കൊണ്ട് കൊല്ലപ്പെട്ട ഡോരോതിയയുടെ കൈവിരല്‍ കണ്ടെത്തുന്നതും വിചിത്രമായ ഒരു ആരാധനാവസ്തു (fetish) ആയി അതിനെ മാറ്റിയെടുക്കുന്നതും അയാളുടെ മാനസികാരോഗ്യത്തില്‍ കൂടുതല്‍ സന്ദേഹം ഉണര്‍ത്തുന്ന സന്ദര്‍ഭങ്ങളാണ്. അതിനു അനുരോധമാം വിധം അയാള്‍, താന്‍ തന്നെയാണ് അവളെ കൊന്നതെന്ന് സ്ഥാപിച്ചെടുക്കുന്നതാണ് നോവല്‍ ആരംഭത്തില്‍ കാണുംവിധം അയാളെ സാനറ്റൊരിയം സെല്ലില്‍ എത്തിക്കുന്നതും ആത്മകഥാഖ്യാനത്തിനു ഇടയാക്കുന്നതും. ഒസ്കാറിനെ കുറിച്ചു ഗ്രാസ് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഡാനിയേല്‍ എസ്. ബര്‍ട്ട് ഉന്നയിക്കുന്നു: “ഓസ്കാര്‍ മാറ്റ് സെരാത്ത് ആരാണ്? അന്യനായ ഇര (alienated victim)? അല്ലെങ്കില്‍ റിബല്‍ കലാകാരന്‍? പരാജയപ്പെട്ട ഹിറ്റ്ലര്‍? അതോ ഭ്രമചിത്തനായ സൈക്കൊപാത്ത്? അവന്റെ കഥയുടെ കാര്യമോ? അത് ഷോക്ക് ചികിത്സയുടെ തലതിരിഞ്ഞ ഒരു പ്രയോഗമാണോ? അല്ലെങ്കില്‍ നമ്മുടെ കാലഘട്ടത്തിലെ വലിയ ന്യൂനപക്ഷ ദൃഷ്ടാന്ത കഥകളില്‍ ഒന്ന്?” (Ibid).
വാസ്തവത്തില്‍ ഡാന്‍സിഗിനെ ‘മോചിപ്പിക്കുക’ എന്ന ഹിറ്റ്ലറുടെ പദ്ധതി, പോളണ്ടിനെ കീഴ്പ്പെടുത്താനുള്ള ഒഴികഴിവു മാത്രമായിരുന്നു. യുദ്ധാനന്തരം ഡാന്‍സിഗ് ഇല്ലാതായത് പരിഗണിക്കുമ്പോള്‍, ഗ്രാസ് തന്റെ നോവലിലൂടെ പോളിഷ്, ജര്‍മ്മന്‍, സ്ലാവ്, ജൂത സങ്കര സമൂഹങ്ങള്‍ അധിവസിച്ചിരുന്ന കുട്ടിക്കാലത്തിന്റെ ജന്മദേശത്തെ ഭാവനയിലൂടെ തിരികെ കൊണ്ടുവരികയായിരുന്നു എന്നു പറയാം. ഓസ്കാര്‍ മാറ്റ്സെരാത്തും നോവലിസ്റ്റും തമ്മിലുള്ള സമാനതരങ്ങള്‍ വളരെ വ്യക്തമാണ്. കുടുംബ പശ്ചാത്തലത്തില്‍ അത് ഒതുങ്ങി നില്‍ക്കുന്നില്ല. പത്താം വയസ്സില്‍ ഹിറ്റ്ലര്‍ Hitler Cubs എന്ന് വിളിക്കപ്പെട്ട കുട്ടിക്കൂട്ടത്തിലും പതിനാലാം വയസ്സില്‍ Hitler Youth വിഭാഗത്തിലും പതിനേഴാം വയസ്സില്‍ സൈന്യത്തിലും എത്തിയ ഭൂതകാലമുണ്ടായിരുന്നു ഗ്രാസിന്. കുട്ടികളെ ഉപയോഗിക്കുന്ന രീതിയായിരുന്നു നാസികളുടെ ഏറ്റവും മോശമായ ഒരു പ്രയോഗമെന്നു അദ്ദേഹം പറഞ്ഞിട്ടുണ്ട്. 1944ല്‍ മുറിവേറ്റതിനെ തുടര്‍ന്നു യു. എസ്. സൈന്യത്തിന്റെ പിടിയിലായ ഗ്രാസ്, ഡാക്കോയിലൂടെ നാസി ഹോളോകാസ്റ്റിന്റെ ഭീകരത നേരില്‍ക്കണ്ട് മാര്‍ച്ചു ചെയ്ത ആദ്യ ജര്‍മ്മന്‍ സൈനികരില്‍ ഒരാളായിരുന്നു. യുദ്ധകാലത്തും തുടര്‍ന്നും ഉണ്ടായ നടുക്കങ്ങളുടെ കൂടി ഓര്‍മ്മയിലാണ് അദ്ദേഹം തന്റെ ആദ്യ കൃതികള്‍ രചിച്ചതും. തോമസ് ഹാര്‍ഡിയുടെ ‘വെസ്സെക്സ്’, ഫോക്നറുടെ യോക്നപടോഫ കൗണ്ടി, മാര്‍ക്കേസിന്റെ മക്കൊണ്ടോ തുടങ്ങിയ കൃതികള്‍ അടയാളപ്പെടുത്തുന്ന അര്‍ദ്ധ സാങ്കല്‍പ്പിക പശ്ചാത്തലമുള്ള നോവല്‍ സമ്പ്രദായത്തില്‍ ഗുന്തര്‍ ഗ്രാസ് ഡാന്‍സിഗ് ത്രയത്തിലൂടെ ഇടംപിടിക്കുന്നു.
വോക്കര്‍ ഷോണ്‍ഡോര്‍ഫിന്റെ സംവിധാനത്തില്‍ 1979ല്‍ (The Tin Drum (1979) Volker Schlöndorff ) പുറത്തിറങ്ങിയ ചലച്ചിത്ര ആവിഷ്കാരം പുസ്തകവായനയോടൊപ്പം കാണുന്നത് ഹൃദ്യമായ ഒരനുഭവമായിരിക്കും; നോവലിന്റെ ആദ്യ രണ്ടുഭാഗങ്ങള്‍ മാത്രമാണ് ചലച്ചിത്രത്തിന് വിഷയമാകുന്നത് എന്നിരിക്കിലും.
References:
(1). (Günter Grass – Nobel Lecture. NobelPrize.org. Nobel Prize Outreach AB 2022. Tue. 29 Nov 2022. <https://www.nobelprize.org/prizes/literature/1999/grass/lecture/>)
(2). (Daniel S. Burt, ‘The Tin Drum by Günter Grass’, THE NOVEL 100 REVISED EDITION, A Ranking of the Greatest Novels of All Time, An imprint of Infobase Publishing, New York, 2010, Pp.172-176).
(നോവല്‍ ലോകങ്ങള്‍, ലോകനോവലുകള്‍ -1, ലോഗോസ് ബുക്സ് പേജ് – 46-54
