അതിരുകള്‍ ഭേദിക്കുന്നതിന്റെയും സ്വദേശത്തു കണ്ടെത്താനാവാത്ത ജീവിതം അജ്ഞാതമായ ഭൂപ്രദേശത്തു കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെയും ദൈന്യവും പിടച്ചിലും സാഹിത്യത്തില്‍ എക്കാലത്തെയും പ്രധാന പ്രമേയങ്ങളിലൊന്നാണ്. അന്യവല്‍ക്കരണത്തിന്റെയും ഉള്‍ച്ചേര്‍ക്കലിന്റെയും വിരുദ്ധ ദ്വന്ദ്വങ്ങള്‍ക്കിടയിലെ സംഘര്‍ഷം സാഹിത്യത്തിലെ ഒരടിസ്ഥാന ആവിഷ്കാര പ്രശ്നവുമാണ്. കുടിയേറ്റവും ബഹിഷ്കരണവുമെന്ന, പാലായനവും ആട്ടിയോടിക്കലുമെന്ന, വിട്ടുപോന്നവയോടുള്ള ഗൃഹാതുരതയും കൈപ്പിടിയിലൊതുങ്ങാത്തതിനോടുള്ള ആസക്തിയുമെന്ന നൈരന്തര്യമായി ചരിത്രത്തില്‍ ആവര്‍ത്തിക്കുന്ന ഈ മാനവിക ദുരന്തം കാല ദേശങ്ങളുടെ അതിരുകളെ അപ്രസക്തമാക്കുന്നു എന്നതാണ് എക്കാലത്തെയും ഏറ്റവും വലിയ പാഠങ്ങളില്‍ ഒന്ന്.
തൊഴില്‍ കണ്ടെത്താനായി നിയമ വിരുദ്ധമായി ബ്രിട്ടനില്‍ കുടിയേറുന്ന അന്യദേശ അഭയാര്‍ഥികളില്‍പെട്ട മൂന്നു ഇന്ത്യന്‍ യുവാക്കളുടെയും ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ യുവതിയുടെയും ഇഴ കോര്‍ക്കുന്ന ജീവിതങ്ങളിലൂടെ വര്‍ത്തമാനകാല ലോക യാഥാര്‍ത്ഥ്യങ്ങളില്‍ ഏറ്റവും പൊള്ളുന്ന ഒരു പ്രമേയത്തെയാണ് ഇന്ത്യന്‍ വംശജനായ യുവ ബ്രിട്ടീഷ് നോവലിസ്റ്റ് സഞ്ജീവ് സുഹോത്ത തന്റെ രണ്ടാമത് കൃതിയായ "ഓടിപ്പോവുന്നവരുടെ വര്‍ഷം (The Year of the Runaways)'' എന്ന നോവലില്‍ അവതരിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ നോവലിന്റെ സാധ്യതകള്‍ ശക്തമായ അന്തര്‍ധാരയായി വര്‍ത്തിക്കുമ്പോഴും നോവല്‍ പ്രകടമായ രാഷ്ട്രീയ പരതയെ നിരാകരിക്കുന്നു. സിദ്ധാന്ത വല്‍ക്കരണങ്ങളിലേക്കോ ധൈഷണിക നിരീക്ഷണങ്ങളിലേക്കോ ചായുന്നതിനു പകരം, അനുഭവങ്ങളുടെ നേരവതരണങ്ങളിലും വൈകാരിക സംഘര്‍ഷങ്ങളിലുമാണ് നോവല്‍ ഊന്നുന്നത്.
കുടിയേറ്റക്കാരുടെ പുരാവൃത്തം
നോവലിന്റെ ആദ്യ പകുതിയില്‍ ചെറു അധ്യായങ്ങളായി എഴുതപ്പെട്ട നോവലറ്റുകളുടെ ദൈര്‍ഘ്യമുള്ള ആഖ്യാനങ്ങളായി നാല് മുഖ്യ കഥാപാത്രങ്ങളുടെ പുരാവൃത്തങ്ങള്‍ അവതരിപ്പിക്കുന്നു. ടോചി, രണ്‍ദീപ്, അവതാര്‍ എന്ന മൂന്നു യുവാക്കള്‍ വേറെയും ഒമ്പത് പേരോടൊപ്പം ഷെഫീല്‍ഡിലെ ഇടുങ്ങിയ അപ്പാര്‍ട്ട്മെന്റില്‍ കഴിയുന്നു. വ്യത്യസ്ത ദേശക്കാര്‍. ചുമക്കാവുന്നതിലേറെ ഭാരങ്ങള്‍ പേറുന്നവര്‍. അസംപ്തൃപ്തരും അശരണരും സ്വന്തം വിധിയോട് നിസ്സഹായമായ രോഷം പേറുന്നവരുമായ, പരുക്കന്‍ മാനസികാവസ്ഥയുള്ള അത്രയും പേര്‍ ദയനീയമായ ഭൗതികസാഹചര്യങ്ങളില്‍ പരസ്പരം കലഹിച്ചും മത്സരിച്ചും കുതികാല്‍ വെട്ടിയും കഴിയേണ്ടി വരുമ്പോള്‍ സ്വാഭാവികമായും സംജാതമാവുന്ന ഭയത്തിന്റെയും പരസ്പര സംശയത്തിന്റെയും അന്തരീക്ഷം ബ്രിട്ടന്‍ പോലെ പളപളപ്പുള്ള ഒരു സമ്പന്ന രാഷ്ട്രത്തിന്റെ ഉള്ളില്‍ അര്‍ബ്ബുദം പോലെ വളരുന്ന, അതിജീവനമെന്നത് ഒരു 'കാലിക' പ്രശ്നം എന്നതിനപ്പുറം ഒരു ദൈനംദിന പ്രശ്നമായി മാറുന്ന മറ്റൊരു അധോലോകത്തെയാണ് സാക്ഷ്യപ്പെടുത്തുന്നത്. ഞരമ്പ് മുറുക്കത്തിന്റെ അപകട മുനമ്പുകളില്‍ നടക്കുന്ന കയ്യേറ്റങ്ങള്‍ പലപ്പോഴും മാരകമാവുന്നു; ഗൂര്‍പ്രീതിന്റെയും അവതാറിന്റെയും കാര്യത്തില്‍ എന്ന പോലെ.
ടാര്‍ലോചാന്‍ കുമാര്‍ എന്ന ടോചിയുടെ പുരാവൃത്തമാണ് ആദ്യം അവതരിപ്പിക്കപ്പെടുന്നത്. കുമാര്‍ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ ബീഹാറിലെ അയിത്ത ജാതിക്കാരനായ ഈ ചാമര്‍ യുവാവ് വര്‍ത്തമാന കാല ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തിന്റെ ഏറ്റവും ബീഭത്സമായ ജാതീയതയുടെയും സായുധ സംഘര്‍ഷങ്ങളുടെയും ബാലിയാടാണ്. ഒരു വശത്തു രാജ്യത്ത് ശക്തി പ്രാപിക്കുന്ന സവര്‍ണ്ണ ഹിന്ദു ഫാസിസം കൂടുതല്‍ കരുത്ത് പകര്‍ന്ന ജന്മി-ഭൂപ്രഭുക്കളുടെ ഗുണ്ടാ സൈന്യങ്ങള്‍, സംവരണ വിരുദ്ധതയുടെ പേരില്‍ ചാമര്‍ വിഭാഗത്തിലെ യുവാക്കളെ ജോലിക്കെടുക്കുന്നവരെ പോലും ഭീഷണിപ്പെടുത്തുന്ന അവസ്ഥ . ജീവനും മാനത്തിനും വിലയില്ലാതാവുന്ന അധസ്ഥിതന്റെ ദൈന്യം. മറുവശത്ത് ഭൂപ്രഭുക്കളുമായി ഏറ്റുമുട്ടുന്ന മാവോയിസ്റ്റു ഗറില്ലകള്‍ സൃഷ്ടിക്കുന്ന സായുധ കലാപാന്തരീക്ഷം. ഏറെ പാടുപെട്ടു സ്വന്തമാക്കുന്ന ഓട്ടോറിക്ഷ , കുടുംബാംഗങ്ങളോടൊപ്പം കത്തിച്ചാമ്പലാവുന്നതും പെങ്ങള്‍ വയറു പിളര്‍ന്നു കൊല്ലപ്പെടുന്നതും കാണേണ്ടിവന്നിട്ടുണ്ട് അയാള്‍ക്ക്. എന്നാല്‍ അത്തരം വലിയ സംഘര്‍ഷങ്ങളിലല്ല നോവലിസ്റ്റ് ഊന്നുന്നത്; അസമത്വത്തിന്റെയും ജാതീയമായ അവഗണനയുടെയും ദൈനംദിനാനുഭവങ്ങളുടെ ചെറു നിമിഷങ്ങളിലും അത് അയാളിലുണ്ടാക്കുന്ന നിസ്സഹായതാ ബോധത്തിലുമാണ്. എല്ലായിടത്തും അതയാളെ വേട്ടയാടുന്നു; ഷെഫീല്‍ഡില്‍ ഉള്‍പ്പടെ. ഒരു വേള ഒരു ജാട്ട് യുവാവെന്നു സാന്ദര്‍ഭികമായി അയാളൊരു മൗനത്തിലൂടെ പരിചയപ്പെടുത്തുന്നത് ബോധപൂര്‍വ്വമായ ഒരു ആള്‍മാറാട്ടം എന്ന നിലക്കല്ല; അത് ഒരു വിഷയമാവേണ്ടതില്ല എന്ന നിലക്കാണ്. എന്നാല്‍, ഒരാള്‍ തന്റെ നിയതമായ വിധിയുടെ കള്ളികള്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നത് വൃഥാവിലാണ് എന്നത് ഏതാണ്ടൊരു നിയതിനിര്‍ണ്ണായകത്വ കാഴ്ച്ചപ്പാട് (deterministic premise) ആയിത്തന്നെ, താത്വിക നിലപാടുകളുടെ കാര്യത്തില്‍ സുഹോത്തയുടെ സ്വതസിദ്ധമായ ന്യൂനോക്തിയിലാണെങ്കിലും, നോവലില്‍ ഉന്നയിക്കപ്പെടുന്നുണ്ടെന്നു പറയാം. വിജയ സാധ്യത ഒട്ടുമില്ലാത്ത ഒരു കുതറിപ്പിടച്ചിലാണ് അത്തരം ശ്രമങ്ങളൊക്കെയും എന്ന് ഓരോ അനുഭവവും അയാളെ ബോധ്യപ്പെടുത്തുന്നത് കൊണ്ടാണ് അയാള്‍ കൂടുതല്‍ കൂടുതല്‍ ഉള്‍വലിയുന്നതും അന്തര്‍മുഖന്‍ ആയിത്തീരുന്നതും. അയാള്‍ക്ക് ആരോടും തന്റെ കഥ വിവരിക്കാന്‍ ഇഷ്ടമല്ല. ആരും അയാളെ കാത്തിരിക്കുന്നില്ല, അയാള്‍ക്കെങ്ങോട്ടും തിരിച്ചു പോവാനുമില്ല. എല്ലാവരില്‍ നിന്നും നിന്ദ ഏറ്റുവാങ്ങേണ്ടി വരുന്നത് കൊണ്ടാവാം, അവതാറിന്റെ ജോലി തട്ടിയെടുക്കുന്നത് പോലുള്ള തരം താഴലിലേക്ക് പോകുമ്പോഴും അയാളില്‍ പ്രത്യേകിച്ച് കുറ്റബോധം ഒന്നുമില്ലാത്തത്. ഒരു പക്ഷെ അത് ചെറിയ തോതിലുള്ള ഒരു കിട്ടാക്കടം തിരിച്ചു പിടിക്കലായിരിക്കാം അയാള്‍ക്ക് - വംശീയമായ നിസ്സഹായത തന്നെ കൊണ്ടെത്തിച്ച ഒരു തിരിച്ചു പിടിക്കല്‍. ജാതീയമായി അയാളെ ഒരു ഘട്ടത്തിലും അധിക്ഷേപിക്കുന്നില്ലാത്ത ഒറ്റ കഥാപാത്രമെ പ്രധാനമായും ഉള്ളൂ : നരീന്ദര്‍. ഒരു ഘട്ടത്തില്‍ അയാള്‍ക്ക് അവളോടും അവള്‍ക്കു തിരിച്ചും തോന്നുന്ന ആകര്‍ഷണം ആദ്യമായി അയാളില്‍ ജീവിതാസക്തിയുടെ ചില സ്ഫുരണങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ആ ബന്ധത്തിന്റെയും തന്റെ വിധിയുടെ ഐറണിയേ കുറിച്ച് അയാളുന്നയിക്കുന്ന ചോദ്യങ്ങളുടെയും പശ്ചാത്തലത്തിലാണ് ആദ്യമായി അവള്‍ മത നിഷ്ടമായ ശിരോവസ്ത്രമഴിക്കുക. എന്നാല്‍, അത് അസാധ്യമാണ് എന്ന തിരിച്ചറിവിലാണ് അയാള്‍ നേരത്തെ വേണ്ടെന്നു വെച്ച ഭാഗ്യാന്വേഷണവുമായി സ്പെയിനിലേക്ക് കുടിയേറുന്നത്.
സാമ്പത്തിക ദുരിതങ്ങളോടൊപ്പം ജാതീയമായ വിവേചനത്തിന്റെ കൂടി ദുസ്സഹാവസ്ഥയിലാണ് ടോചി നാടുകടക്കുന്നതെങ്കില്‍, അമൃതസറില്‍ ബസ് കണ്ടക്ടര്‍ ആയി ജോലി നോക്കുന്ന അവതാര്‍ മികച്ച ജീവിതാവസ്ഥകളുടെ പ്രലോഭനത്തിലാണ് പ്രവാസ വഴി സ്വീകരിക്കുന്നത്. മുറിച്ചു വിറ്റ കിഡ്നിയുടെ വിലയില്‍ ഇടത്തട്ടുകാര്‍ പിടുങ്ങിയതിന്റെ ബാക്കിയും പോക്കറ്റ് ഭായിയെന്ന ഷൈലോക്കിനോട് കടം വാങ്ങുന്ന പണവുമുപയോഗിച്ചു ഷെഫീല്‍ഡില്‍ എത്തുമ്പോള്‍ രണ്ടാം മാസം മുതല്‍ തിരിച്ചടവുതുടങ്ങേണ്ടതാണ് അയാളുടെ പ്രശ്നം. മുടക്കം വന്നാല്‍ വൃദ്ധ മാതാപിതാക്കളോടും കുടുംബത്തോടും ഒട്ടും കാരുണ്യപൂര്‍ണ്ണമാവില്ല വട്ടിപ്പലിശക്കാരന്റെ ഗുണ്ടകള്‍ പെരുമാറുക എന്നയാള്‍ക്കറിയാം. ഒപ്പം സഹചാരിയും തന്നെ ഏറെ ആശ്രയിക്കുന്നവനുമായ കൗമാരം കടക്കുക മാത്രം ചെയ്തിട്ടുള്ള രണ്‍ദീപിന്റെ സഹോദരി ലഖ്പ്രീതുമായുള്ള രഹസ്യപ്രണയവും അയാളെ മഥിക്കുന്നുണ്ട്. തൊഴില്‍ തേടിയുള്ള കടുത്ത അലച്ചിലുകള്‍ക്കൊടുവില്‍ കിട്ടുന്ന നല്ലൊരവസരം അയാള്‍ക്ക് ഉപയോഗിക്കാനാവാത്തത് രണ്‍ദീപിനോടുള്ള ഉത്തരവാദിത്തം മൂലമാണ്. ടോചിയുമായുണ്ടാവുന്ന മാരകമായ ഒരേറ്റുമുട്ടലില്‍ മൃതപ്രായനാവുന്ന അവതാറിന്റെ ജീവിതം തികച്ചും വഴിമുട്ടുന്നത് കടുത്ത അണുബാധയെ തുടര്‍ന്ന് ഒരു കാല്‍ മുറിച്ചു കളയേണ്ടി വരുന്നതോടെയാണ്.
ഒരു പ്രണയം സഫലമാക്കാനുള്ള മോഹത്തോടെയാണ് അവതാര്‍ പ്രവാസം തെരഞ്ഞെടുക്കുന്നതെങ്കില്‍, പ്രണയാനുഭവം തീവ്രമായ ഒരു നാണക്കേടിലൊടുങ്ങിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് രണ്‍ദീപ് ഒരു വിവാഹ വിസയുടെ പിന്‍ബലത്തില്‍ ഏതാണ്ട് നിയമാനുസൃതമായിത്തന്നെ ബ്രിട്ടനില്‍ എത്തുന്നത്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന അച്ഛന്റെ മകനായി മധ്യവര്‍ഗ്ഗ സൗഭാഗ്യങ്ങളില്‍ വളര്‍ന്ന അഭ്യസ്ത വിദ്യനും എന്‍. ഐ. ടി . സ്വപ്‌നങ്ങള്‍ വെച്ച് പുലര്‍ത്തുന്നവനുമായ ഇരുപതുകാരന് ജീവിതം തകിടം മറിയുന്നത് അച്ഛന് മാനസികാരോഗ്യം തകരുന്നതും ജോലി നഷ്ടപ്പെടുന്നതുമായ ചുറ്റുപാടിലാണ്. കോച്ചിങ്ങിന്റെ ശ്വാസം മുട്ടിക്കുന്ന സമയ നിഷ്ടയിലേക്ക് കുടുംബ ബാധ്യതള്‍ക്കായി കാള്‍ സെന്റര്‍ ജോലി കൂടി ഏറ്റെടുക്കേണ്ടി വരുന്നതോടെ അയാളുടെ പഠന നിലവാരം കൂപ്പു കുത്തുന്നു. ജയതയുമായുള്ള മാംസനിബദ്ധം കൂടിയായ അനുരാഗം നിനച്ചിരിക്കാതെ സ്ത്രീപീഡനാരോപണത്തിനും കോച്ചിംഗ് സെന്ററില്‍ നിന്ന് പുറത്താക്കപ്പെടുന്നതിനും ഇടയാക്കുന്നതോടെ കുടുംബ ബാധ്യതകള്‍ ഏറ്റെടുത്തു അയാള്‍ പ്രവാസ ജീവിതം സ്വയം വരിക്കുന്നു. ഒരു നിര്‍മ്മാണത്തൊഴിലാളിക്ക് വേണ്ട ശാരീരിക ക്ഷമതയില്ലാത്ത ചെറുയുവാവിനു അവതാര്‍ ഭാജിയുടെ തണല്‍ എപ്പോഴും ആവശ്യമാണ്. ഭാജിയും തന്റെ സഹോദരിയും തമ്മിലുള്ള ബന്ധം അറിയുമ്പോള്‍ സര്‍വ്വാത്മനാ അംഗീകരിക്കാന്‍ അവനു കഴിയുന്നതും അത് കൊണ്ടാണ്.
ശരികളുടെ കലമ്പല്‍ - സ്നേഹ നിയമങ്ങളുടേയും.
സ്നേഹ നിയമങ്ങളെ മുറിച്ചു കടക്കുന്നത് എത്രമാത്രം ദുഷ്കരമാണെന്ന ചോദ്യമാണ് അരുന്ധതി റോയിയുടെ 'കൊച്ചുകാര്യങ്ങളുടെ തമ്പുരാനി'ലെ ഒരു പ്രധാന പ്രമേയം. വെളുത്തയും അമ്മുവുമായുള്ള ബന്ധം, സഹസ്രാബ്ദങ്ങള്‍ നിര്‍ണ്ണയിച്ചു വെച്ച സ്നേഹ നിയമങ്ങളെ, ആര് ആരെ സ്നേഹിക്കണം എന്ന നിയമങ്ങളെ, മറികടക്കുന്നു എന്നിടത്താണ് അവരുടെ ദുരന്തം തുടങ്ങുന്നതും, 'കാര്യക്ഷമതയുള്ള' കോട്ടയം പോലീസിന്റെ കയ്യില്‍ വെളുത്ത ഒടുങ്ങുന്നതും..
തന്നെ ഏറെ സ്വാധീനിച്ച നോവലിന്റെ പ്രമേയധാര മറ്റൊരു രീതിയില്‍ സുഹോത്ത തന്റെ കൃതിയിലും സന്നിവേശിപ്പിച്ചിട്ടുണ്ട്: മുഖ്യ കഥാപാത്രങ്ങളില്‍ ഒടുവില്‍ പരിചയപ്പെടുത്തുന്ന നരീന്ദറിലൂടെ. വേദ ഗ്രന്ഥത്തിലും ഗുരുപ്രോക്തമായ 'സേവാ' സങ്കല്‍പ്പങ്ങളിലും വിശ്വസിക്കുന്ന കടുത്ത ദൈവ ഭക്തിയുള്ള സിഖ് യുവതി. ഒരര്‍ഥത്തില്‍ നോവലിന്റെ വൈകാരികവും ആത്മീയവുമായ കേന്ദ്ര സ്ഥാനീയത അവളിലാണ്. അവളിലൂടെയാണ് മറ്റു മൂന്നു പേരുടെയും കഥകള്‍ തുടര്‍ന്നങ്ങോട്ട് ഇഴ കോര്‍ക്കുക. ദൈവ നീതിയേയും മനുഷ്യാവസ്ഥയുടെ വിശദീകരിക്കാനാവാത്ത അനിശ്ചിതത്വങ്ങളെയും സംബന്ധിച്ച ആഴമുള്ള നിരീക്ഷണങ്ങള്‍ അവളിലൂടെയാണ് അവതരിപ്പിക്കപ്പെടുക. നിയമത്തിന്റെ വഴിയും മാനവികമായ പ്രതിബദ്ധതയുടെ വഴിയും രണ്ടാവുമ്പോള്‍ ദൈവ വഴിയില്‍ സുചരിതയായ ഒരു യുവതി എന്ത് ചെയ്യണം? ഹക്ക് ഫിന്നിനെ പോലെ തടസ്സങ്ങളെതും കൂടാതെ ഹൃദയം പറയുന്ന വഴിയില്‍ സഞ്ചരിക്കാന്‍ അവള്‍ക്കു പരിമിതികളുണ്ട്. ജ്യേഷ്ഠന്റെ പുരുഷാധിപത്യ നിഷ്ടകളുടെ കയ്യേറ്റങ്ങളില്‍ പോലും എപ്പോഴും അവളെ വിശ്വസിക്കുകയും കൂടെ നില്‍ക്കുകയും ചെയ്ത വയോധികനായ പിതാവ് തലപ്പാവ് ഊരി അവളുടെ കാല്‍ക്കല്‍ വെക്കുന്നുണ്ട്, തന്റെയും കുടുംബത്തിന്റെയും അഭിമാനം ഒന്ന് മാത്രം ബലി കൊടുക്കരുതെന്ന അഭ്യര്‍ത്ഥനയോടെ. സ്നേഹ നിയമങ്ങളുടെ മുറിച്ചു കടക്കാനാവാത്ത ഈ പരിമിതികളിലും ഭാഗ്യവാന്മാരായ രാജ്യങ്ങളില്‍ പിറക്കാന്‍ ഇടംകിട്ടിയവര്‍ക്ക് എങ്ങനെയാണ് അതല്ലാത്ത നിര്‍ഭാഗ്യവാന്മാരോടുള്ള മാനവികമൂല്യങ്ങളുടെ കടപ്പാടുകള്‍ തീര്‍ക്കാനാവുക? നോവലില്‍ അന്തര്‍ധാരയായി വരുന്ന ഈ ചോദ്യങ്ങളൊക്കെയും മുഴച്ചു നില്‍ക്കുന്ന ധൈഷണികതയേതും കൂടാതെ അന്വേഷിക്കപ്പെടുന്നത് നരീന്ദറിലൂടെയാണ്.
'സേവാ'ശ്രമങ്ങളുടെ ഭാഗമായി പരിചയപ്പെടാന്‍ ഇടയാവുന്ന സവ് രാജ് എന്ന ലൈംഗികത്തൊഴിലാളിയുമായുള്ള ബന്ധം, അവളെ മോചിപ്പിക്കുകയെന്ന ലക്‌ഷ്യം സ്വയം ഏറ്റെടുക്കാനും, ഇന്ത്യാ സന്ദര്‍ശന വേളയില്‍ അവളുടെ കുടുംബവുമായി ഇടപഴകാനും ഇടയാക്കുന്നതോടെയാണ് നരീന്ദറിന്റെ ജീവിതം അപ്രതീക്ഷിതമായ രീതിയില്‍ തിരിയുന്നത്. സവ് രാജിന്റെ സഹോദരനോട് അങ്കുരിക്കുന്ന താല്പര്യം പക്ഷെ മുളയിലേ തകര്‍ന്നു പോകുന്നതും ഒരു വേള അയാളെ സഹായിക്കാനുള്ള മനസ്ഥിതി ഉപേക്ഷിക്കാനും അവള്‍ക്കു കാരണമാവുന്നത് അമ്മയുടെ അസുഖത്തെ കുറിച്ച് അവര്‍ നുണ പറയുകയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ്. ഒരു വിസാ വിവാഹത്തിലൂടെ തന്നെ നാടുകടക്കാന്‍ സഹായിക്കണമെന്ന അയാളുടെയും കുടുംബത്തിന്റെയും അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞു അവള്‍ തിരിച്ചു പോവുന്നു. എന്നാല്‍, പിന്നീട്, നിയമ വിരുദ്ധ കുടിയേറ്റ ശ്രമത്തിനിടെ ഏതോ റഷ്യന്‍ തീരത്ത് അയാള്‍ ഒടുങ്ങിയെന്ന വാര്‍ത്ത ഉളവാക്കുന്ന ഞെട്ടലും കുറ്റബോധവും അവളെ കടുത്ത സ്വയം പരിശോധനയിലേക്ക് നയിക്കുന്നു.
“ഒടുവില്‍ സന്നദ്ധ സേവനത്തിനിറങ്ങിയപ്പോള്‍ അവള്‍ക്കൊരു മഹത്തായ നന്മയുടെ തോന്നലുണ്ടായിരുന്നു, താന്‍ നന്മയുടെ ഭാഗത്താണെന്ന്. എന്നാല്‍ ഇപ്പോള്‍ അവള്‍ തിരിച്ചറിയുകയായിരുന്നു, ശരിയായ നന്മ എന്നാല്‍ കാന്റീനില്‍ പച്ചക്കറി മുറിക്കലോ, പുതപ്പുകള്‍ വിതരണം ചെയ്യലോ അല്ലെന്ന്. അത് അവളുടെ ഗുരുക്കന്മാര്‍ ചെയ്തതെന്തോ അതാണ്. അത് മറ്റുള്ളവര്‍ക്ക് വേണ്ടി സ്വയം അനിശ്ചിതത്വങ്ങള്‍ ഏറ്റെടുക്കലാണ്, അത് മറ്റുള്ളവര്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യലാണ്. അത് സമര്‍പ്പണമാണ്. അതൊരിക്കലും താന്‍ ചെയ്തിട്ടില്ല. നേരെ എതിരാണ് സത്യം. പരീക്ഷിക്കപ്പെട്ട ഒരേയൊരു തവണ, ഒരു സമര്‍പ്പണം നടത്താന്‍, ഒരു റിസ്ക് എടുക്കണമെന്ന് ഒരാള്‍ ആവശ്യപ്പെട്ട ഒരേയൊരു തവണ, അവള്‍ പുറം തിരിഞ്ഞു നടന്നു.”
ഈ തിരിച്ചറിവിലാണ് ഒരു പ്രായശ്ചിത്തമായി അവളൊരു അസാധാരണ തീരുമാനം എടുക്കുന്നത്. നിശ്ചയിച്ചു വെച്ച വിവാഹം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. ഒരാളെ, ശരിക്കും അര്‍ഹതയുള്ള ഒരാളെ, സാമ്പത്തിക വശം ഒന്നും നോക്കാതെ, വിസാ വിവാഹത്തിലൂടെ കുടിയേറാന്‍ സഹായിക്കണം. ഈ തീരുമാനത്തിന്റെ ഗുണ ഭോക്താവായാണ് രണ്‍ദീപ് ബ്രിട്ടനില്‍ എത്തുന്നത്.
ഗൃഹാതുരത – ഒഴിവു സമയങ്ങളിലെ അതിഭാവുകത്വം.
പ്രവാസം വിഷയമാവുന്ന കൃതികളിലെ ഒഴിച്ചുകൂടാനാവാത്ത പ്രമേയമാണ് ഗൃഹാതുരത. എന്നാല്‍ അത്രയൊന്നും ഉന്മേഷ പൂര്‍ണ്ണമല്ല ഇവിടെ ഈ വിഷയത്തോടുള്ള സമീപനം. ഏറ്റവും നല്ല മാതൃകയായി നോവലില്‍ വരുന്ന കഥാപാത്രം അവതാറിന്റെ ആശ്രിത വത്സലനായ സംരക്ഷകന്‍ ഡോക്റ്റര്‍ അമര്‍ജിത് സിംഗ് ചീമ എന്ന ഇന്ത്യന്‍ സൊസൈറ്റി സെക്രട്ടറിയാണ്.
“കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് സംഭവിച്ച ചില കാര്യങ്ങള്‍ ഈ നാട്ടില്‍ ഞാന്‍ എന്നും ഒരതിഥി മാത്രമായിരിക്കുമെന്ന് എന്നെ ബോധ്യപ്പെടുത്തി. എന്റെ സുഹൃത്തക്കള്‍ക്കായി ഞാന്‍ എത്ര ഗാര്‍ഡന്‍ പാര്‍ട്ടി നടത്തിയാലും, ഇതെന്റെ ശരിക്കുമുള്ള നാടാവില്ല. ഒരു മനുഷ്യന് ഒരു സ്വന്തനാടിനെ കുറിച്ചുള്ള ബോധം വളരെ പ്രധാനമാണ്. അത് ഒരു ശുഭാന്ത്യ ബോധം (sense of an ending) നല്‍കും .”
എന്നാല്‍ അയാളുടെ സ്വത്വബോധം ബോറടിക്കും വിധം അതിര് കടക്കുന്നത് അയാളുടെ ഭാര്യയേ മാത്രമല്ല, അവതാറിനെയും മടുപ്പിക്കുന്നുണ്ട്.
"അവര്‍ക്ക് മനസ്സിലാവില്ല, നമ്മള്‍ ഇവിടത്തുകാര്‍ അല്ല. ഇത് നമ്മുടെ നാടല്ല.... അത് തിരിച്ചറിയാന്‍ നീയെന്നെ സഹായിച്ചു. നിന്നെ പോലുള്ളവര്‍.”
“ഞാനോ?”
“നമ്മള്‍ ഒരു വലയില്‍ കുരുങ്ങിപ്പോയ ഈച്ചകളെ പോലെയാണ്. ഞാനേതായാലും ചിലന്തിയുടെ വരവിനായി കാത്തു നില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല … ഞാനത് രചനയോട് പറഞ്ഞു. അവള്‍ എന്ത് പറഞ്ഞു എന്നറിയാമോ? അവള്‍ പറഞ്ഞു ഞാന്‍ മറന്നു കാണണം, ഈച്ചയെ സംബന്ധിച്ചേടത്തോളം ഒരിക്കല്‍ വലയില്‍ കുരുങ്ങിയാല്‍ തീര്‍ന്നെന്നു.”
അവതാര്‍ ജോലിക്കാര്യമൊന്നും തിരക്കാതെ അയാളുടെ മുറിയിലേക്ക് തിരിച്ചു പോയി. കട്ടിലിലിരുന്നു തന്റെ കോപത്തിന് കീഴടങ്ങി. ഈ സ്വത്വച്ചവറ് എന്തൊരു ജീര്‍ണ്ണതയാണ്! വെറുതെയിരുന്നു അത്തരം ജല്‍പ്പനങ്ങള്‍ കൊണ്ട് മഹാ ദുഃഖങ്ങള്‍ നെയ്തുണ്ടാക്കാന്‍ ഇട കിട്ടിയാല്‍ ഈ സമ്പന്നര്‍ക്ക് അത് രസികന്‍ സമയമാവും.”
ഒരാള്‍ക്ക് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു ഭൂതകാലത്തെ കുറിച്ചോര്‍ത്ത് വിലപിക്കുന്നത് ശരിക്കും കഷ്ടമാണെന്ന് ഡോ. ചീമായുടെ ഭാര്യയും സഹതപിക്കുന്നു.
സഹാനുഭൂതിയുടെ പരിമിതികള്‍
നരീന്ദര്‍ ഇതര കഥാപാത്രങ്ങള്‍ക്ക് വേണ്ടി നടത്തുന്ന ത്യാഗങ്ങള്‍ ഒട്ടുമുക്കാലും എങ്ങുമെത്തുന്നില്ല. ടോചിയുമായുള്ള ഇടപെടലിലെന്ന പോലെ സവ് രാജിന്റെ സഹോദരനുമായുള്ള നരീന്ദറിന്റെ വിനിമയങ്ങളും അതിന്റെ ദാരുണമായ അന്ത്യവും നോവലിലെ മറ്റേതു സംഭവത്തെക്കാളും കൂടുതല്‍ കേവലമായ സഹാനുഭൂതിയുടെ പരിമിതികള്‍ വ്യക്തമാക്കുന്നുണ്ട് . ഇടയ്ക്കു കയറി വരുന്ന അപ്രതീക്ഷിത വികാസങ്ങളും സംഭവ ഗതികളും ഉദ്ദേശ ശുദ്ധിയേയും കണക്ക് കൂട്ടലുകളെയും തകിടം മറിക്കുക എന്നത് ഏതാണ്ടൊരു ദുരന്ത നാടക രീതി (tragic pattern) ആയിത്തന്നെ നോവലില്‍ ആവര്‍ത്തിക്കുന്നുണ്ട്. ഭാഗധേയങ്ങളുടെ പെട്ടെന്നുള്ള തകിടം മറിച്ചില്‍ (peripeteia) ഏറെയുണ്ട് ഇതിവൃത്ത ഘടനയില്‍ - ഒരു പക്ഷെ ഇത്തിരി കൂടുതല്‍. ഏറെ ശ്രമപ്പെട്ട അലച്ചിലിനൊടുവില്‍ ഡോ. ചീമായുടെ സഹായത്തോടെ കൈവരുന്ന നല്ലൊരു ജോലി സാധ്യത ഉറപ്പാവുന്ന അതേ നിമിഷത്തിലാണ് അവതാറിനെ ഒട്ടും സ്വഗതാര്‍ഹാമാല്ലാത്ത കുറഞ്ഞ ജോലി കണ്ടെത്തി രണ്‍ദീപ് വിളിക്കുന്നത്. അവനെ സംരക്ഷിക്കേണ്ട ബാധ്യതയുള്ളത് കൊണ്ട് നല്ല അവസരം വിട്ടുകളയുകയേ അയാള്‍ക്ക് മാര്‍ഗ്ഗമുള്ളൂ. സ്പെയിനില്‍ നല്ലൊരു ജോലി സാധ്യത തെളിഞ്ഞു വരുന്ന അതേ നിമിഷത്തിലാണ് ടോചി നരീന്ദറുമായി ഹൃദയബന്ധം കണ്ടെത്തുന്നതും അവളെ വിട്ടുപോകേണ്ടതില്ലെന്ന എങ്ങുമെത്താനിടയില്ലാത്ത തീരുമാനത്തിലെത്തുന്നതും. സവ് രാജിന്റെ സഹോദരനുമായുള്ള നരീന്ദറിന്റെ ബന്ധം മുളയിലേ തകരുന്നതും പെട്ടെന്നുണ്ടാവുന്ന ഒരു വെളിപ്പെടുത്തലിലൂടെയാണ്. രണ്‍ദീപിന്റെ കുടുംബഭദ്രത തകരുന്നത് നിനച്ചിരിക്കാതെ അച്ഛനില്‍ സംഭവിക്കുന്ന മാറ്റങ്ങളില്‍ കൂടിയാണെങ്കില്‍, അവന്റെ ആദ്യ പ്രണയം തകരുന്നതും തികച്ചും ഒരു വെള്ളിടി പോലെയാണ്. ഏതു ഘട്ടത്തിലും അവനോടു ശാരീരിക ബന്ധത്തിലേക്ക് ആവേശപൂര്‍വ്വം സഹകരിച്ച ജയത പെട്ടെന്നൊരു നിമിഷം അതൊരു സ്ത്രീ പീഡനശ്രമായി ചിത്രീകരിക്കുന്നതാണ് അവന്റെ മോഹങ്ങളൊക്കെയും തകര്‍ക്കുന്നതും കൊടിയ കയ്യേറ്റത്തിനും നിന്ദക്കും അവനെ ഇരയാക്കുന്നതും. എന്നാല്‍ അന്ന് മരവിച്ചു പോയ രണ്‍ദീപില്‍ പില്‍ക്കാലം ആ ജീവിതം കണ്ടവന്റെ വളര്‍ച്ച (from innocence to experience) കാണുന്നില്ല എന്നത് പാത്ര സൃഷ്ടിയിലെ അപാകമാവം.
ഡോ. ചീമായും അത് പോലെ വേറെയും പല കഥാപാത്രങ്ങളും സന്മാനോഭാവവും സഹായ മസ്ഥിതിയും ഏറെ പ്രകടമാക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍, ചിക്കന്‍ സ്റ്റോറിലേക്ക് കൊണ്ട് വരുന്ന ലോട്ടുകളില്‍ നിന്ന് ട്രക്ക് ഡ്രൈവര്‍ക്ക് കൈക്കൂലി കൊടുത്ത് മോഷ്ടിക്കുന്നതും അനധികൃത കുടിയേറ്റക്കാര്‍ക്ക് സൌജന്യ നിരക്കില്‍ അത് വിറ്റ് നല്ല ലാഭം നേടുന്നത് പതിവാക്കുകയും ചെയ്യുന്ന കൂട്ടുകാരെ, പിടിക്കപ്പെടുമ്പോള്‍ വലിയ ശിക്ഷകളിലേക്കൊന്നും എത്തിക്കാതെ പുറത്താക്കുന്ന സ്റ്റാള്‍ ഉടമ പോലും അക്കൂട്ടത്തിലുണ്ട്. എന്നാല്‍, സഹാനുഭൂതിയുടെ പരിമിതി ശരിക്കും ബോധ്യപ്പെടുത്തുന്ന ഏറ്റവും കൗതുകകരമായ ഒരു ഘട്ടം നോവലില്‍ വരുന്നത് മൈക്കെലുമായുള്ള രണ്‍ദീപിന്റെ ഇടപെടലിലാണ്. നോവലില്‍ അല്‍പ്പമെങ്കിലും പ്രാധാന്യമുള്ള ഒരേയൊരു ഇംഗ്ലീഷ് കഥാപാത്രമാണ് മൈക്കേല്‍. അമൃത സറിലെ കാള്‍ സെന്റര്‍ ജോലിക്കിടെ ഫോണിലൂടെ പരിചയപ്പെട്ട വയോധികനായ മുന്‍ സൈനിക മേധാവി മൈക്കേല്‍, ഒരു നാള്‍ ഡോണ്‍കാസ്റ്ററിലെ തന്റെ വീട്ടുപടിക്കല്‍ അഭയാര്‍ഥിയായി തന്റെ യുവ സുഹൃത്ത് എത്തുമെന്ന് പ്രതീക്ഷിച്ചിതല്ല. എന്നാല്‍ അഭയം നല്‍കാന്‍ അയാള്‍ക്കാവില്ല. കാരണം, അതെ നിമിഷം കടന്നു വരുന്ന അയാളുടെ മകന്‍ ഫിലിപ് മറ്റൊരു നിലപാടുകാരനാണ്:
“ഞാന്‍ ക്ഷമ ചോദിക്കുന്നു, മിസ്റ്റര്‍ സിംഗ്. ശരിക്കും. പക്ഷെ ഇത് നടപ്പില്ല. എനിക്കറിയാം നിങ്ങളുടെ സംസ്കാരത്തില്‍ അതിഥികള്‍ക്ക് ഇഷ്ടം പോലെ വരാം, എന്നാല്‍ ഇവിടെ കാര്യങ്ങള്‍ അങ്ങനയേ അല്ല. ഒരു പക്ഷെ അതൊക്കെ തെറ്റായിരിക്കാം, പക്ഷെ അതങ്ങനെയാണ്...”
രചനയുടെ മുഴുപ്പും മുഷിപ്പും
ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കഥാപാത്രങ്ങളുടെ ജീവിതം അവതരിപ്പിക്കുമ്പോള്‍ ഏറെ ആധികാരികതയോടെയാണ് നോവലിസ്റ്റ് എഴുതുന്നത് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരു ഘട്ടത്തിലും പാശ്ചാത്യന്റെ പൗരസ്ത്യരെ കുറിച്ചുള്ള ക്ലീഷേ ലളിത വല്‍ക്കരണങ്ങള്‍ ഇല്ലാതെത്തന്നെ എങ്ങനെയാണ് ബീഹാറിലെയും പഞ്ചാബിലെയും ശ്വാസം മുട്ടിക്കുന്ന സാഹചര്യങ്ങള്‍ യുവാക്കളുടെ ചോരയും നീരും വറ്റിച്ചു കളയുന്നതെന്ന് നോവലിസ്റ്റ് ചിത്രീകരിക്കുന്നു. കൃതൃമ വിസയുമായി റഷ്യയും ഫ്രാന്‍സുമൊക്കെ കടന്നു വന്നിറങ്ങുമ്പോള്‍ തൊഴിലന്വേഷകര്‍ അനുഭവിക്കുന്ന കടുത്ത ഒറ്റപ്പെടലും തൊഴില്‍ ദാതാക്കളായി വരുന്ന ചൂഷകരുടെ വാനുകള്‍ വന്നു നിര്‍ത്തുമ്പോള്‍ അതില്‍ കയറിപ്പറ്റുവാനായി പരസ്പരം പോരടിക്കുന്നതും തണുത്തുറഞ്ഞ കാര്‍പാര്‍ക്കില്‍ കഷ്ടിച്ച് ജീവന്‍ നില നിര്‍ത്താന്‍ വേണ്ട ഭക്ഷണവുമായി പൂട്ടിയിട്ട അവസ്ഥയില്‍ കഴിയേണ്ടി വരുന്നതും എല്ലാം നിയമവിരുദ്ധ അഭയാര്‍ഥികളെ കുറിച്ചുള്ള ഒരു ഡോക്കുമെന്ററിയെ ഓര്‍മ്മിപ്പിക്കും; സ്റ്റെയ്ന്‍ബെക്കിന്റെ മാസ്റ്റര്‍പീസിനെ ആധാരമാക്കി ജെയിംസ് ഫോര്‍ഡ് സംവിധാനം ചെയ്ത ക്ലാസ്സിക്കിനെ (The Grapes of Wrath -1940) പോലുള്ള ചിത്രങ്ങളെയും.
എന്നാല്‍, ആഖ്യാനത്തിലെ ഈ കൃത്യത ചിലപ്പോഴൊക്കെ കൈവിട്ടു പോയിട്ടുണ്ടെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഏറെ വിമര്‍ശന വിധേയമായിട്ടുള്ളത് സമാപന അധ്യായമാണ്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം കഥാപാത്രങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കുന്ന ഈ ഭാഗം എല്ലാമൊന്നു അടുക്കുവെക്കാന്‍ നോവലിസ്റ്റ് അമിതമായ തത്രപ്പാട് നടത്തുന്ന തോന്നലുളവാക്കുന്നു. നമ്മള്‍ എല്ലാ മുഖ്യ കഥാപാത്രങ്ങളെയും അവരുടെ ജീവിതാവസ്ഥകളില്‍ കണ്ടുമുട്ടുന്നു - അച്ഛന്റെ ദീര്‍ഘമായ രോഗകാലം മുഴുവന്‍ അദ്ദേഹത്തെ ശുശ്രൂഷിച്ചു കഴിഞ്ഞ നരീന്ദര്‍ അവിവാഹിതയായി തുടരുന്നു. ചിതാഭസ്മ നിമജ്ഞനത്തിനായി ഇന്ത്യയിലെത്തിയ നരീന്ദര്‍ രണ്‍ദീപിനെയും അവതാറിനെയും കാണുന്നു. മുന്‍ ഭാഗങ്ങളില്‍ സൂചനകളായി വന്നിരുന്ന അവരുടെ കുടുംബത്തിലെ അസ്വാസ്ഥ്യങ്ങളെ കുറിച്ച് പോലും ഈ ഭാഗത്ത് തെളിച്ചം നല്‍കുന്നുണ്ട് നോവലിസ്റ്റ്. ഹ്രസ്വമായ കന്യാകുമാരി സന്ദര്‍ശനത്തിനിടെ ഒരു സംഗീത സദസ്സില്‍ വെച്ച് ഒരു മിന്നായമായി ടോചിയെയും ഭാര്യയേയും കൂടി നരീന്ദറിന്റെ ദൃഷ്ടിപഥത്തില്‍ നോവലിസ്റ്റ് എത്തിക്കുന്നുണ്ട്. നോവലിന്റെ ആദ്യഭാഗവും അവസാന ഭാഗത്തെ പോലെ കൈവിട്ടുപോയെന്നും വിമര്‍ശനമുണ്ട്. നോവലിനെ വാനോളം പുകഴ്ത്തിയ സല്‍മാന്‍ റുഷ്ദിയുടെ നിരീക്ഷണം ഭാഗികമായി മാത്രമേ ശരിയാവുന്നുള്ളൂ എന്നു പറയാം. ഇരുപതാം വയസ്സില്‍ ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കിടെ കയ്യില്‍ തടഞ്ഞ മിഡ്നൈറ്റ്‌സ് ചില്‍ഡ്രന്‍ ആണ് താന്‍ വായിച്ച ആദ്യ നോവല്‍ എന്ന സാക്ഷ്യത്തിന് മാനസ ഗുരു നല്‍കിയ വാല്‍സല്യമാവാം 'താഴെവെക്കാനാവാത്തത്' എന്ന പ്രശംസയെന്നു കരുതിയാലും, ഒരു മികച്ച കൃതി സ്വന്തം കാലത്തോടു സത്യസന്ധമായിരിക്കുമ്പോള്‍ തന്നെ കാലാതീതമായ മനുഷ്യാവസ്ഥകളെ കൂടി സാക്ഷാത്കരിക്കുന്നു എന്ന മാനദണ്ഡത്തില്‍ 'ഓടിപ്പോവുന്നവരുടെ വര്‍ഷം' തോറ്റുപോവുകയില്ലതന്നെ.
(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 274-281)
