കംബോഡിയൻ സിനിമ എന്ന് ഓർക്കുമ്പോൾ ദി കില്ലിംഗ് ഫീൽഡ്സ്, ഫസ്റ്റ് ദേ കിൽഡ് മൈ ഫാദർ പോലുള്ള ഖമേർ റൂഷ് ഭീകരതയുടെ ചോരക്കഥകളാണ് ഓർമ്മവരിക. അവയിൽനിന്ന് വ്യത്യസ്തമായ, രക്തച്ചൊരിച്ചിലോ ഭീകര ദൃശ്യങ്ങളോ ഏറെയില്ലാത്ത ഫാമിലി/ സോഷ്യൽ ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ് വിഖ്യാത സംവിധായകൻ റിതി പാനിൻ്റെ ദി റൈസ് പീപ്പിൾ. അതേ സമയം ഖമേർ അനന്തര ജീവിത സംഘർഷങ്ങളുടെ ട്രോമകൾ എമ്പാടും ചിത്രത്തിൽ ഉണ്ട് താനും. കംബോഡിയൻ കർഷക ജീവിതം അതിൻ്റെ എല്ലാ അനിശ്ചിതത്വങ്ങളിലും ദുരന്തങ്ങളിലും മനസ്സിൻ്റെ പിടിവിട്ടുപോകുന്ന തരം അശനിപാതങ്ങളിലും ഉള്ളുലക്കും വിധം പിന്തുടരുന്നുണ്ട് വിഖ്യാത മലേഷ്യന്‍ നോവലിസ്റ്റ് ഷാനൻ അഹമ്മദിൻ്റെ Ranjau Sepanjang Jalan (No Harvest But a Thorn) എന്ന നോവലിനെ അടിസ്ഥാനമാക്കി എടുത്ത ചിത്രം. നിയോ റിയലിസ്റ്റ് രീതി പിന്തുടരുന്ന ചിത്രത്തിൽ പ്രൊഫഷൻ അഭിനേതാക്കളല്ല അഭിനയിക്കുന്നത്. അതിൻ്റെ പരിമിതി ചില സന്ദർഭങ്ങളിൽ അനുഭവപ്പെടുന്നുണ്ട്. എന്നാൽ കംബോഡിയൻ ഭൂപ്രകൃതിയുടെ സൗന്ദര്യവും അപ്രവചനീയതയും ഒപ്പിയെടുക്കുന്ന ക്യാമറ (Jacques Bouquin), ചിത്രത്തിൻ്റെ വൈകാരിക സംഘർഷങ്ങളും പ്രകൃതിയുടെ സൌമ്യ – വന്യ ഋതു ഭേദങ്ങളും അനുഭവിപ്പിക്കുന്ന സംഗീതവും (Jean-Claude Brisson, Marc Marder) ഹൃദ്യമാണ്.
‘നെല്ല്’ എന്ന രൂപകം ചിത്രത്തിന്‍റെ ഏകോപന കഥാപാത്രം തന്നെയായിത്തീരുകയും ഒരു ജനതയുടെ ജീവിതത്തെ തുന്നിക്കൂട്ടുകയോ ചിതറിച്ചു കളയുകയോ ചെയ്യുന്ന ശക്തിതന്നെയായി വര്‍ത്തിക്കുകയും ചെയ്യുന്നത്, ചിത്രത്തിന്‍റെ പേരിനെ സാധൂകരിക്കുന്നു. എന്തുകൊണ്ട് നോവലില്‍ നിന്ന് വ്യത്യസ്തമായ പേര് ചിത്രത്തിന് നല്‍കപ്പെട്ടു എന്നും വ്യക്തമാണ്. എവിടെയൊക്കെയോ പോള്‍ മുനി – ലൂയിസ റെയ്‌നര്‍ ക്ലാസിക് ദ ഗുഡ് എര്‍ത്ത് (1937) ഓര്‍മ്മിപ്പിക്കുന്നുമുണ്ട് ഈ ചിത്രം. പ്രത്യേകിച്ചും ആ B/W മാസ്റ്റര്‍പീസില്‍ കര്‍ഷകരുടെ പേടിസ്വപ്നമായ വെട്ടുകിളി ആക്രമണത്തെ കുറിച്ചുള്ള ഭയപ്പാടുകളും അതീവലോലമായ കര്‍ഷക ജീവിതത്തിന്റെ അനിശ്ചിതത്വങ്ങള്‍ കാര്‍മേഘമായി പടരുന്ന ദൃശ്യങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ഇവിടെ ആയിരക്കണക്കിന് ഞണ്ടുകളുടെ കൂട്ടപ്പെരുകലും, വിളഞ്ഞ വയലില്‍ എമ്പാടും ആറാടുന്ന ചെറുകിളികളുമാണ് ആ ട്രോമ സൃഷ്ടിക്കുന്നത്, ഒപ്പം അപ്രവചനീയമായ പെരുമഴപ്പൊക്കവും.
ഭര്‍ത്താവിന്റെ സങ്കടകരമായ മരണത്തിനു ശേഷം ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ഏഴു പെണ്‍മക്കളുള്ള കുടുംബത്തെ പോറ്റുന്നതിനെച്ചുള്ള ആധിയും വിളനാശ ഭീഷണിയെ കുറിച്ചുള്ള അമിതോത്കണ്ഠയും ചേര്‍ന്ന് മനസ്സിന്റെ പിടി വിട്ടുപോകുന്ന അമ്മയായി പെങ് ഫാങ് (Peng Phan), അമ്മയെന്ന ആശ്രയവും ഇല്ലാതാകുമ്പോള്‍ എല്ലാത്തിനെയും വാരിപ്പിടിക്കാന്‍ ശ്രമിക്കുന്ന മൂത്ത മകളായി ഷിം നാലീനും (Chhim Naline) മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
യുട്യൂബില്‍ ഒരു വൈല്‍ഡ് സെര്‍ച്ചില്‍ ആണ് ചിത്രത്തിന്‍റെ AI enhanced clear print കണ്ടെത്താനായത്. ഇംഗ്ലീഷ് സബ് ടൈറ്റില്‍ സഹിതം നൂറ്റി ഇരുപത്തിനാല് മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം. സാംസ്കാരിക, സാമൂഹിക വേരുകളുള്ള ഗൌരവമാര്‍ന്ന ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് നിര്‍ദ്ദേശിക്കുന്നു.
