ആഫ്രിക്കന്‍ അമേരിക്കന്‍ അനുഭവങ്ങള്‍ തീക്ഷ്ണമായി ആവിഷകരിച്ച ഒട്ടേറെ നോവലുകള്‍ അമേരിക്കന്‍ സാഹിത്യത്തിന്റെ ഭാഗമാണ്. ലാംഗ് സ്റ്റന്‍ ഹ്യൂസ്, ടോണി മോറിസന്‍ , ആലിസ് വാക്കര്‍ , ജെയിംസ് ബാള്‍ഡ് വിന്‍ തുടങ്ങിയ കുലപതികളുടെ രചനകള്‍ മുതല്‍ പുതു തലമുറയിലെ പോള്‍ ബിയാറ്റിയും യാ ജ്യാസിയും ഇംബോലോ എംബൂയേയും വരെ നീളുന്ന ഈ നിരയില്‍ സുപ്രധാനമായ ഒന്നാണ് കോള്‍സണ്‍ വൈറ്റ്ഹെഡ് രചിച്ച് പുലിറ്റ്സര്‍ പുരസ്കാരം നേടിയ ദി അണ്ടര്‍ഗ്രൌണ്ട് റെയില്‍ റോഡ് എന്ന നോവല്‍ . ആഫ്രിക്കന്‍ അമേരിക്കന്‍ സ്വാതന്ത്ര്യ മോഹ ചരിത്രത്തിലെ ജീവന്മരണ സ്വഭാവമുള്ള അണ്ടര്‍ ഗ്രൌണ്ട് റെയില്‍ റോഡ് എന്ന അതിജീവന പ്രതിനിധാനത്തെ കേന്ദ്ര രൂപകവും ഒപ്പം സമൂര്‍ത്ത ഇതിവൃത്ത വേദിയുമാക്കി ഒരു കാലഘട്ടത്തെ പുനര്‍സൃഷ്ടിക്കുകയാണ് നോവലിസ്റ്റ്.
'നിയോ സ്ലേവ് നരേറ്റീവ് ' : ഒരു പ്രവചിത സാഹിത്യ ശാഖ
1849-ലെ ഒരു വേനല്‍ക്കാല സായാഹ്നത്തില്‍ പെനിസില്‍വേനിയായിലെ ആന്റി സ്ലേവറി സൊസൈറ്റി ആക്റ്റിവിസ്റ്റ് ജെയിംസ് മില്ലര്‍ മക് കിം മൂന്നടി നീളവും രണ്ടടി വീതിയും രണ്ടരയടി ആഴവുമുള്ള ഒരു മരപ്പെട്ടിയിലെത്തിയ പാര്‍സല്‍ സ്വീകരിക്കുന്നു. അത് തുറക്കുമ്പോള്‍ അതില്‍ നിന്ന് അഞ്ചടി എട്ടിഞ്ച് ഉയരമുള്ള ഹെന്‍റി ബ്രൌണ്‍ എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ പുറത്തു വന്നു. വിര്‍ജീനിയയില്‍ റിച്ച്മണ്ടില്‍ നിന്ന് തലേന്ന് വെളുപ്പിന് അയക്കപ്പെട്ട 'പാര്‍സല്‍ ' കുതിര വണ്ടിയിലും റെയില്‍ മാര്‍ഗ്ഗവും സ്റ്റീമറിലും, റോഡ് മാര്‍ഗ്ഗവും പലതവണ കയറ്റിയിറക്കപ്പെട്ട് 'ഈ ഭാഗം മുകളിലേക്ക്' എന്ന മുന്നറിയിപ്പൊന്നും വകവെക്കാതെ ഒടുവില്‍ 3നോര്‍ത്ത്ഫ്ലീറ്റ് സ്ട്രീറ്റില്‍ എത്തുമ്പോള്‍ അത് ചരിത്രമാകുകയായിരുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ സ്വയം വിമോചിതനാകുന്ന ആദ്യത്തെ അടിമയെന്ന പേരാണ് ഹെന്‍റി 'ബോക്സ്' ബ്രൌണ്‍ നേടിയെടുത്തത്. ആഫ്രിക്കന്‍ അമേരിക്കക്കാരുടെ അടിമത്തത്തില്‍ നിന്ന് വിമോചിതരാകാനുള്ള ആദ്യകാല ശ്രമങ്ങളില്‍ അണ്ടര്‍ഗ്രൌണ്ട് റെയില്‍ റോഡ് എന്ന പേരില്‍ അടയാളപ്പെടുത്തപ്പെട്ട പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായിരുന്നു ജെയിംസ് മില്ലര്‍ മക് കിം. നിയതമായ ഒരു 'രഹസ്യ റെയില്‍ പാത' എന്നതിനെയല്ല, കറുത്ത വര്ഗ്ഗക്കാരന്റെ അടിമത്തം ഏറ്റവും കിരാതമായ രീതിയില്‍ കൊടി കുത്തി വാണ ദക്ഷിണ ദേശങ്ങളില്‍ നിന്ന് ജീവന്‍ പണയപ്പെടുത്തി വടക്കന്‍ ദേശങ്ങളിലെ 'ഫ്രീ സ്റ്റേറ്റുകളിലേക്ക് ഒളിച്ചു കടക്കാന്‍ ശ്രമിക്കുന്ന അടിമകള്‍ക്ക് അഭയമായി വര്‍ത്തിച്ച രഹസ്യ പാതകളും അഭയം നല്‍കുമായിരുന്ന വീടുകളും നേരത്തെ മോചിതരായവരോ/ സ്വതന്ത്രരോ ആയ കറുത്തവരും അടിമത്ത വിരുദ്ധരായിരുന്ന വെളുത്ത വര്‍ഗ്ഗക്കാരും (abolitionists) വ്യക്തികളും എല്ലാം ചേര്‍ന്ന ഒരു കൂട്ടായ്മയെയാണ് ആ പദം സൂചിപ്പിക്കുന്നത്. ഏതു നിമിഷവും പിടി കൂടിയേക്കാവുന്ന, ക്രൂരതക്ക് പേരുകേട്ട ട്രാക്കര്‍മാര്‍ , അവരുടെ പരിശീലിപ്പിക്കപ്പെട്ട വേട്ടപ്പട്ടികള്‍ , ഓടിപ്പോകുന്ന അടിമയെ പിടിച്ചു നല്‍കുകയോ അവരെ കുറിച്ച് വിവരം നല്‍കുകയോ ചെയ്യുന്നവര്‍ക്ക് പ്രഖ്യാപിക്കപ്പെടുന്ന പ്രതിഫലത്തില്‍ കണ്ണ് വെച്ച വെളുത്തവരും കറുത്തവര്‍ തന്നെയുമായ ഒറ്റുകാര്‍ എന്നിവരെയും ചതുപ്പുകളില്‍ പതിയിരിക്കുന്ന സര്‍പ്പ ദംശനങ്ങളെയും വന്യ ജീവികളെയും ഭയന്നുള്ള, ഇരുട്ടിന്റെ മറ പറ്റിയുള്ള പാലായനത്തിനിടയില്‍ ഇടക്കൊന്നു നിശ്വസിക്കാന്‍ വിശ്വസിച്ചു തങ്ങാനാവുന്ന, അനുതാപമുള്ളവരുടെയും അബോളിഷനിസ്റ്റുകളുടെയും ഇടത്താവളങ്ങള്‍ സ്റ്റേഷനുകള്‍ എന്നും സഹായികള്‍ കണ്ടക്റ്റര്‍മാര്‍ എന്നും ഒളിപ്പിച്ചു കടത്തപ്പെടുന്നവര്‍ 'പാക്കേജുകള്‍ ' എന്നും അറിയപ്പെട്ടു. സ്വയം മോചിതയാകും മുമ്പ് അടിമത്തത്തിന്റെ കരാളത ആവോളം അനുഭവിക്കുകയും പിന്നീട് പത്തൊമ്പത് തവണ സൌത്തിലേക്ക് യാത്ര നടത്തി മുന്നൂറിലേറെ പേരെ രക്ഷപ്പെടുത്തുകയും ചെയ്ത ഹാരിയറ്റ് ടബ്മന്‍ തുടക്കം കുറിച്ച പ്രവര്‍ത്തങ്ങളില്‍ , തന്റെ ഭാര്യ കാതറിനോടൊപ്പം മുവ്വായിരത്തോളം അടിമകളെ രക്ഷപ്പെടുത്തിയ ലെവി കോഫിന്‍ , എണ്ണൂറോളം പേരെ മോചിപ്പിച്ച വില്ല്യം സ്റ്റില്‍, അടിമകളെ നിലനിര്‍ത്തിയ സ്വന്തം കുടുംബത്തോട് കലാപം ചെയ്തു അബോളിഷനിസ്റ്റ് ആയിത്തീര്‍ന്ന ഓഹായോയിലെ ജോണ്‍ ഫെയര്‍ഫീല്‍ഡ് തുടങ്ങിയവര്‍ ചരിത്രത്തില്‍ ഇടം പിടിച്ച 'കണ്ടക്റ്റര്‍മാരില്‍ പെടുന്നു. ബ്രൌണിന്റെ രക്ഷപ്പെടലിന്റെ സാഹസികതയും നാടകീയതയും ഓര്‍ത്തുകൊണ്ട് പില്‍ക്കാലം സംഭവിക്കാനിരിക്കുന്ന സമാന ശ്രമങ്ങളെ കുറിച്ച് മക് കിം അന്നേ പ്രവചിച്ചിരുന്നു. “ഇന്ന് ഏതാനും കൊടിയ അബോളിഷനിസ്റ്റുകള്‍ ഒഴിച്ച് മറ്റാരും ഒട്ടും കാര്യമാക്കേണ്ടതില്ലാത്തതെന്നു കരുതുന്നുവെങ്കിലും, ഈ ഉദാത്ത ധീരതയുടെ പ്രവര്‍ത്തികള്‍ , അത്യുന്നതമായ ആത്മ ത്യാഗങ്ങള്‍ , ക്ഷമാപൂര്‍ണ്ണമായ രക്ത സാക്ഷിത്തങ്ങള്‍ , ഈ മനോഹരമായ ദൈവിക ഇടപെടലുകള്‍ , ഈ നൂലിഴ വ്യത്യാസത്തിലുള്ള രക്ഷപ്പെടലുകള്‍ , ഭയാനക അപകടങ്ങള്‍ , ഇവയെല്ലാം ഈ നാടിന്റെ ജനകീയ സാഹിത്യത്തിന്റെ പ്രമേയങ്ങളാകും, അവ അത്ഭുതാദരങ്ങളെ, വരാനിരിക്കുന്ന തലമുറകളുടെ ആരാധനയെ, ധാര്‍മ്മിക രോഷത്തെ എല്ലാം ഉദ്ദീപിപ്പിക്കും" ('Derailed' എന്ന ലേഖനത്തില്‍ കാതറിന്‍ ഷൂള്‍സ് ഉദ്ധരിച്ചത്, The New Yorker, August, 22, 2016) മക് കിമ്മിന്റെ പ്രവചനം ഫലിച്ചതിന്റെ ഒട്ടേറെ ഉദാഹരണങ്ങളില്‍ ഏറ്റവും പുതിയതാണ് കോള്‍സണ്‍ വൈറ്റ്ഹെഡ് രചിച്ച പുലിറ്റ്സര്‍ പുരസ്കാരം നേടിയ ദി അണ്ടര്‍ഗ്രൌണ്ട് റെയില്‍റോഡ് എന്ന നോവല്‍ . അടിമത്തകാലത്തെ പശ്ചാത്തലമാക്കി അടിമകളായ കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെ ആഖ്യാനം നടത്തപ്പെടുന്ന സമകാലിക സാഹിത്യ സൃഷ്ടികളെ വിവരിക്കാന്‍ അമേരിക്കന്‍ സാഹിത്യകാരനും എഡിറ്ററും പബ്ലിഷറുമായ ഇഷ്മയില്‍ റീഡ് ഉപയോഗിച്ച പദമാണ് 'നിയോ സ്ലേവ് നരേറ്റീവ് '. ടോണി മോറിസന്റെ 'Beloved' , ഒക്റ്റെവിയ ബട്ട്‌ലറുടെ Kindred, മാര്‍ലന്‍ ജെയിംസിന്റെ The Book of Night Women, യാ ജ്യാസിയുടെ Homegoing തുടങ്ങിയവ ഈ വിഭാഗത്തില്‍ പെടുന്നു. ഈ കൃതികള്‍ ഹാരിയെറ്റ് ആന്‍ ജേക്കബ് സിന്റെ 'Incidents in the Life of a Slave Girl', ഒലൊദാഹ് എക്വിയാനോയുടെ 'The Life of Olaudah Equiano', സോളമന്‍ നോര്‍ത്തെപിന്റെ '12 Years a Slave', ഫ്രഡറിക്ക് ഡഗ്ലസിന്റെ 'The Narrative of Frederick Douglass' തുടങ്ങിയ ആദ്യ കാല അടിമത്ത ആഖ്യാനങ്ങളുടെ യഥാര്‍ത്ഥ പാരമ്പര്യത്തെ പിന്‍ പറ്റുന്നു.
നോവലിന്റെ കേന്ദ്രത്തില്‍ കോറ എന്ന കറുത്ത വര്ഗ്ഗക്കാരിയാണ്. അജാരിയെന്ന അവളുടെ മുത്തശ്ശി ആഫ്രിക്കയിലെ ഏതോ ഗ്രാമത്തില്‍ നിന്ന് വേട്ടയാടപ്പെട്ട് അടിമക്കപ്പലില്‍ ഒട്ടേറെ തുറമുഖങ്ങളില്‍ ഒട്ടേറെ ഉടമകള്‍ക്ക് മറിച്ചു വില്‍ക്കപ്പെട്ടു ഉടലിലും ആത്മാവിലും ഏറ്റുവാങ്ങിയ അവമതികളുടെ ഒടുവിലാണ് ജോര്‍ജ്ജിയയില്‍ റാന്‍ഡല്‍ പ്ളാന്റെഷനില്‍ എത്തിയത്. മൂന്നു ഭര്‍ത്താക്കന്മാരിലായി അഞ്ച് കുട്ടികള്‍ക്ക് മാതാവായവള്‍ . രോഗ പീഡയും മേല്‍നോട്ടക്കാരുടെ മര്‍ദ്ദനത്തിന്റെ ഫലവും കഴിഞ്ഞ് പില്‍ക്കാലം കോറയുടെ അമ്മയാവുന്ന മേബല്‍ എന്ന മകള്‍ മാത്രമാണ് ബാക്കിയായയത്. സ്വതേ ദുസ്സഹമായ ആഫ്രിക്കന്‍ വംശജരുടെ ജീവിതം റാന്‍ഡലില്‍ വിശേഷാല്‍ ദുസ്സഹമാണ്, അതുകൊണ്ട് എല്ലാവരും രക്ഷപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കുന്നുമുണ്ട്,
“എല്ലാ അടിമയും അതെക്കുറിച്ച് ആലോചിക്കുന്നു. രാവിലെയും വൈകീട്ടും രാത്രിയിലും. അതെ കുറിച്ച് സ്വപ്നം കാണുന്നു. ഓരോ സ്വപ്നവും രക്ഷപ്പെടലിനെ കുറിച്ചുള്ള സ്വപ്നമാണ്. അതങ്ങനെ തോന്നിച്ചില്ലെങ്കിലും.”
എന്നാല്‍ , റാന്‍ഡലില്‍ എത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരുടെ ദുര്‍വ്വിധികള്‍ ആവോളം കണ്ട അജാറി പിന്നീട് തീരുമാനിച്ചു: അസാധ്യമായത് ശ്രമിക്കേണ്ടതേയില്ല. എന്നാല്‍ മേബല്‍ മറ്റൊന്നാണ് തീരുമാനിക്കുന്നത്. പത്തോ പതിനൊന്നോ വയസ്സുള്ള മകളെ കൂട്ടാതെ അജ്ഞാതമായ വിധിയിലേക്ക് അവള്‍ പോകുന്നു.
"മേബലിന്റെ തിരോധാനത്തോടെ കോറ തികച്ചുമൊരു വെളിമ്പുറക്കാരിയായി... കോറയെ ഞെട്ടിച്ചു കൊണ്ട് ലോകം ചാരവര്‍ണ്ണമായി.”
പിന്‍വിളിയായി ആത്മാവിനെ മഥിച്ച കുഞ്ഞുമകള്‍ക്കായി ഇരുളില്‍ തിരിച്ചു നടക്കുമ്പോള്‍ ചതുപ്പിലെ സര്‍പ്പചുംബനത്തില്‍ ഒടുങ്ങാനായിരുന്നു മേബലിന്‍റെ വിധിയെന്നു നോവലന്ത്യത്തിലാണ് വിവരിക്കപ്പെടുന്നത്. കോറയുടെ മാറിടം കൂമ്പിത്തുടങ്ങുമ്പോള്‍ മുതല്‍ അടിമ സ്ത്രീകളെ പ്രജനന ഇടമായി കാണുന്ന സമ്പ്രദായം അവള്‍ക്ക് അനുഭവ വേദ്യമാകുന്നുണ്ട്.
“വെളുത്തവരും ബ്രൌണ്‍ നിറക്കാരുമായ ആണുങ്ങള്‍ സ്ത്രീ ഉടലുകളെ ക്രൂരമായി ഉപയോഗിച്ചു, അവരുടെ കുഞ്ഞുങ്ങള്‍ മുരടിച്ചോ ചുളുങ്ങിയോ ആയ നിലയില്‍ പുറത്തുവന്നു, പ്രഹരങ്ങള്‍ അവരുടെ തലച്ചോറിനെ മരവിപ്പിച്ചു, അവര്‍ ഇരുട്ടില്‍ അവരുടെ മരിച്ചു പോയ കുഞ്ഞുങ്ങളുടെ പേരുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു: ഈവ്, എലിസബത്ത്, നാഥനീല്‍ , ടോം..”
ഇപ്പോള്‍ തന്റെ പതിനാറാമാത്തെയോ പതിനേഴാമത്തെയോ വയസ്സിലെത്തിയ കോറ ഒരു തെരഞ്ഞെടുപ്പു നടത്തേണ്ടതുണ്ട്: സീസര്‍ എന്ന യുവാവ് അവളോട് പറയുന്നു, രക്ഷപ്പെടാം. ആ നിര്‍ദ്ദേശം അയാള്‍ അവളോട് പറയുന്നതിന് രണ്ടുണ്ട് കാരണം. ഒന്ന്, ഏറ്റവും സമര്‍ത്ഥനായ ട്രാക്കര്‍ റിജ് വേയുടെ പോലും കണ്ണ് വെട്ടിച്ചു രക്ഷപ്പെട്ടു എന്ന് കരുതപ്പെടുന്ന അമ്മയുടെ മകള്‍ എന്ന നിലയില്‍ അവള്‍ രാശിയാണ്. മറ്റൊന്ന്, ക്രൂരമായ ചമ്മട്ടിയടി (cat o' nine tails) ഏല്‍ക്കുന്ന ബാലനെ അടിമകളില്‍ കേട്ടു കേള്‍വിയില്ലാത്ത സ്ഥൈര്യത്തോടെ സ്വയം ശിക്ഷ ഏറ്റുവാങ്ങി, അതും തുടര്‍ച്ചയായി മൂന്നു ദിവസം, അവള്‍ രക്ഷിക്കുന്നത് അവന്‍ കണ്ടിട്ടുണ്ട്. അവളുടെ പ്രതികരണത്തില്‍ മുത്തശ്ശിയും അമ്മയും ഉണ്ടെന്നു നോവലിസ്റ്റ് വ്യക്തമാക്കുന്നു:
“ആ ഞായാറാഴ്ച സന്ധ്യക്ക് അണ്ടര്‍ഗ്രൌണ്ട് റെയില്‍ റോഡിനെ കുറിച്ച് പറഞ്ഞുകൊണ്ട് സീസര്‍ അവളെ സമീപിച്ചപ്പോള്‍ അവളുടെ മുത്തശ്ശിയായിരുന്നു സംസാരിച്ചത്, അതായത് വേണ്ട എന്ന് അവള്‍ പറഞ്ഞപ്പോള്‍ .
മൂന്നാഴ്ച്ചക്ക് ശേഷം അവള്‍ പറഞ്ഞു, ഉവ്വ്.
ഇത്തവണ അവളുടെ അമ്മയായിരുന്നു ആ സംസാരിച്ചത്.”
ഭൂഗര്‍ഭ അറകളും അവയിലേക്കു നയിക്കുന്ന ഒളി വാതിലുകളും പോലുള്ള രൂപകങ്ങളോട് ഏറെ താല്പര്യമുണ്ട് കോള്‍സണ്‍ വൈറ്റ്ഹെഡിന് എന്ന് 'സോണ്‍ വണ്‍ ' പോലുള്ള അദ്ദേഹത്തിന്റെ മുന്‍ രചനകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതുകൊണ്ടായിരിക്കാം, ചരിത്രത്തില്‍ അടയാളപ്പെടുത്തിയതില്‍ നിന്ന് വ്യത്യസ്തമായി ഭൗതികാര്‍ത്ഥത്തില്‍ തന്നെയുള്ള ഒരു ഒളിവാതിലും ഭൂഗര്‍ഭ റെയില്‍വേ ട്രാക്കുമെല്ലാം നോവലില്‍ ഇടം പിടിക്കുന്നത്.
“ടണലിന്റെ കാണാവുന്ന അറ്റം വരെ രണ്ടു ഇരുമ്പു റെയിലുകള്‍ വൃത്തികെട്ട മരത്തടി സ്ലീപ്പറുകളില്‍ തറക്കപ്പെട്ടു നീണ്ടു കിടന്നു. റെയിലുകള്‍ തെക്കോട്ടും വടക്കോട്ടും പോകുന്നുവെന്ന് ഊഹിക്കാം, ഏതോ ദുരൂഹ ഇടത്തില്‍ തുടങ്ങി അത്യത്ഭുതകരമായ ഏതോ ടെര്‍മിനസിലേക്ക് കുതിച്ചുകൊണ്ട്.”
നോവലന്ത്യത്തില്‍ മില്ല്യന്‍ കണക്കിന് ടണ്‍ കല്ലും മണ്ണും നീക്കം ചെയ്തു തന്നെപ്പോലുള്ള അടിമകള്‍ക്ക് രക്ഷാമാര്‍ഗ്ഗമൊരുക്കിയ ആളുകളെ കുറിച്ച് കോറ നന്ദിപൂര്‍വ്വം ചിന്തിക്കുന്നുണ്ട്. സീസറോടൊപ്പം രക്ഷപ്പെടുമ്പോള്‍ ഒപ്പം കൂടുന്ന ലോവിയെന്ന കൂട്ടുകാരി ഒളിച്ചോടുന്ന അടിമകളെ തേടിനടക്കുന്ന വേട്ടക്കാരുടെ കൈകളില്‍ അകപ്പെട്ടുപോവുകയും നിവൃത്തിയില്ലാത്ത ഘട്ടത്തില്‍ തന്റെ മേല്‍ ബലപ്രയോഗം നടത്തുന്ന ഒരാളെ കൊലപ്പെടുത്തേണ്ടി വരികയും ചെയ്യുന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഇനി മുതല്‍ ഒളിച്ചോടിയ കറുത്ത വര്‍ഗ്ഗക്കാരി എന്നു മാത്രമല്ല വെള്ളക്കാരനെ കൊല്ലുക എന്ന അചിന്ത്യമായ കുറ്റം കൂടി അവളുടെ മേല്‍ ആരോപിക്കപ്പെടും.
പുരാണങ്ങളിലെ അധോലോക/ നരക യാനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ സംഭവങ്ങളുടെയും അനുഭവങ്ങളുടെയും യാനമായാണ് തുടര്‍ന്ന് വരുന്ന എപ്പിസോഡിക് / പിക്കറസ്ക്ക് സ്വഭാവമുള്ള നോവല്‍ ഭാഗങ്ങള്‍ . കടന്നു പോകുന്ന ഓരോ ഘട്ടവും ഏതാണ്ടൊരു ദൃഷ്ടാന്ത കഥാമാതൃകയില്‍ അടിമത്തത്തിന്റെ ഭീകരതകളുടെ ഓരോരോ ചുരുളുകള്‍ അവള്‍ക്കു മുന്നില്‍ തുറന്നു വെക്കുന്നുണ്ട്. ഓരോ സ്റ്റേഷനും ആഫ്രിക്കന്‍ അമേരിക്കന്‍ ചരിത്രത്തിന്റെ ഓരോ ഏടുകളാണ്.
നോര്‍ത്ത് കാരോലിനയിലും സൌത്ത് കരോലിനായിലും അപ്രതീക്ഷിതവും ചകിതവുമായ അനുഭവങ്ങള്‍ക്ക് കോറ സാക്ഷിയാവുന്നുണ്ട്. ഒരിടത്ത് രക്ഷപ്പെടുന്നതിനിടെ പിടിക്കപ്പെട്ട കറുത്ത വര്ഗ്ഗക്കാരെയും സഹായിക്കുന്ന വെളുത്ത വര്‍ഗ്ഗക്കാരെയും 'സ്വാതന്ത്ര്യവേട്ട' (Freedom Trail)യുടെ വഴിയില്‍ നെടുനീളെ കൊന്നു കെട്ടിത്തൂക്കി പ്രദര്‍ശിപ്പിക്കുകയും തീവെച്ചു കൊല്ലുകയും ചെയ്യുന്നത് കാണേണ്ടി വരുമ്പോള്‍ 'നീഗ്രോ പ്രശ്ന'ത്തോട് ഏറെ അനുകമ്പയുള്ളതെന്നു തോന്നിക്കുന്ന സൌത്ത് കരോലിനായില്‍ രക്തമുറയിക്കുന്ന ജനിതക പരീക്ഷണങ്ങള്‍ക്കും പില്‍ക്കാല ടസ്ക്കെഗീ പരീക്ഷണത്തിന്റെ (Tuskegee Syphilis Experiment- 1932 - 1972) പൂര്‍വ്വ മാതൃകയെന്നോണം സിഫിലിസ് പോലുള്ള ലൈംഗിക രോഗപരീക്ഷണങ്ങള്‍ക്കും 'സംരക്ഷിക്കപ്പെടുന്ന' കറുത്ത വര്‍ഗ്ഗക്കാര്‍ ഇരയാക്കപ്പെടുന്നു. കറുത്ത വര്‍ഗ്ഗക്കാരുടെ ജന സംഖ്യാ നിയന്ത്രണം/ ഉന്മൂലനം ലക്ഷ്യമാക്കിയുള്ള നിഗൂഡമായ വന്ധ്യംകരണ പദ്ധതി പോലും അരങ്ങേറുന്നു. ഇതിനു നിദാനമായ സ്ഥിതി വിവരക്കണക്കുകള്‍ നോവലില്‍ സൂചിപ്പിക്കുന്നുണ്ട്:
"ഈ യന്ത്രത്തിന്റെ പിസ്റ്റന്‍ നില്‍ക്കാതെ ചലിച്ചു. കൂടുതല്‍ അടിമകള്‍ കൂടുതല്‍ പരുത്തിയിലെത്തി, അത് കൂടുതല്‍ നിലം വാങ്ങി കൂടുതല്‍ പരുത്തി കൃഷിയിലേക്കും. അടിമവ്യാപാരം നിര്‍ത്തലാക്കിയിട്ടും, ഒരു തലമുറക്കകം ജനസംഖ്യ നിയന്ത്രണാതീതമായി: ആ നിഗ്ഗറുകള്‍ എല്ലാം കൂടി. നോര്‍ത്ത് കരോലിനയില്‍ ഒന്നിന് രണ്ടെന്ന മട്ടില്‍ വെള്ളക്കാര്‍ കൂടുതലുണ്ടായിരുന്നു, എന്നാല്‍ ലൂസിയാനയിലും ജോര്‍ജ്ജിയായിലും ജനസംഖ്യ തുല്യതയോടടുത്തു. അതിരിന് തൊട്ടപ്പുറം സൌത്ത് കരോലിനയില്‍ കറുത്തവരുടെ എണ്ണം വെള്ളക്കാരെക്കാള്‍ ഒരു ലക്ഷത്തെക്കാള്‍ കൂടുതല്‍ ആയിരുന്നു. അടിമകള്‍ സ്വാതന്ത്ര്യം തേടി തങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ചു കളയുന്നതിന്‍റെയും പ്രതികാര കൃത്യങ്ങളുടെയും പരിണതികള്‍ സങ്കല്‍പ്പിക്കാന്‍ പ്രയാസമില്ലായിരുന്നു.
ജോര്‍ജ്ജിയയിലും കെന്റക്കിയിലും സൌത്ത് അമേരിക്കയിലും കരീബിയന്‍ ദ്വീപുകളിലും ആഫ്രിക്കന്‍ വംശജര്‍ യജമാനന്മാര്‍ക്കെതിരെ തിരിഞ്ഞു, അല്‍പ്പായുസ്സെങ്കിലും പ്രയാസം സൃഷ്ടിച്ച ഏറ്റുമുട്ടലുകളില്‍ . സതാംപ്റ്റന്‍ കലാപം അടിച്ചമര്‍ത്തും മുമ്പ് ടേണറും കൂട്ടാളികളും സ്ത്രീകളും കുട്ടികളുമടങ്ങുന്ന അറുപത്തിയഞ്ചു പേരെ കൊന്നൊടുക്കി. സിവിലിയന്‍ അര്‍ദ്ധ സൈനികരും റോന്തു ചുറ്റുകാരും ചേര്‍ന്ന് മാതൃക എന്ന നിലയില്‍ ഗൂഡാലോചനക്കാരും സഹകാരികളും നിരപരാധികളുമായി മൂന്നിരട്ടി പേരെ പകരം കൊന്നു കളഞ്ഞെങ്കിലും."
നോര്‍ത്ത് കരോലിനയില്‍ അടിമത്തം അവസാനിപ്പിച്ചു എന്ന് വാദിക്കുന്ന ഒരാളോട് മറ്റൊരാള്‍ തിരുത്തുന്നുണ്ട്, "നേരെ മറിച്ചാണ്. നമ്മള്‍ നിഗ്ഗറുകളെ ഉന്മൂലനം ചെയ്തു." വൈറ്റ്ഹെഡ് തന്റെ രചനകളില്‍ സാഹിതീയ ഇനങ്ങളെ (genre) കൂട്ടിക്കലര്‍ത്തുകയോ മുറിച്ചു കടക്കുകയോ ചെയ്യുന്ന രീതി അവലംബിക്കാറുള്ളത് ഇവിടെ കൂടുതല്‍ ശക്തമാണ്. John Henry Days എന്ന നോവലിലെ ചരിത്രാഖ്യായികാ സ്വഭാവവും Zone One അവലംബിക്കുന്ന സയന്‍സ് ഫിക് ഷന്‍ /ഫ്യുച്ചൂറിസ്റ്റിക് രീതിയും ഇവിടെ സമന്വയിക്കപ്പെടുന്നു. ഒരു വേള, ചരിത്രത്തെ അതേ പോലെ ആവിഷ്കരിക്കുന്നതിലേറെ അതിന്റെ ആന്തരിക സൂചനകള്‍ കൂടി നോവലിസ്റ്റ് തുറന്നു വെക്കുകയാണ്. വൈദ്യ ശാസ്ത്ര ആവശ്യങ്ങള്‍ക്കായി ജഡങ്ങള്‍ മോഷ്ടിക്കുന്നവര്‍ മറ്റു ഊരാക്കുടുക്കുകള്‍ ഒഴിവാക്കാന്‍ കറുത്തവരുടെ ആരും കാവലില്ലാത്ത സെമിത്തേരികളില്‍ വിഹരിക്കുന്നു.
“നിഗ്ഗറുകള്‍ അവരുടെ മരിച്ചവര്‍ക്കായി കാവല്‍ക്കാരെ ഏര്‍പ്പെടുത്തിയില്ല. നിഗ്ഗറുകള്‍ ഷരീഫിന്റെ വാതിലില്‍ അടിച്ചു ശബ്ദമുണ്ടാക്കിയില്ല. അവര്‍ പത്രക്കാരുടെ ഓഫീസുകളില്‍ കേറിയിറങ്ങിയില്ല. "
എങ്കിലും മരണം അവര്‍ക്ക് ചില്ലറ ബഹുമാനം നേടിക്കൊടുത്തു എന്ന് കോറ കണ്ടെത്തുന്നു. വൈദ്യ വിദ്യാര്‍ഥികള്‍ അവരെ മനുഷ്യരുടെ സ്പെസിമെന്‍ ആയിക്കണ്ടു:
"മരണത്തില്‍ നീഗ്രോ ഒരു മനുഷ്യ ജീവിയായി. അപ്പോള്‍ മാത്രമാണ് അവന്‍ വെളുത്തവന് തുല്യനായത്."
ജഡ മോഷ്ടാവിനെ പുനരുത്ഥാനകന്‍ എന്ന് വിളിക്കാമെന്നു ആഖ്യാതാവ് നിരീക്ഷിക്കുന്നു. അതൊരിത്തിരി അലങ്കൃതമായിരിക്കാം; എന്നാല്‍ അതിലൊരു സത്യമുണ്ട്.
“അയാള്‍ എന്തെങ്കിലും സംഭാവന ചെയ്യാനുള്ള രണ്ടാമതൊരവസരം ഈ മനുഷ്യര്‍ക്ക് നല്‍കുകയാണ് , അവരുടെ മുന്‍ ജന്മത്തില്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ടത്.”
'അമേരിക്കന്‍ അനിവാര്യത'
കോറയുടെ യാത്രയും തൊട്ടു പിറകില്‍ , മുമ്പ് പിടികൂടിയ ഇരകളുടെ വെട്ടിയെടുത്ത കാതുകള്‍ കോര്‍ത്ത മാലയും കഴുത്തിലിട്ട ഭീകരനായ ഇന്ത്യന്‍ സഹായിയോടൊപ്പം റിജ് വെ നടത്തുന്ന അഭിമാനപ്രശ്നം കൂടിയായ പിടികൂടല്‍ ശ്രമവും ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. റിജ് വേയെ ഭരിക്കുന്ന വീക്ഷണം അടിമത്തത്തെ സംബന്ധിച്ച അമേരിക്കന്‍ താല്പര്യമാണ്.
“അമേരിക്കന്‍ താല്‍പര്യം, അതാണ് നമ്മെ പഴയ ലോകത്ത് നിന്ന് പുതിയതിലേക്ക് ആനയിച്ചത്. കീഴടക്കുക, നിര്‍മ്മിക്കുക, സംസ്കാരത്തിലേക്ക് നയിക്കുക. നശിപ്പിക്കേണ്ടതുള്ളതിനെ നശിപ്പിക്കുക. അധമ വംശങ്ങളെ ഉദ്ധരിക്കുക. ഉദ്ധരിക്കാനായില്ലെങ്കില്‍ കീഴ്പ്പെടുത്തുക. കീഴ്പ്പെടുത്താനായില്ലെങ്കില്‍ ഉന്മൂലനം ചെയ്യുക. നമ്മുടെ നിയോഗം ദൈവികമായി തീരുമാനിക്കപ്പെട്ടതാണ് - അമേരിക്കന്‍ അനിവാര്യത.”
തന്റെ പ്രവര്‍ത്തി ക്രമവും വ്യവസ്ഥാപിതത്വവും നില നിര്‍ത്താനുള്ള മഹത്തായ യത്നമാണ് അയാള്‍ക്ക്.
“ഞാന്‍ തിരികെയെത്തിക്കുന്ന ഓരോ അടിമക്കും പകരം വേറെ ഇരുപതു പേര്‍ തങ്ങളുടെ പൂര്‍ണ്ണ ചന്ദ്രന്‍ പദ്ധതികള്‍ ഉപേക്ഷിക്കും. ഞാന്‍ ക്രമബദ്ധതയുടെ ഒരു ആശയമാണ്. അപ്രത്യക്ഷനാകുന്ന അടിമയും ഒരു ആശയമാണ്. പ്രതീക്ഷയുടെ. ഞാന്‍ ചെയ്യുന്നതെന്തോ അത് തകര്‍ക്കുക, അങ്ങനെ തൊട്ടടുത്ത പ്ളാന്‍റെഷനിലും ഒരടിമക്ക് ഓടിപ്പോകാം എന്ന ആശയം നല്‍കുക. അത് അനുവദിച്ചാല്‍ , അനിവാര്യതയില്‍ നമ്മളൊരു വൈകല്യത്തെ അംഗീകരിക്കുകയാവും. ഞാനതിനു വിസമ്മതിക്കുന്നു.”
അയാള്‍ കോറയെയും അവളുടെ അമ്മയെയും അമേരിക്കന്‍ വ്യവസ്ഥിതിയിലെ ഒരു വൈകല്യമായി കാണുന്നു. കോറയെ മഥിക്കുക ഈ ചിന്തയാണ്:
“രണ്ടു സ്ത്രീകള്‍ ഒരു വൈകല്യമാണെങ്കില്‍ എന്താണ് ഒരു സമൂഹം?”
അമേരിക്കന്‍ ചരിത്ര യാഥാര്‍ത്ഥ്യത്തെ സംബന്ധിച്ചും കുടിയേറ്റ പൂര്‍വ്വ ഇന്ത്യന്‍ വംശജരെയും പില്‍ക്കാലം കറുത്ത വര്‍ഗ്ഗക്കാരെയും കൈകാര്യം ചെയ്ത രീതിയെ കുറിച്ചും നോവലില്‍ നടത്തപ്പെടുന്ന നിരീക്ഷണങ്ങള്‍ ഇതോടു ചേര്‍ത്തു വെക്കാം.
"വെളുത്ത വര്‍ഗ്ഗക്കാര്‍ ഒരു പുതിയ തുടക്കത്തിനും തങ്ങളുടെ യജമാനന്മാരുടെ ഏകാധിപത്യത്തില്‍ നിന്ന് രക്ഷപ്പെടാനും വേണ്ടി ഈ നാട്ടില്‍ വന്നു, അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയവര്‍ തങ്ങളുടെ നാടുകളില്‍ നിന്ന് പാലായനം ചെയ്ത പോലെ. എന്നാല്‍ അവര്‍ തങ്ങളുടെ കാര്യത്തില്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങള്‍ മറ്റുള്ളവര്‍ക്ക് നിഷേധിച്ചു. റാന്‍ഡല്‍ പ്ളാന്റെഷനില്‍ മൈക്കല്‍ 'സ്വാതന്ത്ര്യ പ്രഖ്യാപനം' (Declaration of Independence) ചൊല്ലുന്നത് പല തവണ കോറ കേട്ടിരുന്നു, അയാളുടെ സ്വരം കുപിതനായ ഒരാത്മാവിനെ പോലെ ഗ്രാമത്തിലൂടെ ഒഴുകി. അവള്‍ക്ക് അതിലെ വാക്കുകളൊന്നും, എന്തായാലും ഒട്ടുമുക്കാലും, മനസ്സിലായില്ല. എന്നാല്‍ 'തുല്യരായി സൃഷ്ടിച്ചു' എന്നത് അവള്‍ക്ക് മനസ്സിലാവാതെ പോയില്ല. അതെഴുതിയ വെള്ളക്കാരനും അത് മനസ്സിലായില്ല, 'എല്ലാ മനുഷ്യരും' എന്നതിന്റെ അര്‍ഥം ശരിക്കും എല്ലാ മനുഷ്യരും എന്ന് തന്നെ അല്ലായിരുന്നെങ്കില്‍, അവര്‍ മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ടത് പിടിച്ചെടുക്കുമ്പോള്‍, അത് കൈകളില്‍ എടുക്കാവുന്ന മണ്ണാണെങ്കിലും അങ്ങനെ എടുക്കാനാവാത്ത സ്വാതന്ത്ര്യം പോലുള്ളതാണെങ്കിലും. അവള്‍ ഉഴുകയും ജോലി ചെയ്യുകയും ചെയ്ത ഭൂമി ഇന്ത്യന്‍ വംശജരുടെതായിരുന്നു. തങ്ങളുടെ കൂട്ടക്കൊലകളിലെ കാര്യക്ഷമതയെ കുറിച്ച് വെള്ളക്കാര്‍ വീമ്പു പറയാറുണ്ടെന്നു അവള്‍ക്കറിയാമായിരുന്നു, കുട്ടികളെയും സ്ത്രീകളെയും കൊന്നൊടുക്കിയതിനെ കുറിച്ച്, അവരുടെ ഫലങ്ങളെ മുളയിലെ കഴുത്തു ഞെരിച്ചതിനെ കുറിച്ച്.
അപഹരിക്കപ്പെട്ട ഉടലുകള്‍ അപഹരിക്കപ്പെട്ട ഭൂമിയില്‍ തൊഴിലെടുക്കുക. അത് നിര്‍ത്താതെ പ്രവര്‍ത്തിച്ച ഒരു യന്ത്രമായിരുന്നു, അതിന്റെ ബോയിലര്‍ രക്തത്തിനു വേണ്ടി വിശന്നു. ഡോ. സ്റ്റീവന്‍സ് വിശദീകരിച്ച സര്‍ജ്ജറികളിലൂടെ വെള്ളക്കാര്‍ ഭാവിയെയും ഗൗരവമായി മോഷ്ടിച്ചു തുടങ്ങിയെന്നു കോറ വിചാരിച്ചു. നിങ്ങളെ കീറി മുറിക്കുക, അവയെ അറുത്തെടുക്കുക, ചോരയിറ്റിച്ചുകൊണ്ട്. കാരണം അതാണ് ആരുടെയെങ്കിലും കുഞ്ഞുങ്ങളെ തട്ടിയെടുക്കുമ്പോള്‍ നിങ്ങള്‍ ചെയ്യുന്നത്. ഭാവിയെ അപഹരിക്കുക. അവര്‍ ഈ ഭൂമിയില്‍ ഉള്ളിടത്തോളം കാലം ആവുന്നത്ര അവരെ പീഡിപ്പിക്കുക, എന്നിട്ട് എന്നെങ്കിലുമൊരിക്കല്‍ അവരുടെ ജനതക്ക് ഒരു നല്ല കാലം ഉണ്ടാവുമെന്ന പ്രതീക്ഷയും എടുത്ത് കളയുക.”
വിശ്വാസപരമായി ബൈബിളില്‍ വാഗ്ദാനം ചെയ്യപ്പെട്ട സമത്വ ദര്‍ശനവും പൊള്ളയാണെന്ന് കോറ കണ്ടെത്തുന്നുണ്ട്:
"എന്ന് വെച്ചാല്‍ ഹീബ്രു മറ്റൊരു ഹീബ്രുവിനെ അടിമയാക്കരുത്. എന്നാല്‍ ഹാമിന്റെ മക്കള്‍ ആ ഗോത്രമല്ല. അവര്‍ ശപിക്കപ്പെട്ടവരാണ്, കറുത്ത തൊലിയും വാലുകളും ഉള്ളവര്‍. വിശുദ്ധ ഗ്രന്ഥം അടിമത്തത്തെ തള്ളിപ്പറയുമ്പോള്‍ അത് നീഗ്രോ അടിമത്തത്തെ കുറിച്ചേയല്ല പറയുന്നത്.”
വിമോചനം എന്ന സമന്വയം
ഇതില്‍ നിന്ന് ഭിന്നമായിരുന്നു അബോളിഷനിസ്റ്റുകളുടെ നിലപാട്.
"മി. ഫ്ളെച്ചര്‍ അടിമത്തത്തെ ദൈവത്തിനു മുന്നിലെ അപമാനമായിക്കണ്ടു. അദ്ദേഹം ഒരിക്കലും വടക്കന്‍ പ്രദേശത്തെ അബോളിഷനിസ്റ്റ് സര്‍ക്കിളുകളില്‍ സജീവമായിരുന്നില്ല. എന്നാല്‍ ആ നീച സമ്പ്രദായം നേരില്‍ കണ്ടത് അയാള്‍ക്ക് സ്വയം മനസ്സിലാവാത്ത ചിന്തകള്‍ നല്‍കി.”
സീസര്‍ അയാളെ പോലുള്ള വെള്ളക്കാരെ മുമ്പ് കണ്ടിട്ടുണ്ടായിരുന്നു.
"തങ്ങളുടെ വായില്‍ നിന്ന് വന്ന കാര്യങ്ങളെ കുറിച്ച് ആര്‍ജ്ജവമുള്ള, അതില്‍ വിശ്വസിക്കുന്ന മനുഷ്യര്‍. അവരുടെ വാക്കുകളുടെ വസ്തുനിഷ്ഠത മറ്റൊരു കാര്യമായിരുന്നു, പക്ഷെ ഏറ്റവും ചുരുങ്ങിയത് അവര്‍ അത് വിശ്വസിച്ചു. ദക്ഷിണ ദേശത്തെ വെള്ളക്കാരന്‍ ചെകുത്താന്റെ അരക്കെട്ടില്‍ നിന്ന് തുപ്പപ്പെട്ടവനായിരുന്നു, അയാളുടെ അടുത്ത ദുഷ്ട പ്രവര്‍ത്തി എന്താവും എന്ന് പ്രവചിക്കാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലായിരുന്നു.”
സൌത്തില്‍ അടിമത്ത വിരുദ്ധമായ എല്ലാത്തിനും വിലക്കുണ്ടായിരുന്നു. അടിമത്ത വിരുദ്ധ സാഹിത്യം ഈ ഭാഗത്ത് നിയമവിരുദ്ധമായിരുന്നു. ജോര്‍ജ്ജിയയിലും ഫ്ളോറിഡായിലും എത്തിയ അബോളിഷനിസ്റ്റുകളെയും സഹാനുഭൂതിക്കാരെയും ആളുകള്‍ ഓടിച്ചു, ചമ്മട്ടിയടിക്കുകയും തെറി വിളിക്കുകയും ടാറടിക്കുകയും ചെയ്തു.”
നോര്‍ത്ത് കരോലിനയില്‍ അഭയം നല്‍കുന്ന അബോളിഷനിസ്റ്റ് കുടുംബത്തിലെ മച്ചില്‍ ഒരു കുഴലിന്റെയത്രയും പോന്ന ഒളിവിടത്തില്‍ ആഴ്ചകള്‍ തള്ളി നീക്കുന്ന കോറ, ആന്‍ ഫ്രാങ്കിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അവിടെ നിന്നുള്ള നോട്ടപ്പഴുതിലൂടെ പുറത്തു മൈതാനത്തില്‍ അരങ്ങേറുന്ന കൊടും ക്രൂരതകള്‍ അവള്‍ കാണുന്നുമുണ്ട്. വംശവെറിയുടെ സാഹിത്യത്തിലെ നിതാന്ത സത്യമായ ഒറ്റിന്റെ മാതൃക ഇവിടെയുമുണ്ട്. കോറ പിടിക്കപ്പെടാന്‍ ഇടയാക്കും വിധം എയ് ഥലിന്‍റെയും മാര്‍ട്ടിന്‍റെയും പ്രവര്‍ത്തികളെ റിജ് വേക്ക് ഒറ്റിക്കൊടുക്കുന്നത് അവരുടെ മകള്‍ ജെയ്ന്‍ തന്നെയാണ്; അത് അച്ഛനമ്മമാര്‍ കൊന്നു കെട്ടിത്തൂക്കപ്പെടുന്നതില്‍ എത്തിച്ചേരും എന്നറിഞ്ഞുകൊണ്ടു തന്നെ. പുരാണ പ്രോക്തമായ അധോലോക യാനത്തെ ഓര്‍മ്മിപ്പിക്കുന്ന ദുരനുഭവങ്ങളുടെയും ഭീകരതകളുടെയും അടുത്ത ഊഴം ടെന്നസിയിലാണ്. വിഴുപ്പുകളുടെയും പാതിവെന്ത മാലിന്യത്തിന്റെയും നഗരാവശിഷ്ടങ്ങളില്‍ പഴയ നിയമത്തില്‍ പ്ലേഗ് ബാധിത നഗരങ്ങള്‍ പോലെ 'യെല്ലോ ഫീവര്‍ ' സംഹാര താണ്ഡവം നടത്തുന്ന നഗരം ക്വാറന്റൈന്‍ ചെയ്യപ്പെട്ടിരിക്കുന്നു. ഇവിടെ വെച്ചാണ് ഗറില്ല വിമോചകരുടെ സഹായത്തോടെ കോറ രക്ഷപ്പെടുക. അണ്ടര്‍ഗ്രൌണ്ട് റെയില്‍ പാതയിലേക്കുള്ള ഒളിവാതില്‍ കടന്നു ഉള്ളിലെത്തുന്ന റിജ് വേയെ സാഹസികമായിത്തന്നെ അവള്‍ കൊലപ്പെടുത്തുക. വീണ്ടും അജ്ഞാതമായ ഒരു 'വടക്കോട്ടുള്ള' യാനം തുടങ്ങുക. ഇരുള്‍ നിറഞ്ഞ പാതയുടെ അറ്റത്തെങ്ങോ ഇത്തിരി വെട്ടമുണ്ട്. ഇത് പ്രധാനമാണ്.
“അമേരിക്ക എന്നതും ഒരു മോഹഭംഗമാണ്, എല്ലാറ്റിലും മഹാകാരമായത്. വെളുത്ത വര്‍ഗ്ഗക്കാര്‍ കരുതുന്നു - തികച്ചും ഹൃദയപൂര്‍വ്വം - മുഴുവന്‍ ഹൃദയം കൊണ്ടും വിശ്വസിക്കുന്നു- നാട് മുഴുവന്‍ സ്വന്തമാക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന്. ഇന്ത്യക്കാരെ കൊല്ലാന്‍. യുദ്ധം ചെയ്യാന്‍. സഹോദരങ്ങളെ അടിമകളാക്കാന്‍. ഈ രാജ്യം നിലനില്‍ക്കാന്‍ പാടില്ല, ഈ ലോകത്ത് എന്തെങ്കിലും നീതിയുണ്ടെങ്കില്‍, കാരണം അതിന്റെ അടിത്തറ കുരുതിയിലും കൊള്ളയിലും ക്രൂരതയിലും ആണ്.”
ഇത്തരമൊരു നിലപാടില്‍ നിന്ന് തുടങ്ങുന്ന ഒരു ആഖ്യാനം ഒടുവിലൊരു ചെറു വെട്ടമെങ്കിലും അടയാളപ്പെടുത്തുമ്പോള്‍ അത് തീര്‍ച്ചയായും പ്രധാനമാണ്.
'നിയോ സ്ലേവ് നരേറ്റീവ് '
എന്നാല്‍ ചരിത്രത്തെയും മറന്നു പോകരുതാത്ത ഗതകാലത്തെയും സജീവമാക്കി അടയാളപ്പെടുത്തുമ്പോഴും ഒരു മികച്ച ഫിക് ഷനല്‍ കൃതിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന വൈകാരിക തീവ്രതയോ വേട്ടയാടുന്ന പാത്ര സൃഷ്ടിയോ നോവലില്‍ കണ്ടെത്താനാവുന്നില്ലെന്നു വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര കഥാപാത്രമായ കോറ തന്നെയും പാത്രവികാസത്തിന്റെ മികച്ച മാതൃകയായിത്തീരുന്നില്ലെന്നും രണ്ടാം നായക കഥാപാത്രം സീസര്‍ ഒട്ടും മിഴിവോടെയല്ല ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് എന്നും നിരീക്ഷിക്കപ്പെടുന്നു. അടിമത്ത ഭീകരതയുടെ രംഗങ്ങള്‍ വേണ്ടുവോളമുണ്ടെങ്കിലും അതൊക്കെ ചരിത്ര പുസ്തകത്തിലെ വസ്തുതാപരതയില്‍ പരിമിതപ്പെട്ടു പോകുന്നു എന്നാണു ഇത്തരം വായനക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. രചയിതാവിന്റ ആഖ്യാന സ്വരത്തിന് പകരം (third person authorial voice) കോറയുടെ ഉത്തമ പുരുഷ (first person) ആഖ്യാന രീതിയായിരുന്നു നോവലിന് കൂടുതല്‍ തീക്ഷണത നല്‍കുക എന്ന് വരെ വിമര്‍ശകമതമുണ്ടെന്നത് വിമര്‍ശനത്തിന്റെ ജനാധിപത്യം എന്ന് ഒരു വേള കാണാവുന്നതേയുള്ളൂ.
