(സിംഹള - തമിഴ് സംഘര്‍ഷമായി പൊതുവേ മനസ്സിലാക്കപ്പെട്ട ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധമുഖം അത്യന്തം ഹീനമായ മറ്റൊരു നരമേധത്തിന്റെയും വംശ വെറിയുടെയും കൂടി കഥ ഉള്‍കൊള്ളുന്നുണ്ട്. സംഘര്‍ഷത്തിന്റെ ആദ്യ നാളുകളില്‍ വിശ്വസിച്ചു കൂടെ നിന്ന മുസ്ലിം ജനസാമാന്യത്തിനു നേരെ ഈലം സൈന്യം അരങ്ങേറിയ വംശഹത്യയില്‍ കുറഞ്ഞ ഒന്നുമല്ലാത്ത ആ അത്യാചാരങ്ങളുടെ പരിണിതിയോടൊപ്പം മുസ്ലിം മൌലികതയുടെ സ്ത്രീവിരുദ്ധത എങ്ങനെയാണ് സമുദായത്തിലെ ഉണരുന്ന സ്ത്രീത്വത്തെ ജീവനോടെ അടക്കിയത് എന്നതു കൂടി ഫിക് ഷന്റെ കേന്ദ്ര വിഷയമാക്കുന്ന നോവല്‍ എന്ന നിലയില്‍ ഏറെ പ്രസക്തമാണ് ശര്‍മ്മിള സയ്യിദിന്റെ ‘ഉമ്മത്ത്’ എന്ന നോവല്‍.)
കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടുമുണ്ടായിട്ടുള്ള യുദ്ധ ഭൂമികളില്‍ സ്ത്രീജീവിതം നേരിടേണ്ടി വന്നിട്ടുള്ള ഭീകര ദുരിതങ്ങള്‍ക്ക് ഗാസയും കൊസോവോയും കാശ്മീരും കുര്‍ദിസ്ഥാനും ശ്രീലങ്കയും മ്യാന്മാറും എല്ലാം വേണ്ടുവോളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചുരുക്കം ചിലയിടങ്ങളില്‍ സായുധസംഘര്‍ഷങ്ങളില്‍ ഇരയെന്നതിനപ്പുറം കര്‍തൃത്വവും അവര്‍ക്കുണ്ടായിട്ടുണ്ടെന്നത് പക്ഷെ ആ ഇരവല്‍ക്കരണത്തെ ഒട്ടും ലഘൂകരിച്ചിട്ടില്ല എന്ന് മാത്രമല്ല; അതവരുടെ സഹനത്തെ ഇരട്ടിയാക്കുകയേ ചെയ്തിട്ടുള്ളൂ. ഫലസ്തീന്‍ പോരാളികളും സ്ത്രീകളെ പോരാളികളോ ആത്മഹത്യാ ബോംബര്‍മാരോ ആയി ധാരാളം ഉപയോഗിച്ചിട്ടുണ്ടെങ്കിലും തമിഴ് ഈലം പോരാട്ടത്തിലാണ് സ്ത്രീ സൈനികരെ വന്‍തോതില്‍ ഉപയോഗിക്കപ്പെട്ടത്. യുദ്ധമുന്നണികളില്‍ ബാലസൈനികരായോ വനിതാ ഗറില്ലകളായോ പ്രവര്‍ത്തിക്കേണ്ടി വന്നവര്‍ക്ക് യുദ്ധാനന്തരവും ആയുസ്സ് ബാക്കിയുണ്ടെങ്കില്‍ പൊതുസമൂഹത്തിലേക്കുള്ള തിരിച്ചുവരവ് പ്രായേണ അസാധ്യാമായിത്തെന്നെയിരുന്നു. അവര്‍ ഒന്നുകില്‍ കൊലയാളികളായി കരുതപ്പെട്ടു, അല്ലെങ്കില്‍ നടക്കും ഭൂതങ്ങളായി അകറ്റി നിര്‍ത്തപ്പെട്ടു, അതുമല്ലെങ്കില്‍ മനസ്സിനേറ്റ മുറിവുകളുടെ ഭാരം സമൂഹവുമായി ഇനിയൊരു സമരസപ്പെടല്‍ അവര്‍ക്ക് സ്വയം അസാധ്യമാക്കി. ശ്രീലങ്കന്‍ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീജീവിതങ്ങള്‍ നേരിടേണ്ടിവന്ന സംഘര്‍ഷങ്ങള്‍ ശക്തമായ രീതിയില്‍ ഫിക് ഷനില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയില്‍ പലതും സിംഹള ഭൂരിപക്ഷ പ്രതിനിധാനമായ ദേശീയ സൈന്യവും തമിഴ് വംശജരുടെ പ്രതിനിധാനമായ ഈലവും തമ്മിലുള്ള പോരാട്ടത്തിന്റെ ദുരന്തവും 2009-ലെ അന്തിമ പരിഹാരമായിരുന്ന ആ വംശഹത്യയിലേക്ക് നയിച്ച സംഘര്‍ഷങ്ങളുമാണ് ആഖ്യാന കേന്ദ്രമാക്കിയത്.
മൂന്നു യുവതികളുടെ ഇഴകോര്‍ക്കുന്ന ജീവിതങ്ങളിലൂടെ ശ്രീലങ്കന്‍ സിംഹള - തമിഴ് -മുസ്ലിം സംഘര്‍ഷങ്ങളുടെ അവസാന ദശകങ്ങളും ആ അന്തിമ ഉന്മൂലനത്തിന്റെ തുടര്‍ന്നുള്ള നാളുകളും വരെനീളുന്ന ഇതിവൃത്ത ധാരയാണ് നോവലിനുള്ളത്. സിംഹള ഭൂരിപക്ഷ ഭരണത്തില്‍ തമിഴ് ജനത നേരിടേണ്ടിവന്ന കൊടിയ വിവേചനം അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായി തുടങ്ങിയ ഈലം പ്രസ്ഥാനം അതിന്റെ പ്രഖ്യാപിത നയത്തില്‍ നിന്ന് ബഹുദൂരം അകന്നുപോകുകയും ആരുടെ സംരക്ഷണമാണോ ലക്ഷ്യമായി പ്രഖ്യാപിച്ചത് അവരുടെ ജീവിതം പതിന്മടങ്ങ് ദുസ്സഹമാക്കുംവിധം ഹിംസാത്മകമായി തീരുകയും ചെയ്തത് ചരിത്രം. യുദ്ധത്തില്‍ തങ്ങളുടെ സര്‍വസ്വവും ജീവനും അര്‍പ്പിച്ചവര്‍ക്കുണ്ടായ അനുഭവങ്ങള്‍ നോവലില്‍ വിവരിക്കുന്നുണ്ട്:
“മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന യുദ്ധത്തില്‍ കുറെ പേര്‍ മഹത്തായ മരണം വരിച്ചു; ചിലര്‍ ആത്മഹത്യാ ബോംബര്‍മാരായി, തങ്ങളുടെ പ്രവര്‍ത്തി നൂറുകണക്കിന് മരണങ്ങളില്‍ കലാശിക്കുന്നതിനെ കുറിച്ച് ചിന്തിക്കാതിരിക്കാന്‍ പഠിപ്പിക്കപ്പെട്ട നിലയില്‍, തങ്ങളുടെ ഉടലിന്റെ മധ്യഭാഗത്ത് കെട്ടിവെച്ച ബോംബുമായി, ഒരു ബസ്സിലോ അല്ലെങ്കില്‍ ഏതെങ്കിലും പൊതുസ്ഥലത്തോ ഉള്ള ഒരു സിംഹള ഓഫീസറുടെ വധത്തിനു വേണ്ടി, സ്വയം ആഹൂതി ചെയ്തു; ചിലര്‍ യുദ്ധത്തിന്റെ അന്ത്യഘട്ടങ്ങളില്‍ ചാരന്മാരായി മറുപക്ഷം ചേര്‍ന്നു, ചിലരെ ശ്രീലങ്കന്‍ സൈന്യം കടത്തിക്കൊണ്ടു പോയി, പിന്നീട് അവരെ കുറിച്ച് ആരുമൊന്നും കേട്ടതേയില്ല; ചിലര്‍ കീഴടങ്ങി – പീഡന വിധേയരാകുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്തു; ബാക്കിയായ ചുരുക്കം ചിലര്‍ക്കാണ് ഒരു പുതു ജീവിതത്തിനു ഈ അവസരം നല്‍കപ്പെട്ടത്.”
ഈ പരിണാമത്തിന്റെ കണ്ണാടിയായി നോവലില്‍ കടന്നു കഥാപാത്രമായ തേവെനായി എന്ന യുവതി സാധാരണ കര്‍ഷക കുടുംബത്തിലെ അംഗമാണ്. ശ്രീലങ്കന്‍ സൈന്യത്തിന്റെ കൊടിയ തമിഴ് വിരുദ്ധ അക്രമത്തിന്റെ രണ്ടു സന്ദര്‍ഭങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നതാണ് അവളെ എല്‍ ടി ടി ഇ യില്‍ എത്തിക്കുക. 2003-ല്‍ ഗൂഡമായ തന്ത്രത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കപട സന്ധിയുടെ കാലത്ത് ഗറില്ലാ സൈനികാംഗങ്ങള്‍ക്ക് ഈലം നല്‍കിയ അവധിക്ക് വീട്ടിലേക്ക് മടങ്ങുകയും യുദ്ധം പുനരാരംഭിച്ചപ്പോള്‍ അതിനോടകം തന്റെ മനസ്സില്‍ ഈലത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചു ഉടലെടുത്തിരുന്ന അസംതൃപ്തികളുടെ പശ്ചാത്തലത്തില്‍ പിന്നീട് തിരികെ പോകാതെ ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്തവള്‍. സമൂഹത്തിലേക്കു വീണ്ടും ഇണങ്ങിച്ചേരുക, നിലനില്‍പ്പിന് ഒരു മാര്‍ഗ്ഗം കണ്ടെത്തുക എന്നതൊക്കെയാണ് തേവെനായി നേരിടുന്ന വെല്ലുവിളികള്‍. വെടിനിര്‍ത്തലിന്റെ പുകമറ സൃഷ്ടിച്ചു അതെ സമയം രഹസ്യമായി പാകിസ്ഥാന്റെയും ചൈനയുടെയും സൈനിക സഹകരണം നേടിയെടുത്ത ശ്രീലങ്കന്‍ സൈന്യത്തോടൊപ്പം, തമിഴ് ജനത രക്ഷകരായി കണ്ടിരുന്ന ഇന്ത്യയും കൂട്ടുകൂടിയത് ഈലം പോരാളികളെ ജീവന്‍മരണ യുദ്ധത്തിലേക്ക് എത്തിക്കുകയായിരുന്നു. മറ്റൊരു കേന്ദ്രകഥാപാത്രവും നോവലിലെ ദുഃഖ പുത്രിയുമായ യോഗയാവട്ടെ, മൂന്നു പെണ്‍മക്കളുള്ള ദരിദ്രകുടുംബത്തിന്റെ ഗതികേടുകളില്‍ ജീവിതം കൈമോശം വന്നുപോകുന്നവളാണ്. സൈന്യം ഏതുനിമിഷവും എത്താമെന്ന അവസ്ഥയില്‍ പ്രായപൂര്‍ത്തിയായ മൂത്ത മകളുടെയും തീരെ കുഞ്ഞായ ഇളയ മകളുടെയും സംരക്ഷണം ഉറപ്പു വരുത്താനുള്ള വ്യഗ്രതയില്‍ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി അന്യവീട്ടില്‍ വേലക്കാരിയായി പോകേണ്ടി വന്നവള്‍. ബാലവേലയിലെ ഗാര്‍ഹിക പീഡനത്തിന്റെ തികഞ്ഞ മാതൃകയായ അനുഭവങ്ങളില്‍ മനംമടുത്തു ജീവിതം അവസാനിപ്പിക്കാനുള്ള വഴിയായാണ് അവള്‍ ഒളിച്ചോടി പതിമൂന്നാംവയസ്സില്‍ തമിഴ് പുലിയായിത്തീരുക. എന്നാല്‍ അവിടെ നിനച്ചിരിക്കാത്ത പ്രണയം പോലും അവളുടെ അനാഥത്വത്തിലേക്ക് ജീവിതാശയായിത്തീരുന്നു. അനിവാര്യമായ ദുരന്തത്തില്‍ അത് ഒടുങ്ങുകയും ചെയ്യുന്നു. 2009-ലെ അന്തിമയുദ്ധത്തിനു ശേഷം അന്താരാഷ്‌ട്ര സമൂഹത്തിനു മുന്നില്‍ തമിഴ് പുലികളോട് മാന്യമായാണ് പെരുമാറിയത് എന്ന നാട്യം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി വിട്ടയപ്പെടുന്ന ചുരുക്കം വികലാംഗരില്‍ ഉള്‍പ്പെടുന്നതിലൂടെ യോഗ വീട്ടില്‍ തിരികെയെത്തുക സമ്പൂര്‍ണ്ണ നിരാസത്തിലേക്കാണ്. വത്സല അക്കയ്ക്ക് അവളെന്നും ചതുര്‍ത്തിയായിരുന്നു; ഏട്ടത്തിയെ ആശ്രയിച്ചു കഴിയുന്ന അമ്മയ്ക്കും. അനിയത്തി കല മാത്രം അവളുടെ ദൈന്യം മനസ്സിലാക്കുന്നുവെങ്കിലും അവളുടെ വിവാഹം തീരുമാനിക്കപ്പെടുന്നതോടെ വികലാംഗയും മുന്‍ തമിഴ് പുലിയുമായ അപശകുന ജന്മത്തെ ഒഴിവാക്കിക്കിട്ടാന്‍ ചേച്ചിയും അമ്മയും കോപ്പ് കൂട്ടുന്നു. സ്നേഹമയിയായ അനിയത്തിയുടെ സഹായത്തോടെ അവള്‍ക്ക് അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗം തുറന്നു കിട്ടുന്നുവെങ്കിലും ദുരന്തം വിധിക്കപ്പെട്ട ഒരു കഥാപാത്രമായി നോവലിസ്റ്റ് യോഗയെ കണ്ടെടുക്കുന്നത് ഹൃദയ ദ്രവീകരണവും ആത്യന്തിക വിശദീകരണങ്ങള്‍ ഇല്ലാത്തതുമായ ഒരന്ത്യത്തിലേക്ക് അവളെ വലിച്ചിഴക്കുന്നു.
ഈലം പോരാട്ടത്തിന്റെ മുസ്ലിം വിരുദ്ധത
എന്നാല്‍, ജനസംഖ്യയില്‍ തമിഴ് വംശജരോളം വരില്ലെങ്കിലും ഗണ്യമായ ഒരു വിഭാഗം തന്നെയായിരുന്ന മുസ്ലിം ജനത അനുഭവിക്കേണ്ടിവന്ന ദുരന്തങ്ങള്‍ ബഹുമുഖമായിരുന്നു. കലാപത്തിന്റെ ആദ്യനാളുകളില്‍ ഈലം പോരാളികളോടൊപ്പം നിലയുറപ്പിച്ച മുസ്ലിം വിഭാഗം അതിക്രൂരമായി ഒറ്റിക്കൊടുക്കപ്പെപ്പെട്ടു. സിംഹള ഭൂരിപക്ഷ സൈന്യം തമിഴരോട് എന്ത് ചെയ്തുവോ അത് തമിഴ് സൈന്യം മുസ്ലിം ന്യൂനപക്ഷത്തോട് ചെയ്തു; അതിന്റെ എല്ലാ ഭീകരതയിലും നെറികേടിലും. അവരുടെ ഫലഭൂയിഷ്ടമായ മണ്ണും സര്‍വ്വസ്വവും തട്ടിയെടുക്കപ്പെടുകയും അവര്‍ കിടപ്പാടം നഷ്ടപ്പെട്ട അഭയാര്‍ഥികള്‍ ആയിത്തീരുകയും ചെയ്തു. അവരുടെ സ്ത്രീകളുടെ മാനം ഒരു യുദ്ധ ലക്ഷ്യമായിത്തീര്‍ന്നു. ഒരര്‍ഥത്തില്‍, തമിഴ് ജനത വലിയ ശത്രുവില്‍ നിന്ന് നേരിട്ട ദുരന്തത്തേക്കാള്‍ ഭീകരമായിരുന്നു മുസ്ലിം ജനതയുടെ വിധി: അന്താരാഷ്‌ട്ര സമൂഹത്തിനു മുന്നില്‍ യുദ്ധ നിയമങ്ങളുടെ നാട്യമെങ്കിലും തുടരാന്‍ നിര്‍ബന്ധിതരായിരുന്ന ശ്രീലങ്കന്‍ സൈന്യം പേരിനെങ്കിലും നില നിര്‍ത്തിയ അഭയാര്‍ഥികേന്ദ്രങ്ങള്‍ തമിഴ് സിവിലിയന്മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍, അത്തരം നിയമങ്ങളുടെ നാട്യമൊന്നും ഈലം വിമത സര്‍ക്കാരിന്റെ ബാധ്യതയായിരുന്നില്ലാത്തത് കൊണ്ട് മുസ്ലിം ജനത അക്ഷരാര്‍ത്ഥത്തില്‍ കാലുകുത്താന്‍ ഇടമില്ലാത്തവരായിത്തീര്‍ന്നു. തമിഴ് ഈലം ആധിപത്യം ഉറപ്പിച്ച വടക്ക് കിഴക്കന്‍ മേഖലകളില്‍ വംശഹത്യയില്‍ കുറഞ്ഞ ഒന്നുമായിരുന്നില്ല മുസ്ലിം ജനത തമിഴ് പോരാളികളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. ശ്രീലങ്കന്‍ ചരിത്രത്തില്‍ ആദ്യമായി വംശീയ ശുദ്ധീകരണം എന്ന ആശയം നടപ്പിലാക്കപ്പെട്ടത് മുസ്ലിം ജനതക്കെതിരെ എല്‍ ടി ടി ഇ യുടെ മേധാവിത്തത്തില്‍ ആയിരുന്നു എന്ന് നോവലില്‍ നിരീക്ഷണമുണ്ട്.
“ഈലം അധികൃതരുടെ പൂര്‍ണ്ണ സമ്മതത്തോടെ അവരോടു അതിക്രമങ്ങള്‍ നടത്തപ്പെട്ടു. പിഴുതെറിയപ്പെട്ട മുസ്ലിം ജനതക്ക് പലായനം ചെയ്യാന്‍ ഇടമുണ്ടായിരുന്നില്ല, അവര്‍ക്ക് വേണ്ടി ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചില്ല. .... വടക്ക് നിന്ന് അനുരാധപുരത്തേക്കും പുട്ടലത്തെക്കും ഉള്ള റോഡുകള്‍ ആയിരക്കണക്കിന് മുസ്ലിം അഭയാര്‍ഥികളെ കൊണ്ട് നിറഞ്ഞു. ഇത് ശ്രീലങ്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും നിരാശാജനകവും മറക്കാനാവാത്തതുമായ ഒരു സന്ദര്‍ഭമായിരുന്നു.”
മുസ്ലിം ജനതക്കിടയിലെ സ്ത്രീകളാവട്ടെ ഈ നിലയില്ലാക്കയത്തിനൊപ്പം അടിമുടി പുരുഷ കേന്ദ്രിതമായ മതസമൂഹത്തില്‍ യാഥാസ്ഥിതിക- മൗലികവാദ കാര്‍ക്കശ്യങ്ങളുടെ അധിക ഭാരംകൂടി ചുമക്കേണ്ടിയും വന്നു. ഈ പരിതോവസ്ഥയെ കൂടി ഫിക് ഷന്റെ കേന്ദ്ര പ്രമേയമാക്കി അവതരിപ്പിക്കുന്ന നോവല്‍ എന്ന നിലയില്‍ ശര്‍മ്മിള സയ്യിദിന്റെ ‘ഉമ്മത്ത്’ ശ്രീലങ്കന്‍ സംഘര്‍ഷം അടയാളപ്പെടുത്തുന്ന കൃതികളില്‍ വേറിട്ട് നില്‍ക്കുന്നു.
തേവെനായിക്ക് ബുക്ക് ബൈണ്ടിംഗ് പരിശീലനം നടത്താന്‍ അവസരം തേടി തവക്കുല്‍ സമീപിക്കുന്ന മുസ്ലിമായ പ്രസ്സുടമയുടെ പ്രതികരണത്തിലാണ് ഈലം സൈന്യം നടത്തിയ മുസ്ലിം വിരുദ്ധ ഹിംസയുടെ ശക്തമായ ചിത്രം ഏറ്റവും തെളിച്ചത്തോടെ ആവിഷ്കൃതമാകുന്നത്. ഒരു മുന്‍ തമിഴ് പുലിയെ അപ്രന്റീസ് ആക്കുന്നതുതന്നെ അയാള്‍ക്ക് അചിന്ത്യമാണ്:
“ഇവരാണ് ഒരു കാരണവുമില്ലാതെ നമ്മെ ദ്രോഹിച്ചവര്‍. അവര്‍ ഉറങ്ങിക്കിടന്ന ഗ്രാമങ്ങളില്‍ ഒരു ദാക്ഷീണ്യവുമില്ലാത്ത കൂട്ടാക്കൊല നടത്തി. അവര്‍ മനുഷ്യത്വവിരുദ്ധമായ ക്രൂരതകള്‍ അരങ്ങേറി. നിസ്സഹായരായ സ്ത്രീകളുടെ യോനികളിലേക്ക് ബയനറ്റുകള്‍ കുത്തിയിറക്കി അവരെ കീറിപ്പിളര്‍ത്തി. ഗര്‍ഭിണികളുടെ വയറു കീറി ഭ്രൂണഹത്യ നടത്തി, ഈ സമയത്തെല്ലാം അവര്‍ ഭ്രാന്തമായി അലറിച്ചിരിച്ചു. അവരുടെ തീവ്രവാദവും മൌലികവാദവും പരിധിയില്ലാത്തതായിരുന്നു. മുസ്ലിം ജനസാമാന്യം ഇരയാക്കപ്പെട്ടു.. കട്ടാംകുടി പള്ളിയില്‍ നിസ്കരിച്ചു കൊണ്ടിരുന്ന പുരുഷന്മാരെ അവര്‍ കൊന്നൊടുക്കി.”
എന്നാല്‍, ഒരു വിഭാഗം തീവ്രവാദികളുടെ പ്രവര്‍ത്തിക്കു തമിഴ് ജനതയെ ഒന്നടങ്കം ഉത്തരവാദിയായി കാണുന്നത് ശരിയല്ലെന്ന വിവേകമാണ് തവക്കുല്‍ ഉയര്‍ത്തിപ്പിടിക്കുക.
“നമുക്ക് യാഥാര്‍ത്ഥ്യ ബോധമുണ്ടായേ പറ്റൂ. ഈലം പ്രസ്ഥാനത്തിന്റെ തുടക്കത്തില്‍ മുസ്ലിം യുവത അതില്‍ ചേര്‍ന്ന് പോരാളികളായി എന്നത് നമുക്ക് നിഷേധിക്കാനാവില്ല. പ്രസ്ഥാനം നടത്തിയ അക്രമങ്ങള്‍ അത് മാനസികമായി രോഗബാധിതമായിരുന്നപ്പോള്‍ സംഭവിച്ചതായി നാം കണക്കാക്കണം. അത്തരം തെറ്റായ പ്രവര്‍ത്തികളുടെ പേരില്‍ ഒരു സമൂഹം മറ്റൊന്നിനെ വെറുക്കാന്‍ തുടങ്ങുകയും പ്രതികാരം ആഗ്രഹിക്കുകയും ചെയ്യുമ്പോള്‍ അത് സമൂഹത്തിന്റെ പുരോഗമനേച്ഛയുടെ അസ്ഥിവാരത്തെ തന്നെ നശിപ്പിക്കും.”
ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്റെ ഇളയച്ഛനായ ഹംസയുടെ കരള്‍ ചവച്ചരച്ച ഹിന്ദിന് പ്രവാചകന്‍ മാപ്പുകൊടുത്ത കാര്യം അവള്‍ അയാളെ ഓര്‍മ്മിപ്പിക്കുന്നു. തവക്കുലിന്റെ ദര്‍ശനം വംശീയതയുടെ അതിരുകള്‍ മാത്രമല്ല ഭേദിക്കുന്നത്. സമാനസംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നുള്ള നോവലുകളിലും ഇതേ തരം തിരിച്ചറിവുകള്‍ ഉള്ള കഥാപാത്രങ്ങളെ കണ്ടെത്താനാവും. ഫലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ലബനീസ് നോവലിസ്റ്റ് എല്യാസ് ഖൌറിയുടെ ‘സൂര്യകവാടം’ എന്ന നോവലിലെ മുഖ്യകഥാപാത്രമായ നാഹില തന്നെ ക്രൂരപീഡനത്തിനു വിധേയയാക്കുന്ന ഇസ്രായേലി അധികൃതരെ ഓര്‍മ്മിപ്പിക്കുന്നുണ്ട്: നിങ്ങള്‍ പീഡിപ്പിക്കപ്പെട്ടു എന്നത് കൊണ്ട് നിങ്ങള്‍ ഞങ്ങളെക്കാള്‍ മികച്ചവരാണ് എന്നര്‍ത്ഥമില്ല. ഫലസ്തീനിയാണ് ഇന്നത്തെ ജൂതന്‍. ഇന്നത്തെ ജൂതനോട് അന്നത്തെ പീഡിതന്‍ എന്ത് ചെയ്യും എന്ന് നമുക്കിനി കാണാം. റുവാണ്ടന്‍ വംശഹത്യയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഏറ്റവും ശ്രദ്ധേയമായ നോവലായ സെനഗലീസ് എഴുത്തുകാരന്‍ ബുബാക്കര്‍ ബോറിസ് ഡിയോപ്പിന്റെ ‘മുറംബി: ദി ബുക്ക് ഓഫ് ബോണ്‍സ്’ എന്ന കൃതിയിലെ വയോധികനായ സെമിയോന്‍ ഹബിനേസയെന്ന കഥാപാത്രം ഓര്‍മ്മിപ്പിക്കുന്നുണ്ട്: പീഡിപ്പിക്കപ്പെട്ടവര്‍ക്ക് അവരുടെ അനുഭവം ഒരു പ്രത്യേക ശ്രേഷ്ഠതയും നല്‍കുന്നില്ല. അവര്‍ അവരെ പീഡിപ്പിച്ചവരെക്കാള്‍ ഉന്നതരുമല്ല.
“ഒരു ദേശത്തിന് രക്തച്ചൊരിച്ചില്‍ മതിയാക്കാനുള്ള ഒരു സമയം വരാനുണ്ട്. ആ നിമിഷം എത്തിക്കഴിഞ്ഞു എന്ന് നിങ്ങളില്‍ ഓരോരുത്തരും മനസ്സിലാക്കിയേ തീരൂ. നിങ്ങില്‍ ആരെങ്കിലും അതിനു വേണ്ടത്ര ശക്തരല്ലെങ്കില്‍ അയാള്‍ ഒരു മൃഗത്തേക്കാള്‍ കൊള്ളാവുന്നവനല്ല.”
-(Murambi: the Book of Bones by Boubacar Boris Diop/ Fiona Mc Laughlin – Page: 164)
ഇതൊക്കെയാണെങ്കിലും, മുസ്ലിം – തമിഴ് ജനതകള്‍ക്കിടയിലെ പരസ്പര വിശ്വാസമില്ലായ്മ ഒന്നോ രണ്ടോ തലമുറകള്‍ കൊണ്ട് ഇല്ലാതാവുമോ എന്ന് അവള്‍ക്കുറപ്പില്ല. ദുരന്തവിധികള്‍ പേറുന്നവയെങ്കിലും പ്രണയം ജീവിതാസക്തിയുടെ, യുദ്ധത്തിനും വിഭജനങ്ങള്‍ക്കുമപ്പുറം പോകുന്ന വികാരമായാണ് തേവെനായിയെയും യോഗയേയും തേടിയെത്തുക. പ്രസ്ഥാനത്തിന്റെ ഉന്നത ഉത്തരവാദിത്തങ്ങളുമായി അപ്രത്യക്ഷനാകുന്ന സതൂരിയന്‍ നല്‍കുന്ന കരുത്താണ് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ യോഗയെ പ്രചോദിപ്പിക്കുന്നതെങ്കില്‍ ചമിന്ദയോട് തോന്നുന്ന അനുരാഗം തന്റെ പോരാട്ടത്തിന്റെ കേന്ദ്ര ബിന്ദു തന്നെയായ സിംഹള- തമിഴ് വിലക്കുകളെ തന്നെ അപ്രസക്തമാക്കുന്നത് തേവെനായി മനസ്സിലാക്കുന്നുണ്ടെങ്കിലും അതുകൊണ്ട് ജീവിതം തിരിച്ചു പിടിക്കാന്‍ കഴിയാത്തവിധം നിസ്സഹായയാണ്.
സമുദായത്തിന്റെ സ്ത്രീവിരുദ്ധ മുഖങ്ങള്‍
ഗറില്ലാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വികലാംഗരായിത്തീരുന്ന യോഗയുടെയും തേവെനായിയുടെയും പോലുള്ളവരുടെ ജീവിതങ്ങളെ പ്രസന്നമായ രീതിയില്‍ മാറ്റിയെടുക്കുക ബാത്തിക്കലോവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകയും യുദ്ധ ഇരകളായ സ്ത്രീകളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മുഴുസമയ സന്നദ്ധ സേവികയുമായ തവക്കുല്‍ എന്ന സമ്പന്ന മുസ്ലിം യുവതിയാണ്. എല്‍ ടി ടി ഇ – മുസ്ലിം ബന്ധത്തിന്റെ സങ്കീര്‍ണ്ണതകളും യാഥാസ്ഥിതിക- മൌലിക വാദ മുസ്ലിം സമൂഹത്തിലെ സ്വാതന്ത്ര്യ ബോധമുള്ള പെണ്‍കുട്ടി നേരിടേണ്ടി വരുന്ന ജീവിത പ്രതിസന്ധികളും തീക്ഷണമായി അവതരിപ്പിക്കാന്‍ നോവലിസ്റ്റ് കണ്ടെടുക്കുന്ന ആത്മാംശമുള്ള പാത്രസൃഷ്ടിയാണ് തവക്കുല്‍. അവള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ ബഹുമുഖമാണ്. ഉന്നത ജീവിതബോധ്യങ്ങളുള്ള വാപ്പയും ഉമ്മയും മൂന്ന് അനിയത്തിമാരും പിന്തുണയുമായി കൂടെയുണ്ടെങ്കിലും ആസിഡ് ആക്രമണം പോലുള്ള കൊടിയ ഭീഷണികളും വീടിനു നേരെ നേരിട്ടുള്ള ആക്രമണങ്ങളും പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നതോടെ അവരും പതറിപ്പോകുന്നുണ്ട്. പ്രണയപൂര്‍വ്വം പിന്‍തുടര്‍ന്നു വന്ന കാമുകന്‍ വിവാഹാലോചനയുടെ ഘട്ടത്തില്‍ തികഞ്ഞ പുരുഷ മേധാവിത്ത കാര്‍ക്കശ്യങ്ങള്‍ നിബന്ധനയായി വെക്കുന്നതും വിവാഹം മുടങ്ങുന്നത് ഉമ്മയുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്നതും അവളെ മഥിക്കുന്നുണ്ട്. ഒരു ഘട്ടത്തില്‍ എല്ലാ സാമൂഹ്യ പ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചു വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ സ്വയം കുഴിച്ചുമൂടാന്‍ തവക്കുല്‍ തയ്യാറാകുന്നതിനു പിന്നില്‍ മതതീവ്രവാദികളുടെ ഭീഷണി മാത്രമല്ല എന്നതും ശ്രദ്ധേയമാണ്. അവളുടെ പ്രവത്തനങ്ങളെ വലിയ വായില്‍ പ്രകീര്‍ത്തിച്ചു വന്ന സഹ ആക്റ്റിവിസ്റ്റുകള്‍ സന്ദിഗ്ധ ഘട്ടത്തില്‍ പുരുഷമേധാവിത്ത നിലപാടിലേക്ക് കൂറുമാറുകയും കൈമലര്‍ത്തുകയും ചെയ്യുന്നതും ഞെട്ടലോടെയാണ് അവള്‍ തിരിച്ചറിയുക. എന്‍ ജി ഓ മേധാവികള്‍ ചിട്ടയോടെയുള്ള അവളുടെ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രശംസിച്ചതില്‍ അസൂയ മൂത്ത സഹപ്രവര്‍ത്തകര്‍ അത് കിടപ്പറ പങ്കിട്ടതിന്റെ വിലയാണെന്നു പരിഹസിക്കുന്നത് നാട്ടില്‍ സദാചാര വാദികളുടെ അതേ നിലവാരത്തിലാണ് എന്നത് പുരുഷാധിപത്യ ലിംഗ-ലൈംഗിക മുന്‍വിധികളില്‍നിന്ന് അവര്‍പോലും മുക്തരല്ല എന്ന് കാണിക്കുന്നുണ്ട്. സംഭവം തവക്കുലിനെ തളര്‍ത്തുന്നുണ്ടെങ്കിലും തന്റെ സ്വതേ അപകടകരമായ അവസ്ഥയില്‍ ആരുടേയും പുതിയ ശത്രുത നേടിയെടുക്കരുത് എന്ന ഉദ്ദേശത്തോടെ അവര്‍ക്കെതിരില്‍ നടപടിയെടുക്കരുതെന്ന് അവള്‍ അപേക്ഷിക്കുന്നുണ്ട്. എന്നാല്‍, അത് തന്റെ വ്യക്തിത്വത്തിനുകൂടി എതിരെയുള്ള ആരോപണമാണെന്ന നിലപ്പാടില്‍ മേധാവി ബന്ധപ്പെട്ട രണ്ടുപേരെ പിരിച്ചുവിടുന്നതും അവര്‍ തുടര്‍ന്ന് നടത്തുന്ന പ്രതികാര നടപടികളുമാണ് സുവാഷ് എന്ന ആക്റ്റിവിസ്റ്റ് സുഹൃത്തിന്റെ സഹായത്തോടെ നേപ്പാളിലേക്ക് നാടുവിടേണ്ട സാഹചര്യത്തിലേക്ക് തവക്കുലിനെ എത്തിക്കുക; വിലയായി സ്നേഹമയിയായ വാപ്പയുടെ രക്തസാക്ഷിത്തത്തിലേക്കും. ഇസ്ലാമികപൂര്‍വ്വ ജാഹിലിയ്യാ കാലഘട്ടത്തില്‍ പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടുമായിരുന്നെങ്കില്‍ ഇന്ന് ഭ്രൂണഹത്യ ക്രിമിനല്‍ കുറ്റമായിരിക്കെ, മുസ്ലിം സമൂഹം അദൃശ്യമായ ചങ്ങലകള്‍ കൊണ്ട് ജീവിതകാലം മുഴുവന്‍ അവളെ വരിഞ്ഞു മുറുക്കുകയാണ് എന്ന് തവക്കുല്‍ കണ്ടെത്തുന്നുണ്ട്.
“ഇവരെ പോലുള്ള ഇടുങ്ങിയ മനസ്സുള്ള അല്‍പ്പന്മാരായ സ്ത്രീ വിദ്വേഷികള്‍ സ്ത്രീയെ ഒരു വിലകുറഞ്ഞ വസ്തുവായി കണക്കാക്കി. ലൈംഗിക താല്‍പര്യങ്ങളില്ലാതെ ഒരു പുരുഷന് ഒരു സ്ത്രീയുടെ നേട്ടങ്ങളെ അഭിനന്ദിക്കാനാവില്ല എന്ന് അവര്‍ വിചാരിച്ചു.”
തേവെനായിയെയും യോഗയേയും പോലെ പലര്‍ക്കും ജീവിതത്തിലേക്ക് തിരികെ വരാനുള്ള വഴികാട്ടിയാവുന്ന പെണ്‍കൊടിയുടെ നിസ്സഹായമായ അവസ്ഥ നോവല്‍ മുന്നോട്ടു വെക്കുന്ന ചോദ്യത്തിന്റെ മര്‍മ്മമാണ്. ഉദ്ദേശശുദ്ധിയും ത്യാഗമനോഭാവവും മാത്രം മതിയാവില്ല ഒരു പെണ്‍കുട്ടിക്ക് സമൂഹത്തില്‍ സ്വതന്ത്ര ജീവിയായി ജീവിക്കാനും പ്രവര്‍ത്തിക്കാനും. സമൂഹം ഓരോ വളവിലും ഓരോ തിരിവിലും അവളെ വേട്ടയാടുക തന്നെ ചെയ്യും. സിംഹളീസ് സൈന്യം നടമാടിയ അത്യാചാരങ്ങളെയും തമിഴ് വിരുദ്ധ വംശഹത്യയെയും അതിനു ബദലായി എല്‍ ടി ടി ഇ നടത്തിയ ചെറുത്തുനില്‍പ്പും തത്ഫലമായ ഹിംസാത്മകതയും അനാവരണം ചെയ്യപ്പെടുമ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ യുദ്ധമേഖലയിലെ സ്ത്രീജീവിതത്തിന്റെ പ്രതിസന്ധികള്‍, തീര്‍ന്നാലും തീരാത്ത വേട്ടയാടലായി അതവരുടെ ജീവിതങ്ങളെ ഉഴുതുമറിച്ചതെങ്ങനെ എന്നീ കഥകള്‍ പറയപ്പെടെണ്ടതുണ്ടെന്ന ബോധ്യമാണ് യുവനോവലിസ്റ്റിനെ പുസ്തക രചനയിലെക്കെത്തിച്ചതെന്നു അവര്‍ത്തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഒരു ഫെമിനിസ്റ്റ് പ്രതിഷേ രചന എന്നതിനപ്പുറം എല്‍ ടി ടി ഇ യുടെ നൈതിക പാപ്പരത്തവും ഇസ്ലാമിന്റെ സ്ത്രീവിരുദ്ധതയും അതിസൂക്ഷ്മമായി ആവിഷ്കരിക്കുന്ന ഒന്നായി പുസ്തകം മാറുന്നുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത് കൃത്യമാണ്. (N Kalyan Raman - https://scroll.in/article/899290/..).
ആദര്‍ശ ചിത്രവും ദുരന്ത വിധികളും
“മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വംശീയ, ഭാഷാ സ്വത്വങ്ങളുമായി ബന്ധമൊന്നുമില്ല” എന്ന നിലപാടാണ് തവക്കുലിനുള്ളത്. യുദ്ധം സൃഷ്ടിച്ച ശാരീരികവും മാനസികവുമായ ദുരന്തങ്ങള്‍ പേറുന്ന സ്ത്രീകളെ അവരുടെ വംശീയ- മത പശ്ചാത്തലങ്ങള്‍ പരിഗണിക്കാതെ സഹായിക്കുകയും എല്‍ ടി ടി ഇ ക്യാമ്പുകളില്‍ നിന്ന് അവര്‍ പഠിച്ചെടുത്ത കൈത്തൊഴിലുകള്‍ പോലുള്ളവയും ഒപ്പം എന്‍ ജി ഓ സഹായങ്ങളും ഉപയോഗപ്പെടുത്തി അവരെ പുനരധിവസിപ്പിക്കുകയും കൃതൃമ കാലുകള്‍ സംഘടിപ്പിച്ചു നല്‍കി സഹായിക്കുകയും ചെയ്യുകയും എല്ലാവരുടെയും സ്നേഹാദരങ്ങള്‍ പിടിച്ചു പറ്റുകയും ചെയ്യുന്ന തവക്കുലിന്റെ പാത്ര സൃഷ്ടിയില്‍ അമിതമായ ആദര്‍ശവല്‍ക്കരണം കടന്നുകൂടുന്നതായി ചിലപ്പോഴൊക്കെ അനുഭവപ്പെടാം. പ്രശ്നങ്ങളുള്ളവരെല്ലാം തവക്കുലില്‍ ഒരു രക്ഷകയെ കാണുന്നതും അവരുടെ പ്രശ്നങ്ങളൊക്കെ താരതമ്യേന അനായാസകരമായ രീതിയില്‍ അവള്‍ക്ക് പരിഹരിക്കാനാവുന്നതും ഏതാണ്ടൊരു ആഗ്രഹചിന്തയുടെ തലത്തിലേക്ക് അതിവൈകാരികമാകുന്നുവോ എന്ന് തോന്നിപ്പോകുന്ന ഘട്ടങ്ങളുണ്ട്. ചേച്ചിക്കുവേണ്ടി തവക്കുലിനെ സമീപിക്കുന്ന കലയും തേവെനായിയും അവളെ അങ്ങേയറ്റത്തെ സ്നേഹബഹുമാനങ്ങളോടെ കാണുന്നു. തവക്കുലിന്റെ കുടുംബത്തില്‍ തേവെനായിയും യോഗയും അനുഭവിക്കുന്ന സുരക്ഷിതത്വവും തുല്യ പരിഗണനയും ഇരുവരെയും അത്ഭുതപ്പെടുത്തുന്നുമുണ്ട്. ഇതേ കുടുംബം ഭാഗമായ മുസ്ലിം സമൂഹം എന്തുകൊണ്ട് തവക്കുലിനെ പോലെ കന്മഷമറ്റ ഒരു യുവതിയെ ഇല്ലാക്കഥകളിലൂടെ വേട്ടയാടുന്നു എന്നത് അവര്‍ക്ക് ദുരൂഹമായി തോന്നുന്നുമുണ്ട്. യോഗയുടെ അന്ത്യം ഒരു വേള ഇത്തിരി അതിനാടകീയമായി തോന്നാമെങ്കിലും ആത്മഹത്യാവാഞ്ച തുടക്കം മുതലേ അവളില്‍ പ്രകടമായിരുന്നു എന്നതും എല്ലാവരുടെ കണ്ണിലും അപശകുനമായിപ്പോയതിന്റെ അപകര്‍ഷം അവളില്‍ രൂഡമായിരുന്നു എന്നതും പിതൃതുല്യനായി സ്നേഹിച്ച അമ്മാവന്‍ തന്റെ ശാരീരിക ദൗര്‍ബല്യം മുതലെടുത്ത് നടത്തുന്ന കടന്നുകയറ്റം സൃഷ്ടിക്കുന്ന സമ്പൂര്‍ണ്ണ മനോബലത്തകര്‍ച്ചയുടെ നിമിഷത്തില്‍ ആര്‍ക്കും വേണ്ടാത്തതെന്നു അവള്‍ക്ക് തോന്നുന്ന ജീവിതം അവസാനിപ്പിക്കാന്‍ തെരഞ്ഞെടുക്കുന്നതിനെ അസ്വാഭാവികമല്ലാതാക്കുന്നുണ്ട്. എന്നാല്‍ ബലാല്‍ക്കാര വിധേയയാകുന്ന പെണ്‍കുട്ടി സ്വയം പതിതയായിക്കാണുന്നതിലെ സ്ത്രീ വിരുദ്ധത, കന്യകാത്വത്തെ സംബന്ധിച്ച യാഥാസ്ഥിതിക ബോധ്യങ്ങളുടെ ബാധയായി നോവലില്‍ ഇടംപിടിക്കുന്നത് ഒരു പുറകോട്ടു പൊക്കല്ലേ എന്നും സന്ദേഹിക്കാം. നോവലിലെ മറ്റൊരു വിമര്‍ശക വിഷയം വിവര്‍ത്തനത്തിലെ (ഗീതാ സുബ്രമണ്യന്‍) അതി സാഹിത്യ പരതയാണ്. പലപ്പോഴും ഇത് സംഭാഷണ ഭാഗങ്ങളിലെ സ്വാഭാവിക വ്യതിരിക്തതകളെ ഇല്ലാതാക്കുകയും കഥാപാത്രങ്ങളില്‍ സ്വാഭാവികമായി ഉണ്ടാവേണ്ട ഭാഷണ വൈചിത്ര്യങ്ങളെ ഏകതാനമാക്കിത്തീര്‍ക്കുകയും ചെയ്യുന്നുവെന്നു തമിഴ് മൂലം വായിച്ചിട്ടില്ലാത്തവര്‍ക്കും അനുഭവപ്പെടാം.
(ആഖ്യാനങ്ങളുടെ ഭൂഖണ്ഡങ്ങള്‍: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്: പേജ് 348-355)
