My Poem - 02

കുട്ടിക്കളികള്‍

കുട്ടിക്കളികള്‍

ജാതിയും മതവും കുട്ടിക്കളിയല്ലെന്നു

മുതിര്‍ന്നവര്‍ ഓര്‍മ്മിപ്പിച്ചു.

ഇതൊക്കെ വെറും കുട്ടിക്കളിയെന്നു

നമ്മളെത്ര കണ്ടവര്‍ ചിരിച്ചു തള്ളി.

രജിസ്ട്രാര്‍ ഓഫീസിലാണ് പ്രണയം പൂക്കുന്നതെന്ന്

കൂട്ടുകാര്‍ ധൈര്യപ്പെടുത്തി.

കുടുംബത്തിന്റെ അന്തസ്സെന്നു

അച്ഛനും അമ്മയും മരണഭീഷണി മുഴക്കി.

തനിക്കു രണ്ടു പെണ്‍മക്കളെന്നു

ഏട്ടത്തി കണ്ണീരൊഴുക്കി.

പെങ്ങളെ പ്രേമിച്ചവന് മുട്ടുകാല്‍ വേണ്ടെന്നു

ഏട്ടന്‍ മുണ്ട് മുറുക്കി.

നാടിന്‍റെ പൈതൃകമെന്നു ചിലര്‍

കൊട്ടേഷന്‍ സംഘമായി.

അന്യ മതസ്ഥയെ പടി കേറ്റരുതെന്ന്

മറുകൂട്ടം ഊര് വിലക്കി.

നേരും നെറി കെട്ടവരെന്നു

പെങ്ങള്‍കല്യാണം മുടങ്ങിപ്പോയി.

അറുവാണിച്ചിയെ മൊട്ടയടിക്കണമെന്നു

അമ്മാവന്‍പട പുറപ്പാടായി.

പിഴപ്പിക്കാന്‍ വന്നവന്റെ തൊലിയുരിക്കണമെന്നു

മറുപക്ഷം ഉറുമി വീശി.

പ്രണയമല്ല, ലക്ഷ്യം തീവ്രമെന്നു

ചാനല്‍ ചര്‍ച്ചയായി.

അങ്ങനെയാണ്

ജാലകങ്ങളില്‍ മഞ്ഞു വീഴുന്ന രാത്രി യാമത്തില്‍

അവസാനത്തെ പ്രണയ കാവ്യം പാതി നിര്‍ത്തി

ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്ന്

അവന്‍ കൊള്ളിയാനായത്.

കുളിമുറിയിലെ ജലവാര്‍ച്ചയില്‍

അവസാനത്തെ ഇശല്‍ മൂളി

അവളുടെ പ്രണയം ബ്ലെയ്ഡിന്‍ ചീളായത്.

നാളും നാഴികയും മുന്‍ നിശ്ചിതമായിരുന്നെന്നു

എഫ്.ഐ. ആര്‍. ഉണ്ടായത്.

കുട്ടിക്കളികളൊന്നും

കുട്ടിക്കളികളല്ലെന്നും

ചോരക്കളികള്‍ തന്നെയെന്നും

പാഠഭേദമുണ്ടായത്.