When the Wolves Grow Old by Jamal Naji/ Dr. M. Shamnad

ജമാല്‍ നാജിയുടെ ചെന്നായ്ക്കള്‍: ഓസ്ലോ അനന്തര തമോഗര്‍ത്തങ്ങള്‍

ജമാല്‍ നാജിയുടെ ചെന്നായ്ക്കള്‍: ഓസ്ലോ അനന്തര തമോഗര്‍ത്തങ്ങള്‍

പലസ്തീന്‍, ജോര്‍ദാന്‍, സിറിയ തുടങ്ങിയവ ഉള്‍പ്പെടുന്ന ലവെന്റൈന്‍ മേഖലയിലെ പ്രവാസത്തിന്റെ നിരന്തരമായ ആഘാതങ്ങളെ കൃത്യമായി അടയാളപ്പെടുത്തിയ, സമകാലിക പലസ്തീനിയൻ-ജോർദാനിയൻ സാഹിത്യത്തിലെ അതികായനായ എഴുത്തുകാരനായിരുന്നു ജമാൽ നാജി (1954–2018). പ്രവാസത്തിന്റെ അന്യതാബോധവും ഗ്രാമീണ പ്രയാണങ്ങളും പ്രമേയമാക്കിയ അല്‍ ത്വരീഖ് ഇലാ- ബല്‍ഹാരിസ് (ബല്‍ ഹാരിസിലേക്കുള്ള പാത -1981) എന്ന നോവലിലൂടെയാണ് അദ്ദേഹത്തിന്റെ സാഹിത്യയാത്ര ആരംഭിക്കുന്നത്. തുടർന്ന്, പലസ്തീൻ ദേശീയ സ്വത്വത്തിലും കൂട്ടായ ഓർമ്മകളിലും ആഴത്തിൽ വേരൂന്നിയ മുഖല്ലഫാതു സ്സവാബിഇൽ ആഖിറ (ഒടുവിലത്തെ കൊടുങ്കാറ്റിന്റെ ശേഷിപ്പുകള്‍ -1988), ഓസ്ലോ അനന്തര, അറബ് വസന്താനന്തര കാലത്ത് ശക്തമായ ജിഹാദിസ്റ്റ് ആശയഗതികളും കോര്‍പ്പറേറ്റ് താല്പര്യങ്ങളും തമ്മിലുള്ള അവിശുദ്ധ ബാന്ധവം നിരീക്ഷിച്ച ‘മോസിമുല്‍ ഹൂരിയാത്’ (Season of Martyrdom - 2012) തുടങ്ങിയ കൃതികളിലൂടെ അദ്ദേഹത്തിന്റെ രചനാ ശൈലി കൂടുതൽ പരിപക്വമായി. പതിറ്റാണ്ടുകളിലൂടെ, നാജിയുടെ കൃതികൾ പ്രമേയപരമായും ശൈലീപരമായും വലിയ മാറ്റങ്ങൾക്ക് വിധേയമായി: പ്രവാസത്തിന്റെ ഭൗതിക പശ്ചാത്തലങ്ങളെക്കുറിച്ചുള്ള പരമ്പരാഗതവും നേർരേഖയിലുള്ളതുമായ (linear) ആഖ്യാനങ്ങളിൽ നിന്ന് മാറി, ആധുനിക നഗരജീവിതത്തിന്റെ പച്ചയായ സങ്കീർണ്ണ സാമൂഹിക-മാനസിക ആവിഷ്കാരങ്ങളിലേക്ക് അദ്ദേഹം തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇനിയും ഇംഗ്ലീഷ് പോലുള്ള ലോകഭാഷകളില്‍ ലഭ്യമായിട്ടില്ലാത്തവയാണ് ഇവയില്‍ പലതും. മലയാളത്തിലേക്ക് നേരിട്ട് അത്തരം കൃതികള്‍ അതിസൂക്ഷ്മവും സുന്ദരവുമായ ഭാഷയില്‍ വിവര്‍ത്തനം ചെയ്യുന്ന ഡോ. എം. ഷംനാദിനോട് സഹൃദയലോകം കടപ്പെട്ടിരിക്കുന്നു. അത്തരത്തില്‍ ലഭ്യമായ ചെന്നായ്ക്കള്‍ക്ക് വയസ്സാകുമ്പോള്‍ (ഇന്‍ദമാ തശീഖുദ്ദിആബ് - 2005), ജമാല്‍ നാജിയുടെ പിൽക്കാല എഴുത്തുഘട്ടത്തിലെ മാസ്റ്റര്‍പീസ്‌ ആയി നിലകൊള്ളുന്നു.

ചെന്നായ്ക്കളുടെ ലോകം

“1967-ലെ അറബ്- ഇസ്രയേല്‍ യുദ്ധം മുതല്‍ 1993-ലെ ഓസ്ലോ ഉടമ്പടിയും സദ്ദാം ഹുസൈന്റെ വധവും 1982-ലെ ബെയ്റൂത്തിലെഇസ്രയേല്‍ ഉപരോധവും ഈജിപ്റ്റിലെ ജമാല്‍ അബ്ദുന്നാസറിന്റെ അറബ് ദേശീയതയുമൊക്കെ പശ്ചാത്തലമായി നോവലില്‍ പരാമര്‍ശിക്കപ്പെടുന്നു” എന്ന് വിവര്‍ത്തകന്‍ ആമുഖത്തില്‍ ചുരുക്കെഴുത്ത് നടത്തുന്നു. നാജിയുടെ ആദ്യകാല കൃതികൾ നാടുകടത്തലിന്റെ പച്ചയായ വേദനകളെപ്പറ്റിയാണ് സംസാരിച്ചതെങ്കിൽ, ‘ചെന്നായ്ക്കള്‍’ അദ്ദേഹത്തിന്റെ തലമുറ അനുഭവിക്കേണ്ടിവന്ന ചരിത്രപരമായ ആത്യന്തിക നൈരാശ്യങ്ങളെയാണ് പകർത്തിവെക്കുന്നത്. സത്യം എന്നത് ഒന്നിലധികം ശബ്ദങ്ങളിലൂടെ ചിതറിത്തെറിക്കുന്ന വിശ്വസിക്കാൻ കൊള്ളാത്ത ഒന്നായിത്തീരുന്ന, സങ്കീർണ്ണവും ബഹുസ്വരവുമായ പോസ്റ്റ്‌മോഡേണ്‍ ശൈലിയിലേക്കുള്ള അദ്ദേഹത്തിന്റെ പൂർണ്ണമായ ചുവടുവെപ്പായിരുന്നു ഇത്. ഓസ്ലോ കരാറിന് ശേഷമുള്ള കാലഘട്ടത്തിൽ, മതേതരവും ആത്മീയവുമായ പരമ്പരാഗത പ്രത്യയശാസ്ത്രങ്ങൾ എങ്ങനെ ഉപേക്ഷിക്കപ്പെട്ടു എന്നതിന്റെയും, സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കായി അവ എങ്ങനെ ആയുധമാക്കപ്പെട്ടു എന്നതിന്റെയും തീക്ഷ്ണവിമർശനമായി നോവൽ നിലകൊള്ളുന്നു. ആധുനിക അറബ് ആത്മാവിന്റെ സങ്കീർണ്ണതകളെ കൃത്യമായി വിശകലനം ചെയ്ത അതികായന്‍ എന്ന നാജിയുടെ സാഹിത്യപാരമ്പര്യത്തെ നോവല്‍ ഭദ്രമാക്കുന്നു.

ബഹുസ്വര ആഖ്യാന രൂപത്തിലുള്ള നോവൽ, അമ്മാൻ നഗരത്തിലെ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളുടെയും ധാർമ്മിക അധഃപതനത്തിന്റെയും ക്രൂരവും ബഹുമുഖവുമായ ഒരു ശസ്ത്രക്രിയയാണ്. അധികാരം, മതം, ലൈംഗികാസക്തി എന്നിവയുടെ അവിശുദ്ധ ത്രിത്വത്തിന്റെ (unholy trinity) കൂട്ടുകെട്ടിനെയാണ് തലക്കെട്ടിലെ ‘ചെന്നായ്ക്കള്‍’ സൂചിപ്പിക്കുന്നത്. സമൂഹത്തില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനായി ദുർബലരെ വ്യവസ്ഥാപിതമായി ചൂഷണം ചെയ്യുന്ന ഈ ചെന്നായ്ക്കളുടെ ശൃംഖലയെ തുറന്നുകാട്ടാൻ, പ്രത്യയശാസ്ത്ര-ആത്മീയ സ്ഥാപനങ്ങളുടെ ആദർശവത്കരിക്കപ്പെട്ട മുഖംമൂടികളെ നോവലിസ്റ്റ് നഗ്നമാക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ഈ അധികാര സമവാക്യങ്ങളുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്നത് സുന്ദൂസ് എന്ന കഥാപാത്രമാണ്. പരമ്പരാഗത ലിംഗവിവേചനങ്ങളെ തികച്ചും കാറ്റിൽപ്പറത്തിക്കൊണ്ട്, നിഷ്ക്രിയ ഇരയായി നിലകൊള്ളുന്നതിന് പകരം കൃത്യമായ പ്രതിരോധ തന്ത്രങ്ങളിലൂടെ കർശനമായ പുരുഷാധിപത്യ തടവറയെ മറികടക്കാൻ ശ്രമിക്കുന്ന കഥാപാത്രമാണവള്‍. സുന്ദൂസിന്റെ സ്വാതന്ത്യ്ര ബോധത്തെയും (agency), സമൂഹത്തിനകത്തെ മതാത്മക, സാംസ്കാരിക വഞ്ചനകളുടെ തുടർപ്രകമ്പനങ്ങളെയും, ഓസ്ലോ അനന്തര ദേശീയ നിരാശയുടെ രാഷ്ട്രീയത്തെയും ഒരുമിച്ച് പരിശോധിക്കുന്നതിലൂടെ, പ്രാദേശിക സാമൂഹിക വിമർശനത്തെ മാനുഷികമായ ബലഹീനതകളെയും വ്യവസ്ഥാപിത അഴിമതികളെയും ഭേദ്യം ചെയ്യുന്നതിന്റെ ആലിഗറിയാക്കി നാജി മാറ്റുന്നു. ലിംഗപരമായ ചെറുത്തുനിൽപ്പ്, സ്ഥാപനവത്കരിക്കപ്പെട്ട അതിക്രമങ്ങൾ, ഭൗമപരമായ നാടുകടത്തലുകൾ എന്നിവയുടെ സംഗമം, പരമ്പരാഗത മൂല്യവ്യവസ്ഥകളുടെ തകർച്ചയിലേക്കും ക്രൂരവും കോർപ്പറേറ്റ് മൂലധനാധിഷ്ഠിതവുമായ ഒരു ആധുനിക വ്യവസ്ഥയുടെ ഭയപ്പെടുത്തുന്ന വളർച്ചയിലേക്കും വിരൽ ചൂണ്ടുന്നു.

ഒറ്റയാന്റെ വിളവെടുപ്പ്

‘വയസ്സായ ചെന്നായ്ക്ക’ളുടെ ബലഹീനതകളെ തുറന്നുകാട്ടാൻ ഈ നോവലിൽ ഉപയോഗിച്ചിരിക്കുന്ന ഏറ്റവും മികച്ച സാഹിത്യ തന്ത്രമാണ് (literary device) അസ്മി അൽ-വജീഹ് എന്ന കഥാപാത്രം; നോവലില്‍ നായകനായി അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും അവൻ പൂർണ്ണമായും നിശബ്ദനായി നിലകൊള്ളുന്നു. ഓരോ അധ്യായവും അവനെക്കുറിച്ചോ അവന്റെ പ്രവൃത്തികളാൽ പ്രേരിതമായോ ആണ് പറയപ്പെടുന്നത്, എന്നാൽ അവന്റേതായ ഒരു പ്രഥമവ്യക്തിക (first-person) ശബ്ദം ഒരിക്കലും നൽകപ്പെടുന്നില്ല. ചേരി പ്രദേശങ്ങളിൽ നിന്നുള്ള അത്യധികം ചിന്താശേഷിയുള്ള, കൂര്‍മ്മബുദ്ധിയായ ഒരു ചെറുപ്പക്കാരനായാണ് അവൻ തന്റെ പ്രയാണം ആരംഭിക്കുന്നത്; തുടക്കത്തിൽ ആത്മീയ തീവ്രവാദത്തിലേക്ക് തിരിയുന്ന അവൻ തികഞ്ഞ ഒരു മതപ്രവർത്തകനായി മാറുന്നു. എന്നാൽ, ആധുനിക അമ്മാനിൽ ഏറ്റവും വലിയ വിനിമയ നാണയം വിശ്വാസമാണെന്ന് അവൻ വേഗത്തിൽ തിരിച്ചറിയുന്നു. തന്റെ മതപരമായ സ്ഥാനത്തെ വലിയ സാമ്പത്തിക കരാറുകളുടെയും കോർപ്പറേറ്റ് ഇടപാടുകളുടെയും ലോകത്തേക്കുള്ള കുതിപ്പിനായി അവൻ ഉപയോഗിക്കുന്നു, ജോർദാനിലെ ഏറ്റവും ശക്തനും തൊട്ടുകളിക്കാനാവാത്തവനുമായ ഒരു വ്യവസായ പ്രമുഖനായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ഒരു ഘട്ടത്തിലും സ്വയം ന്യായീകരിക്കാനോ വിശദീകരിക്കാനോ അയാള്‍ മുതിരുന്നില്ല. പകരം അയാള്‍ ഒരു ശൂന്യതയായോ അല്ലെങ്കിൽ ഒരു കണ്ണാടിയായോ ആണ് പ്രവർത്തിക്കുന്നത്. മറ്റെല്ലാ കഥാപാത്രങ്ങളും തങ്ങളുടെ അരക്ഷിതാവസ്ഥകളും വെറുപ്പും ആഗ്രഹങ്ങളും അവനിലേക്ക് പ്രതിഫലിപ്പിക്കുന്നു. മതമൗലികവാദികൾക്ക് അയാള്‍ തങ്ങളുടെ ലക്ഷ്യങ്ങളുടെ ഒരു വാഹകനാണ്; തകർന്നടിഞ്ഞ ഇടതുപക്ഷക്കാർക്ക് അയാളൊരു ഭീഷണിയാണ്; സുന്ദൂസിനാകട്ടെ, തന്നെ പൂർണ്ണമായി കീഴടക്കാൻ കഴിഞ്ഞ ഏക പുരുഷൻ അയാളാണ്. അയാളുടെ പൂർണ്ണമായ നിശബ്ദത അയാള്‍ക്ക് അമാനുഷികമായ അധികാരത്തിന്റെയും കൃത്യമായ കണക്കുകൂട്ടലുകളുടെയും ഒരു ഐതിഹാസിക പ്രഭാവലയം (mythical aura) നൽകുന്നു. തന്റെ ഉള്ളിലെ യഥാർത്ഥ ചിന്തകളോ ബലഹീനതകളോ ഒരിക്കലും തുറന്നുകാട്ടാതെ, ഒരു നിഴൽ പോലെ വരേണ്യവർഗ്ഗത്തിന്റെ അധോലോകത്തിലൂടെ സഞ്ചരിച്ചുകൊണ്ട് അയാള്‍ ചരടുകൾ നിയന്ത്രിക്കുന്നു.

നോവലന്ത്യത്തിലും, 'വയസ്സാകാത്ത ചെന്നായ്' (un-aging wolf) എന്ന രൂപകമായി മാറിക്കൊണ്ട് അത്രതന്നെ ശക്തമായ ഒരു കടങ്കഥയാണ് അയാള്‍ ബാക്കിവെക്കുന്നത്. വായനക്കാരന്റെ ഉള്ളിൽ ഭയപ്പെടുത്തുന്ന ഒരു ചോദ്യം ബാക്കിയാകുന്നു: അമ്മാനിലെ മറ്റെല്ലാ 'ചെന്നായ്ക്കളും' വയസ്സാവുകയും, ഒത്തുതീർപ്പുകൾക്ക് വഴങ്ങുകയും, പല്ലുകള്‍ കൊഴിയുകയും, തങ്ങളുടെ പാപങ്ങളുടെ ഭാരത്താൽ ജീർണ്ണിക്കുകയും ചെയ്യുമ്പോൾ, നിശബ്ദനും രഹസ്യങ്ങൾ നിറഞ്ഞവനുമായ അസ്മി അൽ-വജീഹ് മാത്രമാണോ ഒരിക്കലും വയസ്സാകാത്ത ഏക ചെന്നായ്?

വിലോഭകയും പുരുഷാധിപത്യ തടവറയും

അധികാരം, മതം, ലൈംഗികത എന്നിവയുടെ അവിശുദ്ധ കൂട്ടുകെട്ടിനകത്ത് പുരുഷാധിപത്യ തടവറയെ നേരിടുന്നതിലൂടെ, കേവലമൊരു വേട്ടക്കാരിയായ വിലോഭക (femme fatale) എന്നോ നിഷ്ക്രിയയായ ഒരു ഇരയെന്നോ ഉള്ള ലളിത നിർവ്വചനങ്ങൾക്ക് അപ്പുറത്തേക്ക് വളരുകയും, തികഞ്ഞ പ്രതിരോധ പ്രതീകമായി മാറുകയും ചെയ്യുന്നു കേവലം കറുപ്പിലും വെളുപ്പിലും വിവരിക്കാനാകാത്ത പാത്രസൃഷ്ടിയായ സുന്ദൂസ്. അമ്മാനിലെ 'ചെന്നായ്ക്കൾ' തുടക്കത്തിൽ അവളെ എളുപ്പത്തിൽ ഇരയാക്കാവുന്ന ഒന്നായാണ് കണ്ടതെങ്കിലും, അവരുടെ അഴിമതികളുടെ സംവിധാനങ്ങളെ അവൾ തന്ത്രപരമായി പഠിച്ചെടുക്കുന്നു. ഈ പുരുഷന്മാരെ നയിക്കുന്ന അടിസ്ഥാനപരമായ ആഗ്രഹങ്ങളാണ്— അവരുടെ കാമം, അഹങ്കാരം, ഭക്തിയുടെ പൊതു മുഖംമൂടികളിലുള്ള അമിതമായ ആശ്രയം എന്നിവ —അവരുടെ ഏറ്റവും വലിയ ഘടനാപരമായ ബലഹീനതകൾ എന്ന് അവൾ തിരിച്ചറിയുന്നു. അവരുടെ ആജ്ഞകൾക്ക് കീഴടങ്ങുന്നതിന് പകരം, സുന്ദൂസ് ഈ കൂട്ടുകെട്ടിനെത്തന്നെ തന്റെ വേട്ടക്കാർക്കെതിരെ തിരിച്ചടിക്കാൻ ഉപയോഗിക്കുന്നു. തന്റെ ലൈംഗികതയെയും കൂർമ്മ ബുദ്ധിയെയും കേവലമൊരു സൗന്ദര്യപ്രകടനമായല്ല, മറിച്ച് അതിജീവനത്തിനായുള്ള കൃത്യമായ രാഷ്ട്രീയ-സാമ്പത്തിക തന്ത്രമായാണ് അവൾ ഉപയോഗിക്കുന്നത്. ഷെയ്ഖ് അൽ-ജൻസീറിനെപ്പോലുള്ള വ്യക്തികളുടെ ബാഹ്യമായ നീതിമാൻ ചമയലും സ്വകാര്യ ജീവിതത്തിലെ അധഃപതനവും തമ്മിലുള്ള വലിയ പൊരുത്തക്കേടുകൾ തുറന്നുകാട്ടുന്നതിലൂടെ, വ്യവസ്ഥിതിക്കകത്ത്‌ അവര്‍ക്കുള്ള പരിരക്ഷകളെ അവൾ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നു. ആത്യന്തികമായി, സുന്ദൂസിന്റെ ഈ വേറിട്ട ചെറുത്തുനിൽപ്പ് പുരുഷന്മാരുടെ വ്യാജ ഭക്തിയുടെ മുഖംമൂടികളെ കത്തിച്ചുചാമ്പലാക്കുന്നു; അതോടെ ചെന്നായ്ക്കളുടെ കൂട്ടത്തെ തന്ത്രപരമായി മറികടക്കാനും സ്വന്തം വ്യവസ്ഥകളിൽത്തന്നെ തന്റെ സ്ത്രീത്വത്തെ തിരിച്ചുപിടിക്കാനും അവൾക്ക് സാധിക്കുന്നു. വയസ്സായ ചെന്നായ്ക്കൾ തങ്ങളുടെ അഴുകിയ മോഹങ്ങളുടെ ഭാരത്താൽ തകർന്നു വീഴുമ്പോൾ, കടുപ്പമേറിയ യാഥാർത്ഥ്യങ്ങളെ തിരിച്ചറിഞ്ഞ് അതിജീവിച്ച ഒരു വ്യക്തിയായി അവൾ തലയുയർത്തി നിൽക്കുന്നു.

വഞ്ചനകളുടെ ചങ്ങലക്കൊളുത്തുകൾ

നേരത്തെ സൂചിപ്പിച്ച അവിശുദ്ധ കൂട്ടുകെട്ട് കഥാപാത്രങ്ങളുടെ ജീവിതങ്ങളെ വ്യവസ്ഥാപിതമായി തകർത്തെറിയുന്ന ആഭ്യന്തരവും വ്യക്തിഗതവുമായ വഞ്ചനകളുടെ ഒരു തുടർപ്രതികരണത്തിന് (domino effect) നേരിട്ടുള്ള പ്രേരകശക്തിയായി വർത്തിക്കുന്നു. ദുഷ്ടതയിൽ നിന്നുണ്ടാകുന്ന ഒറ്റപ്പെട്ട പ്രവൃത്തികളായി നിലകൊള്ളുന്നതിന് പകരം, അമ്മാന്റെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തിൽ തങ്ങളുടെ ആധിപത്യത്തിന്റെ ഓരോ കണ്ണികൾ നിലനിർത്താനോ കവർന്നെടുക്കാനോ ഉള്ള കഥാപാത്രങ്ങളുടെ തീവ്രമായ ശ്രമങ്ങളുമായി ഈ വഞ്ചനകൾ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.

കുടുംബബന്ധങ്ങളുടെ തലത്തിൽ അസ്മി, റബാഹ്, സുന്ദൂസ് എന്നിവരുടെ കാര്യത്തിലാണ് ഇത് വ്യക്തമായി സംഭവിക്കുന്നത്. അസ്മിയുടെ ഉമ്മയുടെ മരണശേഷം, റബാഹ് അൽ-വജീഹിന്റെ രണ്ടാം ഭാര്യയാകുന്ന സുന്ദൂസുമായി അസ്മിക്കുണ്ടാകുന്ന വിലക്കപ്പെട്ട ബന്ധം പരമ്പരാഗത കുടുംബഘടനയുടെ ആത്യന്തികമായ അട്ടിമറിയാണ്: പിതാവിനെത്തന്നെ മകൻ വഞ്ചിക്കുകയാണ് ഇവിടെ. ഈ അരുതാചെയ്തി ഒരുവശത്ത് റബാഹിന്റെ പുരുഷാധിപത്യപരമായ അധികാരങ്ങളെ തല്ലിക്കെടുത്തുകയും അയാളെ സ്വന്തം കുടുംബത്തിന്റെ തകർച്ചയ്ക്ക് നിസ്സഹായനായ സാക്ഷിയാക്കി മാറ്റുകയും ചെയ്യുമ്പോൾ, മറുവശത്ത് കുടുംബ ശ്രേണിയില്‍ അസ്മിയുടെ പശ്ചാത്താപലേശമില്ലാത്ത അധീശത്തത്തെ ഉറപ്പിക്കുന്നു. സുന്ദൂസ് നടത്തുന്ന പ്രതിരോധ സഖ്യങ്ങൾ വൈവാഹിക ബന്ധങ്ങളെ സംബന്ധിച്ച് അങ്ങേയറ്റത്തെ അട്ടിമറിയായിത്തീരുന്നു. താൻ ജീവിക്കുന്ന അന്തരീക്ഷത്തിൽ അതിജീവിക്കാൻ, അവൾ തന്റെ വൈവാഹിക വിധേയത്വങ്ങളെ നിരന്തരം പുനഃക്രമീകരിക്കുകയും, ആദ്യ ഭർത്താവായ റബാഹിനെയും രണ്ടാം ഭർത്താവാകുന്ന സബ്രിയെയും വഞ്ചിക്കുകയും ചെയ്യുന്നു. അവളുടെ പരപുരുഷ ബന്ധങ്ങൾ തന്ത്രപരമായ മുന്നേറ്റങ്ങളായാണ് വർത്തിക്കുന്നത്; പുറത്തുനിന്നുള്ള വേട്ടക്കാരിൽനിന്ന് തനിക്ക് സംരക്ഷണം നൽകാനോ തന്റെ സാമൂഹിക-സാമ്പത്തിക മുന്നേറ്റത്തിന് അവസരം തരാനോ സാധിക്കാതെ വരുമ്പോൾ ആ നിമിഷം അവൾ ആ പുരുഷന്മാരെ ഉപേക്ഷിച്ചു പോകുന്നു. അങ്ങനെ താൻ കടന്നുപോകുന്ന വഴിയിൽ തകർന്നടിഞ്ഞ കുടുംബങ്ങളെ മാത്രമാണ് അവൾ വിട്ടുവെക്കുന്നത്.

മറ്റൊരു തലത്തിൽ, ഷെയ്ഖ് അൽ-ജൻസീർ നടത്തുന്ന ആത്മീയ ലംഘനങ്ങളിലൂടെയും ഈ വഞ്ചനയുടെ പ്രമേയം വികസിക്കുന്നു: ആദ്യം ബാധ ഒഴിപ്പിക്കലിന്റെ പേരിൽ നടത്തുന്ന ലംഘനങ്ങളിലും, പിന്നീട് രാഷ്ട്രീയത്തിലും ലൈംഗിക ചൂഷണങ്ങളിലും നടത്തുന്ന കൃത്രിമത്വങ്ങളിലും ഇത് കാണാം. താൻ വിശ്വസിക്കുന്ന മതതത്വങ്ങളോടും സമൂഹത്തോടും കാണിക്കുന്ന കടുത്ത വഞ്ചനയിലൂടെ, ഷെയ്ഖ് അൽ-ജൻസീറിന്റെ ആത്മീയ മുഖം തികച്ചും വ്യാജമാണെന്ന് തുറന്നുകാട്ടപ്പെടുന്നു. ചാരിറ്റി പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകുന്നതിന്റെയും ആത്മീയ ചികിത്സകൾ നടത്തുന്നതിന്റെയും മതിൽക്കെട്ടിനുള്ളിൽ നിന്നുകൊണ്ട്— അസ്മിയുടെ അമ്മയ്ക്ക് ജിന്നിന്റെ ബാധയുണ്ടെന്ന് പറഞ്ഞ് ചികിത്സിച്ചതുപോലെ —ഈ സ്വകാര്യവും ഗൂഡവുമായ ഇടങ്ങളെ ദുർബലരായ മനുഷ്യരെ ചൂഷണം ചെയ്യാനാണ് ഷെയ്ഖ് ഉപയോഗിക്കുന്നത്. അങ്ങനെ വിശുദ്ധമായ ചികിത്സകളെ വ്യക്തിപരമായ കടുത്ത ലംഘനങ്ങളും തന്ത്രപരമായ നിയന്ത്രണങ്ങളുമാക്കി അയാള്‍ മാറ്റുന്നു.

പ്രത്യയശാസ്ത്ര തലത്തിൽ, ജുബ്രാന്റെ മതേതര ആശയഗതിയും സമാനമായ നിലയില്‍ അട്ടിമറിക്കപ്പെടുന്നുണ്ട്. ഒരു മാർക്സിസ്റ്റ് വിപ്ലവകാരിയെന്ന നിലയിലും തൊഴിലാളിവർഗ്ഗ സംരക്ഷകനെന്ന നിലയിലുമുള്ള തന്റെ ഭൂതകാലത്തെ അയാള്‍ പൂർണ്ണമായും വഞ്ചിക്കുന്നു. വരേണ്യവർഗ്ഗത്തിന്റെ അധികാരസ്ഥാനങ്ങളും മൂലധനവും കൈയെത്തിപ്പിടിക്കാവുന്ന അവസ്ഥ വന്നതോടെ, സുഖകരമായ ഒരു ബൂർഷ്വാ ജീവിതം ഉറപ്പാക്കാൻ ജുബ്രാൻ തന്റെ ജീവിതകാലം മുഴുവൻ മുറുകെപ്പിടിച്ച സോഷ്യലിസ്റ്റ് മൂല്യങ്ങളെ കയ്യൊഴിയുന്നു. ഭൗതിക സുഖസൗകര്യങ്ങൾക്ക് വേണ്ടി പ്രത്യയശാസ്ത്ര നിലപാടുകളെ ഉപേക്ഷിക്കപ്പെടുന്ന ആദര്‍ശാനന്തര (Post-ideological) കാല അപചയം ഇവിടെയും വ്യാപിക്കുകയാണ്.

വംശപരമ്പരകൾ സംബന്ധിച്ച രഹസ്യങ്ങള്‍ വെളിപ്പെടുന്ന ക്ലൈമാക്സ്, നോവലിന് തികച്ചും തീവ്രമായ ഒരു അന്ത്യം നൽകാൻ മാത്രമല്ല, വഞ്ചനകളുടെ ഈ വലക്കണ്ണികളെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകാൻ കൂടിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നോവലിലെ പ്രധാന രഹസ്യങ്ങളുടെ വടംവലിയിലാണ് അത് കലാശിക്കുന്നത്—വ്യക്തതയില്ലാത്തതും മറച്ചുവെച്ചതുമായ രഹസ്യപരമ്പരയുടെ വെളിപ്പെടുത്തലിലും, സുപ്രധാനമായ ഒരു നെക്ലേസിന്റെ മോഷണത്തിലും. ഈ രഹസ്യങ്ങളെ കഥാപാത്രങ്ങൾ ബ്ലാക്ക്മെയില്‍ ചെയ്യാനും, ആളുകളുടെ വായടപ്പിക്കാനും, സ്വന്തം അസ്തിത്വം നിലനിർത്താനുമുള്ള ആയുധങ്ങളാക്കി മാറ്റുന്നു. അങ്ങനെ 'വയസ്സായ ചെന്നായ്ക്കളുടെ' മുഖംമൂടികൾ ഒടുവിൽ അഴിഞ്ഞുവീഴുമ്പോൾ, അവരുടെ സമൂഹത്തിന്റെ ധാർമ്മികമായ അടിത്തറ മുഴുവനായും മൂല്യങ്ങളില്ലാത്ത ഒരു ദുരന്തത്തിലേക്ക് തകർന്നടിയുന്നു.

ഓസ്ലോ അനന്തര പലസ്തീനിയൻ നെരിപ്പോട്

ഭൗതിക തലത്തില്‍ ജോര്‍ദാനിയന്‍ പൌരനായിരിക്കുമ്പോഴും നാജിയുടെ നോവൽ സമകാലിക പലസ്തീനിയൻ സാഹിത്യത്തിന്റെ വിശാലപരിഗണനയിൽ ഉൾപ്പെടുന്നത്, അതിന്റെ നഗര പശ്ചാത്തലത്തെ ജമാൽ നാജിയുടെ സ്വന്തം ജീവിതാനുഭവങ്ങളുടെയും ചരിത്രപരമായ നാടുകടത്തലുകളുടെയും പശ്ചാത്തലത്തില്‍ സമീപിക്കുമ്പോഴാണ്. ജെറിക്കോയ്ക്ക് അടുത്തുള്ള അഖ്ബത് ജാബർ അഭയാർത്ഥി ക്യാമ്പിൽ ജനിക്കുകയും, 1967-ലെ യുദ്ധത്തെ തുടർന്ന് അമ്മാനിലേക്ക് കുടിയേറാൻ നിർബന്ധിതനാകുകയും ചെയ്ത നാജി, നേരിട്ടറിഞ്ഞ പ്രവാസത്തിന്റെ ആഘാതങ്ങളെ സാഹിത്യത്തിലേക്ക് ആവാഹിക്കുന്നു. തൽഫലമായി, നോവലിൽ അമ്മാന്റെ ദരിദ്രമായ കിഴക്കൻ പ്രദേശങ്ങളെ ശ്വാസംമുട്ടിക്കുന്ന സാമൂഹിക-സാമ്പത്തിക നിരാശകൾ, അഭയാർത്ഥി ക്യാമ്പ് അനുഭവങ്ങളുടെ നഗരരൂപത്തിലുള്ള നേരിട്ടുള്ള ഒരു തുടര്‍ച്ചയായി വർത്തിക്കുന്നു. കൂടാതെ, ലെവന്റ് മേഖലയുടെ ഓസ്ലോ കരാറിന് ശേഷമുള്ള യാഥാർത്ഥ്യങ്ങളുടെ തീവ്രമായ ഒരു വിമർശനമായും ഈ നോവൽ നിലകൊള്ളുന്നു. പരമ്പരാഗത പലസ്തീനിയൻ ചെറുത്തുനിൽപ്പ് സാഹിത്യം പലപ്പോഴും കാൽപ്പനികവും ആദർശപരമായ പരിശുദ്ധിയുമുള്ള ഒരു വിപ്ലവ നായകനെയാണ് വീരാരാധനാ ഭാവത്തില്‍ അവതരിപ്പിച്ചത്. എന്നാൽ നാജിയാകട്ടെ, മഹത്തായ രാഷ്ട്രീയ ചട്ടക്കൂടുകൾ തകർന്നടിഞ്ഞ 1993-ന് ശേഷമുള്ള നിരാശാജനകമായ ക്ഷീണത്തെയാണ് പകർത്തിവെക്കുന്നത്. ഇവിടെ കഥാപാത്രങ്ങൾ ആദർശവത്കരിക്കപ്പെട്ട പ്രതീകങ്ങളല്ല; അവര്‍ പഴയ അറബ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അപചയത്തിനും മുന്നില്‍ വിടരുന്ന ബൂർഷ്വാ മുതലാളിത്ത സുഖസൗകര്യങ്ങളുടെ പ്രലോഭനങ്ങള്‍ക്കും അതിവേഗം ഇരയായിപ്പോകുന്ന ജുബ്രാനെ പോലുള്ള പ്രായോഗികമതികളായ അതിജീവിതരാണ്. ഈ പ്രത്യയശാസ്ത്രപരമായ ശൂന്യതയിൽ, പരമ്പരാഗത ചെറുത്തുനിൽപ്പിന് പകരം കണക്കുകൂട്ടലുകളും കരുനീക്കങ്ങളും ഇടംപിടിക്കുന്നു. നിശബ്ദനായ നായകൻ അസ്മിയെ സംബന്ധിച്ചിടത്തോളം, അമൂർത്തമായ സിദ്ധാന്തങ്ങൾ തങ്ങൾക്ക് യാതൊരു സംരക്ഷണവും നൽകില്ലെന്ന് രാഷ്ട്രീയത്തിന്റെ ഈ തീച്ചൂള തെളിയിച്ചിട്ടുണ്ട്; തകർന്നടിഞ്ഞ ഈ ലോകത്ത് യഥാർത്ഥ അതിജീവനം സാധ്യമാകണമെങ്കിൽ കോർപ്പറേറ്റ്-രാഷ്ട്രീയ മൂലധനങ്ങളുടെ വ്യവസ്ഥാപിതമായ ശേഖരണം ആവശ്യമാണ്. അങ്ങനെ, ഈ പോരാട്ടത്തെ ഒരു ആദർശ വിപ്ലവത്തിൽ നിന്ന് ആധിപത്യത്തിനായുള്ള ഒരു വേട്ടയാടൽ കളിയായി അത് മാറ്റിമറിക്കുന്നു. അധൃശ്യനായ വ്യവസായ പ്രമുഖനായുള്ള അസ്മിയുടെ തടസ്സമേതുമില്ലാത്ത രൂപാന്തരം, പഴയ ചെന്നായ്ക്കൾ കടന്നുപോകുമ്പോൾ അവയ്ക്ക് പകരം കൂടുതൽ അപകടകരവും വ്യവസ്ഥാപിതവുമായ കോർപ്പറേറ്റ് അധിഷ്ഠിത സംവിധാനങ്ങളാണ് ഇടംപിടിക്കുന്നത് എന്ന സത്യത്തെ അടിവരയിടുന്നു. ചരിത്രപരമായ ആഘാതങ്ങളും പ്രവാസവും മനുഷ്യാത്മാവിനെ എങ്ങനെ പുനർനിർമ്മിക്കുന്നുവെന്നും, അതിജീവനം സാധ്യമാകാൻ ആധുനിക വേട്ടപ്പടയുടെ (pack) തണുപ്പൻ വചനങ്ങളും കൃത്യതയുള്ള കണക്കുകൂട്ടലുകളും സ്വീകരിക്കേണ്ടി വരുന്ന ഭയപ്പെടുത്തുന്ന ഒരു ലോകത്തെ എങ്ങനെ ബാക്കിയാക്കുന്നു എന്നും തുറന്നുകാട്ടുന്നതിലൂടെ ജമാൽ നാജിയുടെ ഈ കൃതി സമകാലിക ലെവന്റൈൻ, പലസ്തീനിയൻ സാഹിത്യത്തിലെ ഒരു പ്രധാന നാഴികക്കല്ലായി നിലകൊള്ളുന്നു.

വിവര്‍ത്തനത്തെ കുറിച്ച്: ‘അറബ് ഭാഷയില്‍ രചിക്കപ്പെട്ടിട്ടുള്ള ഏറ്റവും ലളിതഭാഷ ഉപയോഗിച്ച നോവലുകളിലൊന്ന്’ എന്ന് നോവലിനെ സാക്ഷ്യപ്പെടുത്തുന്ന വിവര്‍ത്തകന്‍ അറബ് മൂലത്തില്‍ നിന്ന് നേരിട്ടു മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് ആ ലാളിത്യം അനുഭവിപ്പിക്കുന്ന തരത്തില്‍ തന്നെയാണ്. അക്കാര്യത്തില്‍ എപ്പോഴും ലഭ്യമായിരുന്ന നോവലിസ്റ്റിന്റെ സഹകരണത്തിനും അദ്ദേഹം നന്ദി പറയുന്നു. ഡോ. ഷംനാദിന്റെ ഭാഷാ സെന്‍സിറ്റിവിറ്റിയുള്ള വിവര്‍ത്തനങ്ങള്‍ എപ്പോഴും അറബ് മൂലത്തോട് അങ്ങേയറ്റം നീതിപുലര്‍ത്തുന്നതാണ് എന്നത് എടുത്തുപറയണം. ഇത്തവണയും അതങ്ങനെത്തന്നെ.