റദ്‌വ ആശൂറിന്റെ 'ദി വുമൺ ഓഫ് തന്തൂറ': ഓർമ്മ, പ്രതിരോധം, അതിജീവനം
ഈജിപ്തിലെ ഏറ്റവും പ്രഗത്ഭരായ നോവലിസ്റ്റുകളിലും വിമർശകരിലും അക്കാദമിക് വിദഗ്ദ്ധരിലും ഒരാളായിരുന്നു റദ്‌വ ആശൂർ (1946–2014). 'ഗ്രനാഡ' (Granada), 'സ്പെക്ടേഴ്സ്' (Specters), 'ദി വുമൺ ഓഫ് തന്തൂറ' (The Woman of Tantoura) തുടങ്ങിയ കൃതികളിലൂടെ അറബ് സ്വത്വത്തോടും, ഫെമിനിസ്റ്റ് വീക്ഷണങ്ങളോടും, രാഷ്ട്രീയ പ്രതിരോധത്തോടുമുള്ള അവരുടെ ആഴത്തിലുള്ള പ്രതിബദ്ധത വ്യക്തമായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നാൽ, കേവലം എഴുത്തിൽ മാത്രമല്ല, റദ്‌വ ആശൂറിന്റെ സ്വന്തം ജീവിതത്തിലും വ്യക്തിപരമായ തലങ്ങളും രാഷ്ട്രീയവും പരസ്പരം പിണഞ്ഞുകിടക്കുന്നതാണ് നാം കാണുന്നത് . പലസ്തീനിയൻ കവിയായ മുരീദ് ബർഗൂതിയുമായുള്ള അവരുടെ വിവാഹജീവിതത്തിൽ, രാഷ്ട്രീയപരമായ കാരണങ്ങളാലും നാടുകടത്തലുകളാലും പതിനേഴു വർഷത്തോളം അവർക്ക് നിർബന്ധിതമായി പരസ്പരം പിരിഞ്ഞു കഴിയേണ്ടി വന്നു. ദേശീയ പോരാട്ടങ്ങൾ മനുഷ്യരുടെ സ്വകാര്യ ജീവിതങ്ങളെ എങ്ങനെയാണ് തകർത്തുകളയുന്നത് എന്നതിന്റെ നേർസാക്ഷ്യമായിരുന്നു ആ ജീവിതം.
ഈയൊരു ജീവചരിത്രപരമായ വിശദാംശം രണ്ട് കാരണങ്ങളാൽ അതീവ പ്രധാനമാണ്. ഒന്നാമത്, പലസ്തീനിയൻ പശ്ചാത്തലത്തിൽ വ്യക്തിപരമായ ജീവിതത്തെ രാഷ്ട്രീയത്തിൽ നിന്ന് വേർപെടുത്താൻ കഴിയില്ല (the personal is political) എന്ന് ഇത് വ്യക്തമാക്കുന്നു; അവിടെ പ്രണയവും വിവാഹവും കുടുംബജീവിതവുമൊക്കെ അധിനിവേശത്താലും ഭരണകൂട അധികാരത്താലും നിരന്തരം തകിടം മറിക്കപ്പെടുന്നു. രണ്ടാമതായി, ഈജിപ്ഷ്യൻ പൗരത്വമുള്ള വ്യക്തിയായിരുന്നിട്ടും റദ്‌വ ആശൂറിനെ പലസ്തീനിയൻ ക്ലാസിക് സാഹിത്യത്തിന്റെ നിരയിൽ പ്രതിഷ്ഠിക്കാൻ ഇത് കാരണമാകുന്നു. ബർഗൂതിയുടെ ജീവിതപങ്കാളി എന്ന നിലയിലും, പലസ്തീനിയൻ പ്രവാസത്തെയും അവരുടെ സാക്ഷ്യങ്ങളെയും തന്റെ ഫിക്ഷനുകളുടെ കേന്ദ്രബിന്ദുവാക്കിയ എഴുത്തുകാരി എന്ന നിലയിലും ആശൂറിന്റെ ശബ്ദം പലസ്തീനിയൻ സാഹിത്യ പ്രപഞ്ചത്തിന്റെ ഭാഗം തന്നെയാണ്. അതുകൊണ്ടുതന്നെ, അവരുടെ 'ദി വുമൺ ഓഫ് തന്തൂറ' എന്നത് സാക്ഷ്യസാഹിത്യ (witness literature) നോവൽ മാത്രമല്ല, മറിച്ച് ഈജിപ്ഷ്യൻ-പലസ്തീനിയൻ സാഹിത്യ പാരമ്പര്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു പാലം കൂടിയാണ്.
'ദി വുമൺ ഓഫ് തന്തൂറ' എന്ന നോവലിന്റെ ഹൃദയത്തുടിപ്പ് റുഖയ്യ (Ruqayya) എന്ന പലസ്തീനിയൻ സ്ത്രീയുടെ ജീവിതകഥയാണ്. തന്തൂറ എന്ന മനോഹരമായ ഒരു തീരദേശ മത്സ്യബന്ധന ഗ്രാമത്തിലെ അവളുടെ സമാധാനപരമായ കുട്ടിക്കാലം നക്ബ കൂട്ടക്കൊലയോടെയാണ് തകർന്നടിയുന്നത്. പന്ത്രണ്ടാമത്തെ വയസ്സിൽ ജന്മനാട്ടിൽ നിന്നും ആട്ടിയോടിക്കപ്പെടുന്ന അവൾ, സിറിയ, ലെബനൻ, ഗൾഫ് നാടുകൾ എന്നിവിടങ്ങളിലൂടെ പ്രവാസത്തിന്റെ തീക്ഷ്ണമായ ആഘാതങ്ങളും പേറിയാണ് ജീവിച്ചത്. തന്റെ മക്കളെയും കൊച്ചുമക്കളെയും വളർത്തുമ്പോഴും, ജനിച്ച മണ്ണിലേക്ക് പിന്നീട് ഒരിക്കലും മടങ്ങിവരാൻ അവൾക്ക് സാധിക്കുന്നില്ല. സ്വാഭാവികമായും ഓർമ്മകൾ, പ്രവാസം, തലമുറകളുടെ അതിജീവനം എന്നിവയാണ് ഈ നോവൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. ഉമ്മയിൽ നിന്ന് മകളിലേക്ക്, പിന്നീട് പെരമാകളിലേക്ക്, കൈമാറുന്ന ഇരുമ്പ് താക്കോൽ (Iron key) ജന്മനാട്ടിലേക്കുള്ള തിരിച്ചുപോക്കിന്റെ പ്രതീക്ഷയെ ജ്വലിപ്പിച്ചു നിർത്തുന്ന ശക്തമായ ഒരു പ്രതീകമായി മാറുന്നു; പലസ്തീനിയൻ ഫിക്ഷനുകളിൽ ആവർത്തിച്ചുവരുന്ന ഒരു പ്രധാന ബിംബകല്‍പ്പനയാണിത്. ജന്മനാടും പ്രിയപ്പെട്ടവരും നഷ്ടപ്പെടുന്നതിലൂടെ ഉണ്ടാകുന്ന, പറഞ്ഞറിയിക്കാനാകാത്ത മാനസിക ആഘാതങ്ങളെയും — രക്തസാക്ഷികളാകേണ്ടി വന്ന പിതാക്കന്മാർ, സഹോദരങ്ങൾ, ഭർത്താക്കന്മാർ — സാബ്ര, ഷാത്തില കൂട്ടക്കൊലകൾ പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ അറബ് രാഷ്ട്രങ്ങളിൽ നിന്നും പി.എൽ.ഒയിൽ നിന്നും നേരിടേണ്ടി വന്ന വഞ്ചനകളെയും ആശൂർ തുറന്നുകാട്ടുന്നു.
റുഖയ്യയുടെ വിവാഹജീവിതം വലിയ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ലെബനീസ് ആഭ്യന്തരയുദ്ധത്തിനിടയിൽ ഡോക്ടറായ അവളുടെ ഭർത്താവ് ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷനാകുന്നു; തുടർന്ന് അതിജീവനത്തിന്റെ വലിയ ഭാരങ്ങൾ ഒറ്റയ്ക്ക് ചുമലിലേറ്റാൻ അവൾ നിർബന്ധിതയാവുന്നു. വ്യക്തിപരമായ ഈ ദുരന്തം പലസ്തീന്റെ വേദനാകരമായ പൊതു അവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത് — അവിടെ രാഷ്ട്രീയ അക്രമങ്ങള്‍ മനുഷ്യരുടെ ആത്മബന്ധങ്ങളെ എപ്പോഴും തച്ചുടക്കുന്നു. ആ അർത്ഥത്തിൽ, പ്രവാസ ജീവിതം പ്രണയത്തിലും വിവാഹത്തിലും കുടുംബത്തിലും ഏൽപ്പിക്കുന്ന കടുത്ത സമ്മർദ്ദങ്ങളെക്കുറിച്ച് ധ്യാനിക്കുന്ന മുരീദ് ബർഗൂതിയുടെ 'ഐ സോ റമല്ല' (I Saw Ramallah) എന്ന കൃതിയോട് ആശൂറിന്റെ ആഖ്യാനം തികച്ചും സമാന്തരമായി നിൽക്കുന്നു.
മടിച്ചു മടിച്ചും ഇടയ്ക്കു മുറിഞ്ഞും കഥ പറയുന്ന റുഖയ്യയുടെ ആഖ്യാനത്തിലൂടെ നോവൽ ഉറപ്പിച്ചുപറയുന്ന ഒരു കാര്യമുണ്ട്; ഓർമ്മകൾ വേദനാജനകമാണെങ്കിൽ പോലും, അത് അതിജീവനത്തിന്റെ ഒരു രൂപമാണ്. റുഖയ്യയുടെ ആഖ്യാനത്തെ ഏറ്റവും പ്രയാസകരവും ഒപ്പം ഏറ്റവും അടിയന്തിര പ്രാധാന്യമുള്ളതും ആക്കുന്നത് കൃത്യമായ ഒരു പലസ്തീനിയന്‍ വൈരുധ്യമാണ്: ഒരു കഥയ്ക്ക എത്ര യുദ്ധങ്ങളെ, എത്ര വംശഹത്യകളെ ഉള്‍കൊള്ളാനാകും? കണക്കാക്കിയ പേജുകള്‍ ഉള്ള ഒരു പുസ്തകത്തിന് ആയിരക്കണക്കിന് ശവങ്ങളെ എങ്ങനെ ചുമക്കാനാകും? ഈ വൈരുദ്ധ്യത്തെ കുറിച്ച് ചിന്തിക്കാതിരിക്കാന്‍ ഒരു ഘട്ടത്തിലും റുഖയ്യക്ക് കഴിയുന്നില്ല. കുഞ്ഞുങ്ങളെ കുറിച്ചും അബു എമിന്‍ അമ്മാവനെ കുറിച്ചും എഴുതുമ്പോള്‍ അവരത് ആസ്വദിക്കുന്നുമുണ്ട്. എന്നാല്‍ പലപ്പോഴും അത് തന്നെ കൊന്നുകളയും എന്ന് അവര്‍ ചിന്തിക്കുന്നു. പുനരാഖ്യാനത്തിന്റെ വേദനയും അസഹ്യതയും സംബന്ധിച്ച് ഹസന്‍ ഉമ്മയെ ധൈര്യപ്പെടുത്തുന്നു: "അത് നിന്നെ കൊല്ലില്ല,നീ വിചാരിക്കുന്നതിനേക്കാൾ ശക്തയാണ് നീ. ഓർമ്മകൾ മനുഷ്യനെ കൊല്ലില്ല. അത് ഒരുപക്ഷേ താങ്ങാനാവാത്ത വേദന സമ്മാനിച്ചേക്കാം; എങ്കിലും നമ്മളത് സഹിക്കും. അപ്പോൾ ഓർമ്മകൾ നമ്മളെ അടിത്തട്ടിലേക്ക് വലിച്ചു താഴ്ത്തുന്ന ഒരു കയത്തിൽ നിന്നും, നമുക്ക് നീന്തിത്തുടിക്കാൻ പാകത്തിലുള്ള ഒരു കടലായി പരിവർത്തനപ്പെടും. നമ്മൾ ദൂരങ്ങൾ കീഴടക്കും, അതിനെ നമ്മുടെ നിയന്ത്രണത്തിലാക്കും, നമ്മളായിരിക്കും അതിന് കൽപ്പനകൾ നൽകുക." ഈ വാക്കുകള്‍ പുസ്തകത്തിന്റെ കേന്ദ്ര ആശയത്തെ അടിവരയിടുന്നു: വ്യക്തിപരമായ സാക്ഷ്യപ്പെടുത്തലുകൾ ദുഃഖത്തെ ഒരു ജനതയുടെ തുടർച്ചയായുള്ള പോരാട്ടവീര്യമാക്കി മാറ്റുന്നു. എല്ലാറ്റിനുമുപരിയായി, പ്രവാസ ലോകത്ത് ഒരു കുടുംബത്തെയും സംസ്കാരത്തെയും കാത്തുസൂക്ഷിക്കുന്ന കാവൽക്കാർ (Custodians) സ്ത്രീകളാണെന്ന് ആശൂർ ഈ കൃതിയിലൂടെ ശക്തമായി സ്ഥാപിക്കുന്നു. ഏലിയാസ് ഖൂറിയുടെ ‘സൂര്യ കവാടം’ പോലുള്ള ക്ലാസിക്കുകള്‍ അടിവരയിടുന്ന പ്രമേയമാണിത്. നോവലന്ത്യത്തില്‍, തന്റെ ഭാര്യയോടും കുഞ്ഞുമക്കളോടും ഒപ്പം മുള്‍വേലിയുടെ അപ്പുറത്തു നിന്ന് മറുവശത്തുള്ള ഉമ്മയെ നോക്കി നില്‍ക്കുന്ന ഹസന്‍, നാലുമാസം പ്രായമുള്ള കുഞ്ഞു റുഖയ്യയെ മുള്‍വേലിക്ക് മുകളിലൂടെ മുത്തശ്ശിക്ക് കൈമാറുന്ന സന്ദര്‍ഭമുണ്ട്. തന്റെ കഴുത്തിലുള്ള നെക്ക് ലേസ് കുഞ്ഞിനു സമ്മാനമായി നല്കാന്‍ കയ്യെത്തുന്ന മുത്തശ്ശി റുഖയ്യ പക്ഷെ പഴയ താക്കോല്‍ കൂട്ടത്തിലാണ് കൈ തൊടുക: “ഹസന്‍, നമ്മുടെ വീടിന്റെ താക്കോലാണ് കുഞ്ഞു റുഖയ്യക്കുള്ള എന്റെ സമ്മാനം.” മുമ്പ്, അഭയാര്‍ഥി ക്യാമ്പിന്റെ ദുരിത കാലത്ത് എമിന്‍, റുഖയ്യക്ക് കൊണ്ടുക്കൊടുത്ത രക്തസാക്ഷികളായ മാതാപിതാക്കളുടെ മകളായ മറിയമിലൂടെയായിരുന്നു ഒരു വലിയ പാഠം റുഖയ്യ പഠിച്ചത്: ഐഡന്റിറ്റിയുടെ പേരില്‍ കുരുതികള്‍ അരങ്ങേറുമ്പോഴും, മുസ്ലിമോ ക്രിസ്ത്യാനിയോ ആയിപ്പോയി എന്നതിന്റെ പേരില്‍ ബോംബുവീഴ്ച്ചകളില്‍ ഒടുങ്ങേണ്ടി വരികയും കുടിയൊഴിക്കപ്പെടുകയും ചെയ്യുമ്പോഴും കുഞ്ഞു മറിയമിന് വേണ്ടി ജീവിതം തുടരേണ്ടിയിരുന്നു. എല്ലാ ദുരിതങ്ങള്‍ക്കും ഇടയിലും ജീവിതം ജീവിതാര്‍ഹം തന്നെയെന്ന പാഠമാണ് അത്. ഇനിയങ്ങോട്ട് പേരക്കിടാവിലൂടെ ആ പാഠം തുടരുന്നു. ഇവിടെയെല്ലാം അതിജീവിതത്തിന്റെ സ്ത്രൈണ തത്വം (female principle) പ്രതീകമായും യാഥാര്‍ത്ഥ്യമായും പടര്‍ന്നുനില്‍ക്കുന്നു.
കൃത്യമായ ഒരു കാലഗണന പിന്തുടരുന്നതിന് പകരം, ബോധപൂർവ്വം രേഖീയമല്ലാത്ത ഒരു ആഖ്യാനശൈലിയാണ് (Non-linear narrative technique) ആശൂർ ഈ നോവലിൽ സ്വീകരിച്ചിരിക്കുന്നത്; ചരിത്രപരമായ ക്രമത്തിലല്ല, മറിച്ച് വൈകാരികമായ തലങ്ങളിലൂടെയാണ് മാനസികാഘാതങ്ങൾ (Trauma) മനുഷ്യനിൽ പുനർജനിക്കുന്നത് എന്ന യാഥാർത്ഥ്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. ഭൂതകാലവും വർത്തമാനകാലവും തമ്മിലുള്ള ഈ ദൂരം നോവലിന് ബഹുതലങ്ങളുള്ള ഒരു ഘടന നൽകുന്നു, ഇവിടെ ഓർമ്മകൾ തന്നെയാണ് കഥയെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകം. പലസ്തീനിയൻ പ്രവാസത്തിന്റെ വലിയ ചരിത്രപശ്ചാത്തലവും റുഖയ്യയുടെ വ്യക്തിപരമായ ഓർമ്മകളും തമ്മിൽ കൃത്യമായ സമനില പാലിക്കുന്നതാണ് ഇതിലെ ഗദ്യശൈലി.
ക്രൂരതകളെ സാക്ഷ്യപ്പെടുത്തലുകളിലൂടെ ചരിത്രത്തിൽ നിലനിർത്തുന്ന 'വിറ്റ്നസ് ലിറ്ററേച്ചറിന്റെ' (Witness literature) പാരമ്പര്യത്തിലാണ് ഈ നോവൽ നിലകൊള്ളുന്നത്. എലി വീസലിന്റെ ഹോളോകോസ്റ്റ് ആഖ്യാനങ്ങളെയോ എതൽ അദ്നാന്റെ 'സിറ്റ് മേരി റോസ്' (Sitt Marie Rose) എന്ന കൃതിയെയോ പോലെ, മഹാദുരന്തങ്ങളെ തുറന്നു പറയേണ്ടതിന്റെ അനിവാര്യതയെ ആശൂറിന്റെ കൃതിയും അടിവരയിടുന്നു. മകന്റെ നിർബന്ധത്താൽ പുറത്തുവരുന്ന റുഖയ്യയുടെ ശബ്ദം, വിസ്മൃതിക്കെതിരെയുള്ള സാംസ്കാരിക ഓർമ്മപ്പെടുത്തലായി മാറുകയും ആഗോള സാഹിത്യത്തിലെ സാക്ഷ്യങ്ങളുടെ ഭാഗമാവുകയും ചെയ്യുന്നു.
സാഹിത്യപരമായി, സാക്ഷ്യപ്പെടുത്തലിന്റെ അടിയന്തിരാവസ്ഥയെ ചരിത്ര നോവലുകളുടെ പൊതുരീതികളുമായി ആശൂർ സമന്വയിപ്പിച്ചിരിക്കുന്നു. തലമുറകളിലൂടെ മാറിമറിയുന്ന വീക്ഷണകോണുകൾ, പ്രവാസത്തിൽ ജനിച്ച മക്കളിലൂടെയും കൊച്ചുമക്കളിലൂടെയും പലസ്തീൻ പോരാട്ടത്തെ പുനർവായിക്കാൻ സഹായിക്കുന്നു; ഇത് വ്യക്തിപരമായ ആഘാതങ്ങൾക്കപ്പുറം ഒരു ജനതയുടെ കൂട്ടായ വിധിയായി നോവലിനെ മാറ്റുന്നു. നോവലിന്റെ അവസാന രംഗം — തനിക്ക് പ്രവേശിക്കാൻ കഴിയാത്ത ജന്മനാടിന്റെ അതിർത്തിയിൽ നോക്കിനിൽക്കുന്ന റുഖയ്യയുടെ ചിത്രം — പ്രവാസത്തിന്റെ വൈരുദ്ധ്യത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു: തിരിച്ചുപോക്ക് അസാധ്യമാകുമ്പോഴും ഓർമ്മകളെത്തന്നെ മാതൃഭൂമിയായി കൊണ്ടുനടക്കുന്ന അവസ്ഥയാണത്.
ഒടുവിൽ, ഓർമ്മകളുടെ സാക്ഷിയും കാവൽക്കാരിയുമായി നിന്നുകൊണ്ട് പലസ്തീനിയൻ സാഹിത്യ ശാഖയിൽ റദ്‌വ ആശൂർ തന്റെ സ്ഥാനം ഉറപ്പിക്കുന്നു. റുഖയ്യയുടെ വിമുഖത നിറഞ്ഞതും എന്നാൽ അനിവാര്യവുമായ സാക്ഷ്യത്തിലൂടെ വ്യക്തിപരമായ ദുഃഖത്തെ തലമുറകളുടെ അതിജീവനമാക്കി മാറ്റാൻ അവർക്ക് കഴിയുന്നുണ്ട്. ഒരു പലസ്തീനിയൻ സ്ത്രീയുടെ ശബ്ദത്തിന് മുൻഗണന നൽകുന്നതിലൂടെ, തന്തൂറ ഗ്രാമത്തിന്റെ ചരിത്രത്തെ നിലനിർത്തുക മാത്രമല്ല, സാഹിത്യം തന്നെ എങ്ങനെയാണ് വിസ്മൃതിക്കെതിരെയുള്ള പ്രതിരോധമായി മാറുന്നത് എന്ന് ആശൂർ കാണിച്ചുതരുന്നു. വ്യക്തിപരമായ പീഡനങ്ങളും രാഷ്ട്രീയമായ നാടുകടത്തലുകളും പിണഞ്ഞുകിടക്കുന്ന ഈ ആഖ്യാനം, പ്രവാസത്തിലെ സ്ത്രീശക്തിയുടെയും നീതിക്കും തിരിച്ചുപോക്കിനുമായുള്ള പോരാട്ടത്തിൽ സാക്ഷ്യപ്പെടുത്തലുകളുടെ കരുത്തിന്റെയും ഉത്തമ ഉദാഹരണമായി നിലകൊള്ളുന്നു.
അവലംബങ്ങള്‍:
- McAlpine, C. (2020, August 6). The Woman from Tantoura by Radwa Ashour (2010). Claire McAlpine. Retrieved from https://clairemcalpine.com/2020/08/06/the-woman-from-tantoura-by-radwa-ashour-2010/
- Global Literature in Libraries Initiative. (2019, August 19). The Woman from Tantoura by Radwa Ashour. GLLI. Retrieved from https://glli-us.org/2019/08/19/the-woman-from-tantoura-by-radwa-ashour/
- Omar, A. (2023, December 6). The Woman from Tantoura. Middle East Monitor. Retrieved from https://www.middleeastmonitor.com/20231206-the-woman-from-tantoura-2/
- Köse, S. (n.d.). The Woman from Tantoura. Middle East Studies: Palestinian Literature, Refugees, Refugee Women. [Date missing].
