Three Arched Bridge by Ismail Kadare

രക്തത്തിന്റെ ബലി - മുലപ്പാലിന്റേയും

'സ്കദാര്‍ കോട്ടയുടെ നിര്‍മ്മാണം' എന്ന സെര്‍ബിയന്‍ കാവ്യത്തില്‍ വിവരിക്കപ്പെടുന്ന റൊസാഫ എന്ന യുവതിയുടെ ത്യാഗത്തിന്റെ കഥ ദേശസ്നേഹത്തിന്റെയും മാതൃസ്നേഹത്തിന്റെയും ഇതിഹാസമാണ്‌. കോട്ടയുടെ നിര്‍മ്മാണം ദുരൂഹമാം വിധം നിരന്തരം കേടുപാടുകള്‍ പറ്റി പരാജയപ്പെടുമ്പോള്‍, അതില്‍ വ്യാപൃതരായ മൂന്നു സഹോദരന്മാര്‍ ഒരു ബലി നല്‍കാന്‍ തീരുമാനിക്കുന്നു. പിറ്റേന്ന് ഉച്ച ഭക്ഷണവുമായി വരുന്നത് ആരുടെ ഭാര്യയായാലും അവളെ കോട്ട മതിലില്‍ ജീവനോടെ അടക്കം ചെയ്യുക. ഈ കാര്യം ഒരിക്കലും ഭാര്യമാരെ അറിയിക്കില്ലെന്നു പരസ്പരം ശപഥം ചെയ്യുന്നുവെങ്കിലും മൂത്തവര്‍ രണ്ടു പേരും അത് തെറ്റിച്ചു തങ്ങളുടെ ഭാര്യമാരെ രക്ഷിക്കുന്നു. സത്യ സന്ധനായ മൂന്നാമത്തവന്റെ യുവതിയായ ഭാര്യ റൊസാഫ അങ്ങനെ അടക്കപ്പെടുന്നു. തടസ്സവാദങ്ങളേതും കൂടാതെ തന്റെ വിധി അംഗീകരിക്കുന്ന യുവതി ആവശ്യപ്പെ ടുന്നത് ഇത്രമാത്രം: തന്നെ കുഞ്ഞിനെ മുലയൂട്ടാന്‍ തന്റെ വലതു മാറിടവും, താലോലിക്കാന്‍ വലതു കയ്യും അവനെ കാണാന്‍ വലതു കണ്ണും അവന്റെ തൊട്ടിലാട്ടാന്‍ വലതു കാലും വെളിയില്‍ വിട്ടേക്കണം. ഇതിഹാസം കോട്ടയുടെ ചുമരില്‍ ഇപ്പോഴും ഇറ്റു വീണു കൊണ്ടിരിക്കുന്ന മുലപ്പാലിനെ കുറിച്ച് പറയുന്നു.

പതിനാലാം നൂറ്റാണ്ടിലെ അല്‍ബേനിയന്‍ പശ്ചാത്തലത്തില്‍ മറ്റൊരു ജീവനോടെ അടക്കലിന്റെയും അതിന്റെ ദുരൂഹ ലക്ഷ്യങ്ങളെ കുറിച്ചുമാണ് 'മൂന്ന് ആര്‍ച്ചുകളുള്ള പാലം' (The Three Arched Bridge) എന്ന നോവലില്‍ കദാരെ പറയുന്നത് . ബഹുഭാഷാ വിദഗ്ദ്ധനും അതുകൊണ്ട് തന്നെ ഭരിക്കുന്നവരുടെ യും ഭരണീയരുടെയുമിടയില്‍ സ്വയമൊരു പാലവുമായ അല്‍ബേനിയന്‍ സന്യാസി ജോണ്‍ ഉക്കാമയുടെ ജേണലിലൂടെ നാം പതിനാലാം നൂറ്റാണ്ടിലെ ബാള്‍ക്കന്‍ ഉപഭൂഖണ്ഡത്തില്‍ എത്തുന്നു. യുദ്ധസമാനമാണ് അന്തരീക്ഷം. പ്രാദേശിക പ്രഭുക്കള്‍ പരസ്പരം പോരടിക്കുന്നു; ശിഥിലമായിക്കൊണ്ടിരിക്കുന്ന ബൈസന്റൈന്‍ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളിലൂടെ ഓട്ടോമന്‍ തുര്‍ക്കി സൈന്യത്തിന്റെ പടയോട്ടം ഏതു നിമിഷവും സംഭവിക്കാം. ഗൂഡാലോചനകളുടെയും ഉപജാപങ്ങളുടെയും ഈ അന്തരീക്ഷത്തിലാണ് ഉജാനെ ഇ കീക്കിനു ('നീച നദി') കുറുകെ, തുര്‍ക്കികള്‍ക്കു വഴിയൊരുക്കുക വഴി ഉണ്ടാവുമെന്നുറപ്പുള്ള യുദ്ധഭീഷണിവകവെക്കാതെ മൂന്നു ആര്‍ച്ചുകളുള്ള പാലം പണിയാന്‍ തീരുമാനിക്കപ്പെടുന്നത്. 'ബോട്ടുകളും ചങ്ങാടങ്ങളും' എന്ന് മാത്രം അറിയപ്പെടുന്ന നദിക്കു കുറുകെ കടത്തിന്റെ കുത്തകയുള്ള കമ്പനി പ്രകടമായും അതിന്ന് എതിരാണ്. പ്രാദേശികമായി ആളുകള്‍ സന്മനോഭാവത്തോടെയല്ല പാലംപണി വീക്ഷിക്കുന്നത്. അജ്കൂന മുത്തശ്ശി അതിനെ 'ചെകുത്താന്റെ നട്ടെല്ല് (Beelzebub's backbone)' എന്ന് വിവരിക്കുന്നുണ്ട്. "അവര്‍ക്കെങ്ങനെയാണ് പുഴയെ കൊന്നു കളയാന്‍ കഴിയുക? … ഉറക്കത്തില്‍ കൊന്നു കളയുക! നിസ്സഹായാവസ്ഥയില്‍ പിടിച്ചു കഷണങ്ങളായി നുറുക്കിക്കളയുക !" പാലം പണിക്കാരന്‍ അന്തി ക്രിസ്തു ആണെന്നും ശരത്കാലത്ത് പുഴ അയാളോട് പ്രതികാരം തീര്‍ക്കുമെന്നും അവള്‍ ആശ്വസിക്കുന്നു. 'വന ദേവതമാരും ജല കന്യകമാരും ഉജാനെ ഇ കീക്കിന് ഭവിച്ച അപമാനം മറക്കില്ലെ'ന്നു പൊതു വികാരവുമുണ്ട്. “ജലം ഒരിക്കലും മറക്കില്ല. ഭൂമി കൂടുതല്‍ ഉദാര മനസ്ക്കനാണ്, വേഗം മറക്കുകയും ചെയ്യും. എന്നാല്‍ ജലം മറക്കില്ല.” എന്നാല്‍ പ്രാദേശിക അധികാരിയായ പ്രഭു പാലം പണിയുന്ന കമ്പനിയുമായി സഖ്യത്തിലാണ്. പകല്‍ നടക്കുന്ന നിര്‍മ്മാണം രാത്രി ദുരൂഹമായ രീതിയില്‍ നശിപ്പിക്കപ്പെടുന്നത്‌ പതിവാകുമ്പോള്‍ പലതരം ഊഹാപോഹങ്ങള്‍ പടരുന്നു. ആരാവാം അത് നശിപ്പിക്കുന്നത്? 'ബോട്ടുകളും ചങ്ങാടങ്ങളും' ഏജന്റുമാര്‍? ജലദേവതമാര്‍? മറ്റാരെങ്കിലും? ഈ ഘട്ടത്തിലാണ് പഴയ ഇതിഹാസം വീണ്ടും ജനപ്രിയമാവുന്നത്. എന്നാല്‍, ഇതിഹാസകഥ നടുക്കുന്ന കാര്യമാവുന്നത് വിഘ്നങ്ങള്‍ തീര്‍ക്കാനായി മുറാഷ്‌ സെനെബിഷ എന്ന പാലം പണിക്കാരനെ ജീവനോടെ ചുമരില്‍ അടക്കുമ്പോഴാണ് . അതീവ ഭീകരമായ ഒരു രീതിയിലാണ് ഈ അടക്കം നടക്കുന്നത്: "അയാള്‍ അവിടെ കാണപ്പെട്ടു, ഒരു മുഖം മൂടി പോലെ വെളുത്ത്, പ്ലാസ്റ്ററില്‍ കുളിച്ച്, അയാളുടെ തലയും കഴുത്തും നെഞ്ചിന്റെ ഭാഗവും മാത്രം. ശരീരത്തിന്റെ ബാക്കി ഭാഗങ്ങള്‍, കൈ കാലുകള്‍ എല്ലാം ചുമരില്‍ മൂടപ്പെട്ടുപോയിരുന്നു. … അത് അവലക്ഷണത്തിന്റെ പരകോടിയായിരുന്നു.” നോവലിന്റെ ബാക്കി ഭാഗം മുഴുവന്‍ ഈ കാഴ്ച്ച വേട്ടയാടുന്നുണ്ട്. അയാളായിരിക്കണം 'ബോട്ടുകളും ചങ്ങാടങ്ങളും' ഏജന്റായി പാലം പണിയെ നിരന്തരം തകര്‍ത്ത് കൊണ്ടിരുന്നത് എന്നും അതിനുള്ള ശിക്ഷയായിരുന്നിരിക്കണം അയാള്‍ക്ക്‌ കിട്ടിയതെന്നും ജോണ്‍ ഉക്കാമ അനുമാനിക്കുന്നു. പാലം പണിയുടെ ആള്‍ക്കാര്‍ നേരത്തെ പ്രഭുവിനോട് പറഞ്ഞിരുന്നല്ലോ : "ഒരു മിത്ത് ഉപയോഗിച്ച് കൊണ്ട് പാലം നിര്‍മ്മിക്കുക എന്ന ആശയത്തെ നേരിടാമെന്ന് താങ്കളുടെ ശത്രുക്കള്‍ തീരുമാനിച്ചിരിക്കുന്നു എന്നത് സത്യം. അതുകൊണ്ട് അതേ രീതിയില്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തി അവരെ കൈകാര്യം ചെയ്യണം". ഇതേ സമയത്ത് കേള്‍ക്കാനിടയാവുന്ന കൊടും ക്രൂരതകളുടെ വാര്‍ത്തകള്‍, ബൈസന്റൈന്‍ ചക്രവര്‍ത്തി തന്റെ ബള്‍ഗേറിയന്‍ സൈനികരുടെ മുഴുവന്‍ കണ്ണുകള്‍ ചൂഴ്ന്നെടുത്ത് അന്ധരായ അവരെ ഇരുട്ടില്‍ തപ്പി നാട്ടിലേക്ക് പറഞ്ഞു വിട്ട കഥയുള്‍പ്പെടെ, ഒരു കാര്യം തീര്‍ച്ചപ്പെടുത്തുന്നു: മുറാഷ്‌ സെനെബിഷയുടെ ബലി ആ പാലം കാരണമായുള്ള അവസാന നരബലിയായിരിക്കില്ലെന്ന്. ഒട്ടോമന്‍ ദേശം തങ്ങളുടെ അയല്‍ വാസികളായത് മുതല്‍ ചന്ദ്രനെ പഴയെ പോലെ കാണാന്‍ കഴിയുന്നില്ലെന്ന് ഉക്കാമ പറയുന്നു. "വിശേഷിച്ചും അത് ചന്ദ്രക്കലയായിരിക്കുമ്പോള്‍. മറ്റൊരു സാമ്രാജ്യവും അതിനേക്കാള്‍ മികച്ച ഒരു ചിഹ്നം തങ്ങളുടെ കൊടിക്കായി തെരഞ്ഞെടുത്തിട്ടില്ല. ബൈസാന്റിയം കഴുകനെ തെരഞ്ഞെടുത്തപ്പോള്‍ അത് തീര്‍ച്ചയായും റോമന്‍ ചെന്നായെക്കാള്‍ മികച്ചതായിരുന്നു, എന്നാല്‍ ഇപ്പോള്‍ പുതിയ സാമ്രാജ്യം ഏതൊരു പക്ഷിയെക്കാളും ഉയരത്തില്‍ ആകാശത്തില്‍ നില്‍ക്കുന്ന ഒരു ചിഹ്നത്തെ തെരഞ്ഞെടുത്തിരിക്കുന്നു. നമ്മുടെ കുരിശു പോലെ അത് വരച്ചുണ്ടാക്കേണ്ടതില്ല, അല്ലെങ്കില്‍ തുണിയില്‍ മുറിച്ചുണ്ടാക്കി കോട്ടമുകളില്‍ സ്ഥാപിക്കേണ്ട തില്ല. അത് സ്വയം ആകാശത്തേക്ക് കയറുന്നു, എല്ലാ മാനവര്‍ക്കും കാണാവുന്ന രീതിയില്‍, അതിന്റെ കാഴ്ച്ച ഒന്നിനും മറക്കാനാവാത്ത വിധം. അതിന്റെ അര്‍ഥം വ്യക്തമാണ്: ഒട്ടോമന്‍ ശക്തി ഒരു സ്റ്റേറ്റിനോടൊ രണ്ടെണ്ണത്തോടോ അല്ല കണക്ക് തീര്‍ക്കുക, മറിച്ചു മുഴുവന്‍ ലോകത്തോടുമാണ്. അത് നോക്കിനില്‍ക്കുമ്പോള്‍, തേന്‍നിറത്തിലും ചിലപ്പോഴൊക്കെ ചോര നിറത്തിലും അത് തണുത്തു കാണപ്പെടുമ്പോള്‍ നിങ്ങളുടെ ഉള്ളം നടുങ്ങും. ചിലപ്പോള്‍ എനിക്ക് തോന്നും അത് ഇപ്പോഴേ നമ്മുടെ മേല്‍ ഒരു മായാജാലം നടത്തിയിരിക്കുന്നെന്ന്‍. ഒരു ദിവസം സ്വപ്നാടകരെപ്പോലെ നമ്മള്‍ എണീറ്റ്‌ സര്‍വ്വ നാശത്തിലേക്ക് നടന്നു പോയേക്കാമെന്ന അപകട സാധ്യത ഞാന്‍ കാണുന്നു.” അടക്കം ചെയ്യപ്പെട്ട മുറാഷ്‌ സെനെബിഷയുടെ കഴുത്തിനു ചുവടെ ചോരപ്പാട് നോക്കിനില്‍ക്കെ ചാന്ദ്രവെളിച്ചത്തില്‍ താഴ്വാരമാകെ രക്തം പടരുന്നതായി ഉക്കാമയ്ക്ക് തോന്നുന്നു. “സമതലങ്ങള്‍ രക്തത്തില്‍ കുതിര്‍ന്നതായി എനിക്ക് കാണായി, മല നിരകള്‍ കത്തിക്കരിഞ്ഞതായും. ഒട്ടോമന്‍ പട ലോകത്തെ പരത്തിക്കളയുന്നതും അതിന്റെ സ്ഥാനത്ത് ഇസ്ലാമിന്റെ രാജ്യം സ്ഥാപിക്കുന്നതും ഞാന്‍ കണ്ടു. തീയും ചാരവും കരിഞ്ഞ മനുഷ്യാവശിഷ്ടങ്ങളും അവരുടെ കരിഞ്ഞ പുരാവൃത്തങ്ങളും ഞാന്‍ കണ്ടു.”

വെളിപാട് പുസ്തകത്തിലെ ഭാഷയും ബിംബങ്ങളും ഓര്‍മ്മിപ്പിക്കുന്ന ഈ ദുരന്തപ്രവചനങ്ങളൊന്നും അസ്ഥാനത്തായിരുന്നില്ല എന്ന് പില്‍ക്കാല ബാള്‍ക്കന്‍ ചരിത്രം തെളിയിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കകമാണ് അഞ്ചു നൂറ്റാണ്ടു നീണ്ടു നിന്ന ഓട്ടോമന്‍ തുര്‍ക്കി അധീശത്തം സ്ഥാപിതമായതും1398 -ല്‍ കൂട്ടക്കുരുതികളുടെ കൊസോവോ യുദ്ധം യാഥാര്‍ത്ഥ്യമായതുമെല്ലാം. ഇതിഹാസത്തിലെ ബലി ദേശസ്നേഹത്തെയും മാതൃ സ്നേഹത്തെയും ഉദാത്തവല്‍ക്കരിച്ചപ്പോള്‍ ഇവിടെ കച്ചവട താല്പര്യങ്ങളുടെ തമ്മിലടിയാണ്: അടക്കം ചെയ്യപ്പെട്ടവന്റെ കുടുംബാംഗങ്ങള്‍ നഷ്ടപരിഹാരത്തിന്റെ പങ്കിനെ ചൊല്ലി തമ്മിലടിക്കുന്നതു ഉള്‍പ്പടെ. കദാരെയുടെ പ്രമേയം വര്‍ത്തമാന രാഷ്ട്രീയ സാഹചര്യങ്ങളെ പ്രകടമായും പ്രതിഫലിപ്പി ക്കുന്നുണ്ട്. എന്‍വര്‍ ഓജയുടെ അധികാരവും അതിനു പുറകില്‍ സോവിയറ്റ് സ്വാധീനവും ബാള്‍ക്കന്‍ സംഘര്‍ഷങ്ങളുടെ വര്‍ത്തമാന കാല സാഹചര്യങ്ങളും ഓര്‍ക്കാവുന്നതാണ്. അഭിശപ്തമായ ഒരു ദുരന്ത പ്രവചനത്തോടെയാണ് നോവല്‍ അവസാനിക്കുന്നതും: “ഇതാണ് അടക്കം ചെയ്യപ്പെട്ടവന്റെ സന്ദേശം: ഈ പുരാവൃത്തം തന്നെയും, ആ പാലത്തെ പോലെത്തന്നെ, ഒരു ബലി ആവശ്യപ്പെട്ടേക്കും, ആ ബലി ജോണ്‍ എന്ന ഭിക്ഷുവായ ഞാനല്ലാതെ മറ്റാരുമായിരിക്കില്ല.” ആ പ്രവചനത്തിന്റെ വ്യാപ്തിയും കാലാതീതമായ സത്യവും 'സ്വപ്നങ്ങളുടെ കൊട്ടാര'ത്തില്‍ പ്രതിഫലിക്കും.