My Poem – 7 – How Saints Are Born
തപസ്സു ചെയ്തു തപസ്സു ചെയ്ത്
വരം കിട്ടിയെന്നു ഭള്ളു പറയുന്നവനെ
വെറുതെ വിട്ടേക്കുക.
ഇത്തിരി ദുര്‍മേദസ്സും
കുറെ കുട വയറുമല്ലാതെ
ഒന്നും വെറുതെ കിട്ടില്ല
ഒരു കുത്തിയിരിപ്പിലും..
എങ്കിലും,
സഹസ്രാബ്ദങ്ങളോളം
ചൊല്ലിപ്പഠിച്ച പാഠമുണ്ട് :
അവയുടെ ബലത്തിലാണ്
രാഷ്ട്രീയ ഫലിതങ്ങള്‍ രൂപമെടുക്കുക .
അങ്ങനെയാണ്
മണലാരണ്യം കടന്നു
മുടിയിലൂടെ
ഒരു വിശുദ്ധന്‍ അവതരിക്കുക..
അതീത മുന്‍ കാല പ്രാബല്യത്തോടെ
നീല ദൈവം
തെരഞ്ഞെടുത്ത പള്ളിമന്ദിരത്തില്‍
തെരഞ്ഞെടുപ്പ് ചിഹ്നമാവുക.
ബോധിത്തണല്‍ കടന്ന കരുണാമയന്‍
അയല്‍ ദ്വീപിന്റെ
അരുംകൊല മൂര്‍ത്തിയാവുക.
പ്രണയാതുരനായ ചക്രവര്‍ത്തി
ഉറ്റവളെ അടക്കിയിടത്ത്
ഭൂഗര്‍ഭശ്രീ വന ദൈവം
അവതരിക്കുക.
രാഷ്ട്രീയ ഫലിതങ്ങള്‍
ചോരമണക്കാന്‍ തുടങ്ങുമ്പോള്‍
ഓര്‍ക്കണം:
തപസ്സുകളുടെ ഭാരം
നിങ്ങളുടെ ഹൃദയത്തിലേക്ക്
കുളിര്‍ക്കാറ്റായല്ല
അന്യന്റെ ശ്വാസ നാളത്തിലേക്ക്
വംശ വെറിയായത്രേ
കോമ്പല്ല് താഴ്ത്തുക.
(ജനയുഗം വാരാന്തം: 15-02-2015)
