2009 -ല്‍, 'അലയുന്ന നക്ഷത്രം' എന്ന ലെ ക്ലെസിയോ നോവല്‍ പുന പ്രസിദ്ധീകരിക്കുമ്പോള്‍ ഗാര്‍ഡിയന്‍ പത്രത്തിന്റെ പുസ്തക നിരൂപണക്കുറിപ്പില്‍ അലിസണ്‍ കെല്ലി ഇങ്ങനെ കുറിച്ചു: “'അലയുന്ന നക്ഷത്രം പുനപ്രസിദ്ധീകരിക്കുന്നത് ഇസ്രയേലിന്റെ ഗാസ ആക്രമണത്തിന്റെ അതേ സന്ദര്‍ഭത്തിലാണ് എന്നതില്‍ ഒരു ഇരുണ്ട യാദൃശ്ചികതയുണ്ട്. ലെ ക്ലെസിയോയുടെ നോവല്‍, ഇസ്രായേല്‍ രാഷ്ട്ര പ്രഖ്യാപനത്തെ തുടര്‍ന്ന് രണ്ടു തരുണികളുടെ പരസ്പരം ഇഴ കോര്‍ക്കുന്ന വിധിയെ ചുറ്റിപ്പറ്റിയുള്ള ഹൃദയദ്രവീകരണ ക്ഷമമായ കഥയാണ്. ഹോളോകാസ്റ്റ് അതിജീവിച്ച്, പുതുതായുണ്ടായ ജൂത രാഷ്ട്രമായ ഇസ്രയേലിലെത്തുന്ന എസ്തര്‍ എന്ന പ്രവാസി യുവതിയും മാതൃ രാജ്യം വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് തിരസ്കൃതയായ നജ്മ എന്ന പലസ്തീനിയന്‍ യുവതിയും. ഈ പ്രദേശത്തിന് വേണ്ടിയുള്ള കടുത്ത യുദ്ധത്തെ നോവലിലെ ഒരു യുവ ഇസ്രയേലി ഭടന്‍ 'ഒടുവിലത്തെ യുദ്ധം, ഏറെട്സ് ഇസ്രായേല്‍ ജൂതന്മാര്‍ക്കു സ്വന്തമാക്കാനുള്ള നിര്‍ണ്ണായക യുദ്ധം' എന്ന് വിവരിക്കുന്നുണ്ട്. എന്നാല്‍ ജൂത അധിനിവേശവും തുടര്‍ന്നുണ്ടായ പലസ്തീന്‍ കുടിയൊഴിപ്പിക്കലുമായി അറുപതു വര്‍ഷങ്ങള്‍ക്കു ശേഷവും ആ യുദ്ധം തുടരുന്നു.”
ഫ്രഞ്ച് - മോറീഷ്യന്‍ ഇരട്ട പൗരത്വമുള്ള ഴാങ്ങ് മറീ- ഗിസ്റ്റാഫ് ലേ ക്ലെസിയോയ്ക്ക് സാഹിത്യത്തിനുള്ള 2008 -ലേ നോബല്‍ സമ്മാനം നല്‍കുമ്പോള്‍, സ്വീഡിഷ് അക്കാഡമി നടത്തിയ നിരീക്ഷണത്തില്‍ "പുതിയ പുറപ്പാടുകളുടെ എഴുത്തുകാരന്‍, കാവ്യാത്മക സാഹസിക യാത്രകളുടെയും വികാര തീവ്രതയുടെയും, നിലനില്‍ക്കുന്ന സംസ്കൃതിയുടെ പരിധികള്‍ക്കപ്പുറം പോവുന്ന മാനവികതയുടെയും പര്യവേക്ഷകന്‍” എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അന്തരീക്ഷ സൃഷ്ടിയില്‍, വിശേഷിച്ചു മരുഭൂമിയുടെ ചിത്രീകരണത്തില്‍ അദ്ദേഹത്തിന്റെ ഊന്നല്‍ അക്കാഡമി എടുത്തു പറയുകയുണ്ടായി. യുദ്ധത്തിന്റെയും നാടുകടത്തലിന്റെയും പാലായനത്തിന്റെയും കഥകള്‍ പറയുന്ന "അലയുന്ന നക്ഷത്രം (Wandering Star) ", എന്ന കൃതിയിലൂടെ ലേ ക്ലെസിയോയുടെ ഉത്കണ്ഠകളിലേക്ക് കണ്ണോടിക്കാനാവും.
ചരിത്രത്തിന്റെ മുഖാമുഖങ്ങള്‍
രണ്ടു യുവതികള്‍. ഒരാള്‍ ഹിറ്റ്‌ലറുടെ 'അന്തിമപരിഹാര (The Final Solution)'ത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു വാഗ്ദത്ത ഭൂമിയിലേക്ക് പാലായനം ചെയ്യുന്നു. മറ്റൊരാള്‍ അതേ വാഗ്ദത്ത ഭൂമിയുടെ സൃഷ്ടിയെ തുടര്‍ന്ന് പറിച്ചെറിയപ്പെട്ട് അജ്ഞാതമായ വിധിയിലേക്ക് നീങ്ങുന്നു. എസ്തര്‍ എന്ന ജൂത പെണ്‍കുട്ടിയും നെജ്മ എന്ന സമപ്രായക്കാരിയായ പലസതീന്‍ പെണ്‍കുട്ടിയും. ദുരിതങ്ങള്‍ ഏറ്റുവാങ്ങാനും സഹിക്കാനുമുള്ള മനുഷ്യമനസ്സിന്റെ അപാരമായ കഴിവിനെ കുറിച്ച് താന്‍ കണ്ടറിഞ്ഞതും, രണ്ടാം ലോക യുദ്ധ കാലത്ത് ബാല്യ കൗമാരങ്ങള്‍ പിന്നിട്ട ഒരാളെന്ന നിലയില്‍ സ്വയം അനുഭവിച്ചതുമായ ജീവിത സന്ധികളുടെ കരുത്തില്‍ ഈ രണ്ടു യുവതികളുടെയും അവര്‍ക്ക് ചുറ്റുമുള്ള മനുഷ്യരുടെയും ജീവിതങ്ങള്‍ പകര്‍ത്തുകയാണ് 'അലയുന്ന നക്ഷത്രം' എന്ന നോവലില്‍ ലേ ക്ലെസിയോ. യുദ്ധകാല യൂറോപ്പില്‍ ജൂതനായിരിക്കുക എന്നാല്‍ എന്താണെന്ന് ഇറ്റാലിയന്‍ സൈന്യം കീഴടക്കിയ നൈസ് എന്ന ഫ്രഞ്ച് മലയോര ഗ്രാമത്തില്‍ നിന്നുള്ള എസ്തറിന്റെയും അമ്മയുടെയും ജീവിതാവസ്ഥ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജര്‍മ്മന്‍ സൈന്യം മുന്നേറുന്നതിനെ കുറിച്ചുള്ള അറിവാണ് അവരെ പാലായനത്തിലേക്ക് എടുത്തെറിയുന്നത്. യുദ്ധാന്ത്യത്തില്‍ ഇരുവരും ജറുസലേമിലേക്കുള്ള ദുരിതപൂര്‍ണ്ണമായ യാത്ര തുടങ്ങുന്നു. യാത്രക്കിടയില്‍ എതിര്‍ ദിശയില്‍ നജ്മ ഉള്‍പ്പെടുന്ന ഒരു അഭയാര്‍ഥി സമൂഹത്തെ അവര്‍ കടന്നു പോവുന്നുണ്ട്. അഭയാര്‍ഥി ക്യാമ്പിലെ നജ്മയുടെ ജീവിതം, എസ്തറിന്റെ തന്നെ അതിജീവനാനുഭവത്തിന്റെ സമാന്തരമാണ്. പിന്നീടൊരിക്കലും ഇരുവരും പരസ്പരം കണ്ടു മുട്ടുന്നതേയില്ല. എന്നാല്‍, ആ ഞൊടിയിടക്കാഴ്ച ഇരുവരുടെയും പ്രവാസത്തിന്റെ പിന്‍ നാളുകളിലൊക്കെയും രണ്ടു പേരെയും ഇനിയെന്നും വേട്ടയാടിക്കൊണ്ടേയിരിക്കും.
ഒരു ജനത സ്വന്തം ദേശം സംസ്ഥാപിക്കുമ്പോള്‍ മറ്റൊരു ജനത പിഴുതെറിയപ്പെടുന്നതിന്റെ ഐറണിയാണ് ചരിത്രത്തിന്റെ മുഖാമുഖം ഇവിടെ ഉരുവപ്പെടുത്തുന്നത്. ഇസ്രായേലിന്റെ സ്വാതന്ത്ര്യ സമരം കൊടുമ്പിരി കൊള്ളുമ്പോള്‍ എസ്തറിന്റെ ജീവിതവും കലങ്ങി മറിയുന്നുണ്ട്. എങ്കിലും അവള്‍ അതി ജീവിക്കുന്നവരുടെ കൂട്ടത്തിലാണ്. എന്നാല്‍, നജ്മയുടെയും അവളുടെ സമൂഹത്തിന്റെയും ജീവിതം പട്ടിണിയിലും രോഗങ്ങളിലും ഒടുങ്ങിക്കൊണ്ടിരിക്കുകയാണ്. ആ അര്‍ത്ഥത്തില്‍, എസ്തറിന്റെ പീഡാനുഭവങ്ങള്‍ക്ക് മാനസിക മാനങ്ങളാണ് കൂടുതലുള്ളതെങ്കില്‍ നജ്മയുടെത് ശാരീരികം കൂടിയാണ്. ലേ ക്ലെസിയോ ആവര്‍ത്തിക്കുന്ന യുദ്ധത്തിന്റെ നിരപരാധികളായ ഇരകള്‍ എന്ന പ്രമേയം, ഇവിടെ വര്‍ത്തമാന കാലത്തെ ഏറ്റവും പൊള്ളുന്ന ദേശീയ - രാഷ്ട്രീയ വിഷയങ്ങളിലൊന്നായ ഇസ്രയേല്‍- പലസ്തീന്‍ പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുന്നു.
പാലായനം, അതിജീവനം :
1943 ലെ യുദ്ധാനന്തര യൂറോപ്പില്‍ നിന്ന് തുടങ്ങി മധ്യ പൂര്‍വ്വ ദേശത്തേക്കും, പിന്നീട് കാനഡയിലേക്കും തിരിച്ചുമുള്ള നീണ്ട പാലായനങ്ങളുടെ നാല് പതിറ്റാണ്ടുകാലമാണ് നോവലില്‍ കടന്നു വരുന്നത്. ആദ്യ ഭാഗങ്ങളില്‍ തന്നെ, ജീവിതത്തിന് ജീവിക്കുന്ന ഇടത്തോടുള്ള ബന്ധം എന്ന വിഷയം ലേ ക്ലെസിയോ ഊന്നിപ്പറയുന്നുണ്ട്. ഇറ്റാലിയന്‍ ആധിപത്യത്തിന് ചുവടെ ജൂത സമുദായം അനുഭവിക്കുന്ന ആപേക്ഷിക സുരക്ഷിതത്വം, പ്രദേശത്തെ കുട്ടിക്കാലം ഒരു ഏദന്‍ പ്രതീതിയായി എസ്തറിനു തോന്നാന്‍ ഇടവരുത്തുണ്ട്. യുദ്ധകാലത്തെക്കുറിച്ച് എസ്തര്‍ അസ്വസ്ഥയാവുന്നുണ്ട്: "പോലീസിനും പട്ടാളത്തിനും മുന്‍പിന്‍ നോക്കാതെ വന്നു മിസ്റ്റര്‍ ഫെനെയുടെ പിയാനോ എടുത്തുകൊണ്ട് പോവാം; ടെര്‍മിനസ് ഹോട്ടലിന്റെ ഊണ്‍ മുറിയില്‍ എത്തിക്കാം.” എന്നാല്‍ അത്, കടന്നു പോവുന്ന ഒരു ഘട്ടമാണെന്നും അതു കഴിഞ്ഞ് എന്തു ചെയ്യണം എന്നും അവള്‍ക്കു ചില തീരുമാനങ്ങളുണ്ട്. 'മിസ്റ്റര്‍ ഫെനെയെ പോലെ പാടാനും പിയാനോ വായിക്കാനുമാണ് എനിക്കിഷ്ടം. അതിനായി വന്‍ നഗരങ്ങളിലേക്ക് പോകണം - വിയെന്ന, പാരീസ്, ബെര്‍ലിന്‍, അമേരിക്ക..' അവളുടെ അച്ഛന് അവള്‍ 'കുഞ്ഞു താരകം' (Estrellita) ആയിരുന്നു. വിശ്വാസിയല്ലാത്ത, കമ്മ്യൂണിസ്റ്റുകാരനായിരുന്ന അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം 'മതം ഒരു സ്വാതന്ത്ര്യ പ്രശ്നമാണ്.' അദ്ദേഹം ജൂത ജനതയെ അതിര്‍ത്തി കടക്കാന്‍ സഹായിക്കുന്നുണ്ട് . ഹെലെന എന്ന പേരില്‍ വീട്ടിനു പുറത്ത് അവളുടെ ജൂതപ്പേര് മറച്ചു വയ്‌ക്കേണ്ടി വരുന്നുണ്ട് എസ്തറിന്. ഇതു തന്നെയും അവള്‍ ജീവിക്കുന്ന ഏദന്‍ സങ്കല്പം എത്രമാത്രം പേലവമാണ് എന്ന് സൂചിപ്പിക്കുന്നു. സ്വാഭാവികമായും ഈ യക്ഷിക്കഥാ ലോകം നാത്സി അധിനിവേശ ഭീഷണിയോടെ ശിഥിലമാവുകയും ഗ്രാമം, പാരീസ്, പോളണ്ട്, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് വാഗ്ദത്ത ഭൂമിയിലേക്കുള്ള വഴിതേടലിനു ഒരു പ്രവേശന മാര്‍ഗ്ഗം ആയിത്തീരുകയും ചെയ്യുന്നു. എസ്തര്‍ എപ്പോഴും അലഞ്ഞു തിരിയുന്നതില്‍ പൊറുതികേടുണ്ടെകിലും അമ്മ എലിസബത്ത് നെടുവീര്‍പ്പിടുന്നു: “അവളുടെ ഇഷ്ടം പോലെയാവട്ടെ. ഇതൊക്കെ അവളുടെ അവസാന നാളുകളായിരിക്കാം...” ഹോളോകോസ്റ്റിനു ശേഷമുള്ള ലോകം ഒരിക്കലും ആ പഴയ നൈസര്‍ഗ്ഗിക നിഷ്കളങ്കതക്ക് ഇടം കൊടുക്കുന്നതേയില്ല എന്ന ചരിത്ര സത്യം തന്നെയാണ്, നോവലിസ്റ്റ് സൂചിപ്പിക്കുന്നത്. അപരിചിതരും നിരാശ്രയരുമായ മനുഷ്യരുടെ പുഴ, പുതിയ രോഗങ്ങള്‍, പുതിയ ദ്വേഷങ്ങള്‍. യുദ്ധത്തിനു പോകാന്‍ താല്പര്യമില്ലായ്കയാല്‍ മല മടക്കുകളില്‍ ഒളിച്ചിരുന്നിട്ടും, തന്റെ ആടുകളെയും കാവല്‍ നായ്ക്കളെയും ഫാസിസ്റ്റ് സൈന്യം പിടിച്ചു കൊണ്ടുപോയതിനെ തുടര്‍ന്ന് ഗറില്ലാ പോരാളികളോടൊപ്പം ചേര്‍ന്ന മരിയോ - ഇണചേര്‍ന്ന സര്‍പ്പങ്ങളെ അന്നേ ദിവസം കൊല്ലുന്നത് പാപമാണെന്ന് പഠിപ്പിച്ച, പുല്‍മേടുകളിലെ പാമ്പുകളെയും കെണി വെച്ച് പിടിച്ച മുയലുകളെയും സ്വപ്നം കാണുന്ന മരിയോ; ജര്‍മ്മന്‍ സൈന്യം പിടിച്ചു കൊണ്ട് പോയ ഭാര്യയുടെ സ്മരണയില്‍ ആര്‍ദ്രമായ സംഗീതത്തില്‍ മുഴുകുന്ന മി. ഫേണ്‍; അച്ഛന്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ പോയശേഷം അമ്മയോടൊപ്പം കാനില്‍ നിന്ന് ഓടിപ്പോന്ന ട്രിസ്റ്റാന്‍ തുടങ്ങിയവര്‍ ഇവരുടെ പ്രതീകങ്ങള്‍ തന്നെ. ട്രിസ്റ്റാന്‍ എസ്തറിനെ പോലെ മറ്റൊരു അലയുന്ന നക്ഷത്രം തന്നെയാണ്, നോവലിസ്റ്റ് അവന്റെ രഥ്യകള്‍ പിന്തുടരുന്നില്ലെങ്കിലും.
ഇറ്റാലിയന്‍ സൈന്യം പരാജയപ്പെടുകയും ജര്‍മ്മന്‍ സൈന്യം കടന്നു വരികയും ചെയ്യുമ്പോള്‍ ജൂത ജനത വിജയ സാധ്യതയൊട്ടുമില്ലാത്ത ഒരു പാലായനം തുടങ്ങുന്നു. മലകളും പാറയിടുക്കുകളും മരണം വിതക്കുന്ന യാനം. ഈ ഘട്ടത്തില്‍, പറിച്ചെറിയപ്പെടുക എന്ന പാലായനത്തിന്റെ നോവ് ആദ്യമായി എസ്തര്‍ മനസ്സിലാക്കുന്നു: “താന്‍ ആ ഗ്രാമാവാസികളെപ്പോലെയല്ലല്ലോ എന്ന് ഇതാദ്യമായി അവള്‍ക്കു ആധിയുണ്ടായി. വേദനാകരമായ ഒരു തോന്നല്‍. അവര്‍ക്ക് സ്വന്തം വീടുകളില്‍ താമസിക്കാം, ഈ ആകാശത്തിനു കീഴില്‍, ഈ താഴ്വരയില്‍ ജീവിക്കാം, നീര്‍ച്ചാട്ടങ്ങളില്‍ ദാഹം തീര്‍ക്കാം...” പ്രവാസാനു ഭവത്തിന്റെ മുഹൂര്‍ത്തത്തില്‍ ആകാശവും ജലവും കാറ്റും അന്യമാവുന്നതിന്റെ അനാഥത്വം, കോപവും ഉത്കണ്ഠയുമായി അവളില്‍ നിറയുന്നുണ്ട്. ഇനിയൊരിക്കലും തനിക്ക് പ്രിയപ്പെട്ട പലരെയും കാണാനാവില്ലല്ലോ എന്ന് അവള്‍ വിങ്ങുന്നുണ്ട്. അച്ഛന്‍ ഇനിയൊരിക്കലും മടങ്ങി വരാന്‍ പോകുന്നില്ലെന്നും അവള്‍ തിരിച്ചറിയുന്നു.
ജൂത വംശഹത്യയുടെ നാത്സി പരീക്ഷണങ്ങളുടെ ചിത്രണം ബോധപൂര്‍വ്വം നോവലിസ്റ്റ് ഒഴിവാക്കിയിട്ടുണ്ട്. എസ്തറിന്റെ കൗമാര മനസ്സിന് ഉള്‍ക്കൊള്ളാനാവാത്ത ആ വിശദാംശങ്ങള്‍ ഒഴിവാക്കുന്നതിന് കൂടിയാവാം ഈ ഭാഗം എസ്തറിന്റെ പ്രഥമ വ്യക്തിക അവതരണത്തിന്റെ (first person narrative) രൂപത്തില്‍ നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. ജറൂസലേമിലേക്കുള്ള സമുദ്രയാത്ര മുടങ്ങുകയും ഒരു ഫ്രഞ്ച് തടവറയില്‍ അമ്മയോടൊപ്പം അടക്കപ്പെടുകയും ചെയ്യുന്നു അവള്‍. ഇത്തരത്തില്‍ മാനസികമായി തകര്‍ന്നു പോവുന്ന ഈ ജനത, 1947-48 കാലത്തെ പലസ്തീനിലെ ആഭ്യന്തര യുദ്ധത്തെയും നേരിടേണ്ടി വരുന്നു. മൃത്യുപാസനയുടെ നാളുകളില്‍ രാത്രിയെ പ്രണയിച്ച് കഴിഞ്ഞ ദിനങ്ങള്‍ അവള്‍ ഓര്‍ക്കുന്നു: 'എന്തെന്നാല്‍ എനിക്കറിയാം രാത്രിയെത്തുമ്പോഴാണ് മരിക്കാന്‍ കഴിയുന്നത്, രാത്രികാലങ്ങളിലാണ് ആളുകളെ മരണം അപഹരിക്കുന്നത്. ജീവനോടെ ഉറങ്ങാന്‍ പോകുന്നു, ഇരുള്‍ മറയുന്നതോടെ മനുഷ്യനും മറയുന്നു.' എന്നാല്‍ കൊല്ലുന്നത് ലജ്ജാകരമായ പ്രവര്‍ത്തിയാണെന്ന് അമ്മ അവളോട് പറയുന്നു: 'കൊല്ലുന്നവര്‍ മറ്റുള്ളവരുടെ ജീവന്‍ അപഹരിക്കുകയാണ്. അവര്‍ കാട്ടുമൃഗങ്ങളെ പോലെയാണ്; കൊല്ലുന്നവര്‍ ക്രൂരന്മാരാണ്.' സെറ്റെ ഫ്രാറ്റെല്ലിയില്‍ ജറൂസലേമിലെത്തുന്നത് സര്‍വ്വ നാശത്തിനു മുന്‍പുള്ള അതിജീവനമായി അവള്‍ മനസ്സിലാക്കുന്നു. സൈമണ്‍ റൂബന്‍ പറയുന്നത് പോലെ 'മാലാഖമാര്‍ മാത്രമാണ് അവിടെ നിങ്ങളെ കാത്തിരിക്കുന്നതെ'ന്ന് അവള്‍ വിശ്വസിക്കുന്നു. സെറ്റെ ഫ്രാറ്റെല്ലി ('ഏഴു സഹോദരന്മാര്‍') എന്ന പായ്‌ക്കപ്പല്‍ ലോകത്തെല്ലായിടത്തും പടര്‍ന്നു കിടക്കുന്ന ജേക്കബിന്റെ കുഞ്ഞുങ്ങളെ ഒരുമിപ്പിക്കുമെന്നു അവരൊക്കെയും ഉറ്റു നോക്കുന്നു. ജറൂസലെമിനോടടുക്കുമ്പോള്‍ ഏതു വിധത്തിലും കാലം ഇല്ലാതായിരിക്കുന്നെന്നു എസ്തറിനു തോന്നുന്നു: 'ഫറോവയുടെ വീട്ടില്‍ മോസസ് കാത്തു നിന്ന കാലത്തെ അതേ ആകാശം തന്നെയാണ് ഇത്. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, ജലം, ഭൂമി, ജീവജാലങ്ങള്‍ ഇവയെല്ലാം സൃഷ്ടിച്ചതെങ്ങനെയെന്ന് അബ്രഹാം സ്വപ്നം കണ്ട അതേ കാലത്തെ ആകാശം..' വാഗ്ദത്ത ഭൂമിയില്‍ ഇനിയുമെന്തിനാണൊരു യുദ്ധമെന്നും നമുക്ക് സമാധാനമായി ജീവിച്ചു കൂടെയെന്നുമുള്ള എസ്തറിന്റെ നിഷ്കളങ്കമായ ചോദ്യത്തിനു ജാക്ക് നല്‍കുന്ന മറുപടി, ചരിത്രത്തിന്റെ ക്രൂരമായ ഒരു തിരിച്ചു കുത്തലിന്റെ പില്‍ക്കാല യാഥാര്‍ത്ഥ്യങ്ങലിലേക്ക് വിരല്‍ ചൂണ്ടുന്നു : “ഇത് അവസാനത്തെ യുദ്ധമായിരിക്കും. മേലാല്‍ ഒരു യുദ്ധവും ഉണ്ടാവരുത്. അപ്പോഴേ വിശുദ്ധ ഗ്രന്ഥത്തിലെ വാക്കുകള്‍ സാക്ഷാത്കരിക്കപ്പെടൂ; അപ്പോഴേ ദൈവം തന്ന മണ്ണില്‍ നമുക്ക് ജീവിക്കാന്‍ കഴിയൂ.” ജോണ്‍ ബോഗോട്ട് ഗ്ലബ്ബിന്റെയും അബ്ദുല്ലാ രാജാവിന്റെയും സൈന്യം ടെല്‍ അവീവിനും ഹൈഫക്കുമിടയില്‍ ബോംബു വര്‍ഷം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ 'ആരും നിഷ്കളങ്കരല്ലെന്നും നമ്മെ കൊന്നൊടുക്കുന്നവരുടെ അമ്മമാരും ഭാര്യമാരുമാണെ'ന്നും പാലായനം ചെയ്യുന്ന ദേശവാസികളെക്കുറിച്ച് പല്ല് ഞെരിക്കുന്ന അഭയാര്‍ഥി സ്ത്രീയോട് എസ്തര്‍ വീണ്ടും ചോദിക്കുന്നതും അതേ ദുരൂഹതയോടെയാണ്: “പക്ഷെ, ആ കുട്ടികള്‍ എന്ത് പിഴച്ചു?”. ഇസ്രായേല്‍- പലസ്തീന്‍ സംഘര്‍ഷ ചരിത്രത്തില്‍ ഇന്നും ഏറ്റവും പ്രസക്തമായ ചോദ്യവും മറ്റൊന്നല്ലല്ലോ.
കുടിയൊഴിക്കല്‍, എരിഞ്ഞു തീരല്‍ :
എസ്തറിന്റെ പാത ഒരു ജനതയുടെ അതിജീവന സാഹസങ്ങള്‍ക്ക് വേണ്ടത്ര സഹാനുഭൂതി നേടിക്കൊടുക്കും വിധം പിന്‍ തുടര്‍ന്ന ശേഷമാണ് നോവലിസ്റ്റ് പലസ്തീന്‍ ദുരന്തത്തിന്റെ പ്രതീകമായ നെജ്മയുടെയും കൂട്ടരുടെയും ജീവിതത്തിലേക്ക് ശ്രദ്ധയൂന്നുന്നത്. പരസ്പരമുള്ള ഒരു ഞൊടിയിടക്കാഴ്ചയില്‍ ഇരുവരും അപരന്റെ മാനുഷികാവസ്ഥ തിരിച്ചറിയുന്നുണ്ട്. പുസ്തകത്തിന്റെ ഹൃദയം തുറന്നു വെക്കുന്നതും ഈ മുഹൂര്‍ത്തത്തിലാണ്.
"പെട്ടെന്ന് കൂട്ടത്തില്‍ ഒരു സ്ത്രീ അവളുടെ അടുത്തേക്ക് വന്നു. അവളുടെ മുഖം വിളറിയത്, വസ്ത്രം പൊടി മൂടിയത്; തലയില്‍ വലിയ ഒരു സ്കാര്‍ഫ് കെട്ടിയിട്ടുണ്ട്. അവളുടെ ചെരുപ്പിന്റെ വള്ളികള്‍ പൊട്ടിയിരിക്കുന്നു. ആ പെണ്‍കുട്ടി വന്നു എസ്തറിനെ തൊട്ടുരുമ്മി നിന്നു. ആ കണ്ണുകളില്‍ അസാധാരണമായ ഒരു പ്രകാശമുണ്ട്. പക്ഷെ അവള്‍ ഒന്നും സംസാരിക്കുന്നില്ല. അവള്‍ ഒന്നും ചോദിച്ചില്ല. എന്നാല്‍, എന്തോ പറയാനെന്ന മട്ടില്‍ എസ്തറിന്റെ കൈത്തണ്ടയില്‍ കൈ ചേര്‍ത്ത് അവള്‍ ഏറെ നേരം നിലകൊണ്ടു. പിന്നെ കറുത്ത കാര്‍ഡ് ബോര്‍ഡ് ചട്ടയുള്ള ഒരു ഒഴിഞ്ഞ നോട്ട് ബുക്ക് പോക്കറ്റില്‍ നിന്നും അവള്‍ വലിച്ചെടുത്തു. അതിന്റെ ഒന്നാം പേജിലെ വലത്തെ മൂലയില്‍ വലിയ അക്ഷരങ്ങളില്‍ അവള്‍ എഴുതി: NEJMA -നെജ്മ. എസ്തറും എഴുതട്ടെ എന്ന് നിനച്ചു നെജ്മ ആ നോട്ട്ബുക്കും പെന്‍സിലും അവള്‍ക്കു കൊടുത്തു. ലോകത്ത് ഇത്രയും പ്രധാനമായി വേറൊന്നില്ല എന്ന നിനവോടെയാവാം ആ നോട്ട്ബുക്ക് നെഞ്ചോട് ചേര്‍ത്തു പിടിച്ചു എസ്തര്‍ അങ്ങനെ നിന്ന് പോയത്. ഒടുവില്‍ ഒരു വാക്കും പറയാതെ ആ അഭയാര്‍ഥി സംഘത്തിലേക്ക് അവള്‍ തിരിച്ചു പോയി.”
ഹോളോകോസ്റ്റിന്റെ ഭീകരാന്ത്യത്തില്‍ നിന്ന് രക്ഷപ്പെടുന്ന ജൂത അഭയാര്‍ഥികള്‍ "എറെട്സ് ഇസ്രയേല്‍" സ്വപ്നത്തിലേക്ക് ചുവടു വെയ്ക്കവേ, നിഷ്കാസിതരുടെ വിധിയുമായി , നൂര്‍ ഷംസ് ക്യാമ്പിന്റെ കമ്പിവേലിക്ക് പുറകില്‍ നിരാശയോടെ നില്‍ക്കുന്ന നജ്മ ഉള്ളുലയ്ക്കുന്ന കാഴ്ചയാണ്. ക്യാമ്പ് ശരിക്കും ഒരു തടവറയാണെന്നു അവള്‍ തിരിച്ചറിയുന്നു. ജീവന്‍ കഷ്ടിച്ച് നിലനിര്‍ത്താന്‍ വേണ്ടത്ര പോലും ഒന്നും ലഭ്യമല്ലാത്ത, പ്ലേഗ് ബാധിച്ച് ആയിരങ്ങള്‍ മരിക്കുന്ന ക്യാമ്പിലെ ജീവിതം നെജ്മയുടെ മുന്‍ മനോബലമൊക്കെ തകര്‍ക്കുന്നു. തുറിച്ചു നോക്കുന്ന ഉന്മൂലനം എന്ന ദുര്‍വ്വിധിക്ക് തങ്ങളെ വിട്ടു കൊടുത്ത് യു.എന്‍. പിന്‍വലിയാന്‍ പോവുന്നു എന്നറിയുന്ന ഘട്ടത്തില്‍, നെജ്മ കണ്ടെത്തുന്നുണ്ട്: ഞങ്ങള്‍ എല്ലാവരും മരിക്കാന്‍ പോവുന്നു. മരുഭൂമിയിലെ കരിഞ്ഞ പുല്ല് പോലെ, കാറ്റ് പിടിച്ച നാമ്പുകള്‍ പോലെ, അതാണ് വിദേശികളുടെ തീരുമാനം. ശിശു മരണങ്ങളുടെ പെരുക്കം യു എന്‍. സംഘത്തിലെ ഡോക്റ്ററെ ബോധ്യപ്പെടുത്താനുള്ള ശ്രമം പാളുമ്പോള്‍ നജ്മ തിരിച്ചറിയുന്നു: ആര്‍ക്കും അറിയാത്തതല്ല പ്രശ്നം, ആര്‍ക്കും ഒന്നും ചെയ്യാന്‍ തോന്നാത്തതാണെന്ന്. അവള്‍ ചോദിക്കുന്നുണ്ട്: അപ്പോള്‍ ഞങ്ങള്‍ ഈ ഭൂമുഖത്ത് നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷരാവുമോ? കിഴവന്‍ നാസ് പാടുമായിരുന്ന വരി ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ അവള്‍ പേര്‍ത്തും പേര്‍ത്തും ചോദ്യമാക്കുന്നുണ്ട്. “എന്ത് കൊണ്ടാണ് സൂര്യന്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രകാശിക്കാത്തത്?” ഒരു എഴുത്തുകാരനും മറുപടിയില്ലാത്ത ഈ ചോദ്യത്തിന് മുന്നില്‍ പകച്ചു പോയത് കൊണ്ട് തന്നെയാവാം ലേ ക്ലെസിയോ നെജ്മയെ മരുഭൂപരപ്പില്‍ വിട്ടേച്ചു പോവുന്നതും. ഒരേ ഇടത്തിന് രണ്ടവകാശികള്‍ ഉണ്ടാവുകയും സഹജീവനം ദുസ്സാധ്യമാവുകയും ചെയ്യുമ്പോള്‍ ആര്‍ക്കാണ് ആ ചോദ്യത്തിന് മറുപടി നല്‍കാനാവുക!.
നജ്മയുടെ വിധി ആദ്യ നിമിഷത്തിലേ കീഴ്മേല്‍ മറിഞ്ഞതാണെന്നു നമ്മള്‍ പിന്നീടാണറിയുന്നത്. സാദി അബു താലിബ് എന്ന ബദവിയുടെയും ഹൂറിയ അമ്മായിയുടെയും ഓര്‍മ്മയ്ക്കായി അവള്‍ ആ അനുഭവങ്ങള്‍ രേഖപ്പെടുത്തുന്നു. ഒപ്പം എസ്തര്‍ ഗ്രേവ് എന്ന പെണ്‍കുട്ടിക്കും കൂടി വേണ്ടിയാണെന്നും അവള്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നെങ്കിലും ഒരു നാള്‍ ഇതൊക്കെ അവളും വായിക്കുമെന്നും പിന്നെ തന്നെ തേടി വരുമെന്നും അവള്‍ വിചാരിക്കുന്നു. എസ്തര്‍ കണ്ടെത്തുമ്പോള്‍ അവളുടെ വേഷം എന്തുകൊണ്ടാണൊരു വൃദ്ധയാചകിയുടെതായിരുന്നതെന്ന് പിന്നീട് വ്യക്തമാവുന്നുണ്ട്. അഭയാര്‍ഥികളുടെ കൂട്ടത്തില്‍ കൊള്ളക്കാരുണ്ടെന്നും അവര്‍ ചെറുപ്പക്കാരികളെ ബലാല്‍ക്കാരം ചെയ്യുമെന്നും അഭ്യൂഹമുണ്ട്. സഹജീവന സാധ്യത എത്രമാത്രം ദുഷ്ക്കരമായിരുന്നു ആദി മുതലേ എന്നതിന്റെ സൂചകമാണത്. ലോകത്തിന്റെ അറ്റമാണ് നൂര്‍ ഷംസ് ക്യാമ്പ് എന്ന് അവള്‍ക്കു തോന്നുന്നത് അത് പ്രതീക്ഷകളുടെ ചാവേറിടം ആയത് കൊണ്ടാണ്. വൃദ്ധയായ ലൈലയെ പോലെ ആളുകള്‍ ഓര്‍മ്മിക്കുന്നത് വരെ മാത്രം ജീവിച്ചിരിക്കാന്‍ വിധിക്കപ്പെട്ടവരുടെ ഈ നരകത്തിലിരുന്നു നജ്മ പുതിയ അഭയാര്‍ഥികളെ നോക്കുകയാണ്. തന്റെ തന്നെ ദൌര്‍ബല്യത്തിന്റെയും അപചയത്തിന്റെയും കണ്ണാടിയാണ് അവള്‍ക്കു അവര്‍. ഹൂറിയ അമ്മായിയുടെ കഥകളില്‍, നദി കടക്കുമ്പോള്‍ ചെന്നായ്ക്കളായി മാറുന്ന മനുഷ്യരും, ചിരംജീവികളാവാന്‍ വേണ്ടി കുഞ്ഞുങ്ങളുടെ കരള്‍ ഭക്ഷിക്കുന്ന ദുര്‍മന്ത്രവാദിനികളുമുണ്ട്. മരുഭൂമിയില്‍, സുരക്ഷാ മാര്‍ഗ്ഗങ്ങളേതുമില്ലാതെ ഒടുങ്ങിപ്പോവുന്ന മനുഷ്യര്‍ക്ക് അത്തരം കഥകള്‍ക്ക് വെറും മുത്തശ്ശിക്കഥകള്‍ എന്നതില്‍ കൂടുതല്‍ അര്‍ത്ഥങ്ങളുണ്ടാവും. റൂമിയയുടെ ഗര്‍ഭസ്ഥ ശിശുവിനെ പരിപാലിക്കാനായി ആകെയുള്ള അല്‍പ്പജലത്തില്‍ നിന്ന് മാറ്റിവെക്കുന്നതിനെ കുറിച്ച് ഹൂറിയ അമ്മായിയുടെ വിശദീകരണം അവരുടെ മിസ്റ്റിക് സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നുണ്ട്: ജനിയ്ക്കാനിരിക്കുന്ന കുഞ്ഞിനു വെള്ളം നിഷേധിക്കരുത്. അവനു ജീവനുണ്ട്. തൊലിപ്പുറത്തൊഴുകുന്ന വെള്ളത്തിന്റെ നാദം അവന്‍ കേള്‍ക്കുന്നുണ്ട്. അതിന്റെ പുതുപ്രസരം മഴ പോലെ അവന്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ ജീവന്റെ ഈ ആഘോഷം ക്യാമ്പിനെ സംബന്ധിച്ചിടത്തോളം അയഥാര്‍ത്ഥമാണ്. ഓരോ രാത്രിയിലും ശിശു മരണങ്ങള്‍ സംഭവിക്കുന്നു. രാവിലെ ആ ജഡങ്ങള്‍ കുന്നിന്റെ അടിവാരത്തില്‍ മറവു ചെയ്യുന്നു. ക്യാമ്പിലുടനീളം സ്ത്രീകളുടെ കൂട്ടക്കരച്ചിലാണ്. അത് കേള്‍ക്കാതിരിക്കണമെങ്കില്‍ കുന്നിന്‍ മുകളിലേക്ക് ഓടിപ്പോവേണ്ടതായും വരുന്നുവെന്നു നജ്മ പറയുന്നു. അത് കൊണ്ടൊക്കെത്തന്നെയാണ് പ്ലേഗ് പടര്‍ന്നു റൂമിയ ഉള്‍പ്പടെ ചത്തൊടുങ്ങാന്‍ പോവുന്നു എന്നറിയുന്ന ഘട്ടത്തില്‍, അവളോട് ചേര്‍ന്നു കിടന്ന് ഹൂറിയ അമ്മായി നജ്മയോട് അലറുന്നത്: പോ, ഈ കുഞ്ഞിനേയും എടുത്തുകൊണ്ട് എങ്ങോട്ടെങ്കിലും പൊയ്ക്കോ. ഇവിടെ ഞങ്ങളെല്ലാവരും ചത്തൊടുങ്ങുകയാണ്.
നജ്മയെ അമ്മാനിലേക്കുള്ള, 'എല്ലാവര്‍ക്കും വേണ്ടി അവസാനമില്ലാതെ നീളുന്ന പാതയില്‍' സാദിയോടൊപ്പമുള്ള പാലായന വഴികളില്‍ വിട്ടേച്ചു പോരുകയാണ് നോവലിസ്റ്റ്. അനന്തമായ പ്രവാസത്തിന്റെ അനിശ്ചിതത്വം മാത്രം കാത്തിരിക്കുന്ന ഒരുവളെയും കൂട്ടാളികളെയും വേറെന്തു ചെയ്യാനാവും ഒരെഴുത്തുകാരന് ! അതുകൊണ്ടും കൂടിയാണ് തുടര്‍ന്ന് വരുന്ന 'സൂര്യന്റെ കുഞ്ഞ്', ' എലിസബത്ത്' എന്നീ ഭാഗങ്ങളില്‍ എസ്തറിന്റെ ചിന്തകളില്‍ മാത്രം നമ്മള്‍ അവളെ കാണുന്നത്. അതിജീവനത്തിന്റെ സാധ്യതകള്‍ യാഥാര്‍ത്ഥ്യമാവുന്നത് എസ്തറിന്റെ ലോകത്ത് മാത്രമാണ് എന്നിടത്താണ് ചരിത്രത്തിന്റെ മുഖാമുഖം അതിന്റെ നീതിരഹിതമായ ഏക പക്ഷീയത വ്യക്തമാക്കുന്നത്. ഒരു ഘട്ടത്തില്‍ തന്റെ നേരെ കാര്‍ക്കിച്ചു തുപ്പുന്ന നജ്മ എസ്തറിനു ഒരു സ്വപ്ന പ്രത്യക്ഷമാവുന്നുണ്ട്. അത് പക്ഷെ അവളുടെ തന്നെ സഞ്ചിത കുറ്റബോധത്തിന്റെ (collective guilt) മാത്രം സൃഷ്ടിയാവാനെ തരമുള്ളൂ. കാരണം നജ്മ ഒരു ഘട്ടത്തിലും എസ്തറില്‍ ഒരു പ്രതിയോഗിയെ കാണുന്നതെയില്ലല്ലോ. എന്നാല്‍ അവള്‍ക്കും അവള്‍ അനുഭവിച്ചു തീര്‍ത്ത ദുഃഖക്കടലുകളുണ്ട്. ഒരൊറ്റ ദിവസത്തിലാണ് അവള്‍ക്കു തനിക്ക് സഹോദര തുല്യനായ റാമത് യോഹന്നാനെയും തന്റെ ഗര്‍ഭത്തിലുള്ള സൂര്യപുത്രന്റെ പിതാവായ ജാക്കിനെയും നഷ്ടമായത്. ഇറ്റലിക്കാരിയായ സുഹൃത്ത് നോറ പറയുന്നത് പോലെ അവള്‍ക്കും അവിടമാകെയും രക്തവും മരണവും മാത്രമേ കാണാനാവുന്നുള്ളൂ. നിഗൂഡവും ദുരൂഹവുമായ ഒരു ഉടമ്പടിയായി ഒരു കറുത്ത നോട്ട്ബുക്കില്‍ തന്റെ പേരിനോടൊപ്പം എഴുതപ്പെട്ട ആ പെണ്‍കുട്ടിയെ ഇനിയുമൊരിക്കല്‍ കണ്ടെത്തുമെന്ന് അവള്‍ ഉറ്റു നോക്കുന്നു:
"ഒരു നാള്‍ ശലോമിലേക്കുള്ള പാതയിലൂടെ ഞാന്‍ തിരിച്ചു പോകും; അപ്പോള്‍ കുതിച്ചുയരുന്ന പൊടിപടലങ്ങള്‍ക്കുള്ളില്‍ നിന്ന് അവള്‍ എന്റെ മുമ്പിലേക്ക് നടന്നടുക്കും; ഞങ്ങള്‍ പരസ്പരം കൈമാറും ആ കറുത്ത നോട്ട്ബുക്കുകള്‍- ആ നിമിഷത്തില്‍ കാലം ഇല്ലാതാകും മൃതാത്മാക്കളുടെ കഠിന യാതനയും വേദനകളും ഇല്ലാതാകും.”
അപാരമായ ഈ പ്രതീക്ഷയിലാണ് നോവല്‍ അതിന്റെ നൈതികതയുടെ പക്ഷം വെളിപ്പെടുത്തുന്നത് എന്ന് പറയാം. രണ്ടു ജനതയുടെ യാതനകള്‍ ഉറഞ്ഞു കൂടി കറുത്തു പോയ ആ നോട്ട് ബുക്കുകള്‍ പരിഹാരമേതുമില്ലാതെ നോവലിന്റെ അനുഭവ /സംവേദന മണ്ഡലത്തെ ആവേശിക്കുന്നുണ്ട്. അതെപ്പോഴും അവിടെയുണ്ട്: വായനക്കാരന്റെ കണ്ണില്‍. ഒരര്‍ഥത്തില്‍ ആ രണ്ടു നോട്ട് ബുക്കുകള്‍ തന്നെയാണ് ലേ ക്ലെസിയോ നോവലായി പകര്‍ത്തി വെക്കുന്നതും. രണ്ടും ഒരു പോലെ പ്രസക്തവും അടിയന്തിര പ്രാധാന്യമുള്ളതും തന്നെയാണ് താനും. സ്ഥല കാലങ്ങളുടെ നിയാമക അതിരുകള്‍ക്കപ്പുറത്തേക്ക് വേരുകളാഴ്ത്തുന്നുണ്ട് ജന്മ നാട്ടില്‍ നിന്ന് പറിച്ചെറിയപ്പെടുക എന്ന മാനുഷിക ദുരന്തത്തിന്റെ ഓര്‍മ്മകള്‍. പഴയ നിയമത്തിന്റെ ചിട്ടവട്ടത്തില്‍ എസ്തര്‍ തിരിച്ചറിയുന്നതും ഗോത്രയാനങ്ങളുടെ ഓര്‍മ്മ രാശികളില്‍ നജ്മ അറിഞ്ഞിരിക്കാനിടയുള്ളതുമാണ് ഈയനുഭവം. എന്നാല്‍, വാഗ്ദത്ത ഭൂമിയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ ഈ പറിച്ചെറിയലിന്റെ വേദനയ്ക്ക് ഒട്ടൊക്കെ പകരം വെച്ചേക്കാം. അത്തരമൊരു വാഗ്ദത്ത സങ്കല്‍പ്പങ്ങളൊന്നുമില്ലാതെ തന്നെ പറിച്ചെറിയപ്പെടുന്നവന്റെ നിസ്സഹായതയും രോഷ പൂര്‍ണ്ണമായ വീര്‍പ്പുമുട്ടലുമാണ് പലസ്തീന്‍ ഊരാക്കുടുക്ക് ഉരുവപ്പെടുത്തുന്നത്. സാര്‍ത്ര് നിരീക്ഷിച്ചപോലെ 'ഒരു മോശപ്പെട്ട നോവല്‍ പ്രശംസ കൊണ്ട് പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നുവെങ്കില്‍, ഒരു മികച്ച നോവല്‍ തികച്ചും ഒരാവശ്യമായി വര്‍ത്തിക്കുന്നു. വിശ്വാസത്തില്‍ അധിഷ്ടിതവുമായ ഒരു പ്രവര്‍ത്തിയാണ് അതിന്‍റെ രചന.' ഈ വിഷയം കൈകാര്യം ചെയ്യുന്ന എഴുത്തിന് മുമ്പിലെ വെല്ലുവിളികള്‍ എവിടെ പക്ഷം ചേരണം എന്നതല്ല, അതെങ്ങിനെ വേണം എന്നതാണ്. ഫലസ്തീന്‍ യാതനയെന്ന തര്‍ക്കമറ്റ പക്ഷത്തേക്കോ, ഹോളോകാസ്റ്റ് ഇരകളെന്ന കാലിക യാഥാര്‍ത്ഥ്യത്തിലേക്കോ ഏക പക്ഷീയമായി ചായുന്നതിനു പകരം ദുരന്തങ്ങള്‍ ഏറ്റു വാങ്ങുന്ന മനുഷ്യരെന്ന വിശാലമായ മാനവികാവസ്ഥയിലേക്ക് എപ്പോഴും ഊന്നുന്നു എന്നിടത്താണ് ഹൃദയ ദ്രവീകരണ ശക്തിയുള്ള ഒരു നോവല്‍ എന്നതില്‍ നിന്ന് ഒരു മാസ്റ്റര്‍പീസ് എന്ന നിലയിലേക്ക് 'അലയുന്ന നക്ഷത്രം' ഉയരുന്നതും.
*നോവലില്‍ നിന്നുള്ള ഉദ്ധരണികള്‍ ശ്രീ. ദേശമംഗലം രാമകൃഷ്ണന്‍ വിവര്‍ത്തനം ചെയത് ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച മലയാളം പതിപ്പില്‍ നിന്ന്.
(പച്ചക്കുതിര, സെപ്തംബര്‍ 2014)
