My Poem – 5 – Too Busy We Are

ഇന്ന്,

മഞ്ഞു പെയ്യുന്ന ഈ രാവില്‍

മറഞ്ഞു പോയ ദൈവ പുത്രന്‍റെ

അവസാനത്തെയത്താഴം

ക്ലോണ്‍ ചെയ്യുന്ന തിരക്കിലാണ് നമ്മള്‍ .

ബെത് ലഹേമില്‍ നിന്നുള്ള വീഞ്ഞിന്

ഇപ്പോള്‍ രക്തത്തിന്റെ രുചിയാണ്

പാന പാത്രങ്ങളില്‍

ഒറ്റു ചുംബനത്തിന്റെ

ലഹരി നിറക്കുന്ന തിരക്കിലാണ് നമ്മള്‍.

ബലിയിടങ്ങളില്‍ നിന്ന്

വാര്‍ത്തകള്‍ വരാതിരിക്കാന്‍

ആന്റിനകള്‍തിരിച്ചു വെക്കുന്ന തിരക്കിലാണ് നമ്മള്‍ .

നമുക്ക് മുമ്പും

നമ്മളും

ഒന്നായിരുന്നെന്ന്

ഗ്യാസ്‌ ചേമ്പറുകള്‍ക്ക്

ചായം പൂശുന്ന തിരക്കിലാണ് നമ്മള്‍.

പിറവിയിലേ ഒടുങ്ങേണ്ട കുഞ്ഞുങ്ങള്‍ക്കായി

മൈന്‍ പാടങ്ങളില്‍

പുല്‍ക്കൂടൊരുക്കുന്ന തിരക്കിലാണ് നമ്മള്‍.

അവര്‍ക്ക് വേണ്ടി

ഇനിയൊരു കുരിശു തീര്‍ക്കാന്‍

നേരമില്ലാത്ത വിധം തിരക്കിലാണ് നമ്മള്‍.