ആധുനിക സംസ്കൃതികളില്‍ ആദിമ നിവാസികളുടെ രക്തക്കറ ഏറ്റവും കൂടുതല്‍ പുരണ്ടിട്ടുള്ള ഒന്ന് ആസ്ട്രേലിയന്‍ സംസ്കൃതിയാണെന്നത് തര്‍ക്കവിഷയമല്ല. 1770-ല്‍ വന്‍കരയിലെത്തിയ ക്യാപ്റ്റന്‍ കുക്ക് അതൊരു ജനവാസ പ്രദേശമാണെന്ന് പോലും അംഗീകരിക്കാതെയാണ് അന്ന് നാനൂറോളം ഗോത്ര സമൂഹങ്ങള്‍ അധിവസിച്ചു വന്ന വന്‍കരയില്‍ ജോര്‍ജ്ജ് മൂന്നാമന്‍ രാജാവിന്‍റെ അധികാര പ്രദേശമായി കൊടി നാട്ടിയത്. 1788-ല്‍ ക്യാപ്റ്റന്‍ ആര്‍തര്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ എത്തിച്ചേര്‍ന്ന ഒന്നാം കപ്പല്‍പ്പട, ക്യാപ്റ്റന്‍ കുക്കിനോടൊപ്പം ചേര്‍ന്ന് ദേശവാസികള്‍ക്കെതിരെ നടത്തിയ ആദ്യ പടയോട്ടം മുതല്‍ ആസ്ട്രേലിയന്‍ ആദിമ നിവാസിയുടെ പതനത്തിന്റെ കഥ ആരംഭിക്കുന്നു. വെടിയുണ്ടയും ആയുധങ്ങളും മാത്രമല്ല, ബോധപൂര്‍വ്വം പടര്‍ത്തിയ വസൂരി പോലുള്ള മാരക രോഗങ്ങളും വേട്ടനായ്ക്കള്‍ക്കുള്ള ഭക്ഷണമായി കണ്ടെത്തിയ ആദിവാസികുരുന്നുകളുടെ മാംസവും വരെ ഈ നശീകരണത്തിന്റെ നാള്‍വഴി ചരിത്രമാണ്. അധിനിവേശത്തിനു മുമ്പ് വന്‍കര മുഴുവന്‍ വ്യാപിച്ചു കിടന്ന ആദിവാസി ജനസംഖ്യ 1986 ആവുമ്പോഴേക്കും മൊത്തം ജനസംഖ്യയുടെ ഒന്നര ശതമാനമായി കുറഞ്ഞത് വെളുത്തവര്‍ഗ്ഗക്കാരുടെ കുടിയേറ്റത്തേക്കാളേറെ സമാനതകളില്ലാത്ത ഈ വംശീയോന്മൂലനത്തിന്റെ ഫലമായിട്ടായിരുന്നു. അറുപതുകള്‍ക്ക് ശേഷം ഉണ്ടായിട്ടുള്ള പുതിയ തിരിച്ചറിവുകളും മനുഷ്യാവകാശ അവബോധവും ചെറിയതോതില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിത്തുടങ്ങിയിട്ടുണ്ടെങ്കിലും ആദിവാസിജീവിതം പുതിയ കാലത്തിന്റെ വെല്ലുവിളികളോട് തോറ്റുപോവുക തന്നെയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആദിവാസി ജീവിതത്തിന്റെ പ്രതിസന്ധികളെ അടയാളപ്പെടുത്തുന്ന ആസ്ട്രേലിയന്‍ ചലച്ചിത്രാനുഭവങ്ങളില്‍ ഏറെ തീക്ഷ്ണമാണ് 2002-ല്‍ പുറത്തിറങ്ങിയ 'Rabbit Proof Fence', 'The Tracker' എന്നിവയും 2012-ല്‍ റിലീസ് ചെയ്യപ്പെട്ട 'Charlie's Country' എന്ന ചിത്രവും.
അപഹരിക്കപ്പെട്ട തലമുറ
കൊളോണിയല്‍ ബ്രിട്ടീഷ് നിയമങ്ങളുടെ ചുവടു പിടിച്ചു ആസ്ട്രേലിയന്‍ പ്രവിശ്യകളില്‍ നിലവില്‍ വന്ന നിയമങ്ങളില്‍ ഏറ്റവും ആദിവാസി വിരുദ്ധമായ സംവിധാനമായിരുന്നു സങ്കര വര്‍ഗ്ഗ (half-caste) കുട്ടികളെ സ്റ്റേറ്റ് അധീനതയിലുള്ള ക്യാമ്പുകളിലേക്ക് പിടിച്ചു കൊണ്ട് പോയി 'സംസ്കരിച്ചു' വെളുത്തവന്‍ തീരുമാനിക്കുന്ന ആധുനിക സംസ്കാരത്തിലേക്ക് കണ്ണിചേര്‍ക്കാനുള്ള വിവിധ നിയമങ്ങള്‍ (Assimilationist/ Eugenics policy). മധ്യകാലാനന്തര ജനാധിപത്യ ബോധ്യങ്ങളുടെ കാലത്ത് നിയമങ്ങളുടെ ഒരു 'പുളിയില മറ' ഏതൊരു പ്രാകൃത അടിച്ചമര്‍ത്തലിനും ആവശ്യമുണ്ടെന്ന ഹിപ്പോക്രസിയില്‍ നിന്ന് ഉരുവായ, 'വിക്റ്റോറിയന്‍ അബോറിജിനല്‍ ആക്റ്റ്- 1989'- ല്‍ വേരുകളുള്ള, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകം മുതല്‍ പ്രാബല്യത്തില്‍ വന്ന ഈ നിയമം, ആദിവാസി വിഭാഗത്തെ ക്രിസ്തു മത വിശ്വാസികളും വെളുത്തവന്റെ വീട്ടുവേലക്കാരും അടിമകളുമാക്കി മാറ്റിയെടുക്കാനും അതേ സമയം ആ സമൂഹങ്ങളുടെ തനതു സംസ്കാരത്തെ നശിപ്പിക്കുന്നതിനുമുള്ള നിയമപ്രകാരമുള്ള ഒരു ഒഴികഴിവു മാത്രമായിരുന്നു- ക്യാപ്റ്റന്‍ കുക്ക് തുടങ്ങിവെച്ച വംശീയോന്മൂലനത്തിന്റെ ഒരു പുതുകാലപ്പതിപ്പ്. അറുപതുകളുടെ ഒടുവില്‍ വരെ ഫലത്തില്‍ നിലനിന്ന ഈ നിയമപ്രകാരം സ്വന്തം ജനതയില്‍ നിന്ന് പറിച്ചു മാറ്റപ്പെട്ട ആസ്ട്രേലിയന്‍ ആദിവാസി തലമുറകളെ ചരിത്രം 'അപഹരിക്കപ്പെട്ട തലമുറ (The Stolen Generation)' എന്നു വിളിച്ചു. ഈ ചരിത്ര ഖണ്ഡത്തെയാണ്, തന്റെ മാതാവ് മോളി ക്രെയ്ഗ്, അവരുടെ അനിയത്തി ഡെയ്സി, ബന്ധു ഗ്രെയ്സി എന്നിവരുടെ ജീവിതങ്ങള്‍ ആധാരമാക്കി പ്രസിദ്ധ ആസ്ട്രേലിയന്‍ ആദിവാസി എഴുത്തുകാരി ഡോറിസ് പില്‍കിംഗ്ടന്‍ 1996 -ല്‍ പ്രസിദ്ധീകരിച്ച തന്റെ Follow the Rabbit Proof Fence എന്ന പുസ്തകത്തില്‍ അവതരിപ്പിക്കുന്നത്. പുസ്തകത്തെ അവലംബിച്ചു ക്രിസ്റ്റിന്‍ ഓള്‍സെന്‍ തിരക്കഥ രചിച്ചു ഫില്പ്പ് നോയ്സ് സംവിധാനം ചെയ്ത ചിത്രമാണ് Rabbit Proof Fence (2002).
മുപ്പതുകളുടെ പശ്ചാത്തലത്തില്‍, ദക്ഷിണ ആസ്ട്രേലിയായിലാണു, പരിണമിക്കുന്ന ലോകമെന്ന ഡാര്‍വീനിയന്‍ കാഴ്ചപ്പാടിന്റെ വികലീകരിച്ച കൊളോണിയല്‍ നിര്‍മ്മിതിയിലും വെളുത്തവന്റെ ചരിത്രഭാരമായ സാംസ്ക്കാരിക വല്‍ക്കരണ പദ്ധതിയിലും മുച്ചൂടും വിശ്വസിക്കുന്ന 'പ്രധാന ആദിവാസി സംരക്ഷകന്‍ (Chief Protector of Aborigines)' ഏ. ഓ. നെവില്‍ (Kenneth Branagh) നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ആ പറിച്ചുനടല്‍ അരങ്ങേറുന്നത്. പതിനാലുകാരിയായ മോളിയും എട്ടുവയസ്സുകാരി അനിയത്തി ഡെയ്സിയും ബന്ധുവായ പത്തുവയസ്സുകാരി ഗ്രെയ്സിയും മോളിയുടെ ചങ്കുറപ്പിന്റെ ബലത്തില്‍ തങ്ങളുടെ അടിമത്ത വിധി മറികടക്കാനുള്ള ഒരു സുദീര്‍ഘ യാനം തുടങ്ങുന്നു. നിയമാനുസൃതം സംസ്കരിച്ചു നന്നാക്കുന്നതിനായി ജിഗലോങ്ങിലുള്ള തങ്ങളുടെ കുടുംബത്തില്‍ നിന്ന് പറിച്ചെടുക്കപ്പെടുന്ന മൂവര്‍സംഘം, പെര്‍ത്തിലെ മൂര്‍ റിവര്‍ ആദിവാസി സംരക്ഷണ കേന്ദ്രത്തിലേക്ക് ആട്ടിത്തെളിക്കപ്പെടുന്നു. ആദിവാസി ഗോത്രഭാഷക്ക് വിലക്കുള്ള ക്യാമ്പില്‍ കടുത്ത ശിക്ഷാമുറകള്‍ക്ക് അവര്‍ സാക്ഷികളാവുന്നുണ്ട്. അവിടെ നിന്നും ഒളിച്ചു കടക്കുന്ന കൂട്ടുകാര്‍ ആയിരത്തി ഇരുനൂറു മൈല്‍ ദൈര്‍ഘ്യമുള്ള തിരിച്ചു പോക്കിന് വഴിയടയാളം കണ്ടെത്തുന്നത്, കുടിയേറ്റക്കാരുടെ പ്രദേശത്തെ വിള നശിപ്പിക്കുന്ന മുയലുകള്‍ക്കെതിരില്‍ സംരക്ഷണാര്‍ത്ഥം കെട്ടിയുയര്‍ത്തിയ ആയിരത്തി അഞ്ഞൂറ് മൈല്‍ നീളമുള്ള കമ്പിവേലി ആസ്പദമാക്കിയാണ്. ചിത്രത്തിന്‍റെ തലക്കെട്ട് ആ വേലിയെ സൂചിപ്പിക്കുന്നു. തൊട്ടുപിറകെ അവരെ കണ്ടെത്തി തിരിച്ചു കൊണ്ടുപോകാനായി അധികൃതരുണ്ട്. ഒളിച്ചോടുന്ന കറുത്ത വര്‍ഗ്ഗക്കാരെയും കുറ്റവാളികളെയും കാലടിപ്പാത പിന്തുടര്‍ന്നു കണ്ടെത്തുന്നതില്‍ വിദഗ്ധരായ ആദിവാസി അടിമകള്‍ എപ്പോഴും അവര്‍ക്ക് കൂട്ടിനുണ്ടാവും. ഔദ്യോഗികമായി ട്രാക്കര്‍ എന്നറിയപ്പടുന്ന മൂഡൂ എന്ന ഈ കഥാപാത്രമായി എക്കാലത്തെയും ഏറ്റവും മികച്ച ആദിവാസി അഭിനേതാവ് ഡേവിഡ് ഗുല്‍പിലില്‍ അഭിനയിക്കുന്നു. ശരിയായ ഭക്ഷണവും വെള്ളവുമില്ലാതെ മാസങ്ങള്‍ നീളുന്ന ദുര്‍ഘടമായ യാത്രക്കിടെ ഏറെ ദുരന്തങ്ങളും ദുരിതങ്ങളും അവരെ കാത്തിരിപ്പുണ്ട്. അതിലേറ്റവും വേദനാജനകം, ഒറ്റുകാരന്റെ ചതിയില്‍ പെട്ട് തിരിയെ പോയി ഇനിയൊരിക്കലും തമ്മില്‍ കാണാതെ ഒടുങ്ങിപ്പോവുന്ന ഗ്രെയ്സിയാവും. ചിത്രാന്ത്യത്തില്‍, വയോധികരായ മോളിയുടെയും ഡെയ്സിയുടെയും യഥാര്‍ത്ഥ ഫൂട്ടേജ് നാം കാണുന്നുണ്ട് . അവരുടെ പ്രായം കണക്കിലെടുത്ത് തുടക്കത്തില്‍ ആ രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു.
ക്രിസ്റ്റഫര്‍ ഡോയല്‍ ആസ്ട്രേലിയന്‍ ഭൂപ്രകൃതിയുടെ വന്യസൗന്ദര്യം ഒപ്പിയെടുക്കുമ്പോള്‍, പക്ഷികളുടെയും മൃഗങ്ങളുടെയും മഴയുടെയുമുള്‍പ്പടെ ജൈവ വൈവിധ്യത്തിന്റെ നിറവനുഭവിപ്പിച്ച് വിഖ്യാത ഗായകനും ഇംഗ്ലീഷ് സംഗീത പ്രതിഭയുമായ പീറ്റര്‍ ഗബ്രിയേല്‍ നല്‍കുന്ന വിട്ടുപോകാത്ത സംഗീതം കഥാപാത്രങ്ങളുടെ ദുര്‍ഘടാവസ്ഥയെ വിപരീതാര്‍ത്ഥത്തില്‍ തെളിയിക്കുകയും ഒരു മിസ്റ്റിക് അനുഭൂതി പകരുകയും ചെയ്യുന്നു. കഥാപാത്രങ്ങളുടെ മാസികാവസ്ഥയുടെ പാരഡി എന്നോണം, മോളിയെ അവതരിപ്പിച്ച ആദിവാസി ബാലിക (Everlyn Sampi) രണ്ടു തവണ സെറ്റില്‍ നിന്ന് ഒളിച്ചോടിയത് സിനിമാക്കഥയിലെ നുറുങ്ങു ചരിത്രം (trivia).
കുറ്റവാളിയല്ലാത്ത കറുത്തവന്‍ മരിച്ചവന്‍ മാത്രം:
റാബിറ്റ് പ്രൂഫ് ഫെന്‍സില്‍ നിശ്ശബ്ദനായ ട്രാക്കര്‍ ആയി തന്റെ ശരീര ഭാഷ കൊണ്ട് മാത്രം ആദിവാസി ജീവിതത്തിന്റെ ഇര- ഒറ്റുകാരന്‍ ദുര്‍ഘട വൈരുദ്ധ്യത്തിന്റെ നിസ്സഹായത അവതരിപ്പിക്കുന്ന ഡേവിഡ് ഗുല്‍പിലില്‍ എന്ന അസാമാന്യ പ്രതിഭ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് സുഹൃത്ത് കൂടിയായ റോള്‍ഫ് ഹിയര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ദി ട്രാക്കര്‍. റാബിറ്റ് പ്രൂഫ് ഫെന്‍സിലേറെ ഇരുണ്ടതും നിശിത യഥാതഥത്വം (stark realism) പ്രകടിപ്പിക്കുന്നതുമായ രീതിയിലാണ് ആ ചിത്രത്തില്‍ നിന്നും പത്തുവര്‍ഷം പുറകില്‍ 1922-ല്‍ കഥാകാലമായ 'ദി ട്രാക്കര്‍' ആദിവാസി വിരുദ്ധതയുടെ ക്രൂരതയും ആഴവും അളക്കുന്നത്. 'ടു കില്‍ എ മോക്കിംഗ് ബേര്‍ഡ്' എന്ന പ്രഖ്യാതമായ ഹോളിവുഡ് ചിത്രത്തെ അനുസ്മരിപ്പിക്കും വിധം, വെളുത്ത വര്‍ഗ്ഗക്കരനോട് ചെയ്തുവെന്നാരോപിക്കപ്പെടുന്ന ഒരു കുറ്റകൃത്യം - ഇവിടെ അതൊരു കൊലക്കുറ്റമാണ്- കാരണം വേട്ടയാടപ്പെട്ട് ഒളിച്ചോടുന്ന ഒരു ആദിവാസിയും അയാളെ പിന്തുടരുന്ന മൂന്നു വെളുത്ത വര്‍ഗ്ഗക്കാരും ആദിവാസി ട്രാക്കറും നടത്തുന്ന മറ്റൊരു യാനമായിട്ടു തന്നെയാണ് ചിത്രത്തിന്‍റെ ഘടന. യാത്രക്കിടെ, മേലധികാരിയായ കടുത്ത വര്‍ണ്ണ വെറിക്കാരനും(Gary Sweet) പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട, മനസ്സാക്ഷിയുടെ വിളി ഇപ്പോഴും കേള്‍ക്കുന്ന യുവ സൈനികനും (Damon Gamau), എല്ലാം കണ്ടുകഴിഞ്ഞ പതം വന്ന സൈനികനും (Grant Page) തമ്മില്‍ വര്‍ണ്ണവെറിയെ സംബന്ധിച്ച് തങ്ങളുടെ ഉള്ളിലുള്ള സംഘര്‍ഷങ്ങള്‍ കൂടുതല്‍ വലിയ പൈശാചമായി അവരെ വേട്ടയാടും. ട്രാക്കറും മേധാവിയും തമ്മിലുള്ളത് പരസ്പര വിശ്വാസമില്ലായ്മയും അധീശ- അടിയാള സ്വഭാവമുള്ളതുമായ പരസ്പരാശ്രിതത്തമാണ്. ഒരു ഘട്ടത്തില്‍ വര്‍ണ്ണ വെറിയുടെ സ്വാഭാവിക പ്രതികരണമായി തുടലില്‍ ബന്ധിച്ചു മൃഗസമാനനായി നടത്തിച്ചു തുടങ്ങുന്നുണ്ട് ട്രാക്കറെ. ദൗത്യം കഴിഞ്ഞാല്‍ അയാളെയും കുറ്റവാളിയോടൊപ്പം കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുന്ന മേധാവിയോടു ട്രാക്കര്‍ കടുത്ത പരിഹാസത്തോടെ ചിരിക്കുന്നുണ്ട്: 'Poor blackfella...been born for that noose...eh?' പ്രകോപനമേതും കൂടാതെ മേധാവി കൊന്നു തള്ളുന്ന ഗോത്ര വര്‍ഗ്ഗക്കാരുടെ കാഴ്ച മനം പുരട്ടലുണ്ടാക്കുന്ന യുവ സൈനികനോട് ട്രാക്കര്‍ പറയുന്നുണ്ട്: 'The only innocent Black is a dead Black.' സഹാനുഭൂതി പ്രകടിപ്പിക്കുന്ന യുവ സൈനികനും വെളുത്തവന്റെ മുന്‍ വിധികളില്‍ നിന്ന് പുറത്തുകടന്നവനല്ല. ട്രാക്കര്‍ നല്‍കുന്ന ഭക്ഷണം വിഷം പുരട്ടിയതാവാമെന്ന മേധാവിയുടെ ഊഹം അവന്‍ വിശ്വസിക്കുന്നതും ട്രാക്കര്‍ മനപ്പൂര്‍വ്വം തങ്ങളെ വഴിതെറ്റിക്കുകയാവാം എന്ന് സന്ദേഹിക്കുന്നതും അത് കൊണ്ട് തന്നെ. എന്നാല്‍ സ്ത്രീകളെയും കുട്ടികളെയുമുള്‍പ്പടെ വിവേചനമേതുമില്ലാതെ കൊന്നൊടുക്കുകയും കോണ്‍റാഡിന്‍റെ കുര്‍ട്ട്സിനെ പോലെ എല്ലാ പ്രാകൃതരെയും കൊന്നൊടുക്കുന്നത് തനിക്കു മെഡല്‍ നേടിത്തരുമെന്നു ഉന്മാദം കൊള്ളുകയും ചെയ്യുന്ന മേധാവിയെ സഹിക്കാനാവതെയാണ് അയാള്‍ മേധാവിയെ നിരായുധനാക്കുന്നതും നേരത്തെ ട്രാക്കറെ ബന്ധിക്കാന്‍ ഉപയോഗിച്ച തുടലില്‍ അയാളെ ബന്ധിക്കുന്നതും. ആ രാവില്‍, അയാളെ ഭക്ഷണമുപയോഗിച്ചു മയക്കികിടത്തി ട്രാക്കര്‍ മേധാവിക്കുമേല്‍ നീതി നടപ്പിലാക്കുന്നു. 'നിങ്ങളുടെ മേല്‍ നിരപരാധികളെ കൊന്നൊടുക്കിയതിന്റെ കുറ്റം ചുമത്തിയിരിക്കുന്നു. എന്റെ ജനതയുടെയും മറ്റെല്ലാ ജനതയുടെയും പേരില്‍ ഞാന്‍ ന്യായാധിപനും ജൂറിയുമാകുന്നു. കുറ്റം തെളിയിക്കപ്പെട്ടതായി ഞാന്‍ കാണുന്നു. നിങ്ങളുടെ ചെയ്തികളിലൂടെ നിങ്ങളുടെ സഹ ജീവികള്‍ക്കിടയില്‍ ജീവിച്ചിരിക്കാനുള്ള അവകാശം നിങ്ങള്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു. നിങ്ങളെ മരണം വരെ തൂക്കിലേറ്റാന്‍ ഞാന്‍ വിധിക്കുന്നു'. പിറ്റേന്ന് കാലത്തുണരുമ്പോള്‍ രാത്രി ആക്രമിച്ച ഗോത്രവര്‍ഗ്ഗക്കാരുമായി ഒരു സംഘട്ടനം നടന്നതായി തോന്നിക്കും വിധം സ്വയം പരിക്കേല്‍പ്പിച്ചു അയാളാ വധശിക്ഷ നടപ്പാക്കുന്നു. തുടര്‍ന്നുണ്ടാവുന്ന രംഗങ്ങളില്‍ എല്ലാം നിയന്ത്രിക്കുക അയാളാണ്. അയാള്‍ക്കറിയാം ആദിവാസിക്കെതിരില്‍ ഉന്നയിക്കപ്പെട്ട കുറ്റം പൊള്ളയാണെന്ന്. അതുകൊണ്ട് തന്നെ പലപ്പോഴും അയാള്‍ അയാള്‍ക്ക് സുരക്ഷിതമായി രക്ഷപ്പെടാന്‍ പാകത്തില്‍ പിന്തുടരല്‍ അമാന്തിക്കുണ്ട്.
ആദിവാസി സമൂഹത്തോട് നടമാടിയ അത്യാചാരങ്ങളുടെ പ്രസിദ്ധമായ പെയിന്റിംഗുകള്‍ ആസ്ട്രേലിയന്‍ വന്യപ്രകൃതിയോടൊപ്പം ഉപയോഗിക്കുന്നത് ദൃശ്യപ്പൊലിമ മാത്രമല്ല വര്‍ദ്ധിപ്പിക്കുന്നത്. ചരിത്രത്തോട് പ്രമേയത്തിനുള്ള അഗാധ ബന്ധവും സൂചിപ്പിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. ഒപ്പം, ഹൃദയം മരവിപ്പിക്കുന്ന രംഗങ്ങളുടെ പച്ചയായ ആവിഷ്‌ക്കരണങ്ങള്‍ വലിയൊരളവു ഒഴിവാക്കാനും വേട്ടയാടുന്ന ഒരു തരം സര്‍ റിയലിസ്റ്റ് മൗന സാന്ദ്രത നല്‍കാനും ഇതുമൂലം കഴിയുന്നുണ്ട്. ആദിവാസി ഗായകന്‍ ആര്‍ച്ചി റോക്ക് പാടിയ വിലാപാര്‍ദ്രമായ ഗോത്രാനുഭവ ഗാനങ്ങള്‍ ചിത്രത്തിന് നല്‍കുന്ന ആഴവും സാന്ദ്രതയും ചെറുതല്ല. ഇടയ്ക്കിടെ തെല്ലകലെ മാത്രം മിന്നായം പോലെ നടന്നു മറയുന്ന, ട്രാക്കര്‍ മാത്രം കാണുന്ന മൂകനും പരാജിതനുമായ ശരീര ഭാഷ പ്രകടമാക്കുന്ന 'കുറ്റവാളി'യുടെ പ്രത്യക്ഷവും ഒരു മിസ്റ്റിക് അനുഭവം പോലെ തോന്നാം. മേധാവി കൊന്നു തള്ളുന്ന ആദിവാസികളുടെ ക്ലോസപ്പില്‍ വരുന്ന മുഖങ്ങളിലെ നിസ്സഹായനിര്‍വ്വികാരതയും ഈ മിസ്റ്റിക് തലത്തെ പ്രദീപ്തമാക്കുന്നുണ്ട്. അഭിനേതാക്കാളുടെ ഒന്നിനൊന്നു മികച്ച പ്രകടനവും ചിത്രത്തെ ഒരു ക്ലാസ്സിക് ആക്കുന്നുണ്ട്. എന്നാല്‍ എല്ലാറ്റിനുമുപരി 'ദി ട്രാക്കറി'ന്റെ ജീവാത്മാവ് ഡേവിഡ് ഗുല്‍പിലി എന്ന അതുല്യ നടന്‍ തന്നെ. ഗോത്രജീവിതത്തിന്റെയും ആദിവാസി അസ്ഥിത്വത്തിന്റെയും നിസ്സഹായത മുഴുവനും ആത്മാവ് തൊടുന്ന ആ പരിഹാസച്ചിരിയിലേക്ക് ഒതുക്കി തലയുയര്‍ത്തിപ്പിടിച്ചു നെടുങ്ങനെ നടന്നു നീങ്ങുന്ന ഡേവിഡ് ഗുല്‍പിലി ഒരു പാഠ പുസ്തകം ആവേണ്ടതാണ് - അഭിനയ വിദ്യാര്‍ത്ഥികള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും.
ട്രാക്കറിന് ശേഷം 2006-ല്‍ Ten Canoes എന്ന ചിത്രത്തിന്‍റെ രചയിതാവ് എന്ന നിലയില്‍ വീണ്ടും റോള്‍ഫ് ഡി ഹിയറുമായി ഒന്നിച്ചു പ്രവര്‍ത്തിച്ചു ഡേവിഡ് ഗുല്‍പിലി. എന്നാല്‍ തുടര്‍ന്നുണ്ടായ അദ്ദേഹത്തിന്റെ ജീവിതത്തിലെ പാളിച്ചകള്‍ ആദിവാസി ജീവിതത്തിന്റെ പതിവ് ചാലുകളില്‍ തന്നെയാണ് അദ്ദേഹത്തെയും എത്തിച്ചത്. മദ്യാസക്തിയും മയക്കുമരുന്നുപയോഗവും ആരോഗ്യത്തിനു ഏല്‍പ്പിച്ച ക്ഷതവും ജയില്‍വാസവും. ജയിലില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ സുഹൃത്തിനോട് ഇനിയുമൊരിക്കല്‍ കൂടി ഒരു ചിത്രത്തിനായി ഒന്നിക്കാനുള്ള ആഗ്രഹം ഗുല്‍പിലി വ്യക്തമാക്കി. ആ ചിന്തയില്‍ നിന്നാണ് ഗുല്‍പിലിയെ സംബന്ധിച്ചിടത്തോളം ഇത്തിരി ആത്മകഥാപരം എന്ന് പറയാവുന്ന Charlie's Country എന്ന ചിത്രം പിറക്കുന്നത്. 2013-ല്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ആസ്ട്രേലിയന്‍ ഓസ്കാര്‍ അവാര്‍ഡ് എന്‍ട്രി ആയിരുന്നു ചിത്രം.
പുതിയ കാലം, പഴയ ദുഃഖം:
റാബിറ്റ് പ്രൂഫ് ഫെന്‍സില്‍ നിന്നും ട്രാക്കറില്‍ നിന്നും വ്യത്യസ്തമായി ആദിവാസി ജീവിതത്തിന്റെ വര്‍ത്തമാന കാല പരിതോവസ്ഥയാണ് ചാര്‍ളിയുടെ ലോകം വരച്ചുകാട്ടുന്നത്. ഇപ്പോള്‍ സ്ഥൂലമായ ഉന്‍മൂലനങ്ങളല്ല, ആദിവാസിജീവിതത്തെ സമൂലം മൂക്കുകയറിടുന്ന വെള്ളക്കാരന്റെ നിയമങ്ങളാണ് ഗോത്രവര്‍ഗ്ഗ ജീവിതം ദുസ്സഹമാക്കുന്നത്. അവരാദ്യം കറുപ്പും ലഹരിയും നല്‍കി ആദിവാസിയെ അവക്കടിമകളാക്കി. ഇപ്പോള്‍ നിയമം മൂലം നിരോധിച്ചു അവരെ നിയമ നിഷേധികളാക്കി. പരമ്പരാഗത രീതിയില്‍ വേട്ടയാടാനുള്ള പഴുതുകള്‍ അടച്ചു കളഞ്ഞു അവര്‍ ഒന്നിനും കൊള്ളാത്ത ഭക്ഷണം പായ്ക്കറ്റുകളിലാക്കി സൂപ്പര്‍ മാര്‍ക്കറ്റു വഴി വിപണനം ചെയ്തു. വേട്ടയാടാനുള്ള തോക്ക് കണ്ടുകെട്ടി, മീന്‍ പിടിക്കാനുള്ള വാരിക്കുന്തങ്ങള്‍ ആയുധ നിയമം കൊണ്ട് നിരോധിച്ചു. വെള്ളക്കാരായ മയക്കുമരുന്ന് വ്യാപാരികള്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഉപഭോക്താക്കളായും ഒളിച്ചു കടത്താനുള്ള ഏജന്റുമാര്‍ ആയും ആദിവാസിയെ ഉപയോഗിച്ചു. പിടിക്കപ്പെടുമ്പോള്‍ ആദിവാസി മാത്രം കുറ്റവാളിയായി. ജനസംഖ്യയുടെ മൂന്നു ശതമാനത്തില്‍ താഴെ മാത്രം വരുന്ന ആദിവാസി ജയില്‍വാസികളില്‍ നാല്‍പ്പതു ശതമാനമായി. ഈ വര്‍ത്തമാന വസ്തുതകളാണ് ഗുല്‍പിലിയുടെ ആധികാരിക ശരീര ഭാഷയിലൂടെ ചിത്രം അവതരിപ്പിക്കുന്നത്. ഒരര്‍ഥത്തില്‍ നേരത്തെ ചര്‍ച്ച ചെയ്ത ചിത്രങ്ങളില്‍ നിന്ന് ചാര്‍ളിയുടെ ലോകത്തിലെത്തുമ്പോള്‍ ഗുല്‍പിലിയുടെ ശാരീരികാവസ്ഥയില്‍ സംഭവിച്ചിരിക്കുന്ന പ്രകടമായ മാറ്റങ്ങള്‍ തന്നെയാണ് ചിത്രത്തിന്‍റെ പ്രമേയത്തെയും നിര്‍ണ്ണയിക്കുന്നതെന്ന് പറയാം. ഇടയ്ക്കിടെ ചാര്‍ളി ഗൃഹാതുരതയോടെ നോക്കിയിരിക്കുന്ന ഒരു ഫോട്ടോയുണ്ട് - സിഡ്നി ഒളിമ്പിക്സിന്‍റെ ഉദ്ഘാടന വേളയില്‍ ഒരു കൂട്ടം ആദിവാസി കലാകാരന്മാരെ നയിച്ച് കൊണ്ട് താന്‍ നടത്തിയ നൃത്തം. ബ്രിട്ടീഷ് രാജ്ഞിയുടെ മുന്നില്‍ നൃത്തം ചെയ്തതിനെ കുറിച്ച് അയാള്‍ ഇളം മുറക്കാരോട് ഊറ്റം കൊള്ളും. എന്നാല്‍, വെളുത്തവന്‍ നിര്‍ണ്ണയിക്കുന്ന നിയമങ്ങള്‍ അനുസരിച്ച് അവന്‍ തീരുമാനിക്കുന ഭക്ഷണം കഴിച്ചു കഴിയാന്‍ കഴിയില്ലെന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു പൂര്‍വ്വികരുടെ വഴിയിലൂടെ വന്യ പ്രകൃതിയിലേക്ക് വേട്ടക്കാരനായി ഇറങ്ങുന്ന ചാര്‍ളിക്ക് വിശപ്പും രോഗവും മൂര്‍ച്ചിച്ചു പെരുമഴയത്ത് തളര്‍ന്നു കിടക്കുമ്പോള്‍ അയാളുടെ ദൃഡ നിശ്ചയമൊക്കെ ചോര്‍ന്നു പോകുന്നുണ്ട്. നിങ്ങള്‍ക്ക് ജോലിയുണ്ട്, വീടുണ്ട് എന്റെ നാട്ടില്‍. എന്റെ ജോലിയെവിടെ, വീടെവിടെയെന്ന് ആ തുളഞ്ഞിറങ്ങുന്ന പരിഹാസച്ചിരിയോടെ ചാര്‍ളി വെളുത്തവരായ പരിചയക്കാരോട് ലോഹ്യം കൂടുന്നുണ്ട്. ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോവുന്ന ചാര്‍ളി മയക്കുമരുന്ന് ഉപയോഗിച്ചതിന്‍റെ പേരില്‍ പിടിക്കപ്പെടുന്നു. ജയിലെത്തുന്ന അയാള്‍ അവിടത്തെ ജീവിതം ആദിവാസിയുടെ നിത്യ ജീവിതത്തെക്കാള്‍ മെച്ചമാണ് എന്ന് കണ്ടെത്തുന്നു. ചിത്രാന്ത്യത്തില്‍ തന്റെ സമൂഹവുമായി വീണ്ടും കണ്ണി ചേരുന്നതിന്റെയും പുതു തലമുറയെ ഗോത്ര നൃത്തം പഠിപ്പിക്കുന്ന ഉത്തരവാദിത്തം ഏല്‍ക്കുന്നതിന്റെയും സൂചനകളുണ്ട്.
ഗോത്ര ഭാഷയും ഇംഗ്ലീഷും ഇടകലര്‍ന്നു ഉപയോഗിക്കപ്പെട്ടിട്ടുള്ളത് നിലവിലുള്ള സാഹചര്യത്തിന്റെ യാഥാര്‍ത്ഥ്യം തന്നെയാണ്. പരിമിതമായ സംഭാഷണവും ഇടയ്ക്കിടെ കടന്നു വരുന്ന നിശ്ചല പ്രതീതി തോന്നിക്കുന്ന ഷോട്ടുകളും പതിഞ്ഞ സ്വരത്തിലുള്ള പശ്ചാത്തല സംഗീതവും - വിശേഷിച്ചും ഗ്രഹാം ടാര്‍ഡിഫ് ഒരുക്കിയ പിയാനോ സംഗീതം- ചേര്‍ന്ന് ആദിവാസി ജീവിതത്തിന്റെ ഏറ്റിറക്കങ്ങളില്ലാത്ത ജീവിതത്തിന്റെ മ്ലാനമായ അവധാനതയെ ധ്വനിപ്പിക്കുന്നു. എന്നാല്‍ പ്രമേയത്തില്‍ കേന്ദ്രസ്ഥാനീയമായ ഈ അവധാനത ചിത്ര ഘടനയില്‍ മുഷിപ്പായി ഒരു ഘട്ടത്തിലും മാറാതിരിക്കുന്നത് ഒട്ടും അതിവൈകാരികതയില്ലാത്ത രീതിയില്‍ ദുരിത പര്‍വ്വങ്ങളെ ആവിഷ്കരിക്കുന്നതില്‍ സംവിധായകന്‍ പുലര്‍ത്തുന്ന കയ്യടക്കവും ഒപ്പം ചാര്‍ളിയായി ഡേവിഡ് ഗുല്‍പിലി കാഴ്ച്ചവെക്കുന്ന അഭിനയത്തികവും മൂലമാണ്. രോഗവും വറുതിയും കൊണ്ട് അറംപറ്റിയ ഗോത്ര ജീവിതം ലോകമെമ്പാടുമുള്ള ആദിവാസി സംസ്കൃതികളുടെ നിദര്‍ശനം തന്നെ എന്ന് വരുമ്പോള്‍, ലോകത്തെങ്ങുമുള്ള പരിഷ്കൃത സമൂഹങ്ങളോടുള്ള നിശിതമായ ഒരു വിമര്‍ശനമായിത്തന്നെ ചാര്‍ളിയുടെ ലോകം മാറുകയും ചെയ്യുന്നു.
പരാമര്‍ശിക്കപ്പെട്ട മൂന്നു ചിത്രങ്ങളിലും ആദിവാസി ജീവിതത്തിന്റെ വിധിക്ക് എതിരറ്റത്ത് തങ്ങള്‍ മഹത്തായതെന്തോ ചെയ്തു കൊണ്ടിരിക്കയാണെന്നു തന്നെ സത്യസന്ധമായും കരുതുന്ന വെളുത്ത വര്‍ഗ്ഗക്കാരുണ്ട്. റാബിറ്റ് പ്രൂഫിലെ ഏ. ഓ. നിവെല്‍ ആദിവാസിയെ അവനില്‍ നിന്ന് തന്നെ രക്ഷിച്ചെടുത്ത് മുഖ്യ ധാരയില്‍ എത്തിക്കേണ്ട മഹത്തായ ബാധ്യതയെ കുറിച്ച് ഇടയ്ക്കിടെ വാചാലനാവുന്നുണ്ട്. ട്രാക്കറിലാവട്ടെ, അപ്രതീക്ഷിതമായ ഹൃദയ താരല്യത്തിന്റെ നിമിഷത്തില്‍ തന്റെ സഹജമായ ക്രൂരതയും ആദിവാസിവിരുദ്ധതയും മാറ്റി വെച്ച് പ്രാകൃതരെ മെരുക്കിയെടുത്ത് സമൂഹ ജീവികള്‍ ആക്കിയെടുക്കുന്നതിന് ഉരുക്ക് മുഷ്ടി ഉപയോഗിക്കാന്‍ നിര്‍ബന്ധിതനാവുന്നതിനെ കുറിച്ച്, മറ്റു മാര്‍ഗ്ഗമില്ലായ്മയെ കുറിച്ച് മേധാവി ഏറ്റു പറയുന്നുണ്ട്, അതേറെ വൈകിപ്പോയെങ്കിലും. ചാര്‍ളിയുടെ നാട്ടിലെത്തുമ്പോള്‍ ഒട്ടുമിക്ക കഥാപാത്രങ്ങളും അയാളോട് ചങ്ങാത്തത്തിലാണ്- പ്രകോപനമൊന്നുമുണ്ടാവാത്ത കാലത്തോളം. നിയമം, അതങ്ങനെയായത് കൊണ്ട് മാത്രം എന്ന നിലപാടുകാര്‍ ഏറെയാണ് ഈ ചിത്രത്തില്‍. മൂന്നു ചിത്രങ്ങളിലും ഡേവിഡ് ഗുല്‍പിലില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ 'ട്രാക്കര്‍' എന്ന് വിളിക്കാവുന്നവര്‍ തന്നെയാണ്- മൂന്നാമത്തേതില്‍ ഒരു വെറ്ററന്‍ ആണെന്ന് മാത്രം. ഒരു നിലക്ക് ഇത് ആദിവാസി സ്വത്വത്തില്‍ പലരും അഭിമുഖീകരിക്കുന്ന ഗതികേട് കൂടിയാണ് - സ്വന്തം ജനതയെ ഒറ്റുകൊടുക്കുക, ഇല്ലങ്കില്‍ സ്വയമൊടുങ്ങുക. സ്വന്തം വംശത്തോട് അധിനിവേശം നടത്തിയ അന്യര്‍ ചെയ്തു കൂട്ടുന്ന കൊടും ക്രൂരതകള്‍ക്കും അവമതികള്‍ക്കും രോഷം ഉള്ളിലൊതുക്കി കൂട്ട് നില്‍ക്കേണ്ടി വരികയും എന്നിട്ടും തങ്ങളുടെ മനുഷ്യസ്വത്വം സ്ഥാപിച്ചെടുക്കാനാവാതെ നിന്ദിതനും അപമാനിതനുമായി ജീവിക്കേണ്ടി വരികയും ചെയ്യുക. അത്തരം നിസ്സഹായതയുടെ കുതറിത്തെറിക്കലാണ് ബുദ്ധിയും തന്ത്രവും ആയുധമാക്കി ദി ട്രാക്കര്‍ അടയാളപ്പെടുത്തുന്നതെങ്കില്‍, കുറേക്കൂടി സ്വയം പാകപ്പെട്ട ഒരു അതിജീവനത്തിന്റെ സാധ്യതയിലേക്കാണ് വിദൂരമായെങ്കിലും ചാര്‍ളിയുടെ ലോകം എത്തിനോക്കുന്നത്.
(ദേശാഭിമാനി IFFK 2015 സ്പെഷ്യല്‍ പതിപ്പ്)
(പ്രതിബിംബങ്ങള്‍ പറഞ്ഞുവെക്കുന്നത്: ലോഗോസ് ബുക്സ് - പേജ് 15-22)
