My Poem – 6 – Human Rights of the Love Interred

അടക്കം ചെയ്ത പ്രണയത്തിന്‍റെ മനുഷ്യാവകാശം

വിവാഹം പവിത്രമാണ്

ഒരു ക്ലീന്‍ സ്ലേറ്റില്‍

വെടിപ്പായി വേണം തുടങ്ങാന്‍-

ഓര്‍മ്മിപ്പിച്ചതാണെല്ലാവരും. .

അത് കൊണ്ടാണ്

ഉള്ളിലൊരു ചന്ദനച്ചിതയൊരുക്കി

ഓര്‍മ്മമുതലുകളോടൊപ്പം അവളെ അടക്കിയത്-

ആദ്യത്തെ അടക്കം.

ഒരുമിച്ചു ജീവിക്കുമ്പോള്‍

രഹസ്യങ്ങളരുത്:

ഓര്‍മ്മിപ്പിച്ചതാണ് സ്വയം.

അത് കൊണ്ടാണ്

ആദ്യനാളില്‍

അവളെ ഉയിര്‍പ്പിച്ചത്.

പിന്നെ രണ്ടുപേരും ചേര്‍ന്നാണ് അടക്കിയത്

രണ്ടാമത്തെയടക്കം.

എന്നാല്‍,

മൂന്നാം നാളില്‍

അവളുയിര്‍ത്തത്

ഇവളുടെ മനസ്സിലായിരുന്നു :

ഞാന്‍ രണ്ടാം സ്ഥാനക്കാരിയാ?!

ഏറെ പാടുപെട്ടാണ് അടക്കിയത്-

മൂന്നാമത്തെ അടക്കം.

പിന്നത് പതിവായി.

സല്‍ക്കാര നാളുകളില്‍ പുന്നാരം പുളിച്ചു തികട്ടിയപ്പോള്‍,

പനിക്കിടക്കയില്‍ പതം പറഞ്ഞപ്പോള്‍,

പെങ്ങള്‍ക്ക ല്യാണത്തിനു പൊന്നും പണം തികച്ചപ്പോള്‍,

അമ്മയുടെ ആശുപത്രി ബില്ലില്‍ കണ്ണുടക്കിയപ്പോള്‍,

പുതിയ വീടിനു നീളം വീതിയളന്നപ്പോള്‍,

ജവുളിക്കടയില്‍ കാലുകള്‍ക്ക് വേരിറങ്ങിയപ്പോള്‍,

ഉപ്പു മുളകു ചേരുവ ചേരാതെ ചേര്‍ന്നപ്പോള്‍,

സഹപ്രവര്‍ത്തകയെപ്പറ്റി നല്ലത് പറഞ്ഞപ്പോള്‍,

എല്‍. കെ. ജി. അഡ്മിഷന് മകന് മീഡിയം തെരഞ്ഞപ്പോള്‍,

കയ്യടിക്കേണ്ടതേതു സൂപ്പര്‍ താരത്തിനെന്നുത്തരം മുട്ടിയപ്പോള്‍,

മകന്റെ കെട്ടിന് തറവാട്ടുമാഹാത്മ്യം ചികഞ്ഞപ്പോള്‍,

പേരമകള്‍ക്ക് പേര് തേടിയപ്പോള്‍,

പിന്നെയിതാ ഇപ്പോള്‍

ഈ അടുത്തൂണ്‍ പറ്റിയ വേനലവധിയില്‍

വാനപ്രസ്ഥം സ്വപ്നം കണ്ടപ്പോഴടക്കം

ഇതായിരം തവണയാണടക്കിയത്.

ഇനി,

തെക്കോട്ടെടുക്കുമ്പോഴത്തെ ആയിരത്തൊന്നിലെങ്കിലും

അങ്ങുറപ്പിക്കണേ എന്നാണ്

ഇപ്പോള്‍ ഉള്ളിലൊരാന്തല്‍..

അടക്കം കഴിഞ്ഞോള്‍ക്കും കാണില്ലേ

ഇത്തിരിയൊരു മനുഷ്യാവകാശം !