നമ്മളിപ്പോഴും കൊല്ലുന്നത്
പരമ്പരാഗതമായ രീതിയിലാണ്.
പറന്നു ചെന്ന് തീമഴ പെയ്ത്
ചുട്ടു ചാമ്പലാക്കി
ആ പഴയ ശപ്ത നഗരം പോലെ,
സ്നേഹിച്ച്, പ്രണയിച്ച്
നിരായുധനാക്കി
ആ പഴയ സാംസനെ പോലെ,
വേഷം കെട്ടി, മാറാടി
കവചമഴിച്ചു വാങ്ങി
ആ പഴയ കര്‍ണ്ണനെ പോലെ,
ഈരടി മൂവടിയളന്ന്
ചവിട്ടിത്താഴ്ത്തി
ആ പഴയ മാവേലിയെ പോലെ,
ചിരിച്ച്, ചിരിപ്പിച്ച്
പിന്നെ നിശ്ശബ്ദമായി
ആ പഴയ ഹിന്ദി സിനിമാ വില്ലനെപ്പോലെ-
മണല്‍ക്കാട്ടിലേക്ക് നാടുകടത്തിയവന്
നീരൊഴുക്കിന്റെ സൈക്കെഡലിക് സ്വപ്നമൂട്ടി
മറയുന്ന ബോധത്തില്‍
ജലമര്‍മ്മരം കൊണ്ട്
അവസാനത്തെ വീഞ്ഞൊരുക്കി,
നമ്മളിപ്പോഴും കൊല്ലുന്നത്
പരമ്പരാഗതമായ രീതിയിലാണ്.
