Tram 83 by Fiston Mwanza Mujila

നിധിവേട്ടയുടെ ഭ്രാന്ത ലോകങ്ങള്‍

“ആദിയില്‍ കല്ലുണ്ടായിരുന്നു, കല്ല്‌ പിന്നീട് ഉടമസ്ഥതയെ ഉദ്ധീപിപ്പിച്ചു, ഉടമസ്ഥത ഒരു പരക്കം പാച്ചിലിനെ(rush), പരക്കം പാച്ചില്‍ വ്യത്യസ്ത ഭാവങ്ങളുള്ള ആളുകളുടെ വരവിനെ - അവര്‍ പാറകളിലൂടെ റെയില്‍ പാളങ്ങള്‍ ഉണ്ടാക്കി, പനങ്കള്ളില്‍ ജീവിതം പടുത്തുയര്‍ത്തി, ഒരു വ്യവസ്ഥ ഉരുത്തിരിയിച്ചു, ഖനനത്തിന്റെയും കച്ചവടത്തിന്റെയും മിശ്രിതം.”

(ട്രാം - 83 - ആരംഭം )

പ്രതിഭാധനരായ പുതുതലമുറ ആഫ്രിക്കന്‍ എഴുത്തുകാരിലെ ശ്രദ്ധേയമായ താരോദയമാണ് "ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും ജനസംഖ്യയുള്ളവയില്‍ ഒന്നായ ഡി. ആര്‍ . സി. (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ) ഏറെക്കാലമായി കാത്തിരിക്കയായിരുന്ന ആ മഹാനായ നോവലിസ്റ്റ്" എന്ന് അലെയ്ന്‍ മ്ബാങ്കു വിശേഷിപ്പിച്ച യുവ നോവലിസ്റ്റ് ഫിസ്റ്റന്‍ നാസര്‍ മ്വാന്‍സാ മുജീല. മികച്ച കവിതകളിലൂടെ തന്റെ ഇടം കണ്ടെത്തിയ മുജീലയുടെ പ്രഥമ നോവലായ 'ട്രാം- '83', ഡി. ആര്‍ .സി - യുടെ തെക്കു കിഴക്കന്‍ നഗരമായ ലുബുംബാഷിയുടെ പശ്ചാത്തലത്തില്‍ സബ് സഹാറന്‍ ആഫ്രിക്കന്‍ സാഹിത്യത്തില്‍ അത്രയൊന്നും പരിചിതമല്ലാത്ത 'ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ഇറക്കുന്ന പോസ്റ്റ്‌ കാര്‍ഡുകളില്‍ കാണാത്ത' തരം കുത്തഴിഞ്ഞതും അരാചകത്വം നിറഞ്ഞതുമായ ജീവിതാവസ്ഥകളെ ചിത്രീകരിക്കുന്നു. കോംഗോയില്‍ മാത്രമല്ല, ആഫ്രിക്കയിലെങ്ങും നടമാടിക്കൊണ്ടിരിക്കുന്ന ചൂഷണത്തിന്റെയും നിയോ കൊളോണിയലിസത്തിന്റെയും രൂപങ്ങളെ ആവിഷ്കരിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നു നോവലിസ്റ്റ് ഏറ്റു പറഞ്ഞിട്ടുണ്ട്.

ട്രാം 83 - ജാസിന്‍റെ താളം , അരാജകത്വം

സ്റ്റാന്‍ലിയുടെ (ഹെന്‍ റി മോര്‍ട്ടന്‍ സ്റ്റാന്‍ലി - 1841-1904)കാലത്ത് നിര്‍മ്മിക്കപ്പെട്ടതെന്നു തോന്നിക്കുന്ന തകര്‍ന്നു പോയ റെയില്‍പ്പാതയുള്ള നോര്‍ത്തേണ്‍ സ്റ്റേഷനില്‍ ഒരു വെള്ളിയാഴ്ച വൈകീട്ട് 'എഴിനോ ഒമ്പതിനോ അടുത്ത്' ലൂഷിയന്‍ വന്നിറങ്ങുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. “രാത്രി ഈ സമയത്ത് എത്തിച്ചേരുന്ന ഈ ട്രെയ്നുകളുടെ ശാപം അത് വിദ്യാര്‍ഥികളോ ഖനിത്തൊഴിലാളികളോ ആവട്ടെ, സ്വന്തം നിലക്ക് പട്ടണത്തില്‍ തിരിച്ചെത്താന്‍ കഴിയാത്ത തെണ്ടികളാണ് അതില്‍ വന്നിറങ്ങിയത് എന്നതാണ്.” ഒന്നിനും ഒരു ചിട്ടയും വ്യവസ്ഥയുമില്ലാത്ത ഒരിടം - "തൂങ്ങിച്ചാവാനും വിസര്‍ജ്ജിക്കാനും ദൈവദൂഷണം നടത്താനും ആസക്തനാവാനും ആരു കാണുന്നതും കൂസാതെ മോഷ്ടിക്കാനും എല്ലാം സാധിക്കുന്ന ഭൂമിയിലെ ഒരേയൊരിടം" - സിറ്റി സ്റ്റേറ്റ് എന്ന് ഏതാണ്ടൊരു ദുസ്വപ്നാത്മകമായ ഡിസ്റ്റോപ്പിയന്‍ കല്‍പ്പനപോലുള്ള ഇടത്തിലാണ് ട്രാം - '83 എന്ന അധോലോകം തന്നെയായ വൈരുദ്ധ്യങ്ങളുടെ സംഗമസ്ഥലി. എഴുത്തുകാര്‍ , കുടിയന്മാര്‍ , മയക്കുമരുന്ന് കച്ചവടക്കാര്‍, സ്വപ്നാടകര്‍, എല്ലാം നഷ്ടപ്പെട്ടവര്‍ , നോവലില്‍ ഉടനീളം ഒരു വായ്ത്താരി പോലെ 'നിങ്ങള്‍ക്ക് സമയമുണ്ടോ?' എന്ന ചോദ്യവുമായി ചുറ്റിക്കറങ്ങുന്ന ബാല വേശ്യകള്‍ (baby chicks), അവിവാഹിത അമ്മമാര്‍ (single mammas), നാല്പ്പതു കടക്കുന്നതോടെ പിന്നീട് പ്രായമാവാതെ മുന്നേറുന്ന മുതിര്‍ന്ന വേശ്യകള്‍, സഹായികളും സ്വവര്‍ഗ്ഗാനുരാഗികളുടെ കൂട്ടുകാരും കൂട്ടിക്കൊടുപ്പുകാരുമായി 'സ്ലിം ജിംസ്' എന്നു വിളിക്കുന്ന ബാലന്മാര്‍, പെന്റക്കോസ്ത് പ്രഭാഷകര്‍, വര്‍ഷങ്ങളായി കലാപങ്ങളില്‍ അടഞ്ഞു കിടക്കുന്ന, ഒരു കാരണവുമില്ലാതെ റെയില്‍പ്പാത രണ്ടായി പകുത്തുകളഞ്ഞ ഏക യൂണിവേഴ്സിറ്റിയുടെ പേര് പറയുന്ന മെക്കാനിക്കുകളെ പോലുള്ള വിദ്യാര്‍ഥികള്‍ , സ്വന്തം ലെക്ചര്‍ നോട്ടുകള്‍ വില്‍ക്കാന്‍ നടക്കുന്ന പ്രൊഫസര്‍മാര്‍, ഒരു 'കാരണവുമില്ലാതെ സാല്‍സ, ഫ്ലെമെന്‍ഗോ, മെരെംഗെ പ്രകടനങ്ങളുമായി നടക്കുന്ന ക്യൂബന്‍ സംഗീതജ്ഞര്‍, നിശാ ക്ലബ്ബുകളില്‍ രോഗ നിര്‍ണ്ണയം നടത്തുന്ന ഡോക്റ്റര്‍മാര്‍, അടുത്തൂണ്‍ പറ്റിയ ജേര്‍ണലിസ്റ്റുകളും ഉഭയ ലിംഗക്കാരും സ്വവര്‍ഗ്ഗാനുരാഗികളും, പോണ്‍ ഫിലിം പ്രണയികള്‍, പിടിച്ചുപറിക്കാര്‍, രാഷ്ട്രീയാഭയം തേടുന്നവര്‍, കുറ്റവാളി സംഘാംഗങ്ങള്‍, മണ്മറഞ്ഞ സംസ്കൃതികള്‍ തേടുന്ന പുരാവസ്തു ഗവേഷകര്‍, പുതിയ നിധി വേട്ടക്കാര്‍, അവയവ മാഫിയക്കാര്‍, കുടിവെള്ളവില്‍പ്പനക്കാര്‍, ഷൂ പോളിഷ് ചെയ്യുന്ന കുട്ടികള്‍, ലൈംഗിക ദാഹം മൂത്ത വിധവകള്‍, വിമത സൈനികര്‍, ഉത്തേജക - മയക്കു മരുന്ന് വില്‍പ്പനക്കാര്‍, കള്ള പാസ്പോര്‍ട്ടും രേഖകളും നിര്‍മ്മിക്കുന്നവര്‍, കൂടോത്ര മാന്ത്രികര്‍, അനിയന്ത്രിതമായ ബലാല്‍ക്കാരാസക്തിയില്‍ വീര്‍പ്പു മുട്ടുന്ന സൈനികരും വാടക കൊലയാളികളും, മുഴുക്കുടിയന്മാര്‍, ബാല യോദ്ധാക്കളും സമാധാന സേനാ ആക്റ്റിവിസ്റ്റുകളും -അരാജകത്വത്തിത്തിന്റെ മൂര്‍ത്ത രൂപമായ ഒരു 'അസംഘടിത ബനാനാ റിപ്പബ്ലിക്' തന്നെയായ 'സിറ്റി സ്റ്റേറ്റി'ന്റെ കേന്ദ്രമാണ് ട്രാം 83 എന്ന ഇടം. സമൂഹത്തിലെ ഈ അടിത്തട്ടു ജീവികളെ മുഴുവന്‍ പ്രദേശത്തേക്ക് ആര്‍ത്തലക്കാന്‍ ഇടയാക്കുന്നതാവട്ടെ, ആഭ്യന്തര സംഘര്‍ഷങ്ങളില്‍ തകര്‍ന്നു പോയ സാമൂഹിക - സമ്പദ് ഘടനയും 'വിമത ജനറല്‍ ' എന്ന് മാത്രം വിളിക്കപ്പെടുന്ന ഒരു യുദ്ധപ്രഭുവിനപ്പുറം ഒന്നുമല്ലാത്ത, മലീമസ രതിയുടെയും അവസാനമില്ലാത്ത പ്രഭാഷണങ്ങളുടെ വലിയ വായുമായ അധികാര കേന്ദ്ര പ്രതീകത്തിന്റെ നൈമിഷിക വിഭ്രാന്തികല്‍ക്കനുസരിച്ചു തുറക്കുകയോ പൂട്ടിയിടുകയോ ചെയ്യുന്ന വൈരക്കല്‍ ഖനികളും അതിനെ ഉപജീവിച്ചും ചുറ്റിപ്പറ്റിയും തഴക്കുന്ന സ്വദേശി - വിദേശി ഗുണ്ടാ - കുത്തക കൂട്ടുകട്ടുകളും അനുബന്ധ ലൈംഗിക ആരാചകത്വങ്ങളുടെയും ചുറ്റുപാടുകളാണ്.

ജാസ് സംഗീതം ഊടും പാവുമാണ് കറുത്തവന്റെ ജീവിതത്തിനു എന്നതിന്റെ പാരഡിയാണ് നോവലിലെങ്ങും സാന്നിധ്യമാകുന്ന വെറും അവലക്ഷണ അനുകരണമായ ജാസ് സംഗീതം. 'കരിമ്പു മണം അടിച്ചു വീശുന്നത് അറിയാന്‍ വേണ്ടിയോ നീഗ്രോ ബോധവുമായി ചേരാന്‍ വേണ്ടിയോ ആ മ്യൂസിക്കല്‍ നോട്ടുകളുടെ സൌന്ദര്യത്തിനു വേണ്ടിയോ അല്ല.. അത് ആഭിജാത്യ ലക്ഷണം ആയതു കൊണ്ട്, ധനികരുടെയും പുതു പണക്കാരുടെയും സംഗീതം ആയതു കൊണ്ട് , തങ്ങളുടെ സുന്ദരമായ ശിഥില ലോകം പനിയുന്നവരുടെത് ആയതു കൊണ്ട്.” അരാചകത്വം അതിന്റെ പരകോടിയില്‍ അക്രമാസക്തവും സ്വയം വിനാഷകവുമായ അവസ്ഥ. "ഭൂമധ്യരേഖാ ആഫ്രിക്കയില്‍ ചെറുപ്പമായിരിക്കുന്നത് വ്യര്‍ത്ഥമാണ്. മുപ്പതിന് ചുവടെയുള്ളവര്‍ മടുപ്പ് ബാധിച്ചവരും, പരജന വിദ്വേഷികളും തട്ടിപ്പുകാരും പിത്തലാട്ടക്കാരും ജാസ് ആവട്ടെ, ഒരു സൌകര്യത്തിനുള്ള വിവാഹമാകട്ടെ, എന്തു മാര്‍ഗ്ഗത്തിലും ദാരിദ്ര്യം എന്ന തടവ്‌ ചാടാന്‍ വെമ്പുന്നവരും ആണ്.” “വിശപ്പിനെ സൂക്ഷിക്കുക! മുലകുടി മാറാത്ത മുട്ടുകുത്തുന്ന കുട്ടികള്‍ പോലും വിപണന വസ്തുക്കളും അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്നതും എല്ലാം ഉള്‍പ്പടെ ഒരു ട്രെയ്നിനെ മുഴുവന്‍ ബന്ദികലാക്കിയ ചരിത്രമുള്ളയിടത്ത്. വിദൂര കാരണം: രക്ഷപ്പെടാനുള്ള എല്ലാ സാധ്യതയും അടച്ചു കളയുന്ന വിശപ്പ്‌. നേരിട്ടുള്ള ഫലം: രക്തച്ചൊരിച്ചിലോടെയുള്ള സായുധക്കൊള്ള " ഇത്തരം അനിശ്ചിതത്വങ്ങളുടെ ലോകത്ത് ജീവിതത്തിനും മരണത്തിനും എന്ത് സംഭവിക്കുന്നു എന്നു നോവലില്‍ നിരീക്ഷിക്കുന്നുണ്ട് : “മരണമെന്നതിനു ഒരര്‍ത്ഥവുമില്ല, കാരണം നിങ്ങളൊരിക്കലും ശരിക്കും ജീവിച്ചിട്ടില്ല.” അമേരിക്കന്‍ , റഷ്യന്‍ പോണ്‍ സിനിമകള്‍ ഒഴിച്ച് മറ്റെന്തും കിട്ടുക പ്രയാസം. സര്‍ക്കാര്‍ സൈന്യവും വിമത സൈന്യവും രാപ്പകലില്ലാതെ പരസ്പരം യുദ്ധം ചെയ്തു. കാര്യങ്ങള്‍ വീണ്ടും വ്യവസ്ഥയില്‍ എത്തിക്കാന്‍ അന്താരാഷ്‌ട്ര സമൂഹം പത്തൊമ്പത് പരമാധികാര ദേശീയ സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടിയെങ്കിലും ഒന്നും ഒരു പ്രയോജനവും ചെയ്തില്ലെന്ന് മാത്രം . ലോകത്തെ ഏറ്റവും ചെറിയ രാജ്യതലസ്ഥാനമായ ട്രാമില്‍ മൂന്നു ഗോത്രങ്ങള്‍ സംഗമിച്ചു: ഒന്ന്, അന്നാന്നത്തെ ജീവിതം ജീവിച്ച , മാസങ്ങളായി ശമ്പളം മുടങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍,. രണ്ട്, സ്വപ്നാടകര്‍. വിദ്യാര്‍ഥികള്‍, ഖനിത്തൊഴിലാളികള്‍, ബേബി ചിക്സ്, ലാഭം തേടുന്ന ടൂറിസ്റ്റുകള്‍, വിമതരുടെ ഏറ്റവും അടുത്തയാളുകള്‍. മൂന്ന്, തഴക്കം വന്നവര്‍. അവിവാഹിത അമ്മമാര്‍, കലാഷ് നിക്കൊവുമായി നടക്കുന്ന ബാല സൈനികര്‍, അവയവ കച്ചവടക്കാര്‍, നിശാ ശാലകളിലെ പരിചാരികമാര്‍, തുടങ്ങിയവര്‍. അതിജീവനത്തിന്റെ ഈ വന്യതയില്‍ ഖനികളില്‍ എവിടെയെങ്കിലും ഒരിടത്ത് കല്ലിന്റെ ശേഖരം കണ്ടെത്തിയാല്‍ എല്ലാവരും കൂടി സുരക്ഷിതത്വത്തെ കുറിച്ചൊന്നും ചിന്തിക്കാതെ അങ്ങോട്ട്‌ കുതിക്കുന്നു - ബേബി ചിക്സ്, സ്ലിം ജിംസ്, ഖനിത്തൊഴിലാളികള്‍ എല്ലാവരും ഉള്‍പ്പടെ. ഖനിയിടിച്ചിലില്‍ ഓടുങ്ങിപ്പോവുന്നവര്‍ എത്രയും വേഗം വിസ്മൃതരാവുന്നു. ചിലര്‍ അത്ഭുതകരമായി രക്ഷപ്പെട്ടും ചരിത്രം സൃഷ്ടിക്കുന്നു. എട്ടു തവനെ ഖനിയിടിച്ചില്‍ അതിജീവിച്ച ബൂബകാര്‍ എന്നയാള്‍ 'ലാസര്‍ ' എന്ന അറിയപ്പെടുന്നു. വിമത ജനറല്‍ ആവട്ടെ, ഖനിയിടിച്ചിലിനെ തനിക്കും കുടുംബത്തിനും താന്‍ അനുവദിക്കുന്നവര്‍ക്കും ഒഴികെ ഖനിയില്‍ അവകാശമില്ലെന്നതിന്റെ ദൈവിക അംഗീകാരമായി കൊണ്ടാടുന്നു.

മുഖാമുഖങ്ങള്‍ , പരിണാമങ്ങള്‍

വര്‍ഷങ്ങള്‍ക്ക് ശേഷം ലൂഷിയന്‍ , റിക്വേം എന്ന സുഹൃത്തുമായി സന്ധിക്കാന്‍ പോകുന്നു. ഇരു ധ്രുവങ്ങളില്‍ പ്രകൃതമുള്ള ഇരുവരുടെയും ജീവിതങ്ങളിലെ ഇഴപിരിഞ്ഞും കൂടിച്ചേര്‍ന്നുമുള്ള ഭൂതകാല മുറിവുകളും ഒറ്റുകളും പുതിയ വിനിമയങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും നയിക്കുന്നത് ഇതിവൃത്ത ഘടനയില്‍ ഏറെ പ്രധാനമാണെങ്കിലും, ആത്യന്തികമായി 'ട്രാം 83' ഒരു സാഹചര്യത്തെ കുറിച്ചുള്ള (atmospheric novel) ആണ്. 'ബാക്ക് കണ്ട്രി ' എന്ന് പേരുള്ള അവികസിത പ്രദേശത്ത്‌ നിന്നാണ് ലൂഷിയന്റെ വരവ്. റിക്വേം കൊളോണിയല്‍ കാലം മുതല്‍ നില നിന്ന 'വാമ്പയര്‍ ടൌണ്‍ ' എന്നയിടത്തു നിന്നും. എന്നാല്‍ 'ആണുങ്ങള്‍ കാറ്റു പോലെയാണ്: രണ്ടിനും പാദങ്ങള്‍ ഭൂമിയില്‍ ഉറക്കില്ല.' എഴുത്തുകാരനും ഇടത്തിനിണങ്ങാത്ത വിധം സഹൃദയനുമാണ് ലൂഷിയന്‍ എങ്കില്‍ റിക്വേം അയാളില്‍ കഠിന വിദ്വേഷം ഉള്ളവനായതിനു പിന്നില്‍ ഒരിക്കല്‍ തന്റെ ഭാര്യയായിരുന്ന ജാക്വിലിനുമായി അയാള്‍ക്കുണ്ടായ ബന്ധത്തിന്റെ കഥയുണ്ട്. ഇന്ന് ബ്ലാക്ക് മെയില്‍ പോലുള്ള ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ നിര്‍ബ്ബാധം ഏര്‍പ്പെടുന്ന റിക്വേം 'യൗവ്വന കാലത്ത് തികച്ചും മറ്റൊരു ഈണത്തില്‍ ആയിരുന്നു, ശാന്തന്‍ , ആത്മാര്‍ഥത ഉള്ളവന്‍ , കൂറുള്ളവന്‍ . പിസ്റ്റള്‍ പുറത്തെടുക്കാന്‍ സമയം പാര്‍ത്തിരിക്കുന്നവരെ കാലം മൃഗങ്ങളാക്കും.” ലൂഷിയനുമായി എമിലിയാനുള്ള താല്പര്യം അറിഞ്ഞു കൊണ്ട് തന്നെ അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും പ്രസാധകന്‍ മാലിംഗോക്ക് തന്‍റെ തണലില്‍ വളര്‍ന്ന ലൂഷിയന്റെ നാടകം പ്രസിദ്ധീകരിക്കാന്‍ അനുവദം നല്‍കണമെങ്കില്‍ അയ്യായിരം ഡോളര്‍ നല്‍കണമെന്ന് ആവശ്യപ്പെടുന്നതും അയാള്‍ വഴങ്ങാതെ വരുമ്പോള്‍ ക്രിസ്റ്റെലയെ ഉപയോഗിച്ച് അയാളുടെ നഗ്ന ചിത്രങ്ങള്‍ എടുത്തു ഭീഷണിമുഴക്കി ആവശ്യം പതിനായിരം ഡോളര്‍ ആക്കി ഉയര്‍ത്തുന്നതും അയാളുടെ പില്‍ക്കാല പരിണാമങ്ങള്‍. എല്ലാ പ്രശ്നങ്ങള്‍ക്കും അയാള്‍ ലൂഷിയനെ ഉത്തരവാദിയായി കാണുന്നു: “സര്‍ക്കാര്‍ സൈന്യത്തിന്റെ വിനാശങ്ങള്‍ , തന്റെ അച്ഛന്റെ മരണം, അമ്മയുടെ പെട്ടെന്നുള്ള പുനര്‍വിവാഹം, ജാക്വലിനുമായുള്ള വിവാഹ മോചനം.” എഴുത്തുനിര്‍ത്തി കിട്ടുന്ന ജോലി സ്വീകരിക്കാന്‍ അയാള്‍ ലൂഷിയനെ ഉപദേശിക്കുന്നുണ്ട്. “പഠിക്കുന്നതൊക്കെ പൊങ്ങച്ചത്തെ ഉദ്ധീപിപ്പിക്കുകയെ ഉള്ളൂ. അറിയാമോ? നിങ്ങള്‍ ബുദ്ധിജീവികളാണ് ഈ നാടിനെ കുട്ടിച്ചോറാക്കിയത് !” വെറും നല്പത്തിയൊന്നു വയസ്സ് ശരാശരി ആയുസ്സുള്ള സിറ്റി സ്റ്റേറ്റില്‍ മരണകാരണം പലര്‍ക്കും പലതാണ്, ലൈംഗിക രോഗങ്ങള്‍ മാത്രം പൊതുവായുള്ളതും. വിമത ജനറല്‍ ലൂഷിയനെ തന്റെ അവസാനമില്ലാത്ത ഒരു പ്രഭാഷണത്തില്‍ പേര് പറഞ്ഞു പരാമര്‍ശിച്ചത് അയാള്‍ക്ക് നല്‍കിയ പ്രശസ്തിയും റിക്വേമിനെ അസ്വസ്ഥനാക്കുന്നു. സുഡാന്‍, അങ്കോള, കൊറിയ, മുന്‍ സായിറെ, ഇസ്രയേല്‍, റുവാണ്ട എന്നിവിടങ്ങളില്‍ സൈനികനായിരുന്ന അയാള്‍ക്ക് ദുരൂഹ ബന്ധങ്ങള്‍ ഉള്ളതും അയാളുടെ ആയുധ പാടവവും അയാളെ ഏതാണ്ട് അസ്‌പൃശ്യന്‍ ആക്കുന്നുണ്ട്‌. ജീവിതത്തെ കുറിച്ചു പ്രതീക്ഷകള്‍ ഒന്നുമില്ലാത്തവന്റെ കൈവിട്ടകളിയാണ് അയാളുടെത് . “ലോകം മോക്ഷ രഹിതമാണ്... ദുരന്തം മുമ്പേ കുറിക്കപ്പെട്ടാണ്, നമ്മളതിനു ആമുഖം എഴുതുന്നതെ ഉള്ളൂ. അതുകൊണ്ട് നമുക്കാ ആമുഖം ചമക്കാം.”

നാടകം - ചരിത്രവും വക്രീകരണവും

ലൂഷിയന്‍ എഴുതിക്കൊണ്ടിരിക്കുന്ന നാടകം നാടിനെ ചരിത്ര പരിപ്രേക്ഷ്യത്തില്‍ നോക്കിക്കാണുന്നതായിരിക്കും എന്ന് അയാള്‍ തീരുമാനിച്ചിട്ടുണ്ട്. "സാധ്യതകളുടെ ആഫ്രിക്ക: ലുമുംബ, ഒരു മാലാഖയുടെ പതനം, അഥവാ ഇടിച്ചു പൊടിച്ച വര്‍ഷങ്ങള്‍ " എന്നാണു അയാള്‍ അത് നാമകരണം ചെയ്യുക. കഥാപാത്രങ്ങള്‍ ചെ ഗുവേര, സെകൂ ടോരെ, ഗാന്ധി, ലിങ്കണ്‍ , ലുമുംബ , മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌, ചെഷസ്ക്യൂ, എന്നിവര്‍ മാത്രമല്ല, വിമത ജനറലും ഉണ്ടായിരിക്കും എന്ന് അയാള്‍ പറയുന്നുണ്ട്. ഒരു ഘട്ടത്തില്‍ ലുമുംബയെ നേപ്പോളിയനോടും കൊളംബസിനോടും ഒപ്പം അവതരിപ്പിക്കുന്നത്‌ ചരിത്രത്തെ വളച്ചൊടിക്കല്‍ ആവില്ലേ എന്ന് അയാള്‍ ആശങ്കപ്പെടുന്നുണ്ട്. നെപ്പോളിയന്‍, മാവോ സെ തൂങ്ങിനൊപ്പം സെന്റ്‌. ഹെലിന ദ്വീപിലേക്ക് പോകുന്ന ഘട്ടത്തില്‍ ലെനിന്‍ നടത്തേണ്ട സ്വകീയ ഭാഷണവും ഇത്തിരി അമിത ഭാരമായി അയാള്‍ക്ക് തോന്നുന്നു. എല്ലായിപ്പോഴും ട്രാമിലെ ജീവിതം അയാള്‍ക്ക് ആശയങ്ങള്‍ നല്‍കുന്നു. ഏതു ഘട്ടത്തിലും അത്തരം കുറിപ്പുകള്‍ തയ്യാറാക്കുന്ന ലൂഷിയന്‍ സമ്മിശ്ര വികാരങ്ങളാണ് മറ്റുള്ളവരില്‍ ജനിപ്പിക്കുക. എന്നാല്‍ പ്രസാധകന്‍ മാലിംഗോക്ക് ഇവരെയൊക്കെ വിട്ട് അയാള്‍ റെയില്‍പ്പാതയെ കുറിച്ചും ഖനികളെ കുറിച്ചുമൊക്കെ എഴുതണം. “ആഫ്രിക്കന്‍ നോവലിലെ പ്രധാന കഥാപാത്രം എപ്പോഴും അവിവാഹിതനും ഞരമ്പു രോഗിയും വൈകൃതങ്ങള്‍ ഉള്ളവനും വിഷാദ രോഗിയും കുട്ടികളില്ലാത്തവനും വീടില്ലാത്തവനും കടങ്ങളില്‍ വീര്‍പ്പു മുട്ടുന്നവനുമാണ്. നമ്മള്‍ ഇവിടെ ജീവിക്കുന്നു, ഭോഗിക്കുന്നു, നമ്മള്‍ സന്തുഷ്ടരാണ്. ആഫ്രിക്കന്‍ സാഹിത്യത്തിലും ഭോഗം വേണം!” ഒരു ഘട്ടത്തില്‍ കഥാപാത്രങ്ങളുടെ എണ്ണം ഇരുപതില്‍ നിന്ന് പത്തായി കുറക്കണം എന്നും, ഇഷ്ടമില്ലാതെയും അത് ചെയ്തു കഴിയുമ്പോള്‍ പശ്ചാത്തലം ആഫ്രിക്കയില്‍ നിന്ന് കൊളംബിയിലേക്ക് മാറ്റണം എന്നും അയാള്‍ ആവശ്യപ്പെടുന്നു. “ആഫ്രിക്കയില്‍ മിക്ക ബുദ്ധിജീവികള്‍ക്കും കൌതുകമില്ല; അതായത്, കഴിഞ്ഞ നാനൂറു വര്‍ഷങ്ങളിലെ പോലെ ഇപ്പോള്‍ അത് ആകര്‍ഷണീയമല്ല.” നോവലന്ത്യത്തില്‍, റിക്വെമിന്റെ ഭീഷണി അവഗണിച്ചു നോവല്‍ പുറത്തിറക്കിയത് മാലിംഗോ ആഘോഷിക്കുമ്പോഴും അപ്പോഴേക്കും വേറെ ജോലി കിട്ടിക്കഴിഞ്ഞ പഴയ ലിറ്റററി എജന്റ് അതേ ആശയം ആവര്‍ത്തിക്കുന്നു , “ആഫ്രിക്കന്‍ സാഹിത്യം ഇനിയും ആകര്‍ഷണീയമേയല്ല. പ്ലീസ്, ലൂഷിയന്‍ , ഇനി ഫോണില്‍ വിളിക്കുമ്പോള്‍ , നമുക്ക് മറ്റു കാര്യങ്ങള്‍ സംസാരിക്കാം., കാമ സൂത്ര, സംഗീതം, ബിയര്‍ , പക്ഷെ എന്തായാലും സാഹിത്യം വേണ്ട. നമ്മള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്, നീയിനിയും ഒരു എഴുത്തുകാരന്‍ ആയി ജീവിക്കാന്‍ ആഗ്രഹിക്കുന്നു!”

കറുത്ത ഹാസ്യം

രാഷ്ട്രീയ കാലാവസ്ഥ മനസ്സിലാക്കി എഴുതാന്‍ തയാറുള്ളവര്‍ക്ക് സിറ്റി സ്റ്റേറ്റില്‍ ഒരു പാട് സാധ്യതകള്‍ ഉണ്ട് എന്ന് ലൂഷിയന്‍ ഒട്ടൊരു തമാശയോടെ നിരീക്ഷിക്കുന്നുണ്ട്. “ഓരോ രാഷ്ട്രീയ ഭരണത്തിനും , ചേര്‍ന്ന സാഹിത്യം ഉണ്ടാക്കപ്പെടുന്നു. പ്രസിഡണ്ടിന്റെ ഭാര്യയുടെ ഹെയര്‍ സ്റ്റൈലിനെ കുറിച്ച് ഒരു മഹാകാവ്യം രചിക്കൂ, നിങ്ങള്‍ക്കൊരു വീട് തരും; പ്രവചനവകുപ്പ് മന്ത്രി (Minister of Divination, Clairvoyance, and Prophesies) യുടെ സ്വപ്നങ്ങളെ പുനസൃഷ്ടിക്കുന്ന സ്വഗതാഖ്യാനത്തിനു വെനീസിലേക്ക് ഒരു ട്രിപ്പ്‌, പ്രസിഡണ്ടിന്റെ കുട്ടിക്കാലത്തെ കുറിച്ച് ഒരു നോവലിന് അവര്‍ നിങ്ങളെ കൃഷിവകുപ്പിന്റെയും കാലിമേക്കലിന്റെയും മന്ത്രിയായി നിയമനം.” ഏറ്റവും അപഹാസ്യമായ ഈ സാഹചര്യത്തെ രൂക്ഷമായി തിരസ്കരിക്കുന്ന പ്രയോഗങ്ങള്‍ ഒരധ്യായത്തിന്റെ (19) തുടക്കത്തില്‍ വായിക്കാം : “.. നിങ്ങള്‍ ഭോഗിക്കുന്നില്ല, ഞങ്ങള്‍ നിങ്ങളെ ഭോഗിക്കും. നിങ്ങള്‍ തിന്നുന്നില്ല, ഞങ്ങള്‍ നിങ്ങളെ തിന്നും. നിങ്ങള്‍ തുലക്കുന്നില്ല, ഞങ്ങള്‍ നിങ്ങളെ തുലക്കും. ഇതാ ഇവിടെ പുതു ലോകമാണ്. ഇത് ഓരോരുത്തരും അവനവന്, എല്ലാവര്‍ക്കും അമേദ്യം എന്നതാണ്. ഇത് കാടാണ്.” തന്റെ ഉദ്ധാരണ ശേഷി നഷ്ടപ്പെടുമ്പോഴൊക്കെ ഖനികള്‍ അടച്ചിടുകയും സ്വതേ നിലനില്‍പ്പില്ലാത്ത ദേശത്തിന്റെ ആകെയുള്ള അതിജീവന മാര്‍ഗ്ഗം അടച്ചു കളയുകയും ചെയ്യുന്ന വിമത ജനറല്‍ പതിവ് ബനാനാ റിപ്പബ്ലിക് ഭരണാധികാരി തന്നെ; ഭരണം എന്നതൊന്നും ഒരുതരത്തിലും ഇവിടെ നിലവിലില്ല എങ്കിലും.

ലൂഷിയന്റെ പാത്ര സൃഷ്ടി മറ്റൊരു തരം സമസ്യയാണ് ഉയര്‍ത്തുന്നത്. സിറ്റി സ്റ്റേറ്റ് പോലൊരു നരകത്തില്‍ ഒരിക്കലും പുലരാനിടയില്ലാത്ത ഏതൊക്കെയോ ആദര്‍ശാത്മകത പലപ്പോഴും അയാളെ ഒരു കോമാളിയാക്കുന്നുണ്ട് : “സാധാരണ നശ്വരന്മാരെ പോലെ ലൂഷിയന്‍ ഖനികളില്‍ കുഴിക്കാന്‍ പോയില്ല. അയാള്‍ പേന കൊണ്ട് ജീവിക്കാനോ, അല്ലെങ്കില്‍ വലിയൊരു ഓഫീസില്‍ ജോലി ചെയ്യാനോ ആഗ്രഹിച്ചു. പക്ഷെ അത് സിറ്റി സ്റ്റേറ്റ് പോലൊരു വനത്തില്‍ അസാധ്യമായിരുന്നു.” അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ചെറിയ കൈമടക്കു കൊടുത്ത് രക്ഷപ്പെടുന്നതിനു പകരം ജയിലിലേക്ക് പോകുന്ന ലൂഷിയന്‍, എമിലിയന്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ പീഡനം കലയും ശാസ്ത്രവുമായി വികസിപ്പിക്കുന്ന ജയിലറയില്‍ ഓടുങ്ങേണ്ടതായിരുന്നു. 'ബേബി ചിക്സി'ന്‍റെ തൊഴില്‍ 'മറ്റിടങ്ങളില്‍ നിങ്ങളെ ജയിലലയച്ചേനേ,' എന്ന് വിമര്‍ശിക്കുന്ന ലൂഷിയന്‍, അവളെ എതിര്‍ത്ത് മനസ്സാക്ഷി പറഞ്ഞു അവളുടെ സ്നേഹം നിഷേധിച്ചു വിട്ടു പോവുന്നു. 'എമിലിയന്റെ ലഹരിപിടിപ്പിക്കുന്ന ഉടലിലേറെ കൂറകള്‍ നിറഞ്ഞ' പായയെ ഇഷ്ടപ്പെട്ട ലൂഷിയനെ കുറിച്ച് റിക്വേം നിരീക്ഷിച്ചത് ശരിയാണെന്ന് നോവലിസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നു : “ചിലയാളുകള്‍ പതിമൂന്നാം നൂറ്റാണ്ടില്‍ നിന്നുള്ള തലച്ചോറുമായാണ് കഴിയുന്നത്‌.” അയാള്‍ പോകുന്നത് തടയാന്‍ വേണ്ടി മുന്നില്‍ മുട്ട് കുത്തുന്ന എമിലിയനെ നിഷേധിച്ചുകൊണ്ടുള്ള ആ ഹീറോ ചമയല്‍ , ഒടുവില്‍ , 'കണ്ണ് തുറക്കാന്‍ തയ്യാറില്ലാത്ത ഒരു എഴുത്തുകാരന്റെ മനസ്സാക്ഷി'യെന്ന ദുരൂഹത മാത്രമാണെന്നും നോവലില്‍ അപ്പോര്‍വ്വം ഘട്ടങ്ങളില്‍ കേള്‍ക്കുന്ന ആഖ്യാന ശബ്ദം നിരീക്ഷിക്കുന്നു.

വിദേശ ടൂറിസ്റ്റുകളെ 'പ്രായപൂര്‍ത്തി'യാവാത്ത കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന ആരോപണത്തിലൂടെ ബ്ലാക്ക് മെയില്‍ ചെയ്യാറുണ്ട് റിക്വേം . കറുത്ത ഹാസ്യത്തിന്റെ മികച്ച മാതൃകയാണ് ഇത്തരം ഭാഗങ്ങള്‍ : "നോഹയുടെ, എസക്കിയേല്‍ പ്രവാചകന്റെ , സഹോദരി അഭിഗേലിന്റെ കാലം മുതല്‍ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്ത പൌരന്മാരുടെ നാട്ടില്‍ പ്രായമെന്നത് എങ്ങനെയും മാറ്റാവുന്ന ഒന്നാണ്. സംഭവം നടക്കുമ്പോള്‍ യുവതിക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടായിരുന്നു. പക്ഷെ പണമായിരുന്നു പ്രധാനം. ആര്‍ക്കാണ് പണം ഇഷ്ടമല്ലാത്തത്? അങ്ങേയറ്റം അഴിമതിയില്‍ മുങ്ങിയിരുന്ന കോടതി ഒരു പണപ്പശുവിനെ കണ്ടെത്തിയിരുന്നു.” റിക്വേമിന്റെ ഏറ്റവും വലിയ സ്വപ്നം വിമത ജനറലിനെ തന്നെ ഇരയാക്കുക എന്നതായിരുന്നു. അതയാള്‍ സാധിക്കുന്നതാണ് ഇതിവൃത്തത്തിന്റെ ക്ലൈമാക്സ് തീര്‍ക്കുകയും , തുടക്കം മുതലേ ഒ. വി. വിജയന്‍റെ 'പ്രജാപതി'യെ ഓര്‍മ്മിപ്പിക്കുന്ന വിമത ജനറലിന്റെ ഉന്മാദത്തെ മൂര്‍ദ്ധന്യത്തില്‍ എത്തിക്കുകയും ചെയ്യുക. അനേകം 'ബേബി ചിക്സ്' ഉള്‍പ്പെട്ട ഹാരമില്‍ ലൈംഗിക ക്ഷീണവും വലിപ്പമില്ലായ്മയും അലട്ടലാവുന്ന ജനറല്‍ , തന്റെ കഴിവുകേട് പുറം ലോകത്തെത്തുന്നതിനെതിരെ ഭ്രാന്തമായി പ്രതികരിക്കുകയും ഖനികള്‍ അടച്ചിടുകയും ചെയ്യുന്നു. ട്രാം 83 അടച്ചിടാനുള്ള നീക്കം ആവര്‍ത്തിച്ചു പരാജയപ്പെടുന്നുവെങ്കിലും ലൂഷിയന്‍ , റിക്വേം, പ്രസാധകന്‍ മാലിംഗോ എന്നിങ്ങനെ മൂന്നു പേരെയും ജീവനോടെയോ അല്ലാതെയോ പിടിച്ചു കൊടുക്കുന്നവര്‍ക്ക് വന്‍ തുക ഇനാം പ്രഖ്യാപിക്കുകയും ചെയ്യുന്നത് മൂവരെയും ഒരു ഒളിച്ചോട്ടത്തിലേക്ക് നയിക്കുന്നു. സിറ്റി സ്റ്റേറ്റിലെ ചൈനീസ് കേന്ദ്രത്തില്‍ അഭയം കണ്ടെത്തുന്ന മൂവരും വീണ്ടും പലായനം ചെയ്യേണ്ടി വരുന്നത് വര്‍ദ്ധിപ്പിച്ച ഇനാം അവിടത്തെ അന്തേവാസികളെ പ്രലോഭിപ്പിച്ചു തുടങ്ങുമ്പോഴാണ്.

മുജീലയുടെ പ്രതിഭ തിളങ്ങി നില്‍ക്കുന്നത് ഇതിവൃത്ത പരിചരണം എന്നതിലേറെ, വിചിത്ര വിശേഷങ്ങളുള്ള, ഫിക് ഷന്റെ നേരിയ ആവരണത്തിനപ്പുറം ആഫ്രിക്കന്‍ സാഹിത്യത്തില്‍ തന്നെ അത്രയൊന്നും അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത, വര്‍ത്തമാന കാല കോംഗോ ജീവിതത്തിന്റെ യഥാതഥവും ഒപ്പം ദുസ്വപ്നാത്മകവുമായ അന്തരീക്ഷത്തെ ഒപ്പിയെടുക്കുന്നതിലും , നോവലിനെ ഒരു ശ്രാവ്യാനുഭവം കൂടിയാക്കുന്നതിലുമാണ്. ഭിന്നസ്വരങ്ങളുടെയും താളങ്ങളുടെയും മേളനമാണ് നോവലിലെങ്ങും- റുംബ, സാല്‍സ, ജാസ്, റോക്ക്, ഫ്യൂഷന്‍ സംഗീത ധാരകള്‍ മാത്രമല്ല യൂറോപ്യന്‍ ക്ലാസിക്കല്‍ സംഗീതവും ഇഴകോര്‍ക്കുന്നുണ്ട് നോവലില്‍ എങ്ങും. സംഭാഷണങ്ങളും സംഭാഷണ ശകലങ്ങളും പലപ്പോഴും അവയുടെ താളങ്ങളെയും ഈണങ്ങളെയും പ്രതിഫലിപ്പിക്കുന്നത് കൊണ്ട് നോവലില്‍ കണ്ണും കാതും പരസ്പരം വെച്ച് മാറുന്നുവെന്ന് ലിങ്ക്സ് കേലി നിരീക്ഷിക്കുന്നു. (M Lynx Qualey - The National Arts & Life, March 28, 2016). മുജീലയുടെ ഭാഷയുടെ സംഗീതത്തെ ഇംഗ്ലീഷിലേക്ക് മനോഹരമായി പരാവര്‍ത്തനം ചെയ്ത റോലാന്‍ഡ് ഗ്ലേസറുടെഫ്രഞ്ച് ഭാഷയില്‍ നിന്നുള്ള മൊഴിമാറ്റത്തെ 'ഒരു വന്‍ വിജയം' എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്നു.

(ആഖ്യാനങ്ങളുടെ ആഫ്രിക്കന്‍ ഭൂപടം, Logos Books, പേജ് 186-193)

To purchase, contact ph.no: 8086126024