ഇരുപതാം നൂറ്റാണ്ടിന്റെ മധ്യ ദശകങ്ങളില്‍, അമ്പതുകളിലും അറുപതുകളിലും, കൊളോണിയല്‍ വിരുദ്ധ സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ ദേശങ്ങളില്‍ ഉയര്‍ന്നുവന്ന ശക്തമായ ദേശീയവികാരവും സ്വാതന്ത്ര്യ സ്വപ്‌നങ്ങള്‍ വളര്‍ത്തിയെടുത്ത ശുഭാപ്തിയും ആഫ്രിക്കന്‍ സംസ്കാരമെന്നത് യൂറോപ്പിന്റെ കണ്ടുപിടുത്തമല്ല എന്ന പ്രഖ്യാപനം ഒരു സാംസ്കാരിക ദൗത്യമായിത്തന്നെ ഏറ്റെടുക്കുന്നതിലേക്ക് എഴുത്തുകാരെ നയിച്ചതിന്റെ ഫലമായിരുന്നു ഇക്കാലഘട്ടത്തില്‍ ആഫ്രിക്കന്‍ കഥാഖ്യാന പാരമ്പര്യങ്ങളെ ഉപജീവിച്ചു എഴുതപ്പെട്ട മഹദ് കൃതികള്‍ . മിഷിനറി വിദ്യാഭ്യാസത്തിന്റെ ഗുണ ഭോക്താക്കളായ എഴുത്തുകാര്‍ രൂപ പരമായി പാശ്ചാത്യ നോവല്‍ സങ്കേതങ്ങളെ ഉപയോഗപ്പെടുത്തിയത് സ്വാഭാവികമായിരുന്നെങ്കിലും പ്രാദേശികമായ കഥാഖ്യാന സമ്പ്രദായത്തിലെ പുരാണ/ നാടോടി/ ഗായക പാരമ്പര്യത്തെ അങ്ങേയറ്റം ആശ്രയിച്ചു. The Palm-wine Drinkard (ആമോസ് ടുടുവോല) യൊറൂബ മിത്തോളജിയും ആഫ്രിക്കന്‍ ഫോക് ലോര്‍ പാരമ്പര്യവും വേണ്ടുവോളം ഉപയോഗപ്പെടുത്തിയപ്പോള്‍, The African Child (കമാര ലായേ) വാമൊഴി പാരമ്പര്യത്തെ ഉപജീവിച്ചു ആഫ്രിക്കയുടെ ഗതകാല പ്രൌഡിയെ ബധിര ലോകത്തിനു മുന്നില്‍ പ്രകാശിപ്പിച്ചു. ഹെരോഡോട്ടസിനെ പോലുള്ള വികല ചരിത്രകാരന്മാര്‍ ചരിത്രമെന്ന പേരില്‍ എഴുതിപ്പിടിപ്പിച്ച കഥകളില്‍ നിന്ന് പാശ്ചാത്യ ലോകം ആഫ്രിക്കയെ കുറിച്ചുണ്ടാക്കിയിരുന്ന വാര്‍പ്പ് മാതൃകാ ധാരണകളോടുള്ള പ്രതിഷേധമായാണ് ശരിയായ ചരിത്രബോധം അടിത്തറയായ Things Fall Apart (ചിനുവ അച്ചബെ), രചിക്കപ്പെട്ടത്. മോമോ കലാപത്തിന്റെ തീക്കാലം കടന്ന് സ്വാതന്ത്ര്യം പടിവാതിലില്‍ നില്‍ക്കെ, പാശ്ചാത്യ സാമ്രാജ്യത്വത്തെയും ഇന്ത്യന്‍ വ്യാവസായിക സംരംഭങ്ങള്‍ ഉയര്‍ത്തിയ വെല്ലുവിളികളെയും അതിജീവിക്കാന്‍ വിദ്യാഭ്യാസവും സംരഭങ്ങളും പോഷിപ്പിക്കേണ്ട ആവശ്യകത ഉന്നയിക്കാന്‍ കൂടിയാണ് Weep Not, Child (ങ്ഗൂഗി വാ തിയോംഗോ), രചിക്കപ്പെട്ടത്. ആഫ്രിക്കന്‍ സാഹിത്യത്തിന്റെ പ്രത്യേകത അത് സൗന്ദര്യോപാസന മാത്രമായല്ല കഥപറച്ചിലിനെ കാണുന്നത് എന്നതാണ്. അതിനപ്പുറം ആഫ്രിക്കന്‍ മൂല്യങ്ങളുടെ സംരക്ഷണവും പ്രസക്തമായ സാമൂഹിക സത്യങ്ങളെ തലമുറകളിലേക്ക് പകര്‍ന്നു നല്‍കലും അതിന്റെ അടിസ്ഥാന ലക്ഷ്യമാണ്. കൊളോണിയല്‍ വിദ്യാഭ്യാസത്തിന്റെ കൂടി ഫലമായി വാമൊഴി പാരമ്പര്യത്തോടൊപ്പം വരമൊഴിയും ശക്തി പ്രാപിച്ചതോടെ നോവല്‍ ഒരു സാഹിത്യ ശാഖയെന്ന നിലയില്‍ സ്വയം കണ്ടെത്തുകയും മറ്റൊരു സാഹിത്യ ശാഖക്കും കഴിയാത്ത വിധം മുന്‍ സൂചിതമായ 'ആഫ്രിക്കന്‍ ക്ലാസിക്കല്‍ സാഹിത്യ പാരമ്പര്യ'ത്തെ ഉള്‍ച്ചേര്‍ക്കുകയും ചെയ്തു. ദേശത്തിനകത്ത് എന്ന പോലെത്തന്നെ ആഫ്രിക്കക്കു വെളിയിലും തങ്ങളുടെ സന്ദേശങ്ങള്‍ പകരാന്‍ കഴിയുന്ന സാഹിത്യ രൂപം എന്നതും ആഫ്രിക്കന്‍ എഴുത്തുകാരെ സംബന്ധിച്ച് നോവലിന്റെ പ്രസക്തി വര്‍ദ്ധിപ്പിച്ചു. പരമ്പരാഗതവും ഒപ്പം ആധുനികവുമായ മൂല്യങ്ങളെ വര്‍ത്തമാന കാല സന്ദര്‍ഭത്തിലേക്കും പകര്‍ന്ന് ആവിഷ്കരിക്കാന്‍ കഴിയുന്നു എന്നതിലൂടെ പരമ്പരാഗതമായി സമൂഹത്തിന്റെ കഥകള്‍ ആവിഷ്കരിച്ചു വന്ന നാടോടി കാഥിക /ഗായക (griots) പാരമ്പര്യത്തിന്റെ സ്വാഭാവിക പുതുകാല പിന്‍ഗാമികള്‍ നോവലിസ്റ്റുകള്‍ ആയിത്തീര്‍ന്നു. ങ്ഗൂഗി വാ തിയോംഗോയുടെ ഏറ്റവും പുതിയ കൃതിയായ The Wizard of the Crow എന്ന നോവലിനെ സമീപിക്കുമ്പോള്‍ ആഫ്രിക്കന്‍ നോവല്‍ പാരമ്പര്യത്തിന്റെ ഈ താവഴി വിശേഷാല്‍ സംഗതമാണ്.
ങ്ഗൂഗിയുടെ നോവല്‍ വഴികള്‍
കൊളോണിയല്‍ കാലഘട്ടത്തിന്റെ സ്വാഭാവിക പരിണതിയായി ഉയര്‍ന്നു വന്ന കെനിയന്‍ സ്വാതന്ത്ര്യ സമരം അഥവാ മൊ മൊ കലാപത്തിന്റെയും തുടര്‍ന്ന് കെനിയന്‍ സ്വാതന്ത്ര്യ പ്രാപ്തിയുടെയും കാലഘട്ടങ്ങള്‍ പശ്ചാത്തലമാക്കി രചിക്കപ്പെട്ട ങ്ഗൂഗിയുടെ ആദ്യ നോവല്‍ ത്രയം എന്ന് പറയാവുന്ന Weep Not, Child (1964), The River Between (1965), A Grain of Wheat (1967) എന്നീ കൃതികള്‍ക്ക് ശേഷം പത്തു വര്‍ഷം കഴിഞ്ഞാണ് അദ്ദേഹത്തിന്റെതായി വീണ്ടും ഒരു നോവല്‍ പുറത്തു വന്നത്. നാടകങ്ങളും കഥകളും ലേഖനങ്ങളുമായി ഇടക്കാലത്തും അദ്ദേഹം സജീവമായി രചനാലോകത്തുണ്ടായിരുന്നു. 1977-ല്‍ പുറത്തിറങ്ങിയ Petals of Blood എന്ന നോവലിന്റെ രചനാകാലം ആവുമ്പോഴേക്കും സ്വാതന്ത്ര്യ സമര കാലത്തിന്റെ പ്രചോദിത ആദര്‍ശാത്മകത ഹിംസാത്മകതക്കും കൊളോണിയല്‍ യജമാനന്മാര്‍ക്ക് പകരം അധികാരത്തിലേറിയ സ്വാതന്ത്ര്യാനന്തര സ്വദേശി ഭരണകര്‍ത്താക്കളുടെ മുച്ചൂടും മലീമസമായ അഴിമതിക്കും വഴിമാറിക്കൊടുത്തിട്ടുണ്ടായിരുന്നു. സ്വാഭാവികമായും നോവലിന്റെ അന്വേഷണം വിമോചിത കെനിയ കൊളോണിയല്‍ കാലത്തെ അതേ അടിച്ചമര്‍ത്തല്‍ സ്വഭാവവും ജന വിരുദ്ധതയും ആവര്‍ത്തിക്കുന്നതിലും രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും പാശ്ചാത്യ വല്‍ക്കരണവും മുതലാളിത്ത രീതികളും വരുത്തിവെക്കുന്ന ഇച്ഛാഭംഗത്തിലും കേന്ദ്രീകരിച്ചു.
യൂറോപ്പല്ല ലോകത്തിന്റെ കേന്ദ്രമെന്ന് കാണിച്ചു കൊടുക്കുക എന്നത് കൂടി ലക്ഷ്യമാക്കിയിരുന്ന ഒരാള്‍ എന്ന നിലയില്‍ ങ്ഗൂഗിയുടെ രചനകള്‍ ആരംഭിക്കുന്നത് ഉഗാണ്ടയില്‍ വെച്ചാണ് എന്നത് പ്രധാനമാണ്. കെനിയ കറുത്തവന്റെതാണ് എന്നും കൊളോണിയലിസം ആഫ്രിക്ക സ്വയം വരുത്തിവെച്ചതെന്ന മട്ടിലുള്ള സ്വയംഭോഗമല്ല, മറിച്ച് ബലാല്‍ക്കാരവും ഒരു കുറ്റകൃത്യവും ആണെന്നും തദ്ദേശീയമായ സംസ്കൃതികളെ തകര്‍ത്തുകൊണ്ടാണ് കൊളോണിയല്‍ സംസ്കൃതിയും നിര്‍മ്മിത ചരിത്രവും സ്ഥാപിതമായത് എന്നുമുള്ള തിരിച്ചറിവിലേക്ക് ങ്ഗൂഗി എത്തിച്ചേരുന്നതും അവിടെ വെച്ചാണ്. കൊളോണിയല്‍ യജമാനന്‍ നിര്‍മ്മിച്ച ചരിത്രത്തിനു പകരം വേറിട്ടൊരു യഥാര്‍ത്ഥ ചരിത്രമുണ്ടെന്നും വൈദേശിക ആധിപത്യത്തിനെതിരില്‍ പൊരുതുന്ന കര്‍ഷകരും തൊഴിലാളികളുമാണ് ആ ചരിത്രത്തിലെ നായകരെന്നും ആ ചരിത്രം തിരിച്ചു പിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം മനസ്സിലാക്കി. ആഫ്രിക്കയും ഏഷ്യയും ലാറ്റിന്‍ അമേരിക്കയും സാംസ്കാരിക ലോകത്തിന്റെ കേന്ദ്രങ്ങളായി ഉയര്‍ന്നു വന്ന പുതിയ കാലത്തിന്റെ പ്രവാചകനായി ഫ്രാന്‍സ് ഫാനന്‍ നിലക്കൊണ്ടു. എന്നാല്‍ ഇംഗ്ലീഷ് വിധേയത്വത്തിന്റെ കാര്യത്തില്‍ ഈ മാറ്റങ്ങളൊന്നും അക്കാദമിക് ലോകത്ത് ഒരു അനുരണനവും സൃഷ്ടിച്ചില്ല എന്ന് നെയ്റോബി യൂനിവെഴ്സിറ്റി ഇംഗ്ലീഷ് വിഭാഗത്തില്‍ നിന്നുണ്ടായ അനുഭവങ്ങളില്‍ നിന്ന് ഞെട്ടലോടെയാണ് അദ്ദേഹം മനസ്സിലാക്കിയത്. എഴുത്തിന്റെ ഭാഷ ഏതാവണം എന്ന കാര്യത്തില്‍ ഒരു പുതിയ തിരിച്ചറിവിലേക്ക് അദ്ദേഹം നീങ്ങുന്നത് അങ്ങനെയാണ്. ങ്ഗൂഗിയുടെ നോവലുകളില്‍ ആദ്യം ഇംഗ്ലീഷില്‍ രചിക്കപ്പെട്ട അവസാന കൃതിയായിരുന്നു Petals of Blood. കൊളോണിയല്‍ ഭാരം കയ്യൊഴിയാന്‍ മനസ്സുകളെ കൂടി കോളണിമുക്തമാക്കേണ്ടതുണ്ട് എന്നും അതിനു ഭാഷാപരമായ കൊളോണിയല്‍ പാരമ്പര്യത്തെ കൂടി കയ്യൊഴിക്കെണ്ടതുണ്ട് എന്നുമുള്ള നിലപാടില്‍ പില്‍ക്കാലത്ത് അദ്ദേഹം കികുയു ഭാഷയില്‍ എഴുതിയ ശേഷം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുക എന്ന രീതി സ്വീകരിച്ചു. വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ആദ്യം മുതലേ നില നിര്‍ത്തിയിരുന്നെങ്കിലും തീര്‍ത്തും ജനകീയമായ സാഹിത്യപ്രവര്‍ത്തനം എന്ന നിലയില്‍ പ്രാദേശികഭാഷയില്‍തന്നെ എഴുതിത്തുടങ്ങുകയും അതുവഴി താന്‍ സംവദിക്കാന്‍ ലക്ഷ്യംവെച്ച കെനിയന്‍ കര്‍ഷകത്തൊഴിലാളികള്‍ക്കുകൂടി അനായാസം പ്രാപ്യമായി തുടങ്ങുകയും ചെയ്തതോടെയാണ് അതുവരെ സ്റ്റാറ്റസ് സിംബല്‍ പോലെ അന്താരാഷ്‌ട്ര വേദികളില്‍ എടുത്തുകാട്ടിയിരുന്ന എഴുത്തുകാരന്‍ അധികൃതര്‍ക്കും തീര്‍ത്തും അനഭിമതനായത് എന്നത്, ഭാഷയുടെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച ങ്ഗൂഗിയുടെ നിലപാടിന് കൃത്യമായ സാധൂകരണമായിരുന്നു. കൊള്ളേണ്ടിടത്തു കൊള്ളും വരെ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ഭരണകൂടങ്ങള്‍ക്ക് പ്രിയങ്കരരാണ്.
1982-ല്‍ പുറത്തിറങ്ങിയ ഡെവിള്‍ ഓണ്‍ ദി ക്രോസ്സ്, '86 -ല്‍ ഇറങ്ങിയ മാതിഗാരി എന്നീ കൃതികള്‍ക്കുശേഷം ഇരുപതു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ങ്ഗൂഗി നോവലിന്റെ തട്ടകത്തിലേക്ക് തിരിച്ചു വന്നത്. ഏറെ വില കൊടുത്ത് നേടിയ സ്വാതന്ത്ര്യം രാഷ്ട്രീയ സ്വാതന്ത്ര്യം എന്നതിനപ്പുറം സാമ്പത്തിക സ്വാതന്ത്ര്യമോ സാംസ്കാരിക സ്വാതന്ത്ര്യമോ ആയിരുന്നില്ലെന്നും സ്വദേശി ഭരണാധികാരികള്‍ കൊളോണിയലിസത്തിന്റെ മുഴുവന്‍ അധികാരമാലിന്യങ്ങളെയും അതിശയിക്കുന്ന ഏകാധിപതികള്‍ ആയിത്തീരുകയായിരുന്നു എന്നതും വിമത ശബ്ദങ്ങള്‍ക്കെതിരില്‍/ അങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടവര്‍ക്കെതിരില്‍ കിരാതമായ ഉന്മൂലനമെന്ന നൃശംസതയില്‍ വിശ്വസിച്ചവരായിരുന്നു എന്നതുമായിരുന്നു ആഫ്രിക്കന്‍ ദേശങ്ങളുടെ സ്വാതന്ത്ര്യാനന്തര പൊതു സ്വഭാവം. താന്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ജോമോ കെനിയാറ്റയില്‍ നിന്നുതന്നെ ജയില്‍ വാസവും തുടര്‍ന്ന് പ്രവാസവും നേരിടേണ്ടി വന്ന അനുഭവം ങ്ഗൂഗിക്ക് തന്നെയും ഉണ്ടായിരുന്നു. ഗികുയു ഭാഷയില്‍ ആദ്യം എഴുതിയ The Devil on the Cross, ജയില്‍ വാസകാലത്ത് ടോയ് ലെറ്റ് പേപ്പറിലാണ് അദ്ദേഹം എഴുതിയത് എന്നത് ഇതോടുചേര്‍ത്തു വായിക്കാം. വാസ്തവത്തില്‍ ഇതേ ജയില്‍വാസമാണ് ഇനി മുതല്‍ ഗികുയു ഭാഷയില്‍ മാത്രമേ എഴുതൂ എന്ന തീരുമാനത്തില്‍ അദ്ദേഹത്തെ എത്തിക്കുന്നത്. 'വിസാര്‍ഡി'ലെ നായകന്‍ നിരീക്ഷിക്കുന്നതു പോലെ 'ഒരു അടിമക്ക് ആദ്യം അയാളുടെ പേര് നഷ്ടമാകും, പിന്നീട് അയാളുടെ ഭാഷയും'. അതുകൊണ്ട് മനസ്സിനെ ഡികോളനൈസ് ചെയ്യുന്നതിന് ഒരാള്‍ തന്റെ ഭാഷ തിരിച്ചു പിടിക്കണം; തന്റെ പേരും.
സര്‍വ്വാധികാരമാലിന്യത്തിന്റെ ഇടം
ചെ ഗുവാരക്ക് തുല്യരായി ആഫ്രിക്കന്‍ യുവത ഉറ്റുനോക്കിയ പാട്രിസ് ലുമുംബയുടെ കോംഗോയില്‍ നിന്നോ ക്വാമെ എന്‍ക്രൂമയുടെ ഘാനയില്‍ നിന്നോ ഒരു പാന്‍ ആഫ്രിക്കന്‍ ആദര്‍ശത്തിന്റെ പ്രതീക്ഷ കാത്തു സൂക്ഷിക്കാന്‍ പോന്ന വികാസങ്ങള്‍ ഉണ്ടാവുന്നതിനു പകരം ഇതര ആഫ്രിക്കന്‍ ദേശങ്ങളിലെ നൃശംസതയും അഴിമതിയും എല്ലായിടത്തും വ്യാപകമാവുന്നതാണ് സ്വാതന്ത്ര്യാനന്തരം കാണാനായത്. സൈപ്രിയന്‍ ഏക്‌വെന്‍സി, മേജാ എംവാങ്ങി തുടങ്ങിയ നോവലിസ്റ്റുകള്‍ ഈ അവസ്ഥയെ ആവിഷ്കരിച്ചു. സ്വാതന്ത്ര്യ സമര കാലത്തെ ശുഭാപ്തിയും കൊളോണിയല്‍ അനന്തര കാലത്തെ രോഷവും നിയോ കൊളോണിയല്‍ കാലത്തെ ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കടുത്ത വിരക്തിയിലേക്കും ഏതാണ്ടൊരു അസംബന്ധ ബോധത്തിലേക്കും എത്തിച്ചു കഴിഞ്ഞത് തീക്ഷ്ണമായ സറ്റയറിന്റെയും കറുത്ത ഹാസ്യത്തിന്റെയും സ്വഭാവത്തിലേക്ക് ങ്ഗൂഗിയുടെ ആവിഷ്കാര രീതി ചുവടു മാറ്റിയതിന് മികച്ച ഉദാഹരണമാണ് 'കാക്ക മാന്ത്രികന്‍ '. ആഫ്രിക്കന്‍ ഭരണ കൂടങ്ങളെ കുറിച്ച് Matigari യില്‍ കാണാവുന്ന ആക്ഷേപ ഹാസ്യം അതിന്റെ പാരമ്യത്തില്‍ എത്തുകയാണ് ഇവിടെ. ചെപ്പടിവിദ്യകളിലൂടെ ഉത്തരം മുട്ടിക്കുകയും പുതിയ അപ്രിയ സത്യങ്ങളോ സനാതന സത്യങ്ങളോ കടംകഥകളോ ദൃഷ്ടാന്ത കഥകളോ ആവിഷ്കരിക്കുയും ചെയ്യുന്ന കഥപറച്ചിലുകാരന്‍ / ആവിഷകാരകന്‍ എന്ന 'trickster' കഥാപാത്രം പോലുള്ള ആഫ്രിക്കന്‍ കഥാപാരമ്പര്യത്തിലെ ഘടകങ്ങളെല്ലാം വിസാര്‍ഡില്‍ ശക്തമാണ്.
അബുറീറിയ എന്ന സാങ്കല്‍പ്പിക ആഫ്രിക്കന്‍ ദേശമാണ് നോവലിന്റെ ഇതിവൃത്തം സംഭവിക്കുന്ന ഇടം. കെനിയാറ്റയുടെ മരണത്തെ തുടര്‍ന്ന് രണ്ടാമത് പ്രസിഡന്‍റ് ആയിത്തീര്‍ന്ന ഡാനിയേല്‍ അറാപ് മോയിയുടെ ഒരു പതിപ്പാണ് നോവലിലെ ‘ദി റൂളര്‍’ എന്നുമാത്രം വിളിക്കപ്പെടുന്ന ലക്ഷണമൊത്ത സബ് സഹാറന്‍ ഏകാധിപതി. “ശത്രുക്കളുടെ സൂക്ഷിച്ചുവെച്ച രക്തത്തില്‍ " കുളിക്കുന്നവന്‍. യഥാര്‍ഥത്തില്‍ ഭരണപ്രക്രിയ എന്ന് വിളിക്കേണ്ട ഒന്നും തന്നെ ഇവിടെ സംഭവിക്കുന്നേയില്ല. 1987 കാലത്ത് പ്രസിഡന്‍റ് നേരിട്ട ഒരു സന്ദിഗ്ധ സാഹചര്യം നോവലിന്റെ പശ്ചാത്തലവുമായി ചേര്‍ത്തു വെക്കുന്നത് ങ്ഗൂഗിയുടെ അസംബന്ധ ദര്‍ശനത്തിന്റെ രാഷ്ട്രീയ മാനങ്ങള്‍ വ്യക്തമാക്കും. മാതിഗാരി എന്ന് പേരുള്ള ഒരു നിഗൂഡവ്യക്തിത്വം ഒരു പുസ്തകത്തിന്റെ കവറില്‍ നിന്നിറങ്ങി ദേശദ്രോഹപരമായ ആശയങ്ങള്‍ പ്രചരിപ്പിച്ചു നാടെങ്ങും ചുറ്റുന്നതായി അഭ്യൂഹങ്ങള്‍ പരന്നു. പരിഭ്രാന്തനായ പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് പിന്നീടു നാട്ടിന്‍ പുറങ്ങളില്‍ പോലും അരങ്ങേറിയ ഫിക് ഷനല്‍ 'കഥാപാത്ര' വേട്ട ഗത്യന്തരമില്ലാതെ പുസ്തകത്തിന്റെ പതിപ്പുകള്‍ കണ്ടുകെട്ടുന്നതില്‍ എത്തിച്ചേര്‍ന്നത് മാജിക്കല്‍ റിയലിസത്തിന്റെ ആഫ്രിക്കന്‍ പതിപ്പാണോ അതോ അസംബന്ധത്തിന്റെ കറുത്ത ഹാസ്യമാണോ എന്നത് വിസാര്‍ഡിന്റെ രചനയില്‍ ങ്ഗൂഗിയെ സ്വാധീനിച്ചിട്ടുണ്ട്. അകര്‍മ്മക ക്രിയാ പദമായി ഉപയോഗിക്കുന്ന 'അപ്രത്യക്ഷമാകുക' (disappearing) എന്ന പദം ഒരു രാഷ്ട്രീയ ആയുധമായി ഏകാധിപത്യ/ സര്‍വ്വാധിപത്യ സ്വരൂപങ്ങള്‍ ഉപയോഗിക്കുന്നതിനു ഒട്ടേറെ ഉദാഹരണങ്ങള്‍ ഉണ്ട്; 'വിസാര്‍ഡി'ലും അത് ഏറെയുണ്ട്. ങ്ഗൂഗിയുടെ കാര്യത്തില്‍ മോയി അത് ആഗ്രഹിച്ചിരുന്നെങ്കിലും അതിനോടകം നോവലിസ്റ്റ് പ്രവാസ വഴിയില്‍ രക്ഷപ്പെട്ടിരുന്നു. എന്തും എപ്പോഴും സംഭവിക്കാവുന്ന അ/വിശ്വസനീയതയുടെ അതിര്‍ വരമ്പ് ഫലത്തില്‍ നില നില്‍ക്കുന്നില്ലാത്ത ദേശത്തിന്റെ വേദനകളും അസംബന്ധങ്ങളും അദ്ദേഹം തന്റെയുള്ളില്‍ പേറിയിരുന്നു, 766 പുറങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഒരു ആഖ്യാനത്തിന്റെ വിഭവങ്ങളായി.
അബൂറീറിയ എന്ന പേരില്‍ അത്യുക്തിയില്‍ സര്‍റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്ന, അഴിമതിയുടെയും എല്ലാതരം മലീമസതകളുടെയും കേളീരംഗമായ ഈ കെനിയന്‍ പതിപ്പിന് പക്ഷെ വേറെയും ഡസന്‍ കണക്കിന് ആഫ്രിക്കന്‍ ദേശങ്ങള്‍ മാതൃകയുണ്ട് എന്നത് നിയോ കൊളോണിയല്‍ ആഫ്രിക്കന്‍ പരിതോവസ്ഥയുടെ കണ്ണാടിയാണ്. റുളടെ മൂന്നു പ്രമുഖ മന്ത്രിസഭാംഗങ്ങള്‍ സ്തുതി പാഠനത്തിന്റെ അപാരമായ കോമാളിത്തത്തില്‍ പാശ്ചാത്യരാജ്യങ്ങളില്‍ വെച്ച് നടത്തിയ പ്ലാസ്റ്റിക് സര്‍ജ്ജറിയിലൂടെ പരസ്പരം മത്സരിച്ച് സ്വന്തം മുഖങ്ങളില്‍ വിചിത്ര പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒരാള്‍ റൂളറുടെ രാഷ്ട്രീയ ശത്രുക്കളെ നന്നായി കാണുന്നതിനു വേണ്ടി കണ്ണുകള്‍ ബള്‍ബുകള്‍ പോലെ വലുതാക്കിയപ്പോള്‍ മറ്റൊരാള്‍ ശത്രുക്കള്‍ക്ക് ചെവിയോര്‍ക്കാന്‍ കാതുകളെ മുയലിന്റെത് പോലെ വികസിപ്പിച്ചിരിക്കുന്നു. ഇനിയുമൊരാള്‍ യജമാന്റെ വാക്കുകള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രചരിപ്പിക്കാന്‍ നാക്കിലാണ് വിചിത്ര വേല നടത്തിച്ചിട്ടുള്ളത്. നൃപന്റെ എത്രാമാത്തെത് എന്ന് ആര്‍ക്കും ഓര്‍മ്മയില്ലാത്ത ജന്മദിനത്തിന് ഒരു ജന്മദിനസമ്മാനം എന്ന ആശയത്തില്‍ എത്തിച്ചേരുന്നതാണ് ഇതിവൃത്തത്തിലെ തൊടുത്തു വിടല്‍ ആവുന്നത്. ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം ആയേക്കാവുന്ന ഒരു സ്വര്‍ഗ്ഗത്തിലേക്കുള്ള ഗോപുരം ('Marching to Heaven') നിര്‍മ്മിക്കുക എന്നതാണ് അത്. പഴയ നിയമത്തിലെ ബാബേല്‍ ഗോപുരത്തിനു ശേഷം ആരും അങ്ങനെയൊന്നു നിര്‍മ്മിച്ചിട്ടില്ല. അതദ്ദേഹത്തെ ദൈവവുമായി നേരിട്ട് വിനിമയം നടത്തുന്നതിനു സഹായിക്കും
"സ്വര്‍ഗ്ഗ വാതിലില്‍ (എത്തുന്ന) റൂളര്‍ക്ക് എല്ലാ ദിവസവും ദൈവത്തെ കണ്ടു ഗുഡ് മോര്‍ണിംഗ് എന്നോ ഗുഡ് നൈറ്റ് എന്നോ അല്ലെങ്കില്‍ ചുമ്മാ, ഇന്നത്തെ ദിവസം എങ്ങനെയിരുന്നു ദൈവമേ? എന്ന് കുശലം തിരക്കുകയോ ചെയ്യാം.”
പദ്ധതി നടത്തിപ്പിന്റെ ചെയര്‍മാന്‍ ആയി നിയമിതനാകുന്ന തജിരികയുടെ ഓഫീസില്‍ നിര്‍മ്മാണത്തിന്റെ വിവിധ മേഖലകളിലെ കാരാറുകള്‍ തട്ടിയെടുക്കാനായി വന്‍ തുക കൈക്കൂലിയുമായി എത്തുന്ന കരാറുകാരുടെ അറ്റമില്ലാത്ത ഒരു ക്യൂ വളരുന്നു; ഒരൊറ്റ പകല്‍ കൊണ്ട് മൂന്നു വലിയ ചാക്ക് 'ബുരി' നോട്ടുകള്‍ അയാള്‍ സ്വന്തമാക്കുന്നുണ്ട്, ഇനിയൊരു ഘട്ടത്തില്‍ എതിരാളിയായി മാറുന്ന കാനിയൂറു എന്ന അസിസ്റ്റന്റ് ശാലീനമായ പങ്കുവെപ്പില്‍ റൂളറെ വഞ്ചിച്ചു സ്വന്തമാക്കിയിരിക്കാന്‍ സാധ്യതയുള്ള സമ്പാദ്യം പെരുപ്പിച്ചു കാണിക്കുന്നതിനു വേണ്ടി നൃപന്റെ മുന്നില്‍ അയാളതിനെ സാക്ഷാല്‍ ഡോളര്‍ ആക്കുന്നുമുണ്ട്. വന്‍സമ്പാദ്യം തജിരീകയില്‍ നിഗൂഡമായ ഒരു രോഗാവസ്ഥ സൃഷ്ടിക്കുന്നു: പല കഥാപാത്രങ്ങളിലും പല ഘട്ടങ്ങളില്‍ വ്യത്യസ്ത ഉദ്ദേശങ്ങളോടെ ഇനിയങ്ങോട്ട് പ്രത്യക്ഷപ്പെടുന്ന ഈ 'എങ്കില്‍ ' ('IF') അസുഖം തജിരീകയില്‍ വെളുപ്പു നിറ വേദന ('white-ache') എന്ന വെള്ളക്കാരന്‍ ആവാനുള്ള മോഹമായാണ് വികസിക്കുക. തജിരീകയെ കാണാനെത്തുന്നവരുടെ ക്യൂവിനോടൊപ്പം മറ്റൊരു ക്യൂ കൂടി ഓഫീസിനു വെളിയില്‍ രൂപം കൊള്ളുന്നതാണ് സ്ഥിതി ഗതികളിലെ രാഷ്ട്രീയ പ്രശ്നം ഗുരുതരമാക്കുക. സെക്രട്ടറി എന്‍യാവിറക്ക് പെട്ടെന്നുണ്ടായ ജോലിഭാരം താങ്ങാനാവാതെ വരുന്നത് ഓഫീസിലൊരു താല്‍ക്കാലിക വേക്കന്‍സി സൃഷ്ടിക്കുകയും അത് പരസ്യപ്പെടുത്തുന്നതിനെ തുടര്‍ന്ന് തൊഴില്‍ തേടുന്നവരുടെ ഒരു ക്യൂ രൂപപ്പെടുകയും ചെയ്യുന്നതാണ് അത്. ഈ രണ്ടു ക്യൂകളും നൃപന് അസ്വസ്ഥത സ്രഷ്ടിക്കുകയും 'ക്യൂവിംഗ് മാനിയ' ഏതോ അട്ടിമറി ശ്രമത്തിന്റെ ഭാഗമാണ് എന്ന് മനസ്സിലാക്കപ്പെടുകയും ചെയ്യുന്നതാണ് തുടര്‍ന്നുള്ള ഇതിവൃത്തഗതിയെ നിയന്ത്രിക്കുന്നത്. തൊഴിലില്ലായ്മ എന്ന പ്രശ്നത്തിന്റെ അസ്ഥിത്വമോ കൈക്കൂലി നിയാമകമായിത്തീരുന്ന അവസ്ഥയോ അബൂറീറിയയുടെ അധികൃത പരിഗണനയുടെ വിഷയങ്ങളല്ല. ക്യൂ പാലിക്കാനുള്ള പ്രവണത അബൂറീറിയക്ക് അംഗീകരിക്കാനാവാത്തത് അത് ഒട്ടും ആഫ്രിക്കന്‍ അല്ലാത്തത് കൊണ്ടും അത്തരം അച്ചടക്കം കമ്യൂണിസ്റ്റ് തന്ത്രമാണ് എന്നതുകൊണ്ടും ഒരു തരം നിയതാവസ്ഥയും ഇല്ലാതെ എവിടെയും ഇരച്ചു കയറുന്നതിന്റെ 'നൈസര്‍ഗ്ഗികത'യാണ് അബൂറീറിയയുടെ പ്രകൃതം എന്നതിനാലുമാണ്. എന്നാല്‍ പ്രശ്നത്തെ വിരുദ്ധ ശക്തികള്‍ ഉപയോഗപ്പെടുത്തുന്നത് തടയിടാന്‍ അത് 'മാര്‍ച്ചിംഗ്' പദ്ധതിക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തുന്നവരുടെ ക്യൂ ആണെന്ന് ഔദ്യോഗികമായി അംഗീകരിക്കാന്‍ വിദേശ വകുപ്പ് മന്ത്രി മാചോകാലി നൃപനെ ബോധ്യപ്പെടുത്തുന്നു.
സിദ്ധന്‍ സൃഷ്ടിക്കപ്പെടുന്നു
ഇതിവൃത്തത്തില്‍ സമാന്തരമായും ഇഴകോര്‍ത്തും വികസിക്കുന്ന മറ്റൊരു പ്രധാന ധാര എന്‍യാവിറയും കാമിതിയും തമ്മിലുള്ള ബന്ധമാണ്. ഒരു രാവില്‍ ക്യൂവിംഗ് മാനിയയുടെയും വിഘടന പ്രവര്‍ത്തനങ്ങളുടെയും കാരണക്കാര്‍ എന്ന പേരില്‍ വേട്ടയാടപ്പെടുന്നതിനിടെയാണ് രണ്ടുപേരും യാദൃശ്ചികമായി കണ്ടു മുട്ടുക. തൊഴിലന്വേഷണത്തിന്റെ സമ്പൂര്‍ണ്ണ പരാജയത്തെ തുടര്‍ന്ന് തികഞ്ഞ യാജകനായിത്തീരുന്ന അവസ്ഥയിലാണ് കാമിതി. പിന്‍തുടരുന്ന പോലീസുകാരെ പിന്‍ തിരിപ്പിക്കാന്‍ വേണ്ടി നടത്തുന്ന തന്ത്രമാണ് കാമിതിയെ, പിന്നീട് എന്‍യാവിറയെയും, 'കാക്ക മാന്ത്രികന്‍' ആക്കുക. അതിജീവന തന്ത്രമായി യാദൃശ്ചിക സിദ്ധന്‍ എന്നത് ആര്‍ കെ നാരായണന്റെ രാജുവിനെ പോലെ (The Guide) ദൈന്യപൂര്‍ണ്ണമായ നിസ്സഹായതക്കും കോമാളിത്തത്തിനും ഇടയില്‍ സാഹിത്യത്തില്‍ സ്ഥിതപ്പെടുത്തിയ ഒരു പാത്രസൃഷ്ടിയാണ്. സമാന രീതിയില്‍ ഒരേ സമയം വൈദ്യനും സിദ്ധനും യോഗിയുമായാണ് കാക്ക മാന്ത്രികന്‍ പൊതുജന മനസ്സില്‍ ഇടം പിടിക്കുക. മാചോകാലി ഒഴികെ മുഖ്യ കഥാപാത്രങ്ങളെല്ലാം ഏതെങ്കിലും ഘട്ടത്തില്‍ അയാളുടെ 'സിദ്ധി'കളുടെ ഗുണ ഭോക്താക്കള്‍ ആകുന്നുണ്ട്, സാക്ഷാല്‍ നൃപന്‍ വരെ. അയാളെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ സ്വയം ഒരു മിത്ത് സൃഷ്ടിക്കുന്നുമുണ്ട്. ഒരു ഘട്ടത്തില്‍ ശുദ്ധ ഭ്രാന്ത് മനം മടുപ്പിച്ച 'ഗ്ലോബല്‍ ബാങ്ക്' അധികൃതരില്‍ നിന്ന് 'മാര്‍ച്ചിംഗ്' പദ്ധതിക്കാവശ്യമായ വായ്പ്പ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മചോകാലി ഉള്‍പ്പെടുന്ന സംഘവുമായി അമേരിക്ക സന്ദര്‍ശിക്കുന്ന നൃപന്‍ അമേരിക്കന്‍ പ്രസിഡനറുമായുള്ള കൂടിക്കാഴ്ചയോ അമേരിക്കന്‍ GNN ടി വി യില്‍ ഒരു അഭിമുഖമോ പോലും തരപ്പെടാതെ വിഷണ്ണനാവുന്നുണ്ട്. അബൂറീറിയില്‍ 'ഏഴു രാവും ഏഴു പകലും ഏഴു മണിക്കൂറും ഏഴു മിനിറ്റും' തുടര്‍ച്ചയായി ടി. വി. പ്രഭാഷണങ്ങള്‍ ശീലമാക്കിയ നൃപന് എല്ലാം കൈവിട്ടു പോകുന്നതായി തോന്നുന്നതുകൊണ്ടോ, തന്റെ പൊങ്ങച്ചത്തിന്റെ ഭാരം അയാളെത്തന്നെ മഥിക്കാന്‍ തുടങ്ങുന്നതുകൊണ്ടോ, എന്തോ, തുടര്‍ന്ന് ദുരൂഹമായ ശാരീരിക വീര്‍ക്കലിന്റെ അസുഖം - എസ്. ഐ. ഇ.- Self Induced Expansion- ബാധിക്കുന്നതോടെ അമേരിക്കന്‍ ഭിഷഗ്വരന്മാര്‍ ഇരുട്ടില്‍ തപ്പുന്നു, രോഗത്തെയും, രോഗിയെയും, ഏതെങ്കിലും പ്രതിവിധി കണ്ടെത്തുന്ന പക്ഷം അതിനെയും തങ്ങള്‍ മുന്‍കൂര്‍ പേറ്റന്റ് ചെയ്തിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും. ഈ ഘട്ടത്തില്‍ സഹായമാകുക തദാവശ്യാര്‍ത്ഥം അമേരിക്കയിലെക്കെത്തിക്കുന്ന 'കാക്ക മാന്ത്രികന്‍ ' ആണ്. 'എങ്കില്‍' എന്ന ഒറ്റവാക്ക് മാത്രം ഉച്ചരിക്കാന്‍ ആവുന്ന 'വെളുപ്പു നിറ വേദന' നൃപനെ ബാധിക്കുക ഇങ്ങനെയാണ്: താന്‍ വെള്ളക്കാരനായ ഭരണാധികാരി ആയിരുന്നെങ്കില്‍ ഈ വിധം അവഗണിക്കപ്പെടുമായിരുന്നോ? അവരുടെ ആവശ്യം മാനിച്ചാണ് റൂളര്‍ അബൂറീറിയില്‍ ആദ്യമായി ഏകപാര്‍ട്ടി രീതിക്ക് പകരം താന്‍ തന്നെ പ്രസിഡന്‍റ് ആയിരിക്കുന്ന വിവിധ പാര്‍ട്ടികളുടെ സംവിധാനം അംഗീകരിക്കുക. അങ്ങനെ 'ബേബി. ഡി (ഡെമോക്രസി) അബൂറീറിയില്‍ പിറവിയെടുക്കുന്നത് പാശ്ചാത്യര്‍ക്ക് രോമാഞ്ചമുണ്ടാക്കുന്നുണ്ട് താനും. കൊട്ടാര വിപ്ലവത്തിനു ശേഷം തജിരീക ബേബി. ഡി-യെ കൊന്നുകളയുന്നുമുണ്ട്. ഇതൊക്കെയാണെങ്കിലും, പാശ്ചാത്യരുടെ ഭാവമാറ്റം റൂളര്‍ക്ക് മനസ്സിലാവുന്നേയില്ല:
“ശീത യുദ്ധകാലത്ത് തന്റെ ജനതയില്‍ ആയിരക്കണക്കിന് ആളുകളെ നിത്യ മൗനത്തിലേക്ക് അയച്ചതിന്‍റെ പേരില്‍ അവര്‍ അദ്ദേഹത്തിനു മേല്‍ പ്രശംസകള്‍ ചൊരിഞ്ഞു. അവര്‍ക്ക് വേണ്ടി നേരത്തെ ചെയ്തത് ആവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ഉറപ്പുകൊടുത്തിട്ടും, അവരിപ്പോള്‍ സംയമനത്തെ കുറിച്ചും പുതിയ ലോക ക്രമത്തെ കുറിച്ചും അദ്ദേഹത്തോട് പ്രസംഗിക്കുന്നു!”
ഈ ഘട്ടത്തില്‍ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് അനുയായികള്‍ അദ്ദേഹത്തെ ഉപദേശിക്കുന്നു:
“മുഴുവനായും സ്വകാര്യ മൂലധനം കൊണ്ട് നടത്തപ്പെടുന്ന ആദ്യത്തെതാവണം അബൂറീറിയ എന്ന് നാം സ്വയം സന്നദ്ധരാവണം, ആദ്യത്തെ സ്വയം സന്നദ്ധ കോര്‍പ്പരെറ്റ് കോളനി, ഒരു കോര്‍പ്പറോണി, പുതിയ ലോകക്രമത്തില്‍ ആദ്യത്തേത്. അബൂറീറിയയെ സ്വകാര്യവല്ക്കരിക്കക്കുകയും എന്‍ . ജി. ഒ. കള്‍ സാമൂഹ്യ സേവന ബാധ്യതകളില്‍ നിന്ന് നമ്മെ മുക്തരാക്കുകയും ചെയ്യുമ്പോള്‍ രാജ്യം താങ്കളുടെ എസ്റ്റേറ്റ് ആയിത്തീരും.”
സ്ത്രീത്വത്തിന്റെ അടയാളങ്ങള്‍
എന്‍യാവിറ പ്രതിനിധാനം ചെയ്യുന്ന 'ജന ശബ്ദ'ത്തിന്റെ (voice of the people) ഗറില്ലാ പ്രസ്ഥാനം ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഒന്ന് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ശക്തമായി പ്രതികരിക്കുക എന്നതാണ്. കാലുകള്‍ക്കിടയിലെ ആ വൃത്തികെട്ട സാധനത്തെ അരിഞ്ഞു കളയും എന്നത് തന്നെയാണ് തജിരികക്ക് മുഖം മൂടിയിട്ട 'ദുര്‍മ്മന്ത്രവാദിനികള്‍ (witches) ആയെത്തുന്ന ആക്റ്റിവിസ്റ്റുകള്‍ നല്‍കുന്ന സന്ദേശം. സ്ത്രീവിരുദ്ധ നിലപാടുകളില്‍ നോവലിലെ ഏതാണ്ടെല്ലാ കഥാപാത്രങ്ങളും ഒരേ മനസ്സുള്ളവരാണ്. ഭാര്യമാരെ തല്ലാനുള്ള സനാതനമായ അവകാശം ചോദ്യം ചെയ്യപ്പെടുന്നത് നിലനില്‍ക്കുന്ന വ്യവസ്ഥിതിക്കു തന്നെ എതിരെയുള്ള അക്ഷന്തവ്യമായ കുറ്റമാണെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല.
"വീട്ടിനകത്ത് പുരുഷന്റെ അധികാരം പറയുമായിരുന്നു, എന്ന് തന്നെയല്ല, ഈയൊരു കാര്യമായിരുന്നു എകാധിപതികളോ ജനാധിപത്യ വാദികളോ ആവട്ടെ, കൊളോനിയലിസ്റ്റുകളോ കൊളോണിയല്‍ വിരുദ്ധ പ്രവര്‍ത്തകരോ, ആണോ പെണ്ണോ വ്യവസ്ഥാപിത മത നേതൃത്വമോ ആവട്ടെ എല്ലാവരും ഒരു പോലെ പങ്കുവെച്ചത്.”
ഇതില്‍ നിന്ന് വ്യത്യസ്തമായി തന്റെ കാമുകിയോ ഭാര്യമാരോ പൊതു പ്രശ്നങ്ങളില്‍ ഇടപെടുന്നതിനെ എതിര്‍ക്കുകയും രാഷ്ട്രീയവും പൌരപ്രശ്നങ്ങളും പുരുഷ മേധാവിത്തത്തിന്റെ ഇടമാണെന്ന് കരുതുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍പെടുന്ന ആളല്ല എന്നതാണ് കാനിയൂറുവിനെ വിവാഹം ചെയ്യുന്നതിലേക്ക് അവളെ എത്തിക്കുന്നത്; അത് അവളുടെ അച്ഛന്റെ സമ്പാദ്യത്തില്‍ കണ്ണ് വെച്ച് അയാള്‍ ഒരുക്കിയ ഒരു നാട്യമായിരുന്നു എന്ന് തിരിച്ചറിയാതെ. അയാളുടെ തനിസ്വരൂപം തിരിച്ചറിയുമ്പോള്‍ ഇനിയൊരു തരിച്ചു പോക്കില്ലാത്ത ഉറച്ച ഗുഡ് ബൈ പറയുന്നതും അവളുടെ വ്യക്തിത്വത്തിന്റെ സ്ത്രൈണ ശക്തിയിലാണ്. 'മുടന്തും ദുര്‍മന്ത്രവാദിനി' (limping witch)യായും കാക്ക മാന്ത്രികന്റെ സഹായിയും അപരനും നിഴലും ആയും ഉള്ള പ്രവര്‍ത്തനങ്ങള്‍ എന്‍യാവിറയുടെ ഫെമിനിസ്റ്റ് ആക്റ്റിവിസത്തിന്റെ തുടര്‍ച്ചയാണ്. ഇന്ത്യന്‍ പുരാണങ്ങളെ കുറിച്ച് വാചാലനാകുന്ന കിമാതിയോടു അവള്‍ പറയുന്നുണ്ട്:
“എനിക്കുറപ്പുണ്ട് ആ പുരാണങ്ങള്‍ എല്ലാം, ഗീത ഉള്‍പ്പടെ, പുരുഷന്മാര്‍ എഴുതിയതാണ്... ജാതി വ്യവസ്ഥ കണ്ടു പിടിച്ച അതെ പുരുഷന്മാര്‍ . എപ്പോഴാണ് നിങ്ങള്‍ സ്ത്രീകളുടെ ശബ്ദം കേട്ടു തുടങ്ങുക?”
ആഫ്രിക്കന്‍ സാഹിത്യത്തിലെ സ്ത്രീ സാന്നിധ്യങ്ങളെ എന്‍യാവിറ ഓര്‍മ്മിക്കുന്നു,
“കഠിന കാലാവസ്ഥ പുരുഷനെക്കാലേറെ സ്ത്രീകളെ തെരഞ്ഞു പിടിക്കുന്നുണ്ടോ? വേനല്‍ ചൂട് സ്ത്രീയെ സുഖപ്രദമായ തണുപ്പില്‍ വിട്ടു പുരുഷനെ പൊള്ളിക്കുന്നുണ്ടോ?... സ്ത്രീകളാണ് ദാരിദ്ര്യത്തിന്റെ കാഠിന്യം അനുഭവിക്കുന്നത്. ഒരു സ്ത്രീക്ക് ജീവിതത്തില്‍ എന്ത് തെരഞ്ഞെടുപ്പാണ് ഉള്ളത്, വിശേഷിച്ചും ദുരിത കാലങ്ങളില്‍ ? അവള്‍ക്കു വിവാഹം ചെയ്യാം, അല്ലെങ്കില്‍ ഒരാണിനോടൊപ്പം ജീവിക്കാം. അവള്‍ക്ക് ഗര്‍ഭം ധരിക്കാം, പ്രസവിക്കാം, എന്നിട്ട് തന്റെ ആണിന്റെ കയ്യേറ്റങ്ങള്‍ സഹിക്കാം. നീ നൈജീരിയക്കാരിയായ ബുചി എമാചേദയുടെ Joys of Motherhood വായിച്ചിട്ടുണ്ടോ? സിംബാബ് വേയിലെ സിറ്റ്സി ദംഗറിംബയുടെ Nervous Conditions? സെനഗലിന്റെ മറിയം ബായുടെ So Long A Letter ? ആഫ്രിക്കയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് മൂന്നു സ്ത്രീകള്‍ ആഫ്രിക്കന്‍ സ്ത്രീകളുടെ അവസ്ഥകളെ കുറിച്ചുള്ള സമാനമായ ചിന്തകള്‍ പങ്കു വെക്കുന്നു.”
അവരുടെ ചര്‍ച്ച ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരികളിലേക്കും നീങ്ങുന്നു.
ഇന്ത്യയെന്ന സാന്നിധ്യം
ഇന്ത്യയോടും ഇതിഹാസ പുരാണങ്ങളോടും വലിയൊരഭിനിവേശമുണ്ട് ങ്ഗൂഗിക്ക്. രാമായണവും മഹാഭാരത യുദ്ധവും ഏകലവ്യന്റെ പെരുവിരല്‍ അറുത്തെടുത്ത വരേണ്യതയുടെ ചതിയും നോവലില്‍ പ്രദിപാദിക്കപ്പെടുന്നുണ്ട്. ആദ്യം ഭാരത കഥ സൂചിപ്പിക്കുമ്പോള്‍ 'ഉള്ളവരും ഇല്ലാത്തവരും' എന്ന സ്ഥൂലീകരണത്തിലൂടെ വര്‍ണ്ണാശ്രമ സംഘര്‍ഷങ്ങളെ ങ്ഗൂഗി കൃത്യമായി മനസ്സിലാക്കാതെ പോകുന്നുവോ എന്ന തോന്നലുണ്ടാക്കുന്നുണ്ടെങ്കിലും, ഒരു വേള മറ്റെന്തൊക്കെ വൃത്തികേടുകള്‍ ഉണ്ടെങ്കിലും ജാതീയതയുടെ നഗ്നതാണ്ഡവം ആഫ്രിക്കന്‍ അനുഭവത്തിന്റെ ഭാഗമല്ലാത്തത് കൊണ്ട് അങ്ങനെ സംഭവിക്കുന്നതാകും എന്ന തോന്നലാണ് ഈ ലേഖകനുണ്ടായത്. എന്നാല്‍ ഏകലവ്യകഥയില്‍ അത് ശരിയായിത്തന്നെ നോവലിസ്റ്റ് അടയാളപ്പെടുത്തുന്നുണ്ട്. അബൂറീറിയയുടെ ഏകാധിപതിയായിത്തീരുന്ന തജിരീകയുടെ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് വംശജരോടുള്ള വംശീയ വിദ്വേഷം അടയാളപ്പെടുത്തുന്ന ഉപ ഭൂഖണ്ഠ വിരുദ്ധതക്കു വിപരീതമായി ഇന്ത്യയില്‍ ഏറെ സഞ്ചരിച്ചിട്ടുള്ള കാമിതിയുടെ പാത്ര സൃഷ്ടിയില്‍ ഇന്ത്യന്‍ സംസ്കൃതിയില്‍ ആഴത്തില്‍ തല്‍പ്പരനായ ഒരാളെ കാണാം. ബുദ്ധനും ആയുര്‍ വേദവും വേദോപനിഷത്തുക്കളും അയാളെ ആകര്‍ഷിച്ചിട്ടുണ്ട്. അയാളുടെ വൈദ്യ സിദ്ധിയുടെയും യോഗീ ഭാവത്തിന്റെയും വേരുകള്‍ ഈ അനുഭവങ്ങളിലാണ്. കണ്ണാടി ഉപയോഗിച്ച് കൊണ്ടാണ് അയാള്‍ മിഥ്യാഭ്രമങ്ങളെ ഭേദപ്പെടുത്തുന്നത് എന്നത് 'സ്പിരിറ്റ് പ്രോജക് ഷ'നെ കുറിച്ചുള്ള ആഫ്രിക്കന്‍ ഒക്കല്‍റ്റ് സങ്കല്‍പ്പങ്ങളെയെന്ന പോലെത്തന്നെ അഹം ബോധ നശീകരണത്തെ കുറിച്ചുള്ള ഇന്ത്യന്‍ കാഴ്ചപ്പാടുകളെയും ഉപയോഗപ്പെടുത്തുന്നുണ്ടാവാം.
ധര്‍മ്മ പുരാണത്തെ ഓര്‍മ്മിപ്പിക്കും വിധം
കേരളത്തെ കുറിച്ചും സ്നേഹപൂര്‍ണ്ണമായി നോവലില്‍ ഓര്‍മ്മിക്കപ്പെടുന്നുണ്ട്. ഇതുമായി ചേര്‍ത്തുകാണേണ്ടതില്ലെങ്കിലും കാക്ക മാന്ത്രികന്‍ വായിക്കുമ്പോള്‍ അധികാര പ്രമത്തതയുടെ അസംബന്ധത്തെ ഏറെ തീക്ഷണമായി അടയാളപ്പെടുത്തിയ മലയാളത്തിന്റെ ‘ധര്‍മ്മ പുരാണം’ എവിടെയൊക്കെയോ മലയാളി വായനക്കാരന്‍ ഓര്‍ത്തുപോകാം. നോവലിന്റെ തുടക്കം തന്നെ ധര്‍മ്മ പുരിയില്‍ ശാന്തിഗ്രാമത്തില്‍ പ്രജാപതി അനുഭവിച്ച തരം സന്നിഗ്ദ്ധതയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇവിടെ 'സ്വതന്ത്ര അബൂറീറിയ'യുടെ 'രണ്ടാം ഭരണാധികാരി' (ദി റൂളര്‍ ) ദുരൂഹമായ അസുഖം അനുഭവിക്കുന്നു. പ്രധാനമായും അഞ്ചു സിദ്ധാന്തങ്ങളാണ് അത് സംബന്ധിച്ച് പ്രചരിക്കുന്നത്. അത് ഉള്ളില്‍ തിടം വെക്കുന്ന കോപം മൂലമാണ്. അല്ല, ഏതോ ഒരു കൊറ്റനാടിന്‍റെ ശാപം മൂലമാണ്. അഥവാ, ഒന്നും എല്ലാ കാലത്തും ഉണ്ടാവില്ല എന്നിരിക്കെ, റൂളറുടെ പ്രായാധിക്യമാവാം. നാലാമതൊരു സിദ്ധാന്തപ്രകാരം അത് കരയാന്‍ വിസമ്മതിക്കുന്ന തന്റെ ഔദ്യോഗിക ഭാര്യയുടെ കണ്ണീര് കാണാത്തതിന്റെ വിഷമമാകാം. ഇതൊന്നുമല്ല, സ്റ്റേറ്റ് ഹൗസിന്റെ അറയില്‍ അദ്ദേഹം കുടിയിരുത്തിയിട്ടുള്ള ചെകുത്താന്മാരുടെ കോപം മൂലമാകാം എന്ന അഞ്ചാമതൊരു സിദ്ധാന്തവും പ്രബലമാണ്. ഈ സാധ്യതകളെ ഒന്നിനെയും നിഷേധിക്കാതെയാണ് നോവല്‍ വികസിക്കുന്നത്. നിര്‍ഗ്ഗുണരായ പ്രജാപതിക്കുഞ്ഞുങ്ങളെ പോലെത്തന്നെ റൂളരുടെ മക്കള്‍ക്കും മദ്യവും മയക്കുമരുന്നും ഒഴിച്ച് മറ്റൊന്നിലും താല്പര്യമോ അഭിരുചിയോ ഇല്ല എന്നത് കിഴവനെ തുറിച്ചു നോക്കുന്നുണ്ടാവണം , അതൊരിക്കലും പ്രകടിപ്പിക്കപ്പെടുന്നില്ലെങ്കിലും. 'മതിഗാരി'യില്‍ ദേശത്തിന്റെ ചിഹ്നം 'തത്ത' (parrot) ആണെങ്കില്‍ 'parroting' എന്നത് പ്രതിപക്ഷമില്ലാത്ത, ദേശീയ മാധ്യമങ്ങള്‍ മുഴുവന്‍ നേരവും റൂളറുടെ വചനങ്ങളും സ്തുതികളും വിധേയത്വത്തോടെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അബൂറീറിയയുടെ ദേശീയ നയമാണ്. പ്രധാന പത്രത്തിന്റെ പേര് 'Daily Parrot' എന്നാണ്. ദുര്‍ഗന്ധം, മണം എന്ന സൂചകങ്ങളും നോവലില്‍ ആവര്‍ത്തിക്കുന്നുണ്ട്. അഴിമതിക്ക് ദുസ്സഹമായ ഗന്ധമുണ്ട്. തജിരീകയുടെ നോട്ടു ചാക്കുകള്‍ കാക്ക മാന്ത്രികന്‍ കുഴിച്ചിടുന്നത് അത് കൊണ്ടാണ്, കുഴിച്ചിട്ട മരത്തില്‍ ഡോളര്‍ ഇലകള്‍ പൂക്കുന്നത് മായികമായ നോട്ടിരട്ടിപ്പും തോന്നും പോലെ കറന്‍സി അടിക്കലും നിയാമകമായ അബൂറീറിയില്‍ ഒരു സമ്പാദ്യ മാര്‍ഗ്ഗമാണ് റൂളര്‍ക്ക്; അത് അമേരിക്കയെ ചൊടിപ്പിക്കുമെങ്കിലും. കാമിതിക്ക് മണങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് അസാധാരണമാണ്. ദുര്‍ഗന്ധം അധികാരത്തിന്റെ ദുര്‍മേദസ്സുമായും അമിത പ്രയോഗവുമായും ബന്ധപ്പെട്ടിരിക്കുന്നു. തജിരീക റൂളര്‍ക്ക് പ്രിയങ്കരനാകുന്നത് അയാളുടെ ഒരു വിചിത്രമായ ധീരപ്രവര്‍ത്തിയിലൂടെയാണ്. കാനിയൂറുവിന്റെ കരുനീക്കങ്ങളുടെ ഫലമായി ജയിലാവുകയും കൊടിയ പീഡന മുറകള്‍ക്ക് വിധേയനാവുകയും ചെയ്യുന്ന ഘട്ടത്തില്‍ 'കാക്ക മാന്ത്രിക'ന്റെ സാന്നിധ്യത്തില്‍ ചകിതനായിപ്പോകുന്ന തജിരീക, തന്നെ മറ്റൊരു സെല്ലിലേക്ക് മാറ്റിക്കിട്ടാന്‍ വഴി കണ്ടെത്തുക ഒരാഴ്ചക്കാലത്തെ തന്റെ മലം അടങ്ങുന്ന ബക്കറ്റ് ഭീഷണി ആയുധമായി ഉപയോഗിച്ചാണ്. തുടര്‍ന്നുണ്ടാവുന്ന 'ആറാട്ട്' അബൂറീറിയന്‍ അധികാര സ്വരൂപങ്ങളുടെ 'ധര്‍മ്മപുരാണ' സമാനമായ ഒരു മലീമസ (scatological) പ്രതീകമാണ്. അത് ചുവരില്‍ തൂക്കിയിട്ട റൂളറുടെ ചിത്രത്തിലും ആഭ്യന്തര കാര്യ മന്ത്രി സിക്കുവോക്കുവിന്റെയും പോലീസ് മേധാവികളുടെയും ഉടുപ്പുകളിലും കഴുകിയാലും പോകാത്ത പാടും നാറ്റവും ബാക്കിയാക്കും. അധികാര പ്രമത്തതയുടെ മറ്റൊരു പ്രകാശനം 'അപത്യക്ഷമാകല്‍ ' എന്ന പ്രക്രിയയാണ്. എസ്. ഐ. ഡി - Self Induced Disappearance എന്ന് ഔദ്യോഗിക ഭാഷ്യമുള്ള ഈ പ്രക്രിയക്ക് വിധേയരാവുന്നതില്‍ മാചോകാലി മുതല്‍, തജിരീക നിശബ്ദമായൊരു കൊട്ടാര വിപ്ലവത്തിന്റെ ഗുണ ഭോക്താവാകുന്നതോടെ, റൂളര്‍ തന്നെയും ഇരയാക്കപ്പെടും. മചോകാലിയുടെ പ്രധാന എതിരാളിയും അയാളുടെ പതനത്തിന്റെ ശില്‍പ്പിയും ആയിരുന്ന മന്ത്രി സിക്കിയോക്കുവും, തജിരീകയുടെ തന്നെ വിശ്വസ്തരായിരുന്ന ഉന്നത പോലീസ് / രഹസ്യാന്വേഷണ വിഭാഗം തലവന്മാരും എല്ലായിപ്പോഴും കുതികാല്‍ വെട്ടി തോല്‍പ്പിക്കാന്‍ നടന്നിരുന്ന കാനിയൂറുവും 'മുതലകളുടെ ഉള്‍ത്തടങ്ങളില്‍ റൂളറോട് ചേര്‍ന്നുവെന്നു നോവന്ത്യത്തില്‍ സൂചനയുണ്ട്. തജിരീക, റൂളറില്‍ നിന്ന് കൃത്യമായി പഠിച്ചെടുത്ത പാഠവും അതാണ്" അബൂറീറിയില്‍ ഒന്നും ശാശ്വതമല്ല- രോഗം, രോഗമുക്തി, മിത്രങ്ങള്‍, അനുയായികള്‍. എല്ലായിപ്പോഴും എല്ലാവര്ക്കും ഇടയില്‍ പരസ്പര അവിശ്വാസവും മത്സരബുദ്ധിയും നിലനിര്‍ത്തുക. ശരിയായ സമയത്ത് രണ്ടാം ചിന്തയേതുമില്ലാതെ വെട്ടി നിരപ്പാക്കേണ്ടവരെ അങ്ങനെ ചെയ്യുക. അതാണ് നിയമം. ധര്‍മ്മ പുരാണവും വിസാര്‍ഡും തമ്മിലും സമാനമായ തീക്ഷ്ണ രാഷ്ട്രീയ സറ്റയറുകള്‍ തമ്മിലുമൊക്കെയുള്ള സാജാത്യ വൈജാത്യങ്ങള്‍ വിശദമായ മറ്റൊരന്വേഷണത്തിന്റെ ഭാഗമാകേണ്ടാതാണ്.
ഘടനാ ഭദ്രതയും ഇതിവൃത്ത പരിചരണവും
നോവല്‍ രൂപത്തിന്റെ ഘടനാ സൃഷ്ടിയിലും ഇതിവൃത്ത പരിചരണത്തിലും ഒരു തികഞ്ഞ മാസ്റ്റര്‍ ആണ് ങ്ഗൂഗി വാ തിയോംഗോ. ഇത്രയും വിപുലമായ ഒരാഖ്യാനത്തെ ഒരൊന്നാം തരം പേജ് ടേണറിന്റെ മുഴുവന്‍ ചടുലതയും നിലനിര്‍ത്തിക്കൊണ്ട് പറഞ്ഞു വെക്കുക എന്നത് ഒരു ങ്ഗൂഗി മാജിക് തന്നെയാണ്; the wizard of story-telling. 'അധികാരപ്പിശാചുക്കള്‍, ‘വരിനില്പ്പു പിശാചുക്കള്‍ ', 'പെണ്‍ പിശാചുക്കള്‍ ', 'ആണ്‍ പിശാചുക്കള്‍ ', 'വിമത പിശാചുക്കള്‍ ', ‘താടിവെച്ച പിശാചുക്കള്‍ 'എന്നിങ്ങനെ പ്രതീകാത്മക തലക്കെട്ടുകള്‍ ഉള്ള ആറു ഭാഗങ്ങളിലായാണ് ഇതിവൃത്തം വികസിക്കുന്നത്. എന്നാല്‍ ഇതിഹാസവലിപ്പം നിലനിര്‍ത്തുമ്പോഴും പാത്ര വൈവിധ്യത്തിലോ പ്രമേയ വൈപുല്യത്തിലോ ഇതിവൃത്തിലെ സംഭവഗതികള്‍ ഉള്‍കൊള്ളുന്ന കാല ദൈര്‍ഘ്യത്തിലോ ഇതിഹാസ സ്വഭാവമല്ല നോവലിനുള്ളത്. മുഖ്യ കഥാപാത്രങ്ങള്‍ സറ്റയറിന്റെ രീതിയില്‍ സ്വാഭാവികമായും കാണാവുന്നതുപോലെ വ്യക്തിസത്തയിലേറെ പ്രതിനിധാന സ്വഭാവം ഉള്ളവരാണ്. നോവലിസ്റ്റ് തന്നെ വ്യക്തമാക്കിയിട്ടുള്ളത് പോലെ "ലോക ചരിത്രത്തിന്റെ രണ്ടായിരം വര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആഫ്രിക്കയുടെ ആകത്തുക അവതരിപ്പിക്കുക" എന്നതാണ് അദ്ദേഹം ശ്രമിക്കുന്നത് (The Strongman's Weakness എന്ന ലേഖനത്തില്‍ ജെഫ് ടെറന്റൈന്‍ ഉദ്ധരിച്ചത്, ന്യൂ യോര്‍ക്ക് ടൈംസ് സെപ്തംബര്‍ 10, 2006) . ഹീറോ എന്നതിലേറെ അബദ്ധത്തില്‍ വീരപരിവേഷം വന്നു ചേരുന്നയാള്‍ - an accidental hero - എന്നോ ക്ലാസ്സിക്കല്‍ പാരമ്പര്യത്തിലെ ചെപ്പടി വിദ്യാക്കാരന്‍ -trickster- എന്നോ - ഇവിടെ അയാള്‍ നല്ലവനാണ് എന്നിരിക്കിലും- ഉള്ള പേരുകളാണ് കാമിതിക്ക് ചേരുക. എന്‍യാവിറയാകട്ടെ ഒരു കഥാപാത്രം എന്നതിലേറെ ഒരു സ്വപ്ന തുല്യമായ ആശയമാണ്. കരുത്തുള്ളവള്‍ , മോഹിപ്പിക്കുന്ന സൗന്ദര്യമുള്ളവള്‍, കാമനയുടെ ആദ്യ സമാഗമ മുഹൂര്‍ത്തത്തിന്റെ ആവേശത്തില്‍ പോലും സമകാലിക ആഫ്രിക്കന്‍ സാഹചര്യങ്ങളിലെ ഭീകര യാഥാര്‍ത്ഥ്യമായ ആ 'വൈറസ്' ഭീഷണിയോര്‍ത്ത് സുരക്ഷിത ലൈംഗികതയുടെ കടുംപിടുത്തം കാര്യമാത്ര പ്രസക്തമായി ഉയര്‍ത്തിപ്പിടിക്കുന്നവള്‍, ഒളിപ്പോരിലെന്ന പോലെത്തന്നെ പുസ്തകങ്ങളുടെയും കലയുടെയും ലോകത്തും അനായാസം ചലിക്കുന്നവള്‍. മറ്റുള്ളവരാകട്ടെ മലീമസമായ അധികാര പ്രയോഗങ്ങളുടെ കള്ളികളില്‍ കൃത്യമായും അടയാളപ്പെട്ടവര്‍ മാത്രമാണ്: ചിരിക്കുന്ന ഓരോ മുഖത്തും കൊലയാളിയെ പ്രതീക്ഷിക്കേണ്ടി വരുന്ന സര്‍വ്വ പ്രതാപിയായി സാമ്രാട്ട് , പ്രജകള്‍ , വിദൂഷകന്‍ , സ്തുതി പാഠകര്‍, ഉപജാപകന്മാര്‍ , ഊഴം കാത്തിരിക്കുന്ന അധികാരത്തിന്റെ ഭൈമീ കാമുകന്മാര്‍, ദല്ലാളുമാര്‍, ഒറ്റുകാര്‍, ഹിപ്പോക്രിറ്റുകള്‍, പിന്നെ സുന്ദര വിഡ്ഢികളും.
