(Streaming on Manorama Max)
അനീഷ് ബാബു അബ്ബാസും ബിനോയ് ജോര്‍ജ്ജും ചേര്‍ന്ന് സംവിധാനം ചെയ്ത ‘പൂവ്’, പേര് സൂചിപ്പിക്കുംപോലെത്തന്നെ ഒരു ഭാവഗീതം പോലെ മനോഹരവും ആര്‍ദ്രവുമായ ദൃശ്യാനുഭവമാണ്. റോഡ് ട്രിപ്പ് ആത്മയാനമായി മാറുക എന്നത് യാത്രയെ സംബന്ധിച്ച ആര്‍ക്കിടൈപ്പിന്റെ തന്നെ വകഭേദമാണ്. അതിനു തെരഞ്ഞെടുക്കുന്ന പ്രായം ജീവിതത്തിന്റെ കണക്കെടുക്കാന്‍ പാകമായ മധ്യവയസ്സാണെങ്കില്‍ അതേറെ ഫലപ്രദമായി ചെയ്യാനുമാകും. ജീവിതത്തിന്റെ ആദിയും അന്തവും കൂട്ടിയിണക്കുന്ന കൂട്ടാളികള്‍ - അമ്മയും ഭാര്യയും – കൂടെയുണ്ടാകുമ്പോള്‍ പിന്നെയുണ്ടാകാവുന്ന കുറവ് സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നവളുടെ, ആദ്യമായി പ്രണയത്തിന്റെ പനി പകര്‍ന്നവളുടെത് ആയിരിക്കാം. ഒരാള്‍ക്ക് ഹൃദയത്തിന് എത്ര അറകള്‍ ഉണ്ടാകാം? അവിടെ ആര്‍ക്കൊക്കെ പാര്‍പ്പുറപ്പിക്കാം?
വിഷാദാര്‍ദ്രവും ഒപ്പം പ്രണയാര്‍ദ്രവുമായ ഒരവധാനതയുണ്ട് ചിത്രത്തിന്. 81മിനിറ്റില്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം കൃത്യമായിരുന്നു – ഇത്തിരിക്കൂടി നീളം ഉണ്ടായിരുന്നെങ്കില്‍ മെലോഡ്രാമയുടെ അതിരുകളിലേക്ക് വീണുപോയേക്കാമായിരുന്ന അപകടസാധ്യത ഇത്തരം പ്രമേയ പരിചരണത്തില്‍ എപ്പോഴുമുണ്ട്. കഥാപത്രങ്ങളുടെ ജീവിതബന്ധങ്ങളെ സംഭാഷണ ശകലങ്ങളായും ഓര്‍മ്മകളില്‍ ഞൊടിനേരം നഷ്ടപ്പെടുന്ന മൌനങ്ങള്‍ ആയും അവതരിപ്പിക്കുന്നത് കവിതയുടെ വഴിയാണ്.
മഞ്ജുളന്‍ കെ.വി. അവതരിപ്പിക്കുന്ന ജീവന്‍ എന്ന അമ്പതുകാരന്റെ ജീവിതത്തെയാണ് പ്രത്യക്ഷത്തില്‍ പിന്തുടരുന്നതെങ്കിലും അമ്മ ശ്യാമള (ക.പി.എ.സി. ലീല), ഭാര്യ സന്ധ്യ (ശ്രുതി വിപിന്‍), കാമുകി നാസിയ ഹസന്‍ (ശാന്തി റാവു), മകള്‍ യമ (മീനാക്ഷി) എന്നീ സ്ത്രീകഥാപാത്രങ്ങളാണ് ചിത്രത്തിന്റെ കാതല്‍. സ്ത്രീപക്ഷ നിലപാടുകള്‍ തന്നെയാണ് ചിത്രത്തിന്റെ ആന്തരപാഠവും. അടുക്കള ആണ്‍ലോകത്തില്‍ പെടില്ല എന്ന പരമ്പരാഗത നിലപാട് കാലത്തിനു മുമ്പേ പൊളിച്ചുകളഞ്ഞ, മകനെ പാചക വൈദഗ്ധ്യം നല്‍കി വളര്‍ത്തിയ അമ്മയില്‍ അത് തുടങ്ങുന്നു. അറിയാത്ത സ്ഥലത്ത് റെയില്‍വേ സ്റ്റേഷനില്‍ ഗതിമുട്ടുന്ന, പകച്ചുപോകുന്ന ഭര്‍ത്താവിനെ പതറാതെ കണ്ടെത്തി മുന്നില്‍ നടന്നനു യിക്കുന്ന ഭാര്യയും കൗമാരപ്രണയം പറയാന്‍ മുന്‍കൈ എടുക്കാന്‍ മടിക്കാത്ത കാമുകിയും പരമ്പരാഗത ‘അബല’ വാര്‍പ്പുകള്‍ അല്ല. ഇളംതലമുറയില്‍ എത്തുമ്പോഴാകട്ടെ, ദുഃഖം ഘനീഭവിച്ച അന്തരീക്ഷത്തില്‍ എല്ലാം സ്വയം ഏറ്റെടുത്തു നിയന്ത്രിക്കുന്ന, ആചാരം എന്തു പറയുന്നു എന്നു നോക്കാതെ അച്ഛന്റെ – ഒരുവളേ ബന്ധപ്പെട്ട മറ്റേ ആളുടെയും- അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കാന്‍ മുന്നോട്ടിറങ്ങുന്ന കരുത്തുറ്റ സാന്നിധ്യമായി മകള്‍ ഇവര്‍ക്കും അപ്പുറം കടക്കുന്നു. ചിത്രാന്ത്യത്തിലെ ഉജ്ജ്വലമായ ആ മുഹൂര്‍ത്തം വ്യത്യസ്ത തലങ്ങളില്‍ പരിഗണിക്കപ്പെടേണ്ടതുണ്ട് എന്ന് തോന്നുന്നു: മുമ്പൊരിക്കല്‍ ഇതേ കാര്യത്തിന് നാസിയ അനുമതി തേടിയിരുന്നു തന്റെ ‘അപര’യോട്. അതേ കാര്യമാണ് അച്ഛന്റെയും അന്ത്യാഭിലാഷം എന്നറിയുന്ന യമയുടെ ആവശ്യം നിറവേറ്റാന്‍ നാസിയ കണ്ടെത്തുന്ന മധ്യമാര്‍ഗ്ഗം സ്വാതന്ത്ര്യ പ്രഖ്യാപനമാണോ? തെരഞ്ഞെടുപ്പാണോ? പാരമ്പര്യത്തിന് കീഴടങ്ങലാണോ?
ഒരാളുടെ ഹൃദയത്തിന് എത്ര അറകള്‍ ഉണ്ടാകാം? സന്ധ്യ കേള്‍ക്കുമായിരുന്ന ടൈപ്പ്റൈറ്റര്‍ ശബ്ദം അവളെ അസ്വസ്ഥയാക്കിയിരുന്നില്ലെങ്കില്‍ പിന്നെന്തുകൊണ്ടാകും നാസിയയുടെ മോഹത്തിന് അവള്‍, അവള്‍ നല്‍കിയ മറുപടി നല്‍കിയത്? യമ പറയുന്നതുപോലെ സ്നേഹമുള്ള ഒരു ഹൃദയം പൊതിഞ്ഞു പിടിക്കുക എന്നത് മാരകമായ ഒരവസ്ഥ സൃഷ്ടിക്കുമോ?
ചിത്രത്തില്‍ ഒരു പരിമിതി ആയിത്തോന്നിയത്/ തോന്നാവുന്നത് കാരക്റ്റര്‍ ആര്‍ക്കുകള്‍ സംബന്ധിച്ചാണ്: ചിത്രത്തിലെ നാല് സ്ത്രീകഥാപാത്രങ്ങളും ഏക പുരുഷ കഥാപാത്രവും പ്രായേണ ഒരേ പ്രകൃതത്തിന്റെയും നിലപാടിന്റെയും പ്രകട ആവിഷ്കാരങ്ങള്‍ (manifestations) തന്നെയാണ് എന്നൊരു വീക്ഷണം സാധ്യം തന്നെയാണ്: ഒരു വേള അതുതന്നെയാണ് അതിന്റെ വ്യത്യസ്തതയും എന്ന പ്രതിനിരീക്ഷണവും സംഗതമാണ് . എതിര്‍ നിലപാടുകളുടെ ആവിഷ്കാരം എന്നതിലേറെ ഒരേ നിലപാടിന്റെ പ്രകാരങ്ങള്‍ (variations) ആണ് ഇവിടെ ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത് എന്ന സമീപനത്തിനും അതിന്റേതായ സര്‍ഗ്ഗാത്മകത ഉണ്ട്. നിലപാടുകളുടെ ഏറ്റുമുട്ടല്‍ എന്ന സമവാക്യം നാം ഏറെ കണ്ടതാണ്. നിലപാടുകളിലെ ഉള്‍പ്പിരിവുകള്‍ എന്നതിനും അത്രതന്നെ സാംഗത്യമുണ്ട്, അത്തരം സമീപനത്തിന് അതിന്റെതായ പുതുമയും ഉണ്ട്. നമുക്ക് അത്രക്കങ്ങു പരിചിതമല്ല എന്നതുകൊണ്ട് ഒരു സന്ദര്‍ഭ സങ്കല്പം തീര്‍ത്തും ഉടോപിയയാണ് എന്ന് വരുന്നില്ല; നമ്മളിനിയും അത് കാണേണ്ടിയിരിക്കുന്നു എന്നേയുള്ളൂ.
അന്താരാഷ്ട്ര മേളകളില്‍ ചിത്രം ഇതിനോടകം നേടിയെടുത്ത അംഗീകാരങ്ങളും പുരസ്കാരങ്ങളും സ്വയം വിളംബരപ്പെടുത്തുന്നുണ്ട്. അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവര്‍ പുരസ്കാര ജേതാക്കളില്‍ ഉള്‍പെടുന്നു. അനീഷ് ബാബുവും ജോണ്‍സണ്‍ ദേവസ്യയും ചേര്‍ന്ന് നിര്‍വ്വഹിച്ച രചന ചിത്രത്തിന്‍റെ നട്ടെല്ലാണ്. അനീഷ് ബാബുവിന്റെ ഛായഗ്രഹണവും നിനോയ് വര്‍ഗീസിന്റെ സംഗീതവും എടുത്തുപറയണം.
